ശ്രീ അഷ്ടമൂർത്തി എഴുതിയ യേശുദാസും ജയചന്ദ്രനും വായിച്ചിട്ട് ലളിതസുന്ദരമായ കഥ എന്ന് ഏറെക്കുറെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടപ്പോൾ ശ്രീകുമാർ എന്നോട് പറഞ്ഞിരുന്നു അത്
അഷ്ടമൂർത്തിക്ക് വലിയ വിഷമമുണ്ടാക്കിക്കാണുമെന്ന്. ശരിയാണ് ജലത്തിൻറെ ആഴവും സുതാര്യതയും പോലെയാണ് കഥകളുടെ ആഴവും ലാളിത്യവും. ലളിതമായ കഥകൾക്ക് ഏറെ സങ്കീർണ്ണമായ രചനാരീതികളും സംശയം തോന്നാത്തത് പോലെ ആഴവുമുണ്ടാകും.
ആരാണ് നമ്മുടെയും കെയർ ടേക്കർ എന്ന അന്വേഷണമാണ് കഥ. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് പിടിതരാതെ സ്വാഭാവികമായി ഓരോ സംഭവങ്ങൾ നടത്തുകയും നേരിട്ടല്ലാതെ നമ്മെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുകയും ചെയ്യുന്നു. ഇതായിരിക്കാം ഭാരതീയരെ അന്യമായി നിൽക്കുന്ന ദൈവം എന്ന ചിന്തയിൽ നിന്നും നിങ്ങൾ കൂടി ഉൾപ്പെട്ട ദൈവം എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഈ കഥയിലെ ശാരദേച്ചി ദൈവജ്ഞയാണ് . നമ്മളൊക്കെ ഒരൊറ്റ ദൈവത്തിന്റെ ഭാഗമാണെന്നു ഉപനിഷത്തുകൾ പറയുന്നു. അപ്പോൾ അജ്ഞത മാത്രമാണ് മുക്തിക്ക് തടസമായി നിൽക്കുന്നത്. കഥയുടെ ആഴങ്ങളിൽ ഇതൊക്കെ വ്യക്തമായി ഉണ്ടെങ്കിലും വൈകാരികത നിറഞ്ഞുനിൽക്കുന്ന ഒരു കഥ, നമ്മുടെയൊക്കെ വീട്ടിൽ നിന്നും കണ്ടെടുത്തത് പറയുമ്പോൾ വിചാരം കൊണ്ട് വികാരത്തിന് തടസ്സം വരാതിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. വിവരണങ്ങളുടെ അഭാവം കൊണ്ട് പ്രതീകങ്ങൾ ബിംബങ്ങൾ എന്നിവയും ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസാര ഭാഷയാണ് കഥയുടെ സംവേദനശക്തി വർധിപ്പിച്ചത്. പോരെങ്കിൽ വായനക്കാരൻറെ ഉള്ളിലുള്ള അനുഭവമാണ് കഥാതന്തുവും. വലിയ അത്ഭുതങ്ങളും ഇല്ല. ഇതൊക്കെയാണ് ഈ കഥയെ ലളിതം എന്ന വിശേഷണത്തിന് അർഹമാക്കുന്നത്. പക്ഷേ കെയർ ടേക്കർ എന്ന തലക്കെട്ടിന്റെയും തുടർന്ന് വരുന്ന വാചകങ്ങളുടെയും നാനാർത്ഥം എടുക്കുമ്പോഴാണ് കഥ ഒളിപ്പിച്ചു വെയ്ക്കുന്ന ഈശ്വരസങ്കല്പം വ്യക്തമാവുന്നത്. സൂക്ഷ്മമായ രചനാരീതിയിൽ ധാരാളം പൊടിക്കൈകളും പ്രയോഗിച്ചിട്ടുണ്ട്. “രണ്ടു മക്കളും ഒരു പൊടിക്കുഞ്ഞും” എന്ന് രണ്ടു കുട്ടികളെക്കുറിച്ചും അവരുടെ അമ്മയെക്കുറിച്ചും ശാരദേച്ചിയെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നത് ഒരു നല്ല സൂത്രമാണ്. “പാവമാ” എന്ന സൂചന പിറകെ വരുമ്പോഴാണ് സുഭദ്രയുടെ maturity ഇല്ലായ്മയെ കുറിച്ച് നിർദോഷമായ ഒരു ഫലിതമായി അത് മാറുന്നത്