മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

നിഴൽ പോലെ 


"ശാസ്ത്രം എത്രയോ പുരോഗമിച്ചു എന്നു പറഞ്ഞിട്ടു കാര്യമില്ല. ഞങ്ങളുടെ നിഴൽ ലോകത്തെപ്പറ്റി മനുഷ്യകുലത്തിനു എന്തറിയാം? ഒന്നുമറിഞ്ഞുകൂടാ. ഭൂമിയിലെ ഓരോ ജനനത്തോടുമൊപ്പം അതിന്റെ നിഴൽ

ജനിക്കുന്നു. ശരീരത്തോടുള്ള ബന്ധം ഞങ്ങൾ പവിത്രമായി കാത്തു സൂക്ഷിക്കുന്നു.  ശരീരത്തോടൊപ്പം രാവും പകലും കഴിയുന്നു. ...അല്ലെങ്കിൽ തന്നെ എല്ലാം അറിയാം എന്നഹങ്കരിക്കുന്ന മനുഷ്യർക്ക് എന്തറിയാം?"

"ഇന്നലെ കാലത്തു നീ മേരിയുടെ വീട്ടിലെ തട്ടിൻപുറത്തേക്കുള്ള ഗോവണിയിൽ നിന്നും വീഴുന്നതായി സ്വപ്നം കണ്ടില്ലേ? ഉറക്കത്തിൽ ഞെട്ടി ഉണർന്നില്ലേ? എങ്ങിനെ ഞാൻ അറിഞ്ഞു എന്നാവും നീ ഇപ്പോൾ ചിന്തിക്കുന്നത്. സത്യത്തിൽ വീണതു ഞാനായിരുന്നു. ബാല്യത്തിലേക്ക് തിരിച്ചു പോകാനുള്ള നിന്റെ ആഗ്രഹം ഞാൻ നിനക്കായി നിറവേറുകയായിരുന്നു."

"ആ,  നീ അറിഞ്ഞില്ലല്ലോ. മേരി രണ്ടു നാളുകൾക്കു മുൻപു മരിച്ചു. അവൾക്കു നിന്നെ എന്നും ഇഷ്ട്ടമായിരുന്നു. പക്ഷെ നിനക്ക് ഒരിക്കലും അതു മനസ്സിലായിരുന്നുമില്ല."

"ഇനിയും മറ്റൊരു രഹസ്യം കൂടി പറയാം."

"നിന്റെ പഴയ അലമാരയുടെ കൈപിടി ഓടിച്ചതു മേരിയാണ്. ശരിക്കും പറഞ്ഞാൽ മേരിയുടെ നിഴൽ."

"അതെ, നീ ഇപ്പോൾ ചിന്തിക്കുന്നുതെനിക്കു കിട്ടി.

ആ… മനുഷ്യർക്കറിയാത്ത മറ്റൊരുകാര്യം  കൂടി അറിയിച്ചേക്കാം"

"വ്യക്തി മരിക്കുന്നതോടെ അതിന്റെ നിഴൽ എന്നേയ്ക്കുമായി  സ്വതന്ത്രമാകുന്നു. നിഴൽ ലോകത്തു ആരും മരിക്കുന്നില്ല. മേരിയുടെ നിഴൽ നിന്റെ അടുത്തു തന്നെയുണ്ട്. ഇന്നലെ അവൾ നിന്റെ കിടപ്പറയിൽ ഉണ്ടായിരുന്നു. അവിടെ നിന്റെ കോമാളിത്തരങ്ങൾ കണ്ടവൾ ഒരുപാടു ചിരിച്ചു."

"പിന്നെ ഞങ്ങൾ മേരിയുടെ പഴയ വീട്ടിൽ ഒളിച്ചു കളിച്ചു. പത്തായത്തിൽ, കട്ടിലിനടിയിൽ, അടുക്കളയിലെ   തടി അലമാരയുടെ പുറകിൽ, തട്ടും പുറത്തു... അങ്ങിനെ എവിടെല്ലാം. എത്രയോ നേരം…"

"ഇടയ്ക്കു ഞാനൊന്നു വീഴുകയും ചെയ്തു, തട്ടും പുറത്തേക്കുള്ള ഗോവണിയിൽ നിന്നും. അപ്പോഴാണല്ലോ നീ ഞെട്ടി ഉണർന്നത്..."

"നിനക്ക് മേരിയെ കാണണ്ടേ? നീ പലപ്പോഴും ആഗ്രഹിക്കാറുള്ളതുപോലെ, ആ പഴയ കാലത്തേയ്ക്ക് തിരിച്ചു പോകണ്ടെ?. മറവിയുടെ കരിയില വീഴാത്ത ഓർമയുടെ തിരുമുറ്റങ്ങളിൽ ഒരിക്കൽ കൂടി മഞ്ചാടി മണികൾ പെറുക്കണ്ടേ?"

"നിന്നെ ഞാൻ പൂർണമായി ഉറക്കാൻ പോവുകയാണ്. സാവധാനം... സാവധാനം... ഇനി ഞാനാണ് നീ..."

"ഒന്നോർക്കുക, എന്റെ ലോകം മരണമില്ലാത്തതാണ്. ചരിത്രത്തിന്റെ താളുകളിൽ നീ വായിച്ചുറിഞ്ഞവർ എല്ലാം ഇവിടെയുണ്ട്. നീ കേട്ടറിഞ്ഞ എല്ലാവരും ഇവിടെയുണ്ട്. ചരിത്രത്തിൽ ഇല്ലാതെ പോയവരും ഇവിടെയുണ്ട്. നീ അറിഞ്ഞ  അർദ്ധസത്യങ്ങൾക്കും, അസത്യങ്ങൾക്കും അപ്പുറത്തുള്ള നേരിലേക്കാണ് ഇനി നീ കാൽ വയ്ക്കുന്നത്. ഇവിടെ ആർക്കും ആരെയും ഒളിക്കാൻ സാധ്യമല്ല.

പത്തുവരെ എണ്ണിത്തുടങ്ങിക്കോളൂ

ഒന്ന്...

രണ്ടു...

മൂന്നു...

.........

നാല്...

.........

.........

അഞ്ചു...

..........   

..........

..........

ആ.....

(തുടരും... )

 
മഗധയിലേക്ക്
 

"വരൂ, നമുക്കു പുറത്തു കടക്കാം" മേരി പറഞ്ഞു.

സിംഹാസനത്തിൽ ശാന്തമായി ഉറങ്ങുന്ന എന്റെ ശരീരത്തെ ഒന്നുകൂടി നോക്കിയ ശേഷം അതാര്യമായ ചുവരിലൂടെ ഞങ്ങൾ പുറത്തെ നിരത്തിലേക്കിറങ്ങി.

 
തെളിഞ്ഞ ആകാശം. ശരത്കാലത്തിന്റെ പ്രസന്നതയിൽ ഉത്സാഹത്തോടെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ. പ്രഭാത സവാരിക്കിറങ്ങിയ മുതിർന്നവർ, ജോലിക്കു തിരക്കിട്ടു പോകുന്നവർ. എല്ലാവർക്കുമൊപ്പം നിഴലുകൾ ഉണ്ടായിരുന്നു. മുറുക്കി അടച്ച ചുണ്ടുകളുമായി ശരീരങ്ങൾ നിലത്തു നോക്കി നടന്നപ്പോൾ, ഞങ്ങൾ നിഴലുകൾ പരസ്പരം പുഞ്ചിരിച്ചുകൊണ്ടു കടന്നുപോയി. ചിലർ അഭിവാദ്യം ചെയ്തു. അവരിൽ പലരെയും എനിക്കറിയില്ലായിരുന്നു. പ്രത്യഭിവാദ്യം ചെയ്യാൻ എനിക്കും മടിയില്ലായിരുന്നു. ശരീരങ്ങളെ അകമ്പടി സേവിക്കാത്ത ധാരാളം നിഴലുകളും ഉണ്ടായിരുന്നു. ഞങ്ങളെപ്പോലെ ഒന്നിച്ചു നടക്കുന്നവർ, വർത്തമാനം പറയുന്നവർ, കാഴ്ചകൾ കണ്ടിരിക്കുന്നവർ.

"എത്ര മനോഹരമായിരുന്നു നമ്മുടെ ബാല്യകാലം" മേരി തുടർന്നു.

"അതെ"

വശ്യമായി ചിരിച്ചുകൊണ്ട് അവളെന്റെ കണ്ണുകളിലേക്കു നോക്കി. എന്റെ കരങ്ങൾ അവൾ ഗ്രഹിക്കുന്നതു ഞാനറിഞ്ഞു.

"എത്രമാത്രം നിന്നോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എത്ര രാവുകളിൽ ഓർത്തു നിന്നെ ഞാൻ,  എത്ര നെടു വീർപ്പുകൾ, എത്ര പാതിരാ സ്വപ്‌നങ്ങൾ. വ്യർത്ഥമീ ജീവിതം എന്നെത്ര നിനച്ചു ഞാൻ."

അവളുടെ ചുണ്ടുകളിൽ ഒരു ജന്മത്തിന്റെ ദാഹമുണ്ടായിരുന്നു, എരിഞ്ഞു തീരാത്ത  പകലിന്റെ ചൂടുണ്ടായിരുന്നു, നിശയുടെ  അളന്നെടുത്ത വിളംബമുണ്ടായിരുന്നു.

"ഇന്നു ഞാൻ മുക്തയാണ്; പൂർണമായും സ്വതന്ത്രയാണ്. നിന്നോടൊപ്പം ഈ രഥ്യകളിലൂടെ അലയാൻ, പകലിന്റെ വർണ്ണങ്ങൾ നുകർന്നു, രാവിന്റെ ശാന്തത പങ്കിട്ടു, ഋതുക്കളിൽ ഊയലാടാൻ എത്ര കാത്തിരുന്നതാണ്". മേരി എന്നെ സമ്മോഹനത്തിലാക്കിക്കൊണ്ടിരുന്നു.

അത്തരത്തിലൊരു വിടുതൽ എനിക്കാവശ്യമായിരുന്നു. മേരിയോടൊപ്പം അലയുമ്പോഴും സിംഹാസനത്തിലേയ്ക്ക് ഇടയ്ക്കിടയ്ക്കു ഞാൻ പൊയ് ക്കൊണ്ടിരുന്നു.  കാലദേശങ്ങളിലൂടെ ദൂരേയ്ക്കു പോകാൻ ഞാനാഗ്രഹിച്ചു.  അതു മനസ്സിലാക്കിയപോലെ അവൾ പറഞ്ഞു.

"മറന്നേക്കൂ. അതവിടെ സുഖ സുഷുപ്തിയിലാണ്.  നമുക്കു മഗധയിലേക്കു പോകാം."

(തുടരും... )

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ