മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

marthandante-nilakkannadi

ഉറക്കം തൂങ്ങിയ ചെറു പട്ടണത്തിലെ, നിഗൂഹനം ചെയ്യപ്പെട്ട ഇരുണ്ട മുറിയിൽ നിന്നും അനന്തമായ ആ യാത്ര ആരംഭിക്കുകയാണ്. കാലദേശങ്ങളിൽ തളച്ചിടാത്ത അനുഭവങ്ങളിലേക്കുള്ള യാത്ര. ജാഗ്രത്തിലും കിനാവുകാണുന്ന മനുഷ്യന്റെ കേവലമായ ലക്ഷ്യമാണത്. 


പൊടി നിറഞ്ഞ ഇടം 

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. അവയിലൊന്നിൽ ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന  ചെറിയ കട. അഴുക്കു പുരണ്ട ഗൃഹോപകരണങ്ങൾ, നിറം മങ്ങിയ  പിഞ്ഞാണങ്ങൾ, പൊടി പിടിച്ചു ജീർണ്ണിച്ച പുസ്തകങ്ങൾ, ധാരാളം കുഞ്ഞു കുഞ്ഞു അലങ്കാര വസ്തുക്കൾ, പിന്നെ പുരാവസ്തു പോലെ കടക്കാരൻ വൃദ്ധൻ. കനം കുറഞ്ഞ ഫ്രെയിമുള്ള പഴയ വട്ടക്കണ്ണട,  നരച്ചു നീണ്ട താടി, സമൃദ്ധമായ നരച്ച തലമുടി.

അത്തരമൊരു ഒറ്റമുറിക്കട ഒരിക്കലും എന്റെ  കണ്ണിൽ പെട്ടിട്ടേ ഇല്ല. ഈ പരിസരത്തു താമസമാക്കിയിട്ടു രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. വീട്ടിലെ പഴയ മോഡലിലുള്ള അലമാരയുടെ കൈപിടി ഒടിഞ്ഞു പോയപ്പോൾ  സമാനമായ പിടി തപ്പി ഇറങ്ങിയതാണ്. ഒടുവിൽ ഇവിടെ എത്തി. 

ആവശ്യം അറിയിച്ചു. വളരെ തണുത്ത പ്രതികരണം. "ഇയാൾക്ക് ഒന്നും വിറ്റുപോകണമെന്നില്ലെ?" അങ്ങിനെയാണ് ചിന്തിച്ചു പോയത്. കുറെ നേരം അതുമിതും നോക്കി അവിടെയും ഇവിടെയും ഒക്കെ ചുറ്റിക്കറങ്ങി നിന്നു. കടയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങവേ വൃദ്ധൻ തിരികെ വിളിച്ചു. "സമയമുണ്ടെങ്കിൽ അകത്തെ മുറിയിൽ ചെന്നു നോക്കു. കിട്ടാതിരിക്കില്ല."

'സമയമുണ്ടല്ലോ, ഇഷ്ടംപോലെ സമയം. സ്വയം തൊഴിലുകാരന് സമയത്തിനു എന്താണ് പഞ്ഞം! പക്ഷെ അങ്ങിനെ ഒരു മുറി ഇനിയും ഉള്ളതായി ഇതുവരെയും അറിഞ്ഞില്ലല്ലോ'

വളരെ സാവധാനം അയാൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അതൊരു വശത്തേയ്ക്ക് വലിച്ചു നീക്കി. തന്റെ ഇരിപ്പിടത്തിനു പുറകിൽ ഉണ്ടായിരുന്ന അലമാര സാവധാനം തുറന്നു. ഉള്ളിലെ തട്ടുകൾ അതിൽ വച്ചിരുന്ന സാധനങ്ങളോടെ ഒരുവശത്തേക്കു തള്ളി മാറ്റി. അതൊരു അക്ഷത്തിൽ ഉറപ്പിച്ചപോലെ തിരശ്ചീനമായി കറങ്ങി. അകത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അയാൾ എന്നെ നോക്കി തല കുലുക്കി. അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തെല്ല് അമ്പരപ്പോടെയാണ് അലമാരയ്ക്കപ്പുറത്തെ നേർത്ത ഇരുട്ടിലേക്ക്  ഊർന്നിറങ്ങിയത്.

കുട്ടിക്കാലത്തു മേരിയുടെ വീട്ടിൽ ഒളിച്ചുകളിക്കുമ്പോൾ ഇതായിരുന്നു അവസ്ഥ. കോവണി കയറി തട്ടിൻ പുറത്തെത്തിയാൽ കുറച്ചു നേരം എടുക്കും എന്തെങ്കിലും കാണാൻ. അങ്ങനെ ഒരിക്കൽ ആ ഇരുട്ടിൽ വച്ചാണ് അവൾ ഒരുമ്മ സമ്മാനിച്ചത്. ഇന്നും അതൊരു അത്ഭുതമാണ്. അന്ന് ആ പന്ത്രണ്ടു വയസ്സുകാരി എന്തിനാണ് അങ്ങനെ ചെയ്തത് എന്നു മനസ്സിലാക്കാൻ  ഇന്നും കഴിഞ്ഞിട്ടില്ല. ഓർമ്മകൾ... അതങ്ങനെയാണ്. സമാന ചുറ്റു പാടുകളിൽ അവ ഉയിർത്തെഴുന്നേൽക്കും. ചിലതു വേദനിപ്പിക്കും, ചിലതു ഒരു കുളിർ കാറ്റുപോലെ എവിടൊക്കെയോ തലോടി കടന്നുപോകും. മേരി ഇപ്പോൾ എവിടെ ആയിരിക്കും?

മുറിയിലെ ദൃശ്യങ്ങൾ പതിയെ തെളിഞ്ഞു തുടങ്ങി. ഭിത്തിയോട് ചേർന്ന് അലമാരകൾ. ഒരു വലിയ നിലക്കണ്ണാടി. അതിനു അഭിമുഖമായി ഒരു വലിയ സിംഹാസനം. വീട്ടിലെ അലമാരയ്ക്കുള്ള കൈപിടി നോക്കി കണ്ടു പിടിക്കുന്നതിനേക്കാൾ ഉത്സാഹം മുറിയിലെ നിഗൂഢ തകൾ അറിയുവാനായിരുന്നു. അരണ്ട വെളിച്ചത്തിൽ പുരാതനമായ അലങ്കാര വസ്തുക്കൾ, ഉപകരണങ്ങൾ, മുഖം മൂടികൾ, അങ്ങിനെ പലതും കൗതുക മുണർത്തിക്കൊണ്ടിരുന്നു.

ചിത്രപ്പണികൾ ചെയ്ത സിംഹാസനത്തിൽ ഒന്നിരുന്നാലോ?
വേണ്ട...പൊടി  ആയിരിക്കും
ഒന്നു തൊട്ടു നോക്കി.
എന്താ സുഖം. മാർദവം ഉള്ള പതു പതുത്ത...
ഇരുന്നു പോയി എന്നു പറഞ്ഞാൽ മതിയല്ലോ.
സിംഹാസനത്തിൽ ഇരുന്നാൽ നോട്ടം നേരെ മുന്നിലുള്ള നിലക്കാണ്ണാടിയിലേക്കാണ് പോകുന്നത്.

പഴയ കാലത്തെ ഏതോ മഹാരാജാവ് ഇരുന്ന സിംഹാസനമാണ്.  കണ്ണാടിയിൽ കണ്ട മഹാരാജാവിനെ നോക്കി ഒന്നൂറി ചിരിച്ചു.  മഹാരാജാവും ചിരിച്ചു. ഉലഞ്ഞു കിടന്ന മുടി പിന്നെലേക്കൊതുക്കി വച്ചു. കണ്ണാടിക്കു മുന്നിലെത്തിയാൽ അറിയാതെ കൈ മുടിയിലേക്ക് പോകും. പണ്ടേ ഉള്ള ശീലമാണ്. മഹാരാജാവും മുടി ഒതുക്കി വച്ചു.

"കൊച്ചു കള്ളാ...", സ്വന്തം നിഴലുകണ്ടു പറഞ്ഞു പോയി.

……….

ആരാണ് ചിരിച്ചത്?
തല തിരിച്ചു മുറിയിൽ ഒന്നോടിച്ചു നോക്കി.
ഹേയ്... വെറുതെ തോന്നിയതാണ്.
ഞാനല്ലാതെ മറ്റാരെങ്കിലും ഈ മുറിയിലുണ്ടോ?
ഇല്ലല്ലോ.
രഹസ്യങ്ങൾ നിറഞ്ഞ മുറിയാണ്.
വെറുതെ തോന്നിയതാണ്.
എഴുനേൽക്കാൻ വയ്യാത്ത കിഴവനും, ഞാനും മാത്രം.
ചെറിയ ഒരു ഭയം...
അല്ല... ഭയക്കണമല്ലോ. പരിചയമില്ലാത്ത ഇടം.
ഇവിടെ നിന്നും പുറത്തു കടക്കണം. എത്രയും പെട്ടന്ന്.
എഴുന്നേൽക്കാം.

"എന്താ ഭയന്നു പോയോ?"
ചോദ്യം കേട്ടു ശരിക്കും ഭയന്നു പോയി.
ഒരുപാടു പരിചയമുള്ള ശബ്ദം. ഒന്നു കൂടി ചുറ്റും നോക്കി.
"അവിടെങ്ങും നോക്കിയിട്ടു കാര്യമില്ല. ഞാൻ നിന്റെ മുന്നിൽ തന്നെയുണ്ട്."
ശരീരം തളർന്നു തുടങ്ങിയിരുന്നു. സിംഹാസനത്തിൽ നിന്നും എഴുനേൽക്കാൻ കഴിയുന്നില്ല. കൺപോളകൾക്കു കനം വച്ചിരിക്കുന്നു. 

അതെ കണ്ണാടിയിൽ നിന്നും എന്റെ മറ്റവൻ സംസാരിക്കുകയാണ്;   എന്റെ നിഴൽ...

(തുടരും...)


നിഴൽ പോലെ 


"ശാസ്ത്രം എത്രയോ പുരോഗമിച്ചു എന്നു പറഞ്ഞിട്ടു കാര്യമില്ല. ഞങ്ങളുടെ നിഴൽ ലോകത്തെപ്പറ്റി മനുഷ്യകുലത്തിനു എന്തറിയാം? ഒന്നുമറിഞ്ഞുകൂടാ. ഭൂമിയിലെ ഓരോ ജനനത്തോടുമൊപ്പം അതിന്റെ നിഴൽ


ജനിക്കുന്നു. ശരീരത്തോടുള്ള ബന്ധം ഞങ്ങൾ പവിത്രമായി കാത്തു സൂക്ഷിക്കുന്നു.  ശരീരത്തോടൊപ്പം രാവും പകലും കഴിയുന്നു. ...അല്ലെങ്കിൽ തന്നെ എല്ലാം അറിയാം എന്നഹങ്കരിക്കുന്ന മനുഷ്യർക്ക് എന്തറിയാം?"

"ഇന്നലെ കാലത്തു നീ മേരിയുടെ വീട്ടിലെ തട്ടിൻപുറത്തേക്കുള്ള ഗോവണിയിൽ നിന്നും വീഴുന്നതായി സ്വപ്നം കണ്ടില്ലേ? ഉറക്കത്തിൽ ഞെട്ടി ഉണർന്നില്ലേ? എങ്ങിനെ ഞാൻ അറിഞ്ഞു എന്നാവും നീ ഇപ്പോൾ ചിന്തിക്കുന്നത്. സത്യത്തിൽ വീണതു ഞാനായിരുന്നു. ബാല്യത്തിലേക്ക് തിരിച്ചു പോകാനുള്ള നിന്റെ ആഗ്രഹം ഞാൻ നിനക്കായി നിറവേറുകയായിരുന്നു."

"ആ,  നീ അറിഞ്ഞില്ലല്ലോ. മേരി രണ്ടു നാളുകൾക്കു മുൻപു മരിച്ചു. അവൾക്കു നിന്നെ എന്നും ഇഷ്ട്ടമായിരുന്നു. പക്ഷെ നിനക്ക് ഒരിക്കലും അതു മനസ്സിലായിരുന്നുമില്ല."

"ഇനിയും മറ്റൊരു രഹസ്യം കൂടി പറയാം."

"നിന്റെ പഴയ അലമാരയുടെ കൈപിടി ഓടിച്ചതു മേരിയാണ്. ശരിക്കും പറഞ്ഞാൽ മേരിയുടെ നിഴൽ."

"അതെ, നീ ഇപ്പോൾ ചിന്തിക്കുന്നുതെനിക്കു കിട്ടി.

ആ… മനുഷ്യർക്കറിയാത്ത മറ്റൊരുകാര്യം  കൂടി അറിയിച്ചേക്കാം"

"വ്യക്തി മരിക്കുന്നതോടെ അതിന്റെ നിഴൽ എന്നേയ്ക്കുമായി  സ്വതന്ത്രമാകുന്നു. നിഴൽ ലോകത്തു ആരും മരിക്കുന്നില്ല. മേരിയുടെ നിഴൽ നിന്റെ അടുത്തു തന്നെയുണ്ട്. ഇന്നലെ അവൾ നിന്റെ കിടപ്പറയിൽ ഉണ്ടായിരുന്നു. അവിടെ നിന്റെ കോമാളിത്തരങ്ങൾ കണ്ടവൾ ഒരുപാടു ചിരിച്ചു."

"പിന്നെ ഞങ്ങൾ മേരിയുടെ പഴയ വീട്ടിൽ ഒളിച്ചു കളിച്ചു. പത്തായത്തിൽ, കട്ടിലിനടിയിൽ, അടുക്കളയിലെ   തടി അലമാരയുടെ പുറകിൽ, തട്ടും പുറത്തു... അങ്ങിനെ എവിടെല്ലാം. എത്രയോ നേരം…"

"ഇടയ്ക്കു ഞാനൊന്നു വീഴുകയും ചെയ്തു, തട്ടും പുറത്തേക്കുള്ള ഗോവണിയിൽ നിന്നും. അപ്പോഴാണല്ലോ നീ ഞെട്ടി ഉണർന്നത്..."

"നിനക്ക് മേരിയെ കാണണ്ടേ? നീ പലപ്പോഴും ആഗ്രഹിക്കാറുള്ളതുപോലെ, ആ പഴയ കാലത്തേയ്ക്ക് തിരിച്ചു പോകണ്ടെ?. മറവിയുടെ കരിയില വീഴാത്ത ഓർമയുടെ തിരുമുറ്റങ്ങളിൽ ഒരിക്കൽ കൂടി മഞ്ചാടി മണികൾ പെറുക്കണ്ടേ?"

"നിന്നെ ഞാൻ പൂർണമായി ഉറക്കാൻ പോവുകയാണ്. സാവധാനം... സാവധാനം... ഇനി ഞാനാണ് നീ..."

"ഒന്നോർക്കുക, എന്റെ ലോകം മരണമില്ലാത്തതാണ്. ചരിത്രത്തിന്റെ താളുകളിൽ നീ വായിച്ചുറിഞ്ഞവർ എല്ലാം ഇവിടെയുണ്ട്. നീ കേട്ടറിഞ്ഞ എല്ലാവരും ഇവിടെയുണ്ട്. ചരിത്രത്തിൽ ഇല്ലാതെ പോയവരും ഇവിടെയുണ്ട്. നീ അറിഞ്ഞ  അർദ്ധസത്യങ്ങൾക്കും, അസത്യങ്ങൾക്കും അപ്പുറത്തുള്ള നേരിലേക്കാണ് ഇനി നീ കാൽ വയ്ക്കുന്നത്. ഇവിടെ ആർക്കും ആരെയും ഒളിക്കാൻ സാധ്യമല്ല.

പത്തുവരെ എണ്ണിത്തുടങ്ങിക്കോളൂ

ഒന്ന്...

രണ്ടു...

മൂന്നു...

.........

നാല്...

.........

.........

അഞ്ചു...

..........   

..........

..........

ആ.....

(തുടരും... )

 
മഗധയിലേക്ക്
 

"വരൂ, നമുക്കു പുറത്തു കടക്കാം" മേരി പറഞ്ഞു.

സിംഹാസനത്തിൽ ശാന്തമായി ഉറങ്ങുന്ന എന്റെ ശരീരത്തെ ഒന്നുകൂടി നോക്കിയ ശേഷം അതാര്യമായ ചുവരിലൂടെ ഞങ്ങൾ പുറത്തെ നിരത്തിലേക്കിറങ്ങി.

 
തെളിഞ്ഞ ആകാശം. ശരത്കാലത്തിന്റെ പ്രസന്നതയിൽ ഉത്സാഹത്തോടെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ. പ്രഭാത സവാരിക്കിറങ്ങിയ മുതിർന്നവർ, ജോലിക്കു തിരക്കിട്ടു പോകുന്നവർ. എല്ലാവർക്കുമൊപ്പം നിഴലുകൾ ഉണ്ടായിരുന്നു. മുറുക്കി അടച്ച ചുണ്ടുകളുമായി ശരീരങ്ങൾ നിലത്തു നോക്കി നടന്നപ്പോൾ, ഞങ്ങൾ നിഴലുകൾ പരസ്പരം പുഞ്ചിരിച്ചുകൊണ്ടു കടന്നുപോയി. ചിലർ അഭിവാദ്യം ചെയ്തു. അവരിൽ പലരെയും എനിക്കറിയില്ലായിരുന്നു. പ്രത്യഭിവാദ്യം ചെയ്യാൻ എനിക്കും മടിയില്ലായിരുന്നു. ശരീരങ്ങളെ അകമ്പടി സേവിക്കാത്ത ധാരാളം നിഴലുകളും ഉണ്ടായിരുന്നു. ഞങ്ങളെപ്പോലെ ഒന്നിച്ചു നടക്കുന്നവർ, വർത്തമാനം പറയുന്നവർ, കാഴ്ചകൾ കണ്ടിരിക്കുന്നവർ.

"എത്ര മനോഹരമായിരുന്നു നമ്മുടെ ബാല്യകാലം" മേരി തുടർന്നു.

"അതെ"

വശ്യമായി ചിരിച്ചുകൊണ്ട് അവളെന്റെ കണ്ണുകളിലേക്കു നോക്കി. എന്റെ കരങ്ങൾ അവൾ ഗ്രഹിക്കുന്നതു ഞാനറിഞ്ഞു.

"എത്രമാത്രം നിന്നോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എത്ര രാവുകളിൽ ഓർത്തു നിന്നെ ഞാൻ,  എത്ര നെടു വീർപ്പുകൾ, എത്ര പാതിരാ സ്വപ്‌നങ്ങൾ. വ്യർത്ഥമീ ജീവിതം എന്നെത്ര നിനച്ചു ഞാൻ."

അവളുടെ ചുണ്ടുകളിൽ ഒരു ജന്മത്തിന്റെ ദാഹമുണ്ടായിരുന്നു, എരിഞ്ഞു തീരാത്ത  പകലിന്റെ ചൂടുണ്ടായിരുന്നു, നിശയുടെ  അളന്നെടുത്ത വിളംബമുണ്ടായിരുന്നു.

"ഇന്നു ഞാൻ മുക്തയാണ്; പൂർണമായും സ്വതന്ത്രയാണ്. നിന്നോടൊപ്പം ഈ രഥ്യകളിലൂടെ അലയാൻ, പകലിന്റെ വർണ്ണങ്ങൾ നുകർന്നു, രാവിന്റെ ശാന്തത പങ്കിട്ടു, ഋതുക്കളിൽ ഊയലാടാൻ എത്ര കാത്തിരുന്നതാണ്". മേരി എന്നെ സമ്മോഹനത്തിലാക്കിക്കൊണ്ടിരുന്നു.

അത്തരത്തിലൊരു വിടുതൽ എനിക്കാവശ്യമായിരുന്നു. മേരിയോടൊപ്പം അലയുമ്പോഴും സിംഹാസനത്തിലേയ്ക്ക് ഇടയ്ക്കിടയ്ക്കു ഞാൻ പൊയ് ക്കൊണ്ടിരുന്നു.  കാലദേശങ്ങളിലൂടെ ദൂരേയ്ക്കു പോകാൻ ഞാനാഗ്രഹിച്ചു.  അതു മനസ്സിലാക്കിയപോലെ അവൾ പറഞ്ഞു.

"മറന്നേക്കൂ. അതവിടെ സുഖ സുഷുപ്തിയിലാണ്.  നമുക്കു മഗധയിലേക്കു പോകാം."

(തുടരും... )


മഗധയിലെ കണ്ണുനീർ

budha
"ഗംഗയിലിറങ്ങി മുഖം കഴുകി വരുന്ന ആളെ നീ ശ്രദ്ധിച്ചുവോ?" മേരി ചോദിച്ചു.

ആർക്കും ശ്രദ്ധിക്കാതിരിക്കാൻ കഴിയാത്ത ചൈതന്യവത്തായ മുഖം. അരയിൽ ചുറ്റി തോളിലൂടെ ഒഴുകി വീഴുന്ന നീണ്ട വസനം. കയ്യിൽ ചെറിയ ഭിക്ഷാ പാത്രം. തിടുക്കമില്ല ആ പദ ചലനങ്ങളിൽ.


"മഹാജനപദമായ മഗധയിലെ മഹാരാജാവായ ബിംബിസാരന്റെ സുഹൃത്തും ആചാര്യനുമാണയാൾ."

"ഉവ്വ്, വായിച്ചറിയാം. ഗൗതമനായിരുന്ന..."

"അതെ, തഥാഗതൻ"
"ഒരു യാഗം തടഞ്ഞിട്ടു വരികയാണയാൾ. അരുതെന്നപേക്ഷിച്ചു; ആദികവി അപേക്ഷിച്ചതു പോലെ. നൂറു കണക്കിനു മൃഗങ്ങളാണ് ബലിയിൽ നിന്നും രക്ഷപെട്ടത്"

"സ്വന്തം സൃഷ്ടിയുടെ ചോരകുടിച്ചു സംതൃപ്തനാകുന്ന സ്രഷ്ടാവ്; എത്ര വികലമാണാ ദൈവ സങ്കല്പം!"

"അതെ, സാധുവായ വളർത്തു മൃഗത്തിന്റെ ജീവനു പകരം അദ്ദേഹം വാഗ്ദാനം നൽകിയത് സ്വന്തം ജീവനായിരുന്നു."

"പുളിനങ്ങളെ തഴുകി ജലമെത്രയോ ഗംഗയിലൂടെ ഒഴുകി. മൺമറഞ്ഞ അഹിംസാ സിദ്ധാന്തത്തിനു മുകളിലൂടെ തഴച്ചു വളർന്ന നവ സിദ്ധാന്തങ്ങൾ ദാഹിച്ചു വരണ്ട സൃഷ്ടി കർത്താവിന്റെ ഗളത്തിൽ ചുടു ചോര പകർന്നു. രിക്തമായ ധമനികളും, വേദന കവിഞ്ഞ കണ്ണുകളുമായി ചത്തുമലച്ച ശവ ശരീരങ്ങൾ തഥാഗതാ നിന്റെ വഴികളിൽ ഇന്നും ചിതറിക്കിടക്കുന്നു."

"വേണ്ട ആനന്ദൻ, ഇമോഷണലായി നീ രംഗം വഷളാക്കണ്ട. ഇതു മനുഷ്യകുലത്തിന്റെ വിധിയാണ്. പരിണാമത്തിന്റെ അനിവാര്യതയാണ്. എണ്ണമറ്റ അവസ്ഥാന്തരങ്ങളിലൂടെയാണ് മനുഷ്യൻ അവൻ തന്നെ മെനഞ്ഞെടുത്ത ദൈവമായി ഉരുത്തിരിയേണ്ടത്. ദൈവം - അതവന്റെ ലക്ഷ്യമാണ്, പരിണാമ ലക്‌ഷ്യം."

ഋതുക്കളെ ചുംബിച്ചു നൂറ്റാണ്ടുകളിലൂടെ യാത്ര ചെയ്യുമ്പോൾ മേരിയുടെ കണ്ണുകളിൽ അനല്പമായ വേദന തളം കെട്ടി നിന്നു. അവ അടർന്നു വീഴുന്നിടം ദഹിച്ചു പോകുമോ എന്നു ഞാൻ ഭയപ്പെട്ടു.

(തുടരും...) 


അലാവുദീനും അത്ഭുത വിളക്കും

aladin and tthe majic lamp

"അലാവുദീനെ നിനക്കോർമ്മയില്ലേ?" മേരി ചോദിച്ചു.

"ഏതു അലാവുദീൻ?" എത്ര അലാവുദീൻമാർ ഓർമ്മയിൽ നിന്നും രക്ഷപ്പെട്ടിയിരിക്കുന്നു.


പ്രൈമറി ക്ലാസ്സുകൾ കഴിഞ്ഞപ്പോൾ അവൻ മറക്കപ്പെട്ടു. ഓർമ്മയിൽ തങ്ങി നില്ക്കാൻ മാത്രം അവൻ എനിക്കാരുമായിരുന്നില്ല. അവനെ കളിയാക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. വൃത്തിയില്ലാത്ത വസ്ത്രവും, ഒരിക്കലും ചീകി ഒതുക്കിയിട്ടില്ലാത്ത വരണ്ട മുടിയും, പരീക്ഷകൾക്ക് സ്ഥിരമായി കിട്ടിയിരുന്ന മുട്ടകളും അവനെ  കളിയാക്കാനുള്ള കാരണങ്ങളയായിരുന്നു. കടകളിൽ സാധനങ്ങൾ പായ്ക്കു ചെയ്യാനുള്ള കടലാസു കൂടുകൾ ഉണ്ടാക്കുന്ന പണിയിൽ അവന്റെ വീട്ടുകാർ ഏർപ്പെട്ടിരുന്നു. കടലാസുകൂടുകൾ ഉണ്ടാക്കുകയും, അടുക്കി വയ്ക്കുകയും ആയിരുന്നു അലാവുദീന്റെ ഗൃഹപാഠങ്ങൾ. മൈദാ മാവു ചൂടുവെള്ളത്തിൽ കലക്കി ഉണ്ടാക്കിയ പശ കൂടുണ്ടാക്കുന്നതോടൊപ്പം, ചിലപ്പോഴൊക്കെ വിശപ്പു കുറയ്ക്കാനും അവൻ ഉപയോഗിച്ചിരുന്നു. പലപ്പോഴും അവന്റെ കൈത്തണ്ടയിലും കാലുകളിലും അതുങ്ങിപ്പിടിച്ച വൃത്തികെട്ട പാടുകൾ ഉണ്ടായിരുന്നു. ഒപ്പം ഒരു മുഷിഞ്ഞ മണവും. ക്ലാസിൽ ആരും അവന്റെ അടുത്തിരിക്കാൻ തയ്യാറായിരുന്നില്ല.

ഒരിക്കലവൻ നിറമുള്ള ചെറിയ കവറുകൾ ഞങ്ങൾക്കെല്ലാവർക്കും സമ്മാനിച്ചു. അവന്റെ കുടുംബം ദൂരെ മറ്റൊരിടത്തേക്കു താമസം മാറുകയായിരുന്നു. ഒരു പക്ഷെ അവനു തരാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു ആ നിറമുള്ള കവറുകൾ.

"ആനന്ദൻ നീ കണ്ടിട്ടില്ലേ, അലാവുദീന്റെ നിറമുള്ള കടലാസു കൂടിൽ ഏറെ നാൾ ഞാൻ മഞ്ചാടി മണികളും, വളപ്പൊട്ടുകളും, ബട്ടൻസുകളും ഒക്കെ സൂക്ഷിച്ചിരുന്നു. എന്നെ കെട്ടിച്ചു വിടുന്ന കാലത്തും അതെന്റെ കൈവശമുണ്ടായിരുന്നു."

"നിറമുള്ളതെന്തും കളയാൻ എനിക്കെന്നും മടിയായിരുന്നു. അതല്ലേ നിന്നെ ഞാൻ വിടാതെ ഇപ്പോഴും പിടിച്ചിരിക്കുന്നത്?"

ഞാൻ ആലോചിച്ചു, എവിടെയാണ് എന്റെ കടലാസു കൂടു നഷ്ടപ്പെട്ടത്?

മുന്നിലെ വലിയ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന കാറു ചൂണ്ടിക്കൊണ്ടവൾ ചോദിച്ചു. "വണ്ടി ഓടിക്കുന്ന ആളെ മനസ്സിലായോ?" ചെറിയ താടിയുള്ള രൂപം, കഷണ്ടിയും ഉണ്ട്.
"മുനിസിപ്പൽ ചെയർമാനാണ്"
"വലിയ ബിസിനസ്സ് കാരനുമാണ്"

എനിക്ക് മനസ്സിലാവുന്നില്ല.
"എടാ, അതു നമ്മുടെ അലാവുദീനാണ്"

എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. എന്തൊരു മാറ്റം.
"അറബിക്കഥയിലെ അലാവുദീനെപ്പോലെ അവന്റെ ജീവിതത്തിലും ഒരു അത്ഭുതവിളക്കുണ്ടായി. അതവന്റെ ജീവിതം മാറ്റിമറിച്ചു."

"നീ വാ, ഞാനതു കാണിച്ചു തരാം."

വർഷങ്ങൾക്കു മുന്നിലെ ഒരു ഗ്രാമത്തിലേക്കവൾ കൂട്ടിക്കൊണ്ടു പോയി. കാളവണ്ടി പോകുന്ന പാത. രാത്രിയിൽ മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു കടലാസുകൂടുണ്ടാക്കുന്ന അലാവുദീന്റെ കുടുംബം. അവനും താളാത്മകമായി അത് തന്നെ ചെയ്യുന്നു.

"ഇവിടേയ്ക്ക് താമസം മാറ്റി ഒരുകൊല്ലത്തിനുള്ളിൽ ഒരത്ഭുതം സംഭവിച്ചു" മേരി പറഞ്ഞു.
" അവന്റെ കുടിലിന്റെ മുൻപിലായി പഞ്ചായത്തൊരു വിളക്കുകാൽ നാട്ടി."

"നമുക്കങ്ങോട്ടു പോകാം" എനിക്ക് ധൃതി ആയിക്കഴിഞ്ഞിരുന്നു.

പാതയ്ക്കരികിലായി ഇലക്ട്രിക്ക് വിളക്കുകാലിനു ചുവട്ടിൽ ഇരുന്നു വായിക്കുന്ന അലാവുദീൻ.

"ദാ, നമ്മുടെ അലാവുദീന്റെ ജീവിതത്തിലെ അത്ഭുത വിളക്കാണത്" മേരി തുടർന്നു. ആദ്യമായി വിളക്കു കത്തിയ രാത്രി അലാവുദീൻ ഉറങ്ങിയില്ല. അതിന്റെ ചുവട്ടിലിരുന്നു കടലാസു കൂടുകളുണ്ടാക്കി. പിന്നെ പഴയ കടലാസുകളിലെ അക്ഷരങ്ങൾ വായിച്ചു. പിന്നെ കിട്ടിയതെല്ലാം അതിന്റെ ചുവട്ടിലിരുന്നു വായിച്ചു. മഴ നനയ്ക്കാത്ത രാവുകൾ അവനു അറിവിന്റെ പ്രഭാതമായി മാറി. വഴിവിളക്ക് അവന്റെ ജീവിതത്തിലേക്ക് വെളിച്ചം ചൊരിഞ്ഞുകൊണ്ടേ ഇരുന്നു.

(തുടരും...) 


ജനുവരിയിൽ കൊഴിയുന്ന പുഷ്പം

"വരൂ ഒക്ടോബറിൽ വിരിഞ്ഞു ജനുവരിയിൽ കൊഴിയുന്ന ഒരു പുഷ്പത്തെ ഞാൻ കാട്ടിത്തരാം." കൈ വലിച്ചുകൊണ്ട് മേരി എന്നെ മറ്റൊരു കാലത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.


"ചരിത്ര സന്ധികളിൽ നിറഞ്ഞു നിന്നവർ. നിർമ്മലമായ സ്നേഹത്തിന്റെ തുരുത്തായി മാറിയവർ. നിനക്കറിയുമോ അങ്ങിനെയുള്ള മനുഷ്യ ജന്മങ്ങളെ? നവ്ഖലിയിലെ ആ കുടിലിന്റെ മുന്നിൽ നിൽക്കുന്ന ശുഭ്ര വസ്ത്ര ധാരിയെ അറിയുമോ നിനക്ക്?", മേരി ചോദിച്ചു.

"ഉവ്വ്" ഞാൻ പ്രതിവചിച്ചു. "ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ "അർദ്ധ നഗ്നനായ ഫക്കിർ " എന്നു വിളിച്ചാക്ഷേപിച്ച മനുഷ്യൻ."

മേരി പറഞ്ഞു, "സ്‌കൂളിൽ പഠിക്കുന്ന കാലത്തു ഗാന്ധിജയന്തിക്ക് നീ മനഃപാഠം ചെയ്തു വിളമ്പിയ പ്രസംഗത്തിലെ ബാപ്പുവല്ല അത്. കലാലയ കാലഘട്ടങ്ങളിൽ 'ബ്രിട്ടീഷ് രാജിന്റെ അടിമ' എന്നു നീ വിളിച്ചാക്ഷേപിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുമല്ല അത്. അയ്യായിരത്തിൽ അധികം ആളുകൾ കൊല്ലപ്പെട്ട നവ്ഖലി വർഗ്ഗീയ കലാപത്തിനു വിരാമമിടാൻ ഇറങ്ങിയ മനുഷ്യ സ്നേഹിയായ മഹാത്മാവാണത്. നീ പഠിച്ച ഗാന്ധിയല്ല അത്. ശ്രേണിയിലെ അവസാനത്തെ മർത്യനു നീതി ലഭിക്കുമ്പോൾ മാത്രമേ നീതി നീതിമത്താവുകയൊള്ളു എന്നു വിശ്വസിച്ചിരുന്ന മഹാത്മാവ്."

"നവ്ഖലിയിലെ പാതകളിൽ കഴുകൻ കൊത്തി വലിക്കുന്ന ശരീരങ്ങൾ നീ കാണുന്നില്ലേ. കൊതി തീരും വരെ ജീവിക്കാൻ കഴിയാതെപോയ ജന്മങ്ങൾ. കൊന്നവരും കൊല്ലപ്പെട്ടവരും വിഢികളായിരുന്നു. മതവിശ്വാസത്തിൽ പെട്ടുപോയ വിഢികൾ. താത്കാലികമായ ഭൗതിക സഹായങ്ങൾ ചെയ്തും, ഭീഷണിപ്പെടുത്തിയും, ഇല്ലാത്ത സ്വർഗ്ഗം വാഗ്ദാനം ചെയ്തും ആളെ കൂട്ടുക. അവരുടെ വിയർപ്പു ചൂഷണം ചെയ്തു സമൃദ്ധിയുടെ മട്ടുപ്പാവുകളിൽ പുരോഹിതനായി വാഴുക. ഉപജാപക വൃന്ദമായി സമ്പന്നരായ അനുയായികളെ സ്ഥാനമാനങ്ങൾ നൽകി കൂടെ നിറുത്തുക. ഇതാണല്ലോ മതങ്ങൾ!."

"വരൂ, സമയം വൈകിയിരിക്കുന്നു. പോകാൻ ഇനിയും എത്രയോ ഇടങ്ങളും കാലങ്ങളും ഉണ്ടെന്നോ!" യാത്രയാകുമ്പോൾ ദൂരെ ഹൂബ്ലി യിലെ തോണിക്കാരൻ പാടുന്നുണ്ടായിരുന്നു.

"അപഹരിക്കപ്പെട്ട നാമവും, തുളവീണു
നിണമ ണിഞ്ഞാകാരവുംപേറി നില്പുനീ
ജനപഥം രാജപഥത്തിനെ പുണരുന്ന
ഇരുളിൻ കവലയിൽ സൂര്യതേജസ്സുമായ്‌..."

അപ്പോൾ ദൂരെ ദില്ലിയിലെ രാജപഥത്തിൽ ഇരുട്ടുവീണിരുന്നു.

(തുടരും...) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ