ഭാഗം 30
സീൻ 64 ഏ (ഭൂതകാലം)
രാത്രി, പ്രാന്തൻ തോമ്മാച്ചന്റ്റെ വീട്
ഹാളിൽ നേർത്ത വെളിച്ചവും പുറത്തു നിന്നുള്ള മിന്നലും. പനമ്പായയിൽ കിടത്തിയിരിക്കുന്ന അനുമോനെ പൂർണ്ണ നഗ്നനാക്കി പീഡിപ്പിക്കുന്ന
ബഷീർ. അർധബോധത്തിൽ അവൻ ഞരങ്ങിക്കൊണ്ട് ബഷീറിനെ കൈക കൾകൊണ്ട് തടയാൻ ശ്രമിക്കുന്നു. അവനെ ഉമ്മ വെച്ചു കൊണ്ട്,
ബഷീർ : അടങ്ങിക്കിടക്കെടാ...
സമയം പൊഴിയുംതോറും അനുമോനവശ്ശനായി കഴിഞ്ഞിരുന്നു. അവസാനം പായയുടെ അരികിൽ അവസാന പേജുമായി തുറന്ന് കിടന്നിരുന്ന ഫെയറ് എന്ന കൊച്ചു പുസ്തകത്തിലേക്ക് രക്തം തെറിച്ചു വീഴുന്നു. അമ്മേ എന്ന് കരഞ്ഞ് അവന്റ്റെ ഒരു കൈപ്പത്തി അവസാന പേജിനെ തൊട്ട് ചലനമറ്റു. ഒരു മൂലയിൽ മദ്യപിച്ചവശനായി കിടന്ന പൊന്നൻ ശബ്ദം കേട്ടെഴുന്നേറ്റപ്പോൾ രക്തത്തിൽ കുളിച്ച അനുമോനെ കണ്ട് ഞെട്ടി.
പൊന്നൻ : ബഷീറേ...നീയെന്താ ഈ കാണിച്ചത്. കൊച്ച് ഉറക്കമുണരുംബോൾ കൊണ്ടെ വിടാമെന്നല്ലേ പറഞ്ഞത്.
ഭീഷിണി പോലെ സ്വന്തം ചുണ്ടിൽ കൈ വെച്ച് പൊന്നനോട്,
ബഷീർ : മിണ്ടരുത്. ഇതിനെ ഇവിടെ കൊണ്ടു വന്നത് താനാണ്.
പൊന്നൻ ഭയന്നു പോയി. ചോരപുരണ്ട കത്തിയുമായി ഉന്മാദത്തിൽ മുട്ടു കുത്തി നിൽക്കുന്ന ബഷീർ അനുമോന്റ്റെ ശരീരം നോക്കി ചിരിക്കുന്നു.
ഭയത്തോടെ പൊന്നൻ എഴുന്നേൽക്കുന്നു.
കട്ട് റ്റു
സീൻ 64 ബി
രാത്രി
ഓർമ്മയുടെ തുടർച്ചയായി തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഓടുന്ന ബഷീറിനെ എമ്മാനുവേൽ പിന്തുടർന്ന് തടയുകയും അതൊരു സംഘട്ടനമായി മാറുകയും ചെയ്തു..
അവർ പോത്തിനെ കെട്ടിയ സ്ഥലത്തെത്തിയിരുന്നു. എമ്മാനുവേൽ ബഷീറിനെ തല്ലി അവശനാക്കുന്നത് ചുറ്റും നോക്കി നിൽക്കുന്ന പോലീസുകാരും നാട്ടുകാരും.
ആ രംഗം വീക്ഷിച്ച് മകനെ നഷ്ടപ്പെട്ട രജിത പ്രതികാര ദാഹിനിയായി പോത്തിനെ കെട്ടിയ തെങ്ങിന്റ്റെ ചോട്ടിൽ നിന്ന് അതിനെ പ്രകോപിപ്പിക്കും വിധം പത്തലുകൊണ്ട് തല്ലി, അവശനായി എഴുന്നേൽക്കാൻ ശ്രമിക്കുന്ന ബഷീറിനെ ഭ്രാന്തിയെപ്പോലെ നോക്കി അലറിക്കൊണ്ട്,
രജിത : ദുഷ്ടാ.. നീയെന്റ്റെ മോനെ കൊന്നുവല്ലേടാ. അല്ലേ നീ കൊന്നുവല്ലേ...(പോത്തിന്റ്റെ കയർ അഴിച്ചുകൊണ്ട് ചുവന്ന കണ്ണുകളു മായി കലികൊണ്ട് നിൽക്കുന്ന പോത്തിനോട്) എന്റ്റെ മോനെ പീഡിപ്പിച്ചു കൊന്ന, നിന്നെ തല്ലി പീഡിപ്പിച്ചു കൊണ്ടിരുന്ന ആ പിശാചിനെ തീർക്ക്..പോയി തീർക്ക്..
രജിത ഭ്രാന്തൻ ആവേശത്തിൽ പോത്തിന്റ്റെ കെട്ടഴിച്ചു വിടുന്നു. അത് കലി പൂണ്ട അമറലോടെ അവശനായി എഴുന്നേൽക്കാൻ ശ്രമിക്കുന്ന ബഷീറിനരികിലേക്ക് ഓടി. എമ്മാനുവേലും മറ്റുള്ളവരും ഭീതിയോടെ പിന്നോട്ട് മാറുംബോൾ - പോത്ത് അതിന്റ്റെ രണ്ടു കൊംബുകൾ കൊണ്ട് ബഷീറിനെ ആഞ്ഞാഞ്ഞ് പലവട്ടം കുത്തി മലർത്തുന്നു.
ബഷീറിന്റ്റെ നെഞ്ചിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകി. ബഷീർ ചലനമറ്റു കുഴഞ്ഞ് മണ്ണിൽ വീണു. തന്റ്റെ ശത്രുവിന്റ്റെ മരണം ഉറപ്പാക്കി പോത്ത് ശാന്തനായി രജിതയുടെ അരികിലേക്ക് തിരികെ നടക്കുന്നു.
രംഗത്തിനു സാക്ഷികളായി എമ്മാനുവേൽ. അവന്റ്റെ തൊട്ടരികിൽ ലക്ഷ്മി , സത്യൻ, വിജയൻ, തങ്കൻ, തെയ്യാമ്മ, പോലീസുകാർ, ഡി.വൈ.എസ്.പി.ദിനകർ തുടങ്ങി ഗ്രൗണ്ടിലുണ്ടായിരുന്ന മിക്കവരും.
ഒരു പൊട്ടിക്കരച്ചിലോടെ തെങ്ങിൻ ചോട്ടിൽ ഇരിക്കുന്ന രജിതക്കരികെ പോത്ത് വന്ന് നിൽക്കുന്നു. അതിന്റ്റെ കൊംബുകളിൽ രക്തക്കറ.
കട്ട്
സീൻ 65
പകൽ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസ്
ഹാളിൽ-
ഭിത്തിയിൽ ഹാംഗ് ചെയ്തിട്ടുള്ള എൽ.ഈ.ഡി യിൽ ന്യൂസ് കാണുന്ന എസ്.ഐ ഉദയരാജ് മറ്റ് രണ്ട് പോലീസുകാർ. കാഷ്വൽ ഡ്രെസ്സിലുള്ള അവർ പല ഭാഗങ്ങളിൽ നിൽക്കുകയാണ്. എൽ.ഈ.ഡി. യിൽ -
ന്യൂസ് റീഡർ ജിഷാ രാജേഷ് : ഈ അവറിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ആലപ്പുഴയിൽ നിന്നും കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച്ച കാണാതായ അനുമോന്റ്റെ തിരോധാനത്തിനുത്തരം. അനുമോനീ ഭൂമുഖത്തില്ല. അനുമോൻ കൊലചെയ്യപ്പെട്ടത് മൃഗീയമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം. വിശദവിവരങ്ങളുമായി മുഹമ്മയിൽ നിന്നും റോണി വർഗീസ് ചേരുന്നു.
കട്ട് റ്റു
സീൻ 65 എ
പകൽ
രജിതയുടെ വീടിനു സമീപം ബഷീർ കൊല്ലപ്പെട്ട സ്ഥലം.
ക്യാമറക്ക് മുന്നിൽ നിന്ന് ,
റോണി വർഗീസ് മൈക്കിലൂടെ-
ഇന്നലെ രാത്രി പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തിയ പ്രോഗ്രാമിലൂടെ അനുമോന്റ്റെ തിരോധാനത്തിനു ഉത്തരവാദികളും സമീപവാസികളുമായ മാംസ വിൽപ്പനക്കാരൻ അതായത് ഇറച്ചി വെട്ടുകാരൻ ബഷീർ, മേസ്തരി പൊന്നൻ എന്നിവരെ അന്വേഷണത്തലവനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ദിനകർ, എസ്.ഐ.ഉദയരാജ് , ചൈൽഡ് ലൈൻ ഇന്റ്റർസെപ്റ്റിംഗ് ഓഫീസർ എമ്മാനുവേൽ എബ്രഹാം, ആര്യക്കര പോലീസ്സ്റ്റേഷൻ എസ്.ഐ.റോയി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ മുന്നിൽ കൊണ്ട് വന്നത്. ഇങ്ങനെയൊരു പ്രോഗ്രാമിനെക്കുറിച്ച് അറിയിച്ചിരുന്നെങ്കിലും പീന്നീട് മാധ്യമങ്ങളെ വിലക്കുകയാണുണ്ടായത്. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത പൊന്നനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തിരോധാനത്തിന്റ്റെ ചുരുളഴിയുന്നത്. ജനങ്ങൾക്ക് നടുവിൽ നിന്നും ഒന്നാം പ്രതി രക്ഷപെട്ട് ഓടിയെങ്കിലും ഈ സ്ഥലത്ത് വെച്ച് കാലൻ സ്വയം പോത്തിന്റ്റെ രൂപത്തിൽ ഇറങ്ങി വന്ന് ബഷീറിനെ വക വരുത്തിയത് ദു:ഖകരമായ വസ്തുതയായി ശേഷിക്കുന്നു. ബഷീറിന്റ്റെ ബോഡി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും അതിനു ശേഷം രണ്ടാം പ്രതി പൊന്നനെ തെളിവെടുപ്പിനായി കൊണ്ടു വരുമെന്നാണ് അന്വേഷണ ഉദ്യോസ്ഥരിൽ നിന്നുമുള്ള വിവരം. ക്യാമറാമാൻ നന്ദു ഫോർട്ട് കൊച്ചിക്കൊപ്പം റോണി വർഗീസ് , ആലപ്പുഴ.
ഡി.വൈ.എസ്.പി. ദിനകർ അകത്തേക്ക് കയറി വരുംബോൾ എസ്.ഐ ഉദയരാജ് എൽ.ഇ.ഡി യുടെ വോളിയം കുറച്ച് മേശയിൽ വെച്ച് സല്യൂട്ട് ചെയ്യുന്നു ; മറ്റുള്ളവരും.
ദിനകർ സല്യുട്ട് സ്വീകരിച്ച് എന്തോ പറയാനെന്നോണം നിൽക്കുന്നു.
ഡി.വൈ.എസ്.പി. ദിനകർ : വാർത്താമഴയാണല്ലോ.
അല്പം ചിരിയിൽ ദിനകറിനരികിലെത്തി,
എസ്.ഐ ഉദയരാജ് : അന്വേഷണ സംഘം ആഘോഷിക്കപ്പെടുന്നുണ്ട്.
കാര്യമാക്കാതെ,
ഡി.വൈ.എസ്.പി. ദിനകർ : ഉം.... പിന്നെ പൊന്നനെ മജിസ്ട്റേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡിലെടുക്കണം. അയാളെ നാളെ തെളിവെടുപ്പിനു കൊണ്ടു പോണം.
മറ്റു പോലീസുകാരും എസ്.ഐ ഉദയരാജിനു പിന്നിൽ എത്തിയിരുന്നു.
എസ്.ഐ ഉദയരാജ് : ശരി സാർ.
ഡി.വൈ.എസ്.പി. ദിനകർ : ലോക്കൽ പോലീസിനെ വിവരമറിയി ക്കണം. നാട്ടുകാർ പ്രശ്നമുണ്ടാക്കാനുള്ള സാധ്യതയുണ്ട് . (ഒന്നാലോചിച്ച്) പിന്നെ ബഷീറിന്റ്റെ കാര്യത്തിൽ നമ്മുക്ക് വീഴ്ച്ച പറ്റിയതല്ല.
ഒരിട നിർത്തി എല്ലവരേയും നോക്കി അർത്ഥവത്തായി ചിരിച്ച് മുറിയിലേക്ക് പോകുന്ന ഡി.വൈ.എസ്.പി. ദിനകർ.
കാര്യം മനസ്സിലാക്കി പരസ്പരം നോക്കുന്ന മറ്റുള്ളവർ.
നടന്നു പോകുന്ന ദിനകറിന്റ്റെ ഓർമ്മയിൽ -
കട്ട് റ്റു
സീൻ 66 (ഭൂതകാലം)
രാത്രി
തിരക്ക് കുറഞ്ഞ റോഡ്.
പോലീസ് ജീപ്പ് ഡ്രൈവ് ചെയ്യുന്നത് ഡി.വൈ.എസ്.പി.ദിനകറാണ്. സൈഡ് സീറ്റിൽ എമ്മാനുവേൽ.
അവർ മദ്യപിച്ചിട്ടുണ്ട്. ഡ്രൈവിനിടയിൽ -
ഡി.വൈ.എസ്.പി.ദിനകർ : ഒരു പെണ്ണിനെ ബ്രൂട്ടലായി റേപ്പ് ചെയ്തു കൊന്നാൽ, പീഡിപ്പിച്ച് പെട്രോളൊഴിച്ച് കൊന്നാൽ പ്രതിക്ക് മരണം വരെ സുഖഭക്ഷണം, താമസം. ഇനി തൂക്കു കയറാണങ്കിലോ. ചുരുക്കം. അതും അവന്റ്റെ അന്ത്യകാലത്ത്. നമ്മുടെ സിസ്റ്റം മാറണം. നമ്മുടെ കേസിൽ ഇര ഒരു പിഞ്ചു ബാലൻ. അവന്മാരെ നിയമത്തിന് വിട്ടുകൊടുക്കുകയല്ല വേണ്ടത്.
എല്ലാം കേട്ടിരുന്ന എമ്മാനുവേൽ സംശയിച്ച് അയാളെ നോക്കുന്നു.
എമ്മാനുവേൽ : സാർ എന്താണുദ്ദേശിക്കുന്നത്.
ഡി.വൈ.എസ്.പി.ദിനകർ : എൻകൗണ്ടർ. നാളെ ഒരു മീഡിയക്കും ആ പ്രോഗ്രാമിൽ എൻട്രി ഉണ്ടാകില്ല. ജനം ഇളകും. ഒന്നെങ്കിൽ അവരുടെ കൈകൊണ്ട് . അല്ലെങ്കിൽ.. (അർത്ഥം വെച്ച് അവനെ നോക്കുന്നു.) നമ്മൾ രണ്ടാളും മാത്രേ ഇതറിയുന്നുള്ളൂ. ഉറപ്പോടെ അതേയെന്ന വിധം എമ്മാനുവേൽ തലയാട്ടുന്നു.
കട്ട്
സീൻ 67
പകൽ
എമ്മാനുവേലിന്റ്റെ / പ്രാന്തൻ തോമ്മാച്ചന്റ്റെ വീട്
കൈവിലങ്ങിടീച്ച് പൊന്നനെ തെളിവെടുപ്പിനായി വീടിന്റ്റെ മുറ്റത്തേക്ക് കൊണ്ടുവരുന്ന ഡി.വൈ.എസ്.പി. ദിനകർ, എസ്. ഐ ഉദയരാജ്, ക്രൈംബ്രാഞ്ചിലെ രണ്ടു പോലീസുകാർ, എസ്.ഐ റോയി വർഗീസ്.
റോഡിൽ പോലീസ് വാഹനങ്ങൾക്കടുത്തും പറംബിലുമായി ജനം പൊന്നനെ തെറി വിളിക്കുന്നുണ്ട്.
ഒന്നാമൻ : എടാ തന്തയില്ലാത്തവനെ ചത്തൂടടാ നിനക്ക്.
രണ്ടാമൻ : പോലീസു വിട്ടാലും നിന്നെ ഞങ്ങൾ വിടില്ല.
ആരോക്കെയോ കൂവുന്നു.
മുറ്റത്ത് ഒരുഭാഗത്ത് നിൽക്കുന്ന ലക്ഷ്മിയും എമ്മാനുവേലും. അവർക്ക രികിലായി എച്ച്.സി. സുനിയും , പി.സി. ബിജുവും. വീടിന്റ്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.
ദൃശ്യം പൊന്നനനെയും മറ്റും പിന്തുടർന്ന് മുന്നിലെത്തുന്നു.
അടുക്കള വാതിലിലൂടെ അകത്തേക്ക് കയറുന്ന പൊന്നൻ പിന്നാലെ വരുന്നവരോട്,
പൊന്നൻ : ഇതു വഴിയാണ് ഞാൻ കൊച്ചിനെ കൊണ്ടു വന്നത്. ബഷീറാണു വാതിൽ തുറന്നു തന്നത് (ഹാളിൽ എത്തുംബോൾ പനമ്പായ വിരിച്ച സ്ഥലം കാണിച്ച് ) ഇവിടെ ഒരു പനമ്പായ ഞാൻ വന്നപ്പോൾ തന്നെ വിരിച്ചിരുന്നു. അതിലാണ് ഞാൻ അനുമോനെ കിടത്തിയത്. (ഒരുഭാഗത്തിലേക്ക് ചൂണ്ടി) മദ്യപിച്ച് ബോധം കെട്ടിവിടെ കിടന്നുറങ്ങിയെണിറ്റത് കൊച്ചിന്റ്റെ കരച്ചിൽ കേട്ടാണ്. അത് രക്തത്തിൽ മുങ്ങിക്കിടക്കുവാരുന്നു. ബഷീർ ഒരു തരം ഭ്രാന്തൻ ഭാവത്തിലും....
പൊന്നൻ പുറത്തെക്കിറങ്ങുന്നു .
ജനം ആക്രൊശിക്കുകയും കൂക്കി വിളിക്കുകയും ചെയ്യുന്നുണ്ട്.
ആരേയും നോക്കാതെ പൊന്നൻ ബഷീറിന്റ്റെ വീട്ടിലെ പൊളിഞ്ഞു കിടക്കുന്ന അലക്കു കല്ലിനു സമീപത്തേക്ക് നടന്നെത്തുന്നു.
പിന്നാലെ പിന്തുടരുന്നവരും ഒപ്പം ലക്ഷ്മിയും എമ്മാനുവേലും.
പൊന്നൻ വിലങ്ങിട്ട കൈകൊണ്ട് ചൂണ്ടിക്കാട്ടി,
പൊന്നൻ : ഇവിടെ ഒരു വലിയമരത്തിന്റ്റെ കുറ്റിയുടെ പൊത്തു ണ്ടായിരുന്നു. അതിലാണ് ഞങ്ങൾ കൊച്ചിന്റ്റെ എല്ലൊക്കെ നിറച്ചത്. ആ രാത്രി തന്നെ ഞാൻ അതിനുമുകളിൽ ഈ അലക്കു കല്ലുമുണ്ടാക്കി. (എമ്മാനുവേലിനെ ചൂണ്ടിക്കൊണ്ട്) ഈ സാറ് ബഷീറി ന്റ്റെ പിന്നാലെയാണെന്ന് ബഷീറിനും എനിക്കും മനസ്സിലായിരുന്നു. ഒരു രാത്രി ബഷീർ ഈ അലക്ക് കല്ല് കുത്തിപ്പൊളിച്ച് ആ പൊത്തിലുണ്ടായിരുന്നതെല്ലാം ഒരു തലയണക്കവറിലാക്കി സൂക്ഷിച്ചു. ഉമ്മ മരിച്ചപ്പോൾ ഉമ്മയോടൊപ്പം ആ തലയണ കബറിലായെന്ന് ബഷീർ എന്നോട് പറഞ്ഞിരുന്നു. ഇനി പേടിക്കണ്ടായെന്നും.
ലക്ഷ്മി അംബരന്ന് നിൽക്കുകയാണ്.
പോലീസുകാർ സ്വതസിദ്ധമായ ഭാവത്തിലും.
സംശയത്തിൽ,
ഡി.വൈ.എസ്.പി. ദിനകർ : അപ്പോ ആ കുട്ടിയുടെ ശരീരം?
ജനമിപ്പോൾ ശാന്തരാണ്. തന്നെ പരിഹസിച്ച ജനത്തെ നോക്കി പുശ്ചത്തിൽ,
പൊന്നൻ : മനുഷ്യന്റ്റെ ഇറച്ചി തിന്നേണ്ടിവരുന്ന ഗതികെട്ടവരുമില്ലേ സാറേ.
അതുകേട്ട് മനം പിരട്ടുന്നതു പോലെ ലക്ഷ്മി ഓക്കാനിക്കുന്നു.
ഡി.വൈ.എസ്.പി. ദിനകർ കാര്യം മനസ്സിലായോ എന്ന വിധം സഹപ്രവർത്തകരെ നോക്കുന്നു.
ലക്ഷ്മിയുടെ പ്രവർത്തി കണ്ട് അടുത്ത് നിൽക്കുന്ന എമ്മാനുവേൽ അല്പം കളിയാക്കുമ്പോലെ അവളോട് അടക്കത്തിൽ,
എമ്മാനുവേൽ : ഈസ്റ്ററിനു ഇറച്ചി വാങ്ങിയിരുന്നോ.
ഇല്ലെന്ന് അവൾ തലയാട്ടുന്നു.
പൊന്നൻ : പക്ഷേ അവനത് ഈ നാട്ടിൽ കൊടുത്തില്ല. ബോഞ്ചി ഇറച്ചിയായി ദൂരേക്കെവിടേയോ കേറ്റി വിട്ടു...(ഒന്നു നിർത്തി ) സാറേ ഒരെതിർപ്പുമില്ലാതെ ഞാൻ നിങ്ങളോട് സഹകരിച്ചില്ലേ...എനിക്ക്...
പൊന്നൻ ഒന്നു നിർത്തി. ഡി.വൈ.എസ്.പി. പോക്കറ്റിൽ നിന്നും സിഗററ്റ് പാക്കറ്റ് എടുക്കുന്നത് കണ്ട്-
പൊന്നൻ : സിഗററ്റും ബീഡിയുമൊന്നുമല്ല സാറേ ...എനിക്ക് പ്രായായ അമ്മയെ ഒന്നു കാണണം.
സിഗററ്റ് പാക്കറ്റ് പോക്കറ്റിലിട്ട് മൂളുന്ന,
ഡി.വൈ.എസ്.പി.ദിനകർ : ഉം..!
തിരിയുന്ന പൊന്നൻ.
കട്ട്.
(തുടരും)