ഭാഗം 4
സീൻ 7
പകൽ / വൈകുന്നേരം, ഗ്രാമ പ്രദേശം, ടാറിട്ട റോഡ് (എക്സ്റ്റീരിയർ)
പതിയെ കടന്നുവരുന്ന ആംബുലൻസ്. മുൻസീറ്റുകളിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനും. പിന്നിൽ ജനീറ്റയും ഒരു നേഴ്സും. ജനീറ്റ മ്ലാനവദനയാണ്. വഴിയരികെ രണ്ട് എക്സൈസ് ജീപ്പുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ട് ഡ്രൈവർ ആംബുലൻസ് നിർത്തുന്നു. ഒരു ജീപ്പിനരികിൽ നിൽക്കുന്ന കാക്കി യൂണിഫോമിട്ട ഡ്രൈവറോട്,
ആരോഗ്യ പ്രവർത്തകൻ : എന്താ സാറേ... വാറ്റാണോ?.
എക്സൈസ് ഡ്രൈവർ : ഓ..അതു തന്നെ. വിമൂക്തീന്ന് ചാടിയവനമാരുടെ പരിപാടിയാ. കുടിക്കാനും കാശുണ്ടാക്കാനുമുള്ള വഴി.
തലയിൽ കന്നാസും വാറ്റുപകരണങ്ങളുമായി രണ്ടൊ മൂന്നോ എകസൈസ് ഓഫീസേഴ്സിനൊപ്പം റോഡിനോട് ചേർന്നുള്ള പറംബിലൂടെ നടന്നു വരുന്ന ആന്റപ്പനും മറ്റു രണ്ടുപേരും. കൈലിമുണ്ടാണവർ ധരിച്ചിരിക്കുന്നത്. ആംബുലൻസിന്റെ പിന്നിലൂടെ ആ കാഴ്ച്ച കാണുന്ന ജനീറ്റയും നേഴ്സും. ആംബുലൻസ് മുന്നോട്ടെടുക്കുന്ന,
ഡ്രൈവർ : എന്ത് സംഭവിച്ചാലും മനുഷ്യര് നന്നാകുന്നില്ലല്ലോ ഈശ്വരാ.
അതു കേട്ട് ആരോഗ്യപ്ര്വർത്തകൻ ചിരിക്കുന്നു.
കട്ട്
സീൻ 8
പകൽ / വൈകുന്നേരം, ഡേവിഡിന്റെ ഫ്ലാറ്റും പരിസരവും (എക്സ്റ്റീരിയർ)
ഫ്ലാറ്റിനു മുന്നിൽ ആംബുലൻസിൽ വന്നിറങ്ങുന്ന ജനീറ്റ. അവളെ യാത്രയാക്കി ആംബുലൻസിൽ നേഴ്സും ആരോഗ്യപ്രവർത്തകർ തിരികെ പോകുന്നു. ഭയത്തോടേയും പരിഭ്രമത്തോടേയും ജനീറ്റ ഫ്ലാറ്റിന്റെ മുറ്റത്തേക്ക് കടക്കുന്നു. പതിയെ നടക്കുന്നതിനിടയിൽ ആശങ്കയോടെ .നെഞ്ചിൽ കൈവെച്ച് അവൾ സ്വയം പതിയെ പറയുന്നു,
ജനീറ്റ : ദൈവമേ , ഡേവിഡിന് ഒരാപത്തും വരുത്തിയിട്ടുണ്ടാവരുതേ.
നെഞ്ച്ചിടിപ്പോടെ മുകളിലേക്കുള്ള പടികൾ കയറുംബോൾ അവൾ ഒരു വയലിന്റെ സംഗീതം കേൾക്കുന്നു. ജനീറ്റയുടെ മുഖം സന്തോഷത്തോടെ വിരിയുന്നു. അവൾ മുകളിലെത്തുംബോൾ ബാൽക്കണിയിലെ ചുമരിൽ ചാരി നിന്ന് വയലിൻ വായിക്കുന്ന, രൂപത്തിലും ഭാവത്തിലും മാറ്റം വന്ന ഒരു പുതിയ മനുഷ്യനായ ഡേവിഡിനെയാണ് ജനീറ്റ കാണുന്നത്. നടന്നടുക്കുന്ന ഭാര്യയെ കാണുന്ന ഡേവിഡ് ചിരിയോടെ അവളെ മുഖമാട്ടിക്കൊണ്ട് വിളിക്കുന്നു. വയലിന്റെ നാദം കേട്ട് അയൽവാസികൾ ബാൽക്കണിയിലും മുറ്റത്തും ഇറങ്ങി കൈകൊട്ടി അയാൾക്കൊപ്പം താളം പിടിക്കുന്നത് കണ്ട് അവരിരുവരും ചിരിക്കുന്നു.
കട്ട്
സീൻ 9
രാത്രി, കുന്നുംപുറത്തുള്ള പ്രദേശം (എക്സ്റ്റീരിയർ / ഇന്റീരിയർ)
അങ്ങിങ്ങായി തെളിഞ്ഞു നിൽക്കുന്ന ചെറിയ കുടിലുകൾക് നടുവിലുള്ള കരുണന്റെ കുടിലിനൽപ്പം താഴെയായി, മണ്ണിൽ കത്തിനിൽക്കുന്ന ചൂട്ട്കറ്റയുടെ ചുവന്ന വെളിച്ചത്തിൽ വെള്ളമില്ലാതെ കുപ്പിയിൽ നിന്നും വാറ്റ് ചാരായം അകത്താക്കി കാലി കുപ്പി വലിച്ചെറിയുന്ന കരുണൻ, മുണ്ടിന്റെ മടിയിൽ നിന്നും ഒരു ബീഡി എടുത്ത് കത്തിച്ച് വലിക്കുന്നു. ഉന്മാദനപ്പോലെ തലകുടഞ്ഞ് ചൂട്ട്കറ്റയുമെടുത്ത് അയാൾ കുടിനരികിലേക്ക് നടക്കുന്നു. കുടിലിന്റെ മുറ്റത്ത് മണ്ണെണ്ണ വിളക്കിന്റെ ചിമ്മുന്ന വെളിച്ചം.
കരുണൻ: എടീ കൊച്ചു പൊലയാടി…….നീ…….എവിടേയാടി, നീ.. ഉറങ്ങിയോടി..
കുടിലിന്റെ മുറ്റത്തെത്തിയ കരുണൻ കെട്ടുതീർന്ന ബീഡി വലിച്ചെറിഞ്ഞ് ചൂട്ട്കറ്റ താഴെയിട്ട് വേച്ച് വേച്ച് അകത്തേക്ക് കടക്കുന്നു.
അകത്തുനിന്നും പെൺകുട്ടിയുടെ ശബ്ദം പശ്ചാത്തലത്തിൽ:
പെൺകുട്ടി : അയ്യോ അച്ഛാ എന്നെ ഒന്നും ചെയ്യരുതെ.. അമ്മേ..
അയാൾ അകത്തു കയറിപെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വിദുര ദൃശ്യം
കരയുന്ന കുട്ടിയുടെ ശബ്ദം ആവർത്തിച്ചുകൊണ്ടിരുന്നു പിന്നെ ആ ശബ്ദം താഴ്ന്ന് താഴ്ന്ന് ഇല്ലാതാകുന്നു.
മകൾ മരണപ്പെട്ടതിനാലാകാം ഭയത്തോടെ പുറത്തേക്കിറങ്ങുന്ന കരുണൻ എന്തോ ഓർത്ത് പിന്നോട്ട് നോക്കി തറയിൽ കത്തിക്കൊണ്ടിരുന്ന ചൂട്ട്കറ്റ കുടിലിന്റെ മുകളിലേക്ക് വലിച്ചെറിയുന്നു
കത്തിയമരുന്ന കുടിൽ.
കട്ട്.
സീൻ 10
പകൽ / പ്രഭാതം, ഒരു റോഡിനരികെ മരങ്ങളുള്ള പ്രദേശം (ഏക്സ്റ്റീരിയർ)
ഒരു മരത്തിനടിയിൽ നിന്ന് ഇടതടവില്ലാതെ കുരക്കുന്ന തെരുവുപട്ടിയെ ശ്രദ്ധിക്കാതെ റോഡിലൂടെ പ്രഭാത സവാരി നടത്തുന്ന മാസ്ക് ധരിച്ച രണ്ടോ മൂന്നോ ആൾക്കാരുടെ എതിർ ദിശയിൽ നിന്നും ജോഗ്ഗിംഗ് ചെയ്ത് വരുന്ന ഡേവിഡ്. തെരുവുപട്ടിയുടെ അസാധാരണമായ കുര കേട്ട് ഡേവിഡ് ജോഗ്ഗിംഗ് നിർത്തി പട്ടി കുരക്കുന്ന ഭാഗത്തേക്ക് സംശയത്തോടെ നോക്കുന്നു. കുറ്റിചെടികൾ വകഞ്ഞു മാറ്റി റോഡിൽ നിന്നും ആ പ്രദേശത്തേക്ക് കയറുന്ന ഡേവിഡ് ഒരു മരത്തിന്റെ മുകളിലേക്ക് നോക്കികുരക്കുന്ന തെരുവുനായയെ കാണുന്നു. അയാളുടെ ദൃഷ്ടികൾ മരത്തിനു മുകളിലേക്ക് ഉയർന്നു.
മരത്തിന്റെ കൊംബിൽ ഉടുമുണ്ടിൽ തൂങ്ങി കിടക്കുന്ന കരുണന്റെ പ്രാകൃത രൂപംപൂണ്ട ജഢം - ആ കാഴ്ച കണ്ട് ഡേവിഡ് സ്തബ്ധനാകുന്നു.
ദൃശ്യം മുകളിലേക്കുയരുംബോൾ മുകളിൽ ആ മരത്തെ ചുറ്റിക്കറങ്ങി കാറി വിളിച്ച് കരയുന്ന കാക്കകളും താഴെ - കരുണന്റെ തൂങ്ങി കിടക്കുന്ന ശവശരീരം നോക്കി നിൽക്കുന്ന ഡേവിഡും, നാലോ അഞ്ചോ ഗ്രാമീണരും തെരുവു നായയും.
ദൃശ്യം ഫ്രീസാകുന്നു.
കട്ട്
അവസാനിച്ചു