ഭാഗം 2
സീൻ 3
പകൽ / രാവിലെ ഡേവിഡിന്റെ ഫ്ലാറ്റ് (എക്സ്റ്റീരിയർ)
നഗരത്തിലെ ഒരു കായലിനോട് ചേർന്നുള്ള ഒരു പഴയ മൂന്നുനില കെട്ടിടത്തിന്റെ വിദൂര ദൃശ്യം.
കട്ട്
സീൻ 3 A
പകൽ / രാവിലെ , ഡേവിഡിന്റെ ഫ്ലാറ്റ് (ഇന്റീരിയർ)
മൂന്നാം നിലയിലുള്ള ഒരു രണ്ടു മുറി ഫ്ലാറ്റ്. മങ്ങിയ ചുവരുകളും വെടിപ്പില്ലാത്ത ഫർണ്ണീച്ചറുകളും അലസമായി കിടക്കുന്ന ഹാളിലൂടെ ദൃശ്യം കിച്ചണിലേക്ക് പതിയെ നീങ്ങുംബോൾ പശ്ചാത്തലത്തിൽ ജനീറ്റയുടെ സംസാരം കേൾക്കുന്നു.
ജനീറ്റ : ഗൾഫീന്ന് ജോലി മതിയാക്കി വന്നപ്പോഴേ ഞാൻ പറഞ്ഞതാ, ചെറുതാണെങ്കിലും നഗരം വിട്ട് കുറച്ചുമാറി മൂന്ന് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട് വെച്ചാൽ മതീന്ന്. അപ്പോ എക്സ് ഗൾഫുകാരന്റെ പത്രാസ്സു കാണിക്കാൻ ചുമക്കാൻ പറ്റാത്ത ലോണെടുത്ത് ഫ്ലാറ്റ് വാങ്ങി; എന്റെയും മോളുടേയും സേഫ്റ്റിയെന്ന പേരും.
ദൃശ്യം കിച്ചണിൽ എത്തിനിൽക്കുംബോൾ ജനീറ്റയെന്ന നാല്പതു വയസ്സുകാരി സുന്ദരി ഫോണിലൂടെ അമ്മയോട് സംസാരിക്കുകയാണ്. നേഴ്സിന്റെ യൂണീഫോം ധരിച്ച് ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായിട്ടുള്ള സംസാരത്തിനിടയിൽ തനിക്കു ഉച്ചക്ക് കഴിക്കേണ്ട ആഹാരം അവൾ ലഞ്ച് ബോക്സിൽ എടുത്തു വെക്കുന്നുണ്ട്. ലഞ്ച്ച് ബോക്സ് എടുത്ത് തിരിച്ച് ഒരു മുറിയിലേക്ക് വന്നുകൊണ്ട് ഫോണിൽ തുടരുന്ന,
ജനീറ്റ : അവസാനം എന്തായി . ഞാനും മോളും പെരുവഴിയിലാകുമെന്ന അവസ്ഥ. എന്നിട്ടും അങ്ങേരീലോകത്തൊന്നും അല്ല. ഉണ്ടായിരുന്ന ജോലീം കളഞ്ഞ് കുടി തന്നെ കുടി.
മറുതലക്കൽ നിന്നും അമ്മയുടെസ്വരം കേൾക്കാം.
അമ്മ : മോള് സമാധാനപ്പെട്. ഈ അവസ്ഥയൊക്കെയൊന്നു മാറട്ടെ. നമ്മുക്കവനെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകാം.
ജനീറ്റ : ഈ അവസ്ഥയൊന്നും ഉടൻ മാറില്ലമ്മേ. ഓരോ ദിവസവും പോസ്റ്റീവ് കേസുകൾ കൂടികൊണ്ടിരിക്കുകയാ. എന്റെ ഡ്യൂട്ടീ ടൈമൊക്കെ എന്താകുമെന്ന് കണ്ടറിയാം.
ലഞ്ച് ബോക്സ് ബാഗിൽ വെച്ച് അടച്ച് ബാഗ് തോളിൽ തൂക്കി പെയ്ന്റ് പോയ അലമാരയുടെ കണ്ണാടിയിൽ മുഖം നോക്കി നെറ്റിയിലേക്ക് പാറി കിടന്ന മുടി ഒതുക്കിക്കൊണ്ട്,
ജനീറ്റ : ജഫ്ന മോളോട് പഠിക്കാനുള്ളതൊക്കെ പഠിക്കാൻ പറയമ്മേ. ഞാൻ ഉച്ചയ്ക്ക് വിളിക്കാം. സമയം പോയി.
മറുതലക്കൽ നിന്നുള്ള ശബ്ദം,
അമ്മ : സൂക്ഷിച്ച് പോണെ മോളെ.
ജനീറ്റ : ഉം!
അവൾ ഫോൺ കട്ട് ചെയ്ത് മറ്റൊരു മുറിയിലേക്ക് നടന്ന് അതിന്റെ മുറി വാതിൽ തുറക്കുന്നു. അവളുടെ ദൃഷ്ടിയിൽ ക്രൂശിത രൂപം പോലെ ബെഡ്ഡിൽ മലർന്നു കിടക്കുന്ന ഡേവിഡ്. നരച്ച് നീണ്ടു വളർന്ന താടിയും മുടിയും അയാളെ വിരൂപനാക്കിയിരിക്കൂന്നു. തറയിൽ കാലിയായ മദ്യക്കുപ്പിയും വലിച്ച് തീർത്ത സിഗററ്റ് കുറ്റികളും. അവൾ സങ്കടവും ദേഷ്യവും വന്ന് ഡേവിഡിനെ രൂക്ഷമായി നോക്കുന്നു.
ജനീറ്റ : ഡേവിഡ്, ഡേവിഡ് - ഒന്നെഴുന്നേൽക്കുന്നുണ്ടോ.
അവളുടെ ശബ്ദം കേട്ട് അയാൾ ബദ്ധപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നു.
ജനീറ്റ : എല്ലാം പൂർത്തിയായില്ലേ. മിച്ചമുള്ള കാശ് കൊണ്ട് എത്രനാൾ മുന്നോട്ട് പോകാമെന്നാ. ഡേവിഡ് (ഉച്ചത്തിൽ) ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?
അയാൾ പതിയെ കണ്ണുകൾ തുറന്ന് ജനീറ്റയെ നോക്കാൻ ശ്രമിച്ചു.
ജനീറ്റ : തളർച്ച ആർക്കും ഉണ്ടാകും. തെറ്റ് തിരുത്താനുള്ള മനസ്സാണ് വേണ്ടത്. സ്വത്തും, പണത്തിനേക്കാളുമപരി അവനവന്റെ ജീവനാ വലുതെന്ന ബോധമുണ്ടായാൽ കൊള്ളാം.
ഡേവിഡ് ബദ്ധപ്പെട്ട് എഴുന്നേറ്റ് ജനാലപ്പടിയിൽ കരുതി വെച്ചിരുന്ന സിഗററ്റ് കത്തിച്ചു അലസമായി പുകയൂതികൊണ്ട് ഭാര്യയെ നോക്കുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ജനീറ്റ : മകളൊരെണ്ണം വളർന്നുവരുന്നുണ്ട് അതു മറക്കണ്ട...(ഒരിട നിശ്ശബ്ദമായി) ഡേവിഡ്.. നിങ്ങൾ ഒരു ദുരന്തമാകരുത്!.
അതു പറഞ്ഞുകോണ്ട് അവൾ ശക്തിയോടെ വാതിലടച്ചു പുറത്തേക്ക് നടക്കുന്നു. ഡേവിഡ് അല്പം കുറ്റബോധത്തോടെ സിഗററ്റ് പുകച്ച് തള്ളുന്നു.
കട്ട്
സീൻ 3 B
പകൽ / രാവിലെ, ഡേവിഡിന്റെ ഫ്ലാറ്റ് / ബാൽക്കണി (എക്സ്റ്റീരിയർ)
ഡോർ അടച്ച് ബാഗും തൂക്കി ജോലിക്കിറങ്ങുന്ന ജനീറ്റ ഒന്നു തിരിയുംബോൾ കായലിനക്കരെ ഫ്ലാറ്റ് നിന്നിരുന്ന, ഇപ്പോൾ വിജനമായ ഒരു പ്രദേശം കാണുന്നു.
നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കുന്ന രംഗം അവളുടെ ഓർമ്മയിൽ പെട്ടന്ന് കടന്നു വരുന്നു. ആ ഓർമ്മയിൽ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുടച്ച് ജനീറ്റ പതിയെ സ്റ്റെപ്പുകൾ ഇറങ്ങുന്നു.
കട്ട്
(തുടരും)