mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Jomon Antony)

സീൻ 1

പകൽ / സന്ധ്യ, തട്ടിൻപുറമുള്ള ഒരു മുറിയുടെ ഉൾഭാഗം  (ഇന്റീരിയർ)

പശ്ചത്തലത്തിൽ ഇരുട്ടാണ്. പ്രാവിന്റെ കുറുകലും, ചീവീടിന്റെ ശബ്ദവും  തട്ടിൻ പുറത്തു കൂടി ഓടുന്ന എലികളുടെ ഒച്ചയും ദൃശ്യത്തെ ഭയപൂരിതമാക്കുന്നു. അകലെ മുറിയുടെ വാതിൽ പാളികൾ തുറക്കപ്പെടുന്നതിന്റെ വിദൂര ദൃശ്യം. സാന്ധ്യപ്രകാശം മുറിയിലേക്ക് അരിച്ചു കയറുംബോൾ അതിനുള്ളിലെ മാറലയും പൊടിപടലങ്ങളും ദൃശ്യത്തിൽ വ്യകതമാകുന്നു.

 

താടിയും മുടിയും അല്പം നീട്ടി വളർത്തിയ മെല്ലിച്ച ശരീരമുള്ള അധികം ഉയരമില്ലാത്ത ഒരു പുരുഷരൂപം വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നു. പഴയ കീറിയ കൈലി മുണ്ടും ഷർട്ടുമാണ് അയാളുടെ വേഷം. മുഖം വ്യക്തമല്ല. ഇരുവശവും വെളിച്ചംവീണു കിടക്കുന്ന, ഇരുട്ടു മാറാത്ത തറയിലൂടെ പതിയെ അയാൾ അകത്തേക്ക് അല്പം വേച്ചു നടക്കുന്നു. പിന്നാലേ മറ്റു രണ്ടുപേർ അകത്തേക്ക് കടന്ന് സാവധാനം അയാളുടെ പിന്നാലെ നടക്കുന്നു. അവർ മൂവരേയും ഉൾപ്പെടുത്തി സാവധാനം ദൃശ്യം മുകളിലേക്കുയരുംബോൾ മുറിയുടെ ഉത്തരത്തിൽ കെട്ടികുരുക്കിട്ടിരിക്കുന്ന  മൂന്ന് തൂക്ക് കയറുകൾ കാണാം - ഒന്ന് മുന്നിലും അല്പം പിന്നിൽ ഇരുവശങ്ങളിലുമായി മറ്റുള്ളത് രണ്ടും. ദൃശ്യം മുന്നിലുള്ള തൂക്ക് കയറിൽ കേന്ദ്രീകൃതമാകുംബോൾ അതിനുള്ളിൽ തെളിയുന്ന ടൈറ്റിൽ - ‘സ്വയം’  

കട്ട്

സീൻ 2

പകൽ, നഗര പ്രദേശത്തെ ഒരു ബാർ   (എക്സ്റ്റീരിയർ)

ബാർ എന്നെഴുതിയിട്ടുള്ള ബോർഡ്.

കട്ട്

 

സീൻ 2 A

പകൽ, ബാർ  (ഇന്റീരിയർ)

ലോക്കത്സ് ഇരുന്ന് മദ്യപിക്കുന്ന ഒരു ചെറിയ ഭാഗത്ത് മൂന്നോ നാലോ ടേബിളുകൾ. അങ്ങിങ്ങായി ഇരിക്കുന്ന മദ്യപന്മാർ പലരൂപത്തിലും ഭാവത്തിലും. ടേബിളിലെ വെള്ളം നിറച്ച ബോട്ടിലിനുള്ളിലൂടെ മദ്യപാനം ഹാനികരമാണെന്ന് തെളിയുന്ന കണ്ടന്റ് വ്യക്തമാക്കുന്ന ഇംഗ്ലീഷ് വാക്കുകളിൽ നിന്നും ദൃശ്യം ആരംഭിക്കുന്നു. പശ്ചാത്തലത്തിൽ മദ്യപാനികളുടെ വ്യക്തമല്ലാത്ത സംസാരം കേൾക്കാം. ദൃശ്യം വികസിച്ച് നിൽക്കുന്നത് ഒരു ടേബിളിനെ ഫ്രെയിമിൽ ഒതുക്കി മൂന്നുപേരെ കേന്ദ്രീകരിച്ചാണ്. ടേബിളിൽ കാലിയായ മൂന്നോ നാലോ സോഡാകുപ്പികളും ഒരു നിറ സോഡാകുപ്പിയും ഫുൾ ബോട്ടിൽ വെള്ളവും. അതിനു നടുവിലായി കാലിയാകാറായ അഞ്ഞൂറ് മില്ലിയുടെ റം ബോട്ടിലും. ഒറ്റനോട്ടത്തിൽ ആഢ്യത്തം തോന്നുന്ന മുഖവും നിറവും ശരീരവുമുള്ള, 48 വയസ്സ് പ്രായം തോന്നിക്കുന്ന ഡേവിഡാണ് ഒരു ഭാഗത്ത് ഇരിക്കുന്നത്. അയാളുടെ മുഖത്ത് നരച്ച താടിരോമങ്ങൾ അലസമായി വളർന്നു കിടക്കുന്നു. കണ്ണുകളിൽ നിരാശ. തീരെ മുഷിയാത്ത പാന്റും ഷർട്ടുമാണ് അയാൾ ധരിച്ചിരിക്കുന്നത് ആലോചനയാർന്നമുഖം. ഡേവിഡിനഭിമുഖമിരിക്കുന്നത്  ബാർമേറ്റായ ആന്റപ്പനാണ്.  അംബതിനടുത്ത്  പ്രായം . കൈലി മുണ്ടും ഷർട്ടുമാണ് വേഷം. കഴുത്തിലൊരു കൊന്ത. അയാളും ഒരു സ്ഥിരം മദ്യപാനിയാണെന്ന് കാഴ്ചയിൽ മനസ്സിലാക്കാം. ഇരുവരുടേയും കൈകളിൽ പാതി നിറഞ്ഞ മദ്യ ഗ്ലാസ്. അവരുടെ ഒരു വശത്ത് തീരെ താഴേക്കിടയിലുള്ള സാധാരണക്കാരനും കടുത്ത മദ്യപാനിയുമായ കരുണൻ കസേരയിൽ കുത്തിയിരിക്കുന്നു. കവിളൊട്ടി ശോഷിച്ച ശരീരം. അല്പം കീറിമുഷിഞ്ഞ വസ്ത്രങ്ങൾ. അയാൾ  ബീഡി ചുണ്ടിൽ വെച്ച് കൈയിലുള്ള തീപ്പെട്ടികൊണ്ടു അത് കത്തിക്കാതെ മറ്റിരുവരുടേയും സംസാരം അല്പം ആടിയാടി കേട്ടിരിക്കുന്നു . തന്റെ ആശങ്ക ഡേവിഡിനോട് പറയുന്ന-

ആന്റപ്പൻ :  സാറേ ചൈനേന്നു പണിതുടങ്ങിയതാ. നമ്മുടെ നാട്ടിലും രക്ഷയില്ലാതായി. ഇപ്പോക്ക് പോയാൽ നമ്മുടെ കാര്യം (മദ്യം എന്ന സൂചനയിൽ ഗ്ലാസ്സ്ആട്ടിക്കൊണ്ട്)  കട്ടപ്പയാകും.

ഗ്ലാസ്സിൽ മിച്ചമുണ്ടായിരുന്ന മദ്യം അകത്താക്കി തലകുടഞ്ഞ്,

ഡേവിഡ്  : ആന്റാപ്പാ എല്ലാം അടച്ച് പൂട്ടട്ടെ..എല്ലാം തൊലയണം , നശിക്കണം .

അതുപറഞ്ഞ് ഡേവിഡ് മദ്യകുപ്പിയെടുത്ത് തുറന്നു. നെറ്റി ചുളിച്ച് ഡേവിഡിനെ നോക്കി -

ആന്റപ്പൻ: സാറിന്റയും കാശുള്ളവരുടേയുമൊക്കെ  ഫ്ലാറ്റ് പൊളിച്ചുന്ന് വെച്ച്  എല്ലാരും തൊലയാണന്നോ സാറേ ?.

മദ്യം ഗ്ലാസ്സുകളിൽ പകർത്തുന്നതിനിടയിൽ ഡേവിഡ് ആന്റപ്പനെ  അല്പം രൂക്ഷമായി നോക്കുംബോൾ അയാൾ ഒന്നുപരുങ്ങുന്നു.

ആന്റപ്പൻ : കള്ള് കിട്ടാനില്ലാത്ത കാര്യം ചിന്തിക്കാൻ പറ്റില്ല സാറേ. അതുകൊണ്ട്  പറഞ്ഞതാ.

ഡേവിഡ് അത് ശ്രദ്ധിക്കാതെ ബാക്കി മദ്യം തിരികെ വെക്കുംബോൾ  സംസാരം കേട്ടുകൊണ്ടിരുന്ന കരുണൻ തന്റെ ഗ്ലാസ്സ് ഡേവിഡിന്റെ കയ്യിലിരിക്കുന്ന മദ്യ കുപ്പിക്കരികിലേക്ക് നീട്ടുന്നു. ചോദ്യഭാവത്തിൽ ഡേവിഡ് കരുണനെ നോക്കുന്നു.

കരുണൻ : ഒരെണ്ണം എനിക്കും ഒഴിച്ച് താ.. സാറേ .. ഞാനും കേട്ടോണ്ടിരിക്കുകയല്ലെ ?

ഡേവിഡ് മടിയില്ലാതെ ബാക്കിയുണ്ടായിരുന്ന മദ്യം കരുണന്റെ ഗ്ലാസ്സിൽ ഒഴിക്കുന്നു.

ഡേവിഡ്  :  എന്താ പേര് ?

കരുണൻ  :   കരുണാന്നാ.

ഡേവിഡ് ഗ്ലാസ്സിലൊഴിച്ച് കൊടുത്ത മദ്യം   വെള്ളം ചേർക്കാതെ വിഴുങ്ങി ടേബിളിൽ തെറിച്ച് വീണ് കിടന്നിരുന്ന അച്ചാർ വിരൽ കൊണ്ടെടുത്ത് നക്കി ചിറി തുടച്ച്, തലകുടഞ്ഞ്  അല്പം സന്തോഷത്തോടെ,

കരുണൻ : ദാ ഇതാണ്  സ്നേഹം , കുടിയന്മാരോടു  കൂടിയ സ്നേഹം. (പോക്കറ്റിൽ നിന്നും കാജാ ബീഢിയെടുത്ത് നീട്ടിക്കോണ്ട്)   സാറിനു ബീഢി വേണോ ,ദാ..

ഡേവിഡ് വേണ്ടെന്ന് കാണിക്കുന്നു. ബില്ലുമായി എത്തുന്ന വെയ്റ്റർ ഡേവിഡിന്റെ വശം ടേബിളിൽ ബിൽ പ്ലേറ്റ് വെച്ചുകൊണ്ട്

വെയ്റ്റർ   :  സാറിനു പുതിയ ജോലിയൊന്നുമായില്ലേ ?

ബില്ലു നോക്കി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ട് പ്ലേറ്റിൽ വെച്ചു കൊണ്ട് –

ഡേവിഡ്  :  ബാങ്കിലത്യാവശ്യം ബാലൻസുണ്ടെങ്കിൽ ജോലിക്ക് പോണോന്ന്  നിർബന്ധമുണ്ടോടോ?.

തലചൊറിഞ്ഞ്,
വെയ്റ്റർ : ഞാൻ വെറുതെ ചോദിച്ചെന്നേന്നേയുള്ളു..സാറേ.

നിനക്ക് പോകാം എന്ന വിധം ആംഗ്യം കാട്ടി ഗ്ലാസ്സിലെ മദ്യം അകത്താക്കി ഡേവിഡ് എഴൂന്നേൽക്കുന്നു. ബില്ലുമായി കൌണ്ടറിലേക്ക് പോകുന്ന വെയ്റ്ററിനെ നോക്കി  പിന്നെ ആന്റപ്പനോടായി -  

ഡേവിഡ് : വൈകിട്ടുകാണാം.

ആന്റപ്പൻ കിറുങ്ങി തലയാട്ടുന്നു. ഡേവിഡ് കരുണനെ വെറുതേയൊന്ന് നോക്കുംബോൾ മദ്യം കിട്ടിയതിന്റെ നന്ദിയിൽ കൈകൾ കൂപ്പികൊണ്ട്  ചിരിക്കാൻ ശ്രമിച്ച് അയാൾ ചുണ്ട്  കോട്ടുന്നു. പിന്നെ  ഡേവിഡ് നടന്നകലുന്നത് നോക്കി ബീഡി കത്തിക്കുന്ന അയാളുടെ മുഖം മെല്ലെ ക്രൂരമാകുന്നു. ദൃശ്യം അയാളുടെ തീക്ഷ്ണമായ മുഖം കേന്ദ്രീകരിക്കുംബോൾ പശ്ചാത്തലത്തിൽ ഒരു ആറുവയസ്സുകാരിയുടെ  ദീനസ്വരം മുഴങ്ങുന്നു.

“എനിക്ക് പനിക്കണ്, വിശക്കണ്..അമ്മേ..അമ്മേ..”

സാഡിസ്റ്റിനെപ്പോലെ ക്രൂരതയോടെ ചിരിക്കുന്ന കരുണൻ.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ