ഭാഗം 7
മഹി രാവിലെ പോകാൻ തയാറായി ഇറങ്ങുമ്പോൾ ശാരദയ്ക്ക് പിന്നാലെ ഗംഗയും പുറത്തേക്ക് വന്നു...
"ഡാ ഇവള് വെളുപ്പിനെ എണീറ്റ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്ച്ചോറാ, കളയാതെ മുഴുവനും കഴിച്ചോണം..."
"നിനക്ക് പാചകമൊക്കെ അറിയാമോടി...?"
"പോടാ പോടാ കളിയാക്കാതെ, അത്യാവശ്യം എല്ലാം എനിക്ക് ഉണ്ടാക്കാൻ അറിയാം..."
ഗംഗ ഗർവ്വോടെ അവനെ നോക്കി പുരികം വിറപ്പിച്ചു... ചിരി പാസാക്കി അവൻ പോയതും ശാരദയോട് പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി... പതിവില്ലാതെ കുർത്തിയും മുട്ടറ്റം നീളമുള്ള പാന്റുമാണ് വേഷം...
"ചേച്ചി..."
വേലിക്കപ്പുറത്ത് നാലഞ്ച് പീക്കിരി പിള്ളേരെ കണ്ടതും അവൾ കൈകാണിച്ചു...
"ഡാ ഹിപ്പി ഞാൻ വന്നെന്ന് നീയൊക്കെ എങ്ങനെ അറിഞ്ഞെടാ...
ഹിപ്പിയെന്ന് പേരുള്ള വയറുന്തിയവൻ കുലുങ്ങിചിരിച്ചു... മഹിയെ കാണാൻ വരുമ്പോൾ അവൾക്ക് നാട് ചുറ്റാൻ ഹിപ്പിയും കൂട്ടരുമാണ് എപ്പോഴും വരാറുള്ളത്...
"ഇന്നലെ ചേച്ചി ചേട്ടന്റെ കൂടെ പോവുന്നത് ഞങ്ങള് കണ്ടാരുന്നു."
അവർക്കൊപ്പം തൊടിന്റെ കരയിലൂടെ പോകുമ്പോൾ ചൂണ്ടയിടാനിരിക്കുന്ന പരിചയമുള്ള പിള്ളേരൊക്കെ അവളെ നോക്കി ചിരിച്ചു...
"ചേച്ചി ഒരു അവതാരം വന്നിട്ടുണ്ട് നാട്ടില്, അർദ്ധ രാത്രിക്ക് കുടപിടിക്കുന്ന അല്പൻ പാർട്ടി നേതാവ് ദാമോദരന്റെ മൂത്ത മകൻ അനന്തൻ..."
തൊടിന്റെ കരയിലൂടെ അവർ സംസാരിച്ചങ്ങനെ പോകുമ്പോൾ ഹിപ്പിയാണ് കണ്ടത് ക്യാമറയും തൂക്കി പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന അനന്തനെ... ഷോർട്സാണ് വേഷം... കഴുത്തിൽ കാനോണിന്റെ ലേറ്റസ്റ്റ് മോഡൽ ക്യാമറ... ഇടയ്ക്കിടെ കാലുകൾ വിറപ്പിച്ചു നടക്കുന്നത് കണ്ടാൽ എന്തോ രോഗമുണ്ടെന്ന് തോന്നും... ഗംഗയ്ക്ക് ചെറിയ കുസൃതി തോന്നി, അവൾ ഹിപ്പിയെ അടുത്തു വിളിച്ച് രഹസ്യം പറഞ്ഞു...
പാടത്തിന്റെ നടുവിൽ ചുറ്റും നോക്കിക്കൊണ്ട് നടന്ന അനന്തൻ ഇടയ്ക്ക് സ്വയം എന്തൊക്കയോ പറയുന്നുണ്ട്...
"എന്തൊരു കൺഡ്രിയാണ്, കാണാനൊരു ഭംഗിയുമില്ല. പാടത്തു പാരറ്റ് വരുമെന്ന് പറഞ്ഞിട്ട് എവിടെ...? ബുൾഷിറ്റ്..."
"എക്സ്ക്യൂസ്മി ഗിവ് മി എ വേ..."
തന്റെ പിന്നിൽ വന്നു നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവളുടെ വായിൽ നിന്ന് ഇംഗ്ലീഷ് കേട്ടതും അവന്റെ മുഖം ആയിരം വാട്ട് ബൾബ് പ്രകാശിച്ചത് പോലെയായി...
"ഓ ഗോഡ്... ഇംഗ്ലീഷ് അറിയാവുന്ന ഒരാളെങ്കിലും ഈ നാട്ടിൽ ഉണ്ടല്ലോ..."
"അണ്ണാ ഇച്ചിരെ വഴി തരാവോ...?"
അവള് പെട്ടന്ന് തനി മലയാളത്തിലേക്ക് കയറിയതും അവന്റെ മുഖത്തെ ആയിരം വാട്ട് കെട്ടു... ബ്ലഡി ഗ്രാമവാസി... എന്നാലും അവളുടെ ഡ്രെസ്സും രൂപവും കണ്ടിട്ട് മോഡേൺ ആണെന്ന് തോന്നി...
"കുട്ടി ഇങ്ങനെ ലോക്കൽ ലാംഗ്വേജ് സംസാരിച്ചു കൺഡ്രി ആവാതെ ഇംഗ്ലീഷ് സംസാരിക്ക്... ക്രീയേറ്റ് യുവർ ഓൺ പെഴ്സണാലിറ്റി..."
"നിങ്ങളെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ... എന്താ പേര്?"
"അനന്ത്, ഞാൻ ഈ നാട്ടിൽ ജനിച്ച അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരാളാണ്... യൂ നോ ഐ ആം എ ബിസ്സിനസ്സ് മാൻ... മില്യൻസ് കൈകാര്യം ചെയ്യുന്ന ഞാൻ ഇടയ്ക്കിങ്ങനെ വന്നിട്ട് പോകും... ടൈം പാസ്സ്... ബൈ ദ ബൈ ഇവിടെ പാരറ്റ് ഉണ്ടെന്ന് കേട്ട് ഫോട്ടോ എടുക്കാൻ വന്നതാ പക്ഷെ കണ്ടില്ല...".
"വാ ഞാൻ കാണിച്ചു തരാം ഇവിടെ അടുത്തുണ്ട്..."
ഗംഗാ അവനേയും കൂട്ടി പുഴക്കരയിലേക്കുള്ള വഴിയിലേക്ക് നടന്നുകയറി... അനന്തൻ അമേരിക്കൻ വിശേങ്ങൾ പറഞ്ഞ് അവൾക്ക് പിന്നാലെയുണ്ട്... കുറച്ചു മുന്നോട്ട് പോയതും പുഴക്കരയിൽ ഇലഞ്ഞിമരത്തിലിരിക്കുന്ന തത്തമ്മയെ അവൾ കാണിച്ചു കൊടുത്തു... ഫോക്കസ് നോക്കി കരയിലൂടെ പാറപ്പുറത്തേക്ക് കയറിയ അവൻ കാൽ വഴുതി വെള്ളത്തിലേക്ക് വീണതും ഗംഗാ പൊട്ടിച്ചിരിച്ചു...
വെള്ളത്തിനടിയിലൂടെ വന്ന ഹിപ്പി അവന്റെ കാലിൽ പിടിച്ചു വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി...
"ഹെല്പ് മീ... ഹെല്പ് മീ മൈ ഫ്രണ്ട്..."
രണ്ട് മിനിറ്റ് കഴിഞ്ഞ് വെള്ളത്തിനു മുകളിൽ പൊങ്ങിവന്ന അവൻ ഗംഗയും അവൾക്കൊപ്പം നിന്ന് ചിരിക്കുന്ന കുട്ടികളേയും കണ്ടപ്പോഴാണ് അവർ തന്നെ വെള്ളത്തിലേക്ക് വീഴ്ത്തിയതാണെന്ന് മനസ്സിലായത്...
"യൂ ബ്ലഡി..."
"പോടാ അല്പാ... ജാടെ... സായിപ്പിന്റെ മോനെ..."
എല്ലാവരും ഒന്നിച്ചു വിളിച്ചുകൊണ്ട് തിരികെ ഓടി, അവനെ നോക്കി ചിരിച്ചുകൊണ്ട് ഗംഗയും...
ഉച്ചക്കലത്തെ ക്ലാസ്സ് കഴിഞ്ഞ് കഴിച്ചിട്ട് പാറമടയിലേക്ക് പോകാമെന്ന് കരുതി കഴിക്കാൻ മറച്ചുവട്ടിൽ കണ്ട സിമന്റ് ബെഞ്ചിലേക്ക് ഇരുന്നപ്പോഴാണ് ദക്ഷയെ കണ്ടത് പിന്നിൽ മഞ്ജു...
"കഴിക്കാറായോ...?"
"കഴിച്ചിട്ട് പോകാമെന്ന് കരുതി, നിങ്ങള് കഴിച്ചോ...?"
രണ്ടാളും കഴിച്ചതാണ്, ഗംഗയുടെ കൈപ്പുണ്യം അറിയട്ടെ എന്ന് കരുതി പാത്രത്തിന്റെ അടപ്പിൽ കുറച്ച് നെയ്ചോറ് എടുത്ത് അവൾക്ക് നേരെ നീട്ടി... ദക്ഷ അത് വാങ്ങിച്ചു വായിൽ വച്ചു ചവച്ചു കൊള്ളാം നല്ല സ്വാദ്...
"ആ കുട്ടി മഹിയുടെ ആരാണെന്നാ പറഞ്ഞത്...?"
"അമ്മാവന്റെ മോളാ നാട്ടിൽ കോളേജിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ടാക്കി ഇങ്ങോട്ട് വണ്ടി കയറിയതാ... ആള് നമ്മള് വിചാരിക്കുന്ന പുള്ളിയല്ല."
അത് ദക്ഷയ്ക്കും തോന്നിയിരുന്നു.
"അല്ല മഹി താൻ എന്നെ കുറെ നാളായി അന്വേഷിച്ചു നടക്കുകയായിരുന്നോ ആ ഗംഗാ പറഞ്ഞു കേട്ടു..."
"ഞാൻ അന്വേഷിച്ചു നടക്കുന്ന പെൺകുട്ടി താനാണോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ എന്റെ സ്വപ്നങ്ങളിൽ എന്നും വന്നപോകുന്ന ഈ മുഖം ഇത്ര അടുത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല സത്യം..."
"വാടി പോകാം..."
മഞ്ജു പൗരുഷമായി അവളെ വിളിച്ചു... ക്ലാസ്സ് തുടങ്ങാൻ സമയമായി... പോകാൻ തിരിഞ്ഞെങ്കിലും മഹിയോട് ഒന്നും പറഞ്ഞില്ലല്ലോ, സ്വപ്നത്തിൽ എന്നെ കണ്ടതല്ലേ... പക്ഷെ മഞ്ജു ഒന്നിനും സമ്മതിച്ചില്ല.
"ഡീ നീയിത് എങ്ങോട്ടാ പോകുന്നത്... അവനെ വെട്ടിയരിയാൻ കാട്ടിക്കൊടുത്തത് നീയാണെന്ന് അവനറിയാമൊ... അറിഞ്ഞാൽ എന്താവും സംഭവിക്കുക എന്ന് വല്ല നിശ്ചയമുണ്ടോ...? മതി ഇനി ഒന്നും വേണ്ടാ..."
ദക്ഷ പെട്ടന്ന് നിന്നുപോയി... അതേ അന്ന് അവനെ വെട്ടിയരിയാൻ പറഞ്ഞത് ഞാനാണ്... പക്ഷെ ഇപ്പോൾ...?
(തുടരും)