3 ജൂലൈ - രാപ്പാടി പാടുമ്പോൾ
അടുത്ത രാത്രിയിൽ അവൾ വീണ്ടും വരുമോ എന്ന് അവർക്കു സംശയമുണ്ടായിരുന്നു. മോഷണത്തിനു മുമ്പേ പിടിക്കപ്പെട്ടതുകൊണ്ട് തന്ത്രപരമായി അവൾ രക്ഷപെട്ടതല്ലേ എന്ന് അവർ ചിന്തിക്കാതിരുന്നില്ല. എങ്കിലും മറക്കാനാവാത്ത ഒരനുഭവമായി അവരതു പകൽ മുഴുവൻ കൊണ്ടുനടന്നു. അതിന്റെ ആകസ്മികത്വം, സംഭവങ്ങളുടെ അനുവർത്തനം, റിഹേഴ്സൽ ചെയ്ത ഒരു നാടകത്തിന്റെ പെർഫെക്ഷൻ, ഒക്കെയും അവരുടെ ചർച്ചയ്‌ക്കുള്ള വിഷയങ്ങളായിത്തീർന്നിരുന്നു.
"അവൾക്കു മോഷ്ടിക്കാൻ കഴിയുമെന്നെനിക്കു തോന്നുന്നില്ല, പാവം... പ്രാരാബ്ധം കാരണമായിരിക്കും", ഭവനഭേദനക്കാരിയെ ന്യായീകരിക്കുന്നതു വരെ എത്തി അയാളുടെ ഭാര്യയുടെ ചിന്തകൾ.
പതിവുപോലെ അത്താഴവും, ടെലിവിഷനിലെ രാത്രി വാർത്തയും കണ്ട ശേഷം അവർ ഉറങ്ങാൻ പോയി. അവൾ വന്നാൽ എന്തു സംസാരിക്കണം എന്നും, അവളെപ്പറ്റി എന്തൊക്കെ ചോദിച്ചറിയണം എന്നുമൊക്കെ അവർ ചർച്ച ചെയ്തു കിടന്നു. പാതിരാവായിട്ടും രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. പോരെങ്കിൽ വീടിന്റെ മുന്നിലുള്ള കതകു പൂട്ടാത്തതിനാൽ പുതിയ കള്ളന്മാർ ആരെങ്കിലും കടന്നു കയറുമോ എന്നും അവർ ആശങ്കപ്പെട്ടിരുന്നു. മേശപ്പുറത്തെ ടൈംപീസിൽ പന്ത്രണ്ടു ആയപ്പോൾ മുൻഭാഗത്തെ കതകു തുറക്കുന്ന ശബ്ദം കേട്ടു.
കൈയിൽ മനോഹരമായ ഒരു ചെറിയ പൂച്ചെണ്ടുമായി അവൾ ബെഡ്റൂമിനു പുറത്തു കാത്തു നിന്നു. പകുതി ചാരിയ കതകിൽ ചെറുതായി മുട്ടി. അയാൾക്കു മുൻപേ, അയാളുടെ ഭാര്യ എഴുന്നേറ്റു ചെന്നു കതകു തുറന്നു. ലിവിങ് റൂമിൽ നിന്നും ചാഞ്ഞു വീണ പ്രകാശധാരയിൽ, അയഞ്ഞ കാഷ്വൽ വസ്ത്രങ്ങളിൽ അവൾ സുന്ദരിയായി ചിരിച്ചു നിന്നു.
"ങാ, വന്നല്ലോ!" അവർ ആശ്വാസത്തോടെ പറഞ്ഞു.
"വരാതിരിക്കുന്നതെങ്ങനെ?", പൂക്കൾ നീട്ടിക്കൊണ്ടവൾ പറഞ്ഞു. പിന്നെന്തു പറയണമെന്നവൾക്കറിയില്ലായിരുന്നു.
അപ്പോളേക്കും അയാളും എത്തിയിരുന്നു. "വാ കുട്ടി, നമുക്കിരിക്കാം." അയാൾ ലിവിങ് റൂമിലെ സോഫായിലമർന്നു.
"കാപ്പിയിടട്ടെ... ഞാൻ?" അവൾ ചോദിച്ചു.
"രാത്രിയിൽ കാപ്പി പതിവില്ല. ഇന്നലെ പക്ഷെ പതിവു തെറ്റിച്ചതു നന്നായി, നല്ല അസ്സലു കാപ്പിയായിരുന്നു. അപ്പോൾ ഇന്നും അതാവാം, അല്ലെ? അയാൾ നരച്ച മുടി വിരലുകൾ കൊണ്ടു പിന്നിലോട്ടു കൊതിക്കൊണ്ടു പറഞ്ഞു.
അവൾ സന്തോഷത്തോടെ അടുക്കളയിലേക്കു പോയി. അവൾ കൊണ്ടുവന്ന പൂക്കൾ അയാളുടെ ഭാര്യ പുഷ്പപാത്രത്തിൽ ഒരുക്കി വച്ച ശേഷം അവളെ പിന്തുടർന്നു.
"പുള്ളിക്കാരനു മധുരം വേണ്ട", അവർ ഓർമ്മിപ്പിച്ചു.
തിരിഞ്ഞു നോക്കിക്കൊണ്ടവൾ പറഞ്ഞു, "അറിയാം, എന്തെ ഡയബെറ്റിക് ആണോ?"
"ഷുഗറൊന്നുമില്ല, പക്ഷെ പഴയൊരു സംഭവത്തിനു ശേഷം കുമാർ മധുരം കഴിച്ചിട്ടില്ല. ഞങ്ങളുടെ ജീവിതത്തിലെ മധുരം നഷ്ടപ്പെട്ടിട്ട് ഇന്നലെ രാത്രിയിൽ ഇരുപതു വർഷം തികഞ്ഞു."
'ഏതു സംഭവം?' എന്നവൾക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പകരം അവൾ ഇങ്ങനെ ചോദിച്ചു. "അടുക്കളക്കതകിന്റെ കൊളുത്തു ശരിയാക്കിയോ?"
അപ്പോളേക്കും കുമാർ അടുക്കളയിൽ എത്തിയിരുന്നു. ചെറിയ ഡൈനിങ്ങ് ടേബിളിനു ചുറ്റും ഇരുന്നുകൊണ്ട് അവർ കാപ്പി കുടിക്കെ അവൾ പറഞ്ഞു.
"അങ്കിൾ, ആരെങ്കിലും ഇത്രയ്ക്കു ബലം കുറഞ്ഞ ഓടാമ്പൽ കതകിനു ഫിറ്റ് ചെയ്യുമോ?"
"നീ എന്നെകിലും വരുമെന്നറിയാമായിരുന്നു. നിന്റെ ബുദ്ധിമുട്ടു കുറയ്ക്കാനായിരുന്നു." ചിരിച്ചുകൊണ്ടായാൾ പറഞ്ഞു. "ഇനി നമുക്കു അടുക്കളയുടെ കതകു നല്ല സ്ട്രോങ്ങ് ആക്കളയാം, അല്ലെ സുഭദ്രെ?" അയാൾ ഭാര്യയെ നോക്കി കണ്ണിറുക്കി.
"അതുപോട്ടെ, നീ പകൽ മോഷണത്തിനു പോവുമോ?" അയാൾ വിഷയം മാറ്റി.
"എനിക്കിഷ്ടം പകലത്തെ പണിയാ. റിസ്ക് കുറവാ. അതുകൊണ്ടു തന്നെ കയ്യിൽ തടയുന്നതും കുറവാണ്. അത്യാവശ്യം ജീവിച്ചുപോകാൻ പറ്റും. പിള്ളേഴ്സിന്റെ ഒരു ഗാങ് ഉണ്ട്. എല്ലാവരും കൂടി പ്ലാൻ ചെയ്തു എക്സിക്യൂട്ട് ചെയ്യും. ഭയങ്കര രസമാണ്. ഇന്നലെ രാത്രിയിലെ മോഷണശ്രമം പൊളിഞ്ഞതോടെ, പപ്പ അതു സ്റ്റോപ്പു ചെയ്തു. പപ്പ പറയുന്നത്, രാത്രി മോഷണത്തിനു എന്നെ കൊള്ളില്ല എന്നാണ്. ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപെട്ടതെന്നാ പപ്പ പറഞ്ഞത്."
"അല്ല മോളെ, ഒന്നു ചോദിച്ചോട്ടെ? നിങ്ങൾക്കു കുടുംബമായി മോഷണമാണോ പണി?" സുഭദ്ര ചോദിച്ചു.
"കുടുംബമോ? അങ്ങനെയൊന്നില്ല, പിന്നെ... ജീവിതത്തിൽ ആദ്യമായിട്ടാ പാപ്പാ അല്ലാതെ മറ്റൊരാൾ എന്നെ മോളേ എന്നു വിളിക്കുന്നത്." അവൾക്കു തൊണ്ടയിടറി. "ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല."
"പിന്നെ... അതെന്റെ പപ്പായൊന്നുമല്ല, പക്ഷെ പപ്പയെപ്പോലെയാ. അല്ല പപ്പാ തന്നെയാണ്. എനിക്കതറിയാമെന്നു പക്ഷെ പാപ്പായ്ക്കറിയില്ല. ഞങ്ങടെ കൂട്ടത്തിലെ ഒരു തള്ളയാണ് എന്നോടതു പറഞ്ഞത്; അതെന്റെ ശരിക്കുള്ള പാപ്പാ അല്ല എന്ന്."
ദൂരെ എവിടെയോ ഒരു രാപ്പാടി നീട്ടി വിളിച്ചു. അല്പ സമയത്തിനു ശേഷം മറ്റെവിടെയോനിന്നു മറ്റൊന്നു മറുപടി കൊടുത്തു.
"എവിടെങ്കിലും ഒരു ചെറിയ പണികിട്ടിയാൽ ആന്റി, അന്നു ഞാനിതു നിറുത്തും. സ്വന്തമായിട്ട് അഡ്രസ് പോലുമില്ലാതെങ്ങനാ കൊള്ളാവുന്നൊരു ജോലി കിട്ടുന്നത്!"
"നിന്റെ പപ്പ നിന്നെ എന്താ വിളിക്കുന്നത്?" അയാൾ വിഷയം മാറ്റി.
"ജൂലൈ, സ്കൂളിലും അതായിരുന്നു പേര്. പക്ഷെ 'കള്ളി' എന്നായിരുന്നു ഞാൻ കേൾക്കാതെ എല്ലാവരും വിളിച്ചിരുന്നത്. ഒരിക്കൽ അടുത്ത ക്ലാസിലെ ഒരുത്തൻ എന്നെ കള്ളീന്നു വിളിച്ചു. അന്ന് ഞാനവന്റെ മൂക്കിടിച്ചു പരത്തി. പിന്നീടാരും അങ്ങനെ കേൾക്കെ വിളിച്ചിട്ടില്ല."
"അപ്പൊ ഇനി ജൂലിയെ ഓർക്കാതെങ്ങാനും കള്ളീന്നു വിളിച്ചാൽ, മൂക്കിടിച്ചു പരത്തിക്കളയുമല്ലോ സുഭദ്രെ. സൂക്ഷിച്ചു വേണം ഈ സാധനം കൈകാര്യം ചെയ്യേണ്ടതെന്നു സാരം." കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ തിരുത്തി, "ജൂലിയല്ല, ജൂലൈ. ഒരു ജൂലൈ മാസത്തിലാണ് പപ്പായ്ക്ക് എന്നെ കിട്ടിയത്. അതുകൊണ്ടു പപ്പാ എന്നെ ജൂലൈ എന്നു വിളിച്ചു തുടങ്ങി. രാത്രിമോഷണത്തിന്റെ ഹരിശ്രീ കുറിച്ചത് ഇന്നലെയായിരുന്നു. റിസ്ക് കുറവായതുകൊണ്ടാണ് പപ്പാ സമ്മതിച്ചത്. അത് അങ്കിൾ പൊളിച്ചു തരികയും ചെയ്തു. കള്ളൻ... വെളുപ്പാം കാലത്തു കാപ്പി വേണമെന്ന്... കള്ളനു കഞ്ഞി വച്ച ആളാ അങ്കിൾ." അവൾ പൊട്ടിച്ചിരിച്ചു.
കുമാറും സുഭദ്രയും അവളുടെ ചിരിയിൽ പങ്കു ചേർന്നു.