4 മധുവുണ്ടോ നിലാവേ?
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
"അങ്കിളും ആന്റിയും ഇല്ലയോ എന്നാണു ഞാൻ ചോദിച്ചത്" അവൾ കൃത്രിമമായ ക്ഷോഭം നടിച്ചു.
അവൾ നൽകിയ പൂക്കൾ മണത്തുകൊണ്ടു അവൻ പറഞ്ഞു, "ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരി എനിക്കു പൂക്കൾ തരുന്നത്. എത്രയോ സുന്ദരികളുടെ പുറകെ ഞാൻ പൂവും കൊണ്ട് പോയതാണ്. എത്ര വാലെന്റൈൻസ് ഡേ കളാണ് ദൈവമേ പാഴായിപ്പോയത്!" അവളെ ശ്രദ്ധിക്കാതെ അവൻ പൂക്കളും നോക്കി നിന്നു.
"എഡോ തന്റെ അടുത്താ ചോദിച്ചത്. ചെവി ശരിക്കു കേൾക്കില്ലായിരിക്കും!"
"ഇതിനാണ് ഇന്ദ്രജാലം എന്ന് പറയുന്നത്. എന്റെ പേഴ്സും അടിച്ചോണ്ടു പോയവൾ, പൂക്കളുമായി എന്റെ മുന്നിൽ വരുന്നു. അതെനിക്കു നൽകുന്നു. ഇനിയും എന്നെ ഇഷ്ടമാണെന്നൊന്നും പറഞ്ഞേക്കരുത്. സോറി, തൽക്കാലം ഞാൻ വളരെ ബിസിയാണ്."
ജാള്യതയോടെ ജൂലൈ, "അതു ഞാനൊന്നുമല്ല, വേറാരെങ്കിലുമായിരിക്കും"
"ഏത്?" അവൻ വിടാനുള്ള ഭാവത്തിലായിരുന്നില്ല.
ജൂലൈ: "നിങ്ങളുടെ പേഴ്‌സ് മോഷ്ടിച്ചത്"
അവൻ: "അതു ശരി, അപ്പോൾ അതു കൃത്യമായിട്ടറിയാം. പോട്ടെ എനിക്കിഷ്ടമായി. ആ പേഴ്സസിൽ എന്റെ ഹൃദയം ഉണ്ടായിരുന്നു. അതും കൊണ്ടാണ് നീ ഓടിയത്. അതു നീ എന്തു ചെയ്തു?"
ജൂലൈ: "ഞാൻ പറഞ്ഞില്ലേ, അതു ഞാനല്ലെന്ന്."
പുറത്തെ ഗേറ്റു തുറന്നു കുമാറും, സുഭദ്രയും കയറി വന്നതോടെ പൂമുഖത്തെ തർക്കം അവസാനിച്ചു.
"അല്ല ഇതാര്, ജൂലൈ എപ്പോൾ വന്നു?", കുമാർ ചോദിച്ചു. "സുഭദ്രയ്ക്കൊരു ചെക്കപ്പ് ഉണ്ടായിരുന്നു."
"രമേശാ... വരാൻ ഇത്തിരി വൈകിപ്പോയി" കുമാർ നടന്നു പൂമുഖത്തെത്തി.
"അടുക്കളയുടെ കതകു നന്നാക്കാൻ വന്നതാണ് രമേശൻ. ശനിയാഴ്ച ആയതുകൊണ്ടു രമേശനെ കിട്ടി. അത് പോകട്ടെ, നിങ്ങൾ വളരെ കാര്യമായി സംസാരിക്കുന്നതു കണ്ടു. പരിചയക്കാരാണോ?" കുമാർ ജൂലൈയോടു ചോദിച്ചു.
"ആണോ എന്നോ? ഞങ്ങൾ പണ്ടേ പരിചയക്കാരാ അങ്കിൾ. ചില കൊടുക്കൽ വാങ്ങലുകൾ വരെ ഉണ്ടായിരുന്നു. എന്തായാലും പേരെനിക്കിഷ്ടപ്പെട്ടു. ജൂലൈ! അപ്പോൾ അടുത്ത മാസം പേര് വീണ്ടും മാറുമായിരിക്കും!" രമേശൻ അർദ്ധോക്തിയിൽ അവളെ നോക്കി.
"അങ്കിൾ, നിങ്ങൾക്കു തരാൻ കൊണ്ടുവന്ന ഫ്‌ളവേര്ഴ്സ് ആണ്, ഇയാൾ ഇത് വാങ്ങിച്ചു കളഞ്ഞു." ജൂലൈ പരിഭവത്തോടെ പറഞ്ഞു.
"അതു നന്നായി, രമേശനെ ഒന്നാദരിക്കണം എന്നു കരുതിയിരിക്കുകയായിരുന്നു. ഇവിടുത്തെ സർവ്വ മരാമത്തു പണികളും ചെയ്യുന്നതും, ചെയ്യിക്കുന്നതും രമേശനാണ്." കുമാർ പ്രതികരിച്ചു.
കുമാറും സുഭദ്രയും ഉള്ളിലേക്കു പോയികഴിഞ്ഞപ്പോൾ രമേശൻ അവളോട് ചോദിച്ചു, "അപ്പോൾ എന്റെ പേഴ്‌സ് എപ്പോൾ തരുമെന്നാ പറഞ്ഞത്?"
"നാണമില്ലല്ലോ തനിക്ക്. ഇതുപോലെ കീറിപ്പൊളിഞ്ഞ ഒരു പേഴ്‌സ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. ഞാനതു അപ്പഴേ കളഞ്ഞു. തനിക്കു ഞാനൊരു പുതിയ പേഴ്‌സ് വാങ്ങിത്തരാം. എന്താ..." ജൂലൈ പറഞ്ഞു.
രമേശൻ: "പുതിയതു വാങ്ങാനുള്ള പണം ഞാൻ തരാം. എനിക്കാ പഴയതു എങ്ങനേലും തിരികെത്തരാമോ? അതിലെന്റെ ഹൃദയമുണ്ടായിരുന്നു എന്നു ഞാൻ വെറുതെ പറഞ്ഞതല്ല. തനിക്കതു പറഞ്ഞാൽ മനസ്സിലാകില്ല. പ്ളീസ്..."
ജൂലൈ: "അതെന്താ എനിക്കു മനസ്സിലാകാത്തത്? താൻ കാര്യം പറഞ്ഞാട്ടെ."
രമേശൻ: "ഞാൻ പറയാനുള്ളതു പറഞ്ഞു. ഞാൻ ചോദിച്ചത്, അതിലുണ്ടായിരുന്ന പണമല്ല. പണത്തേക്കാൾ വലുതാണ് എനിക്കാ പഴയ പേഴ്‌സ്. അതിനു ജൂലൈയെക്കാൾ പ്രായം കാണും. കുറച്ചു സെന്റിമെന്റൽ അറ്റാച്ച്മെന്റ് ഉണ്ടെന്നു കൂട്ടിക്കോ."
വസ്ത്രം മാറി തിരികെവന്ന കുമാർ രമേശനോടായി പറഞ്ഞു. "സോറി രമേശാ, ഇന്നു വൈകുന്നതിനു മുമ്പു പണി തീരുമോ?
രമേശൻ: "അങ്കിൾ പേടിക്കണ്ട. അതു ഞാൻ ഇപ്പോൾത്തന്നെ ശരിയാക്കിയേക്കാം. ഞാനിതൊന്നു ആന്റിയെ ഏൽപ്പിക്കട്ടെ."
"അതിനു താൻ ബുദ്ധിമുട്ടണ്ട" എന്നു പറഞ്ഞുകൊണ്ട് ജൂലൈ അയാളുടെ കൈയിൽ നിന്നും പൂക്കൾ തട്ടിപ്പറിച്ചുകൊണ്ടു അകത്തേക്കോടിപ്പോയി.
(തുടരും)