(V Suresan)
ഇത് ഡോങ്കിസിറ്റിയിലെ സി.ഐ.ഡി മാരുടെ കഥയാണ്. അവിടെ സര്‍ക്കാരിന്റെ പോലീസ് സംവിധാനമുണ്ടെങ്കിലും കുറ്റവാളികളെ പിടിക്കുന്ന കാര്യത്തില്‍ സ്വകാര്യ കുറ്റാന്വേഷകരും തുല്യ പങ്കുവഹിക്കുന്നുണ്ട്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയല്ലോ. സി.ഐ.ഡി വിക്രമും സഹായി അക്രമും അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന അന്വേഷകരാണ്. സിറ്റിയിലെ മറ്റു സി.ഐ.ഡിമാര്‍ മോങ്കി, ബില്ലു, ജന്റു എന്നിവരാണ്. ഒപ്പം ഫ്രോഗി എന്ന വനിതാ സി.ഐ.ഡിയുമുണ്ട്.
ആരും ഞെട്ടരുത്... സ്ഫോടനാത്മകമായ രംഗങ്ങളാണ് ഇനിയുള്ളത്. സി ഐ ഡി മാർ വീണ്ടും ഡോങ്കി സിറ്റിയിൽ എത്തിയിരിക്കുന്നു. ഏതു വിധത്തിലും ജനജീവിതം സുരക്ഷിതമാക്കുക എന്നതുമാത്രമാണ് അവരുടെ ജീവിത ലക്‌ഷ്യം.
1 ജന്റുവും ഫ്രോഗിയും
ഡോങ്കിസിറ്റിയില്‍ സ്‌ഫോടനം നടത്താന്‍ ഭീകരന്മാര്‍ പദ്ധതിയിട്ടിരിക്കുന്നു. രഹസ്യാന്വേഷണവിഭാഗത്തിന് ഈ വിവരം ലഭിച്ചതോടെ പോലീസ്‌സേന അന്വേഷണം ഊര്‍ജ്ജിതമാക്കി. നഗരത്തിലെ സി.ഐ.ഡി കള്‍ക്കും ഈ വിവരം ചോര്‍ന്നു കിട്ടി.
സിറ്റിയിലെ മറ്റൊരു സി.ഐ.ഡി ജോഡികളാണ് ജന്റുവും ഫ്രോഗിയും. ജന്റുവിന്റെ ശരീര പ്രകൃതം കണ്ടാല്‍ത്തന്നെയറിയാം, ആളൊരു ഭക്ഷണപ്രിയനാണെന്ന്. തടിച്ചുകൊഴുത്തുരുണ്ട രൂപം! കൂടെയുള്ള ഫ്രോഗി സിറ്റിയിലെ ഏക വനിതാ സി.ഐ.ഡിയാണ്. അവള്‍ക്ക് കുട്ടികളുടെ പ്രകൃതമാണ്.
ഫ്രോഗി ബസ്സ്റ്റാന്റില്‍ നിന്നപ്പോഴാണ് അതു കണ്ടത്. ആളില്ലാതെ ഒരു പാക്കറ്റ് സിമന്റ്ബഞ്ചിലിരിക്കുന്നു. ആ ചുവന്ന പാക്കറ്റ് കാണുമ്പോഴേ ഒരു അപകടസൂചന! ജീന്‍സ് ധരിച്ച ഒരു സ്ത്രീയാണ് ആ ബഞ്ചിലിരുന്നത്. അവരെ കണ്ടപ്പോഴേ ഫ്രോഗിക്ക് സംശയം തോന്നിയതാണ്. ഒരു അന്യദേശക്കാരിയെപ്പോലുള്ള വേഷവിധാനം. പക്ഷേ ഇപ്പോള്‍ അവരെ കാണുന്നില്ല. ബഞ്ചില്‍ റെഡ് പാക്കറ്റ് മാത്രം. പിന്നെ താമസിച്ചില്ല. ഫ്രോഗി, ജന്റുവിനെ ഫോണ്‍ വിളിച്ചു. 'സംശയാസ്പദമായ നിലയില്‍ ഒരു പാക്കറ്റ് ബസ്സ്റ്റാന്റില്‍ കാണുന്നു. ഉടന്‍ എത്തുക.'
ജന്റു തന്റെ ജീപ്പില്‍ പറന്നെത്തി. കോഴിത്തലയുള്ള ജീപ്പാണ് ജന്റുവിന്റേത്. തയലില്‍ ഹെല്‍മറ്റുമായി ജന്റു ജീപ്പില്‍ നിന്നു ചാടിയിറങ്ങി. കണ്ടു നിന്ന ചിലര്‍ക്കു സംശയം - 'ഇപ്പോള്‍ ജീപ്പ് ഓടിക്കുന്നവരും ഹെല്‍മറ്റു ധരിക്കണമെന്നു നിയമം വന്നോ?' എന്നാല്‍ ജന്റു ഹെല്‍മറ്റുവച്ചത് സ്‌ഫോടനത്തില്‍ നിന്നുള്ള ഒരു മുന്‍കരുതലായാണ്.
ഫ്രോഗി യാത്രക്കാരോടായി വിളിച്ചു പറഞ്ഞു. 'എല്ലാവരും ഓടിക്കോ - അപകടം - അപകടം.'
അവിടെ ആകെ എട്ടുപത്തുയാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. അവര്‍ നോക്കുമ്പോള്‍, ജീപ്പില്‍ നിന്ന് ഹെല്‍മറ്റുവച്ച ഒരു തടിമാടന്‍ ഓടി വരുന്നതാണ് കണ്ടത്. അതാണ് അപകടമെന്നാണ് ചിലര്‍ ധരിച്ചത്. എന്തായാലും യാത്രക്കാര്‍ പേടിച്ച് ദൂരേയ്ക്കുമാറി. പെട്ടെന്ന് ഒരു കാര്‍ പാഞ്ഞുവന്ന് ബസ് സ്റ്റാന്റിനു മുമ്പില്‍ നിന്നു. ആ കാറിലെ ആനത്തല കണ്ടപ്പോഴേ ജന്റുവിനും ഫ്രോഗിക്കും മനസ്സിലായി, അത് വിക്രമാക്രമന്മാരുടെ കാറാണെന്ന്.
'അവര്‍ ഈ ബോംബിന്റെ വിവരം അറിഞ്ഞുവന്നതായിരിക്കും. അതിനു മുമ്പ് നമുക്കിവിടെ വിജയിക്കണം.'
ജന്റു ബഞ്ചിലെ പാക്കറ്റിനടുത്തേയ്ക്ക് നീങ്ങി. ഒരു വടി കൊണ്ട് പാക്കറ്റ് തട്ടി താഴെയിട്ടു. പൊട്ടിയില്ല. വടികൊണ്ടുതന്നെ പാക്കറ്റ് തുറക്കാന്‍ ശ്രമിച്ചു. ബോംബല്ല എന്നു മനസ്സിലായതോടെ പൊതി കൈയിലെടുത്ത് തുറന്നു. അതൊരു ഭക്ഷണപ്പൊതിയായിരുന്നു. തുറന്ന ഭക്ഷണപ്പൊതിയുമായി നില്‍ക്കുന്ന ജന്റുവിനെ കണ്ട് വിക്രമാക്രമന്മാര്‍ കളിയാക്കിച്ചിരിച്ചു. 'നീ പണ്ടേ ഭക്ഷണപ്രിയനല്ലേ - കഴിച്ചോ കഴിച്ചോ-'
തന്റെ ചമ്മല്‍ പുറത്തുകാട്ടാതെ ജന്റു പറഞ്ഞു 'എന്തായാലും നമ്മള്‍ പിടിച്ചെടുത്ത പാക്കറ്റല്ലേ? നമുക്ക് ലാബില്‍ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാം.'
യാത്രക്കാര്‍ തിരികെ വന്നു തുടങ്ങി. ജന്റു ജീപ്പിനടുത്തേയ്ക്ക് നീങ്ങി. 'ഫ്രോഗീ കമോണ്‍, നമുക്ക് സമയം കളയാനില്ല, ഇനിയും പലതും കണ്ടുപിടിക്കാനുണ്ട്.' അവര്‍ ജീപ്പില്‍ കയറിയപ്പോള്‍ വിക്രം വിളിച്ചുപറഞ്ഞു - 'ആ സ്‌കൂളിന്റെ നടയില്‍ നിന്നാമതി. ഇനിയും ഭക്ഷണപ്പൊതി കിട്ടും.' ജീപ്പു നീങ്ങിക്കഴിഞ്ഞപ്പോഴാണ് ആ പൊതി വച്ചു മറന്ന സ്ത്രീ തിരിച്ചു വന്നത്. പൊതികാണാതെ വിഷമിച്ചു നിന്ന അവരോട് കണ്ടുനിന്നവര്‍ നടന്ന കാര്യം പറഞ്ഞു. 'ആ പൊതി പൊട്ടിത്തെറിക്കുമെന്നു പറഞ്ഞ് രണ്ടുപേര്‍ എടുത്തു കൊണ്ടുപോയി'
'അയ്യോ തട്ടുകടയില്‍ നിന്നു വാങ്ങിയതാണ്. അപ്പവും മുട്ടയും എന്നുപറഞ്ഞു തന്നതാ. പൊട്ടുന്ന സാധനമാണെന്നറിഞ്ഞില്ല.' ആ സ്ത്രീ പേടിച്ച് വേഗം സ്ഥലം വിട്ടു.
2 മറാഭട്ടിയും മറിയാഭട്ടിയും
റോഡില്‍ സംശയാസ്പദമായ നിലയില്‍ ഒരു കാര്‍. അക്രം വിളിച്ചു പറഞ്ഞു. 'വിക്രം, അതാ നമ്പരില്ലാത്ത ഒരു കാര്‍.'
'എവിടെ?' കമോണ്‍-ക്വിക്ക്-നമുക്ക് ഫോളോ ചെയ്യാം.'
ആനത്തലയുള്ള കാര്‍ ആ നമ്പര്‍ലെസ് കാറിനെ പിന്‍തുടര്‍ന്നു. ഒരു വളവിലെത്തിയപ്പോള്‍ ആ കാറില്‍ നിന്ന് എന്തോ പുറത്തേയ്ക്ക് എറിയുന്നതു കണ്ടു. അപകടം മണത്ത വിക്രം തങ്ങളുടെ കാര്‍ ഒതുക്കി നിര്‍ത്തി. പെട്ടെന്ന് ഒരു സ്‌ഫോടന ശബ്ദം. വിക്രമാക്രമന്മാര്‍ ഇറങ്ങി ആ ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു. അവിടെ ഒരു ചെറിയ ഷെഡും അതിനുള്ളില്‍ ഒരാളും. 'ആ കാറില്‍ നിന്നെറിഞ്ഞത് ബോംബായിരുന്നോ?' വിക്രം അയാളോടു ചോദിച്ചു.
'ബോംബോ?അത് പണക്കിഴിയെറിഞ്ഞതാണ്. വെടി വഴിപാട് നടത്താന്‍.'
തങ്ങള്‍ കേട്ട ശബ്ദം വെടിവഴിപാടിന്റേതായിരുന്നുവെന്ന് അപ്പോഴാണ് അവര്‍ക്കു മനസ്സിലായത്.
'വിക്രം, ഭീകരന്മാരെ പിടിക്കാനുള്ള ഒരു ഉഗ്രന്‍ ഐഡിയ എന്റെ ബുദ്ധിയില്‍ തെളിഞ്ഞിരിക്കുന്നു.' -അക്രം
'എന്നാ പറ' -വിക്രം
'നമുക്ക് ഇരട്ട വഴിപാട് നടത്താം. ഫലമുണ്ടാകും.' -അക്രം
'ഒറ്റവെടി പോരേ?' -വിക്രം
'ഭീകരന്മാര് രണ്ടുപേരുണ്ടെങ്കിലോ?' -അക്രം
'ങാ... അതു ഞാനോര്‍ത്തില്ല. എന്നാല്‍ അങ്ങനെ ചെയ്യാം.' -വിക്രം
ഇരട്ടവെടി പൊട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും കാറില്‍ കയറി.
ആ നമ്പറില്ലാത്ത കാര്‍ കൈവിട്ടുപോയല്ലോ എന്ന നിരാശയില്‍ അവര്‍ സാവകാശം പോവുകയായിരുന്നു. അപ്പോള്‍ അവര്‍ക്ക് ആശയ്ക്ക് വക നല്‍കിക്കൊണ്ട് ആ കാര്‍ വീണ്ടും കണ്ണില്‍പ്പെടുക തന്നെ ചെയ്തു. ഒരു വര്‍ക്ക് ഷോപ്പിനു മുമ്പില്‍ ആ കാര്‍ നിര്‍ത്തിയിരിക്കുന്നു. വിക്രമാക്രമന്മാര്‍ തങ്ങളുടെ വാഹനം ദൂരെ മാറ്റി നിര്‍ത്തി ആ കാറിനെ നിരീക്ഷിച്ചു.
'അതാ-അതിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുകയാണ്.'
'കള്ള നമ്പര്‍പ്ലേറ്റ് വയ്ക്കാനാണെന്ന് തോന്നുന്നു.'വര്‍ക്ക്‌ഷോപ്പിലെ പണി കഴിഞ്ഞ് ആ കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ വിക്രമാക്രമന്മാര്‍ ആ കാറിനെ പിന്‍ തുടര്‍ന്നു. ആ കാറിലെ നമ്പര്‍പ്ലേറ്റ് നോക്കി അക്രം പറഞ്ഞു. 'അവരുടെ പുതിയ നമ്പര്‍ കൊള്ളാം. അക്കങ്ങള്‍ കൂട്ടിയാല്‍ ഒറ്റ സംഖ്യ കിട്ടും. ഐശ്വര്യമുള്ള നമ്പര്‍. ഒരാപത്തും വരില്ല.'
ആ കാര്‍ ഒരിടത്തു നിന്നപ്പോള്‍ അതിനു പിന്നിലായി അവരുടെ കാറും നിര്‍ത്തി. ആ കാറില്‍ നിന്നും ഒരു പുരുഷനും സ്ത്രീയും പുറത്തിറങ്ങി. അതു കണ്ട് വിക്രമാക്രമന്മാര്‍ ചാടി പുറത്തിറങ്ങി, ആ അപരിചിതരെ സമീപിച്ചു. 'നിങ്ങളാരാ? ഇതിനുമുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.'
വിക്രമിന്റെ അന്വേഷണത്തിന് ആ പുരുഷന്‍ സൗമ്യമായി മറുപടി പറഞ്ഞു. 'ഞങ്ങള്‍, ദാ ഈ വീട്ടിലെ പുതിയ താമസക്കാരാണ്.'
'എന്താണു ജോലി?-അക്രം
'ബിസിനസ്സാണ്. ഞങ്ങള്‍ വിദേശത്തായിരുന്നു. ഇപ്പോള്‍ ബിസിനസ്സ് സംബന്ധമായി ഇവിടെ വന്നതാണ്. ങാ. പേരുപറയാന്‍ മറന്നു. ഞാന്‍ മറാഭട്ടി. ഇവള്‍ മറിയാഭട്ടി. പിന്നെ- നിങ്ങളെ മനസ്സിലായില്ല.'
വിക്രം തങ്ങളെ പരിചയപ്പെടുത്തി - 'ഞാന്‍ സി.ഐ.ഡി വിക്രം. ഇത് വെറും അക്രം.'
'വെറും അക്രമല്ല. സി.ഐ.ഡി തന്നെ' -അക്രം തിരുത്തി.
'ഞങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിച്ചു. നമ്പറില്ലാത്ത കാറുകണ്ടപ്പോള്‍-' വിക്രം തങ്ങളുടെ സംശയം തുറന്നു പറഞ്ഞു.
'വിദേശത്തെ കാര്‍ ഇവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്തപ്പോള്‍ പുതിയ നമ്പറെഴുതാന്‍ കൊടുത്തിരുന്നതാണ്.'-മറിയാഭട്ടി.
'ഓക്കെ. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.' -വിക്രം.
'നൗ വീ ആര്‍ ഫ്രെണ്ട്‌സ്.'-മാറാഭട്ടി.
'സി.ഐ.ഡി മാരെന്ന നിലയില്‍, ഞങ്ങളില്‍ നിന്ന് എന്തു സഹായവും പ്രതീക്ഷിക്കാം.'-അക്രം.
'ഈ ഫോറിന്‍ കാറിന് എന്തു വില വരും?'-വിക്രം.
'80 ലക്ഷത്തോളം വരും.'-മാറാ ഭട്ടി.
അവര്‍ കൗതുകത്തോടെ ആ കാറിനെ ചുറ്റിനടന്നു നിരീക്ഷിച്ചു. അതാ പിന്‍സീറ്റില്‍ ഒരു പാവയിരിക്കുന്നു.
'ഈ പാവ കൊള്ളാമല്ലോ' -അക്രം.
'അത് ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നു വാങ്ങിയതാണ്. ഡൈനസോറിന്റെ ഡോള്‍.' -മറിയാ ഭട്ടി.
'കൊള്ളാം. നല്ല ഈനാംപേച്ചി.' -അക്രം.
'ഓക്കെ. സീയൂ.' അവര്‍ ഭട്ടിമാരോടു യാത്ര പറഞ്ഞ് കാറില്‍ കയറി.
കാര്‍ നീങ്ങിക്കഴിഞ്ഞപ്പോള്‍ ഭട്ടിമാര്‍ തമ്മില്‍ പറഞ്ഞു. 'ഇനി താമസിച്ചുകൂടാ. ആ സി.ഐ.ഡി മാര്‍ക്ക് സംശയം തോന്നുന്നതിനു മുമ്പ് നമ്മുടെ പ്ലാന്‍ നടപ്പാക്കണം.'
'യെസ്. നാളെത്തന്നെ ചെയ്യാം.' അവര്‍ തങ്ങളുടെ രഹസ്യ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ഉറപ്പിച്ചു.
3 ഡൈനസോര്‍
'ഹംപിള്‍' തിയേറ്ററിനു മുമ്പില്‍ ആനത്തലയുള്ള കാര്‍ വന്നു നിന്നു. അതിനുള്ളിലിരുന്ന് അക്രം പറഞ്ഞു.
'വിക്രം, നമ്മള്‍ കണ്ടിരിക്കേണ്ട സിനിമയാണിത്, സി.ഐ.ഡി മൂസ.'
'എന്നാല്‍ വാ. നമുക്ക് കാണാം.'
അവര്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി. സമീപത്തായി കിടന്ന വിദേശകാര്‍ ശ്രദ്ധിച്ച് അക്രം പറഞ്ഞു. 'നമ്മള്‍ പിരിചയപ്പെട്ട മരപ്പട്ടിയുടെ കാര്‍ അതാ കിടക്കുന്നു.'
'മരപ്പട്ടിയല്ല. മാറാഭട്ടി.' -വിക്രം
'അത് ഇംഗ്ലീഷ്. നമുക്ക് മലയാളം മതി.' -അക്രം
അവര്‍ ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളില്‍ കയറി. നല്ല തിരക്ക്. അവര്‍ ഒഴിഞ്ഞ രണ്ടു കസേരകള്‍ കണ്ടുപിടിച്ച് ഇരുന്നു. വിക്രം കാലുകള്‍ മുമ്പിലേയ്ക്കു നീട്ടിയപ്പോള്‍ മുന്‍സീറ്റിനടിയില്‍ എന്തോ തട്ടുന്നു. കാലുകള്‍ കൊണ്ടു തന്നെ അതിനെ അടുത്തേയ്ക്ക് നീക്കി നോക്കി. 'ഇത് ഭട്ടിമാരുടെ ഡൈനസോറല്ലേ?'
'ശരിയാണ്. മരപ്പട്ടിയുടെ ഈനാംപേച്ചി തന്നെ.' -അക്രം
'പക്ഷേ അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ.' -വിക്രം
'അവര്‍ മാറ്റിനിക്കു വന്നതായിരിക്കും.' - അക്രം
'പക്ഷേ അവര്‍ തിരിച്ചു പോയിട്ടില്ല, ആ കാര്‍ പുറത്ത് നമ്മള്‍ കണ്ടതല്ലേ?' -വിക്രം
'ഒരു കാര്യം ചെയ്യാം. ഞാനിത് അവര്‍ക്കുകൊണ്ടുപോയി കൊടുത്തിട്ടുവരാം. അവര്‍ക്കു സന്തോഷമാകട്ടെ.' -അക്രം
'ഓക്കെ. സി.ഐ.ഡി മാരുടെ ഉത്തരവാദിത്വബോധം അവര്‍ മനസ്സിലാക്കട്ടെ.'-വിക്രം
അക്രം ആ പാവയുമായി പുറത്തിറങ്ങി ഭട്ടിമാരെ തെരഞ്ഞു. എന്നാല്‍ അവരെ അവിടെയെങ്ങും കണ്ടില്ല. അവരുടെ കാര്‍ അപ്പോഴും പുറത്ത് കിടപ്പുണ്ട്. അക്രം ആ പാവയെ ആ കാറിന്റെ പുറകിലത്തെ സീറ്റില്‍ കൊണ്ടുപോയി വച്ചു. അവര്‍ കാറില്‍ കയറുമ്പോള്‍ കാണുമല്ലോ.
ആ സമയം ഭട്ടിമാര്‍ തിയേറ്ററിനടത്തുള്ള ഒരു ഫോണ്‍ ബൂത്തില്‍ നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു. ഫോണ്‍ ചെയ്തു കഴിഞ്ഞ് അവര്‍ വളരെ വേഗം തങ്ങളുടെ കാറില്‍ കയറി യാത്ര തിരിച്ചു. കാര്‍ ഓടിക്കുന്നതിനിടയില്‍ മറാഭട്ടി അടുത്തിരിക്കുന്ന മറിയാഭട്ടിയോട് വിജയഭാവത്തില്‍ പറഞ്ഞു.
'തിയേറ്ററിനുള്ളില്‍ നിറയെ ആളുണ്ട്. ആ ഡൈനസോറിലെ ബോംബ് കൃത്യം ഏഴു മണിക്ക് തന്നെ പൊട്ടും. അപ്പോഴേയ്ക്ക് നമ്മള്‍ അടുത്ത സിറ്റിയില്‍ എത്തിയിരിക്കും. പിന്നെ ആര്‍ക്കും നമ്മളെ പിടിക്കാന്‍ കഴിയില്ല.'
മറാഭട്ടി കാറിന്റെ വേഗത കൂട്ടി. ഡൈനസോര്‍ അവരുടെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല.
എന്തായാലും ബോംബ് വാക്കുപാലിച്ചു. കൃത്യം ഏഴുമണിക്കുതന്നെ ഡൈനസോര്‍ പൊട്ടിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കാര്‍ ഒരു തീഗോളമായി മാനത്തേയ്ക്ക് ഉയരുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്.
കാര്‍ സ്‌ഫോടന വാര്‍ത്ത റേഡിയോയിലൂടെയാണ് വിക്രമാക്രമന്മാര്‍ അറിയുന്നത്. കാറിന്റെ നമ്പറില്‍ നിന്ന് അത് ഭട്ടിമാരുടെ കാറാണെന്ന് അവര്‍ക്ക് മനസ്സിലായി. പിന്നെ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. ഉടന്‍ തന്നെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി അവര്‍, തങ്ങളുടെ വീരകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'സിറ്റിയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട ഭട്ടിമാരെ ഞങ്ങള്‍ കുറേ ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. തിയേറ്ററിനുള്ളില്‍ അവര്‍ വച്ച ബോംബ് തക്കസമയത്ത് കണ്ടെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവരെ പിടിക്കാന്‍ ശ്രമിച്ച ഞങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അവര്‍ കാറില്‍ രക്ഷപ്പെടുകായായിരുന്നു. എന്നാല്‍ അതിനിടയില്‍ ഞങ്ങള്‍ ആ ബോംബ് തന്ത്രപരമായി അവരുടെ കാറില്‍ തന്നെ സ്ഥാപിച്ചു. അങ്ങനെ ആ ഭീകരരെ ഇല്ലായ്മചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.'
പോലീസ് മേധാവി വിക്രമാക്രമന്മാരെ അഭിനന്ദിക്കുകയും, അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. 'വളരെയേറെ ജീവനുകള്‍ നഷ്ടപ്പെടുമായിരുന്ന ഒരു ദുരന്തം ഒഴിവാക്കുകയും ആ കൊടും ഭീകരരെത്തന്നെ ഇല്ലായ്മചെയ്യുകയും ചെയ്ത ഈ കുറ്റാന്വേഷകര്‍ ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്.' എന്നാണ് അദ്ദേഹം പറഞ്ഞത്.
വിവരമറിഞ്ഞ് പത്രക്കാരുമെത്തി. അവരില്‍ ഒരാള്‍ ചോദിച്ചു 'ഈ സന്ദര്‍ഭത്തില്‍ പൊതുജനങ്ങളോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?'
അക്രമാണു മറുപടി പറഞ്ഞത്. 'എവിടെ ഈനാംപേച്ചിയെ കണ്ടാലും പെട്ടെന്നെടുത്ത് മരപ്പട്ടിയുടെ കാറില്‍ ഇടുക.'
പറഞ്ഞതെന്താണെന്ന് പത്രക്കാര്‍ക്ക് മനസ്സിലായില്ല. അത് സി.ഐ.ഡി മാരുടെ കോഡു വാചകമാണെന്നാണ് അവര്‍ ധരിച്ചത്.