അധികം അദ്ധ്വാനിക്കാതെ, ചുളുവിൽ നേട്ടങ്ങൾ കൈവരിക്കുക എന്നത് നമുക്കേവർക്കുമുള്ള ആഗ്രഹമാണ്. വെറുതെ ചോദിച്ചുനോക്കുക, ബിരിയാണി കിട്ടിയാലോ? അങ്ങനെയുള്ളവരെ കുറ്റപ്പെടുത്തിയോ, ആക്ഷേപിച്ചോ അല്ല ഇതു പറഞ്ഞത്. കാരണം ഏവരും വ്യത്യസ്തരാണ്. ഒരാളിന്റെ മാനസികവും ശാരീരികവുമായ കഴിവു മറ്റൊരാളിൽ നിന്നും പല കാരണങ്ങളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നമുക്ക് ആരെയും പൂർണമായി അറിയില്ല. എന്തിന്, നമുക്കു നമ്മെത്തന്നെ പൂർണ്ണമായി അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ!
ഇനി മറ്റൊരു കൂട്ടരുണ്ട്. അദ്ധ്വാനിക്കുന്നുണ്ടായിരിക്കും എന്നല്ല അമിതമായി അദ്ധ്വാനിക്കുന്നുണ്ടായിരിക്കും. പക്ഷെ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകാറില്ല. അവരും കരുതും "ബിരിയാണി കിട്ടിയാലോ?" എന്ന്. എന്തുകൊണ്ടാണ് അദ്ധ്വാനിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകാതെ പോകുന്നത്?
അദ്ധ്വാനം പല കാര്യങ്ങളിലാണ് ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ഫലത്തിൽ എത്തിച്ചേരാൻ വേണ്ട അദ്ധ്വാനമായിരിക്കില്ല അയാൾ ചെയ്തത്. ഒരു ഉദാഹരണം പറയാം. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരണം. ഒരാൾ തൊട്ടിയും കയറുമായി കിണറ്റിനരികിൽ വന്നു. കയറിന്റെ ഒരറ്റം കപ്പിയിൽ കടത്തി. കയറിന്റെ മറ്റേ അറ്റം തൊട്ടിയുമായി ബന്ധിച്ചു. അപ്പോളാണ് കിണറ്റിനു മുകളിലേക്ക് പടർന്നു കിടക്കുന്ന മരക്കൊമ്പിൽ നിന്നും ഒരു പഴുത്ത ഇല കിണറ്റിലേക്ക് അടർന്നു വീഴുന്നത് അയാൾ കാണുന്നത്. ഉടനെതന്നെ അയാൾ അടുക്കളയിൽ പോയി മരക്കമ്പു മുറിക്കാനുള്ള കത്തി തിരഞ്ഞു. വീടു മുഴുവൻ ഒരു മണിക്കൂർ കൊണ്ട് അരിച്ചു പെറുക്കിയിട്ടും കത്തി ലഭിച്ചില്ല. അയാൾ രണ്ടു കിലോമീറ്റർ അകലെയുള്ള കടയിലേക്ക് സൈക്കിൾ ചവിട്ടിപ്പോയി. കത്തി വാങ്ങി തിരികെ വീട്ടിലെത്തി. ആ കത്തികൊണ്ട് കിണറ്റിനു മുകളിലേക്ക് പടർന്നു കിടന്ന ശാഖ മുറിച്ചു മാറ്റി. ഏതാണ്ട് മൂന്നു മണിക്കൂർ കൊണ്ട് അയാൾ വളരെ അദ്ധ്വാനിച്ചു. അയാൾക്കു തൊട്ടിയിൽ വെള്ളം ലഭിച്ചുവോ? ഇല്ല. അമ്പതു തൊട്ടി വെള്ളം കോരുന്നതിനു സമാനമായ അദ്ധ്വാനം അയാൾ ചെയ്തു. വെള്ളം ലഭിച്ചുവോ? ഇല്ല. അയാൾ എന്തെങ്കിലും ദുഷ്‌പ്രവർത്തിയാണോ ചെയ്തത്? അല്ല, നല്ല കാര്യങ്ങൾ മാത്രമാണയാൾ ചെയ്തത്. മരത്തിന്റെ ശാഖ മുറിച്ചതുകൊണ്ട് ഭാവിയിൽ മലിനമാകാതെ ജലം ലഭിക്കും. സൈക്കിൾ ചവിട്ടിയതുകൊണ്ട് അയാൾക്ക് മെച്ചമായ ആരോഗ്യം ഉണ്ടാകും. കത്തി വാങ്ങിയതു കാരണം ഭാവിയിൽ ഉപയോഗിക്കാനുള്ള ഒരു ഉപകരണം എന്നെത്തേക്കുമായി സ്വന്തമാക്കി. ഇത്രയും ഒക്കെ ഒരുപാടു സമയം കൊണ്ട് ചെയ്‌തെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായോ? ഇല്ല. എന്താണ് ഇങ്ങനെ സംഭവിച്ചത്?
അയാൾക്ക് ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ആ ലക്ഷ്യത്തിലേക്കുള്ള ആത്മ സമർപ്പണം ഇല്ലായിരുന്നു. അതുകൊണ്ടാണ് വെള്ളം കോരുന്ന സമയത്തു് അയാളുടെ ശ്രദ്ധ അടർന്നു വീഴുന്ന ഇലയിലേക്കും, കത്തിയിലേക്കും തിരിഞ്ഞു പോയത്. അങ്ങനെയുള്ളവരും കാണിക്കയിട്ടിട്ടു പരാതി പറയും. "ദൈവമേ, ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടു. എന്തുമാത്രം അദ്ധ്വാനിച്ചു. എന്താണ് നീ എനിക്കു ബിരിയാണി തരാത്തത്?"
മാറിനിന്നു ഞാൻ എന്നെ നിരീക്ഷിച്ചപ്പോൾ ഈ കലപ്പയിൽ വച്ചുകെട്ടാൻ പാകത്തിനുള്ള ഒരു ഉരുവാണ് ഞാൻ എന്ന് എനിക്കു മനസ്സിലായി.
ഇനിയുള്ളത് മൂന്നാമത്തെ തരത്തിൽ പെട്ട ആളുകളാണ്. അവർ ചെയ്യുന്ന അദ്ധ്വാനമെല്ലാം ലക്ഷ്യത്തിലേക്കു മാത്രം ഉള്ളതായിരിക്കും. ചിലപ്പോൾ ശരീരത്തിനു ബലം കുറവാണെകിലും അത്തരക്കാരുടെ മനസ്സിന് അപാരമായ ബലമുണ്ടായിരിക്കും. വണ്ടിയിൽ ബന്ധിക്കുന്ന കുതിര വശങ്ങളിലേക്കു നോക്കാതിരിക്കാൻ കണ്ണുകൾക്ക് മറയിടാറുണ്ട്. അത്തരം ഒരു മറ അവരുടെ മനസ്സിലുണ്ട്. ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ആ മറ അവരെ നിരന്തരം സംരക്ഷിക്കും.
ഇനി നിങ്ങൾ അല്പം ഒന്നു മാറി നിന്നുകൊണ്ട് നിങ്ങളെ നിരീക്ഷിക്കു. ഏതു തരത്തിൽ പെട്ട ആളാണ് നിങ്ങൾ?
(തുടരും)