മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അതൊരു ഭാഗ്യമാണേ... ഏത്?
അസ്സലായുള്ള ശോധന!
അതിനു തടസമുണ്ടായപ്പോളാണ് കഴുത പോയി തവള വൈദ്യരെ കണ്ടത്. വൈദ്യർ പറഞ്ഞു നാരുകൾ കൂടുതൽ കഴിക്കാൻ. കൂടുതൽ വെള്ളം കുടിക്കാൻ. ഒന്നും പറ്റിയില്ലെങ്കിൽ ആവണക്കെണ്ണ കുടിക്കാൻ. 

കഴുതയ്ക്കാണോ നാരിന് പഞ്ഞം. വഴിയിൽ കണ്ട സർവ്വ പുല്ലും കടിച്ചു പറിച്ചു തിന്നു. വനാതിർത്തിയിലുള്ള പശുത്തൊഴുത്തുകളിൽ രാത്രികാലങ്ങളിൽ സന്ദർശിക്കുകയും  വൈക്കോൽ  അപഹരിച്ചു ഭക്ഷിക്കുകയും ചെയ്തു. വഴിയിൽ കണ്ട ചോലകളിൽ നിന്നെല്ലാം വെള്ളം കുടിക്കുകയും ചെയ്തു. കാര്യമായി ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല, മനസ്സമാധാനം നഷ്ടപ്പെടുകയും ചെയ്തു. മനസ്സ് നിറയെ ആകാംഷ ആയിരുന്നു.

അറ്റ കൈ പ്രയോഗത്തിനു മുൻപ് മറ്റെന്തെങ്കിലും വഴിയുണ്ടോ ഇന്ന് ആരായുമ്പോളാണ് മുഖപുസ്തകത്തിൽ ഒരു ചിത്രവും അടിക്കുറിപ്പും കണ്ടത്. സാക്ഷാൽ ടീക്ക ഭഗവാന്റെ ചിത്രത്തിനു താഴെ ഇപ്രകാരം കുറിച്ചിരുന്നു. "ഈ ചിത്രം ഷെയർ ചെയ്ത് അഞ്ചു മിനിറ്റിനകം നിങ്ങളുടെ ഒരാഗ്രഹം സാധിക്കപെടും" ഷെയർ ചെയ്ത കുഞ്ഞിരാമൻ ചേട്ടന്റെ പറമ്പിലെ തെങ്ങിൽ ചക്ക ഉണ്ടായി പോലും. ഭരണങ്ങാനത്തെ മറിയ ചേട്ടത്തി ചിത്രം ഷെയർ ചെയ്തു അഞ്ചു മിനിറ്റിനകം സുന്ദരി ആയിത്തീർന്നു പോലും. വളാഞ്ചേരിയിലെ മൂസാ കോയയുടെ കഷണ്ടിത്തലയിൽ, ചിത്രം ഷെയർ ചെയ്ത് അഞ്ചു മിനിറ്റിനകം മനോഹരമായ ശ്യാമരോമം കിളിർത്തു പോലും. എന്താ അത്ഭുതം!

ഇത്രയും എളുപ്പത്തിൽ കാര്യങ്ങൾ പഞ്ചായത്താപ്പീസിലോ കരണ്ടാപ്പീസിലോ പോലും നടക്കില്ല എന്ന് കഴുതയ്ക്ക് നന്നായി അറിയാം. എത്ര കാലു പിടിച്ചു, കൈക്കൂലി കൊടുത്താണ് ഓരോ കാര്യവും നടത്തിക്കിട്ടുന്നത്. ഇങ്ങനെ ഒരു സൗജന്യ സേവനം നേരത്തെ അറിയാൻ കഴിയാഞ്ഞതിൽ കഴുതയ്ക്ക് തന്നോടുതന്നെ പുച്ഛം തോന്നി. 

അടുത്ത നിമിഷം തന്നെ കഴുത സാക്ഷാൽ ടീക്ക ഭഗവാന്റെ ചിത്രം മുഖപുസ്തകത്തിലുള്ള സർവ്വ സുഹൃത്തുക്കൾക്കും ഷെയർ ചയ്തു. എല്ലാ കഴുതകളും അങ്ങനെ ചെയ്യും. അതു വർഗ്ഗസ്നേഹത്തിന്റെ അടയാളമാണ്. മറ്റുള്ളവരെ കഴുതകളാക്കുക എന്നതാണ് അതിന്റെ ഒരു ഇത്. 

ഫലമോ? അഞ്ചു മിനിറ്റ് എടുത്തില്ല ശോധനയ്ക്ക്. പക്ഷെ, ചെറിയ ഒരു പ്രശ്നം പറ്റി. ഉരുൾ പൊട്ടൽ പോലെ തുടങ്ങി, അതു ദിനങ്ങളോളം തുടർന്നു. ഒടുവിൽ വെള്ളം വറ്റി അവശനായിത്തീർന്ന കഴുതയുടെ ഇളക്കത്തിനു വിരാമമിടാൻ സാക്ഷാൽ വിശുദ്ധപത്രം  ചുരുട്ടി കോർക്കിന്റെ അടപ്പുപോലെ ഉപയോഗിക്കേണ്ടിവന്നു.  എന്താ അത്ഭുതം! പിടിച്ചുകെട്ടിയതുപോലെ ഇളക്കം നിലച്ചു. അടുത്ത ദിവസം മുതൽ കഴുത ഇതൊരു പതിവാക്കുകയും ചെയ്തു. ഷെയർ ചെയ്യുക, വിശുദ്ധപത്രം ചുരുട്ടുക. ഷെയർ ചെയ്യുക, വിശുദ്ധപത്രം ചുരുട്ടുക.  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ