തൃശ്ശൂർ രാഗത്തിൽ ആണ് പണി കണ്ടത്. അവിടെ തന്നെ കാണേണ്ട സിനിമയാണ് അത് . തൃശ്ശൂരിൻ്റെ വൈബ് മൊത്തത്തിൽ ആവാഹിക്കുന്ന സിനിമ. മന്ദതാളത്തിൽ സാധാരണ സിനിമ പോലെ തുടങ്ങി പിന്നെ ഒരു അതിവേഗ ഹോളിവുഡ് സിനിമയുടെ ശൈലിയിൽ പോകുന്ന ഈ സിനിമ സമൂഹത്തെ ഒരു തരത്തിലും ഉദ്ധരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നത് വളരെ വ്യക്തമാണ്.
മോഡേൺ സിനിമയിൽ വയലൻസ് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. KILL BILL എന്ന Quentin Tarantino സിനിമ തുടങ്ങി വച്ച ഈ തരംഗം സ്ക്രീനുകൾക്ക് ചുവപ്പ് രാശി നൽകി ഇപ്പോഴും തുടരുന്നു. സമൂഹത്തിലെ അക്രമപ്രവണതകൾക്ക് ചില സിനിമകൾ കാരണമാകാറുണ്ട് എന്നത് സത്യം തന്നെ. ദൃശ്യം സിനിമ എത്രയോ അക്രമങ്ങൾ പോലീസിൽ നിന്ന് മറച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രേരണയായി എന്നത് നമുക്കറിയാം. മോഹൻലാലിൻ്റെ കഥാപാത്രങ്ങൾ തുടങ്ങി വച്ച ദേവാസുര നരസിംഹ പ്രതിഭാസങ്ങൾ ഇപ്പോഴും മലയാളി പുരുഷൻമാരെ അതു പോലുള്ള കോമാളി വേഷം ജീവിതത്തിൽ കെട്ടിയാടാൻ പ്രേരിപ്പിക്കുന്നവയാണ് . സത്യത്തിൽ അത്രയും നെഗറ്റീവ് ഇൻഫ്ലുവൻസ്, പണി എന്ന സിനിമയിലെ കഥാപാത്രങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല. ബൊഗയ്ൻ വില്ല എന്ന ചിത്രത്തിലെ സൈക്കോപാത് കഥാപാത്രം ചെയ്യുന്നതും വയലൻസ് തന്നെയാണല്ലോ . പിന്നെ റിയലിസ്റ്റിക് ആയ രീതിയിൽ ഉള്ള കഥ പറച്ചിൽ രീതിയിൽ യാഥാർത്ഥ്യം മനസ്സിനെ തൊടുന്ന രീതിയിൽ എടുത്ത് വയ്ക്കുന്നത് കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത് പ്രേക്ഷകരുടെ മനസ്സിൽ പണി പോലുള്ള സിനിമകളിൽ എത്തുന്നു . സംവിധായകന് അയാളുടെ പണി നന്നായി അറിയാം എന്നത് വ്യക്തം. പിന്നെ മോഹൻലാലിനെ പോലെ അമിതാഭിനയം കാഴ്ചവയ്ക്കാത്ത യുവ നടൻമാർ കൂടിയാകുമ്പോൾ സംഗതി പൂർണ്ണമാകും. വയലൻസ് സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ റിലേറ്റ് ചെയ്യപ്പെട്ട് മനസ്സിനെ തൊടുന്നത് അപ്പോഴാണ് . ഇത് തീർച്ചയായും പതിനെട്ട് വയസ്സിന് മുകളിൽ ഉള്ളവർക്കായി നിജപ്പെടുത്തേണ്ട സിനിമ തന്നെയാണ് . അത് അങ്ങനെ അല്ല സർട്ടിഫൈ ചെയ്തിരിക്കുന്നത് എങ്കിൽ അത് തെറ്റാണ്. ജോജു ഒരു നല്ല നടൻ ആണ്. അയാൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ സ്വന്തമായ ഒരു ശൈലി ഉണ്ട് എന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നത് ഒരു പ്രധാന കാര്യമാണ്. സ്ഥിരം ടെംപ്ലേറ്റുകളുടെ പുറകേ പോകാൻ ശ്രമിച്ചില്ല. പൃഥ്വിരാജ് ലൂസിഫറിൽ പരീക്ഷിച്ചത് അത്തരമൊരു എളുപ്പ പണിയാണ്. എന്തായാലും ഒരു പണിയും എളുപ്പപണിയാവില്ല. അതു കൊണ്ടാണല്ലോ ഇത് പോലെ ചുമ്മാ ഇരുന്ന് ഓരോന്ന് എഴുതുമ്പോൾ നമുക്കൊക്കെ പണി കിട്ടുന്നത്.
ഈ സിനിമയിൽ നായികയുടെ സൗന്ദര്യം എന്നത് സിനിമയുടെ കഥാതന്തുവിൽ സ്പർശിക്കുന്ന ഒരു പ്രധാന കാര്യമാണ്. ശക്തമായ നായികാ കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത്. സീമയുടെ ഈ പ്രായത്തിലും ഉള്ള ആക്ഷൻ സീനുകൾ കണ്ടപ്പോൾ അങ്ങാടി എന്ന ചിത്രത്തിലെ സാരി ഉടുത്ത് മോട്ടോർ ബൈക്ക് ഓടിച്ച് തീയുടെ ഇടയിലൂടെ ചെയ്ത അതി സാഹസിക രംഗങ്ങൾ ഓർമ്മയിൽ വന്നു, പല സമയത്തും ഭൂരിഭാഗം തൃശ്ശൂർകാരുടേയും ഒപ്പം ഇരുന്ന് ഞാനും കയ്യടിച്ചു. ഒരു പാട് സ്ത്രീകളും കാഴ്ചക്കാരായി ഉണ്ടായിരുന്നു. അവർക്കും സിനിമ ഇഷ്ടമാവുന്നതായി തോന്നി.
ഒരു പാട് നായക കഥാപാത്രങ്ങൾ ഇതിനകം ജോജു ചെയ്തു കഴിഞ്ഞു . എന്നിട്ടും മോഹൻലാൽ ഒക്കെ ചെയ്യുന്ന പോലുള്ള ഒരു ‘ ഹീറോ ‘ കഥാപാത്രം അയാൾക്ക് നൽകാൻ അയാൾ തന്നെ വേണ്ടി വന്നു. അതായത് കാണാൻ അൽപ്പം വൃത്തിയും മെനയുമുള്ള സ്റ്റൈലിഷ് കഥാപാത്രം . ആ പണിയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.
പിന്നെ വിവാദങ്ങൾ. നെഗറ്റീവ് പബ്ലിസിറ്റി പലപ്പോഴും ഉപകാരപ്രദമായിട്ടാണ് സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നത്, അങ്ങനെ വരുമ്പോൾ ഇപ്പോൾ കിട്ടിയ എട്ടിൻ്റെ പണിയും, ‘പണി’യ്ക്ക് ഉപകാരമായേ ഭവിക്കൂ.