mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സീൻ - 3

(ഒരു പഴകിയ ബാർ കൗണ്ടർ വരച്ചിട്ടതും വലിച്ചെറിഞ്ഞതുമായ രേഖാചിത്രങ്ങൾ,നാടൻ പാട്ടിന്റെ ശീലുകൾ കേൾക്കാം,റോഹൻ ബില്ലടിക്കുന്നു.കൂലിപണിക്കാരായ ആളുകൾ മദ്യം കഴിക്കുന്നു.ദീപു തൊട്ടടുത്തായി ഒഴിച്ചുകൊടുക്കാനിരിക്കുന്നുണ്ട്. അവന്റെ കൈയിൽ മൊബൈൽ ഫോണുണ്ട്)

ദീപു : കേവലം രണ്ടു ബ്രാൻഡുകൾ മാത്രമെ ഇവിടെ വിൽക്കാറുള്ളൂ. അതും വിലകുറഞ്ഞത് മാത്രം, മെയിൻ കൗണ്ടറിലെ തിരക്ക് കാരണമാണ് ഇവിടെ കൗണ്ടർ തുറന്നത്, പത്ത് മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തി സമയം.

റോഹൻ: ഇതില് രണ്ട് ബ്രാൻഡെല്ലെ ഉള്ളൂ.

ദീപു. : ജോൺപോൾ ബ്രാൻഡി, ഹാട്രിക് റം.

റോഹൻ : പിന്നെന്തിനാ ഇതിന് ഒ.പി.ആർ കൗണ്ടറെന്ന് പേരിട്ടത്?

ദീപു : പണ്ടിത് ഒ.പി.ആർ കൗണ്ടറായിരുന്നു, ഒ.പി.ആറിന് വില കൂടിയപ്പൊ പേര് മാറ്റിയില്ല.ഒ.പി.ആർ

പെഗ്ഗിന് 40രൂപയായി, ഇവിടെ ഒരു പെഗ്ഗിന് 25 രൂപ മാത്രം.

റോഹൻ: അപ്പൊ അര പെഗ്ഗിന്

ദീപു: ചിലര് 12 രൂപ തരും ചിലര് 13തരും

റോഹൻ: അപ്പൊ,50 പൈസ

ദീപു. : അത് കൂടിയും കുറഞ്ഞും അങ്ങനെ കിടക്കും

റോഹൻ: ഹൊ! സമാധാനമായി രണ്ടു ബ്രാൻഡല്ലെ ഉള്ളൂ

ദീപു: ബോറടിക്കുന്നുണ്ടൊ?

റോഹൻ: എന്തേലും വായിച്ചിരുന്നാ രസമായിരുന്നു.

ദീപു: തന്റെ കൈയ്യിൽ ഫോണില്ലെ? ഏതാ സെറ്റ്

റോഹൻ: നോക്കിയ ടോർച്ച് സെറ്റ്

ദീപു: ഛെ! നാണക്കേട്,ഒരു ടെച്ച് സെറ്റ് എടുക്കാൻ പാടില്ലെ?

റോഹൻ: അതെന്തിനാ?

ദീപു: (ഊർജ്ജസ്വലനാകുന്നു) എനിക്ക് ഇഷ്ടമുള്ള പാട്ട് കേൾക്കാം ഇഷ്ടമുള്ള സിനിമ കാണാം, ഇഷ്ടമുള്ളത് വായിക്കാം, ആവശ്യത്തിലധികം സുഹൃത്തുക്കൾ വാട്സപ്പ്, ഫേസ്ബുക്ക്, യുട്യൂബ് അങ്ങനെ എന്റെ ലോകം വലുതാണ്.

റോഹൻ:  ഞാൻ പുസ്തകം വായിക്കാറുണ്ട്, പത്രമാസികകൾ, കശ് കിട്ടുമ്പൊ പുതിയ സെറ്റെടുക്കണം(റോഹൻ കൈയ്യിലെ പുസ്തകമെടുക്കുന്നു)

ദീപു: എന്നാ, വല്ല പുസ്തകോം വായിച്ചോണ്ടിരുന്നൊ, വൈകുന്നേരമാവുമ്പൊ ഒരു പത്രം വരും, ഞാനൊരു പാട്ടു വയ്ക്കാം, (ഇയർഫോൺ ചെവിയിൽ നിന്നൂരി പാട്ട് വയ്ക്കുന്നു.)

റോഹൻ: ഇവിടെ എന്താ ഇത്ര വൃത്തികേട്?

ദീപു:  എന്ത് വൃത്തികേട്,.... ഇവിടെ കള്ളുകുടിക്കാനെത്തുന്നവർ കൂലിപണിക്കാരാണ്, പണികഴിഞ്ഞ് കമ്പനി കൂടുന്നവർ,പണിക്ക് മുമ്പെ ഒന്നരയടിക്കുന്നവർ, പത്ത് മണി ചായക്ക് പകരം ഒന്നരയടിക്കുന്നവർ അങ്ങനെ,.......

റോഹൻ: ആർട്ടിസ്റ്റുകളാരും വരാറില്ലേ?

ദീപു: ക്യാഷുള്ള ആർട്ടിസ്റ്റുകളോട് സംസാരിക്കണമെങ്കിൽ എ.സിയിൽ പോവണം,...അതും ബില്ലിംഗില് ഇരുന്നതോണ്ട് ഒരു കാര്യൂല്ല, സപ്ലയറായിട്ട് പോവണം എന്നാ സംസാരിക്കേം ചെയ്യ നല്ല ടിപ്പും കിട്ടും

റോഹൻ: അപ്പൊ ഇവിടെ?

ദീപു: ആശാരിമാർ, റബ്ബർ ടാപ്പിങ് തൊഴിലാളികൾ, മണ്ണ് പണിക്കാർ, പിച്ചക്കാർ,ഒന്നൊ രണ്ടൊ പണക്കാർ, മത്സ്യത്തൊഴിലാളികൾ, അങ്ങനെ....

റോഹൻ: ഈ കടലയാണൊ ഇവിടെ കൊടുക്കുന്നെ?

ദീപു : പിന്നല്ലേ, പുഴുങ്ങിയ കടല, നാരങ്ങ അച്ചാർ

റോഹൻ: ഇതിന്റെ ഗന്ധം എനിക്ക് പിടിക്കുന്നില്ല.

ദീപു: അത് ശീലമായ്ക്കോളും, പരമാവധി ചില്ലറ ഉണ്ടാക്കുക, ഒരു ദിവസം രണ്ടായിരം മുതൽ നാലായിരം വരെ കിട്ടുന്ന കൗണ്ടറാണിത്. ഒരാള് വരുന്നുണ്ട് അടിച്ച് കൊട് (ദീപു അയാളെ ഗൗനിക്കുന്നു) റോഹിനെ ഇത് വലിയ എസ്റ്റേറ്റ് മുതലാളിയാണ്. പുതിയ ആളാണ് (അയാളെ നോക്കി)

(അയാൾ ഉത്സാഹത്തോടെ)

ആൾ: പുതിയതും പഴയതുമൊന്നും എനിക്ക് പ്രശ്നമില്ല, സാധനം കിട്ടണം, ഒരു ദിവസത്തിൽ നാലു തവണ ഞാൻ വരും, ആറ് പെഗ്ഗോളം കഴിക്കും, ഒരു ജിഞ്ചർ സോഡ ഒന്നര പെഗ്ഗ് റം അതാണ് കണക്ക്. എന്താ പേര്?

റോഹൻ:. റോഹൻ

ആൾ. : എവിടുന്നാ

റോഹൻ: വടക്കാണ്

ആൾ. : (ഗൗരവത്തോടെ) ആൾക്കാരോട് നന്നായി പെരുമാറുക, അല്ലാതെ കണാകുണാ ഹുഡായിപ്പ് കാണിച്ചാ,ശരിയാവീല്ല. ഇവിടെ വന്ന മൂന്ന് പേരും ഹുഡായിപ്പായിരുന്നു, അതോണ്ട് തമ്പി അവര പുറത്താക്കി. നീ ഹുഡായിപ്പ് കാണിച്ചാ നിന്നേം പുറത്താക്കും, അതിന് ഞാൻ പറഞ്ഞാലും മതി... നമ്മൾ പാരമ്പര്യമുള്ള ക്രിസ്ത്യൻ കുടുംബത്തീന്നാ ... എന്റെ ബന്ധം നിന്റെ നാട്ടിലൂണ്ട്.

റോഹൻ: സാറ് വായിക്ക്വൊ (ഭവ്യതയോടെ)

ആൾ: സാഹിത്യമാണൊ ഉദ്ദേശിക്കുന്നത്

റോഹൻ: അതെ സർ

ആൾ. : നിനക്ക് പറ്റിയത് അംബേദ്കറുടേയൊ, ഗാന്ധിയുടേയൊ പുസ്തകങ്ങളാണ്, അല്ലെങ്കിൽ ദളിത് സാഹിത്യങ്ങളായിരിക്കും നല്ലത് നോക്കട്ടെ,

റോഹൻ: എന്തായാലും മതി 

(ഉം എന്ന് മൂളിയ ശേഷം പെഗ്ഗ് കഴിച്ചു പോകുന്നു. വൈകുന്നേരം പണി കഴിഞ്ഞവർ കൊട്ടും പാട്ടുമായി വരുന്നു, ആകെ ബഹളം)

ദീപു : (ഒരാളെ ചൂണ്ടി) ടാ അയാള് നന്നായി ചിത്രം വരയ്ക്കും, നിന്റെ പടം വരയ്ക്കാൻ പറഞ്ഞാ സ്പോട്ടിൽ വരച്ച് തരും, ആൾക്ക് രണ്ടു പെഗ്ഗ് കൊടുത്താ മതി.

റോഹൻ: പെന്സിൽ ഡ്രോയിംഗ് ആണൊ?

ദീപു : ഏയ് കരിക്കട്ട, ചേടിക്കല്ല്, പച്ചില ആ ചുമരിലെ ചിത്രങ്ങളെല്ലാം അങ്ങേര് വരച്ചതാ.

റോഹൻ : എന്റെ ചിത്രം വരച്ച് തര്വ?

ദീപു: തരും, പക്ഷേ രണ്ടു പെഗ്ഗ് കൊടുക്കണം

റോഹൻ: അത് പ്രശ്നാവില്ലെ, തമ്പി സാറ് വന്നാല്

ദീപു : പ്രശ്നാവും .... പക്ഷേ അയാളറിയണ്ട, അതിനൊരു സൂത്രൂണ്ട്

റോഹൻ : അതെന്താ?

ദീപു. : നീ അടിക്കുന്ന ആളാണെങ്കിൽ,നാല് മണിക്ക് വരുന്ന കട്ടന് ചായക്ക് പകരം.....ദാ റമ്മിങ്ങനെ കുടിക്കാം. (കുടിച്ച് കാണിക്കുന്നു) എന്നിട്ട് ഈ കൂതറ റമ്മിൽ ഇങ്ങനെ വെള്ളം ചേർക്കാം.

റോഹൻ : അത് പിടിക്കപ്പെട്ടാലൊ?

ദീപു: ഇതുവരെ ഇവിടെയുണ്ടായിരുന്ന ആരെയും പിടിച്ചിട്ടില്ല, ആദ്യമായിട്ടാണ് മനാഫിനെ പിടിച്ചത്,... മനാഫ് അങ്ങ് തൊടുപുഴ ക്കാരനായിരുന്നു., നല്ല മസിലും, രോമവുമുള്ള കാട്ടുമാക്കാൻ, മാനേജർ അനിൽ സാറിന്റെ ഉത്തരവാദിത്വത്തിൽ അവനിവിടെ വന്നു. നമ്മുടെ അനിൽ സാറില്ലെ അതുവഴി,..... കുപ്പി നിറയെ വെള്ളമൊഴിച്ച്, ബില്ലിംഗിലുണ്ടായിരുന്ന പയ്യനെ വശത്താക്കി ഒരു ദിവസം 1000-2000 ത്തോളം രൂപയുണ്ടാക്കി, ഈ കളി കണ്ടുപിടിച്ച് തമ്പി സാറിന്റടുത്ത് പരാതി പറഞ്ഞ ആളോടാണ് നീ പുസ്തകം ചോദിച്ചത്. പിടിച്ചപ്പൊ അവൻ പറഞ്ഞു പാവം ജനങ്ങളെ കൂതറ റമ്മ് കൊടുത്തു കൊല്ലുന്നതോളം പാപമൊന്നും ഇതിലില്ലല്ലൊ എന്ന്, തമ്പി സാറ് ഓന്റെ അച്ഛനേ വിളിച്ച് കാര്യം പറഞ്ഞു, ഓന പറഞ്ഞ് വിടുകേം ചെയ്തു. പരാതി ലഭിച്ചാ മാത്രേ പ്രശ്നൂള്ളൂ, രാവിലെ ഇവിടെ ഇരിക്കുന്ന ഷിനുവില്ലെ ഓന സൂക്ഷിക്കുണം ഓൻ തമ്പി സാറിന്റെ ബന്ധുവാണ്. ചിലപ്പൊ ക്യാഷിൽ കയ്യിട്ട് കൊണ്ടോവും,..... യാതൊരു കാരണവശാലും ചായ വാങ്ങിക്കാനൊ, എണ്ണക്കടി വാങ്ങിക്കാനൊ നീ ഇവിടുന്ന് എണീക്കരുത്, ആള് തരികിടയാ. അത് നിന്റെ തലയിലാവുകേം ചെയ്യും. നിങ്ങടെ നാട്ടുകാർക്ക് നല്ല പേരാണല്ലൊ ഇവിടെ, അവനും രണ്ടു പേരെ പുറത്താക്കിയിട്ടുണ്ട്.

(റോഹനിലേക്ക് മാത്രം വെളിച്ചം,പതിയെ ദേവദാസും ഷിനുവും മാനേജറും ചുറ്റും വരുന്നു,ഒരു ക്രോസ് വിസ്താരത്തിന്റെ പ്രതീതി)

മാനേജർ: റോഹന് വല്ല കുഴപ്പമുണ്ടോ?  (ദേഷ്യത്തോടെ)

റോഹൻ: ഇല്ല സാർ

മാനേജർ: ഇവിടുന്ന് കിട്ടുന്ന ശമ്പളം നിന്റെ പഠിത്തത്തിന് തികയുന്നില്ലെ?

റോഹൻ: പഠിക്കാൻ ചേരാൻ ചോദിച്ചതെ ഉള്ളൂ സർ ചേർന്നിട്ടില്ല.

മാനേജർ: ഇനി താൻ പേടിക്കേണ്ട,തമ്പി സാറിന്, വിശ്വസിക്കാൻ കൊള്ളരുതാത്തവരെ ഇഷ്ടമല്ല, ഇപ്പൊ തന്നെ നീ സ്ഥലം വിടേണ്ടിവരും,

(ദേവദാസ് ഇടയിൽ കയറുന്നു)

ദേവദാസ്: അനിൽ സാർ വൈറ്റേർസിൽ ആള് കുറവാണ്, ഇവനെ ഞങ്ങൾക്ക് തന്നേക്ക്.

(ഷിനുവിന് ചെറുതായി വിക്കുന്നുണ്ട്)

ഷിനു: നീ...കണ്ടൊ.... ഞാൻ..... ഞാൻ...രൂപായെ.......ടുക്കുന്നത്...നീ...കണ്ടൊ.....,പി... പിന്നെ നീ എങ്ങനെയാ ......നീ ...എ.. എന്റെ പേര് പറഞ്ഞത്,?

മാനേജർ: (ഷിനുവിനെ ഇരുത്തി ചിരിയോടെ ) അതെ ഷിനു തമ്പി സാറിന്റെ ബന്ധുവാണ്,

റോഹൻ: അറിയാം പറഞ്ഞ് കേട്ടിട്ടുണ്ട്

മാനേജർ: (ഷിനുവിനെ നോക്കി ചിരിക്കുന്നു) എനിക്ക് തോന്നുന്നത് ഇവൻ വൈറ്ററുടെ പണിചെയ്താൽ കൂടുതൽ പ്രശ്നമാകുമെന്നാണ്.... (ശബ്ദം കൂട്ടി) ബില്ല് മാറിക്കൊടുത്തൊ, കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാറിയൊ, വലിയ അബദ്ധങ്ങൾ ചെയ്യും, കാറ്ററിംഗ്, ക്ലീനിംഗ്,റുംബോയ് അങ്ങനെ വല്ലതുമാണ് ഇവന് നല്ലത്, ബിരുദം നേടിയിട്ടൊന്നും ഒരു കാര്യവും ഇല്ല, വകതിരിവ്, കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ്, വേണം (സന്ദേഹത്തോടെ) നീ മദ്യപിക്കുമൊ? അല്ല നീ മദ്യപിക്കുന്നു, ദീപുവിനെകൂടി മദ്യപിക്കാൻ പ്രേരിപ്പിക്കുന്നു. എന്നൊക്കെയാണ് എനിക്ക് കിട്ടിയ വിവരം, ഷിനു ഇവിടെ പത്ത് പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്നു, അവനൊരിക്കലും തെറ്റ് പറ്റില്ല, എന്റെ റക്കമെന്റിലാണ് നീ ഇവിടെ കൂടിയത് ഇത് തമ്പി സാററിഞ്ഞാൽ തന്റെ പണി പോവും,

ദേവദാസ്: അനിൽ സാർ ക്ഷമിക്കൂ,

ഇവൻ എന്റെ നാട്ടുകാരനാണ് , മാത്രമല്ല അവനിവിടെ വന്നിട്ട് ഒരു മാസമല്ലെ ആയുള്ളൂ,അവൻ പഠിക്കും ഷിനു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കും.

റോഹൻ: എനിക്ക് ടിപ്പായിട്ട് കിട്ടുന്നത് ഒരു ദിവസം 30രൂപയാണ്, ആ പൈസ വൈകുന്നേരം എണ്ണക്കടി വാങ്ങി ചായയ്ക്കൊപ്പം കഴിക്കും, അല്ലാതെ ആയിരം രൂപ മുക്കുന്നതിനെകുറിച്ച് ഞാൻ ആലോചിച്ചിട്ട് കൂടിയില്ല.

ഷിനു: (വിക്കോടെ) ഇവന്...തെ.. തെറ്റ് പറ്റി...യതായിരിക്കും, അന്ന് ശനിയാഴ്ചയായിരുന്നു. കൂലിപണിക്കാർക്ക് ശമ്പളം കിട്ടുന്ന ദിവസം. അന്ന് വൈകുന്നേരം നല്ല തിരക്കായിരുന്നു. പി.....റ്റെ പിറ്റെ ദിവസമാണ് ഇവന് ഷോർട്ടുള്ള കാര്യം പറയുന്നത്. ഇവന് നൂറിന്റെ നോട്ടിന്റെ പകരം ആയിരത്തിന്റെ നോട്ടെടുത്ത് കൊടുത്തു.അതാണ് സംഭവിച്ചത്.

റോഹൻ: (പ്രതിഷേധത്തോടെ) അതെനിക്ക് പറയാൻ പറ്റില്ല, ആയിരം രൂപ കൊടുത്തിരിക്കാം ഇല്ലായിരിക്കാം. പക്ഷേ ഇതിന് മുമ്പും ഒരു ബില്ലിംഗ് മാനെ ഷിനു മുഖാന്തരം പുറത്താക്കിയിരുന്നു.

ഷിനു: ഇവന് വട്ടാണ്... ആരൊക്കെയൊ പറയുന്ന വാക്ക് കേട്ട് എന്നെ തെറ്റിദ്ധരിക്കുന്നു. കസ്റ്റമറുമായി വഴിവിട്ട ബന്ധങ്ങൾ ഇവനുണ്ടാക്കുന്നു, റബ്ബറ് വെട്ടുകാരൻ മത്തായിച്ചന്റെ കൈയ്യീന്ന് സാഹിത്യപുസ്തകങ്ങൾ വാങ്ങി വായിക്കുക അയാൾക്ക് ഫ്രീ ആയി പെഗ്ഗിന് ബില്ലടിച്ച് കൊടുക്കുക, വരയൻ നാണുവിനെകൊണ്ട് സ്വന്തം ചിത്രം വരപ്പിച്ച് പെഗ്ഗ് കൊടുക്കുക, ഇതിയാന്നൊരു ദിവസം എല്ലാവരും കൂടി ചർച്ചയിലായിരുന്നു. ഇന്ത്യ,കമ്മ്യൂണിസം, കോൺഗ്രസ്, ബി.ജെ.പി ദളിത് സാഹിത്യം, പരിസ്ഥിതി വാദം എന്നൊക്കെ പറഞ്ഞ് അതിനെടേല് ജോണി മത്തായിച്ചനിട്ട് രണ്ട് പൊട്ടിച്ചു. അടിയന്തരാവസ്ഥയെന്നും, വിമോചനസമരോന്നൊക്കെ പറഞ്ഞായിരുന്നു അടി. ഇതിനൊക്കെ തുടക്കകാരൻ ഇവനാ, വെറുതെ ആൾക്കാരോട് വേണ്ടാത്തതൊക്കെ സംസാരിച്ച് കലഹമുണ്ടാക്കിക്കും, ഇവൻ ഇരുമ്പഴിക്കുള്ളിലാണല്ലൊ ഇരിക്കുന്നത്,..... കൗണ്ടറിനകത്ത്, അതുകൊണ്ടിവനെയൊന്നും ബാധിക്കില്ലല്ലൊ,.... പൊട്ടിയ ഗ്ലാസും, പാത്രവുമൊക്കെ പെറുക്കുന്നത് ആ ബംഗാളി പയ്യനാണല്ലൊ,... മത്തായിച്ചൻ ഇന്നലെയും വന്നെന്നോട് ചോദിച്ചു 'ആ ചെക്കന് എന്തേലും പറ്റിയതാന്നോന്ന്, എന്റെ ആവശ്യം ഒന്നേയുള്ളൂ, ഒന്നുകിൽ ഇവനെ മെയിൻ ബാറിലോട്ട് മാറ്റുക, ഇല്ലെങ്കിൽ പറഞ്ഞുവിടുക (തെല്ല് നിർത്തി)..... ( ഒന്ന് ശ്വാസം വലിച്ച് വിട്ടു) ഞാനാണ് എടുത്തതെന്നല്ലെ ഇവൻ പറയുന്നത് ... ഞാൻ........നാളെ തുക കൗണ്ടറിൽ എത്തിച്ചിരിക്കും,..... ഞാൻ.....അഭിമാനിയാണ്...... ഇല്ലെങ്കിൽ........ ഞാൻ തുടങ്ങുന്ന പുതിയ ബേക്കറി കട തോപ്പിച്ച് ഉണ്ടാക്കിയതാന്ന് നിങ്ങള് പറയുകേലെ,.... ഇവന്റെ പണിപോവാണ്ടിരിക്കാന അല്ലാതെ ..... ഇവന്റെ ആരോപണം സത്യമായതുകൊണ്ടല്ല, കാണുമ്പൊൾ ചെറിയൊരു സഹതാപം തോന്നുന്നു.

(ദേവദാസ് സന്തോഷത്തോടെ എണീക്കുന്നു, ഊർജ്ജസ്വലനാകുന്നു)

ദേവദാസ്: അനിൽ സാർ.......ഇവനെ എനിക്ക് വേണം.ടാ......നീ അടിയന്തരാവസ്ഥയെ കുറിച്ചെന്താ പറഞ്ഞത്?...... കുറച്ച് വിവരമുള്ളവർ വൈറ്റേർസ് ലിസ്റ്റിൽ വന്നാൽ നമ്മുടെ ടീമിന് കുറച്ച് ബലമാ....... പൊളിറ്റീഷ്യൻസിനോടും, വില്ലേജാപ്പീസന്മാരോടും കമ്പനിയടിക്കാൻ പറ്റിയ ഒരുത്തനും നമ്മുടെ ഗ്രൂപ്പിലില്ല, എന്തിന് നേരാം വണ്ണം കവിത ചൊല്ലാൻ കൂടി അറിയില്ല....... ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ തേടുന്നതും ഇത്തരം വൈറ്റേർസിനെയാണ്. അനിൽ സാർ സാഹിത്യതത്പരനും, രാഷ്ട്രീയനിരൂപകനുമായ ഇവനെ ഞാൻ നല്ലൊരു വൈറ്ററാക്കി മാറ്റും. തീർച്ച

മാനേജർ: ക്യാപ്റ്റൻ ഒന്ന് പോയിത്തരാവൊ, റസ്റ്റോറന്റിൽ തിരക്ക് കൂടി,ഷിനു നീയും പോയ്ക്കൊ 

(അവർ പോകുന്നു)

(സ്വഗതം) ഇതിപ്പൊ കാറ്ററിംഗിനും ആളില്ല, കിച്ചണിലും ആളില്ല, ക്ലീനിംഗിനാളില്ല, (ഉച്ഛത്തിൽ) വെറുതെ ബില്ലിംഗിൽ കിടന്ന് പൈസേം ഷോർട്ടാക്കി നടക്കുന്നു. നിനക്ക് പറ്റിയത് റൂംബോയ് ആണ്, കുറച്ച് ഇംഗ്ലീഷ് സംസാരിക്കാനറിഞ്ഞിരുന്നെങ്കിൽ റിസപ്ഷനിലാക്കാമായിരുന്നു. ഇവിടെ വിദേശികൾ വരും, അവർക്ക് സെർവ് ചെയ്താൽ നല്ല ടിപ്പും കിട്ടും, ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളും ഇവിടെ വരുത്തുന്നുണ്ട്, ദിവസേന വായിച്ചാൽ ഇംഗ്ലീഷ് മെച്ചപ്പെടും, ഹാഡ്രോയിഡ് സെറ്റാണെങ്കിൽ, സ്പോക്കൺ ഇംഗ്ലീഷ് ഡൗൺലോഡ് ചെയ്താലും മതി, ഇല്ലെങ്കിൽ ക്ലാസിന് പോകണം, നിനക്ക് കിട്ടുന്ന ശമ്പളത്തീന്നത് ചെയ്യണം, അതുവരെ മെയിൻ ബാറിൽ നിക്ക്, അവിടെയാവുമ്പൊ രണ്ടുപേരുണ്ട്, ബോട്ടിലും പെഗ്ഗും അതുകൊണ്ട് അത്ര പ്രശ്നം വരില്ല, ആന്റപ്പനും,സന്തോഷും, ബാലകൃഷ്ണനുമാണ് അവിടത്തെ ബില്ലിംഗ് സ്റ്റാഫുകൾ,നീ കൂടിയാൽ അവർക്ക് സഹായാവും, ഷിഫ്റ്റാണ് രാവിലെ 7മുതൽ 3വരെ,3മുതൽ രാത്രി 11വരെ രണ്ടിലേതും നിനക്ക് തീരുമാനിക്കാം.... അവിടത്തെ കസ്റ്റമേഴ്സ് കുറച്ച് മാന്യന്മാരാണ്..... നാള നിനക്ക് കേറാം ഒ.കെ

(മാനേജർ വിട്ട് പോകുന്നു,റോഹൻ എഴുന്നേൽക്കുന്നു)

റോഹൻ : അമ്മേ,....എനിക്കറിയുന്നില്ല അച്ഛനെന്തിനാണ് മദ്യത്തിൽ വിഷം കലർത്തി മരിച്ചതെന്ന്, ഇവിടങ്ങളിലെ കുടിയന്മാർ, നല്ല രാഷ്ട്രീയ ചിന്തകരും,സ്ഥിരോത്സാഹികളുമാണ്, അവർ ആത്മഹത്യയെ പറ്റി ചിന്തിക്ക പോലുമില്ല,.....

അച്ഛനെപ്പോലെ കടം വാങ്ങി കുടിക്കുന്ന ഒരു പിച്ചക്കാരനെ ഞാൻ കണ്ടു, പക്ഷേ അയാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയില്ല, ഞാനിന്ന് മെൻ ബാർ കൗണ്ടറിലേക്ക് മാറുന്നു, നമ്മുടെ ജീവിതനിലവാരത്തെക്കാളും ഉയർന്ന മദ്യപാനികളുമായിട്ടാണ് സഹവാസം ഒരു പക്ഷെ അതിൽനിന്നെങ്കിലും , അടിമ എന്ന് അച്ഛൻ ഇടയ്ക്കിടെ പറയാറുള്ളതിന്റെ പൊരുൾ മനസിലാക്കാൻ പറ്റുമായിരിക്കും, എന്തായാലും അതിനുള്ള കാരണം മദ്യപാനികൾക്കിടയിൽ നിന്ന് തന്നെ ഞാൻ കണ്ടെത്തും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ