കേരളാ-തമിഴ്‌നാട് അതിർത്തി തീർക്കുന്ന സഹ്യസാനുവിലൂടെ ഒരുക്കങ്ങളൊന്നുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ ഒരു വനയാത്രയെപ്പറ്റി ഇനി പറയാം.
ഒരു പൊതുസുഹൃത്തിനെ കാണാൻ, മുൻ സബ് ഇൻസ്‌പെക്ടർ ആയ അനസ് ഹുസൈനും, ഖത്തറിൽ നിന്നും തിരികെയെത്തിയ അദ്ധ്യാപകനായ ഹരിക്കുട്ടനും ഒപ്പം ഇറങ്ങിയതാണ്. പുനലൂർ പട്ടണത്തിൽ എത്തിയപ്പോൾ അറിഞ്ഞു, അയാൾക്ക് എന്തോ അസൗകര്യമുണ്ട് എന്ന്. എങ്കിൽ പിന്നെ പുനലൂരിന്റെ കിഴക്കൻ മേഖലയായ ചാലിയക്കരക്ക് പോകാം എന്ന് നിർദേശിച്ചത് അനസ് ആണ്. പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. പുനലൂരിൽ നിന്നും കഷ്ടിച്ചു 30 മിനിറ്റുകൊണ്ടു ഞങ്ങൾ നെല്ലിപ്പള്ളി വഴി ചാലിയക്കര എത്തി. സഹ്യന്റെ മടിത്തട്ടായ ഈ പ്രദേശത്തു, വിശാലമായ റബ്ബർ എസ്റ്റേറ്റും, അങ്ങിങ്ങായി വീടുകളും കൃഷിയിടങ്ങളും ഉണ്ട്. കല്ലടയാറിന്റെ പോഷകനദിയായ മുക്കടയാർ അമ്പഴത്തറ വഴി ഒഴുകി, ചാലിയക്കര കടന്നു മുക്കട എത്തി കല്ലടയാറിൽ ചേരുന്നു. പ്രസിദ്ധമായ AVT റബ്ബർ സ്റ്റേറ്റിലൂടെ, ആറിന്റെ തീരത്തെത്തി. ഉണക്കു തുടങ്ങിയിരുന്നതിനാൽ ജലം കുറവായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്ന കയങ്ങളിൽ, പോത്തുകൾ വിശ്രമിക്കുന്നു; അവയ്ക്കു പുറത്തു വെള്ളക്കൊക്കുകളും. 1877 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പുനലൂർ തൂക്കുപാലം കൂടാതെ ചെറിയ ഒരു തൂക്കുപാലം ചാലിയാക്കരയിലും ഉണ്ട് എന്നത് പലർക്കും അറിയില്ല.
യാത്ര കറവൂർ വരെ നീട്ടിയാലോ എന്നായി അടുത്ത ആലോചന. അടുത്ത അര മണിക്കൂറിനുള്ളിൽ കറവൂർ എത്തി. കല്ലടയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന തെന്മല ഡാമിൽ നിന്നും വരുന്ന അക്വഡക്ട്, ചാലിയക്കര, കറവൂർ വഴി കടന്നുപോകുന്നു. ഇവിടം ഗ്രാമപ്രദേശമാണ്. പന്നികൾ കൃഷി നശിപ്പിക്കുന്നതിനാൽ മരച്ചീനി, കാച്ചിൽ, ചേന തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ നട്ടു വളർത്താൻ കർഷകർ വിമുഖത കാട്ടുന്നു എന്ന് തദ്ദേശവാസികൾ പറഞ്ഞു. കറവൂർ അക്വഡക്റ്റിനു സമീപമുള്ള ചെറിയ റെസ്റ്റാറ്റന്റിൽ നിന്നും ഭക്ഷണം കഴിച്ചു യാത്ര തുടർന്നു.
കറവൂരിൽ നിന്നും ഒരു മണിക്കൂർ വനത്തിലൂടെ യാത്ര ചെയ്‌താൽ അച്ചൻകോവിലിൽ എത്താം. അതായി അടുത്ത ലക്‌ഷ്യം. വനഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റിയ ഇടം. ചീവീടുകളുടെ സംഗീതവും, അതിനകമ്പടിയായി ദല മരമരവും, ഇരുവശവുമായി ഇടതൂർന്ന പച്ചപ്പും, നീരൊഴുക്കുകളും യാത്രക്കാരെ അനുഭൂതിയുടെ ലോകത്തെത്തിക്കും. പോകും വഴിക്ക് കേരളാ സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ വക റബ്ബർ എസ്റ്റേറ്റുകൾ, കൈതത്തോട്ടങ്ങൾ, സ്വകാര്യ വ്യക്തികളുടെ വലിയ വാഴത്തോപ്പുകൾ, നീരൊഴുക്കുകൾ എന്നിവ കണ്ണിനു കുളിരേകുന്നു.
പുനലൂരിൽ നിന്നും അച്ചൻകോവിലിനു KSRTC ബസ് സൗകര്യമുണ്ട്. കറവൂരിൽ നിന്നും ഓലപ്പാറ, ചെരുപ്പിട്ടക്കാവ്, മുള്ളുമല എന്നീ പ്രദേശങ്ങൾ കഴിഞ്ഞു ചെമ്പനരുവിയിൽ എത്തുന്നു. അവിടെനിന്നും കോന്നി അച്ഛൻ കോവിൽ റോഡ് വഴി അച്ഛൻകോവിലിൽ എത്താവുന്നതാണ്. പോകുന്ന വഴിയിലായാണ് മുള്ളുമല വെള്ളച്ചാട്ടം. ചെറുതെങ്കിലും മനോഹരമാണ് ഈ വെള്ളച്ചാട്ടം. അടുത്തുള്ള ഫോറസ്റ് ഓഫീസിൽ നിന്നും പാസ് വാങ്ങി സൗജന്യമായി അവിടേയ്ക്കു പോകാവുന്നതാണ്. വൈകിട്ട് അഞ്ചു മണിക്കു ശേഷം സന്ദർശകരെ കടത്തിവിടുകയില്ല.
ചെമ്പനരുവി മുതൽ റോഡിനു സമാന്തരമായി അച്ഛൻകോവിൽ നദി ഒഴുകുന്നു. ജനുവരി മാസത്തിൽ ജലം മിതമായി പരന്നൊഴുകുന്നതിനാൽ ചില കടവുകളിൽ ഇറങ്ങാവുന്നതാണ്. നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഉണ്ടാകുന്ന മഴ ചിലപ്പോൾ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിനു കാരണമാകും. അതിനാൽ വനമേഖലയിൽ ഉള്ള നീരൊഴുക്കുകളിലും, അരുവികളും, ഇറങ്ങാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ തീരുമാനം. പരിചയമില്ലാത്ത ജലാശയങ്ങളിൽ കുളിക്കാനും, നീന്താനുമായി ഇറങ്ങാതിരിക്കുക. അതുപോലെതന്നെ ഈ യാത്രയിൽ ആനകളെ ഏതു സമയത്തും പ്രതീക്ഷിക്കാവുന്നതാണ്. ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനായി എപ്പോൾ വേണമെങ്കിലും നിരത്തു കടന്നു പോകാവുന്നതാണ്. അവയെ ഒരു കാരണവശാലും പ്രകോപിപ്പിക്കരുത്. ആനക്കൂട്ടങ്ങൾ പൊതുവെ ശാന്തരാണെങ്കിലും, ഒറ്റതിരിഞ്ഞുള്ള ആനകൾ അപകടകാരികളാണ്.
വനയാത്രകളിൽ സമ്പൂർണമായ നിശബ്ദത പാലിക്കുക എന്നതും, മാലിന്യങ്ങൾ (പ്രത്യേകിച്ച് പ്ലാസ്റ്റിക് ) നിക്ഷേപിക്കാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഒരു കാരണവശാലും കുപ്പികൾ (ഗ്ലാസ്) വനങ്ങളിൽ വലിച്ചെറിയരുത്. നമ്മളെപ്പോലെ ആനയും മറ്റു ജീവികളും ചെരുപ്പ് ഉപയോഗിക്കില്ലല്ലോ! നിങ്ങൾ വന ഭംഗി ആസ്വദിക്കുമ്പോൾ, ഒരു കാരണവശാലും അവിടെ സ്വാഭാവിക ജീവിതം നയിക്കുന്ന ഒരു ജീവിക്കും ദുരിതം വിതയ്ക്കരുത്. അതു കേവലമായ മനുഷ്യത്വം മാത്രമാണ്. ആസ്വദിക്കാനായി പോകവേ വലിച്ചെറിഞ്ഞ കുപ്പി പൊട്ടി കാലിൽ വ്രണവുമായി മല്ലിട്ടു മരിച്ച ആനകൾ ഈ നാട്ടിൽ അനവധിയാണ്.
നദിയുടെ വീതി കൂടിയ പ്രദേശങ്ങൾ വളരെ മനോഹരമാണ്. കുളിർ കാറ്റിൽ എത്ര നേരം വേണമെങ്കിലും ശാന്തമായി വിശ്രമിക്കാൻ തോന്നിപ്പോകും.
നൂറ്റിയെട്ടു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ഛൻകോവിൽ ശാസ്താ ക്ഷേത്രം പുരാതനവും, പ്രശസ്തവുമാണ്. കാലത്തു 5 മണിക്കു നട തുറക്കും. ഉച്ച 12 നു നട അടയ്ക്കും. വൈകിട്ട് 5 നു തുറന്ന് 7.30 നു വീണ്ടും നട അടയ്ക്കും. ക്ഷേത്ര വളപ്പിലാണ് KSRTC ബസുകൾ പാർക്ക് ചെയ്തിരിക്കുന്നത്. കുറച്ചു കടകളും, മറ്റു സൗകര്യങ്ങളും ക്ഷേത്രത്തിന്റെ പ്രസരങ്ങളിൽ ഉള്ളതിനാൽ സന്ദർശകർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടു വരില്ല. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള PWD റസ്റ്റ് ഹൗസിൽ പരിമിതമായ താമസ സൗകര്യം ലഭ്യമാണ്.
കുറച്ചു സമയം ക്ഷേത്രപരിസരത്തു ചെലവിട്ട ശേഷം, ഞങ്ങൾ കോട്ടവാസൽ വഴി സഹ്യപർവ്വതം കയറി ഇറങ്ങി തമിഴ് നാട്ടിലെത്തി. കയറ്റിറക്കങ്ങളും, ഹെയർപിൻ വളവുകളും ഉള്ള യാത്രയ്ക്കിടയിൽ വനപാലകനായ സതീഷുമായി സംസാരിച്ചു. കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹം ഈ പ്രദേശത്തു കരടിയെ കണ്ടിരുന്നു എന്ന് പറഞ്ഞു. യാത്രയിൽ കാട്ടു കോഴികളും, വിവിധയിനം പക്ഷികളും, പന്നികളും ഞങ്ങൾക്കു ദർശനം നൽകി. മല ഇറങ്ങി വരുന്ന വഴിക്കാണ് അടവിനെയ് നാർ ഡാം. ഏതാനും കിലോമീറ്ററുകൾ യാത്ര ചെയ്‌താൽ ചെങ്കോട്ട പട്ടണത്തിലെത്താം. തിരുമല ക്ഷേത്രവും, കുറ്റാലം വെള്ളച്ചാട്ടവും അടുത്ത പ്രദേശങ്ങളിലാണ്. അര മണിക്കൂർ വണ്ടിയോടിച്ചാൽ ഇവിടങ്ങളിൽ എല്ലാം എത്താവുന്നതാണ്. മറ്റൊരവസരത്തിൽ ഇവിടങ്ങൾ സന്ദർശിക്കാം എന്നു തീരുമാനിച്ചു ഞങ്ങൾ NH 744 വഴി തിരികെ പുനലൂർ എത്തി. വരുന്ന വഴിക്കാണ്, ആര്യങ്കാവ് ക്ഷേത്രം, മനോഹരമായ റോസ് മല, തെന്മല ഡാം, തെന്മല ഇക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം എന്നിവ. ഈ അറിവ് വായക്കാർക്കു ഉപകരിക്കും എന്നു കരുതുന്നു.
ക്ഷിപ്ര യാത്ര ആയിരുന്നെങ്കിലും, 5 മണിക്കൂർ കൊണ്ട് കടന്നു പോയത് മനോഹരമായ ശാന്ത പ്രദേശങ്ങൾ ആയിരുന്നു.