ചിദാകാശ വീഥിയിൽ
മൗനം വാസന്തമായ്
പൂവിട്ടു നിൽക്കുമാ
അചല ശിഖരത്തിലേക്ക്
ധ്യാനകുങ്കുമക്കുറിയണിഞ്ഞു
കൊച്ചു ശലഭമായ്
പറക്കുവാൻ മോഹം...
യാത്രകൾ പലതും ആഗ്രഹങ്ങളുടെ ആനന്ദപൂർണ്ണിമയാണെങ്കിലും അതിനുപിന്നിൽ ഗൂഢമായ ഒരു രഹസ്യം ഒളിപ്പിച്ചുവെക്കാറുണ്ട്. ഭക്തിയുടെ ഭസ്മത്തിലലിഞ്ഞു, മൗനത്തിന്റെ വാചലതയിലൂടെ, മനസ്സിന്നുള്ളാഴങ്ങളിലേക്കിറങ്ങി 'ഞാൻ' ആരാണെന്ന് അടുത്തറിയാൻ ഒരു യാത്ര പോകണം. മനസ്സിനകം ശൂന്യമാക്കാനുള്ള യാത്രാവഴി തേടുമ്പോഴാണ്, സമാനചിന്താഗതിയുമായി നടക്കുന്ന രാജേഷ്,സുരേശൻ,സുധീരൻ,ഷാജി എന്നിവരുടെ സൗഹൃദകൂട്ടത്തിൽ അണിചേരാൻ ഭാഗ്യം സിദ്ധിച്ചത്.
പ്രശാന്തിയുടെ വിഭൂതിയണിഞ്ഞ തിരുവണ്ണാമലൈ അരുണാചലേശ്വരന്റെ തിരുനടയും ആത്മസാധനയിലൂടെ ആത്മപ്രകാശം സിദ്ധിച്ച രമണ മഹർഷിയുടെ ആശ്രമവും തെരഞ്ഞെടുക്കാൻ രണ്ടാമതൊരു അലോചനയുടെ ആവിശ്യമുണ്ടായിരുന്നില്ല.
എന്നാൽ അവസാന നിമിഷം മാററിവെച്ച യാത്ര വീണ്ടും നടപ്പിലാക്കിയപ്പോൾ, പീലികളടർന്നുപോയ മയിൽപ്പീലിതുണ്ടിൽ നഷ്ടമായതെന്തോ തിരിച്ചുകിട്ടുമ്പോൾ ഉണ്ടാവുന്ന അവാച്യമായ അനുഭൂതിയാണ് മനസ്സിനു ലഭിച്ചത്.
അത്തരം അനന്തവും അനശ്വരവുമായ ഒരു ആനന്ദത്തിലാറാടി 2023 ജനുവരി 26ാം തീയ്യതി, രാവിലെ ഏകദേശം 6 മണിയോടുകൂടി ഞങ്ങള്‍ വടകരയിൽ നിന്നും →കൂർഗ് → ഹൊസൂർ → കൃഷ്ണഗിരി → ചെങ്ങം → വഴി തിരുവണ്ണാമലൈയിലേക്ക് യാത്ര തിരിച്ചു.
യാത്ര ദൂരമായി പരിണമിച്ചപ്പോൾ, മാരുതി ഇഗ്നിസ് കാറിൽ ഏകദേശം 522 കി.മി താണ്ടണം. കിതച്ചു നിന്നു പോകാത്ത കാറിൽ, പൂത്തുലയുന്ന സൗഹൃദത്തിന്റെ ഹർഷാരവങ്ങളുണ്ടെങ്കിൽ, കാതങ്ങളെ ഹൃസ്വങ്ങളാക്കി ഭൂമിയുടെ ഏതറ്റം വരെയും യാത്രപോകാം എന്നുറച്ചു വിശ്വസിച്ചു ഞങ്ങൾ യാത്ര തുടങ്ങി.
ശിശിരകാല ഋതു, വയനാടൻ ചുരത്തിലെ ചോലമരങ്ങളെ ഉടുപ്പിച്ച ഈറൻ ഉടയാടയുടെ ആർദ്ര ഗന്ധവും കണ്ണുപൊത്തി, കാതിൽ പുന്നാരം മൂളിയെത്തുന്ന കുഞ്ഞിളംകാറ്റും കാറിലുയർന്ന ആനന്ദതിരകളെ തഴുകിയുയർത്തി.
ഇഗ്നിസ് കാർ, പിന്നീട് കൂർഗിലെ രമ്യഭൂവിലൂടെ ഓടുമ്പോൾ, ലാവണ്യവതിയായി നാണിച്ചു നിൽക്കുന്ന ബ്രഹ്മഗിരി മലനിരകളെ തഴുകിവരുന്ന കാറ്റിന്റെ പ്രിയരാഗം പ്രത്യേക ഊർജ്ജം പ്രദാനം ചെയ്യുന്നുണ്ടായിരുന്നു.
പ്രകൃതി തരുന്ന നിസ്സീമമായ സ്നേഹസസ്മൃണം അനുഭവിക്കുമ്പോൾ, മനുഷ്യന്റെ ദുരമൂത്ത ഇടപെടൽ മൂലം അകാലചരമത്തിനായി പ്രാർത്ഥിക്കുന്ന പ്രകൃതിയുടെ തേങ്ങൽ കാതിലെവിടെയോ വിങ്ങി നില്ക്കുന്നുണ്ടായിരുന്നു.
ഉച്ചക്ക് 3 മണിയോടെ ഹൊസൂറിലെ അടയാർ ആനന്ദഭവനിൽനിന്നും രുചിയേറിയ സൗത്ത് ഇൻഡ്യൻ താലിയും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.
തമിഴ്ഗ്രാമങ്ങളുടെ സൗന്ദര്യം അടുത്തറിഞ്ഞ് കാർ ഓടികൊണ്ടിരുന്നു. റോഡിനിരുവശവും പ്രത്യക്ഷപ്പെട്ട വാഴത്തോട്ടങ്ങളും നെൽപാടങ്ങളും ജമന്തിപൂക്കളും കണ്ണിനു ചേതോഹരമായ കാഴ്ചയൊരുക്കി.
പാറക്കെട്ടുകളും പുല്‍മേടുകളെ തേടി നീങ്ങുന്ന ആട്ടിപറ്റങ്ങളും കൊച്ചു കൊച്ചു കുടിലുകൾ നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമങ്ങളും വാക്കുകൾക്കതീതമായ കാഴ്ചാനുഭൂതി ഉളവാക്കി
ഓരോ ഫ്രെയിമും കണ്ണുകളാൽ ഒപ്പിയെടുത്ത് മനസ്സിൽ സൂക്ഷിക്കാൻ പാകത്തില്‍ വണ്ടി രാജേഷ് പതുക്കെ ഓടിച്ചു. ഉച്ചയുറക്കത്തിനു പിടികൊടുക്കാതെ തമിഴകത്തിലെ റോഡിലൂടെയുള്ള ഡ്രൈവിംഗ് ആസ്വദിക്കുകയാരുന്നു രാജേഷ്.
ദൂരെ കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ പണിയെടുക്കുന്ന കാലികളെ കണ്ടപ്പോൾ സൂരേശനിൽ നിന്നും ആത്മഗതമുണ്ടായി. "എല്ലാം വിദേശികളാ. നാടൻ കന്നുകാലികൾ ഒന്നുപോലുമില്ല!. നമ്മുടെ നാട്ടിൽ ഇപ്പോഴെല്ലാം ജേഴ്സി പശുക്കളാ. ഇങ്ങിനെ പോയാൽ?"
ഉദ്യോഗവൃത്തിക്കിടയിലും കൃഷിയിലും മൃഗപരിപാലനത്തിലും താത്പര്യം കാണിക്കുന്ന സുരേശന്റെ ആത്മഗതം മറ്റുള്ളവരിലും ഓരാധി പടർത്തി.
നാടൻ പശുക്കളേയും വിദേശികളെയും എങ്ങിനെ തിരിച്ചറിയാം എന്ന സുധീരന്റെയും ഷാജിയുടെയും ഒരുമിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുരേശൻ ഒരു ശ്ലോകം ചൊല്ലി.
"മുതുകിൽ പൂണിഒന്നെങ്കിലും വേണം
ആഭയാർന്ന തൊങ്ങലോ തൂങ്ങിയാടണം
ബലമാർന്ന കാലുംകൊമ്പും നീളമേറിടണം
ഒതുങ്ങി നില്കും പ്രഷ്ഠഭാഗവും
ചേർന്നലതു നാടൻ പശുവിൻ പഞ്ച ലക്ഷണം"
പിന്നീട്, എല്ലാവരുടെയും നോട്ടം, റോഡരികിൽ കാണുന്ന കാലികൾ നാടനോ വിദേശിയോ എന്നറിയാനായി. സുരേശന്റെ ചുണ്ടിൽ ചെറുപുഞ്ചിരിയും
ഇടയിൽ ചായകുടിക്കാനിറങ്ങിയ കടയിലെ ശുനകരാജൻ സുരേശനോട് പ്രത്യേക സ്നേഹം പ്രകടിപ്പിച്ചു. സ്നേഹം ഒരു പാക്കറ്റ് ബിസ്ക്കറ്റിലാക്കി സുരേശൻ ശുനകനു തിരിച്ചു നൽകി. കാറിലെ ചർച്ച നാടൻ നായ്ക്കളിലേക്ക് വഴിമാറി.
അഴകും, ശൗര്യവും സ്നേഹവും ആവോളമുള്ള രാജപാളയം നായ്ക്കൾക്ക്, മറ്റു വിദേശയിനങ്ങൾക്ക് കിട്ടുന്ന പ്രീതി കിട്ടാതെ പോയതു, അവർ വെറും നാടനായതുകൊണ്ടു മാത്രമാണെന്ന് സുരേശൻ ഖേദത്തോടെ പറഞ്ഞു
നന്മകളുടെ കലവറയായ നാടൻ ജീവികളുടെയും വസ്തുക്കളുടെയും മഹത്വവും അവയോടുള്ള സ്നേഹവും പൂത്തുലഞ്ഞുകൊണ്ടരിക്കേ, അങ്ങ് ദൂരെ സായന്തനത്തിന്റെ ചുവപ്പ് രാശിയിൽ മുങ്ങിനില്ക്കുന്ന അരുണാചലം മലയുടെ ശിഖിരം ദൃശ്യമായി.
കാർ പതുക്കെ തിരക്കുപിടിച്ച ക്ഷേത്ര വീഥിയിലേക്കുകടന്നു. ഒഴുകി വന്ന കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെ ഭക്തിഗന്ധം നീണ്ട യാത്രയുടെ മുഴുവൻ ആലസ്യത്തേയും മായ്ചുകളഞ്ഞു.
തിരുവണ്ണാമലയുടെ ആകാശത്തിലൂടെ സായന്തന പറവകൾ കൂടണയാൻ പറക്കുമ്പോൾ, തിരക്കുപിടിച്ച റോഡിന്നോരത്ത് കാർ ഒതുക്കി, രാവിൽ തലചായ്ക്കാനൊരിടം തേടി ഞങ്ങളും.
മണികിലുക്കിയോടുന്ന കാളവണ്ടികൾ, ദിശതെറ്റാതെ ഒരേ വരിയിൽ നടന്നു നീങ്ങുന്ന പശുക്കൾ, പച്ചക്കറികളും ഫലങ്ങളും വിൽക്കുന്ന സ്ത്രീകൾ, ശിവസ്തുതികൾ ചൊല്ലി നടന്നു പോകുന്ന ഭക്തർ, തിരുവണ്ണാമല സജീവമായിരുന്നു
ഗതകാലപ്രതാപങ്ങളുടെ ശേഷിപ്പുകള്‍ പേറിനിൽക്കുന്ന കെട്ടിടങ്ങളിൽ ആധുനികതിയുടെ പുറംമോടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്, അങ്ങിനെ നഗരത്തിന്റേയും ഗ്രാമത്തിന്റേയും ഒരു സമ്മിശ്രിതരൂപമാണ് തിരുവണ്ണാമലയ്ക്ക്.
തിരക്കുപിടിച്ച തെരുവിലൂടെ നടന്നുനീങ്ങി, ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള 'ലിംഗാ' ലോഡിജിലെടുത്ത, മുറിയിൽ ബാഗുകൾ നിക്ഷേപിച്ചു, ഞങ്ങൾ വേഗം പുറത്തിറങ്ങി.
ചുവന്ന വസ്ത്രങ്ങൾ ധരിച്ചു, ഭക്തിയുടെ ലഹരിയിൽ എല്ലാം മറന്നു, ശിവസ്തുതി പാടിപോകുന്ന തീർത്ഥാടകരുടെ ചുവടു പിടിച്ചു അരുണാചലേശ്വര ക്ഷേത്രത്തിലേക്ക് നടന്നു.
അരുണാചല മലയുടെ താഴ്വാരത്താണ് അരുണാചലേശ്വര ക്ഷേത്രം. മണ്ണും,മഴയും,കാറ്റും,ആകാശവും, അഗ്നിയും ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളിലെ അഗ്നി ശിവചൈതന്യമായ് പ്രകൃതിയിലലിയുന്ന പുണ്യസ്ഥലം.
സഹസ്രാബ്ദം പഴക്കമുള്ള ഈ ക്ഷേത്രസമുച്ചയം പത്ത് ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നു.ദശലക്ഷം ഭക്തർ പങ്കുകൊള്ളുന്ന കാർത്തിക ദീപോത്സവമാണ് പ്രധാന ക്ഷേത്രോത്സവം.
കിഴക്കുഭാഗത്തുള്ള പ്രൌഢഗംഭീരമായ രാജഗോപുരത്തിലൂടെ ഞങ്ങൾ ഉള്ളിലേക്ക് കടന്നു. ഇതുകൂടാതെ, ഓരോ ദിക്കിലുമായി മൂന്നു പ്രവേശന ഗോപുരങ്ങൾ കൂടി ക്ഷേത്രത്തിനുണ്ട്.
രാജഗോപുരത്തിനു തന്നെ, പിന്നിൽ നിരയായി മറ്റു രണ്ടു ചെറിയ ഗോപുരങ്ങൾ കൂടിയുണ്ട്. ഗോപുര നടയിൽ നിശ്ചലചിത്രങ്ങള്‍ പോലെ കാവിപുതച്ച സന്യാസിമാര്‍ ധ്യാനത്തിലിരിക്കുന്നുണ്ടായിരുന്നു.
ഏറ്റവും ഉള്ളിലെ ഗോപുരനടയിലെ കൽദീപത്തിനരികെ 365 നെയ്യതിരികൾ ഗോളരൂപത്തിലാക്കിയ ദീപം കർപ്പൂരത്തിനാൽ, നടയിൽ കത്തിച്ചു, മനസ്സുനിറഞ്ഞു പ്രാർത്ഥിച്ചു. നെയ്യിന്റെ സൗരഭ്യം ബാക്കി വെച്ചു കറുത്ത ധൂമങ്ങൾ ഇരുളിൽ അലിഞ്ഞുചേർന്നു.
നെയ്യ്തിരി വാങ്ങിച്ച അക്കയിൽനിന്ന് ക്ഷേത്ര സമയക്രമങ്ങൾ മനസ്സിലാക്കി. രാവിലെ 5:30 മുതൽ 12:30 വരെയും വൈകുന്നേരം 3:30 മുതൽ 9:30 വരെയും ക്ഷേത്രം നട തുറക്കും. ഘടികാരസൂചിയുടെ ചലനത്തിൽ ജീവിതക്രമം ചിട്ടപെടുത്തിയതിനാൽ, നേരം വൈകിയെന്ന വേവലാതിയിൽ, 'കണ്ണ' ഹോട്ടലിൽ നിന്നും സ്വാദിഷ്ടമായ ഓരോ ദോശയും കഴിച്ചു, ലോഡ്ജിലെത്തി കിടന്ന ഉടനെ നിദ്ര, മിത്രമായി കണ്ണുകളെ പുൽകി
പ്രഭാതം, മൊബൈൽ ഫോണിൽ ശ്രുതിമീട്ടി ഞങ്ങളെ ഉണർത്തി. പ്രഭാതകൃത്യങ്ങൾ പൊടുന്നനെ നിർവഹിച്ചു, 50 രൂപയുടെ ദർശന ടിക്കറ്റും വാങ്ങിച്ചു ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം വഴി ക്ഷേത്രത്തിനുള്ളിൽ കടന്നു
ശൈവഭക്തരുടെ ശിവസ്തുതിളിൽ മുഖരിതമായ ശ്രീകോവിലിൽ മനസ്സുതുറന്നു പ്രാർത്ഥിച്ചു. പാര്‍വതി ദേവി ഉണ്ണാമലയമ്മന്‍ എന്ന പേരിലാണ് ആരാധിച്ചുവരുന്നത്. ഗോപുരത്തിന്റെ കിളിവാതിലൂടെ ഊർനിറങ്ങുന്ന അർക്കകിരണങ്ങളാൽ സൗവർണ്ണ ശോഭയിൽ വിളങ്ങുന്ന ചൈതന്യത്തെ മനസ്സു തുറന്നു വണങ്ങി. എണ്ണിയാലൊടുങ്ങാത്ത പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കാതെ, ജീവിത പ്രഹേളികൾക്ക് ഉത്തരം തേടാതെ, പ്രതീക്ഷകളില്ലാതെ ആശകളില്ലാതെ മനസ്സിരുത്തി പ്രാർത്ഥിച്ചു.
ക്ഷേത്രത്തിനുപുറത്തു കടന്ന ഞങ്ങൾ ഗിരി പ്രദിക്ഷണത്തിനായി തയ്യാറെടുത്തു.
ആചാരസംഹിതകൾക്കനുസൃതമായി 14 കി.മി നഗ്നപാദരായി അരുണാചല മലയെ പരിക്രമണം ചെയ്യുന്നതാണ് ഗിരി പ്രദിക്ഷണം. പ്രകൃതിയുമായി ഇഴകി ഒരു മൺതരിയെ പോലും വേദനിപ്പിക്കാതെ നടത്തുന്ന ഈ പ്രദിക്ഷണം അഹംബോധത്തെ ഇല്ലാതാക്കും.
സമയക്കുറവും, അന്നു തന്നെ അരുണാചലമല കയറേണ്ടതിനാലും ഓട്ടോറിക്ഷയിൽ ഗിരി പ്രദീക്ഷണം നടത്താൻ ഞങ്ങൾ നിർബന്ധിതരായി. പ്രദിക്ഷിണ വഴിയില്‍ എട്ടു ദിക്കുകളിലായി ഇന്ദ്രന്‍, അഗ്നി, നിരുതി, വായു, കുബേരന്‍, ഈശാനന്‍ എന്നീ ദേവതകളാല്‍ ആരാധിക്കപ്പെട്ടുന്ന എട്ട് ശിവ ലിംഗങ്ങളുടെ ദര്‍ശന സായൂജ്യം ലഭിച്ചു.
ഷാജിയും രാജേഷും സുധീരനും കരിങ്കൽ ഗുഹക്കുള്ളിലെ നേരിയ വഴിയിലൂടെ ആയസപ്പെട്ടു ഇഴഞ്ഞു നീങ്ങി മോക്ഷ പ്രാപ്തി നേടിയെന്നു വിശ്വസിച്ചപ്പോൾ ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള മോക്ഷം എനിക്കുവേണ്ട എന്നു സുരേശൻ ഉറക്കെ പ്രഖ്യാപിച്ചു. അരുണാചലേശ്വര ക്ഷേത്രത്തെ കുറിച്ചുള്ള ചിന്തപോലും മോക്ഷദായകമാണല്ലോ!
ഗിരിപ്രദീക്ഷണത്തിനു ശേഷം, 'കണ്ണ' ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് അരുണാചല മലയുടെ താഴെയായി സ്ഥിതിചെയ്യുന്ന രമണാശ്രമത്തിലേക്കു പോയി.
അമൂല്യമായ അദ്വൈതദർശനം ആത്മീയ ലോകത്തിനു അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. 1922 മുതല്‍ 1950 വരെ രമണ മഹര്‍ഷി തിരുവണ്ണാമലയില്‍ താമസിച്ചിരുന്നു.
പൂര്‍വ്വാശ്രമത്തിൽ, തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുഴി ഗ്രാമത്തിൽ ജനിച്ച വെങ്കിട്ടരമണനാണ് , ആത്മീയ സാധനയിലൂടെ 'ഞാൻ' ആരെന്ന ചോദ്യത്തിനു ഉത്തരമേകിയ രമണ മഹര്‍ഷിയായത്.
പഴമയുടെ ഹൃദയതുടിപ്പ് പേറി നിൽക്കുന്ന ഒറ്റനിലയുള്ള കൊച്ചു കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ആത്മീയതയിൽ അലിയിച്ച ധ്യാനമാണ് ഇവിടുത്തെ ഭാഷ. കളി ചിരികൾ ഇല്ലാത്ത, തമാശകൾ ഇല്ലാത്ത ധ്യാനത്തിൻറെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം.
ആദ്യം കടന്നു ചെല്ലുന്നതു വിശാലമായ ഒരു ഹാളിലാണ്. നിറക്കൂട്ടിൽ തീർത്ത മഹര്‍ഷിയുടെ മൗനസ്മിതമേകുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ചൊല്ലുകളും ചുമരിൽ തൂക്കിയിട്ടിരിക്കുന്നു.
തികച്ചും നിശബ്ദമായ ഹാളിൽ നിറയെ ധ്യാനനിമഗ്നായിരിക്കുന്നവർ. ജീവിത വഴിത്താരയിൽ എവിടെയോ ഭയപ്പെട്ടുപോയവർ, അനന്തമായ ആത്മീയതയിൽ അലിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഹാളിൽ അല്പനേരം നിന്നപ്പോൾ അവാച്യമായ ഒരു ശാന്തി അനുഭവപ്പെട്ടിരുന്നു അലകളൊഴിഞ്ഞ ശാന്ത സാഗരത്തെപോലെ.
ഹാളിന്റെ പിൻവശത്തായുള്ള ധ്യാനമുറിയിലേക്കു കടന്നു. എങ്ങും നിശബ്ദത. ചുറ്റും ധ്യാനത്തിൽ മുഴുകിയവർ. ഒരു പുതു ലോകത്തിൽ എത്തിയ പ്രതീതിയിൽ മിഴിച്ചു നില്ക്കുമ്പോൾ, തിളങ്ങുന്ന സ്നേഹമോതുന്ന നീലകണ്ണുകളാൽ മൗന സ്മേരമേകി അടുത്തിരിക്കാൻ മൗനമായി മൊഴിഞ്ഞു. ആ ഇരിപ്പ് എത്രനേരം ഇരുന്നെന്ന് ഓർക്കുന്നില്ല. കണ്ണു തുറന്നപ്പോൾ മുമ്പിൽ ഷാജിയും സുധീരനും ധ്യാനലോകത്ത് മുഴുകി ഇരിക്കുന്നു. ലഘമ്യമായ മനസ്സുമായി, അപ്പൂപ്പൻതാടി പോലെ പുറത്തേക്ക് ഒഴുകിനീങ്ങി. സുരേശനും രാജേഷും ആകാശത്തു നോക്കി ധ്യാനത്തിലെന്നപോലെ വേപ്പിൻമരച്ചോട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഇനി അരുണാചലമലയുടെ ശിഖരങ്ങളെ തൊട്ടറിയണം ആശ്രമത്തിന്റെ പിറകിലൂടെയാണ് മലയിലേക്കുള്ള വഴി. വഴി തുടങ്ങുന്ന ഭാഗത്ത് ആൾതാമസമുള്ള ചെറുകുടിലുകൾ കാണാം.
പാറകഷ്ണങ്ങൾ പാകിയ ചെറുപാതകളിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നു. ആത്മീയതയുടെ പൊരുളറിയാൻ രമണമഹർഷി തപസ്സു ചെയ്ത സ്കന്ദാശ്രമവും വീരൂപാക്ഷ ഗുഹയുടെയും ചൈതന്യം അനുഭവിച്ചറിയാൻ.
നഗ്നപാദരായി ഉണങ്ങിയ ഇലകൾ മൂടിയ കരിങ്കൽപടവുകൾ ചവിട്ടിയപ്പോൾ, ഇതുവരെ കേൾക്കാത്ത രാഗങ്ങൾ കാതിലലയടിച്ചു. വഴിയുടെ ഇരുവശങ്ങളിലും നട്ടുവളർത്തുന്ന ചെടികളുടെ നിശ്വാസങ്ങളിലെ കുളിർമ നിരന്തര ഊർജ്ജം നൽകുന്നുണ്ടായിരുന്നു അരുണാചല റിഫോറസ്റ്റേഷൻ സമതിയാണ് ഈ ചെടികളുടെ പരിപാലനം നടത്തുന്നത്.
ആകാശ നീലിമ വാരി പുതച്ചു, മലമുകളിൽ നിന്നുള്ള തിരുവണ്ണാമല നഗരത്തിന്റെയും അരുണാചലേശ്വര ക്ഷേത്രത്തിന്റെയും കാഴ്ച അതിമനോഹരമാണ്.
വഴിയിൽ അരുണാചലമലയിലെ കല്ലുകൾ ഉപയോഗിച്ച് കരവിരുതിൽ ശില്പങ്ങൾ തീർക്കുന്നവരെ കാണാം. വിപണന തന്ത്രങ്ങളോ വിലപേശലുകളോ ഇല്ലാതെ ജോലിയിൽ മുഴുകിയിരിക്കുന്നവർ.
മുകളിലേക്ക് പോകുന്തോറും ചെറിയ ക്ഷീണവും കിതപ്പും തുടങ്ങി. കുടജാദ്രി യാത്രയില്‍ രാജേഷ് പറഞ്ഞു തന്ന മല കയറ്റത്തിന്റെ അടിസ്ഥാന മന്ത്രങ്ങൾ ഓര്‍മ്മ വന്നു. ദീര്‍ഘശ്വാസമെടുത്ത്, വിശ്രമിച്ച് ഏതു മലകയറ്റെത്തെയും വരുതിയിലാക്കാനുള്ള ആ മന്ത്രം ഇത്തവണയും രക്ഷയായി.
യാത്ര സാവധാനത്തിലാക്കി വഴിയരികിൽ വിശ്രമിച്ചു. "ആത്മീയത ജീവതത്തിലെ കഷ്ടപ്പാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമാണോ?" എന്ന വിഷയത്തിൽ ഷാജിയുമായി സംവാദത്തിലേർപ്പെട്ടു നടക്കുന്നതിനിടെ സ്കന്ദാശ്രമം എത്തിയത് അറിഞ്ഞില്ല.
സ്കന്ദാശ്രമം മഹർഷി തപസ്സു ചെയ്ത ഇരട്ട മുറികെട്ടിടമാണ്. ആശ്രമത്തിലെ വെളിച്ചം അരിച്ചു വീഴുന്ന മുറിയിൽ ഭക്തർ ധ്യാനത്തിലിരിക്കുന്നുണ്ടായിരുന്നു. ജീവിത യാത്രയിൽ നൂലുപൊട്ടിപോയി അകന്ന തങ്ങളെ തന്നെ അന്വേഷിക്കുന്നവർക്ക് വഴികാട്ടുകയാണ് രമണ മഹർഷി, യാതൊരു പരിശീലന മുറയും ആവിശ്യമില്ലാത്ത ആത്മസാധനയിലൂടെ.
ഞങ്ങൾ ആശ്രമത്തിനു മുന്നിലെ കൽകെട്ടുകളിൽ ഇരുന്നു. ധ്യാനത്തിന്റെ കുളിർമ്മയുള്ള ആ ഭൂതലത്തിൽ എത്രനേരം അങ്ങിനെ ഇരുന്നെന്ന് ഓർക്കുന്നില്ല. ഒടുവിൽ, സ്കന്ദാശ്രമത്തിൽ നിന്നു പടികൾ ഇറങ്ങി വീരൂപാക്ഷ ഗുഹയിലേക്ക് നടന്നു.
ഓം ആകൃതിയിലുള്ള ഗുഹയുടെ മുൻവശം കോൺക്രീറ്റ് ചെയ്തു നീട്ടിയിട്ടുണ്ട്. രമണമഹര്‍ഷി ധ്യാനത്തിലിരുന്നു ഗുഹയാണിത്. ഗുഹയുടെ ചെറു കവാടത്തിലൂടെ തലതാഴ്ത്തി ഉള്ളിൽ കടന്നപ്പോൾ ഗുഹക്കുള്ളിലെ പ്രശാന്തമായ അന്തരീക്ഷം ശരീരത്തിനുള്ളിലേക്ക് ഒരു പ്രേത്യക അനുഭൂതിയായി അരിച്ചിറങ്ങി. കൽഭിത്തിയോട് ചേർന്നിന്നു കണ്ണുകൾ അടച്ചു,
കത്തി നില്ക്കുന്ന ചിരാതിന്റെ പ്രകാശം ഉള്ളിലാവിഹിച്ചു. അല്പനേരെത്തെ ധ്യാനത്തിനു ശേഷം പുറത്തുകടന്നപ്പോള്‍, പരിചയമില്ലാത്ത ഒരു ലാഘവം മനസ്സിനുണ്ടായിരുന്നു.
അനുഭവിച്ചു മാത്രം അറിയാവുന്ന ശാന്തമായ മനസ്സിന്റെ ലാഘവം.
പാതവക്കിൽ നിന്നും മസാലയിട്ട നാടൻ മോരുവെള്ളം വാങ്ങികുടിച്ചു ക്ഷീണം തീർത്തു ഞങ്ങൾ പടിയിറങ്ങി
ആസന്നമരണനായി കിടക്കുന്ന രമണമഹര്‍ഷിയെ സന്ദർശിച്ച ഒരു മയിലിനെ കണ്ടു അര്‍ബ്ബുദത്തിന്റ വേദനക്കിടയിലും - ഏന്‍ മയിലിക്ക് ആരും തീറ്റ കൊടുത്തില്ലേ ? എന്നു ചോദിച്ചിരുന്നു എന്നു വായിച്ചിരിന്നു. മഹർഷി ജീവജാലങ്ങൾക്ക് സ്നേഹ നിലാവ് പകുത്തു നൽകി, അന്നവും ആകാശവുമാകുന്ന, ആ മനസ്സ് എത്ര ഉദാത്തമാണ് എന്നു ചർച്ച ചെയ്തു ഞങ്ങൾ ആശ്രമത്തിൻറെ പടിയിറങ്ങി
മലയുടെ താഴെയെത്തുമ്പോൾ വൃത്തിഹീനമായ നഗ്നപാദങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നാൽ മനസ്സിലെ ആനന്ദപ്പൂത്തിരിയിൽ ആത്മീയ ഹൃദയം തുറക്കുന്നുണ്ടായിരുന്നു.
തിരുവണ്ണാമലയിലെ ചൈതന്യത്തെ അടുത്തറിഞ്ഞ അനുഭൂതിയുമായ്...
മനുഷ്യത്വത്തിൽ നിന്ന് പലായനം ചെയ്യുന്ന മനുഷ്യരാശിക്കു ആത്മസാധനയിലൂടെ പുതിയആകാശം കാണിച്ചുകൊടുത്ത രമണമഹർഷിയുടെ സാന്നിധ്യം ഹൃദയത്തിൽ അനുഭവച്ചറിഞ്ഞു ഞങ്ങൾ മടങ്ങി...