2023 ന്റെ പുതു വത്സരാഘോഷങ്ങളൊക്കെ കഴിഞ്ഞ് Jan 3 ചൊവ്വാഴ്ച രാവിലെ 6 മണിയോടുകൂടി ഞങ്ങൾ കന്യാകുമാരിയിലേക്ക് യാത്രതിരിച്ചു. മൂന്നു രാത്രികളും നാലുപകലുകളുമുള്ള ഒരു യാത്ര ആയിരുന്നു പുതുവത്സരത്തിൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
ബാംഗ്ലൂരിൽ നിന്നും ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ ശാസ്ത്രിയും ഭാര്യയും ഒരാഴ്ച മുന്നേ തന്നെ വീട്ടിലെത്തിച്ചേർന്നിരുന്നു. വാട്ടർടാങ്ക് വരെ സജ്ജീകരിച്ചിട്ടുള്ള അവരുടെ ഫോർ വീലറിലായിരുന്നു ഞങ്ങളുടെ യാത്ര. ഡ്രൈവിംഗ് ഒരു പാഷനാക്കി മാറ്റി സുഹൃത്ത് ശാസ്ത്രിക്ക് എത്ര ദൂരം വണ്ടി ഓടിക്കുന്നതിനും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.
ആദ്യത്തെ രണ്ട് രാത്രികൾ കന്യാകുമാരിയിലും മൂന്നാമത്തെ രാത്രി തിരുവനന്തപുരത്തുമായിരുന്നു താമസിക്കാൻ തീരുമാനിച്ചിരുന്നത്. കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടയിൽ മൂന്നാമത്തെ രാത്രി താമസിക്കാൻ വേണ്ടി ക്രമീകരിച്ചിരുന്ന ശാസ്ത്രിയുടെ സുഹൃത്തിന്റെ മണ്ണന്തലയുള്ള വീട്ടിൽ കയറി സൗകര്യങ്ങളൊക്കെ നോക്കി മനസ്സിലാക്കി. പത്തു മിനിട്ടിനുള്ളിൽത്തന്നെ എല്ലാവരും ഫ്രഷ് ആയി അവിടെ നിന്നും ഇറങ്ങി. കേശവദാസപുരത്തുള്ള അന്തപുരി റെസ്റ്റോറന്റിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ യാത്ര തുടർന്നു. ഏകദേശം രണ്ടു മണിയോടുകൂടി കന്യാകുമാരിയിൽ എത്തി. കടലിനോട് ചേർന്നുള്ള ഒരു ഹോട്ടലിലായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്തിട്ട് ഫ്രഷപ്പ് ആയി താഴെയെത്തി. വിവേകാനന്ദപ്പാറയും അതിനു മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രവും തിരുവള്ളുവർ പ്രതിമയും മറ്റും കാണുവാനായി ഞങ്ങൾ പോയി. ജീവിതത്തിൽ ഇന്നുവരേയും നിന്നിട്ടില്ലാത്ത നീണ്ട ഒരു ക്യൂവിലേക്കായിരുന്നു ഞങ്ങൾ ചെന്നുപെട്ടത്. മെല്ലെ നീങ്ങുന്ന നിരയിലൂടെ ടിക്കറ്റ് കൗണ്ടറിലെത്തി ടിക്കറ്റെടുത്തു. വിവേകാനന്ദപ്പാറയിലെത്താൻ 200 പേരെ ഒരേ സമയം ഉൾക്കൊള്ളുന്ന രണ്ട് ബോട്ടുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. രണ്ടുമണിക്കൂറോളം ക്യൂവിൽ നിന്ന ശേഷമാണ് ബോട്ടിൽ കയറാൻ സാധിച്ചത്. ശബരിമല സീസൺ ആയിരുന്നതിനാലാണ് ഇത്രയും തിരക്കനുഭവപ്പെട്ടതെന്നാണ് അറിയാൻ കഴിഞ്ഞത്.
ചെരുപ്പുകളൊക്കെ ഊരി ഒരു സ്ഥലത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടാണ് ഞങ്ങൾ ആ പുണ്യസ്ഥലത്ത് പ്രവേശിച്ചത്. എത്ര സമയം വേണമെങ്കിലും വിവേകാനന്ദപ്പാറയിൽ ചിലവഴിക്കാമെന്നിരുന്നിട്ടും ജനബാഹുല്യം കാരണം പെട്ടെന്ന് തന്നെ എല്ലായിടവും കയറിയിറങ്ങിക്കണ്ടും ഫോട്ടോ എടുത്തും ഞങ്ങൾ സമയം ചിലവഴിച്ചു. ശാന്തസുന്ദരമായ വിവേകാനന്ദ സ്മാരക ഹാളിൽ പ്രവേശിച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിർമ്മ അനുഭവപ്പെട്ടു. മഹത്തായ ആ ധ്യാന കേന്ദ്രത്തിലെ അന്തരീക്ഷം അത്രമാത്രം മനോഹരവും മികച്ചതുമായിരുന്നു.
സ്വാമി വിവേകാനന്ദന് ബോധോദയം പ്രാപിച്ച സ്ഥലമാണല്ലോ അതെന്ന് ഓർത്തപ്പോൾ ലഭിച്ച ആത്മനിർവൃതി ഒന്ന് വേറെ തന്നെയായിരുന്നു. കുറച്ചുസമയം അവിടിരുന്ന് ധ്യാനിച്ചിട്ട് ചുറ്റി നടന്ന് കാഴ്ചകൾ കണ്ടും കടലിലേക്ക് നോക്കി ആസ്വദിച്ചും സമയം ചിലവഴിച്ചു. അവിടേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നതിനാൽ ക്യൂവിൽ സ്ഥാനം പിടിച്ചിരുന്ന ആളുകളെ തിരികെക്കൊണ്ടുപോകാനായി രണ്ടു ബോട്ടുകളും വന്നും പോയുമിരുന്നു. തിരക്കിനിടയിൽ ഞങ്ങളും ബോട്ടിൽ കയറിപ്പറ്റി. മടങ്ങിയെത്തിയപ്പോഴേക്കും സൂര്യാസ്തമനത്തിന്റെ സമയം കഴിഞ്ഞിരുന്നതിനാൽ സാമാന്യം നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പക്കാ വെജിറ്റേറിയൻസായിരുന്നു നോർത്ത് ഇൻഡ്യൻസായ ഞങ്ങളുടെ സുഹൃത്തുക്കൾ.
ഹോട്ടലിലെത്തി, മുറിയുടെ ബാൽക്കണിയിൽ നിന്നുള്ള ഇരുൾ മൂടിയ കടലിനാൽ ആവരണം ചെയ്തു കിടക്കുന്ന, കത്തുന്ന വൈദ്യുത വിളക്കുകളാൽ പ്രകാശപൂരിതമായ വിവേകാനന്ദപ്പാറയും ക്ഷേത്രവും തിരുവള്ളൂർ പ്രതിമയും ഒക്കെ മനോഹരമായ കാഴ്ചകളാണ്. എത്രനേരം വേണമെങ്കിലും നോക്കിനിൽക്കാൻ തോന്നിപ്പോകുന്ന മനോഹരമായ ദൃശ്യങ്ങൾ ആയിരുന്നു അവയെല്ലാം.
പിറ്റേദിവസം രാവിലെ 5 മണിക്ക് ഉണർന്ന് റെഡിയായി, സൂര്യോദയം കാണാനായി കൃത്യം 5.30 മണിക്ക് തന്നെ കടൽക്കരയിലേക്ക് നടന്നു. പല ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിന് ജനങ്ങൾ അവിടേക്ക് ഒഴുകി നീങ്ങി. നന്നായി സൂര്യോദയം കാണാൻ പറ്റുന്ന ഒരു സ്ഥലത്തെത്തി ഞങ്ങൾ സ്ഥാനമുറപ്പിച്ചു. വളരെ വലിയൊരു ജനക്കൂട്ടമായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്.
കന്യാകുമാരി ഒരു ദേവതയാണ്, അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന സൂര്യോദയവും അസ്തമനവും ജീവിതത്തിൽ ഒരു തവണയെങ്കിലും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. നിർഭാഗ്യവശാൽ കാലാവസ്ഥ മോശമായിരുന്നതിനാൽ കടലിൽ നിന്നുദിച്ച് ഉയരുന്ന സൂര്യനെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. കാർമേഘപടലങ്ങളാൽ ആകാശം മൂടപ്പെട്ടിരുന്നു.
ആശാഭംഗത്തോടു കൂടിയാണ് ഞങ്ങൾ അവിടെ നിന്നും മടങ്ങിയത്. വെജിറ്റേറിയൻ റെസ്റ്റോറന്റിൽ കയറി നെയ്റോസ്റ്റും ഉഴുന്നുവടയും കഴിച്ചിട്ട് നേരേ ശുചീന്ദ്രം ക്ഷേത്രം സന്ദർശിക്കാനായി പോയി.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രത്തുള്ള സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ.
നാഗർകോവിൽ, കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നുവിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാടിന്റെ ഭാഗമാകുന്നതിനു മുൻപ് തിരുവിതാംകൂറിലായിരുന്നു ഈ മഹാക്ഷേത്രം. ധനുമാസത്തിൽ തിരുവാതിരയ്ക്കും മേടമാസത്തിൽ ചിത്രാപൗർണമിയ്ക്കും ആറാട്ട് വരും വിധത്തിലാണ് ഇവിടുത്തെ ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
134അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണികളുടെ ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുളള ഹനുമാൻ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഹനുമാന് വടമാല ചാർത്തുക എന്നത് പ്രധാന വഴിപാടുകളിൽ ഒന്നാണ്. മാർകഴിയും ചിത്തിരയുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. ഒൻപത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം ദേവന്മാരെ തേരിലേറ്റി നഗര പ്രദക്ഷിണം നടത്തുന്ന തേരോട്ടത്തിന് ഭക്തജനങ്ങളുടെ ബാഹുല്യമാണ്.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെക്കൂടാതെ മുപ്പതോളം ദേവീദേവന്മാരുടെ മറ്റു പ്രതിഷ്ഠകളുമുണ്ട്.
ശുചീന്ദ്രത്തു നിന്നും കന്യാകുമാരിയിലെ പ്രസിദ്ധമായ ഔർ ലേഡി ഓഫ് റാൻസോം ചർച്ചിലാണ് ഞങ്ങൾ പിന്നെ എത്തിയത്.
പുരാതന ഗോഥിക് കലയുടേയും സംസ്കാരത്തിന്റെയും മാതൃകയിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ ചിത്രീകരിക്കുന്ന 12 ടവറുകൾ ഇവിടെയുണ്ട്. പൂമുഖം ഒരു കൂർത്ത കമാനത്തോടെ അവസാനിക്കുന്നു. 7 വാതിലുകളും 3 പൂമുഖവും 2 വാതിലുകൾ വടക്കോട്ടും 2 വാതിലുകൾ തെക്കോട്ടും പരിശുദ്ധാത്മാവിന്റെ 7 ഫലങ്ങളെ ചിത്രീകരിക്കുന്നു.
സെന്റ് തോമസിന്റേയും സെന്റ് ഫാൻസിസ് സേവ്യറിന്റേയും ഭീമാകാരമായ പ്രതിമകൾ പ്രധാന ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നു. പള്ളിയിൽ പ്രവേശിക്കുമ്പോൾ മദർ മേരിയുടെ മനോഹരമായ പ്രതിമയാണ് ഈ പള്ളിയുടെ പ്രധാന ആകർഷണം. അൾത്താരയ്ക്ക് മുന്നിലെ ശാന്തമായ അന്തരീക്ഷത്തിൽ ധ്യാനിച്ചിരുന്ന കുറേ നിമിഷങ്ങൾ ശരിക്കും ആത്മ സന്തോഷം പകരുന്നവയായിരുന്നു.
അവിടെ നിന്നും ഇന്ത്യയിലെ ആദ്യത്തെ വാക്സ് മ്യൂസിയമായ മായാപുരി വണ്ടർ വാക്സ് മ്യൂസിയം കാണാനായി പോയി.
മൻമോഹൻ സിംഗ്, ജവഹർലാൽ നെഹ്റു, അബ്ദുൾ കലാം, മദർ തെരേസ, പോപ്പ്, ഉമ്മൻ ചാണ്ടി, അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ, വിജയ് തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ വാക്സിൽ തീർത്ത മനോഹരമായ പ്രതിമകളുടെ ഒരു മാസ്മരിക ലോകം തന്നെയായിരുന്നു അത്.
നല്ലൊരു വെജിറ്റേറിയൻ റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ മുറിയിൽ പോയി അല്പസമയം വിശ്രമിച്ചു.
വൈകുന്നേരം അഞ്ചുമണിയായപ്പോൾ കടല്ക്കരയിലേക്ക് നടന്നു. പാതയ്ക്കിരുവശത്തുമുള്ള കടകൾ ആകർഷകമായ സാധനങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ചിപ്പികൾ കൊണ്ട് നിർമ്മിച്ച മനോഹരമായ പല പല രൂപത്തിലുമുള്ള കണ്ണാടികൾ വളരെയേറെ ശ്രദ്ധ ആകർഷിച്ചു.
അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ ഓഷനും കൂടിച്ചേരുന്ന സംഗമസ്ഥാനമാണ് ത്രിവേണി സംഗമം. സൂര്യാസ്തമനത്തിനുള്ള സമയമായിരുന്നതിനാൽ ജനങ്ങളുടെ പ്രവാഹം അവിടേക്കൊഴുകിയെത്തി. ഒരു ഉത്സവംപോലെ ആളുകൾ ആഘോഷിക്കുകയായിരുന്നു. മനോഹരമായ മഹാത്മാഗാന്ധി മണ്ഡപവും പരിസരവും വാച്ച് ടവറുമെല്ലാം അന്തിച്ചോപ്പിനാൽ തുടുത്തിരുന്നു. തീഷ്ണത കുറഞ്ഞു കുറഞ്ഞ് ഒരു ചെറിയ തീഗോളമായി ചുരുങ്ങിയ സൂര്യൻ കടലിലേക്ക് താണിറങ്ങുന്ന അവർണ്ണനീയമായ കാഴ്ച അതിമനോഹരമായിരുന്നു. കാർമേഘം ചക്രവാളത്തെ മൂടിയിരുന്നതിനാൽ അവ്യക്തമായേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
സുഖകരമായ നിദ്രയ്ക്ക് ശേഷം രാവിലെ അഞ്ചുമണിക്ക് തന്നെ ഉണർന്ന് റെഡിയായി. ഹോട്ടലിലെ മുറിയുടെ ബാൽക്കണിയിൽ നിന്നുകൊണ്ട് കന്യാകുമാരിയിലെ പ്രഭാത കാഴ്ചകൾ ഒരു വട്ടം കൂടി ആസ്വദിച്ചു. ശാന്തമായ കടലിന്റെ മധ്യത്തിൽ ഉയർന്നു നിൽക്കുന്ന വിവേകാനന്ദപ്പാറയും ക്ഷേത്രവും തിരുവള്ളൂർ പ്രതിമയും വിശ്രമിക്കുന്ന ബോട്ടുകളും കടൽത്തീരവും എല്ലാം നയനാനന്ദകരമായ അനുഭവങ്ങളായി.
പ്രഭാതഭക്ഷണത്തിന് ശേഷം കന്യാകുമാരിയോട് വിട ചൊല്ലി തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെട്ടു. പ്രകൃതിഭംഗികൾ ആസ്വദിച്ചു കൊണ്ടുള്ള ഞങ്ങളുടെ മടക്കയാത്ര വളരെയധികം രസകരമായിരുന്നു. പത്തര മണിയോടുകൂടി തിരുവനന്തപുരം മ്യൂസിയത്തിൽ എത്തി. നാലു ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള പല വിഭാഗങ്ങിലുളള മ്യൂസിയങ്ങൾ സന്ദർശിച്ചതിന് ശേഷം ലഞ്ച് കഴിച്ചു. മുന്നു മണിയോടു കൂടി താമസസൗകര്യം ഒരുക്കിയിരുന്ന സുഹൃത്തിന്റെ മണ്ണന്തലയിലുള്ള വീട്ടിലെത്തി. അല്പനേരം വിശ്രമിച്ചതിന് ശേഷം അഞ്ചുമണിയായപ്പോൾ കോവളം ബീച്ചിലേക്ക് പോയി. അലറിയടിക്കുന്ന തിരമാലകളുടെ സംഗീതം ആസ്വദിച്ചുകൊണ്ട് വെള്ളത്തിലിറങ്ങി നിന്ന് ഒരിക്കൽ കൂടി സ്വൂര്യാസ്തമനത്തിന്റെ ഭംഗി ആസ്വദിച്ചു. കൂരിരുൾ വലയങ്ങൾ ഭൂമിയെ മൂടുന്നതിന് മുൻപായി ഞങ്ങൾ അവിടെ നിന്നും മടങ്ങി. കേശവദാസപുരത്തെത്തി ഭക്ഷണം കഴിച്ചിട്ട് ഒൻപതുമണിയോടുകൂടി ഞങ്ങൾ താമസിക്കുന്ന വീട്ടിലെത്തി.
അടുത്ത ദിവസം രാവിലെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് വണ്ടിയിൽ കയറ്റി. വീടിന്റെ കെയർ ടേക്കറോട് നന്ദി പറഞ്ഞിട്ട് കിഴക്കേക്കോട്ടയിലുള്ള ശ്രീപത്മനാഭക്ഷേത്രം സന്ദർശിച്ചു. ശബരിമല സീസണായതിനാൽ ജനലക്ഷങ്ങളുടെ തിരക്കായിരുന്നതിനാൽ അകത്ത് കയറിയിട്ടും ദർശന സൗഭാഗ്യം ലഭിക്കാതിരുന്നതിനാൽ നിരാശയോടെയാണ് അവിടെ നിന്നും മടങ്ങിയത്.
രണ്ടര മണിക്കൂർ നീണ്ട മടക്കയാത്രയിൽ ഒന്നു രണ്ട് സ്ഥലത്ത് വണ്ടി നിർത്തി ഷോപ്പിംഗ് നടത്തിയതിന് ശേഷം വൈകുന്നേരം അഞ്ചര മണിയോടുകൂടി അടൂരിലുള്ള സ്വന്തം വീട്ടിൽ തിരിച്ചെത്തി.
പുതുവർഷത്തിലെ ആദ്യത്തെ വിനോദയാത്ര, മനസ്സിന് ഉല്ലാസവും ആനന്ദവും പകർന്നു തന്നു.