രണ്ടാം മൈലിൻറെ പ്രത്യേകത എന്താണെന്നറിയാമോ? അവിടം മുതലാണ് തേയിലത്തോട്ടങ്ങൾ തുടങ്ങുന്നത്! മൂന്നാറിലേക്ക് അടിമാലി വഴി വണ്ടിയോടിച്ചു വരുന്ന ഡ്രൈവർമാർക്കറിയാം - രണ്ടാം മൈൽ എത്തുമ്പോൾ സഞ്ചാരികളുടെ ചുണ്ടുകളിൽ 'രണ്ടു സെൻറീമീറ്റർ' വിടരുന്ന പുഞ്ചിരി പിറവി കൊള്ളുന്നത്! വൗ..! ഹൊ ! തുടങ്ങിയ ശബ്ദങ്ങളും ചിലപ്പോൾ പുറത്തേക്ക് വന്നേക്കാം.
പിന്നീടങ്ങോട്ട്, മൂന്നാറും കഴിഞ്ഞ് എസ്റ്റേറ്റുകളായ എസ്റ്റേറ്റുകളിൽ എല്ലാം തേയിലത്തോട്ടങ്ങൾ തന്നെയാണ് കാഴ്ച! ഇപ്പോൾ രണ്ടാം മൈൽ ഒന്നുകൂടി മുഖംമിനുക്കിയിട്ടുണ്ട്. പാതയോരങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടിയിരിക്കുന്നു. അടിമാലിയിൽ നിന്ന് കല്ലാർ വഴി മൂന്നാറിലേക്ക് വരുന്ന വാഹനങ്ങളും ആനച്ചാൽ വഴി വരുന്ന വാഹനങ്ങളും സംഗമിക്കുന്ന ഇടമാണ് രണ്ടാംമൈൽ.
അതിവിശാലമായ 360 ഡിഗ്രി കാഴ്ചയാണ് രണ്ടാംമൈൽ സാധ്യമാക്കുന്നത്. 60 കിലോമീറ്റർ ദൂരെയായി സ്ഥിതിചെയ്യുന്ന ഇടുക്കി ആർച്ച് ഡാമും,10 കിലോമീറ്റർ ദൂരെ യുള്ള ചെങ്കുളം ഡാം റിസർവോയറും തേയിലകാടുകളുടെ വിദൂരതയിൽ നമുക്ക് കാണാം. നല്ല വെയിലുള്ള ദിവസങ്ങളിൽ തൊട്ടടുത്ത സംസ്ഥാനത്തെ കാറ്റാടിപ്പാടത്തെ പങ്കകൾ ചലിക്കുന്നത് പോലും ദൃശ്യമാകും.
പ്രഭാതങ്ങളിൽ ചൂടുചായയൊരുക്കി വഴിയരികിലെ പെട്ടിക്കടകൾ തയ്യാറാണ്. ഉച്ചയാകുമ്പോഴേക്കും ഇലയോടു കൂടിയ ക്യാരറ്റ്, മുളകുപൊടി തൂവിയ മാങ്ങാ കഷണങ്ങൾ, പൈനാപ്പിൾ പീസുകൾ, ഐസ്ക്രീം എന്നിവയും കച്ചവടക്കാർ കൊണ്ടുവന്ന് വിൽപന തുടങ്ങിയിരിക്കും. വിശാലമായ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ ഇൻസ്റ്റൻറ് ഫോട്ടോ പ്രിൻറ് ചെയ്തു തരുന്ന ഫോട്ടോഗ്രാഫർമാരും കുറേയുണ്ട്, ഇവിടെ.
മലയോരത്ത് നിർത്തിയിട്ടിരിക്കുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആളെ കയറ്റുന്നതല്ല. പള്ളിവാസൽ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ സംരംഭമായ 'പിങ്ക് കഫേ'യാണ്. ബ്രഡ് ഓംലെറ്റ്, മാഗി ന്യൂഡിൽസ്, ചോക്ലേറ്റ്സ്, ചായ, ഊണ് എല്ലാം പിങ്ക് കഫേയിൽ ലഭിക്കും. വൈകുന്നേരങ്ങളിലും ഭക്ഷണം കിട്ടും. രാത്രിയിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന വാഹനത്തിൽ ചാരിനിന്ന് ചൂട് ബിരിയാണി കഴിക്കുമ്പോൾ ഇൻഡിക്കേറ്റർ ലൈറ്റുകൾ മിന്നിക്കെടുന്ന ദൃശ്യം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ..!?
മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ച തേയിലച്ചെടികളിൻമേൽ കോടമഞ്ഞ് പാറിയിറങ്ങുമ്പോൾ അകലെ ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾക്ക് സ്വർണ്ണ നിറമായിരിക്കും! ഈ കാഴ്ച കാത്തിരുന്ന് കാണേണ്ട ഒന്നുതന്നെയാണ്. സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്ന വിവിധ നിലവാരത്തിലുള്ള റിസോർട്ടുകളും ഹോം സ്റ്റേകളും രണ്ടാം മൈലിൽ തന്നെയുണ്ട്. താമസം രണ്ടാം മൈലിൽ ആക്കുന്ന സഞ്ചാരികൾക്ക്, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദൃശ്യം നഷ്ടപ്പെടുകയില്ല എന്നതാണ് പറഞ്ഞുവയ്ക്കുന്നത്.
വിശാലമായ കാഴ്ചകൾ നാം നേരിൽ കാണേണ്ടത് വളരെ പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. നമ്മുടെ ചിന്തകളിലേക്കും ആ വിശാലത കയറി ചെന്നിട്ട് നമ്മുടെ മനോഭാവങ്ങളെ പലമടങ്ങ് വിശാലമാക്കാൻ ഈ ദൃശ്യങ്ങൾക്ക് കഴിയും. രണ്ടാം മൈലിൻറെ ഈ വിദൂര വിശാലമായ കാഴ്ച നമ്മുടെ ഉൾക്കാഴ്ചകളെ സൂര്യതേജസുള്ളതാക്കി മാറ്റുമെന്ന് തീർച്ച.
താമസം ശരിയാക്കുവാൻ സനുവിനെ വിളിക്കാം: 9207053427
വാഹനങ്ങൾക്ക് മണിയെ ബന്ധപ്പെട്ടാൽ മതി: 8943426318