ക്രിസ്മസ് അവധി ദിവസം എങ്ങനെ ചിലവഴിക്കണമെന്ന് ആലോചിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് ബഹ്‌റൈൻ കോട്ട അഥവാ പോർച്ചുഗീസ് കോട്ട എന്നറിയപ്പെടുന്ന Qal'at al-Bahrain ആണ്.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ അകലെ കർബാബാദ് കടൽത്തീരത്തായി സമുദ്രനിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചുറ്റും വലിയ കിടങ്ങുകളോട് കൂടിയ ഒരു പുരാതന കോട്ടയാണിത്.
മുമ്പൊരു തവണ വൈകിട്ട് ആറുമണിക്ക് ഇവിടെ എത്തിയെങ്കിലും തണുപ്പുകാലമായതിനാൽ നേരത്തെതന്നെ ഇരുട്ടായത് കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇത്തവണ ഉച്ചക്ക് മൂന്നുമണിക്ക് തന്നെ ഇവിടെയെത്തി.മാത്രവുമല്ല കോട്ടയിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം അതിമനോഹരവുമാണ്.
ഏകദേശം 17.5 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയുടെ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു.വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.കോട്ടയുടെ ഭംഗിയേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് ചുറ്റും കാണപ്പെടുന്ന അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്.
ബഹ്‌റൈൻ, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ദിൽമൻ നാഗരികതയുടെ തലസ്ഥാനവും പ്രധാന വാണിജ്യ തുറമുഖവുമായിരുന്നു ഈ കോട്ട ഉൾപ്പെടുന്ന പ്രദേശം. മെസോപോട്ടേമിയ ഇൻഡസ് വാലി കച്ചവട പാതയിലെ ഒരു ഇടത്താവളം കൂടെയായിരുന്നു ഇവിടം. ബി സി നാലായിരം മുതൽ ബി സി എണ്ണൂറ് വരെ ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ദിൽമൻ. പ്രതാപകാലത്ത് പേർഷ്യൻ ഗൾഫിലെ വ്യാപാര പാത നിയന്ത്രിച്ചിരുന്നത് ദിൽമൻ നഗരമായിരുന്നു.1365-1050 ബി സി യിൽ മധ്യ അസ്സീറിയൻ സാമ്രാജ്യം ദിൽമൻ ആക്രമിച്ച് കീഴടക്കുകയും തുടർന്ന് 1000-800 ബി സി യിൽ കടൽകൊള്ളക്കാരുടെ തുടർച്ചയായ ആക്രമണങ്ങൾ നിമിത്തം ദിൽമന്റെ സാമ്പത്തിക അധീശത്വം ക്രമേണ ക്ഷയിക്കുകയും ചെയ്തു.ഇതോടൊപ്പം നിയോ അസ്സീറിയൻ സാമ്രാജ്യം, നിയോ ബാബിലോണിയൻ സാമ്രാജ്യം, അക്കേമേനേഡ് സാമ്രാജ്യം എന്നിവരും ദിൽമൻ കീഴടക്കിയിട്ടുണ്ട്.
പുതിയ ചില പഠനങ്ങൾ പ്രകാരം സുമേറിയക്കാരുടെ പൂർവ്വിക സ്ഥലവും ദേവന്മാരുടെ സംഗമസ്ഥാനവും ആയിരുന്നത്രേ ദിൽമൻ.
ഏകദേശം 3000 വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ ബഹ്‌റൈൻ കോട്ട നിർമിച്ചതെങ്കിലും ഇന്ന് കാണുന്ന കോട്ട AD ആറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.
അതിനുശേഷം തുടർച്ചയായ കടൽക്ഷോഭങ്ങളിലും മറ്റും മണൽ കയറി ഈ നഗരം പൂർണമായും മൂടപ്പെടുകയായിരുന്നു.
1954 നും 1972 നും ഇടയിൽ ജെഫ്റി ബിബ്ബി എന്ന ഡാനിഷ് പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ആദ്യമായി ഖനനം നടത്തിയത്.
പുരാതന കാലങ്ങളിലെ ഒരുപാട് അവശേഷിപ്പുകൾ അവർ ഇവിടെനിന്നും ഖനനം ചെയ്തിട്ടുണ്ട്.അവയിൽ ഭൂരിഭാഗവും ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
2005 ൽ യുനസ്കോ ഈ കോട്ടയെ ലോക പൈതൃക പട്ടികയിൽ പെടുത്തുകയും 2008 ലും 2014 ലും കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.