പ്രകൃതിയും സാങ്കേതികതയും കൂടിച്ചേരുന്ന ഒരു മനോഹര സങ്കേതം. മാനസികമായി ഒന്ന് ഫ്രഷ് ആവാൻ ഞാൻ എപ്പോഴും ആശ്രയിക്കുന്ന ഒരിടമാണ് മലമ്പുഴ. അണക്കെട്ടും മനോഹരമായ ഉദ്യാനവും മലനിരകളുടെ വിദൂര ദൃശ്യവും മനസിനെ മറ്റൊരു തലത്തിലേക്കെത്തിക്കും.
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് ഈ അണക്കെട്ടും കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന ഉദ്യാനവും സ്‌ഥിതി ചെയ്യുന്നത്. പാലക്കാട്‌നഗരത്തിൽ നിന്ന് പത്ത് കിലോമീറ്ററും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോമീറ്ററുമാണ് മലമ്പുഴയിലേക്കുള്ള ദൂരം. അടുത്തുള്ള എയർപോർട്ട് കോയമ്പത്തൂരിലാണ്. ഏകദേശം അമ്പത്തിനാല് കിലോമീറ്റർ. പാലക്കാട് നിന്നും അങ്ങോട്ട് പോകുന്ന വഴിയിൽ നമ്മുടെ ബാബു കേറാൻ ശ്രമിച്ചു പ്രസിദ്ധമായ കൂമ്പാച്ചി മലയുടെ വിദൂര ദൃശ്യം കാണാം.
പണ്ട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു പാലക്കാട്.1914 ൽ മദ്രാസ് സർക്കാർ ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കൽപ്പാത്തി പുഴയുടെ കൈവഴിയായ മലമ്പുഴയിൽ അണക്കെട്ടിന്റെ നടപടികൾ ആരംഭിച്ചു. 1949 ൽ തറക്കല്ലിട്ട അണക്കെട്ട് 1955 ൽ ഉദ്‌ഘാടനം ചെയ്തു. അതിന് ശേഷമാണ് ആ സ്ഥലം മുഴുവനായി മലമ്പുഴ എന്നറിയപ്പെട്ടു തുടങ്ങിയത്.
എൻട്രൻസ് ഫീ എടുത്തു കഴിഞ്ഞ് കുറച്ചുകൂടെ നടന്നാൽ റോപ് വേ യുടെ അടുത്തെത്താം. മലമ്പുഴ ഉദ്യാനം മുഴുവൻ ഇരുപത് മിനിറ്റിൽ ഒരു വിഹഗവീക്ഷണം നടത്താവുന്ന രീതിയിലാണ് റോപ് വേ യുടെ നിർമ്മാണം. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ആകാശപാതയായാണ് ഇത് അറിയപ്പെടുന്നത്. വിഹഗവീക്ഷണത്തിനായി 65 കിലോമീറ്ററോളം കാഴ്ച്ച സാധ്യമാക്കുന്ന ഒരു ടെലിസ്കോപ്പിക് ടവറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
തിരിച്ചുവന്നാൽ ഉദ്യാനത്തിന് പുറത്തുതന്നെയാണ് ഫിഷ് അക്വേറിയം. ഒരു വലിയ മീനിന്റെ ആകൃതിയിലുള്ള ഈ അക്വേറിയത്തിൽ പിരാന പോലെയുള്ള പല അപൂർവ്വ വർഗ്ഗങ്ങളും ഉണ്ട്.
ഉള്ളിൽ കയറിക്കഴിഞ്ഞാൽ ആദ്യം തന്നെ കാണുന്നത് സ്നേക്ക് പാർക്ക് ആണ്. വിവിധതരം പാമ്പുകളും അത്യാവശ്യം മൃഗങ്ങളുമൊക്കെയായി ഒരു നല്ല കാഴ്ച തന്നെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
ഉദ്യാനത്തിലെ ഒരു പ്രധാന ആകർഷണം ജപ്പാനീസ് പൂന്തോട്ടമാണ്. ജപ്പാനീസ് മാതൃകയിലുള്ള ഈ ഉദ്യാനം അതി മനോഹരം തന്നെയാണ്. ഇതിനോട് ചേർന്നാണ് നദിക്ക് കുറുകെയുള്ള തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. അതിന്റെ മുകളിൽ നിന്നാൽ അണക്കെട്ടിന്റെ താഴ്ഭാഗവും കെഎസ്ഇബി യുടെ വൈദ്യുതോത്പാദന കേന്ദ്രവും കാണാം. അതിനപ്പുറത്ത് വശ്യമായ ആലസ്യത്തോടെ കാനായി കുഞ്ഞിരാമന്റെ യക്ഷി നമ്മളെ കാത്തിരിക്കുന്നുണ്ട്.
അവിടെ നിന്ന് അണക്കെട്ടിന്റെ മുകളിലേക്ക് പടികളുണ്ട്.മുകളിലെത്തിയാൽ അനിർവചനീയമായ ഒരു അനുഭൂതി സൃഷ്ടിക്കാൻ മലമ്പുഴക്കാവുന്നുണ്ട്.
ഒരു ഭാഗത്ത് അതി വിശാലവും ചെറുതായി ഭയപ്പെടുത്തുന്നതുമായ റിസർവോയറും പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നിബിഡവനവും.ഇപ്പുറത്താണെങ്കിൽ അതിമനോഹരമായ ഉദ്യാനം. നടുക്ക് നമ്മളും. ഒരു വല്ലാത്ത അവസ്ഥ തന്നെയാണ് അത്.
റിസർവോയറിൽ ബോട്ട് യാത്രയാണ് പ്രധാന ആകർഷണം.
അണക്കെട്ടിനപ്പുറത്താണ് ചണ്ഡീഗഡ് സ്വദേശിയായ പദ്മശ്രീ നെക് ചന്ദ് രൂപകൽപ്പന ചെയ്‌ത റോക്ക് ഗാർഡൻ. ഉപയോഗശൂന്യമായ വളപ്പൊട്ടുകളും, തറയോടുകളും, മറ്റ് പാഴ് വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഈ ഗാർഡൻ കാഴ്ചയുടെ മറ്റൊരു തലം തന്നെ തുറന്നു നൽകുന്നു.
അണക്കെട്ടിന്റെയും ഉദ്യാനത്തിന്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ഒരു ട്രെയിൻ ഗതാഗതം ഏർപ്പെടുത്തിയിരുന്നെങ്കിലും വല്ലാതെ ആസ്വദിക്കണ്ട എന്നു കരുതിയാവണം ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. രാവിലെ പത്തു മുതൽ വൈകിട്ട് ആറ് വരെയാണ് പൊതുവെയുള്ള സമയമെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെ ചിലയിടങ്ങളിൽ കാണാം.
ഇവിടെ നിന്നും ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തിൽ പാലക്കാട്ടേക്ക് തിരിച്ചുപോകുന്ന വഴിയിലാണ് ഫാന്റസി പാർക്കും നൂൽ ഉദ്യാനവും(ത്രെഡ് ഗാർഡൻ) സ്ഥിതി ചെയ്യുന്നത്. ആന്റണി ജോസഫ് എന്ന കലാകാരന്റെ നേതൃത്വത്തിൽ കുറെയേറെ ആളുകളുടെ വർഷങ്ങളുടെ അദ്ധ്വാനം മനോഹരങ്ങളായ പൂക്കളും മറ്റുമായി നമ്മുടെ മുന്നിൽ വിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് നൂൽ ഉദ്യാനം കാണിച്ചു തരുന്നത്. അടുത്തു തന്നെയാണ് ഫാന്റസി അമ്യൂസ്മെന്റ് പാർക്കും സ്ഥിതി ചെയ്യുന്നത്.
താമസ സൗകര്യം തൊട്ടടുത്തുള്ള പാലക്കാട് നഗരത്തിലാണുള്ളത്.