വെയിൽ കടന്നു ചെല്ലാത്ത, വള്ളിപ്പടർപ്പുകളാൽ ചുറ്റപ്പെട്ട മരങ്ങൾകൊണ്ട് സമ്പുഷ്ടമായ അഞ്ച് ഏക്കർ വനത്തിനു നടുവിലാണ് കണ്ണൂരിലെ പ്രസിദ്ധമായ ഇരിവേരിക്കാവ്. പുലി ദൈവങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിൽ ഒന്നാണിത്.
ഇപ്പോഴും ബാക്കി നിൽക്കുന്ന ഭക്തിയും വിശ്വാസവും കാരണം പ്രാക്തനകാലത്തിന്റെ തിരുശേഷിപ്പായ ഈ വിശുദ്ധവനം ഇന്നും സംരക്ഷിക്കപ്പെട്ടുവരുന്നു.
വനമദ്ധ്യത്തിലേക്ക് കാതോർത്താൽ ചിലപ്പോൾ പൂർവ്വകാലത്തെ പുലി മുരൾച്ചയുടെ പ്രതിദ്ധ്വനികൾ നമ്മുടെ കാതുകളിൽ അലയടിച്ചെത്തും. അത്ര നിശ്ശബ്ദമാണിവിടം. പണ്ട് നരിയും പുലിയും അടക്കിവാണിരുന്ന വന സാമ്രാജ്യമായിരുന്നു ഇതെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും. കാവിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ എന്തെന്നില്ലാത്ത കുളിർമ്മയാണ് അനുഭവപ്പെടുക.അതോടൊപ്പം മനസ്സിലേക്ക് ഓടിയെത്തുന്ന പുലിദൈവങ്ങളുടെ കഥകൾ കൂടിയാകുമ്പോൾ ഇരിവേരിക്കാവ് നമ്മിൽ വ്യത്യസ്തമായ ഒരനുഭൂതി പകർന്നുനല്കുന്നു.
പടിഞ്ഞാറേ നടയിൽ സ്ഥിതി ചെയ്യുന്ന ശിൽപസമ്പുഷ്ടമായ ഗോപുരം വിശേഷ ദിവസങ്ങളിൽ മാത്രമേ തുറക്കാറുള്ളു. കാവിനു മുന്നിലൂടെ കാടിനെ പകുത്തു കൊണ്ട് കടന്നുപോകുന്ന കല്ലു പാകിയ നടവഴി താഴേക്ക് ഇറങ്ങി ചെന്നാൽ കുളത്തിലേക്കാണ് എത്തിച്ചേരുന്നത്. മനോഹരമായി കെട്ടിപ്പടുത്ത കുളം ആരെയും ആകർഷിക്കും. ഇവിടെയെത്തുമ്പോൾ കാനനമധ്യത്തിൽ വിരാജിക്കുന്ന ഇരിവേരിക്കാവിന്റെ പ്രൗഢിയിൽ നമ്മൾ അറിയാതെ വശംവദരായിപ്പോകും.
ദൂരനാടുകളിൽ നിന്നു പോലും ഇരിവേരിക്കാവിനെ തേടി ഭക്തന്മാരും പ്രകൃതി സ്നേഹികളും വരാറുണ്ട്. ഇരിവേരിക്കാവിന്റെ കല്പടവുകളിൽ ഇരിക്കുമ്പോൾ മുത്തശ്ശി മടിയിലിരുത്തി പറഞ്ഞു തന്ന പുലിക്കഥകൾ ഗൃഹാതുരത്വമായി ഓർമകളിൽ തെളിഞ്ഞു നിന്നു.
ഗണപതിയാർ, കരിന്തിരിക്കണ്ണൻ, അപ്പക്കളളൻ, കാളപ്പുലിയൻ, പുള്ളിക്കരിങ്കാളി, പുല്ലൂർ കാളി, പുലിക്കണ്ണൻ, പുല്ലൂർ കണ്ണൻ, പുലിമുത്തപ്പൻ, പുലിമുത്താച്ചി, കല്ലിങ്കൽ പൂക്കുലവൻ തുടങ്ങിയ തെയ്യങ്ങൾ ഉത്സവകാലത്ത് ഇവിടെ കെട്ടിയാടിക്കപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ പാനേരിച്ചാലിനടുത്താണ് ഇരിവേരി പുലിദൈവ ക്ഷേത്രം. കണ്ണൂരിൽ നിന്ന് എച്ചക്കരക്കല്ല്, വെള്ളച്ചാൽ വഴി പതിനാറ് കിലോ മീറ്റർ കിഴക്കോട്ട് പോയാൽ ഈ ക്ഷേത്രത്തിലെത്താം. ഇരിവേരിക്കുന്ന് കൈലാസം എന്ന പേരിലും ഈ കാവ് അറിയപ്പെടുന്നു.
പണ്ട് ശിവ പാർവ്വതിമാർ കാട്ടിലൂടെ നടന്ന കാലത്ത് രണ്ട് ഇണപ്പുലികൾ രതി ക്രീഡകളിൽ ഏര്‍പ്പെടുന്നത് കാണാനിടയായി. ഇതിൽ ആകൃഷ്ടരായി ശിവ - പാര്‍വ്വതിമാർ സ്വയം പുലി രൂപം ധരിച്ചു, ഈ രൂപങ്ങളാണ് പുലികണ്ടനും പുള്ളി കരിങ്കാളിയും. ഇവരുടെ ആണ്‍മക്കളാണ് കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണന്‍. ഇളയവൾ പുലിയൂർ കാളി ഏക മകളും. ഇതിൽ ആണ്‍മക്കളെ ഐവർ പുലിമക്കൾ എന്ന് വിളിയ്ക്കും. ഈ ആറ് പുലി മക്കളും ഓടിക്കളിച്ചിരുന്ന സ്ഥലമാണത്രെ ഇരിവേരി. പുള്ളിക്കരിങ്കാളി ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലികണ്ടന്‍ കുറുമ്പ്രാതിരി വാണോരുടെ ആല തകർത്ത് പശുക്കളെ കൊന്നു. പുലികളാണ് കരണക്കാരെന്നു മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു. എന്നാൽ പുലികളെ ഇല്ലാതാക്കാൻ ചെന്ന നായരെ കാളപ്പുലി കൊന്നു. തുടർന്ന് പുലികളുടെ രഹസ്യം അന്വേഷിച്ച് കണ്ടെത്തിയ വാണോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ച് അവരെ പ്രീതിപ്പെടുത്തി.
എല്ലാവർഷവും മകരം 28 മുതൽ കുംഭം ഒന്ന് വരെയാണ് ഇവിടെ ഉത്സവം. ചുറ്റും നിറഞ്ഞ പച്ചപ്പിന്റെ നടുവിൽ ഉറഞ്ഞാടുന്ന തെയ്യങ്ങൾ നൽകുന്ന മായികക്കാഴ്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരനുഭവം തന്നെയാണ്.
ഇരിവേരിക്കാവിന്റെ അതേ മാതൃകയിൽ കാഞ്ഞിരോടും കിലാലൂരും പുലിദൈവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. പ്രകൃതിയും ഐതിഹ്യവും മഞ്ചാടി മണികളായി കൊഴിഞ്ഞു കിടക്കുന്ന ഇരിവേരിക്കാവിൽ നിന്ന് തിരിച്ചുപോരാൻ ഏതൊരു പ്രകൃതി സ്നേഹിയും പ്രയാസപ്പെടും. അത്ര ശാന്തസുന്ദരമാണീ തപോവനം. ഇവിടെ നിന്ന് യാത്ര പറയുമ്പോൾ പ്രശസ്ത ചിത്രകാരനും ചിന്തകനുമായ എം.വി.ദേവന്റെ അന്വർത്ഥമായ വാക്കുകളാണ് ഓർമയിലെത്തുക,
"കാവും ഇവിടുത്തെ കുളിർമ്മയും അതു നൽകുന്ന മനസികാനന്ദവും ഇന്നാട്ടുകാരിൽ നന്മയുടെ നീരുറവയായി നിലനിൽക്കുമാറാകട്ടെ".