(Madhu Kizhakkayil)
കുദ്രെമുഖ് എന്ന സ്ഥലം എങ്ങനെ, എവിടെ വച്ചാണ് മനസ്സിൽ കടന്നുകൂടിയത് എന്നോർമ്മയില്ല. പശ്ചിമഘട്ടമലനിരകളിലെ പാരിസ്ഥികമായി ഏറെ പ്രാധാന്യമുള്ള ഒരു പർവ്വതനിരയാണ് കുദ്രെമുഖ്.
മംഗലാപുരത്തുനിന്ന് 120 കി. മീറ്ററും ബംഗളൂരുവിൽ നിന്ന് 340 കി. മീറ്ററും അകലെയാണ് ഇടതിങ്ങിയ കാടുകളും വിശാലമായ പുൽമേടുകളും നിരവധി വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും അനന്തവൈവിദ്ധ്യമാർന്ന സസ്യ - ജന്തുജാലങ്ങളും നിറഞ്ഞ ഈ ഉഷ്ണമേഖലാ നിത്യഹരിത വനസുന്ദരി.കർണ്ണാടകയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കുദ്രെമുഖ്. ചിക്മഗളൂരു ജില്ലയിൽ മുഡിഗരെ താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം ഒരു പർവ്വതനിരയുടേയും ഒരു കൊടുമുടിയുടേയും പേരാണിത്. 'കുദ്രെമുഖ്' എന്ന കന്നഡ വാക്കിന്റെ അർത്ഥം 'കുതിരയുടെ മുഖം'എന്നാണ്.വശങ്ങളിൽ നിന്നു നോക്കുമ്പോൾ ഈ കൊടുമുടിയ്ക്ക് കുതിരയുടെ മുഖത്തിനോട് സാദൃശ്യമുള്ളതിനാലാണ് ഈ പേരു വന്നത്.
2012 ലെ ഓണക്കാലത്താണ് ആദ്യമായി കുദ്രെമുഖ് സന്ദർശിക്കാൻ അവസരം ലഭിച്ചത്. രണ്ട് സുഹൃത്തുക്കളോടൊപ്പം മംഗലാപുരം വരെ ട്രെയിനിലും അവിടെ നിന്ന് കർക്കാല വരേയും പിന്നെ കുദ്രെമുഖ് വരേയും ബസ്സിലുമായിരുന്നു യാത്ര. കർക്കാല മുതൽ കുദ്രെമുഖ് വരെയുള്ള യാത്ര നല്ലൊരു അനുഭവമാണ്. കാടിനു നടുവിലൂടെ നീണ്ടമലനിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ചുള്ള യാത്ര നമ്മിൽ ഒരു പ്രത്യേക ഉന്മേഷം നിറയ്ക്കും.ഇടവപ്പാതിയിലെ കനത്ത മഴയത്തായിരുന്നു ആദ്യ യാത്ര. കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ഗ്ലാസ്സ് ജാലകങ്ങളുള്ള ബസ്സായതിനാൽ പുറം കാഴ്ചകൾ വ്യക്തമായി കാണാം. ഇരിക്കാൻ സൗകര്യമുണ്ടെങ്കിൽ മഴയത്തുള്ള ബസ്സ് യാത്ര ഒരു പ്രത്യേക അനുഭവമാണ് .
ഇരുമ്പയിരു ഖനനത്തിന് പ്രശസ്തമായ സ്ഥലം എന്ന നിലയിലാണ് പലരും കുദ്രേമുഖിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക. ലോകത്തിലെ തന്നെ വലിയ ഇരുമ്പയിര് ഖനനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടം. കുദ്രെമുഖ് അയേൺ ഓർ കമ്പനി ലിമിറ്റഡ് (KIOCL)എന്ന പൊതുമേഖലാ സ്ഥാപനമായിരുന്നു ഖനനം നടത്തിയിരുന്നത്. ഇവിടെനിന്നു കുഴിച്ചെടുക്കുന്ന അയിര് ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലൂടെ 110 കിലോമീറ്റർ ദൂരം പൈപ്പ് ലൈനിലൂടെ ആയിരുന്നു മംഗലാപുരം തുറമുഖത്തിനടുത്തുള്ള പനമ്പൂർ പ്ലാന്റിൽ എത്തിച്ചിരുന്നത്. 1976 മുതൽ 2006 വരെയുള്ള മൂന്നു പതിറ്റാണ്ടു കാലം ഇവിടെ ഇരുമ്പയിര് ഖനനം ചെയ്തിരുന്നു. പരിസ്ഥിതിപ്രവർത്തകരുടെ ദീർഘകാലത്തെ പോരാട്ടത്തിനൊടുവിലാണ് 2006 ലെ സുപ്രീംകോടതിവിധിയെത്തുടർന്ന് കമ്പനി ഖനനം അവസാനിപ്പിച്ചത്. തുടർന്ന് ഇക്കോ ടൂറിസം പ്രൊജെക്ടുമായി കമ്പനി മുന്നോട്ടുവന്നെങ്കിലും അത് ഇവിടുത്തെ പരിസ്ഥിതിക്ക് ഇപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞ ആഘാതത്തെ വീണ്ടും വർദ്ധിപ്പിക്കുമെന്ന പരിസ്ഥിതി-വനം വിദഗ്ദ്ധരുടെ അഭിപ്രായത്തെ തുടർന്ന് കർണ്ണാടക ഗവണ്മെന്റ് അനുമതി നിഷേധിച്ചു. എങ്കിലും മൂന്നു പതിറ്റാണ്ടു നീണ്ട ഖനനപീഡനത്തിന്റെ ബാക്കിപത്രമായി, രാമായണത്തിലെ ശൂർപ്പണഖയെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ സ്തനകുചാദികൾ ഛേദിക്കപ്പെട്ട അനേകം മലനിരകളെ ഇന്നും നമുക്കവിടെ കാണാം; മനുഷ്യന്റെ തലതിരിഞ്ഞ വികസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.
കുദ്രെമുഖ് നാഷണൽ പാർക്ക്
അറുനൂറു ചതുരശ്രകിലോമീറ്ററിൽ അധികം വിസ്തൃതിയുള്ള കുദ്രെമുഖ് വന്യമൃഗസംരക്ഷണകേന്ദ്രത്തെ 1987 ലാണ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചത്. കേരളത്തിനു പുറത്ത് സിംഹവാലൻ കുരങ്ങുകളുടെ ഒരു പ്രധാന കേന്ദ്രമാണിത്. കടുവ, പുള്ളിപ്പുലി എന്നിവയും ഇവിടുത്തെ പ്രധാന സംരക്ഷണ വിഭാഗത്തിൽപ്പെടുന്നു. ഇവ കൂടാതെ പുള്ളിമാൻ, കേഴമാൻ, മ്ലാവ്, കാട്ടുനായ, കാട്ടുപന്നി, സാധാരണ കുരങ്ങ്, ഹനുമാൻകുരങ്ങ്, കാട്ടുപോത്ത്, തേൻ കരടി തുടങ്ങി വിവിധതരം മൃഗങ്ങൾ ഇവിടെയുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 6213 അടി ഉയരത്തിലുള്ള, കുദ്രെമുഖ് നാഷണൽ പാർക്കിൽ ഉൾപ്പെട്ട കുദ്രെമുഖ് ശൃംഗം തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും വിഹ്വലതകകളും പൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന ഒരു യാത്രയാണിത്. ഇതിന്റെ ഉച്ചിയിലേക്കുള്ള ട്രെക്കിംഗിന് വനംവകുപ്പിന്റെ അനുമതി വാങ്ങണം. മുള്ളോടി എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് ഒരുവശത്തേക്ക് 9 കിലോമീറ്ററുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ട്രെക്കിംഗ് സമയം. ദിവസവും അൻപതു പേർക്കു മാത്രമേ അനുവാദമുള്ളു. ട്രെക്കിംഗ് ഫീസ് 200 രൂപയടക്കം 425 രൂപയായിരുന്നു ഒരാളോട് ട്രെക്കിംഗിന് ഈടാക്കിയിരുന്നത്. ഗൈഡിനുള്ള ചാർജ് ഇതിനു പുറമെയാണ്. ഈ ട്രെക്കിംഗ് അവിസ്മരണീയമായ ഒരനുഭവമാണ് യാത്രികർക്ക് പകർന്നു നല്കുന്നത്. നിറഞ്ഞ കാടും മലമടക്കുകളും പുൽമേടുകളും താണ്ടി കാട്ടരുവികളിൽ നിന്ന് മതിവരുവോളം തെളിനീർ കുടിച്ച് വെള്ളച്ചാട്ടങ്ങളുടെ തണുപ്പ് നുകർന്ന് മേഘങ്ങൾ പായ്യാരം പറയുന്ന ഗിരിനെറുകയിലെത്തുമ്പോൾ നമുക്കനുഭവപ്പെടുന്ന സാന്ത്വനവും സ്വാതന്ത്ര്യവും അനുഭവിച്ചറിയുക തന്നെ വേണം. അവിടെ കാറ്റും കോടയും മേഘവും ചേർന്നൊരുക്കുന്ന ചില മഹേന്ദ്രജാലങ്ങൾ നമുക്കു കാണാം. അതിനിടയിൽ ഭാഗ്യമുണ്ടെങ്കിൽ സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന താഴ്‌വാരക്കാഴ്ച ലഭിച്ചേക്കാം. അതൊരു ഇന്ദ്രിയാതീതമായ അനുഭൂതി തന്നെയാണ്. ഏതാണ്ട് നാലുമണിക്കൂർ സമയമെടുത്ത് മലകയറി വന്നതിന്റെ എല്ലാ ക്ഷീണവും അവിടെയെത്തുമ്പോൾ എങ്ങോ പോയ്മറയും. തിരിച്ചിറങ്ങുമ്പോൾ മനസ്സിന് പ്രകൃതി പകർന്നു തന്ന പുതിയ ഊർജ്ജതിന്റെ കരുത്തനുഭവപ്പെടാതിരിക്കില്ല.
ഏതെങ്കിലും ഹോംസ്റ്റേ പ്രവർത്തകരുമായി മുൻകൂട്ടി ആശയവിനിമയം നടത്തുകയാണെങ്കിൽ താമസവും ഭക്ഷണവും അനുമതിയും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും അവർ ഒരുക്കും. നാഷണൽ പാർക്കിനുള്ളിൽ ക്യാമ്പ് ചെയ്യാൻ ആർക്കും അനുമതിയില്ല.
തുംഗയും ഭദ്രയും പിന്നെ നേത്രാവതിയും
തെക്കെഇന്ത്യയിലെ മൂന്നു പ്രധാന നദികളായ തുംഗ, ഭദ്ര, നേത്രാവതി എന്നിവയുടെ ഉത്ഭവസ്ഥാനമാണ് കുദ്രെമുഖ്. ഇവയിൽ തുംഗഭദ്ര കർണ്ണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഒഴുകി കൃഷ്ണാനദിയിൽ ചേർന്ന് ബംഗാൾ ഉൾക്കടലിൽ ലയിച്ചു ചേരുന്നു. നേത്രാവതിയാകട്ടെ അറബിക്കടലിലും. വളരെ ഉയർന്ന അളവിൽ മഴലഭിക്കുന്ന പ്രദേശമായതുകൊണ്ട് ജലസമ്പന്നമാണ് കുദ്രെമുഖ്.
തുംഗയുടേയും ഭദ്രയുടേയും ഉത്ഭവവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. മഹാവിഷ്ണുവിന്റെ വരാഹാവതാരസമയത്ത് ഹിരണ്യാക്ഷനെ കൊന്ന് തളർന്ന വരാഹമൂർത്തി വിശ്രമിക്കാനായി ഈ പർവ്വത മുകളിലായിരുന്നുവത്രെ ഇരുന്നത്. അപ്പോൾ വരാഹസ്വാമിയുടെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ താഴോട്ട് ഒഴുകി. ഇടതുഭാഗത്തുകൂടി ഭൂമിയിലേക്ക് ഒഴുകിയ വിയർപ്പുതുള്ളികൾ തുംഗയായും വലതുഭാഗത്തുകൂടി ഒഴുകിയത് ഭദ്രയായും മാറിയെന്നാണ് ഐതിഹ്യം.
ഗംഗാമൂലയിൽ നിന്ന് തുംഗ 147 കിലോമീറ്ററും ഭദ്ര 171 കിലോമീറ്ററും സഞ്ചരിച്ച് ഷിമോഗയ്ക്കടുത്ത കൂഡലി എന്ന സ്ഥലത്തുവച്ച് സംഗമിച്ച് തുംഗഭദ്രയായി തങ്ങളുടെ നിയോഗവുമായി പ്രയാണം തുടരുന്നു. ഇതിനിടയിൽ തുംഗയിൽ ഷിമോഗയിലെ ഗജനൂരും ഭദ്രയിൽ ഭദ്രാവതിക്കടുത്ത് ലക്കവല്ലിയിലും ഓരോ ഡാമുണ്ട്. സംഗമത്തിനു ശേഷം ഹോസ്‌പേട്ടിൽ ഇവരെ തടഞ്ഞുകൊണ്ട് തുംഗഭദ്ര ഡാം തല ഉയർത്തി നില്ക്കുന്നു. ഇവിടെനിന്ന് വടക്കുപടിഞ്ഞാറായി ഒഴുകി കർണ്ണാടകയിലേയും ആന്ധ്രയിലേയും തെലുങ്കാനയിലേയും ജനങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ജീവജലം നൽകിയും സമതലങ്ങളെ കുളിരണിയിച്ചും തെലുങ്കാനയിലെ ഗഡ്‌വാൾ ജില്ലയിലെ ഗുണ്ടിമല്ലയിൽ വച്ച് കൃഷ്ണാനദിയിൽ ലയിക്കുന്നു. തുംഗഭദ്രയുടെ പ്രാചീനനാമം പമ്പ എന്നായിരുന്നത്രെ. രാമായണത്തിൽ പരാമർശിക്കപ്പെട്ട പമ്പാനദി ഇതാണെന്നും അഭിപ്രായമുണ്ട്. കുദ്രേമുഖിൽ ശൈശവാവസ്ഥയിലുള്ള തുംഗയും ഭദ്രയും ആരുടേയും മനം കവരും. എന്തൊരു തെളിമയും ശുദ്ധതയുമാണാ വെള്ളത്തിന് !ഇവരുടെ പദനിസ്വനങ്ങൾ കൊണ്ട് മുഖരിതമാണ് കുദ്രെമുഖ്.തുംഗയിലെ ജലവിശുദ്ധിയുടെ തെളിവായി ജനങ്ങളുടെയിടയിലുള്ള ഒരു ചൊല്ലണ് "തുംഗാ പാന ഗംഗാ സ്നാന " എന്ന്.
ഗംഗാമൂല
ഗംഗാമൂല അഥവാ വരാഹപർവ്വതമാണ് നേരത്തെ സൂചിപ്പിച്ച മൂന്നു നദികളുടെയും ഉത്ഭവകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 1458 മീറ്റർ ഉയരത്തിലാണ് ഈ ഗിരിശൃംഗം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ വാർഷിക വർഷപാതം 575 സെന്റിമീറ്ററാണ്. ഗംഗാമൂല പക്ഷികളുടെ പറുദീസയാണ്. നൂറിലധികം ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഗംഗാമൂലയിൽ പുരാതനമായ ഒരു ഭഗവതി ക്ഷേത്രവും ആറടിയിലധികം ഉയരമുള്ള വരാഹരൂപമുള്ള ഒരു ഗുഹയുമുണ്ട്.
ഹനുമാൻഗുണ്ടി വെള്ളച്ചാട്ടം
സുത്തനബ്ബെ എന്നുകൂടി പേരുള്ള ഈ വെള്ളച്ചാട്ടത്തിന് ഏതാണ്ട് 72 അടി (22 മീറ്റർ ) ഉയരമുണ്ട്. കർക്കാലയ്ക്കും ലാക്യ ഡാമിനും ഇടയിലായി കുദ്രെമുഖ് നാഷണൽ പാർക്കിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.പ്രകൃതി ഒളിച്ചുവച്ച മനോഹരിയാണിവൾ. കർക്കാല - കുദ്രെമുഖ് പാതയിലെ വനംവകുപ്പ് ഓഫിസിൽ നിന്ന് ടിക്കറ്റെടുത്ത് മുന്നൂറോളം വരുന്ന മനുഷ്യനിർമ്മിതമായ പടവുകൾ ഇറങ്ങിവേണം വെള്ളച്ചാട്ടത്തിനടുത്ത് എത്തുവാൻ. കാട്ടിൻ നടുവിലൂടെ കുത്തനെയുള്ള ഇറക്കം കഴിഞ്ഞെത്തിയാൽ തുംഗാനദി ആർത്തുല്ലസിച്ച് ആഹ്ലാദാരവങ്ങളോടെ താഴോട്ട് ചാടുന്ന വിസ്‌മയക്കാഴ്ചയാണ് നാം കാണുക. ചുറ്റുമുള്ള പാറകളുടേയും കാടിന്റേയും നടുവിൽ നിന്നുള്ള ആ ദൃശ്യം അപൂർവ്വസുന്ദരം തന്നെ. മൺസൂൺ കാലത്താണ് നമ്മൾ ചെന്നതെങ്കിൽ കാറ്റിലോടിയെത്തുന്ന ജലകണികകളാൽ കുളിരുകോരി അല്പം അകലെ നിന്നു മാത്രമേ
നമുക്കിതു കാണാൻ കഴിയൂ.കാരണം ആ സമയത്ത് താഴെയിറങ്ങുന്നത് അപകടകരമായതിനാൽ അധികൃതരുടെ അനുമതി ലഭിക്കുകയില്ല. എന്നാൽ ശരത്കാലത്താണ് നമ്മുടെ യാത്രയെങ്കിൽ വെള്ളച്ചാട്ടത്തിനു താഴെച്ചെന്ന് ആ അമൃതധാര ശരീരത്തിലും മനസ്സിലും നേരിട്ട് ആവാഹിച്ച് ആവോളം ആസ്വദിക്കാം.
ലാക്യ ഡാം
ഭദ്രയുടെ പോഷകനദിയായ ലാക്യനദിയിലാണ് ഈ അണക്കെട്ട്. ചുറ്റുമുള്ള മലനിരകളുടേയും കാടിന്റേയും പശ്ചാത്തലമാണ് ഈ അണക്കെട്ടിനെ ചേതോഹരമാക്കുന്നത്. KIOCL ഇരുമ്പയിര് ഖനനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ സംഭരിക്കുന്നതിനായി നിർമ്മിച്ച അണക്കെട്ടാണിത്.മുമ്പ് സംഭരിക്കപ്പെട്ട ആ അവശിഷ്ടങ്ങളിലും ഇപ്പോൾ മരങ്ങളും ചെടികളും വളർന്നു നില്ക്കുന്നതുകാണാം. 572 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചിരിക്കുന്ന ഈ ഡാമിന് ഏതാണ്ട് നൂറുമീറ്ററിലധികം ഉയരവും 1048 മീറ്റർ നീളവുമുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലര മുതൽ അഞ്ചരവരേയും ഞായറാഴ്ചകളിൽ രാവിലെ ഒമ്പതര മുതൽ വൈകുന്നേരം അഞ്ചരവരെയുമാണ് പ്രവേശനം.
കദംബി വെള്ളച്ചാട്ടം
കുദ്രെമുഖ് നാഷണൽ പാർക്കിനുള്ളിലെ മറ്റൊരു സുന്ദരമായ വെള്ളച്ചാട്ടമാണ് കദംബി. പ്രധാന പാതയുടെ അരികിലായുള്ള ഈ വെള്ളച്ചാട്ടത്തിന് 30 അടിയോളം ഉയരമുണ്ട്. മൺസൂണിലും അതുകഴിഞ്ഞുള്ള സമയവുമാണ് ഇതിന്റെ ഭംഗി ആസ്വദിക്കാൻ ഏറ്റവും യോജിച്ച അവസരം.
പ്രകൃതിയുടെ സ്വാശ്രയത്വം
KIOCL നെ കേന്ദ്രികരിച്ച് മാത്രമുണ്ടായ ഒരു ടൗൺഷിപ്പായിരുന്നു കുദ്രെമുഖ്. അവിടുത്തെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും വേണ്ടിയുള്ള ഹോസ്പിറ്റൽ, പോസ്റ്റോഫീസ്, വിദ്യാലയങ്ങൾ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു.2001ലെ സെൻസസ് പ്രകാരം 8095 മാത്രമായിരുന്നു ഇവിടുത്തെ ജനസംഖ്യ.
2012 ൽ ആദ്യമായി കുദ്രെമുഖ് സന്ദർശിച്ചപ്പോൾ ഖനനം നിർത്തിയ KIOCL പ്ലാന്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് തൊഴിലാളികളും ഉദ്യോഗസ്ഥരും മാത്രമേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളു. ഭൂരിഭാഗം പേരും സ്വമേധയാ പിരിഞ്ഞുപോവുകയോ മറ്റുസ്ഥലങ്ങളിലേക്ക് മാറിപ്പോവുകയോ ചെയ്തിരുന്നു. എന്നാൽ പിന്നീട് ചെന്നപ്പോൾ കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. ഗതകാലപ്രൗഡ്ഡി അയവിറക്കി, ആളും ആരവുമൊഴിഞ്ഞ് കാടുപിടിച്ചു കിടന്ന ക്വാർട്ടേഴ്സുകളും കെട്ടിടങ്ങളിൽ പലതും പകൽ പോലും പുള്ളിമാനുകളുടേയും കാട്ടു കോഴികളുടേയും കാട്ടുപന്നികളുടേയും വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ദശകങ്ങളോളം സക്രിയമായിരുന്ന ഒരു ടൌൺഷിപ്പാണതെന്നു പറഞ്ഞറിയിക്കേണ്ട അവസ്ഥ. ഒരു പക്ഷേ, ചരിത്രത്തിൽ മനുഷ്യനോട് നേരിട്ട് പകരം വീട്ടി പ്രകൃതി വിജയശ്രീലാളിതയായി തല ഉയർത്തി നില്ക്കുന്ന അപൂർവ്വ സ്ഥലങ്ങളിൽ ഒന്ന് കുദ്രെമുഖ് ആയിരിക്കും. മറ്റെല്ലായിടങ്ങളിലും കാട് വെട്ടി നാടും നഗരവുമാക്കി മാറ്റുമ്പോൾ ഇവിടെ ഒരു നഗരം കാടായി മാറിക്കൊണ്ടിരിക്കുകയാണ്.മനുഷ്യന്റെ അനാവശ്യമായ ഇടപെടലുകളിൽ നിയന്ത്രണം വന്നാൽ പ്രകൃതി തന്റെ കർത്തവ്യം തടസ്സങ്ങളില്ലാതെ നിർവ്വഹിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കുദ്രെമുഖ്.
ജനവാസം കുറഞ്ഞതോടെ ഇവിടെ അവശേഷിക്കുന്ന പാർപ്പിടഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സാധാരണമാണ് .അതുപോലെ രാജവെമ്പാലകളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണത്രെ ഇത്. അതുകൊണ്ടു തന്നെ സഞ്ചാരികൾ അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം.
കുദ്രെമുഖ് യാത്ര പ്ലാൻ ചെയ്യുമ്പോൾ താമസസൗകര്യം, അധികൃതരുടെ അനുമതി എന്നിവ മുൻകൂട്ടി ഏർപ്പാടാക്കാൻ ശ്രമിക്കണം. KIOCL ന്റെ പഴയ ഗസ്റ്റ്ഹൗസ് താമസത്തിന് ലഭ്യമാണ്. ഇതിനു പുറമെ വനംവകുപ്പിന്റെ ക്യാമ്പ് ഹൗസും നാഷണൽ പാർക്കിനു പുറത്തുള്ള സ്ഥലങ്ങളിൽ ധാരാളം ഹോം സ്റ്റേകളുമുണ്ട്.
ഹോറനാട്
ഭദ്രാനദിയുടെ തീരത്ത്, നാനൂറു വർഷത്തിലധികം പഴക്കമുള്ള,അന്നപൂർണ്ണേശ്വരീക്ഷേത്രമാണ് ഹോറനാടിനെ പ്രശസ്തമാക്കുന്നത്.ജാതി- മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം മനുഷ്യരേയും സ്വാഗതം ചെയ്യുന്നുവെന്നതാണ് ഈ ക്ഷേത്രസന്നിധിയുടെ മഹത്വം. ചുറ്റുമുള്ള മലനിരകളുടെ പശ്ചാത്തലം ക്ഷേത്രത്തിന്റെ ഗരിമ വർദ്ധിപ്പിക്കുന്നു. മനോഹരമായ ശില്പവേലകളാൽ സമൃദ്ധമാണീ ക്ഷേത്രം. ഇവിടെ തീർത്ഥാടകർക്ക് ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കും.കുദ്രേമുഖിൽ നിന്ന് 27 കിലോമീറ്റർ അകലെയാണ് ഹോറനാട്.
കലാസ
ഒരു കാർഷിക പട്ടണമാണ് കലാസ. ശിവപ്രതിഷ്‌ഠയുള്ള കലാസീശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചായ, കാപ്പി, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കു പ്രശസ്തമാണിവിടം. ക്ഷേത്രത്തിന്റെ മൂന്നുഭാഗവും ഭദ്രാനദിയാൽ വലയംചെയ്യപ്പെട്ടിരിക്കുന്നു. കുദ്രേമുഖിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് കലാസയിലേക്ക്.
കുദ്രേമുഖിലും പരിസരപ്രദേശങ്ങളിലുമായി നിരവധി കാഴ്ചകൾ ഇനിയുമുണ്ട്.പ്രധാനമായ ചിലതുമാത്രമാണ് ഇവിടെ പരാമർശിച്ചത്.ഒരു സാധാരണ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെത്തന്നെ മഹത്തായ അനുഭവങ്ങളായിരിക്കും.
സാധാരണ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നകന്ന് പ്രകൃതി പകരുന്ന മായികാനുഭവങ്ങളിൽ മുഴുകിയും ആ ഏകാകിതയിൽ ലയിച്ചും അല്പദിവസങ്ങൾ ചെലവഴിക്കാൻ തോന്നുന്നുവെങ്കിൽ തീർച്ചയായും കുദ്രെമുഖിലേക്ക് പോകാം.ഒരിക്കലും നമ്മൾ നിരാശപ്പെടേണ്ടിവരില്ലെന്നു മാത്രമല്ല തിരികെ വരുമ്പോൾ അതിജീവനത്തിനായുള്ള ഒരു ശക്തി മനസ്സിനു ലഭിച്ചിരിക്കുകയും ചെയ്യും.നദികളുടെ ചിലമ്പൊലിയും കാറ്റിന്റെ സംഗീതവും മേഘങ്ങളുടെ കുസൃതികളും ആസ്വദിച്ച് എല്ലാ ബാഹ്യമോടികളിൽ നിന്നും അകന്ന് നമുക്ക് നാമായി ജീവിക്കാനുതകുന്ന നിമിഷങ്ങളാണ് കുദ്രെമുഖ് ഉറപ്പുനൽകുന്നത്.