പ്രകൃതിയിലെ ഓരോ ഘടകവും നമുക്കു തരുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ് !ഒരു കടൽ നമുക്കുതരുന്ന വികാരമല്ല പുഴ പകരുന്നത്. പുഴ തരുന്ന വികാരമല്ല മലയോ വയലോ തരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കടൽ ഒരു' കാഞ്ഞ വിത്താണ്'.
നമ്മുടെ മനസ്സിന്റെ അവസ്ഥയെന്തോ അതനുസരിച്ചായിരിക്കും അവിടെനിന്നുള്ള മറുപടി. നമ്മുടെ മനസ്സിൽ സന്തോഷമാണെങ്കിൽ കടൽക്കരയിൽ ചെന്നാൽ അത് ഇരട്ടിക്കും. മറിച്ച് ശോകമാണെങ്കിലോ കടൽ നമ്മെ ഒന്നുകൂടി ശോകാകുലരാക്കിത്തീർക്കും . എന്നാൽ മലകൾ ഏതു പ്രതിസന്ധിഘട്ടത്തിലും മനസ്സിനെ സ്വച്ഛവും ശാന്തവുമാക്കുമെന്നതാണ് എന്റെ അനുഭവം.പുഴയും വയലുമാകട്ടെ എന്നിൽ ശാന്തതയാണ് നൽകുന്നത് .ഇതിൽ നിന്നൊക്കെ വിഭിന്നമാണ് വെള്ളച്ചാട്ടങ്ങൾ. ഉയരത്തിൽ നിന്ന് ധ്യാനാത്മകമായി താഴേക്ക് ചാടുകയും തുടർന്ന് അത്യധികം സന്തോഷത്തോടെ, പൊട്ടിച്ചിരിച്ച്, നിലം തൊടുകയും ചെയ്യുന്ന വെള്ളച്ചാട്ടങ്ങൾ മനസ്സിൽ സ്വാതന്ത്ര്യത്തിന്റെ സൂക്ഷ്മരേണുക്കൾ വിരിയിക്കും.അപ്പോൾ മനസ്സ് തുള്ളിച്ചാടും, ഒരുകൊച്ചുകുട്ടിയെപ്പോലെ. അങ്ങനെ മനസ്സിൽ സ്വാതന്ത്ര്യം വിരിയിച്ച് നിർമമമായ ആനന്ദം അനുഭവിക്കണമെന്ന് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് കൊല്ലിമല. ഇടതിങ്ങിയ കാടുകൾ നിറഞ്ഞ ഉയരെയുള്ള മലനിരകളിലൊന്നിൽ നിന്ന് ആവേശത്തോടെ മണ്ണിനെ പുൽകാൻ കുതിക്കുന്ന ഈ വെള്ളച്ചാട്ടവും പരിസരവും നമ്മുടെ ശരീരത്തിനും മനസ്സിനും കുളിരു പകരും.
View more images at: https://mozhipost.blogspot.com/2021/08/blog-post.html
തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ, പൂർവ്വഘട്ടത്തിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. ചതുരാകൃതി കാരണം ഇതിന് ചതുരഗിരി എന്നുകൂടി പേരുണ്ട്. പൗരാണികകാലം മുതലേ പ്രശസ്തമായ ഒരു സ്ഥലമാണ് കൊല്ലിമല. പ്രാചീന തമിഴ്ഗ്രന്ഥങ്ങളായ ചിലപ്പതികാരം, മണിമേഖല, അകനാനൂറ്, പുറനാനൂറ് എന്നിവയിൽ കൊല്ലിമലയെക്കുറിച്ച് പരാമർശങ്ങളുണ്ട്. രാമായണത്തിലെ സുഗ്രീവന്റെ മധുവനം ഇതാണെന്ന് ചിലർ വിശ്വസിക്കുന്നു. പ്രാചീന തമിഴകത്തെ മനുഷ്യസ്നേഹികളായ എഴു രാജാക്കന്മാരിൽ ഒരാളെന്നു പേരുകേട്ട വാൽവിൽ ഊറി എന്ന രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള പ്രദേശമായിരുന്നു കൊല്ലിമല. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകൾപ്രചാരത്തിലുണ്ട്. ആയോധനവിദ്യയിൽ അതിവിദഗ്ദ്ധനായിരുന്ന അദ്ദേഹം ഒറ്റ അമ്പു കൊണ്ട് സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ ഒരേസമയം കൊന്ന സ്ഥലമാണ് കൊല്ലിമലയെന്നാണ് ഐതിഹ്യം.
കൊല്ലിമല എന്ന പേരു വന്നതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലവിലുണ്ട്. അവയിലൊന്ന്, ഋഷിമാർ വിശിഷ്ട തപസ്ഥാനമായി കണ്ടിരുന്ന കൊല്ലിമലയിൽ ചില പ്രേതാത്മാക്കൾ അവരുടെ തപസ്സിനു ഭംഗം വരുത്തുകയും അവർ കൊല്ലിപ്പാവൈ അഥവാ ഏറ്റുക്കൈ അമ്മൻ എന്ന ദേവിയോട് സങ്കടനിവാരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്തുവത്രെ. ദേവി പ്രത്യക്ഷപ്പെട്ട് തന്റെ അലൗകികമായ പുഞ്ചിരികൊണ്ട് ദുരാത്മാക്കളെ തുരത്തി ഋഷീശ്വരന്മാരുടെ തപസ്സിനുള്ള തടസ്സം ഒഴിവാക്കിക്കൊടുത്തു. ദേവി പ്രേതങ്ങളെ കൊന്ന സ്ഥലമായതുകൊണ്ട് കൊല്ലിമല എന്ന പേരു വന്നത്രെ.
മറ്റൊന്ന്, ഇവിടെ തപസ്സു ചെയ്ത മുനിമാരുടെ തപസ്സിന്റെ തീവ്രതയിലുണ്ടായ തീയും ചൂടും കൊണ്ട് ജനജീവിതം ദുസ്സഹമായപ്പോൾ അവർ കൊല്ലിപ്പാവൈ ദേവിയോട് സങ്കടം ഉണർത്തിക്കുകയും ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ചൂടിനേയും തീയേയും ഇല്ലാതാക്കി ജനങ്ങളെ ആപത്തിൽ നിന്നും രക്ഷിച്ചുവെന്നാണ്. ഭക്തന്മാർക്കുണ്ടായ അപകടങ്ങളെ ഇല്ലാതാക്കിയ സ്ഥലം എന്ന അർത്ഥത്തിലാണ് കൊല്ലിമല എന്ന പേരുണ്ടായതെന്നാണ് ഈ കഥ വ്യക്തമാക്കുന്നത്.
വേറൊരു ഐതിഹ്യം, അരപ്പാലീശ്വരനുമായി ബന്ധപ്പെട്ടാണ്. കൊല്ലിമലയിൽ അറപ്പാലീശ്വരൻ എന്നറിയപ്പെടുന്ന പരമശിവന്റെ സാന്നിധ്യവും അനുഗ്രഹവുമുള്ളതിനാൽ ആകാശഗംഗയിലെ വെള്ളത്തിന് എല്ലാവിധ വ്യാധികളേയും കൊല്ലാനുള്ള കഴിവുണ്ടത്രെ.ശിവന്റെ അനുഗ്രഹത്തിലും വെള്ളത്തിന്റെ ഔഷധഗുണത്തിലുമുള്ള വിശ്വാസം കാരണം ഇന്നും നിരവധി ആളുകൾ വെള്ളച്ചാട്ടത്തിൽ സ്നാനം ചെയ്യാറുണ്ട്. വ്യാധികളെ കൊല്ലുന്ന മല എന്ന അർത്ഥത്തിൽ ഈ പ്രദേശത്തിന് കൊല്ലിമല എന്ന പേരു ലഭിച്ചുവെന്നാണ് ഈ കഥ പറയുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1370 മീറ്റർ ഉയരത്തിൽ 280 ചതുരശ്ര കിലോമീറ്ററിലായി കൊല്ലിമല വ്യാപിച്ചിരിക്കുന്നു. നാമക്കൽ നിന്ന് കൊല്ലിമലയ്ക്കുള്ള യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരനുഭവമാണ്. 70 ഹെയർപിൻ വളവുകളിലൂടെ കാടും മലയും താണ്ടിയുള്ള പോക്ക് നമ്മെ മറ്റൊരു ലോകത്തേക്കാനയിക്കും. കാരവല്ലിയാണ് കൊല്ലിമലയുടെ കവാടം. കാരവല്ലിക്കും സോലക്കാവിനും ഇടയിലാണ് ഏറ്റവും കൂടുതൽ വളവുകൾ ഉള്ളത്.
സെമ്മേടാണ് കൊല്ലിമലയുടെ ആസ്ഥാനം. കാർഷികോല്പന്നങ്ങളുടെ വ്യാപാരകേന്ദ്രമായ, ഒരു
' ടിപ്പിക്കൽ'തമിഴ്‌പട്ടണമാണിത്. അതുകഴിഞ്ഞാൽ പൊതുവെ ജനവാസം കുറഞ്ഞ മേഖലയാണ്. മലകളും താഴ്‌വരകളും നെൽപ്പാടങ്ങളും മാറിമാറി കണ്ട് പ്രകൃതിസൗന്ദര്യം ആസ്വദിച്ചുള്ള ഈ യാത്ര ഒരിക്കലും നമ്മെ വിരസതയിലേക്ക് നയിക്കില്ല. അത്രമാത്രം കാഴ്ചകളാണ് നമ്മുടെ കണ്ണുകൾക്ക് വിരുന്നേകിക്കൊണ്ട് ഇവിടെയുള്ളത്. ബസ്സിലാണ് നമ്മുടെ യാത്രയെങ്കിൽ പ്രകൃതിയോടൊപ്പം തനി നാട്ടിൻപുറത്തുകാരായ ഗ്രാമീണരുടെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളും കൂടി നമ്മെ ആനന്ദിപ്പിക്കും.
ഈറോഡ്, സേലം എന്നിവയാണ് കൊല്ലിമലയ്ക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്ററും
ഈറോഡ് - നാമക്കൽ 57 കിലോമീറ്ററും ദൂരമുണ്ട്. രണ്ടിടത്തുനിന്നും എപ്പോഴും ബസ്സുകളുണ്ട്.
നാമക്കൽ നിന്ന് കൊല്ലിമല അരപ്പാലീശ്വരർ ക്ഷേത്രത്തിലേക്ക് 55 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും 70 ഹെയർപിൻ വളവുകളുള്ള ചുരം കയറി അവിടെയെത്താൻ ഏതാണ്ട് നാലുമണിക്കൂർ സമയമെടുക്കും.നാമക്കൽ നിന്ന് കൊല്ലിമലക്ക്
രണ്ടുമണിക്കൂർ ഇടവേളകളിൽബസ്സുണ്ട്
ഏതാണ്ട് 45,000 ആണ് കൊല്ലിമലയിലെ ആകെ ജനസംഖ്യ. ഇതിൽ വലിയൊരു ശതമാനം ആദിവാസി വിഭാഗങ്ങളാണ്. തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി, വാഴ, നെല്ല് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. വ്യത്യസ്‌തയിനം ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല.
കൊല്ലിമലയെത്തിയാൽ നമ്മെ വരവേൽക്കുന്നത് കൈതച്ചക്ക, മാങ്ങ, പേരയ്ക്ക, ചക്ക തുടങ്ങി വിവിധതരം പഴവർഗ്ഗങ്ങൾ വിൽക്കുന്നവരുടെ നീണ്ട നിരയാണ് . ഇതു കൂടാതെ തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ എന്നിവ വിൽക്കുന്ന കുറച്ചു കടകളും കാണാം.
എ. ഡി.രണ്ടാം നൂറ്റാണ്ടിൽ വാൽവിൽ ഊറി നിർമ്മിച്ച ശിവക്ഷേത്രമാണ് അരപ്പാലീശ്വരർ ക്ഷേത്രം.ഇത് പ്രസിദ്ധമായൊരു തീർത്ഥാടനകേന്ദ്രമാണ്.ഞങ്ങൾ അവിടെയെത്തിയ സമയം ഉച്ചയോടടുത്തായതിനാൽ ക്ഷേത്രത്തിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ വൈകുന്നേരം 4 മണിക്കേ കോവിൽ തുറക്കുകയുള്ളു. ഇവിടെനിന്ന് ഒരു കിലോമീറ്റർ താഴെയാണ് ആകാശഗംഗ.ഞങ്ങൾ നേരെ അങ്ങോട്ടു പുറപ്പെട്ടു. നല്ല ഇറക്കമാണ്. സഞ്ചാരികളുടെ സൗകര്യത്തിനായി പടികൾ കെട്ടിയിട്ടുണ്ട്.വെള്ളച്ചാട്ടം വരെ ഏതാണ്ട് 1300 പടികളുണ്ടെന്ന് പഴക്കച്ചവടം ചെയ്യുന്ന അന്നാട്ടുകാരനായ ഒരാൾ പറഞ്ഞു. പടികൾ ഉണ്ടെങ്കിലും ഇറക്കം ക്ലേശകരം തന്നെയാണ്. തടി കൂടുതലുള്ള നിരവധിപേർ പകുതിവഴിയിൽ നിന്ന് പിന്തിരിയുന്നത് കണ്ടു. ചുറ്റുമുള്ള മലനിരകളും കാടിന്റെ കടുംപച്ചയ്ക്കു നടുവിൽ, പലസ്ഥലങ്ങളിലായി, ഓണപ്പൂക്കളമെന്നപോലെ വിരിഞ്ഞു നിൽക്കുന്ന ചുകന്നപൂക്കളും കണ്ട് താഴേക്ക് ഇറങ്ങുമ്പോൾ ക്ഷീണമറിയില്ല.
കുടിക്കാൻ വെള്ളവും അത്യാവശ്യം ലഘുഭക്ഷണവും കൈയിൽ കരുതിയില്ലെങ്കിൽ ബുദ്ധിമുട്ടാകും. ഈ ദീർഘവും ചെങ്കുത്തായതുമായ ഇറക്കത്തിൽ ചെറിയ വസ്തുക്കൾപോലും നമ്മളെ അലോസരപ്പെടുത്തുന്ന ഭാരമാണെങ്കിലും ഒരു കാരണവശാലും കുടിവെള്ളം കൈയിൽ കരുതാതിരിക്കരുത്.
ആകാശഗംഗയുടെ കുളിരണിയാനുള്ള ഈ യാത്രയിൽ പലപ്പോഴും വിവിധയിനം പൂമ്പാറ്റകൾ നമ്മെ അനുഗമിക്കുന്നതുകാണാം. അവയിൽ ചിലത് തുടക്കം മുതൽ ഏറ്റവും താഴെവരെ നമ്മളോടൊപ്പം ഉണ്ടാകും, വഴികാട്ടികളെന്നപോലെ.
അകലെ നിന്നു തന്നെ ആകാശഗംഗയുടെ ആരവം നമുക്ക് കേൾക്കാം. ഔത്സുക്യത്തിന്റെ ഹൃദയമിടിപ്പുമായി മുന്നോട്ടെത്തിയാൽ നമ്മെ സ്തബ്ധരാക്കാതിരിക്കില്ല മനോഹരമായ ആ കാഴ്ച്ച.കഥകളിൽ നമ്മൾ കേട്ട ഏറ്റുക്കൈ അമ്മന്റെ അതിമനോഹരമായ ആ പുഞ്ചിരി നമുക്ക് നേരിൽ പ്രത്യക്ഷമാകും.300 അടി ഉയരത്തിൽ നിന്ന് അയിറു നദി താഴേക്ക് പതിക്കുമ്പോൾ അതിനു ചുറ്റുമുള്ള വലിയൊരു പ്രദേശത്തെ ആ ജലകണങ്ങൾ കുളിരണിയിക്കുന്നുണ്ട് .വെള്ളച്ചാട്ടം പതിക്കുന്നതിനു താഴെ ഒരു ജലാശയം രൂപം കൊണ്ടിട്ടുണ്ട്. അതു കടന്നുവേണം ആകാശഗംഗയുടെ പാദബിന്ദുവിലേക്ക് നമുക്കെത്താൻ. കരയിൽ നിന്ന് അവിടം വരെ കെട്ടിയ ഒരു കയറുണ്ട്. അതിൽ പിടിച്ച് ആവശ്യമുള്ളവർക്ക് വെള്ളച്ചാട്ടത്തിനു കീഴിൽ പോയി കുളിക്കാം.അല്ലെങ്കിൽ അവിടെയുള്ള ജലാശയത്തിലെ ഐസിനു സമാനമായ വെള്ളത്തിൽ മുങ്ങിനിവരാം. ഇതൊന്നുമല്ലെങ്കിൽ പ്രകൃതിയുടെ ഈ മഹേന്ദ്രജാലത്തിനു മുമ്പിൽ നമ്രശിരസ്കരായി മതിമറന്നു നിൽക്കാം.
ആകാശഗംഗയിൽ നിന്ന് പാറക്കെട്ടുകളിൽ തട്ടിച്ചിതറുന്ന വെള്ളത്തുള്ളികളിൽ സൂര്യരശ്മികൾ തലോടുമ്പോൾ രൂപം കൊല്ള്ളുന്ന മഴവിൽകൂട്ടങ്ങൾ എത്രകണ്ടാലും മതിവരാത്ത സ്വർഗ്ഗസമാനമായ ഒരു കാഴ്ചയാണ്.
അതുപോലുള്ള മറ്റൊരനുഭവമാണ് അവിചാരിതമായി കടന്നുവരുന്ന കോട.ഒരുഭാഗത്ത് വെള്ളച്ചാട്ടത്തിൽ നിന്ന് പുകപോലെ പടരുന്ന നീർക്കണികകളും മറുഭാഗത്ത് വെള്ളകരിമ്പടം പുതപ്പിക്കുന്ന കോടമഞ്ഞും.അത് ഒരിക്കലെങ്കിലും അനുഭവിച്ചുതന്നെ അറിയണം.
വർഷം മുഴുവൻ ഏറെക്കുറെ ജലസമൃദ്ധിയോടെ ഈ വെള്ളച്ചാട്ടം ഉണ്ടാകുമെന്നതാണ് സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഘടകം. കൊല്ലിമലയിലെ ശരാശരി താപനില 14 - 28 ഡിഗ്രി സെൽഷ്യസാണ്.
ആകാശഗംഗയുടെ മോഹിപ്പിക്കുന്ന സൗന്ദര്യം എത്രനേരം നുകർന്നാലും മതിവരാതെയാണ് ഓരോരുത്തരും തിരിച്ചു കയറുക. വീണ്ടും നോക്കിയാൽ ആ മുഗ്ദ്ധ സൗന്ദര്യം അങ്ങോട്ടുതന്നെ ആകർഷിക്കും എന്നതിനാൽ തിരിഞ്ഞുനോക്കാതെ നമുക്കു യാത്ര പറയാം. എന്നാലും കാറ്റിൽ ഒളിപ്പിച്ചുവച്ച തന്റെ നനുത്ത നിശ്വാസവുമായി കുറേ ദൂരം അവൾ നമ്മുടെ പിന്നാലെ വരും, അനുഗ്രഹവർഷവുമായി.
കൊല്ലി മലയിലും സമീപപ്രദേശങ്ങളിലുമായി കുറേ കാഴ്ചകൾ വേറെയുമുണ്ട്.ഏറ്റുക്കൈ അമ്മൻ ക്ഷേത്രം, സോലക്കാട്, സേലൂർനാട്,ബൊട്ടാണിക്കൽ ഗാർഡൻ, സിദ്ധർഗുഹകൾ, മാസില വെള്ളച്ചാട്ടം, ബോട്ട് ഹൗസ്, സേലൂർ വ്യൂ പോയിന്റ്, ഔഷധത്തോട്ടം മുതലായവ.രണ്ടുദിവസം ചെലവഴിക്കാനായി പ്ലാൻ ചെയ്ത് വന്നാലേ ഇതെല്ലാം കാണാൻ സാധ്യമാകൂ. ഞങ്ങൾ ആകാശഗംഗ മാത്രം ലക്ഷ്യമാക്കി ഒരു ദിവസം മാത്രം കൊല്ലിമലക്കായി നീക്കിവച്ച് പോയതുകൊണ്ട് മറ്റെവിടേയും പോകാൻ കഴിഞ്ഞില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല. കാരണം ഞങ്ങൾ കാണാൻ ബാക്കിയായതും അതിലധികവും പകർന്നു തന്നിരുന്നു കൊല്ലിപ്പാവൈ ദേവിയുടെ പുഞ്ചിരിയായ ആകാശഗംഗ.
View more images at: https://mozhipost.blogspot.com/2021/08/blog-post.html