shavarma

Sumesh P

വഴിതെറ്റിവന്ന മഴയിൽ കുട്ടന്റെ ഉറക്കം കെട്ടു. ഓടിന്റെ വിടവിലൂടെ മഴത്തുള്ളികൾ അവന്റെ മുഖത്തേക്ക് ഇറ്റുവീണു. നീരസത്തോടെ അവൻ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റ്, ചുമരിനോട് ചാരിയിരുന്നു. ഇതൊന്നും അവന് പുതിയതല്ല. എത്രയോ രാത്രികളിൽ ഉറങ്ങാതെ അവനിരുന്നിട്ടുണ്ട്. പതിവുപോലെ അച്ഛനിന്നും കരിമ്പനയുടെ പട്ടകൊണ്ട് ഓടിന്റെ ദ്വാരം അടയ്ക്കുവാൻ ശ്രമിക്കുന്നുണ്ട്. ഏണിയിൽ നിന്നുകൊണ്ടാണ് അച്ഛന്റെ ഈ പ്രയത്നം. മഴപെയ്യുമ്പോൾ ഏണിയും വീടിന്റെയുള്ളിലേക്ക് സ്ഥാനം പിടിക്കും. 

കിടക്കുവാനായി സ്ഥിരമായിട്ട് ഒരു മുറിയൊന്നും അവിടെയില്ല. മഴപെയ്യുമ്പോൾ എവിടെയാണോ ചോരാത്തത്, അവിടെ പായയും തലയിണയും സ്ഥാനം പിടിക്കും. അങ്ങനെയായതുകൊണ്ട് വീട്ടിൽ എവിടെ കിടന്നാലും അവന് ഉറക്കം കിട്ടും. ഉമ്മറത്തും അകത്തും അടുക്കളയിലും കിടന്ന് അവനുറങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് അവൻ മുറ്റത്തും കിടന്നിട്ടുണ്ട്. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ കാറ്റുകൊള്ളുവാൻ ഇതേയുള്ളൂ ഒരു മാർഗമെന്നാണ് അച്ഛന്റെ ചൊല്ല്. അച്ഛന്റേയും അമ്മയുടേയുംകൂടെ കിടന്നുകൊണ്ട് ആകാശവും നക്ഷത്രങ്ങളും കാണുവാൻ അവനിഷ്ടമാണ്. പുറത്തെ കാറ്റേറ്റുകിടന്നാൽ ഉറങ്ങുന്നതുപോലും അവനറിയാറില്ല. റോഡിനോട് ചേർന്നിട്ടുള്ള വീടാണെങ്കിലും, ഉൾപ്രദേശമായതുകൊണ്ട് വാഹനങ്ങളുടെ ശല്യങ്ങളൊന്നും അവിടെയില്ല. റോഡിന്റെ മറുപുറം ഒരു വലിയ പറമ്പാണ്. തെങ്ങും തേക്കും ഒട്ടനേകം വൃക്ഷങ്ങളുമുള്ള ഒരു വലിയ പറമ്പ്. പക്ഷേ, എന്നിട്ടുപോലും ഒരു ഇഴജന്തുവും ഇന്നേവരെ അവരുടെ നിദ്രയെ തടസ്സപ്പെടുത്തിയിട്ടില്ല.

വൈദ്യുതിയില്ലാത്തതുകൊണ്ട് എന്നും രാത്രി എട്ടുമണിയോടെ അവർ ഉറങ്ങുവാൻ കിടക്കും. രണ്ടുവർഷം മുൻപുവരെ വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നു. അന്നവർ, ഇന്നുള്ള വീടിന്റെ പിറകിലുള്ള സ്ഥലത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കെ.എസ്.ഇ.ബി യെ അറിയിക്കാതെയാണ് അവർ ഇന്നുള്ള വീടിന്റെ നിർമാണം നടത്തിയത്. അക്കാരണത്താൽ കെ.എസ്.ഇ.ബി യിലെ ഉദ്യോഗസ്ഥൻ വന്ന് വീട്ടിലെ ഫ്യൂസൂരുകയാണ് ചെയ്തത്. ഫൈനടയ്ക്കുവാൻ മറ്റു മാർഗമില്ലാത്തതിനാൽ വൈദ്യുതി ഇന്നവർക്കന്യമായി.

"എത്ര നാളായി ഞാൻ പറയുന്നു, കറന്റിന്റെ കണക്ഷനൊന്ന് ശരിയാക്കുവാൻ. നമ്മുടെ കാര്യം പോട്ടേയെന്നു വയ്ക്കാം. ഈ കുട്ടിയെന്തു ചെയ്യും? ചിമ്മിണിയിപ്പോളണയും. അതെങ്ങനാ, അരിയോ മണ്ണെണ്ണയോ വാങ്ങുവാൻ കൈയിൽ കാശുണ്ടാവില്ലല്ലോ! പണിയില്ലെങ്കിലും കുടിക്കുവാൻ കാശുണ്ടാവും. എനിക്ക് വയ്യ ഇങ്ങനെ നരകിക്കാൻ."

കുട്ടിമാളു പതിവുപോലെ പരാതിപ്പെട്ടി തുറന്നു. 

"ചിമ്മിണിയണഞ്ഞാൽ മെഴുകുതിരി കത്തിക്കുക. അല്ലാതെയിങ്ങനെ ചിലച്ചിട്ട് ഒരു കാര്യവുമില്ല." മുരുകനും പിറുപിറുത്തു.

"പിന്നേ, കത്തിക്കുവാൻ മെഴുകുതിരി ഇവിടെ കൂട്ടിയിട്ടിരിക്കുകയല്ലേ? ഇവിടെ ഒരു വസ്തുവുമില്ല."

"ഇല്ലെങ്കിൽ, നീ നിന്റെ വീട്ടിൽപ്പോയി കൊണ്ടുവാ. അവിടെയുണ്ടല്ലോ ഒരു ഉദ്യോഗസ്ഥൻ."

"ഉവ്വ്. അവിടെച്ചെന്നാലും മതി; ദൂരേനിന്ന് കണ്ടാലേ അവന്റെ ഭാര്യയ്ക്ക് ഹാലിളകും. ആ വീടിനുവേണ്ടി എത്ര കഷ്ടപ്പെട്ടതാണു ഞാൻ. പഠിക്കേണ്ട സമയത്ത് പണിയെടുത്ത് ഞാനാ കുടുംബം പോറ്റിയതാണ്. അവന്റെ കല്യാണം വരെ ഞാനാണ് നടത്തിക്കൊടുത്തത്. എന്നിട്ടിപ്പോൾ അവന് ചേച്ചിയെ വേണ്ട. പെണ്ണ് പറയുന്നതാണ് അവന് വേദവാക്യം. എല്ലാം അമ്മയുടെ കാലം കഴിയുംവരെ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്." അവൾ നെടുവീർപ്പിട്ടു.

ഒരുവിധത്തിൽ മുരുകൻ വീടിന്റെ ചോർച്ചയെല്ലാം പരിഹരിച്ചു. പുറത്താണെങ്കിൽ മഴയുടെ ശക്തി കൂടിവന്നു. തണുപ്പേറിയപ്പോൾ മുരുകൻ, ചായതിളപ്പിക്കുവാൻ ഭാര്യയോട് പറഞ്ഞു. മഴയുള്ളപ്പോൾ രാത്രിയിൽ മുരുകന് ചായ നിർബന്ധമാണ്. അതുകേട്ടപ്പോൾ കുട്ടനും ഉണർവായി. അവൻ അമ്മയോട് അരിവറുക്കുവാൻ ആവശ്യപ്പെട്ടു. വറുത്ത അരിയിൽ പഞ്ചസാരയും ചിരകിയ നാളികേരവുമിട്ട് കഴിക്കുവാൻ നല്ല രസമാണ്. ഇനിയിതെല്ലാം പൊടിച്ച് ഉണ്ടയുണ്ടാക്കുകയാണെങ്കിലോ കുശാലായി. ചായനുണഞ്ഞപ്പോൾ മൂവരും തണുപ്പിനെ മറന്നു. രാത്രിയുടെ നിശ്ശബ്ദതയിലേക്ക് അവർ പതിയെയൂളിയിട്ടു.

രാത്രി മുഴുവൻ പെയ്തിറങ്ങിയിട്ടും മഴയുടെ മോഹം ശമിച്ചിട്ടുണ്ടായിരുന്നില്ല. അടുക്കളയിൽനിന്നും അമ്മയുടെ പരാതികൾ പതിവുപോലെയിന്നും അവന്റെ കാതിൽത്തറച്ചു. എല്ലാ പാത്രവും തുറന്നുനോക്കിക്കൊണ്ട് ഒന്നുമില്ലായെന്ന് അമ്മ തീർച്ചപ്പെടുത്തുന്നുണ്ടായിരുന്നു. മുരുകൻ മഴയുടെ താളം ശ്രവിച്ചുകൊണ്ട് ഉമ്മറത്തിണ്ണയിലിരുപ്പാണ്. കുറച്ചുദിവസങ്ങളായി പണിയില്ലാതെ വീട്ടിലിരിപ്പാണ് മുരുകൻ. ഇന്നൊരു പണി തരപ്പെട്ടുവന്നതായിരുന്നു, അപ്പോഴാണ് മഴയുടെ ഈ അതിക്രമം. കാലിച്ചായകുടിക്കുവാൻ ചായക്കടയിലേക്കു പോകുവാനൊരുങ്ങി മുരുകൻ. അപ്പോഴാണ്, അവിടെ കൊടുക്കുവാനുള്ള പൈസയുടെ കാര്യം ഓർമയിൽ വന്നത്. അങ്ങനെ ആ ശ്രമവും മുരുകൻ ഉപേക്ഷിച്ചു.

മഴയുടെ താരാട്ടുമൂലം കുട്ടന് പായയിൽനിന്നും എഴുന്നേൽക്കുവാൻ കഴിയാതെയായി. ഉറക്കം മതിയായില്ലയെന്നു മനസ്സ് അവനോടു മന്ത്രിച്ചു. ഈ മഴയത്ത് പഠിക്കുവാൻ പോകണോയെന്നൊരു ചിന്തയും മനസ്സിൽ വരാതിരുന്നില്ല. അവൻ കാല് മുതൽ തല വരെ പുതപ്പിന്റെയുള്ളിലേക്ക് ഒളിപ്പിച്ചു. അമ്മയുടെ ശബ്ദം തന്നോടടുത്തുവരുന്നതുപോലെ അവന് അനുഭവപ്പെട്ടു. ആദ്യമൊക്കെ അവനതിനുനേരെ ചെവിയടച്ചുവെങ്കിലും പിന്നീട് അതിനു കീഴടങ്ങേണ്ടിവന്നു. മനസ്സില്ലാമനസ്സോടെ അവൻ പായയിൽനിന്നും എഴുന്നേറ്റു. ഉമ്മറത്തെത്തിയ അവൻ തണുപ്പുകൊണ്ട് വിറങ്ങലിച്ച മുറ്റത്തേക്കൊന്നു നോക്കി. കനമുള്ള മഴത്തുള്ളികൾ മുറ്റത്തിലൂടെ ഒഴുകിരസിക്കുന്നു. അവൻ കുറച്ചുനേരം ആ കാഴ്ചയിൽ മുഴുകി. 

മുറ്റത്തേക്കിറങ്ങുവാൻ കഴിയാത്തതുകൊണ്ട് അവൻ ഉമ്മറത്തുനിന്ന് പല്ല്തേച്ചു. ചൂടുവെള്ളത്തിൽ കുളിച്ചിട്ടും അവന്റെ തണുപ്പ് മാറിയില്ല. ഉള്ളിലിപ്പോഴും ഒരു മടിയുണർന്നിരിപ്പുണ്ട്. ഭക്ഷണം കഴിക്കുവാനായി അവൻ അമ്മ തയ്യാറാക്കിയിട്ടുള്ള വിരിപ്പിലിരുന്നു. പണ്ടൊരു കൊയ്ത്തുകാലത്ത് അമ്മ വാങ്ങിയിട്ടുള്ള ഒരു ചാക്കാണ് അവന്റെയിരുപ്പിടം. അതിലിരുന്നുകൊണ്ട് മടിയോടെ അവൻ ഭക്ഷണം കഴിച്ചു. സ്കൂൾബസിന്റെ ശബ്ദം ദൂരേനിന്നും അവന്റെ കാതിലേക്ക് പതിച്ചു. 

ബസ്ഫീസ് കൊടുത്തിട്ട് മാസം അഞ്ച് കഴിഞ്ഞു. കഴിഞ്ഞദിവസം ബസിൽ കയറിയപ്പോൾ,  പൈസ തരാത്തതിന്റെ പേരിൽ ഡ്രൈവർ തന്നോട് ദേഷ്യപ്പെട്ടതാണ്. ഇന്നു വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കേണ്ടിവരുമല്ലോയെന്നോർത്തപ്പോൾ അവന് പേടിതോന്നി. ഒരുമാസത്തിനകം കുടിശ്ശിക തീർത്തുകൊള്ളാമെന്ന് അച്ഛൻ വാക്കുനൽകിയപ്പോൾ അവന് അല്പം ആശ്വാസമായി. 

ഡ്രൈവറുടെ പരുക്കൻ കണ്ണുകളിലേക്ക് ശ്രദ്ധചെലുത്താതെ അവൻ ബസിലേക്ക് കയറി. മറ്റു കുട്ടികൾക്കിടയിൽ നിശ്ശബ്ദനായി അവനിരുന്നു. പുറകിലേക്കു പായുന്ന ചെടികളിലേക്കും പൂക്കളിലേക്കും കണ്ണോടിക്കുവാൻ അവന് കഴിഞ്ഞില്ല. അയാളുടെ ശകാരം കേൾക്കേണ്ടിവരുമോയെന്നുള്ള ഭയം മാത്രമായിരുന്നു അവന്റെ മനസ്സിൽ. ബസ് സ്കൂൾഗേയ്റ്റിന്റെ അടുത്ത് നിറുത്തിയപ്പോൾ, അവൻ മറ്റു കുട്ടികളുടെ മറവിൽ അയാളുടെ കണ്ണുകളെ വെട്ടിച്ച് സ്കൂളിന്റെ മുറ്റത്തേക്കോടി. പതിയെ അവൻ തന്റെ മനസ്സിനെ ക്ളാസിന്റെ ഒച്ചപ്പാടുകളിലേക്ക് കുടിയിരുത്തി.

ഇടവേളയായപ്പോൾ കുട്ടികളിൽനിന്നും വീമ്പുപറച്ചിലുകൾ ഉയരുവാൻ തുടങ്ങി. വിഷയം ഇന്നലത്തെ യാത്രകളെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയുമൊക്കെയായിരുന്നു.  ഒരു കുട്ടി തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് കിട്ടിയ റിവ്യൂസിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ആ ചർച്ചയ്ക്കിടയിൽ എങ്ങനെയോ ഷവർമ സ്ഥാനം പിടിച്ചു. മയോണൈസിനേയും ഗ്രീൻചട്ട്ണിയേയുംകുറിച്ച് പലതരത്തിലുള്ള വിവരണങ്ങൾ വന്നു. പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ആ ചർച്ചയിൽനിന്ന് കുട്ടൻ മാത്രം വിട്ടുനിന്നു. 

"ഷവർമയുടെ രുചിയറിയാത്ത താൻ അതിനേക്കുറിച്ച് എന്ത് വിശദീകരിക്കുവാനാണ്?" 

അവൻ ഇന്നലെ കഴിച്ച വിശിഷ്ടവിഭവം അരിയുണ്ടയാണ്. ഷവർമയോട് മത്സരിക്കുവാൻ അരിയുണ്ട വളർന്നിട്ടില്ലയെന്ന് അവന് നന്നായിട്ടറിയാം. അവൻ മൗനം പാലിച്ചുവെങ്കിലും ചോദ്യകർത്താക്കൾ ഒരു ശരം അവന്റെ നേർക്കും എറിഞ്ഞു.  

"ഞാനിതുവരെ ഷവർമ കഴിച്ചിട്ടില്ല. ആരോഗ്യത്തിന് ദോഷകരമായതുകൊണ്ട് അത്തരം ഭക്ഷണസാധനങ്ങളൊന്നും അമ്മയുമച്ഛനും എനിക്ക് വാങ്ങിത്തരാറില്ല."

ബുദ്ധിപരമായി അവൻ ഉത്തരം നൽകിയെങ്കിലും ഉള്ളിലെവിടെയോ ഒരു ദുഃഖം കൂടുകൂട്ടി. കണക്കെടുപ്പ് നടത്തിയപ്പോൾ ആ ക്ളാസിൽ അവൻ മാത്രമേ ഷവർമ കഴിക്കാത്തതായിട്ടുള്ളൂ.  ഓരോ ദിവസവും തള്ളിനീക്കുവാനുള്ള അച്ഛന്റേയുമമ്മയുടേയും കഷ്ടപ്പാട് അവന് നന്നായിട്ടറിയാം. ഇന്ന് രാവിലെയും അമ്മയുടെ വേവലാതികൾ അവൻ കേട്ടതാണ്. എന്നിട്ടും ആ കുഞ്ഞുമനസ്സിൽ ഒരു കനല് നീറി.  

അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ, ഉറക്കംതൂങ്ങിയിട്ടുള്ള അവന്റെയിരുപ്പ് കണ്ടപ്പോൾ,  കാര്യമെന്തെന്ന് അമ്മ അവനോടു തിരക്കി. ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ അവൻ ശ്രമിച്ചെങ്കിലും അമ്മയുടെ തുടരെയുള്ള ചോദ്യങ്ങളിൽ അവൻ സത്യം പറഞ്ഞു. ആർക്കും തോന്നാവുന്ന ഒരു മോഹം മാത്രമേ തന്റെ മകനും തോന്നിയിട്ടുള്ളൂവെന്ന സത്യം അവരും തിരിച്ചറിഞ്ഞു. പക്ഷേ, പത്തുരൂപപോലും കൈയിലെടുക്കുവാനില്ലാത്ത താൻ, മകന്റെ ആഗ്രഹം എങ്ങനെ നിറവേറ്റുമെന്നോർത്തപ്പോൾ അവർക്ക് സങ്കടം തോന്നി. പണികിട്ടിയാൽ തിരിച്ചുതരാമെന്നുപറഞ്ഞ് പലരിൽനിന്നും അവർ കടംവാങ്ങിയിട്ടുണ്ട്. ഇനിയും അവരോട് എങ്ങനെ കടം ചോദിക്കും? ആ മനസ്സ് നീറി.

കുട്ടിമാളുവിലൂടെ മുരുകനും തന്റെ മകന്റെ ആഗ്രഹത്തെക്കുറിച്ചറിഞ്ഞു. മറ്റു കുട്ടികൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങളൊന്നും തന്റെ മകന് നൽകുവാൻ കഴിയുന്നില്ലയെന്നുള്ള ദുഃഖം അയാളിലും പടർന്നു. അവന് ഇഷ്ടമുള്ള ഒരു വസ്ത്രംപോലും അയാൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ സാധിക്കുന്നില്ല. ഇന്നിതാ, ഒരു ഭക്ഷണത്തിന്റെ പേരിൽ തന്റെ മകന് മറ്റു കുട്ടികളുടെ മുന്നിൽ ഒറ്റപ്പെട്ടുനിൽക്കേണ്ടിവന്നിരിക്കുന്നു. അവനാഗ്രഹിക്കുന്ന ഒരു ഭക്ഷണം വാങ്ങിക്കൊടുക്കുവാൻ കഴിയുന്നില്ലയെങ്കിൽ, താനവന്റെ അച്ഛനെന്നു പറയുന്നതിലെന്തു കാര്യം? ആരോടെങ്കിലും കുറച്ചുരൂപ കടം വാങ്ങിച്ച്, തന്റെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് ആ മനസ്സ് ആഗ്രഹിച്ചു. 

പിറ്റേന്ന് രാവിലെ മുരുകൻ, താൻ സ്ഥിരമായി പണിക്കുപോകാറുള്ള ആ വലിയ തറവാട്ടിൽച്ചെന്ന് കുറച്ചുരൂപ കടമായി ചോദിച്ചു. മഴ പിൻവാങ്ങിയാൽ മുരുകന് തീർക്കുവാനുള്ള കുറച്ച് ജോലി അവിടെ ബാക്കിയുള്ളതിനാൽ അവരതിനു സമ്മതിച്ചു. രൂപ കിട്ടിയയുടനെ മുരുകൻ അടുത്തുള്ള നഗരത്തിലേക്ക് യാത്രതിരിച്ചു. മുന്തിയ ഒരിനം ഹോട്ടലിന്റെ മുന്നിൽവച്ച് അവൻ ആ യാത്ര അവസാനിപ്പിച്ചു. ഹോട്ടലിന്റെ മുന്നിൽ ഒരു വലിയ ആൾക്കൂട്ടം മുരുകന് കാണുവാൻ കഴിഞ്ഞു. എന്താണ് അവിടെ നടക്കുന്നത് എന്നറിയാൻ, മുരുകൻ അവിടെയുള്ള ഒരാളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. അങ്ങനെ, ആ ഹോട്ടലിൽനിന്നും ഷവർമ കഴിച്ച ഒരു കുടുംബത്തിന്, ഇന്നലെ ഭക്ഷ്യവിഷബാധയേറ്റ വിവരം അയാൾക്കറിയുവാൻ കഴിഞ്ഞു. ദുഃഖവശാൽ അതിൽപ്പെട്ട ഒരു കുട്ടിയുടെ ആരോഗ്യസ്ഥിതി അല്പം മോശവുമാണ്. ആ വാർത്ത കേട്ടയുടനെ മുരുകൻ മറ്റൊന്നും ആലോചിക്കാതെ വെറുംകൈയോടെ അവിടെനിന്നും വീട്ടിലേക്കു മടങ്ങി. 

അന്ന് ദുഃഖിതനായിട്ടാണ് കുട്ടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. അവന്റെ ക്ളാസിലുള്ള ഒരു കുട്ടി ഷവർമ കഴിച്ചതിനെത്തുടർന്ന് അണുബാധയേറ്റ് ആശുപത്രിയിൽക്കഴിയുകയാണ്. അവന്റെ ക്ളാസിലുള്ള കുട്ടികളെല്ലാം ആ വാർത്ത കേട്ടതുമുതൽ പേടിച്ചിരിപ്പാണ്. കാരണം, കുട്ടനൊഴികെ ബാക്കിയെല്ലാ കുട്ടികളും ഷവർമപ്രേമികളാണ്. ഈയിടെ അവരിൽ പലരും ഷവർമ കഴിച്ചവരുമാണ്. തങ്ങളുടെ കൂട്ടുകാരന് ഇത്തരത്തിലൊരു ആരോഗ്യപ്രശ്നം വന്നതുകൊണ്ട് അവരാരും ഇനി ഷവർമ കഴിക്കുകയില്ലായെന്നൊരു ശപഥവുമെടുത്തിട്ടുണ്ട്. കുട്ടനും തന്റെ ആഗ്രഹം പൂർണമായും ഉപേക്ഷിച്ചു.  

തന്റെ മകന് ഷവർമ വാങ്ങിക്കുവാൻപോയ വിവരം മുരുകൻ വെളിപ്പെടുത്തി.  ആ വാർത്ത കേട്ടപ്പോൾ കുട്ടന് വളരെയധികം സന്തോഷമായി. ഇല്ലായ്മയായിട്ടുപോലും തന്റെ സന്തോഷത്തിനുവേണ്ടി അച്ഛൻ പ്രയത്നിച്ചുവല്ലോയെന്നോർത്തപ്പോൾ അവന് അച്ഛനോട് കൂടുതൽ മതിപ്പുതോന്നി. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ