mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

school

Anil jeevus

സ്കൂളിൽ വന്നാലുടൻ പുസ്തക സഞ്ചി മേശമേൽ വെച്ച്, നേരേ ജനലിനടുത്ത് ചെന്ന് കറുത്ത നിരത്തിലേയ്ക്ക് നോക്കി നിൽക്കും, - ആരെയോ പ്രതീക്ഷിക്കും പോലെ, കവിളിൽ ഒളിചിന്നുന്ന പാൽ പുഞ്ചിരിയുമായി അവൾ - സഫാന. ഒരു ചിരിക്കുടുക്കയായിരുന്നു അവൾ. 

പഴകി ദ്രവിച്ച്, പാളികൾ അടർന്നുപോയ തുറന്ന ജനാലയാണത്. അതിനടുത്ത്‌ നിന്നാൽ വളഞ്ഞുതിരിഞ്ഞ് കുത്തനേ താഴോട്ട് ഒഴുകുന്ന പുഴ പോലെ റോഡ് കാണാം. തിങ്ങി നിറഞ്ഞ് പച്ചയിൽ മുങ്ങിനിൽക്കുന്ന അടയ്ക്കാത്തോട്ടത്തിൽ പാളത്തൊപ്പിവെച്ച പെണ്ണുങ്ങൾ വെള്ളം തേവുന്നുണ്ടാവും. ഹാജിയാരുടെ മകൻ യൂസഫ് തോളത്ത് പുസ്തക സഞ്ചി തൂക്കി, തിളങ്ങുന്ന സ്വർണ്ണനിറമുള്ള പേന കുപ്പായത്തിൽ കുത്തി, ഷൂസും കോട്ടുമിട്ട് കാറിൽ കയറി സ്കൂളിലേയ്ക്ക് പോകുന്നത് അവൾ എന്നും അതിശയത്തോടെയാണ് നോക്കി നിന്നത്. വെട്ടിത്തിളങ്ങുന്ന കറുത്ത ഷൂസിട്ട്, ഞൊറിപ്പാവാടയുടുത്ത്, വർണ്ണക്കുട ചൂടി പത്രാസ്സിൽ സ്കൂളിലേയ്ക്ക് പോകുന്ന സങ്കൽപ്പത്തിലേയ്ക്ക് അവൾ ഊളിയിടും.

ജനലിനടുത്ത്, വഴിയോരത്തായി ഐസ്മിഠായി വിൽക്കുന്ന നാണുമുത്തു വെള്ളയും, ചുവപ്പും, മഞ്ഞയും ഐസുകൾ നിരത്തി നിൽക്കുന്നതും, ചുണ്ടിൽ എരിയുന്ന ബീഡിപ്പുകയിൽ മുങ്ങി അയാളുടെ മുഖം കറുത്തുപോകുന്നതും പതിവ് കാഴ്ച. പച്ചയും, നീലയും, കറുത്തതുമായ ഐസു മിഠായികൾ ഒരിക്കലും നാണുമുത്തു കൊണ്ടുവന്നില്ല. അയാളുടെ വെളുത്ത വസ്ത്രങ്ങൾ അഴുക്കുപിടിച്ച് കറുത്തതായിരുന്നു. നീലനിറത്തിലുള്ള ഐസുപെട്ടിയും നിറമിളകി കറുത്ത പാടുകൾ തെളിഞ്ഞതാണ്.

ഹെഡ്മാഷ് ക്ലാസ്സിൽ കയറിവന്നത് അവളറിഞ്ഞില്ല. മൂന്നാംക്ലാസ്സിന്റെ മൂലയിൽ ഒതുങ്ങിനിന്നു പുറം കാഴ്ചകളിൽ അലിഞ്ഞു നിൽക്കുന്ന കൊച്ചുപെണ്ണ്. രണ്ടറ്റവും കറുപ്പും നീലയും റബ്ബർ ചുറ്റിവരിഞ്ഞ ചൂരൽ അവളുടെ തുടയിൽ പതിച്ചു.

"അച്ചടക്കമില്ലാത്തവൾ " ഹെഡ് മാഷ് ദയാരാമ ഭട്ടിന്റെ മുഖം വീർത്തു; കണ്ണുകൾ ചുവന്നു. തിരിഞ്ഞ്, പതറിയ കണ്ണുകളുമായി സഫാന മാഷിനെ നോക്കി - ദയയില്ലാതെ കണ്ണുരുട്ടി ഭട്ട് മാഷ് !!

"എന്താ നിന്റെ പേര് ? കഴുതേ " " സഫാന " അവളുടെ കവിളുകൾ നനഞ്ഞു .

"ഏടെ നീ വായിനോക്കി നിന്നത് ? ഉം... ?" "മാഷേ ....ഉമ്മ.... ഉമ്മ തോട്ടത്തിൽ ....."

"ഉമ്മയെ നോക്കാനാ, പഠിക്കാനാ നീ വന്നത് ? നായേ, ഉം...?" വീണ്ടും ചൂരലിന്റെ ചൂര് അവളറിഞ്ഞു.

"മാഷേ ...." സഫാന പറഞ്ഞു തുടങ്ങുംമുമ്പ് ദയാരാമ ഭട്ട് തടഞ്ഞു.

"മിണ്ടരുത് ....നിനക്ക് യൂണിഫോമില്ലേ ?" "ഇ.... ഇല്ല ....."

"ഐസു മിഠായിയ്ക്കു കാശുണ്ട് . യൂണിഫോമിന് പണമില്ല!! കിട്ടിയ കാശ് തിന്നു മുടിച്ചോടീ?

" നീട്ടിപ്പിടിച്ച അവളുടെ കുഞ്ഞുകൈയ്യിൽ തുരുതുരെ അടിച്ചു കൊണ്ട് ദയയില്ലാതെ മാഷ് അലറി. "നാളെ നിന്റെ രക്ഷകർത്താവ് വന്നിട്ടു മതി ക്ലാസ്സിൽ കയറുന്നത് ." ഭട്ട് കാറ്റു പോലെ ഇറങ്ങിപ്പോയി.

കാശില്ലാത്തതിനാൽ ഒരിക്കൽ പോലും ഐസ് മിഠായി തിന്നിട്ടില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് പിന്നെയും കരച്ചിൽ വന്നു. പക്ഷേ, വിങ്ങലായി അത് ഉള്ളിലൊതുക്കി. തുണി വാങ്ങാൻ സ്കൂളിൽ നിന്നും കിട്ടിയ കാശിന് അരിയും, മരുന്നും വാങ്ങിയപ്പോൾ ഉമ്മയോട് വഴക്കിട്ടതും അവൾ ഓർത്തു.

കടലലകൾ നിശ്ചലമായാലുള്ള നിശബ്ദതയിലായിരുന്ന ക്ലാസ്സ് മുറി വീണ്ടും ശബ്ദാനമായി.

"കുറുമ്പിക്കതുവേണം" കൂട്ടുകാർ കളിയാക്കി.

അന്ന് വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ ഉടനെ അവൾ ഉമ്മയോട് പിണങ്ങി. പിന്നെ കരഞ്ഞു. "അതിനെന്താ, ഉമ്മ നാളെ വരാം മോളെ" ചുമച്ചുകൊണ്ട് കഫം കുറുകിയ ശബ്ദത്തിൽ ഉമ്മ പറഞ്ഞു "ഉറപ്പായും വരാം പൊന്നേ...."

"ഇല്ല , ഞാനിനി സ്കൂളിൽ പോവൂല്ല" സഫാന കുറുമ്പുകാട്ടി.

"മോള് പോണം, പടിച്ച് പടിച്ച് ഹെഡ്മാഷിനേക്കാൾ ബല്യ ഹെഡ്മാഷാകണം" ഉമ്മയുടെ തലോടലിൽ അവൾ അലിഞ്ഞു.

"ഉമ്മാ, നമുക്കെന്തേ കവുങ്ങ് തോട്ടമില്ലാത്തേ? ഹാജിയാരുടെ പൊരേലെ താത്ത എന്തെ പാളത്തൊപ്പി വെയ്ക്കാത്തെ?" അവളുടെ സംശയങ്ങൾക്ക് പതിവുപോലെ കെട്ടഴിഞ്ഞു. "കവുങ്ങുണ്ടെങ്കി ഞാനും തൊപ്പി വെച്ച് വെള്ളം തേവുമല്ലോ " ഒരു കിനാവിന്റെ ചിരി അവളുടെ കവിളിൽ പടർന്നു. " മോളേ ..അവരൊക്കെ ബല്യ ആളുകളാ..... അതുകൊണ്ടാ തൊപ്പി വെയ്ക്കാത്തെ " " ബല്യ ആളായതുകൊണ്ടാ ഹെഡ് മാഷും തൊപ്പി വെയ്ക്കാത്തെ?" " ങാ ...." ഉമ്മ പറഞ്ഞു " മോളു ഒറങ്ങ് " നേരം പുലർന്നപ്പോൾ സഫാന കുളിച്ചൊരുങ്ങി, പഴങ്ക ഞ്ഞി കുടിച്ച്, പുസ്തക സഞ്ചി തോളിൽ തൂക്കി. അവൾ ഉൽസാഹത്തിലാണ്. ഇന്ന് സഫാനയോടൊപ്പം ഉമ്മ സ്കൂളിലേക്ക് വരുന്നു. ഉമ്മയുടെ കൈപിടിച്ച്, ഒരുമിച്ച് പോകാമല്ലോ!! ഉമ്മയെക്കൊണ്ട് ഒരു ഐസ് മിഠായി വാങ്ങിപ്പിക്കണം. അവൾ അത് മനസ്സിൽ സൂക്ഷിച്ചു. നേരം ഏറെ വൈകി. ഉമ്മയെ വിളിച്ചിട്ടും ഒരേ കിടപ്പുതന്നെ. ഇന്നലെ സ്കൂളിൽ വരാമെന്നു പറഞ്ഞതാണ്, ഇപ്പോഴെന്തേ? അവൾ ,നിലത്ത് വിരിച്ചിട്ട പുൽപ്പായയിൽ കിടന്നിരുന്ന ഉമ്മയുടെ കൈപിടിച്ച് വലിച്ചു. "ഉമ്മാ .., സമയം കഴിഞ്ഞു. ഉമ്മ വന്നില്ലെങ്കി ഞാനിനി ഇസ്കൂളി പോവൂല്ല. " അവളുടെ പഴങ്കഞ്ഞിപ്പാത്രം നിലത്തുവീണു ചിതറി. എന്നിട്ടും ഉമ്മ അനങ്ങിയില്ല. വിളിച്ചിട്ടും വിളിച്ചിട്ടും അങ്ങനെതന്നെ കിടന്നു. ഇന്നലെ പറഞ്ഞതെല്ലാം മറന്നതുപോലെ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ