ചൂളം വിളിച്ചുകൊണ്ട് പരിസരമാകെ വിറപ്പിച്ചുകൊണ്ട്, ഒരു ട്രെയിൻ കൂടി കടന്നു പോയി. അതിന്റെ കാതടിപ്പിക്കുന്ന ശബ്ദം ഇപ്പോൾ അവൾക്ക് സുപരിചിതമാണ്. റയിൽവേ ഓഫീസർമാർക്കുള്ള ഈ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു.
ശബ്ദം കേട്ട് കുഞ്ഞുണർന്നോ എന്നറിയാൻ അവൾ ബെഡ് റൂമിൽ ചെന്നു നോക്കി. ഇല്ല, മോൾ നല്ല ഉറക്കത്തിലാണ്. അല്ലെങ്കിൽത്തന്നെ ഈ ശബ്ദമവൾക്ക് തന്നെക്കാൾ മുൻപേ പരിചിതമാണല്ലോ. സാജൻ എപ്പോഴും പറയുന്നതുപോലെ, "ഈ ശബ്ദം കേട്ടില്ലെങ്കിൽ നിയമോൾക്ക് ഉറക്കം വരില്ലല്ലോ."
അന്ന് റോസ്മേരിക്ക് അവധിയായിരുന്നു. സാജൻ ഉച്ചയ്ക്ക് ഉണ്ണാനെത്തുമെന്ന് പറഞ്ഞിട്ടാണ് പോയത്. മോൾ ഉണരുന്നതിനു മുൻപ് സാജനിഷ്ടമുള്ള രണ്ടുമൂന്നു കറികൾ ഉണ്ടാക്കി വെയ്ക്കണം. അവൾ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
മംഗലാപുരത്തെ ആ സ്വകാര്യ ആശുപത്രിയിൽ അവൾ നഴ്സ് ആയി ജോലി ചെയ്യാൻ തുടങ്ങിയിട്ട് പത്തു വർഷം കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഒരുൾനാടൻ ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പത്തുമക്കളിൽ മൂന്നാമത്തെ പെൺകുട്ടിയായിരുന്നു റോസ്മേരി. പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞപ്പോൾ പള്ളിവക ആശുപത്രിയിൽ ജനറൽ നഴ്സിങ്ങിന് ചേർന്നു. പാസ്സായ ഉടനെ തന്നെ കന്യാസ്ത്രീകൾ നടത്തുന്ന മംഗലാപുരത്തെ ആശുപത്രിയിൽ നേഴ്സ് ആയി ജോലികിട്ടി.
"കഷ്ടപ്പാടു നിറഞ്ഞ കുടുംബത്തിന് അന്ന് തന്റെ ശമ്പളം എന്തൊരു ആശ്വാസമായിരുന്നു.!" റോസ്മേരിയുടെ മനസ്സിലേയ്ക്ക് കഴിഞ്ഞ കാല സംഭവങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നു. മൂത്ത രണ്ടു ചേച്ചിമാരുടെ വിവഹം നേരത്തെ കഴിഞ്ഞിരുന്നു. നേരെ താഴെയുള്ള അനിയത്തി പത്താം ക്ലാസ്സിൽ വെച്ചു പഠിത്തം നിർത്തി. താനുൾപ്പെടെ വിവാഹപ്രായമെത്തിയ നാലു പെൺകുട്ടികൾ. സ്ത്രീധനമെന്ന മഹാവിപത്തിനുമുൻപിൽ പകച്ചു നിൽക്കുന്ന അപ്പനുമമ്മയും.
അങ്ങനെയാണ് താഴെയുള്ള സഹോദരിയുടെ വിവാഹം നടക്കട്ടെയെന്ന് താൻ തീരുമാനിച്ചത്. പിന്നെ എട്ടുവർഷങ്ങൾക്കിടയിൽ ബാക്കി രണ്ടുപേരുടെയും വിവാഹം നടത്തിക്കൊടുത്തു. ആങ്ങളമാർ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ പഠനച്ചെലവിനും സഹോദരിമാരുടെ വിവാഹത്തിനും വേണ്ടി ഓരോ പൈസയും കൂട്ടിവെച്ചു. നല്ല ഒരു വസ്ത്രം പോലും തനിക്കുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും തനിക്ക് മുപ്പതുവയസ്സെത്തിയിരുന്നു.
ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞ് നാലാം ദിവസം മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്സ്പ്രസ്സ് കാത്ത് എറണാകുളം ടൗൺ റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് തന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം നടന്നത്.
ട്രെയിൻ കുറച്ചു താമസിച്ചാണ് സ്റ്റേഷനിൽ എത്തിയത്. ട്രെയിനിൽ കയറാൻ തിരക്കിട്ട് ബാഗും തൂക്കി നടക്കുമ്പോഴാണ് തൊട്ടു മുൻപിൽ ഒരു കൊച്ചുകുഞ്ഞിനേയും തോളത്തിട്ട് ആയാസപ്പെട്ട് ബാഗുകളും വലിച്ച് ട്രെയിനിൽ കയറാൻ തിടുക്കത്തിൽ നടക്കുന്ന ചെറുപ്പക്കാരനെക്കണ്ടത്. തോളത്തു കിടന്ന് കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. ട്രെയിനിൽക്കയറിയിട്ട്, അയാളുടെ രണ്ടു ബാഗുകൾ കയറ്റിവെച്ചത് താനായിരുന്നു. അയാൾ നന്ദി സൂചകമായി ഒന്നു ചിരിച്ചു. ഒരേ കമ്പാർട്ട്മെന്റിൽ എതിരെയുള്ള സീറ്റുകളായിരുന്നു തങ്ങൾക്കു ലഭിച്ചത്.
കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുണർന്നു. ഏകദേശം രണ്ടു വയസ്സുമാത്രം പ്രായമുള്ള ഓമനത്തമുള്ള... നക്ഷത്രകണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടി. കൂടെയുള്ള യാത്രക്കാരുടെയൊക്കെ ശ്രദ്ധ അവളിലായിരുന്നു. അയാൾ ബാഗുതുറന്ന് ഒരു ഫീഡിങ് ബോട്ടിലെടുത്തു കുഞ്ഞിന്റെ വായിൽ വെച്ചുകൊടുക്കുന്നതും, അവൾ അത് ആർത്തിയോടെ വലിച്ചുകുടിക്കുന്നതും താൻ കൗതുകത്തോടെ നോക്കിയിരുന്നു. ഏറെനേരം അവൾ കൊഞ്ചിക്കളിച്ചു. എല്ലാവരുടെയും ഓമനയായി.
"കുഞ്ഞിന്റെ അമ്മ കൂടെയില്ലേ?" പ്രായം ചെന്ന ഒരു യാത്രക്കാരൻ തിരക്കി. അയാളുടെ മുഖം മ്ലാനമായി.
"ഇവൾക്ക് ആറുമാസം പ്രായമുള്ളപ്പോൾ അവളുടെ അമ്മ മരിച്ചുപോയി." അയാൾ പറഞ്ഞു.
പിന്നീടുണ്ടായ സംസാരങ്ങളിൽ നിന്നും അയാൾ മംഗലാപുരത്തു റെയിൽവേയിൽ എഞ്ചിനീയറാണെന്നും, കുട്ടിയെ നോക്കാൻ ക്വാർട്ടേഴ്സിൽ അമ്മ കൂടെയുണ്ടായിരുന്നെന്നും, അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് വീട്ടിൽ നിന്നും വന്നില്ലെന്നുമൊക്കെ അയാൾ പറഞ്ഞു.
എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടി കരച്ചിൽ ആരംഭിച്ചു. അയാൾ തോളത്തിട്ടു നടന്നിട്ടും, പാട്ടുപാടിയിട്ടുമൊന്നും അവൾ കരച്ചിൽ നിർത്തിയില്ല. യാത്രക്കാർ പലരും ശ്രമിച്ചു. അവളുടെ കരച്ചിൽ കൂടിയതേയുള്ളു. ഒടുവിൽ താൻ തെല്ലു സങ്കോചത്തോടുകൂടിയാണ് അയാളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയത്. മാറോടുചേർത്ത് താരാട്ടുപാടി. അവളെ തോളത്തിട്ട് അങ്ങാട്ടുമിങ്ങോട്ടും നടന്നു. പിടിച്ചു കെട്ടിയതുപോലെ അവളുടെ കരച്ചിൽ നിന്നു.
പിന്നെ അവൾ പതിവുപോലെ കളിയും ചിരിയുമായി. ഇതിനിടയിൽ അയാളുടെ പേര് സാജൻ എന്നാണെന്നും താൻ ഇറങ്ങുന്ന സ്റ്റേഷനിൽത്തന്നെയാണ് ഇറങ്ങുന്നതെന്നും മനസ്സിലായി. മംഗലാപുരത്തെത്തുന്നതുവരെ കുഞ്ഞ് തന്നോട് ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു.
ഒടുവിൽ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സ്റ്റേഷനിൽ ഇറങ്ങിയിട്ടും കുഞ്ഞ് സാജന്റെ കയ്യിലേയ്ക്ക് പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഏറെ സമയം കഴിഞ്ഞ് അവൾ ഉറങ്ങിയപ്പോഴാണ് സാജന്റെ കയ്യിൽ അവളെ ഏല്പിച്ചത്. നേരം വൈകിയതുകൊണ്ട് താൻ താമസിക്കുന്ന കോൺവെന്റിൽ വരെ സാജൻ തന്റെ കൂടെ വന്നു.
പിറ്റേന്ന് തനിയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോഴാണ് അപ്രതീക്ഷിതമായി വാർഡൻ സിസ്റ്റർ ആൻ മരിയ തന്നെ സിസ്റ്ററുടെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. മുറിയിൽച്ചെന്നപ്പോൾ അവിടെ സാജനുണ്ട്. അയാളുടെ കയ്യിൽ, കരയുന്ന കുഞ്ഞുമോളുമുണ്ടായിരുന്നു.
തന്നെക്കണ്ടപ്പോൾ അവൾ "മ്മ" എന്നുവിളിച്ചുകൊണ്ട് തന്റെ അടുത്തേയ്ക്ക് വന്നു. തലേന്നു രാത്രി കുഞ്ഞുറങ്ങിയിട്ടില്ലെന്ന് സാജൻ പറഞ്ഞു. ഏറെ നേരം തന്റെ കൂടെ കളിച്ചു. നടന്ന കുഞ്ഞുമോൾ ഉറങ്ങിയതിനുശേഷമാണ് സാജൻ പോയത്. സാജന്റെ കസിനായിരുന്നു കോൺവെന്റിലെ സിസ്റ്റർ ആൻമരിയ. അതുകൊണ്ട് തനിക്കു ഡ്യൂട്ടിയില്ലാത്ത എല്ലാ ദിവസവും കുഞ്ഞിനേയും കൊണ്ട് അയാൾ വന്നു.
"റോസ്മേരീ... നിയമോൾക്ക് ഇനി തന്നെ പിരിഞ്ഞിരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഇതു താൻ പുലിവാലു പിടിച്ചതുപോലെയായല്ലോ" ഒരു ദിവസംകൂടെ ജോലിചെയ്യുന്ന സൂസി സിസ്റ്റർ തന്നോട് പറഞ്ഞു. ശരിയാണെന്ന് തനിക്കും തോന്നിത്തുടങ്ങിയിരുന്നു! ഒരിക്കൽ പോലും സാജൻ തന്നോടൊന്നും സംസാരിച്ചിട്ടില്ലല്ലോ എന്നും റോസ്മേരി ചിന്തിക്കാതിരുന്നില്ല!
ഒരു ദിവസം സിസ്റ്റർ ആൻ മരിയ തന്നോടു ചോദിച്ചു..."റോസ്മേരി, സാജൻ വളരെ നല്ല ഒരു ചെറുപ്പക്കാരനാണ്. അവൻ ഒന്നു കെട്ടിയതാണെന്നതു ഒരു കുറവായിട്ട് തോന്നുന്നില്ലെങ്കിൽ റോസ്മേരിക്ക് അനുയോജ്യമായ ബന്ധമായിക്കും. സാജനും സമ്മതമാണ്. കുഞ്ഞിനും റോസ്മേരിയെപ്പിരിഞ്ഞിരിക്കാൻ വിഷമമല്ലേ? "
തനിയ്ക്കും അവളോട് പിരിയാൻ വയ്യാത്തത്ര സ്നേഹമായിക്കഴിഞ്ഞിരുന്നു. അധികം വൈകാതെ താൻ സാജന്റെ ജീവിതസഖിയായി. നിയമോളുടെ അമ്മയും.
അങ്ങനെ ആ ട്രെയിൻ യാത്ര തനിക്കും സാജനും അവിസ്മരണീയമായ യാത്രയായി മാറി.
കുഞ്ഞുമോൾ ഉണർന്നു, "അമ്മേ" എന്നു വിളിച്ചുകരഞ്ഞപ്പോൾ റോസ്മേരി ഓടിച്ചെന്നു.
"മോളെ നീയിപ്പോൾ വലിയ കുട്ടിയായി. വയസ്സ് നാലായി. ഇനി ഇങ്ങനെ വാശി പിടിക്കരുത് കേട്ടോ?" അവൾ മോളോട് പറഞ്ഞു
"അല്ല, ഞാൻ അമ്മേടെ കുഞ്ഞുവാവ തന്നെയാ." മോൾ അവളെ കെട്ടിപ്പിടിച്ചു. എന്തിനോ റോസ്മേരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.