പ്രിയപ്പെട്ട ഹരീ,
നീയിപ്പോൾ എവിടെയാണെന്ന് എനിക്കൊരു പിടിയുമില്ല. അന്ന് എസ് എസ് ഏൽ സി പരീക്ഷയുടെ അവസാനദിവസമാണ് നമ്മൾ അവസാനമായി കണ്ടത്. പിന്നീട് മാർക്ക്ലിസ്റ്റ് വാങ്ങാൻ വന്നപ്പോൾ നിന്നെക്കണ്ടില്ല, സമ്മാനദാനത്തിനു വരാൻ എനിക്കു സാധിച്ചുമില്ല.
നിനക്കോർമ്മയുണ്ടോ, ക്ലാസ്സിൽ നമ്മളെന്നും ശത്രുക്കളായിരുന്നു. പരീക്ഷകളിൽ എനിക്കോ നിനക്കോ മാർക്ക് കൂടുതലെന്നറിയാൻ ഹൃദയമിടിപ്പോടെ കാത്തിരുന്ന നിമിഷങ്ങളോർക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. ചോദ്യങ്ങൾക്കുത്തരം പറയാനും കണക്കുകൾ ആദ്യം ചെയ്തുകാണിക്കാനും സൂത്രവാക്യങ്ങൾ പറഞ്ഞു കേൾപ്പിക്കാനും നമ്മളെന്നും മത്സരിച്ചിരുന്നു.
ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ, നീ നോട്ടുകളൊന്നും വൃത്തിയായി എഴുതുന്നില്ലെന്നു പറഞ്ഞ് എന്റെ അമ്മയുടെ സഹപ്രവർത്തകയായിരുന്ന നിന്റെ അമ്മ എന്നെക്കൊണ്ടു നിനക്ക് നോട്ടെഴുതിച്ചു തരാറുള്ളത് ഞാൻ അന്നേ മറന്നിരുന്നു. പക്ഷെ വളർന്നിട്ടും എന്നെ പിന്നിലാക്കാനുള്ള ഒരു വാശി നിന്നിലെന്നും ഞാൻ കണ്ടിരുന്നു.
ഏതെങ്കിലും പരീക്ഷയിൽ എന്നേക്കാൾ നിനക്ക് മാർക്കു കുറഞ്ഞാൽ അടുത്ത പരീക്ഷയ്ക്ക് എനിക്കൊപ്പമോ അല്ലെങ്കിൽ കൂടുതലോ വാങ്ങുംവരെയുള്ള നിന്റെ വെപ്രാളം പലപ്പോഴും എന്നെ രസിപ്പിച്ചിരുന്നു. പത്താം ക്ലാസ്സിൽ അരപ്പരീക്ഷ വരെ സ്കൂളിൽ ഒന്നാമതായിരുന്ന എന്നെ പിന്നിലാക്കി എസ് എസ് എൽ സിയ്ക്ക് സ്കൂൾ ഫസ്റ്റ് നേടിയപ്പോൾ നിന്റെ വാശി ജയിക്കുകയും വാശിയെന്നത് എന്തെന്നറിയാത്ത ഞാൻ തോൽക്കുകയുമായിരുന്നുവോ, അറിയില്ല.
നിനക്കോർമ്മയുണ്ടോ കണക്കിലെ പ്രോബ്ലംസ് ചെയ്യാൻ നമ്മൾ മത്സരിച്ചിരുന്നത്. കെമിസ്ട്രി സൂത്രവാക്യം ആദ്യം പറഞ്ഞു കേൾപ്പിക്കാൻ വഴക്കിട്ടിരുന്നത്. അക്കാര്യത്തിൽ മിക്കവാറും ഞാൻ തന്നെയായിരുന്നു മുന്നിൽ. അത് നിന്നെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു.
ഇടതു വശത്തെ കട്ടപ്പല്ലു കാട്ടി നീ ചിരിക്കുമ്പോൾ നല്ല ഭംഗിയായിരുന്നു. ഗ്രൂപ്പ് ഡാൻസിന്റെയും തിരുവാതിരക്കളിയുടെയും പ്രാക്ടീസിനു ഞാൻ പോകുമ്പോൾ എനിക്കു നഷ്ടമാകുന്ന നോട്ടുകൾ ഞാൻ നിന്റെ നോട്ടു നോക്കിയാണല്ലോ പകർത്തിയിരുന്നത്. തിരികെത്തരുമ്പോൾ ഞാനതു വൃത്തിയായി പൊതിഞ്ഞ്, നിന്റെ പേരും ഭംഗിയിൽ എഴുതുമായിരുന്നു. അതു കൈയിൽക്കിട്ടുമ്പോൾ നിന്റെയൊരു ചിരിയുണ്ട്. വലുതായപ്പോഴും നിന്റെ കൈയക്ഷരം ഒട്ടും നന്നായിരുന്നില്ല. കൈയക്ഷരം വച്ചു നോക്കുകയാണെങ്കിൽ നീ ഡോക്ടറാകുന്നതായിരുന്നു നല്ലത്! നിന്റെ അച്ഛൻ എഞ്ചിനീയർ ആയിരുന്നത് കൊണ്ട് നിനക്കും അതായിരുന്നല്ലോ ആഗ്രഹം.
പ്രീഡിഗ്രി കഴിഞ്ഞു നീ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത വിവരം നിന്റെ അമ്മപറഞ്ഞ്, എന്റെ അമ്മ വഴി ഞാനറിഞ്ഞിരുന്നു. പിന്നെ നിന്റെയമ്മ സ്ഥലം മാറിപ്പോയപ്പോൾ വിവരങ്ങളൊന്നും അറിഞ്ഞതുമില്ല.
ഇന്നിപ്പോൾ ഞാൻ നിന്നെ ഓർക്കാൻ കാരണമെന്താണെന്നോ?
നിനക്കോർമ്മയുണ്ടോ, അന്നത്തെ ആ ദിവസം, ഒരിക്കലും മറക്കാനാവാത്ത ആ കർക്കടകത്തിലെ കറുത്ത വാവ് ദിവസം. നിനച്ചിരിക്കാതെ അവളെ നമുക്ക് നഷ്ടമായ ശപിക്കപ്പെട്ട ആ ദിവസം നീയെങ്ങനെ മറക്കാനാണ്!
അവസാനമായി അവൾ പറഞ്ഞതെന്താണെന്ന് എനിക്കോർമ്മയില്ല, പക്ഷെ അവളുടെ ചിരിയൂറുന്ന മുഖം ഇടയ്ക്കിടെ എന്റെ ഓർമ്മയിൽ നോവുപടർത്തിക്കൊണ്ട്, എന്തിനോ വേണ്ടി കയറിവരാറുണ്ട്, വർഷം മുപ്പതിലേറെ കഴിഞ്ഞിട്ടും. അന്നവൾ എനിക്കായി എന്നും കൊണ്ടുവരാറുള്ള പനിനീർ ചെമ്പകപ്പൂക്കളുടെ സുഗന്ധം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഫസ്റ്റ് ബഞ്ചുകളിൽ ഒന്നാമത് ഞാനും നീയുമായിരുന്നു എന്നും. എന്റെയിടതുവശം എപ്പോഴും അവൾക്കു സ്വന്തം. അവൾ എന്റെ 'പ്രസീദ!'
പലപ്പോഴും എന്നിലേക്ക് പാറി വിഴുന്നതെന്നു ഞാൻ നിനച്ച നിന്റെ നോട്ടങ്ങളെല്ലാം നീ അവൾക്കു സമ്മാനിച്ചതായിരുന്നുവെന്ന് ഞാൻ പിന്നീടാണല്ലോ അറിഞ്ഞത്! നീ, നിന്റെ മനസ്സ് എന്റെ മുന്നിൽ തുറന്ന ദിവസം അതും പറഞ്ഞു നമ്മളൊത്തിരി ചിരിക്കുകയും ചെയ്തു.
ആൺ പെൺ സൗഹൃദങ്ങൾ കുറവായിരുന്ന നമ്മുടെ സ്കൂൾ പഠനകാലത്ത് നമുക്കിടയിലും ഒരടുപ്പമില്ലായ്മ നിലനിന്നിരുന്നല്ലോ. പത്തിലായപ്പോൾ ഒരുമിച്ചു ട്യൂഷനു പോകാൻ തുടങ്ങിയപ്പോഴാണല്ലോ നമ്മൾ അടുത്ത കൂട്ടുകാരായത്...
അന്ന് ട്യൂഷൻ ക്ലാസ്സിൽ നിന്നിറങ്ങി നടക്കുന്ന വഴിയിൽ രസതന്ത്രം നോട്ടിൽനിന്നു കീറിയ, വെളുത്ത പേപ്പറിൽ നിന്റെ മനസ്സ് നീ അവൾക്കായി കുറിച്ചുതന്നു. പിറ്റേന്ന് അവൾക്കതു കൈമാറേണ്ട ഭാരിച്ച ഉത്തരവാദിത്തം നീയന്ന് എന്നെയേല്പിച്ചു.
അന്നു രാത്രി, നിന്നെപ്പോലെ, ഞാനും ഉറങ്ങിയില്ല; അവളും ഉറങ്ങിക്കാണില്ല.
ഇരുട്ടു മൂടിയ ഈറൻ കമ്പളം പുതച്ച ഒരു പുലരിയാണ് പിറ്റേന്ന് നമ്മെ വരവേറ്റത്. നേരം വൈകി ഞാനെത്തുമ്പോൾ, നമ്മുടെ ക്ലാസ്സിലെ ഓരോ കുട്ടിയും നിറഞ്ഞ മിഴികളോടെ കുമ്പിട്ട ശിരസ്സുമായി വരിനിൽക്കുകയായിരുന്നു. അസംബ്ലി വരിയിൽ എന്നും അവൾക്കു പിന്നിൽ അവസാനമായിരുന്ന ഞാൻ അന്നാദ്യമായും പിന്നെ എന്നും- അവളില്ലാതെ ആ വരിയിൽ ഒറ്റയ്ക്കായി.
എന്റെ വലത്തു വശത്തെ ആൺകുട്ടികളുടെ വരിയിൽ അവസാനക്കാരനായ നിന്റെ മുഖത്തേക്ക് ഞാൻ ഒന്നേ നോക്കിയുള്ളൂ.
മേഘങ്ങൾ പെയ്തിരുന്നത് നിന്റെ കണ്ണുകളിലായിരുന്നു. എന്റെ പുസ്തകത്തിൽ അവൾക്കായി നീയെഴുതിയ ആ വെളുത്ത കടലാസ്സിൽ നിന്റെ മനസ്സ് വെളിച്ചം കാണാതെ ഇരുട്ടിലാണ്ടു.
പ്രകൃതി പോലും അവളുടെ വേർപാടിൽ മനംനൊന്തു കരഞ്ഞു, അന്ന്. റോഡിനിരുവശവുമുള്ള പാടങ്ങൾ നിറഞ്ഞു കവിഞ്ഞു, റോഡും പാടവും ഒന്നായിത്തീർന്ന അന്ന്, മഴയെ വകവയ്ക്കാതെ നമ്മൾ അവളെക്കാണാനായി ദൂരങ്ങൾ കാൽനടയായി താണ്ടി.
അവളെനിക്ക് എന്നും സമ്മാനിക്കാറുള്ള പനിനീർ ചെമ്പകപ്പൂക്കൾ... പിന്നീട് എന്നിൽ നിന്നും നീയത് സ്വന്തമാക്കാറാണല്ലോ പതിവ്. നീയവ ഇടയ്ക്ക് വാസനിക്കുന്നതും അപ്പോഴൊക്കെ നിന്റെ ചുണ്ടിലൊരു ചിരിയൂറുന്നതും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.
അവളുടെ വീടിന്റെ മുന്നിൽ നമുക്കായി കൊഴിച്ചിട്ട പൂക്കൾ അന്നുമുണ്ടായിരുന്നു. അതിലൊരെണ്ണം എന്റെ അവസാന സമ്മാനമായി, ചുണ്ടിലൊരു പുഞ്ചിരിയോടെ നമ്മെക്കാത്തു കിടന്നിരുന്ന അവൾക്കു ഞാൻ നൽകി.
മഴ തോരാതിരുന്ന ആ പകൽ, തോരാത്ത മിഴികളോടെ നമ്മുടെ വീടുകളിലേക്കു പിരിഞ്ഞുപോയി.
ഇന്നലെ മകൾക്കു വായിക്കാനായി, ഞാൻ അന്നത്തെ നമ്മുടെ മലയാളം സെക്കന്റ്, 'ഇന്ദുലേഖ' എടുത്തുകൊടുത്തപ്പോൾ, നിന്റെ മനസ്സ് വർഷങ്ങൾക്കു ശേഷം അതിൽ നിന്നൂർന്നുവീണു വെളിച്ചം കണ്ടു.
തെറ്റാണെങ്കിലും ഞാനതു തുറന്നു നോക്കി.
'എനിക്കായൊരു വരി മൂളുമോ സഖീ,
നിനക്കായി ഞാനെന്റെ ഹൃദയം നൽകാം!'
മലയാളം പദ്യം മനോഹരമായി ചൊല്ലിയിരുന്ന അവളോട്, നീ നിന്റെ ഹൃദയം നേർന്ന ആ രണ്ടു വരികളിൽ ഞാനിന്ന് ഒരുപാടർത്ഥം കാണുന്നുണ്ട്. അവളതു കണ്ടില്ലല്ലോ. ഇന്നു നിന്റെ ഹൃദയം വേറെയാർക്കോ സ്വന്തമായിരിക്കും...
ഡയറിയിൽ ഞാനെഴുതിയ ഈ കത്ത്, നീയും കാണില്ലായിരിക്കും. എനിക്കു നിന്റെ വിലാസമറിയില്ലല്ലോ!
സ്നേഹപൂർവ്വം,
നിന്റെ സഹപാഠി
മൃദുല.