കോഴിക്കോട് നഗരത്തിലുള്ള പ്രശസ്തമായ ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയ 'നിമ്മി' എന്ന നിർമല വെപ്രാളത്തോടെ തന്റെ മൊബൈൽ ഫോൺ എടുത്തു സമയം നോക്കി, രാവിലെ 10 മണിയേ ആയിട്ടുണ്ടായിരുന്നു.
എന്നിട്ടും നിമ്മി തിടുക്കത്തോടെ രെജിസ്സ്ട്രേഷൻ കൌണ്ടറിനു മുന്നിൽ എത്തി അവിടെയുള്ള സിസ്റ്ററോട് എന്തോ തിരക്കി കൊണ്ട് ഓടി ലിഫ്റ്റിന് കാത്തു നിൽക്കാതെ സ്റ്റെപ്പുകൾ ഓടി കയറി. റൂം നമ്പർ 4002ന് മുന്നിൽ എത്തി. വാതിൽ തള്ളി തുറന്നു. അവിടെ കട്ടിലിൽ, മുണ്ഡനം ചെയ്ത തലയിൽ ഒരു സിൽവർ ഷാൾ പകുതി അണിഞ്ഞു കൊണ്ട് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക മുഖ ഭാവത്തിലുള്ള, സുന്ദരിയായ ഒരു സ്ത്രീ കട്ടിലിൽ തലയണ ചുമരിനോട് അടുപ്പിച്ചു വെച്ച് ചാരി ഇരിക്കുന്നുണ്ടായിരുന്നു. കിതപ്പുകളോടെ അവരുടെ മുന്നിലേക്ക് വന്ന നിമ്മിയെ കണ്ടപ്പോ അത്ഭുതവും, അതിനുപരിയായി, ചോദ്യചിഹ്നവും കൂട്ടികലർത്തി തന്റെ മിനുസമായ പുരികങ്ങൾ ഉയർത്തികൊണ്ടവര് നിമ്മിയെ നോക്കി, എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"ആരാ... എന്താ... എനിക്കൊട്ടും മനസ്സിലാവുന്നില്ല."
"ജസീനയെന്നല്ലേ പേര്."
"അതെ, എങ്ങിനെ മനസ്സിലായി."
"ഇതാ, നിമ്മി തുറന്നു കിടന്നിരുന്ന വാതിലേക്ക് ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു. അവിടെ എഴുതി വെച്ചത് വായിച്ചതാ."
"എന്നാ ഇരിക്കൂ, ഇവിടെ എന്താ, പുതിയതായി വന്ന പേഷൻറ് ആണോ, അതോ, പേഷന്റിന് കൂട്ടിരിക്കാൻ വന്നതാണോ, ജസീന വാക്കുകൾ പെറുക്കി കൊണ്ട് സാവധാനത്തിൽ ചോദിച്ചു."
നിമ്മി എന്ത് പറയണമെന്നറിയാതെ പതറി നിന്നു. ആ പതർച്ചയിൽ അവരുടെ നാവിൻ തുമ്പ് ചലിച്ചു. "അമ്മ ഇവിടെ അഡ്മിറ്റ് ഉണ്ട്." ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പേ ജെസീനയെ കണ്ടിരുന്നു. അപ്പോഴേ വിചാരിച്ചതാ ഇവിടെ വന്ന് ഒന്ന് കാണണമെന്ന്. ഒറ്റ നോട്ടത്തിൽ കണ്ടപ്പോ എനിക്കെന്തോ മുജൻമ ബന്ധം പോലെ തോന്നി. അതാണിപ്പോ ഞാൻ...." ബാക്കി പറയാൻ കഴിയാതെ നിമ്മി കുഴങ്ങി. നുണകൾ അങ്ങനെയൊന്നും പറഞ്ഞു ഫലിപ്പിക്കാൻ അവർക്ക് ആവുകയില്ലായിരുന്നു.
"ആണോ...അത്ഭുതം കൊണ്ട് ജസീനയുടെ കണ്ണുകൾ വിടർന്നു. എന്നെകാണാൻ ആരും വരാനില്ല, നിക്ക് ആരും ഇല്ല, എന്ത് പറ്റി അമ്മക്ക്."
"ചെറിയ ഒരു പനി, കുഴപ്പം ഒന്നും ഇല്ല. ഞാൻ ജെസ്സിയെന്ന് വിളിച്ചോട്ടെ"
ഓക്കേ, ഈ ഹോസ്പിറ്റലിൽ വന്നതിൽ പിന്നെയാ ഞാൻ ജെസീനയായത്. ഞാൻ അറിയപെടുന്നത് ജെസ്സിയെന്ന് തന്നെയാണ്. "
ജസീന സംസാരിക്കുന്നത് ശരിക്കും മനസ്സിലാവുന്നുണ്ടായിരുന്നില്ല. അവരുടെ നാവുകൾക്ക് ശക്തിയില്ലാത്തത് പോലെ വാടിയിരുന്നു.
"ഇവിടെയൊരു സ്ത്രീയുണ്ടായിരുന്നില്ലേ, അവരെവിടെ?"
"അവരെ ഞാൻ വീട്ടിലേക്ക് വിട്ടു. ഇന്ന് എനിക്കൊരു ഗസ്റ്റ് ഉണ്ട്." ജെസ്സി കിതപ്പടക്കി കൊണ്ട് പറഞ്ഞു. ശ്വാസം എടുക്കാൻ നന്നായി ബുദ്ധിമുട്ടുന്നത് കൊണ്ട് നിമ്മി ജസീനയുടെ നെഞ്ചിൽ പതുക്കെ തലോടി കൊടുത്തു. എന്നിട്ടും അവര് ഇടർച്ചയോടെ പറയുന്നുണ്ടായിരുന്നു. "അവനെ വെയിറ്റ് ചെയ്തിരിക്കുകയാണ്, എന്റെ ദിനങ്ങൾ അവസാനിക്കാറായി, ഐസുലേഷൻ വാർഡിലും, ഐ സി യു വിന്റെ ശിതീകരിച്ച മുറിയിലും കിടന്നു കിടന്നു നിക്ക് മടുത്തു. അവസാനം ന്റെ അവസാനത്തെ ആഗ്രഹം പോലെ ഇന്നെന്നെ മുറിയിലേക്ക് മാറ്റുകയായിരുന്നു. അതും കഴിഞ്ഞു, ഇനി വീട്ടിൽ പോയി മരണം കാത്തു കിടക്കണം."
"ജെസ്സിക്ക് ആരും ഇല്ലേ..." നിമ്മിക്ക് എല്ലാം അറിയാമെങ്കിലും വെറുതെ എന്തെങ്കിലും ചോദിക്കേണ്ടെ എന്ന് കരുതി ചോദിച്ചു.
"എനിക്കിപ്പോ ഒന്നും പറയാൻ വയ്യ. നിക്ക് തോന്നാ എന്റെ നാവ്, ശരീര ഭാഗങ്ങൾ എല്ലാം മരിച്ചു തുടങ്ങിയെന്ന്. എനിക്കൊന്ന് ഉറങ്ങണം വല്ലാത്ത ക്ഷീണം തോന്നുന്നു. ഞാൻ പേര് ചോദിച്ചില്ല എന്താ പേര്, അറിഞ്ഞിട്ടും പ്രയോജനമൊന്നുമില്ല. ഓർമയിൽ നിക്കില്ല."
"എന്നെ നിമ്മിയെന്ന് വിളിച്ചാൽ മതി. അതാണെനിക്ക് ഇഷ്‌ടം."
"ഓക്കേ നിമ്മി പോവുമ്പോൾ കതക് അടച്ചേക്കൂ. ജെസ്സി അതും പറഞ്ഞു തന്റെ തലയണ നേരെയാക്കികൊണ്ട് പണിപ്പെട്ടു കിടക്കാൻ നോക്കി. നിമ്മി സഹായിച്ചത് കൊണ്ട് ജെസ്സിയുടെ ദൗത്യം ഈസിയായി. ജെസ്സിയെ പുതപ്പിച്ചു കിടത്തുമ്പോൾ നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. കിടന്നാപാടെ ഒരു പൂവ് വാടിയത് പോലെ ഒരു വശത്തേക്ക് ചെരിഞ്ഞുകൊണ്ട് ജെസ്സി ഉറക്കം പിടിച്ചു.
നിമ്മി ഇതുവരെ ഒന്നിരുന്നിട്ട് പോലും ഇല്ലായിരുന്നു മനസ്സിന്റെ തളർച്ച മുഴുവൻ ശരീരത്തെ ബാധിച്ചപ്പോ, ജെസ്സി കിടന്ന കട്ടിലിന്റെ അടുത്തുള്ള കസേരയിലേക്ക് തന്റെ ഭാരം മുഴുവൻ ഇറക്കി വെച്ചുകൊണ്ട് നിമ്മി ഇരുന്നു. ജെസ്സിയെന്ന ഈ യുവതിയെ താൻ ചീറ്റു ചെയ്തല്ലോ എന്ന ഭയാനകമായ ഓർമ അവരുടെ വ്യക്തിത്വം ചുരുങ്ങിപോകുന്നത് പോലെ നിമ്മിക്ക് തോന്നി. ജെസ്സി ഒരു കൊച്ചുകുഞ്ഞിനെ പോലെ ഉറങ്ങുന്നത് നോക്കി കൊണ്ട്, ഇരിക്കുമ്പോൾ നിമ്മിയുടെ ഓർമയിലേക്ക് പലതരം ഭാവങ്ങൾ മിന്നി മറിയുന്നുണ്ടായിരുന്നു.
നാട്ടിൽ അറിയപെടുന്ന ഒരു പരസ്യ കമ്പനിയുടെ ഉടമകൾ ആയിരുന്ന, ഭർത്താവ് ജിതേഷിന്റെയും, ഭാര്യ ലൗലിയുടെയും സഹായിയായി എത്തിയതായിരുന്നു, നിമ്മി. തുടക്കത്തിൽ അധികമൊന്നും പച്ച പിടിക്കാതിരുന്ന കമ്പനി നിമ്മിയുടെ ആത്മാർത്ഥതയുള്ള വർക്ക് കൂടിയായപ്പോ പെട്ടെന്ന് വളർന്നു. എന്നാൽ പെട്ടെന്ന് ലൗലിക്ക് കമ്പനി വിട്ട് തന്റെ ജന്മസ്ഥലത്തേക്ക് പോകേണ്ടി വന്നത് അച്ഛന്റെ അപ്രതീക്ഷിതമായ മരണം കൊണ്ടായിരുന്നു. അച്ഛന്റെ വിയോഗം ലൗലിയുടെ അമ്മയെ തളർത്തി കളഞ്ഞു. വളർന്ന്പന്തലിക്കാൻ തുടങ്ങിയ കമ്പനിയെ നിമ്മിയെ എൽപ്പിച്ചു കൊണ്ട് ലൗലി അമ്മക്ക് കൂട്ടായി പോയി. പിന്നീട് ജിതേഷും, നിമ്മിയും കൂടെ കമ്പനി മുന്നോട്ട് കൊണ്ട് പോയി. ജിതേഷിന്റെ വലം കയ്യും, നല്ലൊരു ബെസ്റ്റ് ഫ്രണ്ടും ആയിരുന്നു നിമ്മി.
"നിനക്കൊരു ലൈഫ് പാർട്ണർ വേണ്ടെടാ, ഇങ്ങിനെ നടന്നാൽ മതിയോ? 'പലപ്പോഴും ജിതേഷ് നിമ്മിയോട് ചോദിക്കും.
"എനിക്കെന്നും ഒറ്റതടിയായി നിൽക്കാനാണ് താല്പര്യം, അത് എന്ന് വിചാരിച്ചിട്ട് ഞാൻ ഒരു പുരുഷ വിരോധി ഒന്നും അല്ലാട്ടോ. നിന്നെ പോലെ നല്ല ഒരാൾ വന്നാൽ ഞാൻ കെട്ടും." നിമ്മി തമാശ രൂപത്തിൽ പറയും.
ജിതേഷിന്റെ സ്വഭാവഗുണങ്ങൾ അത്രക്കും നല്ലതായിരുന്നു, എന്നാൽ ഒരു ദിവസം ഓഫീസിന്റെ ടേബിലിനു മുകളിൽ ആരയോ പ്രതീക്ഷിച്ചിരിക്കുന്ന ജിതേഷിന്റെ അഡ്രസ്സിൽ വന്ന ലെറ്ററിലേക്ക് നിമ്മിയുടെ കണ്ണുകൾ ഉടക്കി. ജെസ്സി എന്നായിരുന്നു അതിലെ ഫ്രം അഡ്രസ്, നിമ്മി ആ ലെറ്റർ ജിതേഷിനെ കാണിച്ചു. ജെസ്സിയെന്ന് കേട്ടതും ജിതേഷ് വല്ലാതങ്ങു ഞെട്ടി. അയാൾക്ക് വല്ലാത്തൊരു പരവേശം അനുഭവപ്പെട്ടു, വിയർക്കാനും തുടങ്ങി. ഫാൻ സ്പീഡ് കൂട്ടികൊണ്ട് അതിന്റെ ചുവട്ടിൽ ഇരുന്നു.
"ആരാ.... ആരാണിത്?" ജിതേഷിന്റെ വെപ്രാളം കണ്ട് നിമ്മി വിക്കി വിക്കി ചോദിച്ചു.
"ഞാൻ കണ്ടിട്ടില്ലാത്തൊരു പെൺകുട്ടി, എന്നാൽ ഒരിക്കൽ ഒരുപാട് സ്നേഹിക്കുകയും, ഇഷ്‌ടപെടുകയും ചെയ്ത പെൺകുട്ടി."
"നിന്റെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം ആയില്ലേ, ഞാൻ ഇവിടേക്ക് വന്നിട്ട് 5 വർഷവും, ഇന്നേ വരെ ഇങ്ങനെ ഒരു ലെറ്റർ കണ്ടിട്ടില്ല. ഏതായാലും നീ യൊന്ന് വായിച്ചു നോക്ക്".
"വേണ്ടാ...." ജിതേഷ് ഭ്രാന്തിളകിയത് പോലെ അലറി. ആ മുഖം, ചുവക്കുകയും, കണ്ണുകൾ കലങ്ങുകയും ചെയ്തു."ഒരിക്കൽ അവൾക്ക് വേണ്ടി ഒരുപാട് കണ്ണീർ കുടിച്ചതാ ഞാൻ, ഇനി വേണ്ടാ, അത് ഞാൻ തുറന്നു വായിച്ചാൽ ഇനിയെന്റെ ജീവിതം വേറെ വഴിക്ക് പോകും. കാരണം അത്രയധികം ഞാനാ പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. ഇപ്പോഴും അവളെ ഓർത്തു ഉള്ളിന്റെ ഉള്ളിൽ സഹിക്കാൻ പറ്റാത്ത വിങ്ങൽ ആണ്. പക്ഷെ എന്നെ വിശ്വസിച്ചു എന്റെ കൂടെ ജീവിക്കുന്ന എന്റെ പാർട്ണർ ആയ 'ലൗലി,' അവളെന്റെ ജീവനാണ്. അവളെ എനിക്ക് വഞ്ചിക്കാൻ കഴിയില്ല." അയാൾ അതും പറഞ്ഞു കൊടുംകാറ്റ് പോലെ ഇറങ്ങിപോയി.
നിമ്മിക്ക് കിട്ടിയ പുതിയ അറിവുകൾ വളരെ വിചിത്രമായി തോന്നി. ജിതേഷിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇനി ഒന്നും അവനിൽ നിന്ന് കിട്ടുകയില്ല എന്ന് നിമ്മിക്ക് മനസ്സിലായി. ആ ലെറ്ററിന്റെ അകത്തു എഴുതി പിടിപ്പിച്ച വരികൾ എന്തായിരിക്കും, അത് അറിയാനുള്ള ഉൾപ്രേരണ മൂലം നിമ്മി അത് പൊട്ടിച്ചു വായിച്ചു.
"ജിത്തൂ, നീ എവിടെയാണ്. അനന്തമായി ഒഴികികൊണ്ടിരുന്ന ഈ സ്നേഹസാഗരത്തിന്റെ നീരുറവകൾ, എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു. നിന്നെ പറ്റി ഒന്നും എനിക്കറിയില്ല, നീ ഒരുപക്ഷെ വേറൊരു ജീവിതം തുടങ്ങിയിട്ടുണ്ടാകും, എന്നാലും ഞാൻ സ്വാർത്ഥതയാണ്. നിന്റെ വിവരം വെച്ച് അവസാനത്തേതായ ഒരേ ഒരു എഴുത്ത് നീ എനിക്കിടണം. കാരണം ഞാനിന്ന് മരണത്തിന്റെ മടിത്തട്ടിലിരുന്നു കൊണ്ട് നമ്മുടെ പഴയ കാര്യങ്ങൾ അയ വിറക്കുകയാണ്. അതിനു മുമ്പ് എനിക്ക് നിന്നോട് പറയാനുള്ളത് പറയണം. ഉപ്പ മരിച്ചതിൽ പിന്നെ മാമന്റെ സംരക്ഷണത്തിൽ ആയിരുന്നല്ലൊ ഞാനും, ഉമ്മയും. അപ്രതീക്ഷമായി സംഭവിച്ച എനിക്ക് പറ്റിയ ഒരു അത്യാഹിതമായിരുന്നു. എന്റെ വീഴ്ച്ച നട്ടെല്ല്ത കർന്ന എന്റെ ജീവിതം പിന്നെ ബെഡിലേക്ക് തളക്കപ്പെട്ടത് ഒരു വർഷം, ഉമ്മ മരിക്കുന്നതിനുമുമ്പ് നിന്റെ എഴുത്തുകൾ എല്ലാം എന്നെ എൽപ്പിക്കുമ്പോൾ ഒരു വർഷം കടന്നു പോയിരുന്നു. വയ്യ... ജിത്തു....എനിക്ക് വയ്യ, നിന്റെ സ്നേഹം മുഴുവൻ എഴുത്തിലൂടെ എന്നിലേക്ക് ആവാഹിച്ചു ഇറങ്ങിയപ്പോ, എന്റെ സ്നേഹം ഒരു നോവായി, കത്തി എരി ഞ്ഞുകൊണ്ടേ ഇരുന്നു, വർഷങ്ങളിലെ ഓരോ പ്രഭാതവും, നിനക്ക് വേണ്ടി പുലരുമ്പോൾ, എന്റെ അനാഥമായി കൊണ്ടിരിക്കുന്ന ജീവൻ, നിന്റെ ഓർമകൾക്ക് വേണ്ടിയായിരുന്നു നിലനിന്നിരുന്നത്. ഒന്ന് കാണണമെന്നുണ്ട്, എന്റെ ജീവൻ നിലനിർത്താനെങ്കിലും. ഒരെഴുത്ത് എങ്കിലും അത് മതി. നീ എന്നിൽ നിന്ന് വളരെ അകന്നുവെങ്കിലും, ഞാൻ നിന്നിലേക്ക് ഇനി ഇല്ല. നിന്റെ ഓർമകൾ എന്റെ കബറിടത്തിലേക്ക് മൈലാഞ്ചി ചോപ്പുമായി പൂത്തുലയാൻ അവസാനമായി എനിക്കൊന്ന് എഴുതുമോ?. വർഷങ്ങളായി എന്റെ ഉള്ളിൽ നിന്ന് ആരോടും പറയാതെ പുകഞ്ഞു നീറുന്ന ഒരാഗ്രഹമാണ്."
ജെസ്സിയുടെ എഴുത്ത് നിമ്മിക്ക് ഒരു ഷോക്ക് ആയിരുന്നു. ജെസ്സിയെ മരണം കൊണ്ടുപോകുന്നതിനുമുമ്പ് അവൾക്കൊരു മറുപടി എഴുതാൻ നിമ്മി തീരുമാനിച്ചു.അതും ജിതേഷ് എന്ന പേരിൽ. രണ്ട് പേരും അങ്ങോട്ടും, ഇങ്ങോട്ടും, പ്രണയകൂടാരം, കെട്ടിപ്പൊക്കി ഒരു സ്വർണ കൊട്ടാരം തന്നെ പണിതു. മാസങ്ങൾ പോയതറിയാതെ, വർഷങ്ങൾ പോയതറിയാതെ, ജിതേഷ് എന്ന പേരിൽ നിമ്മിയും, നിമ്മിക്ക് ജെസ്സിയും, എഴുത്തുകൾ അയച്ചു.
"എനിക്കൊരു സ്മാർട്ട് ഫോൺ കിട്ടിയിട്ടുണ്ട്, നമുക്കെനി വാട്സ്അപ്പിൽ കൂടി മെസ്സേജ് അയക്കാം. വീഡിയോ കാളും ചെയ്യാലോ?" ഒരിക്കൽ ജെസ്സി നിമ്മിക്ക് എഴുതി.
"അത് വേണ്ടാ ജെസ്സി, ഇതാകുമ്പോൾ പ്രത്യേക ഒരു സുഖം ഉണ്ട്, കാത്തിരിപ്പിൻറെതായി."
അവസാനം വന്ന ജെസ്സിയുടെ എഴുത്ത് വേദനിപ്പിക്കുന്നതായിരുന്നു.
"ജിത്തൂ, അങ്ങിനെ അതും അവസാനിക്കാറായി. ഇതിന്റെ ഇടയിലേക്ക് എന്നിലേക്ക് പടർന്നുപിടിച്ച അർബുദത്തിന്റെ വേരുകൾ അവസാനം പടർന്നു, എന്നെ കൊണ്ട് പോകാൻ ഒരുക്കമായി തുടങ്ങി, എന്നോടൊപ്പം, മരുന്നും എന്റെ ശരീരത്തിനെ വെറുത്തു തുടങ്ങി. ഞാൻ മരിക്കുമ്പോൾ എന്നെ അവകാശപെടാനായി ആരും ഇല്ല."
"ഞാൻ വരുന്നുണ്ട്, നിന്നെ കാണാനായ്, സന്തോഷമായിരിക്കൂ," അവസാനമായി നിമ്മി എഴുതി, അവർ അങ്ങിനെ എഴുതുമ്പോൾ ജിതേഷിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു എങ്ങിനെ എങ്കിലും ജെസ്സിയുടെ അടുത്ത് എത്തിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ അറിഞ്ഞപ്പോ ജിതേഷ് പൊട്ടി തെറിച്ചു.
"നീ എന്ത് ഭ്രാന്ത് ആണീ കാണിച്ചത്. ആ പാവത്തിനെ വെറുതെ മോഹിപ്പിച്ചു. നീ തന്നെ പോയാൽ മതി. എന്നെ കിട്ടില്ല."
പിന്നെ നിമ്മിയുടെ മനസും, ശരീരവും ഓടുകയായിരുന്നു, ജെസ്സിയുടെ അടുത്തേക്ക്.
"ഡിസ്ചാർജ് ആയിട്ടുണ്ട്ട്ടൊ. ഒരു സിസ്റ്റർ വന്നറിയിച്ചു. 5മണിക്ക് മുമ്പ് പോയാൽ മതി."
"ഓക്കേ" നിമ്മി പറഞ്ഞു.അവരുടെ സംസാരം കേട്ടതിൽ ആവണം ജെസ്സി ഉണർന്നു. എന്നിട്ട് ചോദിച്ചു.
"നിങ്ങൾ പോയില്ലേ...."
"ഇല്ല... ഇവിടെ ഇങ്ങനെ ഒറ്റക്ക് ആക്കിയിട്ട് പോകാൻ ഒരു ബുദ്ധിമുട്ട്."
"എനിക്കതൊക്കെ നല്ല ശീലമാ, അമ്മ തിരക്കില്ലേ."ജെസ്സി ചോദിച്ചു.
"ഞാൻ ജെസ്സിയെ വീട്ടിൽ കൊണ്ട് ആക്കിയിട്ടേ പോകുന്നുള്ളൂ. ദൈവം പറഞ്ഞയച്ചതാ എന്ന് കൂട്ടിക്കോളൂ."
"ഓക്കേ എന്റെ കൂടെ കൂടിക്കോളൂ. അവസാനമായി എന്നെ കേൾക്കാൻ ആരെങ്കിലും വേണം.
"എനിക്കൊരു പ്രണയയുണ്ടായിരുന്നു, ജെസ്സി ആവേശത്തോടെ സംസാരിച്ചു.പക്ഷെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല! അവൻ ജിത്തു, എനിക്കറിയാം അവന് എന്നെ അങ്ങനെയൊന്നും ഉപേക്ഷിക്കാൻ കഴിയൂലാന്ന്, എനിക്കറിയാം... അവന്റെ ഭാര്യയെയും, മക്കളെയും, അവൻ നൂറു ശതമാനം ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നും, എന്ന്, അതാണ് ജിത്തു. അതിന്റെ ഒരു അണു മതി എനിക്ക്, എനിക്ക് ഇവിടെ വിട്ടൊന്ന് പോകാൻ അവനെ ഒന്ന് കാണണമായിരുന്നു, അവൻ വരും, വരാതിരിക്കില്ല.അവന്റെ ഓർമയിൽ ഈ ഭൂമിയിലേക്ക് എനിക്കലിഞ്ഞ് ഇല്ലാതാവണം."
നിമ്മിയുടെ ഹൃദയമിടുപ്പ് കൂടി കൂടി വന്നു.ജിതേഷ് ഒരിക്കലും വരൂലാന്ന് അവർക്കറിയായിരുന്നു.
പെട്ടെന്ന് നിമ്മിയുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു. നിമ്മി തന്റെ വാട്സ് അപ്പ് തുറന്നു. ജിതേഷ് ആയിരുന്നു.
"നീ എവിടെയാണ്."
"ഞാൻ ജെസ്സിയുടെ അടുത്തുണ്ട്, അവളുടെ കാര്യം ഇത്തിരി കോപ്ലിക്കേറ്റഡ് ആണ്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകുകയാണ്, ഞാൻ നിന്റെ കാൽ പിടിക്കാം , നീ ഒന്ന് ഇങ്ങോട്ട് വരണം.നിമ്മി യാചിച്ചു."
"നിമ്മീ...അവളെന്റെ ജീവൻ തന്നെയാണ് , അവളെ അങ്ങിനെ എനിക്കുപേഷിക്കാൻ കഴിയൂല, അവളെന്റെ ആത്മാവിലാഴങ്ങളിൽ ഉറങ്ങികിടക്കുന്ന വാത്സല്യ താരകമാണ് ഞാനിതാ വന്നു."
സന്തോഷം കൊണ്ട് നിമ്മി വിളിച്ചു പറഞ്ഞു, ജെസ്സീ, നിന്റെ ജിത്തു വരുന്നുണ്ട്, ഇപ്പോൾ എത്തും, അപ്പോൾ ജെസ്സിയിൽ പ്രതികരണമൊന്നും ഉണ്ടായില്ല. കുറച്ചു നേരത്തെ വേദനയെന്ന് പറഞ്ഞു ഒരു ടാബ്ലറ്റ് വാങ്ങി കുടിച്ച കാര്യം നിമ്മി ഓർത്തു.
ജെസ്സി... നിമ്മി വീണ്ടും കുലിക്കി വിളിച്ചു, ആകണ്ണുകൾ തുറക്കാൻ കഴിയാതെ പ്രയാസപെടുന്നത് നിമ്മി അറിഞ്ഞു. വല്ലാത്തൊരു അനിർവചിനീയമായ നിമിഷങ്ങളായിരുന്നു അത്. ജിതേഷ് വരുന്ന വരെ ആ ജീവനു വേണ്ടി നിമ്മി പ്രാർത്ഥനയോടെ ഇരുന്നു. അവസാനം ജിതേഷ് ഒരു കിതപ്പോടെ ആവാതിക്കൽ എത്തി.
ജെസ്സി ഒരു മാലാഖകുഞ്ഞിന്റെ നിഷ്കളങ്കയോടെ കൈകൾ രണ്ടും തളർത്തിയിട്ടുകൊണ്ട് ചരിഞ്ഞു കിടക്കുകയായിരുന്നു. ജിതേഷ് അവളുടെ അടുത്തെത്തി.
"ജെസ്സി.... "അയാൾ വിളിച്ചു. ജെസ്സി അവളുടെ കണ്ണുകൾ തുറന്നു.
"ജിത്തു... ജിത്തുവല്ലേ ഇത്, ജെസ്സി കുഴഞ്ഞ ശബ്ദത്തിൽ ആണെങ്കിലും, അത്ഭുതത്തോടെ ജിതേഷിനെ നോക്കി. ആ രണ്ട് കണ്ണുകളും ആദ്യമായി കൂട്ടി മുട്ടുകയായിരുന്നു. ആദ്യമായി അവരുടെ ഹൃദയത്തിലൂടെ അഗ്നി കിരണങ്ങൾ കടന്നു പോയി, അതിന്റെ ശക്തിയിൽ താങ്ങാൻ കഴിയാതെ അവർക്ക് ഹൃദയം പൊട്ടി പിളരുമെന്ന് തോന്നി.
"മോളെ, നീ ഈ അവസ്ഥയിൽ... " അയാൾ കരയുകയായിരുന്നു.
"വേണ്ടാ, കണ്ണീർതുള്ളികൾ വേണ്ടാ, കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ഈപ്രണയസ്മാരകത്തെ ഒരു തുള്ളി കണ്ണീർ കൊണ്ടൊന്നും അണക്കാൻ കഴിയൂലാന്ന് അറിയാം, എന്നാലും ഈ കുറഞ്ഞ നിമിഷത്തിൽ നമുക്കീ അവസാന നിമിഷത്തെ അനശ്വരമാക്കാം. പോകാം നമുക്ക് വീട്ടിലേക്ക്, അവിടെ വെച്ച് എനിക്കെന്റെ ജീവിത ചരിത്രം മാറ്റി എഴുതണം."
ഒരു മനോഹരമായ കൊച്ചു വീട് ആയിരുന്നെങ്കിലും, ഒരു കൊട്ടാരത്തിന്റെ പ്രതീതി ഉണർത്തുന്ന ലൈറ്റുകൾ ആയിരുന്നു ആ വീടിന്റെ ഹൈലൈറ്റ്. അലങ്കാര ചെടികൾ എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും വീടിന്റെ ഉള്ളിൽ മനോഹരമായി ഒതുക്കി വെച്ചിരിക്കുന്ന ജീവനുള്ള പൂചട്ടികളിൽ നിന്ന് സ്ഫുരിക്കുന്ന മനോഹരമായ കാഴ്ചകൾ ആരെയും കുളിരണിയിക്കും. ഉമ്മറത്തിന്റെ വല ത്തു ഭാഗത്തായി ഒരുക്കി വെച്ചിരിക്കുന്ന പൂങ്കാവനത്തിൽ വിരിഞ്ഞിരിക്കുന്ന പൂക്കൾ തോറും, മൂളി പാട്ടുപാടി പാറി നടക്കുന്ന വണ്ടുകളും, തുമ്പികളും, പൂമ്പാറ്റകളും,ആ വീടിന്റെ അവകാശികളെ പോലെ സ്വാതന്ത്രം ആസ്വദിച്ചു കൊണ്ട് തത്തികളിക്കുന്നുണ്ടായിരുന്നു.എന്നാൽ ഇടത്തു വശത്തായി ലൗ ബേർഡിസിന്റയും, വെള്ളരി പ്രാവിന്റെയും, ലോകം തന്നെതീർത്തിരുന്നു.
അകത്തെ മുറിയുടെ കിടക്കയുടെ വിരിപ്പ് വിരിച്ചു കൊണ്ട് അവിടെ നിന്നിരുന്ന അധികം പ്രായമില്ലാത്ത ആ അമ്മയോട് ജിതേഷ് ചോദിച്ചു.
"ജെസ്സിയുടെ ആരാണ്?"
"ജെസ്സി എനിക്ക് പിറക്കാതെ പോയ മകൾ, ദൈവം തന്നതാ എനിക്കവളെ! അവൾക്ക് വേണ്ടപ്പെട്ട ആരോ വരുമെന്ന് അവൾ പറഞ്ഞിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ഇവിടെ വൃത്തിയാക്കാൻ വന്നതായിരുന്നു ഞാൻ."
മൂന്ന് ദിവസമേ അവർക്ക് ഒന്നിച്ച് താമസിക്കാൻ കഴിഞ്ഞിള്ളൂ എങ്കിലും, എത്രയോ വർഷങ്ങൾ രണ്ട് പേരും അടക്കി പിടിച്ചു വെച്ചിരുന്ന സ്നേഹം മുഴുവൻ അങ്ങോട്ടും, ഇങ്ങോട്ടും പകുത്ത് നൽകി. നിമ്മിയും എപ്പോഴും കൂട്ടായി ഉണ്ടായിരുന്നു. അവസാനം ആ വിളക്ക് പതുക്കെ അണയാൻ പോകുന്നതാണെന്ന മുന്നറിയിപ്പ് കിട്ടിയത് പോലെ ജെസ്സി മന്ത്രിച്ചു. "എനിക്കാരും ഇല്ല, ഈ വീടിന്റെ താക്കോൽ ഞാൻ ജിത്തുവിനെ എൽപ്പിക്കുകയാണ്. ഇടക്ക് വൈഫ്‌നെയും, കുട്ടികളെയും കൊണ്ട് ഇവിടെ വന്നു താമസിക്കണം, കൂടെ നിമ്മിയെയും കൂട്ടിക്കോളൂ...."
"അപ്പോൾ ആ അമ്മ" നിമ്മി ചോദിച്ചു.
"അവരുടെ 4 മക്കൾ വിദേശത്താണ്, അവര് അങ്ങോട്ട് പോകും."
"ഞാൻ പോയാലും ഇവിടെ തന്നെ ഉണ്ടായിരിക്കണം, പക്ഷികളും, പ്രാവുകളും, പൂക്കളും, ചെടികളുംഅവരെ ഇഷ്ടത്തിന് വളരട്ടെ. അതിന് അമ്മയുടെ വീട് നോക്കുന്ന രാജേട്ടനെ എല്പിച്ചാൽ മതി."
ജിതേഷിന് കരച്ചിൽ വരുന്നുണ്ടായിരുന്നു, പക്ഷെ അവരുടെ പ്രണയ ഉടമ്പടിയുടെ നിഘണ്ടുവിൽ അങ്ങനെയൊരു വാക്ക് ഇല്ല. 'പ്രണയത്തെ ആത്മാവിലേക്ക് ആനയിച്ചു മുത്തിചെപ്പിക്കുള്ളിൽ കുടിയിരുത്തണം. അതിനു ശേഷം ഓർമകളെ മറവിയുടെ മാറാലകൊണ്ട് മൂടണം.' ജെസ്സിയുടെ ആത്മാവ് ഈ ഭൂമി വിട്ടു പോയപ്പോൾ ജിതേഷും, നിമ്മിയും കരഞ്ഞില്ല, അടക്കി പിടിച്ച സങ്കടം ഒക്കെ, ജെസ്സിയുടെ ശാന്തമായ, പുഞ്ചിരിക്കുന്ന മുഖത്തെ തേജസ് കണ്ടപ്പോൾ വഴിമാറി പോയി. എല്ലാം കഴിഞ്ഞു വീടിന്റെ ചാവി രാജേട്ടൻറെ അടുത്ത് കൊടുത്ത് മടങ്ങുമ്പോൾ ജിതേഷ് നിമ്മിയെ നോക്കി പറഞ്ഞു. "താങ്ക്സ്"
"എന്തിന്?". നിമ്മി തിരിച്ചു ചോദിച്ചു.
എല്ലാത്തിനും, ജിതേഷ് മറുപടി പറഞ്ഞു.