(Jinesh Malayath)
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്കിൽ പെട്ട് നിസ്സഹായതയോടെ പുറത്തേക്കും നോക്കി കാറിലിരിക്കുകയായിരുന്നു അയാൾ.ചുറ്റുമുള്ളവരുടെയെല്ലാം മുഖത്ത് അക്ഷമ താളം കെട്ടിയിരിക്കുന്നു. റോഡിനപ്പുറത്ത് ഒരു വൃദ്ധ യാചക സ്ത്രീ സുമനസ്സുകളെയും പ്രതീക്ഷിച്ച് കൈ നീട്ടി ഇരിക്കുന്നുണ്ട്.
ബ്ലോക്ക് തീരാൻ വേണ്ടി ദൈവത്തോട് യാചിക്കുന്ന തിരക്കിൽ ആ സ്മാൾ സ്‌കേൽ യാചന ആരും ചെവി കൊള്ളുന്നില്ല. ഒരു കൗതുകത്തിന് അയാൾ അവരുടെ ചെയ്തികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. യാചകരുടെ ഇന്റർനാഷണൽ യൂണിഫോമായ മുഷിഞ്ഞ വസ്ത്രവും ഒരു ഭാണ്ഡക്കെട്ടും ആണ് ആകെ സമ്പാദ്യം. നന്നേ അവശയാണ് ആ വൃദ്ധ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. അവജ്ഞയോടെ നോക്കുന്നതല്ലാതെ ആരും ഒന്നും കൊടുക്കുന്നതായി അയാൾ കണ്ടില്ല. എന്ത് ഹൃദയശൂന്യരാണ് നമ്മുടെ സമൂഹം? അയാൾക്ക് ഈർഷ്യ തോന്നി. ഇറങ്ങി ചെന്ന് പട്ടിണി മാറ്റാൻ എന്തെങ്കിലും കൊടുത്താലോ എന്ന് തോന്നി അയാൾക്ക്. പക്ഷെ കുഴിമന്തി കടയിൽ നിന്നുള്ള പാഴ്സലും കാത്ത് വീട്ടിലിരിക്കുന്ന ഭാര്യയെയും മക്കളെയും ഓർത്തപ്പോൾ കാരുണ്യത്തിന്റെ ആവേശത്തിന് ഒരൽപ്പം ഇടിവ് പറ്റി. ഇവർക്ക് എന്തെങ്കിലും കൊടുത്താൽ പിന്നെ കുഴിമന്തിക്ക് പകരം പരിപ്പുവട വാങ്ങേണ്ടി വരും. പിന്നെയാവട്ടെ,അയാൾ സ്വയം സമാധാനിപ്പിച്ചു. പിന്നെയും നോട്ടം അവരിലേക്ക് തന്നെയായി.
പെട്ടന്ന് അവരുടെ മുഖം തെളിഞ്ഞു. ആ വൃദ്ധ സന്തോഷത്തോടെ ബ്ലോക്കിനുള്ളിലേക്ക് വേഗത്തിൽ കടന്നുവന്നു. ബൈക്കിലിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് അവരുടെ ലക്ഷ്യം. അവൻ അവരെ മാടി വിളിക്കുന്നുമുണ്ട്. ഒരു കൗതുക സ്നേഹിയായത് കൊണ്ട് അയാൾ വേഗം തന്റെ മൊബൈൽ ഫോണെടുത്ത് കാമറ ഓണാക്കി. ഒരു സാധാരണ ചെറുപ്പക്കാരൻ. ഏതോ കമ്പനിയുടെ ഡെലിവറി ബോയിയോ സെയിൽസ്മാനോ ആണെന്ന് തോന്നുന്നു.
പെട്ടന്നാണ് അയാൾ അത് കണ്ടത്!അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! ആ ചെറുപ്പക്കാരൻ അഞ്ഞൂറിന്റെ കുറച്ച് നോട്ടുകളെടുത്ത് വൃദ്ധയുടെ കയ്യിൽ വെച്ചു കൊടുക്കുന്നു! നിറകണ്ണുകളോടെ ചെറുപ്പക്കാരനെ നോക്കി കൈ കൂപ്പി ആ അമ്മ പണവും ചുരുട്ടിപ്പിടിച്ച് വേഗത്തിൽ യഥാസ്ഥാനത്ത് വന്നിരുന്നു. ചെറുപ്പക്കാരൻ അവരെ നോക്കി കൈവീശി കാണിച്ചു.അവർ സംതൃപ്തിയോടെ തിരിച്ചും.
അയാൾക്ക് തന്നോട് തന്നെ അവജ്ഞ തോന്നി.ഇന്നും പത്തു രൂപ ചെലവാക്കാൻ രണ്ടാമതൊന്ന് ആലോചിക്കുന്ന തന്നെപ്പോലുള്ള ഉദ്യോഗസ്ഥ പ്രമാണികളുടെ മുൻപിൽ ആ ചെറുപ്പക്കാരൻ ഒരു മഹാമേരുവിനെപ്പോലെ വളർന്നുനിന്നു.
അയാൾ ആ വീഡിയോ എടുത്ത് അറിയപ്പെടാത്ത നന്മ മരങ്ങൾ എന്ന തലക്കെട്ടോടുകൂടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ആ വീഡിയോ വൈറലാവുകയും ഒരുപാട് അഭിനന്ദനങ്ങളും സ്വീകരണങ്ങളും മറ്റും ഏറ്റുവാങ്ങി ചെറുപ്പക്കാരൻ അതിലേറെ പ്രശസ്തനാവുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ ആവശ്യത്തിനായി ടൗണിൽ കറങ്ങി നടക്കവേ അതാ മുന്നിൽ നമ്മുടെ കഥാനായകൻ!ഓടിച്ചെന്ന് കൈ പിടിച്ചുകൊണ്ട് ചോദിച്ചു, "ഓർമ്മയുണ്ടോ ഈ മുഖം? ഞാനാണ് അന്ന് ആ വീഡിയോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്". ചെറുപ്പക്കാരൻ നിസ്സംഗഭാവത്തോടെ ഒന്ന് പുഞ്ചിരിച്ചു. എന്തൊരു എളിമ!മറ്റുള്ള നന്മ മരങ്ങളൊക്കെ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. വീണ്ടും കാണുമ്പോൾ ചോദിക്കാൻ ഒരു ചോദ്യം മനസ്സിൽ വെച്ചിരുന്നു. അതങ്ങ് അവന്റെ മുൻപിൽ ഇറക്കി വെച്ചു."എന്തുകൊണ്ടാണ് അന്ന് ആ വൃദ്ധയെ കണ്ട പാടെ ഒന്നും ചോദിക്കാതെ അത്രയും പണം ദാനം ചെയ്തത്?"
ആ ചെറുപ്പക്കാരൻ ചുറ്റും നോക്കി ദയനീയതയോടെ പറഞ്ഞു.
"എന്റെ പൊന്നു സാറേ, ഞാൻ അവരുടെ കയ്യിൽ നിന്ന് ഒരു വലിയ സംഖ്യ കടം വാങ്ങിയിരുന്നു. അതിന്റെ പലിശയാണ് അന്നാ കൊടുത്തത്. ഒരു ദിവസം വൈകിയാൽ അവർ എന്നെ ബാക്കി വെച്ചേക്കില്ല." അതും പറഞ്ഞ് ചെറുപ്പക്കാരൻ നടന്നുപോയി.
ദൂരെ നിന്ന് ആ പാവം വൃദ്ധ യാചകസ്ത്രീ ദയനീയതയോടെ, വിശപ്പ് വിളിച്ചോതുന്ന മുഖവുമായി നടന്നു വരുന്നുണ്ടായിരുന്നു.