(Krishnakumar Mapranam)
തീവണ്ടി നീങ്ങിതുടങ്ങുമ്പോഴാണ് ഫ്ലാറ്റുഫോമില്‍ നിന്നും ഓടികിതച്ചുകൊണ്ട് അയാള്‍ ഞാനിരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ വന്നു കയറിയത്. കമ്പാര്‍ട്ട്മെന്റില്‍ ആളുകള്‍ വളരെ കുറവായിരുന്നു. പലരും ചെരിഞ്ഞും കിടന്നും ഒരു സീറ്റു മുഴുവന്‍ സ്വന്തമാക്കിയിരിക്കയാണ്.
എനിക്കു എതിരെയുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് ആദ്യം കണ്ട സീറ്റില്‍ അയാള്‍ എനിക്കു അഭിമുഖമായി വന്നിരുന്നു. എന്റെ നേരെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തോളില്‍ കിടന്നിരുന്ന തുണിസഞ്ചിയെടുത്ത് സീറ്റില്‍ വച്ചു. അതിന്റെ സിബ്ബ് വലിച്ചു തുറന്ന് അതില്‍ നിന്നും ഒരു തോര്‍ത്തെടുത്ത് മുഖത്തു പൊടിഞ്ഞ വിയര്‍പ്പ് തുടച്ച് വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാന്‍
അയാളെ ഒന്നാകെ ശ്രദ്ധിച്ചു. അലസമായി കിടക്കുന്ന മുടി വളര്‍ന്ന താടി, ഖാദി മുണ്ട്, കഴുത്തുവെട്ടിയ വരയന്‍ ജൂബ്ബ, അലക്കി മുഷിഞ്ഞു കാവിനിറമുള്ള സഞ്ചി ആകെകൂടി ഒരു ബുദ്ധിജീവിയുടെയും കലാകാരന്‍റെയും രൂപമാണ് അയാളില്‍ ഞാന്‍ കണ്ടത്. യാത്രചെയ്യുന്ന അവസരങ്ങളില്‍ പുറംകാഴ്ചകളേക്കാള്‍ ഞാന്‍ കൂട്ടുപിടിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. അന്നെന്റെ കൈയിലാണെങ്കില്‍ ചങ്ങമ്പുഴയുടെ അനശ്വരകാവ്യം രമണനായിരുന്നു. പല ആവര്‍ത്തി വായിച്ച് മനപാഠമാക്കിയതെങ്കിലും ആ കാവ്യത്തിന്റെ മാസ്മരികത എന്നെ വീണ്ടും അത് വായിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
രമണനും ചന്ദ്രികയും തമ്മിലുള്ള അനുരാഗനാടകത്തില്‍ മുഴുകി ചേര്‍ന്ന നേരത്തായിരുന്നു അയാള്‍ എന്‍റെ മുന്നില്‍ വന്നിരുന്നത്. അയാള്‍ ഞാന്‍ വായിക്കുന്ന പുസ്തകം ശ്രദ്ധിച്ചു. എന്നിട്ട് എന്നോടൊരു ചോദ്യം
"എന്തു പുസ്തകമാണ് വായിക്കുന്നത്"
ഞാന്‍ പുസ്തകത്തില്‍ നിന്നും കണ്ണെടുത്ത് അയാളെ നോക്കി. ഞാന്‍ അയാള്‍ക്കു നേരെ പുസ്തകത്തിന്റെ പുറംചട്ട കാണിച്ചു. അയാള്‍ വല്ലാതൊന്നു ചിരിച്ചു "രമണനോ"
“അതെ എനിക്കേറ്റവും പ്രിയപ്പെട്ട കവിയാണ്. അനശ്വരനായ കവി”
ആ മറുപടി അത്ര ഇഷ്ടമായില്ലെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്നും മനസ്സിലായി.
"എനിക്കത്ര പിടിത്തമില്ല."
"അതൊക്കെ ഓരോരുത്തരുടെയും താല്പര്യമല്ലേ"
ഞാനും വിട്ടുകൊടുത്തില്ല.
"ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതാണ്. നിങ്ങള്‍ പഴഞ്ചനാണെന്നു തോന്നുന്നു"
അയാള്‍ വെറുതെ തര്‍ക്കിക്കാന്‍ വരുന്നതുപോലെ എനിക്കു തോന്നി
"എന്താണ് അങ്ങിനെ പറയാന്‍ കാരണം"
"അല്ല ഇക്കാലത്ത് ഇത്തരം കവിതകള്‍ വായിക്കുന്നവരെ ഞാന്‍ ആദ്യം കാണുകയാണ്."
"പിന്നെ എങ്ങനെയുള്ളതാണ് വായിക്കേണ്ടത്...അല്ല നിങ്ങള്‍ ആരാന്നു പറഞ്ഞില്ല"
എന്റെ സംസാരത്തിനും കനം വന്നു അയാള്‍ ചിരിച്ചു
"വേണ്ട തര്‍ക്കത്തിനു പറഞ്ഞതല്ല."
അത് പറഞ്ഞുകൊണ്ട് അയാള്‍ തുണിസഞ്ചി പരതി. ഒന്നുരണ്ടു പുസ്തകങ്ങള്‍ അതില്‍ നിന്നെടുത്തുകൊണ്ട് എന്റെ നേരെ നീട്ടി.
"ഇതെന്താണ് …" ഞാന്‍ വാങ്ങാന്‍ മടിച്ചു.
"കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല കവിതയ്ക്ക് മലയാണ്മ അവാര്‍ഡു ലഭിച്ച കൃതിയാണ് വായിച്ചു നോക്കൂ.. എഴുത്തിൻ്റെ ശൈലിയൊക്കെ നിങ്ങൾക്കിഷ്ടപ്പെടും" അയാള്‍ പറഞ്ഞു
പുസ്തകങ്ങള്‍ എനിക്കു പ്രിയപ്പെട്ടവയായതുകൊണ്ട് ഞാനത് അയാളില്‍ നിന്നും വാങ്ങി
"സ്നേഹിതാ ഈ പുസ്തകങ്ങള്‍ ആരുടേതാണ്"
"എന്റെതന്നെ” അയാളുടെ അഭിമാനസ്വരം
ഞാന്‍ കൗതുകത്തോടെ പുസ്തകവും അയാളെയും മാറി മാറി നോക്കി ഒരു അവാര്‍ഡ് കിട്ടിയ കവിയെ നേരിട്ട് കാണാനും അടുത്തു സംസാരിക്കാനും കഴിഞ്ഞതില്‍ എനിക്കു സന്തോഷം തോന്നി
"സോറി ഞാനെന്തെകിലും പറഞ്ഞെങ്കില്‍...."
"ഓ സാരമില്ല" അയാള്‍ അല്ല കവി ചിരിച്ചു
ഞാന്‍ രണ്ടു പുസ്തകങ്ങളില്‍ ആദ്യത്തേതു എടുത്തു. ആധുനികതയുടെ മുഖകാപ്പു ചാര്‍ത്തി അണിയിച്ചൊരുക്കിയ മനോഹരമായ പുറംചട്ട.
"വള്ളിമോതിരം" കാവ്യപുസ്തകം. അടിയില്‍ മുണ്ടരത്തി.എസ് എന്നെഴുതിയിരിക്കുന്നു.
"അതെ മുണ്ടരത്തി എസ് എന്നത് എന്റെ തൂലികാ നാമമാണ് " അയാള്‍ചോദിക്കും മുൻപേ പറഞ്ഞു.
ഞാന്‍ അയാളെ നോക്കി. അയാള്‍ ഗമയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു
"കഴിഞ്ഞവര്‍ഷം ഒരുപാട് എൻട്രികളുണ്ടായിരുന്നു. അതിൽ നിന്നും എനിക്കായിരുന്നു അവാര്‍ഡ്കിട്ടിയത്.. "
അവാര്‍ഡുകളെ പറ്റി ഞാന്‍ തിരക്കാറില്ല. സാധാരണ ഒരു വായനക്കാരന്‍ എന്നതിലുപരി ഞാന്‍ പുസ്തകങ്ങള്‍ അവാര്‍ഡു കിട്ടിയതാണോ അല്ലയോ എന്നു നോക്കിയല്ല വായിക്കാനെടുക്കാറുള്ളതും.
പല നല്ല കൃതികള്‍ക്കും അങ്ങിനെ അവാര്‍ഡു കിട്ടാതെപോയിട്ടുമുണ്ട്. അവാര്‍ഡ് ചാര്‍ത്തികൊടുത്ത് അവയെ മഹത്തരമാക്കുന്ന വിദ്യകളാണ് പലപ്പോഴും നടക്കുന്നതെന്ന തിരിച്ചറിവ് പലര്‍ക്കുമുണ്ടെങ്കിലും പലരും മൗനത്തിന്‍റെ മുഖംമുടി അണിഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് ഞാനും മൗനം ഉത്തമം എന്നു കരുതി മിണ്ടാതിരുന്നു. മാത്രമല്ല വായിക്കുന്നവരേക്കാള്‍ കൂടുതല്‍ കവികളും എഴുത്തുകാരും സംക്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇക്കൂട്ടരെയൊക്കെ തിരിച്ചറിയാനും പാടുതന്നെ. അയാള്‍ പറഞ്ഞു
"തുറന്നു നോക്കൂ എന്റെ ആദ്യത്തെ കൃതിയാണിത്. ഒരവാര്‍ഡു കിട്ടിയതുകൊണ്ടു പറയുകയല്ല പതിനഞ്ചാം പതിപ്പാണ് ഇത്."
ശരിയാണ് ഞാന്‍ പുസ്തകത്തിന്റെ മുകളില്‍ എഴുതിയിരിക്കുന്നത് കണ്ടു അതുപോലെ അവാര്‍ഡിന്റെ പേരും ബ്രാക്കറ്റില്‍ എഴുതിയിട്ടുണ്ട് ഒരു പുസ്തകം വിറ്റുപോകാന്‍ ഇതൊക്കെ ധാരാളം. വള്ളിമോതിരം തുറക്കും മുന്‍പേ അയാള്‍ മറ്റേ പുസ്തകം നോക്കാന്‍ പറഞ്ഞു
"കരിന്തേളുകള്‍"
അതെടുത്തപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു "ഇതിനും കിട്ടിയോ അവാര്‍ഡ് "
അയാള്‍ പുച്ഛത്തോടെ അഹങ്കാരത്തോടെ എന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു "എന്താ അങ്ങിനെ സംഭവിക്കില്ലെന്നുണ്ടോ? എന്നാല്‍ പറയാം ഇപ്രാവശ്യത്തെ രാമനാശാന്‍ സ്മാരക അവാര്‍ഡ് കരിന്തേളുകള്‍ക്കാണ്"
"കുമാരനാശാന്‍ അവാര്‍ഡോ?"
"അതല്ല രാമനാശാന്‍ അവാര്‍ഡ് പൗരപ്രമുഖനും സ്വാതന്ത്ര്യ സമരസേനാനിയും ആയിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷമാണ് ഈ അവാര്‍ഡ് തുടങ്ങിയത്. ആദ്യം എനിക്കു തന്നെ കിട്ടുകയും ചെയ്തു." അയാള്‍ വല്ലാത്തൊരു ഗമയോടെ ഞെളിഞ്ഞിരുന്നു.
കാക്കതൊള്ളായിരം ആളുകളുടേയും സ്മരണയ്ക്കുവേണ്ടി ഓരോരുത്തര്‍ തുടങ്ങിവയ്ക്കും ചില വിക്രിയകള്‍. ചിലരൊക്കെ ഇതൊരു ബിസിനസ്സായും കൊണ്ടുനടക്കുന്നുണ്ടെന്ന് ആരോ വായനശാലയില്‍ വച്ച് പറഞ്ഞതും ഓര്‍ക്കുന്നു .
"ഓ" ഞാന്‍ മൂളി കവിയാണെങ്കിലും അഹങ്കാരത്തിനു തെല്ലും കുറവില്ല. ഞാന്‍ മനസ്സില്‍ കരുതി.
അയാള്‍ വീണ്ടും തുടങ്ങി. "ഈ അവാര്‍ഡ് സമര്‍പ്പണം അടുത്ത ആഴ്ച കോട്ടയത്ത് വച്ചു നടക്കുകയാണ് മന്ത്രിമാരൊക്കെ പങ്കെടുക്കുന്ന പരിപാടിയാണ്." അയാള്‍ പൊങ്ങച്ചം പറഞ്ഞു
"എത്ര പുസ്തകം രചിച്ചു"
ഞാന്‍ ചോദിച്ചു
"രണ്ടെണ്ണം"
"അതിനു അവാര്‍ഡും കിട്ടിയല്ലേ"
അയാള്‍ വല്ലാതെ ചിരിച്ചു എന്നിട്ട് പറഞ്ഞു
"എങ്ങിനെ കിട്ടാതിരിക്കും...മത്സരത്തിന് കുറെ എൻട്രികളുണ്ടായിരുന്നു….സംഘാടകരിൽ പലരേയും എനിക്ക് അറിയാവുന്നവരാണ്.."
അപ്പോൾ..സംഘടിപ്പിച്ചതെന്ന് സാരം എനിക്കയാളോട് സഹതാപം തോന്നി
"കുറെയേറെ എഴുതണമെന്നുണ്ട്.പക്ഷെ സമയം കിട്ടണ്ടേ…"
"അതെന്തുപറ്റി ജോലിതിരക്ക്"
"ഒരു ചെറിയ ബിസിനസ്സുണ്ടായിരുന്നു. അതു പൊളിഞ്ഞു. ഇപ്പോൾ ജോലിയൊന്നുമില്ല അവാര്‍ഡു കിട്ടിയതോടെ കുറച്ച് തിരക്കിൽപ്പെട്ടു. കുറെയേറെ സ്ഥലങ്ങളിൽ സ്വീകരണങ്ങള്‍ കഴിഞ്ഞു പിന്നെ പലേടത്തും കവിയരങ്ങ്, പുസ്തകപ്രകാശനം, ഉദ്ഘാടനം, സമ്മേളനം അങ്ങിനെയങ്ങിനെ ധാരാളം പരിപാടികള്‍"
അയാള്‍ വേദനയോടെ അല്പം അടുത്തേയ്ക്ക് ചാഞ്ഞ് സ്വകാര്യം എന്നപോലെ പറഞ്ഞു.
"ക്ഷണിച്ചാല്‍ ചിലയിടത്ത് ചെന്നാല്‍ കാശുതരാന്‍ ഭയങ്കര മടിയാണ്"
ഞാന്‍ ചോദിച്ചു അപ്പോള്‍ കാശിനാണോ ഇതൊക്കെ ചെയ്യുന്നത്?
"അല്ലാതെ...ഞാനൊരു അവാര്‍ഡു കിട്ടിയ കവിയല്ലേ? വെലയ്ക്കും നെലയ്ക്കും അവര് തരണ്ടേ. പിന്നെ ഇതൊക്കെ കൊറച്ചുകാലമേയുണ്ടാകൂ. അപ്പോള്‍ കിട്ടുന്നത് മാക്സിമം മേടിക്കണം."
"അതും ശരിയാണ്"
"അവാര്‍ഡ് കിട്ടിയതുകൊണ്ടിപ്പോള്‍ പലമാസിക കാരും കവിത ആവശ്യപ്പെടുന്നുണ്ട് ."
"അതിനും വാങ്ങുന്നുണ്ടാകും "
"പിന്നല്ലാതെ ..ജീവിക്കേണ്ടേ...."
"അതെ ..."
"ഇവിടെ ഒരു പുസ്തകപ്രകാശനവും കവിയരങ്ങും ഉദ്ഘാടനം ഞാനായിരുന്നു. അതുകഴിഞ്ഞു. പക്ഷെ ഭാരവാഹികളും പ്രസംഗത്തിനു നേരം വൈകിയെത്തിയ ഒരാളും തമ്മിൽ വാക്ക്പോര്. അതുകൊണ്ട് നേരം പോയി. ഉച്ചതിരിഞ്ഞ് അങ്കമാലിയില്‍ ഒരു പൊതുസമ്മേളനം ഉണ്ട്. വൈകീട്ട് അവിടെ അടുത്തുതന്നെ വേറെയും ഒരു പരിപാടിയുണ്ട്.
"അപ്പോള്‍ വീട് "
"നമുക്കൊക്കെ തിരക്ക് കഴിഞ്ഞ് വീട്ടില് എത്ത്വാന്‍ പറ്റ്വോ നാളെ തിരുവനന്തപുരത്ത് ഒരു സ്വീകരണമുണ്ട്..അതും കൂടി കഴിഞ്ഞാല്‍ രണ്ടീസം കിട്ടും . അതു കഴിഞ്ഞാല്‍ പിന്നേയും ഊരു ചുറ്റണം", അയാള്‍ നെടുവീര്‍പ്പിട്ടു.
ഞാന്‍ സഹതാപത്തോടെ കവിയെ നോക്കി. എന്തൊരു പെടാപാടാണ് ഇവര്‍ക്ക്. ഇവരാണല്ലോ സമൂഹത്തിനുവേണ്ടി എഴുത്തു പടവാളാക്കിയവര്‍.
തീവണ്ടി അങ്കമാലി അടുത്തുതുടങ്ങി കവി എന്നോട് പറഞ്ഞു.
"ആ പുസ്തകങ്ങള്‍ താങ്കള്‍ക്കുള്ളതാണ്."
ഞാന്‍ സന്തോഷത്തോടെ അതുവാങ്ങി.
അയാള്‍ പറഞ്ഞു
"സ്റ്റേഷന്‍ അടുക്കാറായി ഞാന്‍ ഇറങ്ങാന്‍ നോക്കട്ടെ"
ഞാന്‍ ശരിയെന്നു പറഞ്ഞു
"എന്നാല്‍ പിന്നെ പുസ്തകത്തിന്റെ വില... കിട്ടിയാല്‍..പോകാമായിരുന്നു"
അപ്പോഴാണ് അത് സമ്മാനമല്ല വിലയ്ക്കാണ് എന്ന് എനിക്കു മനസ്സിലായത്.
ഞാന്‍ ജാള്യത മറച്ചുവച്ച് ചോദിച്ചു.
"എത്രയാണ്"
"ഇരുനൂറ്റിയമ്പതാണ് രണ്ടിനും കൂടി. ഇരുനൂറു മതി."
ഞാന്‍ പേഴ്സ്തുറന്നു ഇരുനൂറു രൂപ കവിയ്ക്കു കൊടുത്തു.
അങ്കമാലിയില്‍ കവി ഇറങ്ങും മുൻപേ ഇനിയും കാണാമെന്ന് പറഞ്ഞ് എൻ്റെ നേരെ കൈവീശി.
ഞാന്‍ വള്ളിമോതിരം കൈയ്യിലെടുത്തു തുറന്നു ആദ്യത്തെ കവിത അതെ പേരില്‍ തന്നെ. അത് വായിച്ചപ്പോള്‍ എനിക്കു ഓക്കാനം വന്നു രണ്ടാമത്തെ കവിത കണ്ടപ്പോള്‍ ചർദ്ദിക്കാന്‍ തോന്നി. അടുത്തപേജുകളിലേയ്ക്ക് കടന്നാല്‍ ഇനിയെന്താണുണ്ടാകുക എന്നോര്‍ത്ത് ഞാന്‍ ഭയപ്പെട്ടു.
പുസ്തകം മൊത്തം ഒന്നു മറിച്ചപ്പോള്‍ കണ്ടു പുസ്തകത്തിനു മാത്രമേ വലിപ്പമുള്ളൂ. ഉള്ളില്‍ നാലോ അഞ്ചോ വരികള്‍ അടുക്കി പെറുക്കി വച്ചിരിക്കുകയാണ്. അങ്ങിനെ ഓരോ പേജിലും നാലോ അഞ്ചോ വരിയില്‍ കൂടുതലില്ല. കവിതയുടെ യാതൊരു ലക്ഷണവുമില്ലാത്ത എന്തൊക്കെയോ എഴുതിവച്ചിരിക്കുകയാണ്.ചിലത് തെറിയാണോ എന്ന് തോന്നി .
ഞാന്‍ പുസ്തകമടച്ച് കരിന്തേളെടുത്തു
അതെടുത്തതും കരിന്തേളുകൊത്താനെത്തി. വള്ളിമോതിരത്തേക്കാള്‍ കഷ്ടമായിരുന്നു കരിന്തേളിന്‍റെ അവസ്ഥ. കവികളെന്നു സ്വയം നടിച്ച് വലിയവനായി ചമഞ്ഞു നടക്കുന്ന കോമാളികള്‍. ഇങ്ങിനെയുള്ള കവികളെ വളര്‍ത്തുന്ന യഥാര്‍ത്ഥ കവിതയെ തളര്‍ത്തുന്ന അവാര്‍ഡു കൊടുക്കുന്നവരെയോര്‍ത്ത് ലജ്ജിക്കാനെ തരമുള്ളൂ.
ഞാന്‍ വള്ളിമോതിരമെടുത്ത് ജനാലയിലൂടെ പുറത്തേയ്ക്കൊരേറു കൊടുത്തു.
തിരിഞ്ഞപ്പോള്‍ കരിന്തേളതാ എന്റെ നേരെ പാഞ്ഞുവരുന്നു. ഞാനത് ദൂരേയ്ക്ക് തട്ടിയെറിഞ്ഞു. ഇരുനൂറുരൂപ പോയ നഷ്ടത്തിനേക്കാളുപരി ഭാഷയേയും കവിതയേയും ഹനിച്ച കവിയെയും അവാര്‍ഡുകൊടുത്തവരെയും കുറിച്ചുള്ള ദേഷ്യമാണ് എന്നില്‍ നുരഞ്ഞുപൊന്തിയത്.
ഞാന്‍ എന്റെ മടിയില്‍ വിശ്രമിച്ചിരുന്ന രമണനെയെടുത്ത് തലോടി അപ്പോള്‍ കളകളാരവം മുഴക്കികൊണ്ടു മനസ്സിലൂടെ ഒരു തേനരുവി മന്ദംമന്ദം ഒഴുകാന്‍ തുടങ്ങി.