(Abbas Edamaruku )
ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. എന്നിട്ടും ഇക്കയും, ഇത്താത്തയും നിർബന്ധിച്ചുവിളിച്ചപ്പോൾ വരാതിരിക്കാനായില്ല. ബന്ധങ്ങളുടെ കെട്ടുപാടുകളിൽ പെട്ടുഴറുമ്പോൾ മനസ്സാകെയും ആത്മനൊമ്പരങ്ങളിൽ പെട്ട് നീറിപ്പിടയുന്നു.
ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇക്ക, ഇത്താത്ത ... മാതാപിതാക്കൾ കുഞ്ഞിലേ നഷ്ടപ്പെട്ടുപോയ തന്റെ സംരക്ഷകർ. അവരെ അഭിമുഖീകരിക്കുമ്പോൾ ആകെ തളർന്നുപോകുന്നു. ഹൃദയനൊമ്പരങ്ങളിൽപ്പെട്ട് ഉള്ളുരുകി കഴിയുന്ന ആ മനുഷ്യരൂപങ്ങൾ കാണുമ്പോൾ മനസ്സ് ഇന്നും പിടയുന്നു. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഇരുവരുടേയും മനോദുഃഖത്തിനു കാരണക്കാരൻ താനാണ്.
ഇത്താത്തയുടെ സഹോദരിയെ താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും ഒരു കുഞ്ഞനുജത്തിയുടെ സ്ഥാനം നൽകി അവളെ സ്നേഹിച്ചുപോന്നു.പക്ഷേ, അവളുടേയും ഇതാത്തയുടെയുമെല്ലാം മനസ്സിൽ തന്റെ സ്നേഹത്തിന് മറ്റൊരു അർത്ഥം ഉണ്ടാകുമെന്ന് ഒട്ടും കരുതിയില്ല.
'സലീനാന്റെ' മനസ്സിൽ തനിക്കുള്ള സ്ഥാനം മറ്റൊന്നായിരുന്നു. അത് താൻ മനസ്സിലാക്കിയപ്പോൾ വളരെ വൈകിപ്പോയി. മനസ്സ് വല്ലാത്ത തകർന്നുപോയ നിമിഷം. എന്തുകൊണ്ട് അവളുടെ മനസ്സിൽ തന്നെക്കുറിച്ച് അങ്ങനൊരു ചിന്ത കടന്നുകൂടിയെന്ന് അറിയില്ല. ഒരിക്കലും അതിനിടയാക്കുന്ന പ്രവൃത്തികൾ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പ്രായപൂർത്തിയായ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന് അവളുടെ മനസ്സിൽ ഒരേയൊരു നിർവചനമായിരുന്നു ഉണ്ടായിരുന്നത്... പ്രേമം.
പാവം സലീന. ആ ഓർമ്മകൾ കണ്ണുകളെ ഇപ്പോഴും ഈറനണിയിക്കുന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികൾ മറ്റുള്ളവർ കാണാതെ മുണ്ടിന്റെ തുമ്പുയർത്തി തുടച്ചുകൊണ്ട് മെല്ലെ മുറ്റത്തേക്കിറങ്ങി. നെൽപ്പാടങ്ങളെ തഴുകിയെത്തിയ കാറ്റ് ശരീരത്തിലെ ഉഷ്ണത്തിന് നേരിയ കുളിര് പകർന്നെങ്കിലും ഉള്ളിലെ നീറ്റൽ കെടാതെ നിന്നു.
പ്രഭാതവെയിൽ തിളക്കം തീർക്കുന്ന ഇലഞ്ഞേലിതോടിന്റെ കടവിലേയ്ക്ക് നോട്ടമയക്കുമ്പോൾ കഴിഞ്ഞകാല സ്മരണകൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നു .
ഇലഞ്ഞേലിതോട്ടിലെ കല്പടവുകൾക്ക് തന്റെ കഴിഞ്ഞകാലാവുമായി ഒരുപാട് ബന്ധമുണ്ട്.ഒരുകാലത്ത് താനും സലീനയും കൂടി എത്രയോവട്ടം ആ കല്പടവുകളിൽ പോയിരുന്നിട്ടുണ്ട്. കളിതമാശകൾ പറഞ്ഞും, ഉദയാസ്തമയങ്ങൾ കണ്ടും എത്രയോ സമയം അവിടെ ചിലവഴിച്ചിരിക്കുന്നു.
സന്ധ്യാസമയത്ത് കല്പടവുകളിൽ പോയിരുന്ന് പടിഞ്ഞാറേയ്ക്ക് നോക്കിയാൽ അങ്ങുള്ള പട്ടണങ്ങളിലൊക്കെയും ലൈറ്റ് കത്തിനിൽക്കുന്നതും, കുഞ്ഞുതീപ്പൊട്ടു ചലിക്കുമ്പോലെ വാഹനങ്ങൾ ഒഴുകിനീങ്ങുന്നതും കാണാം. പലപ്പോഴും ആ ദൂരകാഴ്ചകളെ ചൂണ്ടിക്കൊണ്ട് അവൾ ചോദിക്കും.
"ഒരിക്കൽ എന്നെ ആ സ്ഥലങ്ങളൊക്കെ കൊണ്ടുപോയി ചുറ്റിക്കാണിക്കുമോ.? എന്നെ അതൊക്കെ കൊണ്ടുപോയി കാണിക്കാൻ ആരാണുള്ളത്."
"സലീന നിരാശപ്പെടേണ്ട. എനിക്കൊരു ജോലിയാവട്ടെ... തീർച്ചയായും എല്ലാവരേയും കൂട്ടി നമ്മൾ അവിടമൊക്കെ ചുറ്റിക്കാണാൻ പോകുന്നുണ്ട്."
വീട്ടിലെത്തിയ നാൾമുതൽ അവൾ തന്റെ പിന്നാലെയായിരുന്നു. ഇത്താത്തയുടെ വീട്ടിൽ നാല് പെണ്മക്കളാണ്. ഒന്നിനെയെങ്കിലും കൂടെനിറുത്തി പഠിപ്പിച്ചാൽ നിരാലമ്പരായ മാതാപിതാക്കൾക്ക് അത് വലിയൊരു ആശ്വാസമാകുമല്ലോ എന്നുകരുതിയാണ് സലീനയെ ഇക്കാക്കയും ഇത്താത്തയും വീട്ടിലേയ്ക്ക് കൂട്ടിയത്. കറുത്തു മെലിഞ്ഞ് നിറം മങ്ങിയ ചുരിദാറുമിട്ട് ഒരിക്കൽ ഇതാത്തയുടെ കൈയും പിടിച്ച് വീട്ടിലേയ്ക്ക് കയറിവന്ന പതിനാലുകാരി എത്രവേഗമാണ് വളർന്നുവലുതായത്.
അന്നൊക്കെ സ്കൂളിൽ പോകാനും, വരാനും, സംശയങ്ങൾ തീർത്തുകൊടുക്കാനുമൊക്കെ തന്റെ സഹായം അവൾക്ക് എപ്പോഴും വേണമായിരുന്നു. ആ അടുപ്പം അവസാനം അത്തരത്തിലൊരു ദുരന്തമായി തീരുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല.
വളർന്നുവലുതായിട്ടും കോളേജിലെത്തിയിട്ടും കുട്ടിത്തം വിടാനും,കുട്ടിക്കളികൾ മാറ്റാനും അവൾ തയ്യാറായില്ല. യവ്വനയുക്തയായ പൂർണ്ണതയിലെത്തിയ ഒരു പെണ്ണായിമാറിയിട്ടും തന്നോടുള്ള കൊഞ്ചലും കുഴയലുമൊന്നും നിറുത്താൻ അവൾ തയ്യാറായില്ല.
വൈകുന്നേരം കടവിൽ പോയി മടങ്ങിവരുമ്പോൾ ഒരിക്കൽ ഇത്താത്ത അവളെനോക്കി ഓർമ്മപ്പെടുത്താൽ എന്നോണം പറഞ്ഞു.
"നീ ഇന്ന് ഒരു കൊച്ചു പെണ്ണല്ല... പ്രായമായപെൺകുട്ടികൾക്ക് ഇത്തിരിക്കൂടി അടക്കവും ഒതുക്കവുമൊക്കെ ആവാം...ആളുകളെക്കൊണ്ട് വല്ലതുമൊക്കെ പറയിക്കരുത്."
"ഒന്ന് പോ ഇത്താത്ത... എനിക്കിപ്പോൾ ഇത്രയൊക്കെയേ അടങ്ങാനും ഒതുങ്ങാനും കഴിയൂ... ആളുകൾ എന്താച്ചാ പറയട്ടെ."
അവൾ പൊട്ടിചിരിച്ചു... ഇതാത്തയും.
തനിക്ക് അകന്നബന്ധത്തിൽ നിന്നൊരു വിവാഹലോചന വന്നതോടെയാണ് സലീനയിൽ പൊടുന്നനെ മാറ്റങ്ങൾ വന്നത്. പെണ്ണിനെ തനിക്ക് ഇഷ്ടമായി. നല്ല സൗന്ദര്യവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവൾ. തന്റെ അതേ സാമ്പത്തികസ്ഥിതി ഉള്ളവൾ. വിവാഹാലോചന വന്ന അന്ന് വൈകുന്നേരം താൻ മുറിയിലിരുന്നുകൊണ്ട് എന്തോ കുത്തിക്കുറിക്കുകയായിരുന്നു. ഈ സമയം അവൾ അവിടേയ്ക്ക് കടന്നുവന്നു.
"അബ്‌ദുവിന്...ഇന്ന് വന്ന വിവാഹലോചന ഇഷ്ടമായോ.? പെൺകുട്ടിയെ മുൻപ് കണ്ടിട്ടുണ്ടോ.?"
"ങും... ഞാൻ നേരത്തേ അറിയുന്നതാണ് അവളെ. എന്റെ ഉമ്മയുടെ അകന്നബന്ധത്തിലുള്ളതാണ്. സലീന കണ്ടിട്ടുണ്ടാവില്ല... നല്ല സുന്ദരിയാണ് ആൾ."
"ങ്ഹാ...നല്ലത്..."അത്രയും പറഞ്ഞിട്ട് അവൾ മുറിവിട്ടുപോയി. അന്നുമുതൽ അവളിൽ ചില മാറ്റങ്ങളൊക്കെ കാണാൻ തുടങ്ങി. പഴയതുപോലെ കളിയില്ല, ചിരിയില്ല, തന്റെ അടുക്കലേയ്ക്ക് വരാറില്ല. അധികം സംസാരം പോലുമില്ല. എപ്പോഴും എന്തോ ആലോചിച്ചുകൊണ്ട് ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കും.
ഒരിക്കൽ ഒരു ഉച്ചസമയം. ഇക്കയും ഇത്താത്തയും ഇല്ലാത്ത സമയം നോക്കി താൻ അവളുടെ മുറിയിലേയ്ക്ക് നടന്നുചെന്നു. എന്തൊക്കെയോ ചിന്തകളിൽ മുഴുകി കട്ടിലിൽ ചുരുണ്ടുകൂടി കിടന്ന അവൾ തന്നെക്കണ്ട് മെല്ലെ എഴുന്നേറ്റിരുന്നു.
"എന്താ... സലീനാ കുറച്ച് ദിവസങ്ങളായി നിന്റെ സ്വഭാവത്തിലൊക്കെ വല്ലാത്തൊരു മാറ്റം. എന്തുപറ്റി നിനക്ക്... എന്തായാലും എന്നോട് പറയൂ..?"
ഏതാനും നിമിഷം അവൾ ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു. ആ സമയം അവൾ തേങ്ങിക്കരയുന്നത് താൻ കേട്ടു.
"എന്താ സലീനാ... എന്തിനാണ് നീ കരയുന്നത്.?"താൻ അവളുടെ തോളിൽ പിടിച്ചു.
പൊടുന്നനെ അവൾ ചാടി എഴുന്നേറ്റുകൊണ്ട് തന്റെ കൈ കൂട്ടിപ്പിടിച്ചുകൊണ്ട് മിഴികളിലേയ്ക്ക് നോക്കി പറഞ്ഞു.
"അബ്ദൂ... ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ഭൂമിയിലുള്ള മറ്റെന്തിനേക്കാളും കൂടുതലായി. എന്നും നീ എന്റേത് ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഇത്രനാളും വിശ്വസിച്ചിരുന്നു...എന്നിട്ടിപ്പോൾ..."അവൾ പൊട്ടിക്കരഞ്ഞു.
"സെലീന നീ എന്തൊക്കെയാണ് ഈ പറയുന്നത്. ഒരിക്കലും നിന്റെ ആഗ്രഹം നടക്കില്ല. എനിക്ക് നിന്നെ ആ സ്ഥാനത്ത് കാണാൻ കഴിയില്ല."അന്ന് താൻ പറഞ്ഞു.
"എങ്കിൽ അബ്ദു മറ്റൊരുവളുടേത് ആവുന്ന നിമിഷത്തിൽ ഞാൻ ഈ ലോകം വിട്ടു പോയിരിക്കും... സത്യം."അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിവിട്ട് ഓടിപ്പോയി.
പിറ്റേ ഞായറാഴ്ച തന്റെ വിവാഹനിച്ഛയമായിരുന്നു. സലീനയെ പുറത്തേക്കൊന്നും അധികം കണ്ടില്ല. തിരക്കുകൾ മൂലം താൻ അവളെ ശ്രദ്ധിച്ചതുമില്ല.
വിവാഹനിശ്ചയത്തിനായി വാടകക്കെടുത്ത പാത്രങ്ങളും മറ്റും ടൗണിൽകൊണ്ടുപോയി കൊടുത്തിട്ട് മടങ്ങിവരുമ്പോഴാണ് ആ നടുക്കുന്ന വാർത്തയുമായി ഇക്കാക്കയുടെ ഫോൺകോൾ തന്നെ തേടിയെത്തിയത്. സലീന പറഞ്ഞതുപോലെ ചെയ്തിരിക്കുന്നു.
"ഞാൻ സ്നേഹിച്ച പുരുഷന് എന്നെ വേണ്ട. അയാൾ മറ്റൊരുവളുടേത് ആകാൻ തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് ഞാനീ വീട്ടിൽ ഒരു അധികപറ്റാണ്. അർഹിക്കാത്തത് ആഗ്രഹിച്ചതിന് ഇക്കാക്കയും ഇത്താത്തയും എന്നോട് ക്ഷമിക്കുക... "
എഴുത്തെഴുതി വെച്ചിട്ട്...കൈയിലെ ഞരമ്പ് മുറിച്ച് അവൾ ആത്മഹത്യ ചെയ്തു .
അന്ന് തന്നേക്കാൾ കൂടുതൽ തകർന്നുപോയത് ഇക്കാക്കയും ഇത്താത്തയുമായിരുന്നു. അതില്പിന്നെ ഇത്താത്തയുടെ ചിരിച്ചമുഖം കണ്ടിട്ടില്ല. എപ്പോഴും ചിന്തകളിൽ മുഴുകി ഒരേയിരുപ്പ്. ഇക്കാക്കയും തന്നോട് അധികം മിണ്ടാതായി. ഒടുവിൽ ആ വീട്ടിൽ താമസിച്ചാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോഴാണ് ജോലിതേടി ദൂരേയ്ക്ക് യാത്രയായത്. ഇപ്പോൾ വർഷം ഒന്നുകഴിഞ്ഞിരിക്കുന്നു.
ഇന്ന് അവളുടെ മരിച്ചതിന്റെ ആണ്ടാണ്. മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസ്സം. ഞാൻ മെല്ലെ അവളുടെ ഓർമ്മകളുറങ്ങുന്ന മുറിയിലേയ്ക്ക് നടന്നു.
"അബ്ദൂ... "
ആരോ തന്നെ വിളിക്കുന്നു. ആരാണത്... ആ ശബ്ദം സലീനയല്ലേ... അതേ... അവളുടെ ആത്മാവ് ഇപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ടെന്ന് എനിക്ക് തോന്നി.മെല്ലെ മുറിക്കുള്ളിലേയ്ക്ക് കടന്നു.
അതാ വീണ്ടും അവളുടെ ശബ്ദം.
"അബ്ദൂ ഞാൻ നിന്നെ സ്നേഹിക്കുന്നു... ഈ ഭൂമിയിലുള്ള മറ്റെന്തിനേക്കാളും. എന്നും നീ എന്റേത് മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..."
കാലങ്ങൾക്കപ്പുറത്തുനിന്നും അവളുടെ തേങ്ങൽ കാതിൽ വന്ന് പതിക്കുന്നു.