(വി.സുരേശൻ)
ഒരാൾക്ക് കുറവൊന്നുമില്ല,കൂടുതലാണെങ്കിലും പ്രശ്നമാണ്. ഇനി നമുക്ക് പ്രശ്നം ഇല്ലെങ്കിലും മറ്റുള്ളവർക്ക് പ്രശ്നമാണ്. അവന് ഒരു എല്ല് കൂടുതലാണ് എന്നു പറയുന്ന പോലെ. ഹൃതിക് രാജന് എല്ലല്ല,ഒരു വിരലാണ് കൂടുതൽ. വലത്തേ കാലിൽ ആറു വിരലുകൾ ഉണ്ട്.
അതായത് ഒരു സാധാരണ മനുഷ്യൻ്റെ അസാധാരണ വിരലിൻ്റെ കഥയാണിത്. ഈ കഥയിൽ ആറാം വിരലൊഴികെ ബാക്കിയെല്ലാം സാധാരണ കഥാസന്ദർഭങ്ങൾ തന്നെയാണ് എന്നും പറയാം. ഇനി ഈയൊരു വിരലിൽ വലിയ പുതുമയൊന്നും കാണാത്തവരുണ്ടെങ്കിൽ ക്ഷമിക്കുക. കൂടുതൽ വിരലുകളുമായി വീണ്ടും വരാൻ ശ്രമിക്കാം എന്നു മാത്രമേ അവരോടു പറയാനാവൂ. എന്തായാലും കഥയിലേക്കു വരാം.
ഹൃതികിൻ്റെ മാതാപിതാക്കൾ അവൻ്റെ ആറാം വിരലിനെ ഒരു ഭാഗ്യ ചിഹ്നമായാണ് കണ്ടത്. അല്പസ്വല്പം ലോക ജ്ഞാനമുള്ള അവൻ്റെ അച്ഛൻ രാജേന്ദ്രൻ. ആറാം വിരലിൻറെ പ്രത്യേകതകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
"ബോളിവുഡ് താരമായ ഹൃതിക് റോഷന് കയ്യിൽ ആറു വിരലുകളുണ്ട്. അതു കൊണ്ടു കൂടിയാണ് ഞാൻ മോന് ഹൃതിക് രാജൻ എന്ന് പേരിട്ടത്. ഏതോ ഒരു പോപ് ഗായിക കയ്യിലും കാലിലും ഒക്കെ അലങ്കാരപ്പണികളോടെ ആറാം വിരലും ആയാണ് സ്റ്റേജിൽ എത്തുന്നത് എന്നു കേട്ടിട്ടുണ്ട്. മലയാറ്റൂർ രാമകൃഷ്ണൻ്റെ ആറാം വിരൽ എന്ന നോവലിൽ ദേവരാമൻറെ കയ്യിലെ ആറാം വിരലിന് പ്രകാശം കൈവരുന്നതും അയാൾ അത്ഭുതസിദ്ധികൾക്ക് ഉടമയാകുന്നതും ആയ കഥയാണ് പറയുന്നത്."
ചുരുക്കത്തിൽ തങ്ങളുടെ മകനുമാത്രമല്ല കുടുംബത്തിന് ആകെ കൈവന്ന ഒരു പൊൻ വിരൽ ആയാണ് ആ ആറാം വിരലിനെ മാതാപിതാക്കൾ കണക്കാക്കിയത്. കുട്ടിയായിരുന്നപ്പോൾ തന്നെ തൻറെ ആറാം വിരലിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളും ഹൃതിക് കേട്ടുതുടങ്ങി.
"ഇങ്ങനെ ഒരു വിരൽ കൂടുതലാണെങ്കിൽ പട്ടാളത്തിലും പോലീസിലും ഒന്നും ചേരാൻ പറ്റില്ല."
"സാധാരണ ചെരുപ്പോ ഷൂസോ ഒന്നും ഇടാൻ പറ്റില്ല."
"ഇപ്പോൾ വളരെ എളുപ്പത്തിൽ ഈ വിരൽ നീക്കം ചെയ്യാവുന്നതേയുള്ളൂ."
തുടങ്ങിയ എതിരഭിപ്രായങ്ങളും
"നിൻറെ സിക്സ്ത് സെൻസ് ആ വിരലിലാണ്."
"ഇപ്പോഴാണ് നീ ഒരു ആറാം തമ്പുരാൻ ആയത്."
തുടങ്ങിയ നേരഭിപ്രായങ്ങളും
"നിൻറെ അച്ഛന് നിന്നോട് വലിയ സ്നേഹം ആയതുകൊണ്ടാണോ ഒരു വിരൽ കൂടുതൽ തന്നത്? സ്നേഹം ഇനിയും കൂടാത്തത് നന്നായി ."
എന്നിങ്ങനെയുള്ള കളിയാക്കലുകളും അക്കൂട്ടത്തിൽപ്പെടുന്നു.
അച്ഛൻ പറഞ്ഞതനുസരിച്ച് അത്തരം അഭിപ്രായങ്ങൾ ഒക്കെ അവഗണിക്കുകയാണ് ഹൃതിക്ചെയ്യാറുള്ളത്.
"ഓരോരുത്തർ ഓരോന്ന് പറയും. അതൊന്നും കേൾക്കാനോ കാര്യമായെടുക്കാനോ നീ നിൽക്കരുത്. നമ്മുടെ കാലും വിരലും നമ്മുടെ സ്വന്തമാണ് മറ്റുള്ളവർക്ക് അതിൽ വലിയ കാര്യമൊന്നുമില്ല. പിന്നെ നിവൃത്തിയില്ലെങ്കിൽ ഇതു മാത്രം പറയുക- വിരൽ കൂടുതലുള്ളതുകൊണ്ട് എൻറെ കാലിന് ശക്തി കൂടുതലാണ്."
അങ്ങനെ അധിക വിരലും ആയി ഹൃതിക്കും കുടുംബവും സസുഖം വാണു വരവേ ആ ദുരന്തം സംഭവിക്കുന്നു. രാജേന്ദ്രൻ്റെ അകാലത്തിലുള്ള മരണം. അത് ആ കുടുംബത്തിന് വലിയ ആഘാതം തന്നെ ആയിരുന്നുവെങ്കിലും അവർക്ക് സാവധാനം അതിനെ അതിജീവിക്കാൻ കഴിഞ്ഞു. ദീർഘവീക്ഷണം ഉള്ള രാജേന്ദ്രൻ കുടുംബത്തിൻറെ ഭാവിക്കായി നേരത്തെ തന്നെ പലതും കരുതിവെച്ചിരുന്നു. അതിനാൽ ഹൃതികും അമ്മയും അല്ലലില്ലാതെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോയി.
ഭർത്താവിൻറെ മരണം ഒഴികെ മറ്റെല്ലാം ആറാം വിരലിൻറ്റെ ഐശ്വര്യം ആണെന്നു അമ്മ അടിയുറച്ചു വിശ്വസിച്ചു. മകൻറെ കാലെടുത്തു മടിയിൽ വച്ച് ആ കുഞ്ഞുവിരലിൽ തടവി കൊണ്ടിരിക്കുക എന്നത് അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ശീലം ആയി മാറി കഴിഞ്ഞു. അമ്മ പഴയ കാര്യങ്ങൾ പലതും ഓർക്കുന്നതും ആശ്വസിക്കുന്നതും അതിലൂടെയാണ് എന്ന് ഹൃതികിന് തോന്നിയിട്ടുണ്ട്. ഇപ്പോൾ ഹൃതിക്കിനെ സംബന്ധിച്ചും അച്ഛൻ്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന തൻ്റെ ശരീര ഭാഗമാണ് ആറാം വിരൽ.
ഹൃതിക് കോളേജിൽ എത്തിയപ്പോഴാണ് ജീവിതത്തിൻറെ അടുത്ത അധ്യായം ആരംഭിക്കുന്നത്. അവിടെവച്ചാണ് അവൻ ഐശ്വര്യയെ കണ്ടുമുട്ടുന്നത്. ഐശ്വര്യാ റോയ് അല്ലെങ്കിലും അവൾക്ക് സൗന്ദര്യം ഒട്ടും കുറവല്ലായിരുന്നു. സൗന്ദര്യത്തിൻ്റെ കാര്യത്തിലും വിരലിൻ്റെ കാര്യത്തിലും ഹൃതികും പിന്നിലല്ലല്ലോ.
കോളേജ് കാമ്പസിലെ മരച്ചുവടുകളിൽ പ്രണയം പച്ച പിടിക്കുന്ന ഒരു സീസണിൽ അവർക്കിടയിലും പ്രേമം മൊട്ടിടുന്നു.
(എന്താ? അങ്ങനെയൊരു സീസൺ ഉണ്ടോന്നോ? പ്രേമം മൊട്ടയിടുന്ന സീസൺ പോലുമുണ്ടെന്നാ പുതിയ പിള്ളേർ പറയുന്നത്.)
വീണ്ടും രണ്ടു മഴക്കാലം കൂടി കഴിഞ്ഞപ്പോൾ ആ പ്രേമവല്ലരി വളർന്നു വലുതാവുകയും അവർക്ക് പിരിയാനാവാത്ത വിധം ചുറ്റിപ്പടരുകയും ചെയ്തു. കോളേജ് ജീവിതം കഴിയാറായപ്പോൾ ഐശ്വര്യ ,ഹൃതികിൻ്റ കാര്യം തൻറെ വീട്ടിൽ അവതരിപ്പിക്കുന്നു.
ഫാമിലി സ്റ്റാറ്റസ്, ഫിനാൻഷ്യൽ ബാക്ക് ഗ്രൗണ്ട് എന്നൊക്കെയുള്ള പതിവു പല്ലവി പറഞ്ഞ് ഐശ്വര്യയുടെ ഡാഡി ഈ ബന്ധത്തെ എതിർക്കുന്നു. എങ്കിലും മകളുടെ നിർബന്ധത്തിനു വഴങ്ങി ഹൃതിക്കിനെ വീട്ടിലേക്ക് ക്ഷണിക്കുന്നു.
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഡാഡിയുടെ കണ്ണുകൾ ഹൃതിക്കിൻ്റെ ആറാം വിരലിൽ ഉടക്കി. തള്ളിനിൽക്കുന്ന ആ വിരൽ ഒരു വൃത്തികേടാണ് അയാൾക്ക് തോന്നിയത്.
"ശാസ്ത്രം ഇത്രയും പുരോഗമിച്ച ഇക്കാലത്തും എന്തിനാ ഇത്തരം ശാരീരിക വൈകല്യങ്ങൾ കൊണ്ടുനടക്കുന്നത് ?
സർജറിയിലൂടെ അത് മാറ്റാ വുന്നതേയുള്ളൂ."
തൻറെ കുഞ്ഞു വിരലിനെ കുറ്റം പറയുന്നവരോട് ഹൃതിക്കിന് ഇപ്പോൾ പെട്ടെന്ന് അരിശം വരാറുണ്ട്. അത് അച്ഛൻറെ മരണശേഷം തുടങ്ങിയ ഒരു സ്വഭാവ വിശേഷമാണ്. അതിനാൽ ഹൃതികിൻ്റെ മുപടി പരുഷമായിരുന്നു:
"ഇത് ശാരീരിക വൈകല്യമൊന്നുമല്ല. കാണുന്നവരുടെ മാനസിക വൈകല്യമാണ്. "
ഹൃതിക് പോയി കഴിഞ്ഞപ്പോൾ ഡാഡി മകളോട് തൻ്റെ അനിഷ്ടം പ്രകടമാക്കി:
"ഫാമിലി സ്റ്റാറ്റസ് പോട്ടെന്നു വയ്ക്കാം.പക്ഷേ അവൻറ്റെ പെരുമാറ്റവും എനിക്ക് അത്ര പിടിക്കുന്നില്ല. പിന്നെ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ അവനോടു ആ വൃത്തികെട്ട വിരൽ നീക്കം ചെയ്തിട്ട് വരാൻ പറ. എന്നിട്ട് ആലോചിക്കാം ."
അത് ഹൃതിക് സമ്മതിക്കില്ലെന്ന് അറിയാവുന്ന ഐശ്വര്യ ഇത്രയും പറഞ്ഞു.
"എനിക്ക് അതത്ര വൃത്തികേടായി തോന്നുന്നില്ല."
"അത് നിനക്ക് പ്രേമം തലയ്ക്ക് പിടിച്ചതുകൊണ്ടു തോന്നുന്നതാ. മറ്റുള്ളവർക്ക് അത് അഭംഗി തന്നെ."
"ഞാൻ പറഞ്ഞു നോക്കാം. ങാ - ഡാഡിക്ക് ഇൻജെക്ഷൻ്റെ സമയമയല്ലോ."
"നിനക്കുവേണ്ടി ഈയൊരു ചെറിയ കാര്യം ചെയ്യാൻ സന്മനസ്സു കാണിക്കാത്തവനാണെങ്കി അവന്നിന്നോട് സ്നേഹമുണ്ടെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും ?"
ഐശ്വര്യ അതിനു മറുപടി പറയാതെ ഡാഡിക്ക് ഇൻസുലിൻ ഇൻജക്ഷൻ നൽകി . കടുത്ത പ്രമേഹ രോഗിയായ ഡാഡിക്ക് മകളാണ് ദിവസവും ഇഞ്ചക്ഷൻ നൽകുന്നത്. ( ഇതറിയാവുന്ന കൂട്ടുകാരികൾ പറയുന്നത് - ഡാഡിക്കും പഞ്ചാര.. മോൾക്കും പഞ്ചാര - എന്നാണ് )
തൻറെ ആറാം വിരലുമായി ഹൃതികിനുള്ള ആത്മബന്ധം അറിയാവുന്ന ഐശ്വര്യ തൻറെ അച്ഛൻറെ അഭിപ്രായം അവനോട് പറഞ്ഞില്ല. പക്ഷേ പിന്നീടൊരിക്കൽ -നിൻ്റെ ഡാഡി എന്തു പറഞ്ഞു?- എന്നവൻ ചോദിച്ചപ്പോൾ - ആ വിരൽ മാറ്റണമെന്നാണ് ഡാഡി പറയുന്നത് - എന്ന് അവൾ അലസമായി മുപടി പറഞ്ഞു.
അതുകേട്ട് അവളോട് യാത്ര പോലും പറയാതെ അവൻ തിരിഞ്ഞു നടക്കുകയാണുണ്ടായത്. അടുത്ത ദിവസങ്ങളിൽ ഐശ്വര്യ അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അവൻറെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
അതിനിടയിൽ ഐശ്വര്യയുടെ ഡാഡിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. കാലിലെ ഒരു മുറിവ് ഉള്ളിലേക്ക് പടർന്നതാണ്.
അന്ന് അവൾ ഹൃതികിനെ വിളിച്ചപ്പോൾ ഭാഗ്യത്തിന് അവനെ കിട്ടി.
"എടാ നീ എന്താ എന്നോട് പിണങ്ങി നടക്കുകയാണോ? എനിക്ക് നിന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. എൻറെ ഡാഡി പറഞ്ഞ അഭിപ്രായം നിന്നോട് പറഞ്ഞെന്നേയുള്ളൂ. പിന്നെ ഞാൻ ഇപ്പൊ വിളിച്ചത് - ഡാഡിയെ ജൂബിലി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കാലിൽ ഉണ്ടായിരുന്ന മുറിവ് പ്രശ്നമായി. കാല് മുറിക്കേണ്ടി വരും എന്നാണ് ഡോക്ടർ പറയുന്നത്. ഈ വിവരം അച്ഛനെ ഇതുവരെ അറിയിച്ചില്ല."
"ഞാൻ ആശുപത്രിയിലേക്ക് വരാം."
ഹൃതിക് ആശുപത്രിയിലെത്തിയപ്പോൾ ഐശ്വര്യ മുറിയിലുണ്ടായിരുന്നു.
കട്ടിലിൽ ചാരി ഇരിക്കുന്ന ഡാഡിയോട് അവൻ രോഗവിവരം ആരാഞ്ഞു.
"ടെസ്റ്റുകൾ നടക്കുന്നതേയുള്ളൂ, ഡോക്ടർ ഒന്നും പറഞ്ഞില്ല " എന്ന് മറുപടി നൽകിയ ശേഷം ഡാഡി
തുടർന്നു:
"ഇവളുടെ കാര്യത്തിൽ വൈകാതെ ഒരു തീരുമാനം എടുക്കണം എന്നുണ്ട്. നിൻറ്റെ വിരലിൻറ്റെ കാര്യത്തിൽ എന്ത് തീരുമാനിച്ചു ?
"ആദ്യം ഡാഡിയുടെ കാലിൻറെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ.അതല്ലേ ഇപ്പോൾ പ്രധാനം?"
മറ്റൊന്നും പറഞ്ഞു പോകാതിരിക്കാനായി ഹൃതിക് പുറത്തിറങ്ങി.
"ഡാഡിയെന്തിനാ ഇവിടെ വച്ച് അങ്ങനെ ചോദിച്ചത്?"
ഐശ്വര്യ തൻ്റെ നീരസം മറച്ചു വച്ചില്ല.
"ഇവിടെ വച്ചെന്താ കുഴപ്പം? ദ്രോണാചാര്യരെ പോലെ ഞാൻ പെരുവിരൽ ഒന്നും ചോദിച്ചില്ലല്ലോ. അധികപ്പറ്റായി നിൽക്കുന്ന ഒരു കുഞ്ഞു വിരലിൻറ്റെ കാര്യമല്ലേ പറഞ്ഞത് .അതിനിത്ര ദേഷ്യം വരാൻ എന്തിരിക്കുന്നു ?"
എന്നു പുലമ്പിക്കൊണ്ട് ഡാഡി കണ്ണുകളടച്ചു കിടന്നു.
ഐശ്വര്യ പുറത്തിറങ്ങിയപ്പോൾ കാണുന്നത് സന്ദർശക ബെഞ്ചിൽ തലകുനിച്ചിരിക്കുന്ന ഹൃതികിനെയാണ്... അവൻ്റെ കണ്ണുകൾ ആ കുഞ്ഞുവിരലിൽ തന്നെ. ..ആ വിരൽ ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ പുഞ്ചിരിക്കുന്നതായി അവനു തോന്നി.