(Sathy P)
ഇരുപതിലേറെ വർഷങ്ങളായി താൻ കെട്ടിയാടിയ വേഷമഴിച്ചു വച്ചു പടിയിറങ്ങുമ്പോൾ മിഴികളിലൂറിയ നീർക്കണം ഉരുണ്ടുവീഴാതെ അവിടെത്തന്നെ പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു അവൾ. യൗവനം പീലിവിടർത്തിയാടുന്ന ഇരുപതിന്റെ നിറവിൽ ഒത്തിരി സ്വപ്നങ്ങളുമായി അന്ന് അച്ചുവേട്ടന്റെ കൈപിടിച്ചു വലതുകാൽ വച്ചു കയറിയ പടികൾ.
വിറയ്ക്കുന്ന കാലടികളോടെ ചുണ്ടുകളെ വിതുമ്പാൻ സമ്മതിക്കാതെ കടിച്ചു പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ, പണ്ടു കണ്വാശ്രമത്തിൽ നിന്നു വിടപറഞ്ഞു പോകുമ്പോൾ ശകുന്തളയുടെ ചേലത്തുമ്പിൽ പിടിച്ചു തടഞ്ഞുവെന്നു കവി സങ്കല്പിച്ച മാൻകിടാവിനു പകരം, ജനിച്ചിട്ട് അധികമാവാത്ത ഒരു പൈക്കിടാവു വന്ന് തന്നെ ഉരുമ്മി നിന്നു. അരികിൽ നിന്ന മുല്ലവള്ളി കരങ്ങൾ നീട്ടി തന്നെ പുണരാൻ ശ്രമിച്ചു, വനജ്യോത്സ്നയെന്നപോൽ. പടിക്കെട്ടിനു താഴെ വഴിക്ക് ഇരുവശവും താൻ നട്ടുവളർത്തിയ ചെടികൾ പൂവിട്ടു നിൽക്കുന്നു. അവയ്ക്കെന്തേ സങ്കടമാണോ? ഒരിലപോലും അനങ്ങാത്തതു പോലെ.
മുന്നോട്ടു തന്നെ നടന്നു. അടയാളം കാണിച്ചു ദുഷ്യന്തനെ എല്ലാം ഓർമിപ്പിക്കാനല്ല തന്റെയീ പോക്ക്, എല്ലാം മറക്കാനുള്ള ഒരുപ്പോക്കാണ്. ആർക്കും വേണ്ടാത്തവളുടെ അജ്ഞാതവാസത്തിനുള്ള യാത്ര.
തിരിഞ്ഞു നോക്കാതെ വേഗത്തിൽ കാലുകളെടുത്തു വയ്ക്കുമ്പോൾ പ്രിയപ്പെട്ടതു പലതും തന്നെ തിരികെവിളിക്കും പോലെ തോന്നി. മോഹിച്ചു താൻ നട്ടുവളർത്തിയ കണിക്കൊന്ന നിറയെ പൂക്കളുമായി പട്ടുടുത്ത് ഒരുങ്ങി നിൽക്കുന്നു, കണിയൊരുക്കാൻ എന്നെയെന്തേ എടുക്കാത്തൂ എന്നു ചോദിക്കും പോലെ.
തൊടിയിൽ നിന്നു വീശിയൊരിളം കാറ്റ് തന്നെ തലോടി ആശ്വസിപ്പിക്കും പോലെ തോന്നി. എന്നും താൻ ഭക്ഷണം കൊടുക്കാറുള്ള പൂച്ച ഗേറ്റിനുമുന്നിൽ എന്തോ തിരയും പോലെ തന്നെ നോക്കി നിൽക്കുന്നു. ഫോണും അത്യാവശ്യം പണമടങ്ങിയ ചെറിയ ഹാൻഡ് ബാഗും തനിക്കൊട്ടും ഉപേക്ഷിക്കാൻ പറ്റാത്ത കുറച്ചു വസ്ത്രങ്ങളും മാത്രമേ എടുത്തിട്ടുള്ളൂ.
റോഡിൽ അധികം തിരക്കില്ല. നന്നായി, ആർക്കും മുഖം കൊടുക്കേണ്ടതില്ലല്ലോ. നെടുതായൊന്നു നിശ്വസിച്ചുകൊണ്ടു മുന്നോട്ടു നടക്കുമ്പോൾ എവിടേക്കാണീ യാത്രയെന്ന് മനസ്സു തിരഞ്ഞുകൊണ്ടിരുന്നു. നിറഞ്ഞ കണ്ണുകളിൽ നിന്നും ഒരു നീർതുള്ളി ഒലിച്ചിറങ്ങി കവിളിനെ തലോടി താഴെ വീണുടഞ്ഞു പോയി.
രാവിലെ മുതൽ എന്തൊക്കെ നാടകങ്ങളാണ് ഇവിടെ നടന്നത്. ഓർക്കുമ്പോൾ വല്ലാത്ത നടുക്കം തോന്നുന്നു.
നാലു മാസം മുൻപു ചേട്ടൻ ജോലിയിൽ നിന്നു വിരമിച്ചു നാട്ടിലെത്തും വരെ തന്റെ ജീവിതം അധികം അലകളും ചുഴികളുമില്ലാത്ത ഒരു കൊച്ചു പുഴയായിരുന്നു. ഇപ്പോൾ അതു കലങ്ങിമറിഞ്ഞു മാർഗ്ഗമറിയാതെ എങ്ങോട്ടോ ഒഴുകുകയാണ്.
രാവിലെ പതിവു പോലെ നാലു മണിക്കെഴുനേറ്റു. എന്നത്തേയും പോലെ ഒരു കടും കാപ്പിയിട്ടു കുടിക്കാൻ തുടങ്ങുമ്പോഴാണ് ചേട്ടൻ അങ്ങോട്ടു വന്നത്.
എന്തെന്നു ചോദിച്ചതിനു നല്ല തലവേദന എന്നു പറഞ്ഞു. കാപ്പി വേണ്ട വിക്സ് ഉണ്ടോ എന്നു ചോദിച്ചപ്പോൾ അതെടുക്കാൻ മുറിയിൽ കയറിയ തനിക്കൊപ്പം ചേട്ടനും മുറിയിൽ കയറി, പിന്നെ കതകടച്ചു കുറ്റിയിട്ടു. അയാളുടെ മുഖഭാവം കണ്ടു രംഗം പന്തിയല്ലെന്നു തോന്നി വാതിൽ തുറന്നു പുറത്തിറങ്ങാൻ നോക്കിയ തന്നെ അയാൾ കടന്നു പിടിച്ചു. ഒച്ചവെക്കാൻ നോക്കിയ തന്റെ വായും അടച്ചു പിടിച്ചു. അപ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്.
മൂത്തവൾ ആർച്ച കുഞ്ഞിനു കൊടുക്കാൻ പാലിനു വേണ്ടി തന്നെ വിളിക്കാൻ വന്നതാണ്. അവളുടെ മുന്നിൽ അയാൾ നല്ല പുള്ളിയായി. താൻ വിളിച്ചു കയറ്റിയതാണത്രേ. പത്തു വർഷമായി ആൺതുണയില്ലാത്ത കുറവു തീർക്കാൻ. എത്രയായാലും അയാൾ അവരുടെ അച്ഛനല്ലേ, അവരതല്ലേ വിശ്വസിക്കൂ. തന്റെ വാക്കുകൾ കേൾക്കാൻ പോലും ആരും കൂട്ടാക്കിയില്ല. തന്റെ നെഞ്ചിലിട്ടു വളർത്തിയവരാണ്, ഇന്നവരുടെ കണ്ണിൽ താൻ മോശക്കാരിയായി.
അച്ഛനമ്മമാരുടെ സ്നേഹത്തണലിൽ സന്തോഷത്തോടെ കഴിഞ്ഞ കാലം അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു. സ്കൂളും കോളേജും കൂട്ടുകാരുമൊക്കെയായി പാറിപ്പറന്ന് ഒരു തുമ്പിയെപ്പോലെ ജീവിതം അല്ലലില്ലാതെ മുന്നോട്ടു പോകുമ്പോഴാണു വിവാഹമെന്ന പൊൻവലയുമായി ദല്ലാൾ വാസുവേട്ടന്റെ വരവ്. ആ വലയിൽ അച്ഛൻ കുടുങ്ങിപ്പോയി.
വിവാഹിതരായ കൂട്ടുകാരുടെ സംഭാഷണങ്ങളിൽ നിന്നും വിവാഹജീവിതമെന്നത് ഒരു പനിനീർ പൂന്തോട്ടമാണെന്നു താനും ധരിച്ചു വച്ചിരുന്നതിനാൽ അതിലൊരു വർണ്ണശലഭമായി പറന്നു നടക്കാനുള്ള മോഹം തനിക്കുമുണ്ടായി.
നല്ല പയ്യൻ, നല്ല ശമ്പളമുള്ള പ്രൈവറ്റ് ജോലിയുമുണ്ട്, മുത്തശ്ശിയും പയ്യന്റെ ചേട്ടന്റെ മൂന്നു കുട്ടികളും പയ്യനുമാണ് വീട്ടിലുള്ളത്. ചേട്ടൻ ഗുജറാത്തിലാണ്, ഭാര്യ മൂന്നാമത്തെ പ്രസവത്തോടെ മരിച്ചു. നല്ല കുടുംബം സാമ്പത്തികവും മോശമല്ല. ജോലിക്കു പോയില്ലെങ്കിലും ജീവിക്കാനുള്ള വകയുണ്ട്. ഒരച്ഛനു മകളേ പിടിച്ചേല്പിക്കാൻ ഇതൊക്കെ അന്നു ധാരാളം.
അങ്ങനെയാണ് അമൃതയെന്ന താൻ അച്ചുവേട്ടന്റെ അമ്മുവായി കൂടെക്കൂടിയത്. അച്ചുവേട്ടന്റെ പ്രണയസാഗരത്തിന്റെ അലകളിൽ മുങ്ങിപ്പൊങ്ങിയ മധുവിധു നാളുകൾ... ജീവിതം ഇത്രയും സുന്ദരമാണെന്നു താനറിയുകയായിരിന്നു.
രണ്ടും അഞ്ചും ഏഴും വയസ്സുള്ള മൂന്നോമനക്കുഞ്ഞുങ്ങൾ. അവരുടെ കളിചിരികൾ വീട്ടിൽ ഓളങ്ങളുയർത്തി.
പത്തു ദിവസത്തെ ലീവ് കഴിഞ്ഞു അച്ചുവേട്ടൻ ജോലിക്കു പോയിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. അതിനും രണ്ടു ദിവസം മുൻപേ കുട്ടികളെ നോക്കിക്കൊണ്ടിരുന്ന ഇന്ദിരേട്ടത്തി യാത്ര പറഞ്ഞു പോയിരുന്നു. വിവാഹത്തിരക്കു പ്രമാണിച്ചു വന്നു നിന്ന ബന്ധുക്കളിൽ ഒരാൾമാത്രമായിരുന്നു അവർ. ഏട്ടൻ വിവാഹപ്പിറ്റേന്നു തന്നെ തിരിച്ചു പോയി. ഇളയകുഞ്ഞിന്റെ പ്രസവസമയത്ത് ഏട്ടത്തി മരിച്ചുപോയതുകൊണ്ട് ഏട്ടൻ ആ കുഞ്ഞിനെ ഇതുവരെയൊന്ന് എടുത്തിട്ടുപോലുമില്ലത്രേ.
മുത്തശ്ശിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു താനായിരുന്നു പിന്നെ കുടുംബത്തിന്റെ നടത്തിപ്പ്. പേറ്റു നോവറിയാതെ ആ മൂന്നു കുഞ്ഞുമക്കൾക്കു താൻ അമ്മയായി. വിശ്രമമെന്നതറിയാത്ത ദിവസങ്ങളായിരുന്നു തന്നെ കാത്തിരുന്നത്. മുത്തശ്ശിയെയും കുട്ടികളെയും വിട്ടു പുറത്തൊക്കെയൊന്നു പോകാൻ പോലും പറ്റാത്ത ദിനങ്ങൾ തന്നിൽ മടുപ്പുളവാക്കിയെങ്കിലും അച്ചുവേട്ടന്റെ സ്നേഹത്തിനു മുൻപിൽ താനതെല്ലാം മറക്കാൻ ശ്രമിച്ചു.
കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടൊ തന്റെ നിർഭാഗ്യം കൊണ്ടൊ ഒരു കുഞ്ഞിനെ ദൈവം തനിക്കു തന്നതുമില്ല. അച്ചുവേട്ടന്റെ പ്രണയവും മുത്തശ്ശിയുടെ കരുതലും കുട്ടികളുടെ കൊഞ്ചലുമൊക്കെയായി പരാതികളില്ലാതെ ജീവിതം മുന്നോട്ടു പോയി.
രണ്ടുവയസ്സുകാരൻ കുഞ്ഞുണ്ണിക്കു താനായിരുന്നു പിന്നെ അമ്മ. മുത്തശ്ശിയുടെ ശുഷ്കിച്ച മാറിൽ നിന്നും അടർന്ന് അവൻ തന്റെ മാർച്ചൂടിൽ ഒതുങ്ങാൻ തുടങ്ങി. ചുണ്ടുകൾക്കിടയിൽ വിരൽ തിരുകി തന്റെ മാറിൽ ഒട്ടിക്കിടക്കുന്ന അവന്റെ നിഷ്ക്കളങ്ക മുഖം കാണുമ്പോൾ തന്നിലെ അമ്മയുണരും.
തന്നെയവൻ 'അമ്മ' യെന്നു തന്നെ വിളിച്ചു. എല്ലാ മാതൃ വാത്സല്യങ്ങളും അവനു നൽകി താൻ നിർവൃതിയടഞ്ഞു. അച്ചുവേട്ടൻ പലപ്പോഴും പരാതിപ്പെട്ടു.
അവന്റെ വളർച്ചയുടെ ഘട്ടങ്ങൾ ഓരോന്നിലും താനനുഭവിച്ച സന്തോഷങ്ങൾ അനിർവ്വചനീയവും വിസ്മരിക്കാനാവാത്തതുമാണ്. അവന്റെ വളർച്ചക്കൊപ്പം തന്റെ അമ്മയാവാനുള്ള സ്വപ്നങ്ങളും കരിഞ്ഞു.
അന്നൊരു കർക്കടക വാവിന് അച്ഛനുമമ്മക്കും ബലിയിടാൻ പോയ അച്ചുവേട്ടന്റെ ആത്മാവും അവർക്കൊപ്പം പാപനാശിനിയിൽ മോക്ഷം തേടി. തിരികെ വന്നതു വെള്ളത്തുണിയിൽ പൊതിഞ്ഞ പുറംതോടു മാത്രം.
ഏഴു വർഷത്തെ ദാമ്പത്യവല്ലരിയിൽ പൂക്കളൊന്നും വിരിഞ്ഞില്ലെങ്കിലും ഓർമ്മിക്കാൻ നല്ലതുമാത്രം തന്നു പോയ അച്ചുവേട്ടനെ ഓർക്കാൻ പോലും തനിക്കു പിന്നെ നേരം തികഞ്ഞിട്ടില്ല. 'തന്നെ മാത്രം എന്തേ യമധർമ്മനും വേണ്ടാതായോ?' എന്നു വിലപിച്ചു കണ്ണീരൊഴുക്കുന്ന മുത്തശ്ശിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വന്നു. കുട്ടികളുടെ വളർച്ച, പഠനം, കുടുംബ ഭാരം എന്നിവയ്ക്കൊപ്പം അതിനൊക്കെ വേണ്ടുന്ന പണവും താൻ കണ്ടെത്തേണ്ടുന്ന അവസ്ഥ.
തളരാനോ പിന്തിരിഞ്ഞു നോക്കാനൊ തനിക്കു സമയമുണ്ടായിരുന്നില്ല.
ട്യൂഷനെടുത്തും ആടിനെയും പശുവിനെയും വളർത്തിയും പച്ചക്കറി കൃഷി ചെയ്തുമൊക്കെ വരുമാനം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു. സ്വന്തം കുഞ്ഞുങ്ങളുടെ ഒരു കാര്യത്തിനും പണം തരികയോ അവരെക്കുറിച്ച് അന്വേഷിക്കയോ ചെയ്തില്ല അവരുടെ അച്ഛനെന്ന മഹാൻ. അയാൾക്കവിടെ വേറൊരു കുടുംബമുണ്ടെന്ന് ആരൊക്കെയോ മുത്തശ്ശിയെ അറിയിച്ചു. കണ്ണീർ വാർക്കാനല്ലാതെ ആ പാവം വൃദ്ധക്ക് ഒന്നിനും കഴിയുമായിരുന്നില്ല. അധികം വൈകാതെ മുത്തശ്ശിയുടെ പരാതി യമധർമ്മൻ തീർത്തു കൊടുത്തു. അങ്ങനെ താനും തന്റെ പറക്കമുറ്റാത്ത കുട്ടികളും ബാക്കിയായി.
മൂന്നു പേരെയും പഠിപ്പിച്ചു. പഠിക്കാൻ മിടുക്കിയായ ആമിക്ക് ബി ടെക് കഴിഞ്ഞപ്പോൾ കാമ്പസ് സെലെക്ഷൻ വഴി ജോലി കിട്ടി. ഒപ്പം തന്നെ മൂത്തവൾ ആർച്ചക്കു പി എസ് സി നിയമനവും കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചു. കുഞ്ഞുണ്ണിയുടെ പഠനം അവർ നോക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അവർക്ക് അവരുടെ ഓരോ ചില്ലിക്കാശിനും കണക്കുണ്ടായിരുന്നു. ചിലവിനുള്ള കാശു തന്നെ തരാൻ അവർക്കു വല്ലാത്ത ബുദ്ധിമുട്ടു പോലെ. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുഞ്ഞുണ്ണിക്കു മെറിറ്റിൽ തന്നെ സീറ്റ് കിട്ടി. ആർച്ചയും ആമിയും അവർക്കിണങ്ങിയകൂട്ടുകാരെ കണ്ടെത്തി ജീവിത പങ്കാളികളാക്കി.
മെഡിസിൻ അവസാനവർഷം പഠിക്കുന്ന കുഞ്ഞുണ്ണി ജയിക്കാതെ ഇയർ ബാക്കായി പോലും. അവന്റെ ഒരു കൂട്ടുകാരനിൽ നീന്നറിഞ്ഞപ്പോൾ സഹിച്ചില്ല. മനസ്സുരുകി എന്തൊക്കെയോ പറഞ്ഞു പോയി. അതിനു മറുപടി തന്റെ മുഖത്തു നോക്കി അവൻ ചോദിച്ചു:
"എന്നെ ഉപദേശിക്കാൻ നിങ്ങൾക്കെന്താണവകാശം? നിങ്ങളെന്റെ ആരുമല്ലല്ലോ..." എന്ന്.
സന്തോഷമായി, തന്റെ ജീവിതം സഫലമായി. ഇന്നത്തെ സംഭവം കൂടിയായപ്പോൾ ഇനിയിവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി പടിയിറങ്ങുകയാണ്.
ഇനിയൊരു തിരിച്ചു വരവില്ല.
മക്കളിൽ ഒരാളെങ്കിലും തിരിച്ചുവിളിക്കുമെന്നു പ്രതീക്ഷിച്ചു, അതുണ്ടായില്ല. നടവഴിയും പിന്നിട്ടു നടന്നു, നീണ്ടു നിവർന്നുകിടക്കുന്ന ജീവിത വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ...