

അല്ലുവിന്റെ ആത്മമിത്രം തൊമ്മി എന്ന് അവർ വിളിക്കുന്ന തോമസ് മാത്യു അതിശയം കൂറി. അത്ര വിശാലമായ മണിമാളികയായിരുന്നു അത്.
പപ്പയ്ക്ക് അവനെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ പഠിപ്പിക്കാനായിരുന്നു ഇഷ്ടം. എന്നാൽ പപ്പാ വിദേശത്തായതുകൊണ്ട് ഒറ്റമോനായ അല്ലുവിനെ ദൂരെ വിട്ടു പഠിപ്പിക്കാൻ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട് വീടിന്റെ തൊട്ടടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സാധാരണക്കാരായകുട്ടികൾക്കൊപ്പമാണ് അല്ലുവും പഠിക്കുന്നത്.
മൂന്നു നിലകളുള്ള ആ കൂറ്റൻ മാളികയുടെ ഓരോ മുറികളും അല്ലുവിന്റെ കൂട്ടുകാർക്ക് വിസ്മയക്കാഴ്ചകളായിരുന്നു.
മുറ്റത്തെ പൂന്തോപ്പും അവിടെ ഒരുക്കിയിരുന്ന ഫൗണ്ടനുകളും,
സ്വിമ്മിംഗ് പൂളും, വർണ്ണ വെളിച്ചം വിതറുന്ന വിവിധ അലങ്കാര ബൾബുകളും..,അവരെ ഒരു അദ്‌ഭുതലോകത്തെത്തിച്ചു."ഒരുസ്വപ്നവീടുതന്നെ...!"അദ്ധ്യാപകർ തമ്മിൽ പറഞ്ഞു.
തൊമ്മിയുടെ കൈപിടിച്ച് എല്ലാം കാട്ടിക്കൊടുക്കുമ്പോൾ അല്ലുവിന് അഭിമാനമായിരുന്നു.
"ഇതെന്റെ പപ്പയുടെ ഒൻപതാമത്തെ വീടാ."അവൻ തൊമ്മിയോട് പറഞ്ഞു.
തൊമ്മി വെറുതെ ചിരിച്ചതേയുള്ളു.
അലക്കിത്തേച്ച വെളുത്ത യൂണിഫോം ഷർട്ടും പാന്റ്സും തന്നെയായിരുന്നു തൊമ്മിയുടെ വേഷം!എപ്പോഴും ചിരിച്ച മുഖവുമായിനടക്കുന്ന കൊച്ചു തൊമ്മി പഠിക്കാനും മിടുക്കനാണ്.
"നീയെന്താ യൂണിഫോം തന്നെ ഇട്ടോണ്ട് വന്നത്?"
എന്ന കൂട്ടുകാരുടെ ചോദ്യത്തിന് തൊമ്മി വെറുതെ ചിരിച്ചതേയുള്ളു.
പിറ്റേന്ന് കുട്ടികളുടെ ഇടയിൽ അല്ലുവിന്റെ പുതിയ വീടിനെക്കുറിച്ചായിരുന്നു ചർച്ച.
അന്ന് അല്ലുവും, തൊമ്മിയും ക്ലാസ്സിൽ വന്നില്ല.
പിറ്റേന്ന് അല്ലു വന്നു.
എന്നാൽ മൂന്നു ദിവസം കഴിഞ്ഞിട്ടും തൊമ്മി ക്ലാസ്സിൽ വന്നില്ല.
"തോമസ് മാത്യുവിന് എന്തുപറ്റി? "
ക്ലാസ്സ് ടീച്ചർ മിനി ചോദിച്ചു.
ആർക്കും ഒന്നും അറിയില്ലായിരിന്നു.
ഒടുവിൽ അവന്റെ വീടറിയുന്ന ആറാം ക്ലാസ്സിലെ രോഹിത്തിനെയും കൂട്ടി മിനി ടീച്ചർ അവന്റെ വീട്ടിൽ പോകാനിറങ്ങി. "എന്നെയും കൊണ്ടുപോകുമോ ടീച്ചർ?"
അല്ലു ചോദിച്ചു.. അവനെയും ക്ലാസ്സ് ലീഡർ രാഹുലിനെയും ടീച്ചർ ഒപ്പം കൂട്ടി.മിനി ടീച്ചറിന്റെ കാറിലാണ് പോയത്.
അവന്റെ വീട്ടിലേക്ക് കാർ കയറില്ലായിരുന്നു.ഇടവഴിയിലൂടെ നടന്ന് അവർ തൊമ്മിയുടെ വീട്ടിലെത്തി.
വീടുകണ്ടപ്പോൾ എല്ലാവരും നടുങ്ങിപ്പോയി.
ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ഒരു കുഞ്ഞു വീട്.
രണ്ട് ചെറിയ മുറികളും അടുക്കളയും.
മഴക്കാലമായതുകൊണ്ട്
പലയിടത്തും പൊട്ടിയ മേൽക്കൂര ചോർന്നൊലിക്കുന്നു.
മഴനനഞ്ഞു കുതിർന്ന വരാന്തയും മുറികളും.
"തോമസ് മാത്യുവിന്റെ
വീടല്ലേ..? "
"ഇവിടെയാരുമില്ലേ?"
മിനി ടീച്ചർ വിളിച്ചു ചോദിച്ചു.
ഉത്തരം കിട്ടിയില്ല.
അപ്പോൾ കയ്യിൽ ഒരു തൂക്കുപാത്രവും പിടിച്ചു അവന്റെ അമ്മ ഇടവഴിയിലൂടെ വീട്ടിലേയക്ക് ഓടിവന്നു.
"നിങ്ങൾ ഇങ്ങോട്ട് കയറുന്നത് ഞാൻ കണ്ടു."
"കയറിയിരിക്കു ടീച്ചറെ."
"വരൂ മക്കളെ..."അവർ പറഞ്ഞു.
"എവിടെ തോമസ് മാത്യു?"ടീച്ചർ ചോദിച്ചു."അവൻ മൂന്നു ദിവസമായി പനിച്ചുകിടക്കുകയാ ടീച്ചർ."
"എനിക്ക് അടുത്ത വീട്ടിൽ അടുക്കളപ്പണിയുണ്ട്.അവിടുന്ന് കുറച്ചു ചൂടുകഞ്ഞിയുമെടുത്തു വരുമ്പോഴാണ് വഴിയിൽ കാറു കണ്ടത്."അവർ പറഞ്ഞു.
അകത്തെ മുറിയിൽ തൊമ്മി നല്ല ഉറക്കമായിരുന്നു.അമ്മ അവനെ വിളിച്ചെഴുന്നേൽപ്പിച്ചു.
കണ്ണുതുറന്നു നോക്കിയ അവൻ ടീച്ചറേയും കൂട്ടുകാരേയും കണ്ട് പിടഞ്ഞെഴുന്നേറ്റു.
അല്ലു അവന്റെ അടുത്തിരുന്നപ്പോൾ അവൻ എന്തിനോ മുഖം പൊത്തിക്കരഞ്ഞു.
"നിങ്ങൾ തോമസിന്റെ അപ്പൻ മരിച്ചതിൽ പിന്നെ അമ്മയുടെ വീട്ടിലാണ് താമസം എന്നാണല്ലോ അവൻ പറഞ്ഞിരുന്നത്.."
മിനി ടീച്ചർ ചോദിച്ചു.
"ആയിരുന്നു..ടീച്ചർ, അവിടെ ഞങ്ങൾ അധികപ്പറ്റാണെന്ന് തോന്നിയപ്പോൾ ഇങ്ങോട്ട് പൊന്നു."
"ഇവിടെ ഇവന്റെ അപ്പനുണ്ടാക്കിയ ഈ ചെറിയ വീട്ടിലാ ഞങ്ങൾ താമസിച്ചിരുന്നത്."
"ഇവിടെ ഒരു നല്ല വീട് പണിയണമെന്നത് ഇവന്റെ അപ്പന്റെ സ്വപ്നമായിരുന്നു."
"ഒന്നും നടന്നില്ല. "
"ഞങ്ങളെ തനിച്ചാക്കി പോയില്ലേ..?"
അവർ കരഞ്ഞു.
അല്ലു എല്ലാം മനസ്സിലാക്കി.
തനിക്ക് ഒൻപതു വീടുള്ളപ്പോൾ തന്റെ പാവം തൊമ്മിക്ക് ഒരു ചെറിയ കൂര മാത്രം.
അവന്റെ മനസ്സ് മുഴുവൻ ആ ചിന്തയായിരുന്നു.
എത്ര നല്ല രീതിയിലാണ് അവൻ പെരുമാറിയിരുന്നത്!
എത്ര വൃത്തിയുള്ള യൂണിഫോം ധരിച്ചാണ് അവൻ ക്ലാസ്സിൽ വരാറുള്ളത് !ചോർന്നൊലിക്കുന്ന ഈ കുഞ്ഞു വീട്ടിലിരുന്ന് പഠിച്ചാണ് അവൻ ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്നത്.അല്ലുവിന് കരച്ചിൽ വന്നു.
വിങ്ങുന്ന മനസ്സുമായിട്ടാണ് അവർ മടങ്ങിയത്.അന്ന് രാത്രി അത്താഴത്തിനിരുന്നപ്പോൾ അല്ലു പപ്പയോടു ചോദിച്ചു,
"പപ്പാ ഞാൻ പപ്പയുടെ ഒറ്റ മോനല്ലേ..?"
പപ്പാ അവനെ സൂക്ഷിച്ചു നോക്കി.
"എന്താ ഇപ്പം ഇങ്ങനൊരു സംശയം?"
"പപ്പാ...നാളെ അവധിയല്ലേ... എന്നെ ഒരിടത്തു കൊണ്ടുപോകുമോ?"
"അമ്മേം പോന്നോട്ടെ."അവൻ പറഞ്ഞു."പിന്നെന്താ കുട്ടാ...!
പോകാല്ലോ ആട്ടെ എങ്ങോട്ടാ...?"
പപ്പാ ചോദിച്ചു.
"എന്റെ കൂട്ടുകാരൻ സുഖമില്ലാതെ കിടക്കുവാ...,അവനെ കാണണം."അല്ലു പറഞ്ഞു.
രാവിലെ തന്നെ മൂന്നു പേരും പുറപ്പെട്ടു.പോകുന്ന വഴി, പ്രിയ സഹപാഠി തൊമ്മിയുടെ കാര്യങ്ങൾ അല്ലു പപ്പയോടും അമ്മയോടും പറഞ്ഞു.
അല്ലു പറഞ്ഞു കൊടുത്ത വഴിയിലൂടെ കാറോടിച്ചു.
അവൻ പറഞ്ഞ സ്ഥലത്ത് കാറു നിർത്തി.
ഇടവഴിയിൽക്കൂടി തൊമ്മിയുടെ വീട്ടിലേക്ക് അവരെ വഴികാണിച്ചു കൊണ്ട് അല്ലു മുൻപിൽ നടന്നു.
അവന്റെ വീട് അല്ലു അവരെ ദൂരെ നിന്നേ കാട്ടിക്കൊടുത്തു.
തോമസിന്റെ ചോരുന്ന വീട് കണ്ടപ്പോൾ അവർക്കും വിഷമം തോന്നി.തൊമ്മിക്കുവേണ്ടി ധാരാളം ഫ്രൂട്ട്സും, പലഹാരങ്ങളും വാങ്ങിയിരുന്നു.അവന്റെ പനി മാറിയിരുന്നുവെങ്കിലും ക്ഷീണം ഉണ്ടായിരുന്നു.
അല്ലുവിനെ കണ്ടപ്പോൾ അവന് സന്തോഷമായി.അവരുടെ ദയനീയ സ്ഥിതി അല്ലു പറഞ്ഞതിനേക്കാൾ ഭയങ്കരമാണെന്ന് അവർക്ക് മനസ്സിലായി.തിരിച്ചു പോകുമ്പോൾ അല്ലു പൊടുന്നനെ ചോദിച്ചു
"പപ്പായുടെ ഒൻപതു വീടുകളിൽ ഒരെണ്ണം... ഒരു ചെറിയ വീട് തൊമ്മിക്ക് കൊടുത്തുകൂടെ ?"
"അവന് മഴ നനയാതെ കിടക്കാൻ."
പപ്പയും അമ്മയും കൂടിയാലോചിച്ചു.
ഒടുവിൽ തൊമ്മിയുടെ വീടിരിക്കുന്ന സ്ഥലത്ത് ഒരു നല്ല വീട് പണിതുകൊടുക്കാൻ തീരുമാനമായി.അതു വരെ പപ്പയുടെ ഒരുവീട്ടിൽ അവരെതാമസിപ്പിക്കാനും.
ആദ്യം വിസമ്മതം പറഞ്ഞുവെങ്കിലും ഒടുവിൽ കണ്ണീരോടെ ആ അമ്മ എല്ലാം സമ്മതിച്ചു.
"മോന്റെ പാപ്പായുടെ അദ്ധ്വാനമാ സാറേ ഈ സ്ഥലോം കുഞ്ഞു വീടും.
നമ്മക്കിവിടെയൊരു നല്ല വീട് പണിയണമെന്ന് എപ്പോഴും പറയുമായിരുന്നു. പണി സ്ഥലത്തു കുഴഞ്ഞു വീണു. ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴേക്കും ആളു പോയി."അവർ കരഞ്ഞു.
അല്ലുവിന്റെ പപ്പാ തന്നെ അവരുടെ വീടു മാറ്റത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു. അടുത്തുള്ളവരോടും പണിസ്ഥലത്തും തൊമ്മിയുടെ അമ്മ വിവരങ്ങൾ പറഞ്ഞു. സ്കൂളിനടുത്തു തന്നെയുള്ള ഒരു വീടാണ് പപ്പാ അവർക്കു കൊടുത്തത്.
അവന്റെ അമ്മയ്ക്ക് ഒരു ചെറിയ ജോലിയും തരപ്പെടുത്തിക്കൊടുത്തു.
അല്ലുവിന്റെ പപ്പാ വിദേശത്തേക്കു മടങ്ങുന്നതിനു മുൻപേ തന്നെ തൊമ്മിയുടെ ചെറിയ വീടു പൊളിച്ച് അവിടെ എല്ലാ ഒരു ചെറിയ വീടു പണിത് കൈമാറി.
അങ്ങനെ തൊമ്മിയുടെ അപ്പന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു.
നാളെ അവർ പുതിയ വീട്ടിലേക്കു താമസം മാറുകയാണ്.
അവരുടെ സ്വപ്നവീട്ടിലേക്ക്.