(അബ്ബാസ് ഇടമറുക്)
ടൗണിൽ നിന്നും ബൈക്ക് വലത്തോട്ടു തിരിഞ്ഞു .ഇനി ഇതുവഴി രണ്ടു കിലോമീറ്റർ. അവിടൊരു പള്ളിയുണ്ട്. അതിന്റെ തൊട്ട് അടുത്താണ് ഞാൻ പറഞ്ഞ വീട്. പിന്നിലിരുന്നുകൊണ്ട് ബ്രോക്കർ പറഞ്ഞുകൊണ്ടിരുന്നു. ഇടവഴിയിലൂടെ ബൈക്ക് അതിവേഗം പാഞ്ഞു. വൈകുന്നേരത്തോട് അടുത്തിട്ടും വെയിലിന് നല്ല ചൂട്.
ഉമ്മയുടെ നിർബദ്ധപ്രകാരം നല്ലൊരു പശുവിനെ മേടിക്കാനായുള്ള എന്റെ ഈ നെട്ടോട്ടം തുടങ്ങിയിട്ട് നാൾ കുറേ ആയി. ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു. ഒരുപാട് പശുക്കളെ പോയി കണ്ടെങ്കിലും അതൊന്നും വിലകൊണ്ടും ,ലക്ഷണം കൊണ്ടും ഒത്തില്ല. എന്റെ അവസ്ഥ കണ്ടറിഞ് ഇസ്മായിൽ ഇക്കയാണ് പറഞ്ഞത് കുറച്ചുദൂരെ ഒരു കന്നി പശുവിനെ കൊടുക്കാനുണ്ട് എന്ന്. ഞായറാഴ്ച ആയതിനാൽ ഉടമസ്ഥൻ വീട്ടിൽ തന്നെ ഉണ്ടാവും. ഇഷ്ടമായാൽ ഇന്നുതന്നെ പണം കൊടുത്ത് കച്ചവടം ഉറപ്പിക്കണം .
ഓരോന്ന് ആലോചിച്ചുകൊണ്ട് ബൈക്ക് ഓടിച്ച് സമയം പോയതറിഞ്ഞില്ല. ബൈക്ക് നിറുത്തി ഇറങ്ങി .ഉച്ചയൂണു കഴിഞ്ഞ് തിരിച്ചാണ് .ചൂടും പൊടിയും ...ആകെ ക്ഷീണിച്ചു .ചെമ്മൺ പാതയുടെ അരികിലായി ഓട് മേഞ്ഞ ഒരു കൊച്ചു വീട് .തടികൊണ്ട് തീർത്ത പഴയ വേലി തള്ളിമാറ്റി ഞങ്ങൾ തൊടിയിലേയ്ക്ക് പ്രവേശിച്ചു .
മുറ്റം നിറയെ വിവിധയിനം പൂച്ചെടികൾ .മിക്കതിലും പൂവുണ്ട് .പൂക്കളിലെ തേൻ നുകരാനായി ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നു .വേനലിലും പൂത്തോട്ടം നന്നായി പരിപാലിക്കുന്നുണ്ട് ...അതാണ് ഇത്ര പൂക്കൾ .മുറ്റം പിന്നിട്ട് വീടിനു മുന്നിൽ ചെന്നു നിന്ന് ഞങ്ങൾ വിളിച്ചു .
"ഇവിടെ ആരുമില്ലേ .?"
ഏതാനും നിമിഷങ്ങൾ ...അകത്തുനിന്നും എന്തൊക്കെയോ അനക്കങ്ങൾ കേൾക്കാം .വാതിൽ തുറക്കുന്ന ശബ്ദം .ഒരു മുഖം മെല്ലെ വാതിലിന് വെളിയിലേക്ക് നീണ്ടു വന്നു .തുടുത്ത കവിളുകളുള്ള ആ വട്ടമുഖം ,വിടർന്ന നയനങ്ങൾ ,ഇടതൂർന്ന കാർകൂന്തലുകൾ ...ഒരു മാത്ര ഞാൻ ഞെട്ടി .എന്റെ ഹൃദയം മെല്ലെ ഇടിക്കാൻ തുടങ്ങി .ശ്വാസഗതികൾ ഉച്ചത്തിലായി .ഇതാ തൊട്ടുമുന്നിൽ അവൾ ...രാധിക .
"ആരാ എന്തു വേണം .?" അവൾ മെല്ലെ ചോദിച്ചുകൊണ്ട് ഞങ്ങളെ നോക്കി. ആ സമയം അവളുടെ മുഖവും വിളറിവെളുക്കുന്നത് പോലെ തോന്നി .
"ഞങ്ങൾ പശുവിനെ കൊടുക്കാനുണ്ട് എന്ന് അറിഞ്ഞു വന്നതാണ്." ഇസ്മായിൽ ഇക്കയാണ് മറുപടി പറഞ്ഞത് .
"കയറി ഇരിക്കൂ ... ഞാൻ ചേട്ടനെ വിളിക്കാമേ." പറഞ്ഞിട്ട് അവൾ തിരികേ വീടിനുള്ളിലേയ്ക്ക് നടന്നു .
ഒരുമാത്ര എന്ത് ചെയ്യണമെന്നറിയാതെ സംശയിച്ചു നിന്നിട്ട് ... ഞാൻ ഇസ്മായിൽ ഇക്കാക്ക് ഒപ്പം പൂമുഖത്തെ കസേരയിൽ കയറി ഇരുന്നു .
രാധിക ,അവളെ ഇവിടെ വെച്ചു കണ്ടുമുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല .ഈ നാട്ടിലേയ്ക്കാണ് അവളെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത് എന്ന് അറിയാമെങ്കിലും ...ഈ വീട്ടിലേയ്ക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല .അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇവിടേയ്ക്ക് കടന്നു വരികയില്ലായിരുന്നു .ഇനി ഇപ്പോൾ എന്താണ് ചെയ്യുക .അപ്രതീക്ഷിതമായി ഉണ്ടായ കണ്ടുമുട്ടലിൽ ഞാൻ ഇരുന്നു വിയർത്തു .എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി .
രാധിക ,പ്ലസ്ടൂ പഠനകാലത്തെ പ്രണയിനി. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ. അന്ന് അവളോടുള്ള തന്റെ പ്രണയം വെറും നേരം പോക്ക് മാത്രമായിരുന്നു .അനേകം കാമുകിമാരിൽ ഒരാൾ മാത്രമായി ഞാൻ അവളെ കണ്ടു .
പക്ഷേ ,അവൾ ...എന്റെ സ്നേഹം ആത്മാർത്ഥമാണെന്നു വിശ്വസിച്ചു. അവളുടെ വീട്ടുകാർ അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങുന്നതുവരെ അത് അങ്ങനെ തന്നെ തുടരുകയും ചെയ്തു .ഒടുവിൽ എല്ലാം എന്റെ അഭിനയം മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം നിറകണ്ണുകളോടെ അവൾ പറഞ്ഞു .
"അല്ലെങ്കിലും ഞാൻ അബ്‌ദുവിന് ചേരില്ല. പോരാത്തതിന് സാമ്പത്തികം, മതം... ഇതെല്ലാം മറന്നുകൊണ്ട് അബ്‌ദുവിനെ സ്വന്തമാക്കാമെന്നു വിചാരിച്ച ഞാൻ തന്നെയാണ് മണ്ടി. എനിക്ക് വിരോധമൊന്നും ഇല്ല. അബ്‌ദുവിന് എന്നും നല്ലതുമാത്രം വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും ."
അന്നത്തെ അവളുടെ ആ കണ്ണുനീരിന് ...ആ വാക്കുകളിലെ വേദനയ്ക്ക് ...ഒരു ശാപത്തിന്റെ പ്രതീതി ഉള്ളതുപോലെ പിന്നീടുള്ള ജീവിതയാത്രയിൽ പലപ്പോഴും തോന്നിയിട്ടുണ്ട് .അതിൽ പിന്നെ ഒന്നിലും മനസ്സുറപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല .സമാധാനം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയതുപോലെ .എത്രയോ പെൺകുട്ടികളെ കണ്ടു .എന്നിട്ടും ഇതുവരെ ഒരു വിവാഹം നടന്നില്ല .എല്ലാം അള്ളാഹു എനിക്ക് അറിഞ്ഞു നൽകിയ ശിക്ഷ .
ജയമോഹൻ പൂമുഖത്തേയ്ക്ക് കടന്നുവന്നു .വെളുത്തു സുമുഖനായ ഒരു ചെറുപ്പക്കാരന് .അവന് പിന്നിലായിക്കൊണ്ട് രാധിക വാതിൽക്കൽ ഒതുങ്ങി നിന്നു .ഇരുവരും തമ്മിൽ എന്തൊരു ചേർച്ചയാണ് .ആ നിമിഷം ഞാൻ അസൂയയോടെ മനസ്സിൽ ചിന്തിച്ചു .
"ഹലോ ,അബ്‌ദു എന്നല്ലേ പേര് .?രാധിക പറഞ്ഞു നിങ്ങൾ നാട്ടുകാരും സഹപാഠികളുമൊക്കെ ആയിരുന്നെന്ന് ."ജയമോഹൻ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി .
"പശുവിനെ കണ്ടില്ലല്ലോ .?അതാ ...ആ കാണുന്നതാണ് തൊഴുത്ത് .പോയി കണ്ടോളൂ ..."വീടിന്റെ കിഴക്കു വശത്തേയ്ക്ക് അയാൾ കൈ ചൂണ്ടി.
ഞങ്ങൾ ഇറങ്ങി ചെന്ന് പശുവിനെ കണ്ടു. ആദ്യ നോട്ടത്തിൽ തന്നെ പശുവിനെ എനിക്ക് ഇഷ്ടമായി .നല്ല ലക്ഷണമൊത്ത കന്നി പശു .ഇതിനെ വാങ്ങി കൊണ്ടുചെന്നാൽ തീർച്ചയായും ഉമ്മയ്ക്ക് ഇഷ്ടമാവും .ഞാൻ മനസ്സിൽ കരുതി .തിരികേ പൂമുഖത്ത് മടങ്ങി എത്തുമ്പോൾ രാധിക ചായ കൊണ്ടുവന്ന് വെച്ചിരുന്നു .ചായ കുടിക്കും നേരം പശുവിന്റെ വിലയേയും മറ്റും കുറിച്ച് ഞങ്ങൾ ജയമോഹനുമായി സംസാരിച്ചു .
"പശുവിന്റെ ഉടമസ്ഥൻ ഞാൻ ആണെങ്കിലും ...അതിനെ കുഞ്ഞുനാൾ മുതൽ വളർത്തുന്നതും മറ്റും രാധികയാണ് .അങ്ങനെ വരുമ്പോൾ രാധികയുടെ പശുവാണെന്നു പറയേണ്ടി വരും .പലരും വന്ന് കണ്ട് ഇഷ്ടപ്പെട്ടു പോയതാണ് .ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ കൊടുക്കാത്തത് .എന്നുകരുതി കൊടുക്കാതിരിക്കാനും ആവുന്നില്ല .കാരണം പൈസയ്ക്ക് ഇത്തിരി അത്യാവശ്യം ഉണ്ടേ ...ജയമോഹൻ തുടർന്നു .ഇപ്പോൾ നിങ്ങൾ പറഞ്ഞ വില ഒരുപാട് കുറവാണ് .എന്തെങ്കിലും മെച്ചപ്പെടുത്തിയെ പറ്റൂ ..."പറഞ്ഞു നിറുത്തിയിട്ട് ജയമോഹൻ ഞങ്ങളെ നോക്കി .
ഇനി എന്ത് വില മെച്ചപ്പെടുത്താൻ .പശുവിന് കിട്ടാവുന്നതിന്റെ പരമാവധി വിലയാണ് ഇസ്മായിൽ ഇക്കാ പറഞ്ഞിരിക്കുന്നത് .കാരണം നിരന്തരം ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് ഇക്കാ .ഈ സമയം രാധിക ജയമോഹനെ അകത്തേയ്ക്ക് വിളിച്ചു.
രാധിക ഒരിക്കൽപോലും എന്നോട് വിട്ടുവീഴ്ച കാണിക്കില്ല. അത്രയ്ക്ക് വെറുപ്പ് ഉണ്ടാവും അവൾക്ക് തന്നോട് .അതുകൊണ്ടുതന്നെ ഒരിക്കലും പശുവിനെ വില കുറച്ച് എനിക്ക് കിട്ടാൻ പോകുന്നില്ല .ഇത് അറിഞ്ഞുകൊണ്ട് ഇനിയും അവിടെ ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി .എങ്ങനേയും അവൾക്കു മുന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി .ഈ സമയം ജയമോഹൻ പുഞ്ചിരിയോടെ തിരികേ ഇറങ്ങിവന്നു .
"അതെ നിങ്ങൾ പറഞ്ഞ വിലയ്ക്ക് തന്നെ പശുവിനെ തന്നിരിക്കുന്നു .ഇനി ഒരു വില പേശൽ വേണ്ടാ .ഒന്നുമല്ലേലും നാട്ടുകാർ അല്ലേ എന്നാണ് രാധിക പറയുന്നത് ."ജയമോഹൻ പുഞ്ചിരിതൂകി .
ഒരു മാത്ര അത്ഭുതപ്പെട്ടുപോയ ഞാൻ പണം എണ്ണികൊടുത്ത് പശുവിനെ വാങ്ങി .ഒടുവിൽ തൊഴുത്തിൽ നിന്നും പശുവിന്റെ കയർ കൈ മാറാൻ നേരം രാധിക ഇറങ്ങി വന്നു .
"അബ്‌ദു, പഴയ ഇഷ്ടം മനസ്സിൽ വെച്ചിട്ടാണ് ഞാൻ പശുവിനെ വില കുറച്ച് തന്നത് എന്ന് കരുതുന്നുണ്ടെങ്കിൽ വേണ്ടാ... കഴിഞ്ഞതൊന്നും ഞാൻ മറന്നൂന്നും കരുതരുത്. ഇവിടുന്ന് പോയാലും എന്റെ 'നന്ദിനി' അബ്‌ദുവിനെ ഉമ്മയുടെ അടുക്കൽ സുഖമായി വാഴുമല്ലോ എന്ന് കരുതിയിട്ടാണ് നിങ്ങൾക്ക് തന്നെ പശുവിനെ തന്നത്." അവൾ മെല്ലെ ശബ്ദ താഴ്ത്തി പറഞ്ഞു .
ഒരുമാത്ര ഞാൻ നിന്നു വിയർത്തു. എന്റെ തൊലി ഒന്നാകെ ഉരിയുന്നതുപോലെ എനിക്ക് തോന്നി .എങ്ങനേയും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ അപ്പോൾ .പശുവിന്റെ കയർ ഏറ്റുവാങ്ങി അതിനേയും തെളിച്ചുകൊണ്ട് ഇസ്മായിൽ ഇക്കയ്ക്ക് ഒപ്പം ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ ...പിന്നിൽ നിന്നും അവൾ വിളിച്ചു .
"അതേ ,ഉമ്മയ്ക്ക് പശുവിനെ വാങ്ങി കൊടുത്തത് കൊണ്ട് മാത്രം ആയില്ലാട്ടോ ...പശുവിനെ നോക്കാൻ ഒരു സഹായിയേകൂടി ഉമ്മായ്ക്ക് കണ്ടെത്തി കൊടുക്കണം." പറഞ്ഞിട്ട് അവൾ കിലുകിലെ ചിരിച്ചു. ആ ചിരിയിൽ ജയമോഹനും ഇസ്മായിൽ ഇക്കയും എല്ലാം പങ്കുചേർന്നു .
ഒരുമാത്ര എന്ത് പറയണം എന്നറിയാതെ നിന്നുപോയി ഞാൻ. ചിരിക്കണോ ...കരയണോ ...ഒടുക്കം ഞാനും മെല്ലെ ആ ചിരിയിൽ പങ്കുചേർന്നു.