mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പായലുണങ്ങി പഴകിയ പടിക്കെട്ടുകളിറങ്ങി ഗീത പൊതുവഴിയിലേക്ക് ഇറങ്ങി. പത്തു മിനിട്ട് നടത്തമേ വേണ്ടൂ റേഷൻ കടയിലേക്ക്. വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിരിക്കുന്നു. വിലകൂടിയ ഒരു വെളുത്ത കാറ് ഗീതയെ മറികടന്ന് വഴിയരികിൽ വന്നു നിന്നു.

വിനോദസഞ്ചാരികളുടേതാണ്; മൂന്നു വയസ്സുള്ള കുട്ടി ശർദിക്കുന്നു. കുട്ടിയുടെ അച്ഛനാകണം, വണ്ടിയിൽ നിന്നിറങ്ങി കുപ്പി വെള്ളം കൊണ്ട് അവൻറെ മുഖം കഴുകി വൃത്തിയാക്കി. കുറച്ചു വെള്ളം കുടിക്കാനായി അയാൾ  കുട്ടിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു .മുഖത്തേക്ക് പതിക്കുന്ന സൂര്യരശ്മികളെ സഹിക്കാൻ കഴിയാതെ അയാൾ കുഴങ്ങുന്നുണ്ട്.

കുട്ടിയുടെ അമ്മ കാറിൽ നിന്ന് ഇറങ്ങിയതേയില്ല. യാത്രയുടെ ആലസ്യം മുടിയിഴകൾ പറന്നു വീണ അവളുടെ മുഖത്തുനിന്നും ഗീത വായിച്ചെടുത്തു. കുട്ടി വീണ്ടും ശർദിച്ചു. ഷർട്ടിലൂടെയും പാൻറി ലൂടെയും കൊഴുത്ത മഞ്ഞ ദ്രാവകം ഒഴുകിയിറങ്ങി. കുട്ടിയുടെ അമ്മ മുഖം തിരിച്ചു കളയുന്നത് ഗീത കണ്ടു . അയാൾ വീണ്ടും ഒരു കുപ്പി വെള്ളം കാറിൽ നിന്ന് എടുത്തു. ഡ്രൈവർ പുറത്തേക്കിറങ്ങി, തെല്ല് ദൂരേക്ക് മാറിനിന്ന് ഒരു സിഗരറ്റ് കത്തിച്ചു.

കുട്ടിയുടെ ഷർട്ടും ജീൻസ്പാൻറും അയാൾ സാവധാനം അഴിച്ചുവച്ചു .തളർന്നുപോയ അവനെ കൊഞ്ചി ആശ്വസിപ്പിച്ചുകൊണ്ട് അയാൾ അവൻറെ മുഖവും ശരീരവും  ടർക്കി കൊണ്ട് തുടച്ചു. കാറിൽ നിന്നും ബാഗ് എടുത്ത് തുറന്ന് പുതിയൊരു ടീ ഷർട്ടും പാൻറും അയാൾ അവനെ അണിയിച്ചു. കുട്ടിയുടെ അമ്മ വലത് കൈപ്പത്തി നെറ്റിയിലമർത്തി വെച്ച് കണ്ണടച്ച് കിടക്കുകതന്നെയാണ്.

ശർദ്ദിൽ വീണു നനഞ്ഞ് കുതിർന്ന ഷർട്ടും പാൻറും അയാൾ വഴിയോരത്തെ പുല്ലിലേക്ക് എടുത്തിട്ടു. ശേഷിച്ച വെള്ളത്തിൽ കൈ കഴുകി. കുപ്പിയും ദൂരേക്കു വലിച്ചെറിഞ്ഞ് അയാൾ കാറിൽ കയറി. അയാൾ തളർന്നു പോയിരുന്നു. സിഗരറ്റ് വലിച്ചെറിഞ്ഞ് ഡ്രൈവർ ഓടി വന്ന് വണ്ടിയിൽ കയറി.

അല്പംപോലും ശബ്ദമുണ്ടാക്കാതെ ആ ആഡംബര കാർ  ഒഴുകി നീങ്ങുന്നത് ഗീത കണ്ടു. കാറിലെ മനോഹര സുഗന്ധം അപ്പോഴും അവിടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

വിലകൂടിയ ഷർട്ടും ജീൻസും ആണ് അവർ വഴിയരികിൽ ഉപേക്ഷിച്ചു കളഞ്ഞിട്ടു പോകുന്നത് ... ഗീതയ്ക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നേയില്ല..  അവർ പണക്കാരാണ് -പുതിയൊരു ജോഡി ഉടനെ അണിയിക്കുവാൻ അവർ കരുതിയിരുന്നു! അല്ലെങ്കിൽ ആദ്യം കാണുന്ന തുണിക്കടയിൽ നിന്നും ഒന്നോരണ്ടോ ജോഡി അവർ വാങ്ങുമായിരുന്നു... ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പേപ്പർ ഗ്ലാസ് പോലെ... ഡിസ്പോസബിൾ പ്ലേറ്റ് പോലെ... വസ്ത്രവും? !

തുണിസഞ്ചിയിലേക്ക് പാട്ടയിൽ നിന്നും ഊർന്നു വീണ റേഷനരിമണികൾക്കൊപ്പം ഉയർന്നുവന്ന പൊടിക്കാറ്റ് ഗീതയ്ക്ക് ചുമ സമ്മാനിച്ചു.!  തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ, വഴിയരുകിൽ കിടക്കുന്ന ഷർട്ടും ജീൻസും അവളെ നോക്കി ചിരിച്ചു... ഗീതയ്ക്കുമുണ്ട് മൂന്നു വയസ്സുള്ള ഒരു ചെറുക്കൻ കൊച്ച് .ഇത്രയും പകിട്ടുള്ള ഉടുപ്പുകൾ ഒന്നും അവൻ ഇതുവരെ അണിഞ്ഞിട്ടില്ല. ഇനി ധരിക്കാൻ കഴിഞ്ഞേക്കുമോ എന്നും അവൾക്ക് സംശയമുണ്ട്...!

അതെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയാലോ ..? അവൾ ചിന്തിച്ചു .

അയ്യേ.. അതെന്തിനാ..

കഴുകിയാൽ മതി -സോപ്പിട്ടു നന്നായി  കുത്തിത്തിരുമി വെയിലത്തിട്ടുണക്കിയാൽ മതി...! 

- വേണ്ട ..അത്രയ്ക്ക് തരം താഴേണ്ട .. വേറെ ആരെങ്കിലും കൊണ്ടു പോയിക്കോട്ടെ. പണിക്കു വരുന്ന ബംഗാളികൾ ഉണ്ട് അവർ എടുത്തോളും... അവരെടുക്കുമോ..? അവർക്ക് ഇപ്പോൾ നല്ല ശമ്പളം ഉണ്ട്... കൂലിപ്പണിക്കാർ പോലും വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു ...അവൾ വേഗം നടന്നു ...

പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത്, പുതിയ യൂണിഫോം പാവാട വാങ്ങി തരാൻ അമ്മയോട് കെഞ്ചിയത് ഗീതയ്ക്ക് ഓർമ്മവന്നു .  "ഈ വർഷം കൂടി അല്ലേ യൂണിഫോമുള്ളൂ .. ഒമ്പതിലെ പാവാട തന്നെ ഇട്ടാ മതി ... പുതിയ പാവാട... " അമ്മ നിന്ന് ചീറി . "ഒറ്റ ഞൊറിവ് പോലും ഇല്ലമ്മേ.. തോർത്തുടുത്ത പോലാ എൻറെ പാവാട..." അവൾ കരഞ്ഞു നോക്കി. അമ്മ മൈൻഡ് പോലുംചെയ്തില്ല ...! -അങ്ങനെയും ഒരു കാലമുണ്ടായിരുന്നു...

ചെറുക്കന് ഒരു ജോഡി ഡ്രസ്സ് എടുക്കണമെങ്കിലും വലിയ വില തന്നെ കൊടുക്കണം - ഇന്നും മാറ്റമെന്താണുള്ളത്..?!

അടുക്കളയുടെ ഓരത്ത് റേഷനരി ഒതുക്കിവെച്ച് ഗീത ഒരു നിമിഷം ഇരുന്നു.. കലത്തിൽ നിന്നും തണുത്ത വെള്ളമെടുത്ത് അവൾ മട മടാ കുടിച്ചു. ഒരു തുണിസഞ്ചി മടക്കിയെടുത്തും കൊണ്ട് വീടിൻറെ വാതിലടച്ച് അവൾ പുറത്തേക്കിറങ്ങി... പടിക്കെട്ടുകളിറങ്ങി വഴിയിലേക്കോടി.. ഇടയ്ക്കിടയ്ക്ക് പാഞ്ഞു വരുന്ന വാഹനങ്ങളെ ഗൗനിക്കാതെ അവൾ വേഗം നടന്നു.

പുൽപുറത്ത് കിടക്കുന്ന  ജീൻസും ഷർട്ടും ഗീത ദൂരെ നിന്നേ കണ്ടു! ശർദ്ദി പുരണ്ടതല്ലേ.. കഴുകിയാൽ മതി.. അവളുടെ മകനും എത്രയോ വട്ടം ബസ് യാത്രയിൽ ശർദ്ദിച്ചിട്ടുള്ളതാണ് ... അതുപോലൊരു കുഞ്ഞല്ലേ ഇതും ... കഴുകി നന്നായി ഉണക്കിയെടുത്താൽ മതി .. അവൾ മനസ്സിൽ പറഞ്ഞു.

ആരെങ്കിലും കണ്ടാൽ ?! - അതോർത്തപ്പോൾ  അവൾക്ക് ഭയം തോന്നി. കവലയിലെ ഓട്ടോക്കാർ ആരെങ്കിലും കണ്ടാലാണ്.. നാട്ടിൽ പാട്ടാകും..!  നാണക്കേടാകും ... അവരോടെന്ത് പറയും..? മനസ്സ് മടിക്കുന്നുണ്ടെങ്കിലും കാലുകൾക്കു വേഗം കുറയുന്നുണ്ടായിരുന്നില്ല..

ഒരു മോഷ്ടാവിനെ പോലെ ഗീത ഇടത്തേക്കും വലത്തേക്കും നോക്കി.. ഇല്ല.. വാഹനങ്ങൾ ഒന്നും വരുന്നില്ല ...അവൾ സഞ്ചി തുറന്നു ..കുനിഞ്ഞിരുന്ന് ഷർട്ടും ജീൻസും സഞ്ചിയിലാക്കി.. എണീറ്റു.. ഭാഗ്യം ആരും കണ്ടില്ല ..! ഒരു വാഹനം പോലും കടന്നു പോയതുമില്ല ..ഗീത വേഗം തിരിച്ച് നടന്നു...

നടപ്പിനിടയിൽ സഞ്ചിതുറന്ന് അവൾ നോക്കി.. പുതിയ  ജീൻസാണ്  .. പുതുപുത്തൻ ഷർട്ട്.. പോക്കറ്റിൽ ഒരു സ്വർണ്ണനിറ നങ്കൂര ബട്ടൺസും ! പണക്കാരുടെ വസ്ത്രം..!

 വഴിയിലാരെങ്കിലും കണ്ടാൽ...? സഞ്ചിയിൽ എന്താണെന്ന് ചോദിച്ചാൽ ..? ഇല്ല ആരും കാണില്ല ...ആരും ഒന്നും ചോദിക്കുകയില്ല..അവൾ വേഗം നടന്നു.

വീടിന് പുറകുവശത്ത് കറുത്ത ഹോസിലൂടെ തള്ളി തെറിച്ചു വരുന്ന ചാലു വെള്ളം, അലുമിനിയം ബക്കറ്റിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പോകുന്നിടത്ത് ഗീത ഇരുന്നു. അലക്കുകല്ലും ,പാത്രം മോറലുമെല്ലാം അവിടെത്തന്നെയാണ് .

ഷർട്ടും ജീൻസും അവൾ സഞ്ചിയിൽ നിന്നും പുറത്തെടുത്തു. ജീൻസിനകത്തുകൂടി കയ്യിട്ട് അവൾ കാൽകുഴൽ തിരിച്ചെടുത്തു. ഭക്ഷണാവശിഷ്ടങ്ങൾ  പറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ..! 

അവൾ  ഒന്ന് ഓക്കാനിച്ചു ..കണ്ണുകൾ നിറഞ്ഞു വന്നു.. ബക്കറ്റിലെ വെള്ളത്തിൽ പലയാവർത്തി മുക്കിപൊക്കി രണ്ടുമൂന്നു തവണ സോപ്പിട്ടലക്കി.. അവളത് വെയിലത്ത് അഴയിൽ ഉണക്കാനിട്ടു.. കയ്യും മുഖവും കഴുകി വീട്ടിൽ കയറി..

ജനലഴികളിൽ മുഖം ചേർത്തുവെച്ച് മുറ്റത്തെ കാറ്റിലാടുന്ന ചാമ്പയിലകളുടെ വർണ്ണഭേദങ്ങൾ അവൾ നോക്കി നിന്നു... വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് ഗീത എല്ലാം പറഞ്ഞു.. അയാൾ വഴക്ക് പറയും എന്നാണ് അവൾ കരുതിയത് ..

അയാളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മറയുന്നത് അവൾ കണ്ടു. അവളുടെ  കണ്ണുകളുടെ ആഴങ്ങളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു :  "അത് ആര് കൊണ്ടുപോകാനാണ് ..?  ഒന്നുകിൽ തെരുവുനായ്ക്കൾ കടിച്ചു കീറി കളയും.. അല്ലെങ്കിൽ പിന്നെ മണ്ണിൽ കിടന്നലിയും..! നിൻറെ വയറ്റിൽ ഉണ്ടായതുപോലെ ഏതോ സ്ത്രീക്ക് പിറന്ന കുഞ്ഞല്ലേ അതും...?! മലവും.. മൂത്രവും ...ഛർദ്ദിയും...അവ എന്നാണ് മനുഷ്യന് അന്യമാവുന്നത് ...! ?"

"വെറുതെ നശിച്ചു കളയാൻ വിടാതെ സംരക്ഷിക്കുന്നതും സമ്പാദ്യം തന്നെയാണ് ഗീതേ.."

 എന്തോ ഓർത്തിട്ടെന്നപോലെ അയാളുടെ കണ്ണുകളിൽ അന്നേരം ഒരിറ്റു കണ്ണുനീർ പൊടിയുന്നത് ഗീത കണ്ടു .. അവൾക്കും കണ്ണു നിറയുന്നതു പോലെ തോന്നി... ചേക്കേറാൻ കൂടണയുന്ന ഏതോ കിളികളുടെ ശബ്ദം ദൂരെ നിന്നും കേൾക്കുന്നുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ