തന്റെ കൂട്ടുകാരി വനജയുടെ കൂടെ തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിന്റെ ഏകദേശം അടുത്ത് താമസിക്കുന്ന, ചെറിയമ്മയുടെ മകൻ ആദിയെ തേടിയുള്ള ഈ യാത്ര വിജയകരമാവുമോ എന്ന് പാർവതിക്ക് ഒട്ടും ഉറപ്പുണ്ടായിരുന്നില്ല.
കാരണം ഇതുപോലെ ഒരു യാത്ര കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്ക് പോയിരുന്നു. അത് ചെറിയമ്മയുടെ രണ്ടാമത്തെ മകൻ മഹിയെ അന്വേഷിച്ചു ആയിരുന്നു.
"ഈ കുട്ടികൾ എന്താ ഫോൺ എടുക്കാത്തത് മോളെ, എന്തെങ്കിലും ആപത്ത് പിണഞ്ഞിരിക്കുമോ, ഈ അമ്മയെ ഒന്ന് വന്ന് കണ്ടില്ലെങ്കിലും, ഒന്ന് ഫോൺ വിളിച്ചാലെന്താ..." ചെറിയമ്മ അക്ഷരങ്ങൾ വിറപ്പിച്ചു കൊണ്ട് കൂടെ കൂടെ ചോദിക്കും. പിന്നെ അല്പ നേരം മൗനമായി വിദൂരയിലേക്ക് നോട്ടം പായിപ്പിച്ചു കൊണ്ട് പറയും."പിന്നെ ഞാനും ചെയ്ത് കൂട്ടിയത്..., മക്കളാണെങ്കിലും അവർക്ക് ക്ഷമിക്കാൻ കഴിയുമോ എന്തോ?" അങ്ങിനെയാണ് ചെറിയമ്മയെ തന്റെ ഭർത്താവ് നന്ദനെ എൽപ്പിച്ചു കൊണ്ട് പാർവതി ഈ സാഹസത്തിനു മുതിർന്നത്.
രാവിലെ ആറുമണിക്ക് തുടങ്ങിയ ഈ യാത്ര മടുത്തിട്ടെന്നോണം വനജ ഡ്രൈവറോട് പറഞ്ഞു.
"കേശവേട്ടാ.... നല്ല റെസ്റ്റോറന്റ് കണ്ടാൽ വണ്ടി ഒതുക്കി ഇട്ടേക്കൂ..., സമയം ഒരു മണിയാവാൻ തുടങ്ങുന്നു."
"ആദിയുടെ വീട്ടിലേക്ക് 30 മിനിറ്റ് ഉള്ളൂ, അവനെ കണ്ടിട്ട് തിരിക്കുമ്പോൾ ഫുഡ് കഴിക്കാം." പാർവതി പറഞ്ഞു.
പാർവതി പറഞ്ഞപോലെ കൃത്യം മുപ്പത് മിനുട്ട് കഴിഞ്ഞപ്പോൾ ആദിയുടെ വീട് ആയ ഇരുനില കെട്ടിടത്തിനു മുന്നിൽ വണ്ടി എത്തി. നിർത്താതെയുള്ള ഹോണടി കേട്ടതിൽ ആവണം 'ആദിത്യൻ 'എന്ന ആദി ആദ്യം വാതിൽ തുറന്നു ആരാന്ന് നോക്കുകയും, പിന്നീട് ബ്ലാക്ക് കളർ സ്വിഫ്റ്റ് വണ്ടി കണ്ടതിനാൽ തെല്ലൊരു സങ്കോചത്തോടെ കണ്ണുകൾ കുറുക്കി കൊണ്ട് ആരാന്ന് ശ്രദ്ധിക്കുകയും ചെയ്തു . പിന്നീട് മുഖത്തു കൃത്രിമമായ ചിരി വരുത്തി കൊണ്ട് വേഗം വന്ന് ഗേറ്റ് തുറന്നു.
ഡോർ തുറന്ന് പുറത്തേക്ക് വന്ന പാർവതിയെ കണ്ടു ആദിയുടെ കണ്ണുകൾ സത്യസന്ധമായി തന്നെ നിറഞ്ഞു. പാർവതിയാവട്ടെ വനജ നിൽക്കുന്നത് പോലും മറന്നു ആദിയുടെ അടുത്തേക്ക് ഓടി പോയി, ന്റെ കുട്ടീയെ...എന്ന് പറഞ്ഞു കെട്ടിപിടിച്ചു.
"ഓപ്പോൾ"... അയാൾ വിളിച്ചു, "എന്നെ കാണാൻ വന്നതല്ലല്ലോ, അമ്മയുടെ വക്കാലത്തും കൊണ്ട് വന്നതല്ലേ..."
"നീ ഒന്ന് ആദ്യം ഞങ്ങളെ വീട്ടിലേക്ക് കയറ്റ്. പാർവതി ശുണ്ഠി അഭിനയിച്ചു കൊണ്ട് പറഞ്ഞു. വീണയും, കുട്ടികളും സ്കൂളിലേക്ക് പോയിട്ടുണ്ടാകും അല്ലെ."
"അതേ ഞാൻ തനിച്ചേയുള്ളൂ, ചെറിയ ഒരു കോൾഡ് പിടിച്ചു."
"അതെയോ, എന്ന് ചോദിച്ചത്തിനു ശേഷം പാർവതി, ആദിയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി."
"പനിയുണ്ടായിരുന്നു ഓപ്പോളെ, ടാബ്ലെറ്റ് കഴിച്ചു."
അപ്പോൾ ആദിക്ക് ഓർമ വന്നത് ചെറുപ്പത്തിൽ ഓപ്പോൾ ഉണ്ടാക്കി തരുന്ന പ്രത്യേകസ്വാദിഷ്‌ടമായ ചുക്ക് കാപ്പിയെ കുറിച്ചു ആയിരുന്നു. ചുക്കുകാപ്പിയുടെ വകയൊന്നും ഇവിടെയില്ലല്ലോ അയാൾ വേദനയോടെ ഓർത്തു.
ഞാൻ വന്ന കാര്യം പറയാം. പാർവതി തിടുക്കപെട്ട് പറഞ്ഞു. "ചെറിയമ്മക്ക് തീരെ വയ്യ. അവസാന നിമിഷത്തിൽ നിങ്ങളെ രണ്ട് പേരെയും, കുട്ടികളെയും ഒന്ന് കാണണമെന്നുണ്ട്. പ്രതികരിച്ചു നിൽക്കേണ്ട സമയമല്ല കുട്ടാ...ഇപ്പോൾ. അവർക്ക് നല്ല പശ്ചാത്താപം ഉണ്ട്, ചിലപ്പോൾ ചെയ്ത തെറ്റുകൾ ഓരോന്നു എണ്ണി പറയുന്നത് കേൾക്കാം."
"ഇനിയിപ്പം പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം. എന്റെയും, മഹിയുടെയും ജീവിതം തുലച്ചില്ലേ അമ്മ. ഓപ്പോളേ അച്ഛന്റെ കയ്യിൽ നിന്ന് സ്വത്ത് ഒക്കെ എഴുതി വാങ്ങി അച്ഛനെയും ദ്രോഹിച്ചില്ലേ.... എല്ലാവരെയും നരകത്തിലേക്ക് തള്ളിയിട്ട് കൊണ്ട് അവസാനം ഒരു പശ്ചാത്താപം പോലും." അയാൾ ദേഷ്യത്തിൽ വിറക്കുകയായിരുന്നു.
"കുട്ടിയെ... നീ പലതും മറന്നു, നിങ്ങൾക്ക് രണ്ട് ആൺകുട്ടികൾക്ക് വേണ്ടിയായിരുന്നു ചെറിയമ്മ എന്നെയും, അച്ഛനെയും വഴിയാധാരമാക്കിയത്. വെറുതെ തർക്കിച്ചിട്ട് കാര്യമില്ല, നിങ്ങളെ അമ്മയെ സമാധാനത്തോടെ മരിക്കാൻ അനുവദിക്കുക. അമ്മക്ക് നമുക്ക് ചെയ്ത് കൊടുക്കാൻ കഴിയുന്നതായി ഇനി ഇതേ ഉള്ളൂ. അമ്മയെപോലെ നീ സ്നേഹിച്ച ഓപ്പോളാണ് പറയുന്നത്. പഴയതൊക്കെ മറക്കുക. എനിക്ക് ചെറിയമ്മയോട് ക്ഷമിക്കാൻ കഴിഞ്ഞില്ലേ."
"ഞാൻ വരാം ഓപ്പോളേ... ഓപ്പോൾ വിളിച്ചാൽ വരാതെയിരിക്കാൻ ആവില്ല. വീണയെ പറഞ്ഞു മനസ്സിലാക്കി നോക്കാം."
"വീണയെ ഞാൻ വിളിച്ചോളാം."അതും പറഞ്ഞു, ആദിയോട് യാത്ര പറഞ്ഞു മടങ്ങുമ്പോൾ പാർവതിയുടെ മനം നിറയെ മംഗലത്ത് വീട്ടിൽ കുട്ടികാലം ആയിരുന്നു.
അച്ഛന് ഗൾഫിൽ നല്ലൊരു ജോലിയുള്ളത് കാരണം വേണ്ടുവോളം സാമ്പത്തികഭദ്രതയുള്ള കുടുംബമായിരുന്നു പാർവതിയുടെത്. അമ്മ ദേവയാനിയെ കെട്ടുന്നതിനു എത്രയോ മുമ്പേ അച്ഛൻ വിദേശത്ത് ആയിരുന്നു. പാർവതിക്ക് പത്ത് വയസ്സ് തികയുന്ന ആഘോഷം കൊണ്ടാടാൻ വേണ്ടി അച്ഛൻ 'ജയരാജൻ 'നേരത്തെ തന്നെ നാട്ടിൽ വന്നിരുന്നു. നാട്ടുകാരെയും, ബന്ധുക്കളെയുമൊക്കെ ബർത്ഡേ പാർട്ടിക്ക് ക്ഷണിച്ചു. ആ നാട്ടിൽ ഇത്തരത്തിലുള്ള ബർത്ത്ഡേ പാർട്ടി ആരും കണ്ടിട്ടുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞു രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഒരു അസാധാരണ ശബ്ദം കേട്ട് അച്ഛൻ ഞെട്ടിഉണർന്നു, വെപ്രാളത്തോടെ ലൈറ്റ് തെളിച്ചു. ശ്വാസം കഴിക്കാൻ കഴിയാതെ പ്രയാസപെടുന്ന അമ്മയെ കണ്ടപ്പോൾ അച്ഛൻ തളർന്നു പോയി. താമസിയാതെ തന്നെ അമ്മയുടെ പ്രാണൻ ഭൂമിയിലെ അനന്തതയിലേക്ക് ലയിച്ച് പോയിരുന്നു.
അച്ഛന്റെയും, അമ്മയുടെയും, ബന്ധുക്കൾ ഉണ്ടായിട്ടും, പാർവതിയെന്ന പാറൂട്ടിയെ ഞങ്ങൾ സംരക്ഷിച്ചോളാംമെന്ന്, ഒരു വീൺ വാക്ക് പോലും ആരും പറഞ്ഞില്ല. അച്ഛൻ ജയരാജൻ ഒരു വർഷം പാറൂട്ടിയുടെ അച്ഛനും, അമ്മയുമൊക്കെ ആയി നാട്ടിൽ തന്നെ നിന്നു.
അച്ഛന്റെ ഒരു സുഹൃത്ത് മരിച്ചു പോയതിനാൽ അപ്രതീക്ഷിതമായി ആ സുഹൃത്തിന്റെ ഭാര്യ "കാർത്തിക" യെ അച്ഛൻ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ട് വന്നു. കൂടെ രണ്ട് ഉണ്ട കണ്ണുള്ള രണ്ട് ചെറിയ ആൺകുട്ടികൾ ഉണ്ടായിരുന്നു. ആദിയും, മഹിയും. ആ കുട്ടികളെയും, പാറുട്ടിയെയും അച്ഛൻ അടുത്തേക്ക് വിളിച്ചു കൊണ്ട് കുട്ടികളോടായി പറഞ്ഞു.
"മക്കളെ.... ഇത് നിങ്ങളുടെ ഓപ്പോൾ ആണ്. എല്ലാവരും കൂടി സ്നേഹത്തോടെ കഴിയണം. ആ കുട്ടികൾ നിശ്കളങ്കയോടെ തല കുലുക്കി.അച്ഛൻ അവരുടെ കവിളത്ത് സ്നേഹത്തോടെ തലോടി. ഒരു മാസം കഴിഞ്ഞു അച്ഛൻ ഗൾഫിലേക്ക് മടങ്ങുകയും ചെയ്തു. അതിനു ശേഷമാണ് പതുക്കെ പതുക്കെ ചെറിയമ്മയുടെ രാക്ഷസഭാവം പുറത്തേക്ക് ചാടിയത്. കുറച്ചു ഭൂമിയുണ്ടായതിന്റെയും, വീടിന്റെയും യജമാനത്തി എന്ന സ്ഥാനം ചെറിയമ്മ നന്നായി കൈകാര്യം ചെയ്തു. വീട്ട് ജോലി എടുപ്പിച്ചും ഭക്ഷണം തരാതെ പട്ടിണി ഇടുമ്പോളും, അല്പം ആശ്വാസതണൽ നൽകിയത് കൊച്ചു കുട്ടികളായ ആദിയും, മഹിയുമായിരുന്നു. അവർക്ക് എങ്ങിനെ തീരെ ചെറുപ്പത്തിൽ ഇത്ര ലാഘവത്തോടെ ഓപ്പോളിന് ആശ്വാസമരുളാൻ കഴിഞ്ഞു. ഇന്നും അതോർക്കുമ്പോൾ അത്ഭുതമാണ്. വിശപ്പ് സഹിക്കാൻ പറ്റാത്ത പല അവസരങ്ങളിലും ചെറിയമ്മയറിയാതെ ഫുഡ് കളക്റ്റ് ചെയ്ത് വിശപ്പടക്കാൻ സഹായിച്ച അവരെ കുറിച്ചു ആലോചിക്കുമ്പോൾ ഇന്നും പാർവതിയുടെ മനസ്സിൽ അവരോടുള്ള വാത്സല്യകടൽ നിറഞ്ഞു തുളുമ്പും. പിന്നെ ചെറിയമ്മ പണപ്പെട്ടിയുടെ മുകളിൽ കാവലിരിക്കുമ്പോൾ ഓപ്പോൾ അവർക്ക് അമ്മയുമായി.
പാറുക്കുട്ടി വയസറിയിച്ച ചടങ്ങിന് അമ്മ വീട്ടുകാർ വന്നിരുന്നു, അവർ ആദ്യമായി പാറുക്കുട്ടിയുടെ കയ്യിലേക്ക് ഒരു സമ്മാന പൊതി നൽകി. കയ്യിലിരിക്കുന്ന കവറിലേക്കും, പലഹാര പൊതിയിലേക്കും നോക്കി പാർവതികുട്ടി കുറച്ചു നേരം നിശ്ചലമായി നിന്നു. പിന്നെ അത് മാറോട് ചേർത്തുപിടിച്ചു. കണ്ണിൽ നിന്ന് അവളറിയാതെ കുതിച്ചെത്തിയ കണ്ണീര് കവറിൻമേൽ വീണ് കരകര എന്ന ശബ്‌ദം പുറപ്പെടുവിച്ചു. അപ്പോൾ അതിൽ നിന്ന് ഊർന്നിറങ്ങിയ പച്ചകളറുള്ള പട്ടു പാവാടയും, ബ്ലൗസും കണ്ടപ്പോൾ അത്ഭുതം കൊണ്ട് കണ്ണുകൾ വിടർന്നു. അവൾ കുറെ ദിവസമായി ഒരു പട്ടു പാവാടയും, ബ്ലൗസും ആഗ്രഹിക്കുന്നു. അപ്പോൾ അവൾ തന്റെ മരിച്ചു പോയ അമ്മയെ ഓർത്തു. ആ അമ്മ തന്നോട് വന്ന് പറയുമ്പോലെ ഒരു ഫീൽ അവൾക്ക് അനുഭവപ്പെട്ടു.
"ന്റെ...പാറൂട്ടി... മോൾ വളർന്നിരിക്കുന്നു. ഇനി കൊച്ചുടുപ്പുകൾ ഇട്ട് കണങ്കാൽ കാണിച്ചു നടക്കരുത്. അച്ഛനോട് പറയണം നീളമുള്ള ഉടുപ്പ് വാങ്ങി തരാൻ."
"ഞാൻ പറയുകയോ.... അതും അച്ഛനോട്, ചെറിയമ്മയുടെ സ്വാഭാവം അറിയാഞ്ഞിട്ടാ..." അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
"മോളെ പാർവതി കുട്ടീ.... ചെറിയമ്മ അമ്മ വീട്ടുകാരെ മുന്നിൽ വെച്ചു തേൻ പുരട്ടി വിളിച്ചു. എന്നിട്ട് പറഞ്ഞു. കുറച്ചീസം മേലൊന്നും അനങ്ങണ്ട, മോൾ അവിടെഎങ്ങാനും പോയി ഇരിക്ക്."
അപ്പോൾ അമ്മമ്മയും, കൂട്ടരും, ചെറിയമ്മയോട് ചോദിച്ചു. "കുറച്ചീസം ഇവളെ ഞങ്ങൾ കൊണ്ടു പോകട്ടെ. അവൾക്കുമുണ്ടാവില്ലേ, അവിടെ ഒക്കെ വന്ന് നിൽക്കാൻ ആഗ്രഹം."
അപ്പോൾ ചെറിയമ്മ സ്നേഹം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
"അയ്യോ... കുട്ടീടെ അച്ഛനറിഞ്ഞാൽ കണക്കാവും, ഞാൻ പൊന്നുപോലെ നോക്കുന്ന കുട്ടിയാ..."
പാറുക്കുട്ടിക്ക് പോവണമെന്നുണ്ടായിരുന്നു. ചെറിയമ്മ ഓരോരോ ദ്രോഹങ്ങൾ ചെയ്ത് സഹിക്കവയ്യാതെ കണ്ണിൽ നിന്ന് ജലകണങ്ങൾ പെയ്തിറങ്ങുമ്പോൾ എത്ര തവണ ആഗ്രഹിച്ചിട്ടുണ്ട്, അമ്മ വീട്ടുകാർ വന്ന് ജസ്റ്റ് വിരുന്നിനെങ്കിലും കൊണ്ട് പോകുന്നതിന്, എന്നാൽ ഒന്നും ഉണ്ടായില്ല.
അയൽക്കാർക്ക് ഒക്കെ പാർവതിയോട് എന്തോ ഒരു മമതയുണ്ട്.കാർത്തിക അത്ര നല്ല വെടുപ്പുള്ളവൾ അല്ല എന്ന് അയൽക്കാരികൾക്കും അറിയാം. അച്ഛൻ ഗൾഫിൽ നിന്ന് ലീവിന് വ രുമ്പോൾ മാത്രം, പാറുക്കുട്ടി തന്റെ കണ്ണീര് കയത്തിൽ നിന്ന് പുറത്ത് കടക്കും. ഒരു ദിവസം അച്ഛൻ ഗൾഫിലുള്ള ജോലി രാജി വെച്ചു നാട്ടിൽ സ്ഥിരം നിൽപ്പായി. പാറുക്കുട്ടിക്ക് ഒരു കല്യാണാലോചന വന്ന് ഇരു കൂട്ടർക്കും ഇഷ്‌ടമായ സ്ഥിതിക്ക് നടത്താമെന്ന് തീരുമാനിച്ചപ്പോഴാൾ, പണത്തിനു വേണ്ടി അച്ഛൻ ചെറിയമ്മയുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നപ്പോൾ ആണ് ഞെട്ടിക്കുന്ന ആ സത്യം പാർവതിക്ക് മനസ്സിലായത്. ഏക്കർ കണക്കിന് പറമ്പും, വീടുമെല്ലാം ചെറിയമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു എന്ന്. എന്നും അത് ആലോചിക്കുമ്പോൾ ഉത്തരം കിട്ടാതെ ഉഴരാൻ മാത്രമേ കഴിഞ്ഞുള്ളു, ഇത് എങ്ങിനെ സംഭവിച്ചു എന്ന്.
അച്ഛൻ പാർവതിയെ പലപ്പോഴും സഹതാപത്തോടെ നോക്കി, കെട്ടി പിടിച്ചു കരഞ്ഞു, ആ കണ്ണിൽ നിന്ന് പലപ്പോഴും ചതിക്കപെട്ടവന്റെ നൊമ്പരം വായിച്ചെടുത്തു. അവസാനം കടഞ്ഞെടുത്ത പോലുള്ള അച്ഛന്റെ ശരീരം ശോഷിച്ചു വന്നു. മഹിയും, ആദിയും, അവരുടെ വളർത്തച്ചനോട് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നതും, അച്ഛന്റെ ഉറക്കം തൂങ്ങിയ കണ്ണുകൾ അങ്കലാപ്പോടെ പകച്ചു പോകുന്നതും പാർവതി കണ്ടു. ഏതായാലും ഒന്നും കൊടുക്കാതെ തന്നെ നന്ദൻ പാർവതിയുടെ കഴുത്തിൽ താലി ചാർത്തി. താമസിയാതെ അച്ഛൻ മരിച്ചു.
കാലങ്ങൾ കടന്നു പൊയ്‌കൊണ്ടിരുന്നു. ആദിയുടെയും, മഹിയുടെയും വിവാഹം നടന്നത് ഒരേ ദിവസമായിരുന്നു. സ്വത്തു കണ്ടു ഭ്രാന്തായ ചെറിയമ്മ സ്വന്തം മക്കൾക്ക് പോലും ഒന്നും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പോരാത്തതിന് മരുമക്കളോട് വല്ലാത്ത കലഹവും തുടങ്ങി. അവസാനം സഹികെട്ട് മക്കൾ രണ്ട് പേരും വീട് വിട്ട് പോയി.
മംഗലത്ത് തറവാട്ടിന്റെ അധികാരവും മാത്രം കയ്യിൽ കിട്ടിയിട്ട് കാര്യമില്ലല്ലോ, ദൈവം ആരോഗ്യവും കൊടുക്കേണ്ടേ... കാലുകൾക്ക് ബല കുറവ് ആയിരുന്നു തുടക്കം. പിന്നീട് അത് ശരീരം മൊത്തത്തിൽ വ്യാപിച്ചു. അയൽക്കാർ ആണ് പാർവതിയെ വിളിച്ചു വിവരം പറഞ്ഞത്. അവസാനം പാർവതിയും, നന്ദനും, സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു.
ചെറിയമ്മയുടെ ജീവിതം അത് വല്ലാത്ത ട്രാജഡി തന്നെയായിരുന്നു. നല്ല സമയത്ത് എല്ലാവരെയും ദുഷ് വചനങ്ങൾ കൊണ്ട് കീറിമുറിച്ചു. പോയ കാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ നല്ലതായി ഒന്നുമില്ല, അതെങ്കിലും ഓർത്തു സമാധാനിക്കാൻ. രാജാവായി ജീവിക്കേണ്ടിടത്ത്, സ്വന്തം പ്രവർത്തികൊണ്ട് അട്ടയെ പോലെ ചുരുണ്ടു കൂടാനാണ് വിധി. ഒരു കാര്യം പാർവതിക്ക് ഉറപ്പായി, 'നമ്മൾ ചെയ്യുന്ന നന്മയും, തിന്മയും, ദൈവത്തിന്റെ പുസ്തകത്തിൽ തൂക്കി അതിന്റെ വിധി നമ്മിലേക്ക് തന്നെ തിരിച്ചുവരും എന്ന സത്യം.'