ജോണി ജോസഫ്, S/o ജോസഫ്, പാറക്കൽ ഹൗസ്, അഞ്ചുനാട് പി ഒ, കേരള 6 8 5 6 8 7. എന്ന വിലാസത്തിൽ തപാൽ മുദ്ര പതിപ്പിച്ച ഇൻലാൻറ് ലെറ്റർ കാർഡ് പോസ്റ്റുമാൻ വീട്ടിൽ കൊണ്ട് ചെന്ന് കൊടുത്തപ്പോൾ ജോണി തലകറങ്ങി വീണില്ല എന്നേയുള്ളൂ.
ആദ്യമായാണ് അഞ്ചു നാട്ടിലേക്ക് ഒരു കത്ത് വരുന്നത് എന്ന് അയാൾ തെറ്റിദ്ധരിച്ചു. തനിക്കൊരു മേൽവിലാസമുണ്ട് എന്ന തിരിച്ചറിവിൽ അയാൾ തരിച്ചുനിന്നു. ഫിലിപ്പ് അമ്മയ്ക്ക് കത്തുകളയച്ചിയിരുന്നതിനോടൊപ്പം കളിക്കൂട്ടുകാരൻ ജോണിക്കും സെമിനാരിയിൽ നിന്നും എഴുതി. രണ്ടുമാസത്തെ വേനലവധിക്കു മാത്രമേ ഫിലിപ്പിന് വീട്ടിൽ വന്നു നിൽക്കാൻ അനുവാദമുള്ളൂ. അതുകൊണ്ട് തുടരെ തുടരെ കത്തുകളായിരുന്നു.
സെമിനാരിയിലെ ടെലിവിഷനിലെ വാരാന്ത്യത്തിലെ ചിത്രഗീതം പരിപാടി അയാൾക്ക് പ്രിയമായിരുന്നു. അവധിക്ക് വീട്ടിൽ വരുമ്പോൾ അയാൾ നല്ല സിനിമ ഗാനങ്ങൾ റെക്കോർഡ് ചെയ്ത് കൊണ്ടുവരും. സാധാരണ കാസറ്റിൻറെ എ സൈഡിലും ബി സൈഡിലും രണ്ട് സിനിമകളിലെ അഞ്ചോ ആറോ ഗാനങ്ങൾ വീതം റെക്കോർഡ് ചെയ്തതാണ് കടയിൽ കിട്ടാറ്. ഫിലിപ്പ് അത് വാങ്ങാറില്ല. ദൂരദർശനിലെ ടോപ് ടെൻ ഗാന പരിപാടി കേട്ട് ചിത്രങ്ങളുടെ പേരും ഗാനവും പ്രത്യേകം എഴുതി കൊടുത്ത് റെക്കോർഡ് ചെയ്ത് വാങ്ങും. അങ്ങനെ എത്ര കേട്ടാലും മതിവരാത്ത സിനിമ പാട്ടുകളുടെ കാസറ്റുകൾ ഫിലിപ്പ് ഓരോ വരവിനും ജോണിക്ക് കൊണ്ടുവന്ന് കൊടുത്തു.
ജോണി നന്ദിനിയെക്കുറിച്ച് തൻറെ എല്ലാ കത്തുകളിലും 'അനുരാഗ കുറിപ്പുകൾ' എഴുതി ആയക്കുമായിരുന്നെങ്കിലും സെമിനാരിയിൽ നിന്നും ഫിലിപ്പ് അയയ്ക്കുന്ന മറുപടി കത്തിൽ ആ വിഷയത്തിന് മാത്രം ഒരിക്കൽപോലും അയാൾ മറുപടി എഴുതിയില്ല.
ഈസ്റ്റർ അവധിക്ക് ഫിലിപ്പ് വന്ന ദിവസം വെയിലാറിയപോൾ വീട്ടിൽനിന്നിറങ്ങി അവർ ഇരുവരും മുനിയറകൾക്കരികിലൂടെ കരിങ്കൽ പാതയിലൂടെ മലമുകളിലേക്കു കയറി. സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
തലമുടി എണ്ണ തേച്ച് മുകളിലേക്ക് ഭംഗിയായി ചീകി ഒതുക്കി വച്ചിരിക്കുന്നു. മീശ വടിച്ചിരിക്കുകയാണ്. ഷേവ് ചെയ്ത് മിനുങ്ങുന്ന കവിളിൽ തെളിഞ്ഞുനിൽക്കുന്ന കൃതാവ് .ഫിലിപ്പ് ശരിക്കും ഒരു കോട്ടയംകാരൻ ആയിരിക്കുന്നു.
മലമുകളിലെ തെങ്കാശിനാഥൻ കോവിലിൽ നിന്നും തൊഴുതു മടങ്ങുന്ന രണ്ടുമൂന്ന് തമിഴ് പെൺകുട്ടികളിലെ തൻറെ നന്ദിനിയെ ജോണി ഫിലിപ്പിന് രഹസ്യമായി കാണിച്ചുകൊടുത്തു. നന്ദിനി നടന്നു പോയപ്പോൾ മല്ലിക പൂവിന്റെ മധുരഗന്ധം പരന്നു...
"അവൾ സുന്ദരിയല്ലേ"? ജോണി ചോദിച്ചു. നന്ദിനി പതിനാറിനോടടുക്കുകയാണ്... പെണ്ണ് വയസ്സറിയിക്കുന്നതും അവൾ ചേലയുടുത്ത് കുണുങ്ങി നിൽക്കുന്നതും അഞ്ചു നാട്ടിൽ വലിയ വിശേഷമാണ്. തലമുറകളായി വല്ലാത്തൊരു ഉൾപ്പുളകത്തോടെയാണ് പെൺ ജന്മങ്ങളെ അവർ നോക്കി കാണുന്നത്.
തുടുത്ത അവളുടെ കവിളുകളിൽ പോഷകാഹാര കുറവിൻറെ വെളുത്തപാടുകൾ ചുണങ്ങ് പോലെ കാണാമായിരുന്നു. മുല്ലപ്പൂവിന് ചിലവഴിക്കുന്ന പണം മതിയാകും പോഷകാഹാര കുറവ് പരിഹരിക്കാൻ, പക്ഷേ അത് നടക്കാറില്ല. പതിവായി പശുവിൻ പാൽ കുടിക്കുന്ന തലയിൽ ചെമ്പരത്തി താളി തേച്ച് കുളിക്കുന്ന, തൊടിയിലെ പലവിധ പഴവർഗങ്ങൾ ഇടതടവില്ലാതെ കഴിക്കുന്ന നാട്ടിൻപുറത്തെ സുന്ദരി പെൺകുട്ടികളുടെ മുമ്പിൽ നന്ദിനി എന്തുള്ളു...!
ഫിലിപ്പ് എല്ലാകാര്യങ്ങളിലും മാറിവരികയാണ്. കാര്യങ്ങൾ അല്പം ഉയർന്ന നിലവാരത്തിൽ ചെയ്യുന്ന ഒരു രീതി. മനസ്സ് എപ്പോഴും ജാഗരൂകമായി സൂക്ഷിക്കുന്നു. വാക്കുകൾ അളന്ന് തൂക്കി മാത്രം സംസാരിക്കുന്നു.
സമൂഹവും ഈ വിഷയങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്. ഫിലിപ്പിനെ പോലെയുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ജനങ്ങൾക്കറിയാം. അത് മനസ്സിലായത് പുതുതായി ആരംഭിച്ച കാപ്പിക്കടയിൽ വച്ചാണ്. മേശമേൽ മനോഹരമായ മൈക്ക ഒട്ടിച്ചിരിക്കുന്നു. തറയിൽ വെൺമയാർന്ന ടൈൽസ് പതിച്ചിരിക്കുന്നു. അവർക്ക് ചായ വന്നത് വെളുത്ത ചൈനാക്ലേ കപ്പിലും സോസറിലുമാണ്. സാധാരണ ഗ്ലാസിൽ ചായയും ഉഴുന്നുവടയും കഴിക്കുന്നവർക്കിടയിൽ ഇസ്തിരിയിട്ട ഷർട്ട് ധരിച്ച് മുടി ചീകി ഒതുക്കിയിരിക്കുന്ന ഫിലിപ്പ് മാന്യൻ ആയിരുന്ന് കാപ്പിയും കേക്ക് പീസും കഴിച്ചു.
ആളുകൾ വ്യവസ്ഥാപിതമായ ഈ ലോകത്ത് എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഫിലിപ്പ് കണ്ടുപിടിച്ചു. ഇന്നിപ്പോൾ വിജയികളായി വിരാജിക്കുന്നവരെല്ലാം കഠിനാധ്വാനം കൊണ്ട് മാത്രമല്ല വ്യക്തമായ ആസൂത്രണത്തിന്റെ മികവു കൊണ്ടുകൂടിയാണ് വിജയികളായിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി. തൽക്കാലം മാത്രമുള്ള ചെറിയ സുഖങ്ങൾ ത്യജിച്ച് അയാൾ നിലനിൽക്കുന്ന വിശ്രമത്തിനായി അടിത്തറ പാകി.
ജോണിയുടെയും നന്ദിയുടെയും വിവാഹം വലിയ ചർച്ചക്ക് വഴിവെച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ കിടന്ന് വീർപ്പുമുട്ടിക്കാതെ നന്ദിയും കൊണ്ട് ജോണി കണ്ണെത്താദൂരത്തോളം നെൽപ്പാടം നിറഞ്ഞ ഒരു വിദൂര ഗ്രാമത്തിലേക്ക് ചേക്കേറി.
വർഷങ്ങൾ കടന്നു പോയെങ്കിലും ജോണി ഫിലിപ്പിന് കത്തുകളയക്കുന്നുണ്ടായിരുന്നു. അവർ ഇടയ്ക്കിടെ എവിടെ ഒക്കെയോ വച്ച് സന്ധിക്കുകയും ചെയ്തു .
വരിവരിയായി കിടക്കുന്ന വാഹനങ്ങൾക്ക് പുറകിലായി വളവ് തിരിഞ്ഞ് പാഞ്ഞു ചെന്ന കാർ അയാൾ നിർത്തി. വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചിരിക്കുന്നു. കുടുംബമായും ജോഡികളായി ചെറു വാഹനങ്ങളിൽ എത്തുന്നവരാണ് അധികവും. പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ കാണുന്നിടത്ത് അവർ വാഹനം നിർത്തും. മലയിറങ്ങി വരുന്ന വലിയ ബസുകളോ ലോറികളോ ഉണ്ടാക്കുന്ന ഒരു ട്രാഫിക് ബ്ലോക്കിൻറെ ഇങ്ങേ തലയ്ക്കലാണ് താനെന്ന് അയാൾക്ക് മനസ്സിലായി.
ഫിലിപ്പിനെ പറ്റി അമ്മ എപ്പോഴും പറയാറുണ്ട്. മൂന്ന് വിഷയങ്ങളിൽ ബിരുദം. ഇനിയും പഠിക്കാൻ റോമിലേക്ക് പോവുകയാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം ദാരിദ്ര്യം കൊണ്ട് മാത്രം പൂർത്തിയാക്കാൻ കഴിയാതെപോയ നന്ദിനിക്ക് ഫാദർ ഫിലിപ്പ് പാറക്കൽ നേടുന്ന ബിരുദാനന്തരബിരുദങ്ങൾക്ക് വലിയ വിലയാണ്! ഈ പ്രായത്തിലും ഇയാൾ എന്തിനാണീ പഠിച്ചു കൂട്ടുന്നതെന്നാണ് അയാൾക്ക്. ഒരു ഡിഗ്രിയുടെ തടിമാടൻ പുസ്തകങ്ങൾ കാണുമ്പോഴേ തല പെരുക്കുകയാണ്.
കുടുംബത്തിലെ ബഹുമാന്യനായ ആ പാതിരിയെ കാണുവാൻ ഒരിക്കൽ അയാൾ പോയിരുന്നു. 'അച്ഛനെ പോയി ഒന്ന് കാണണം ...അനുഗ്രഹം വാങ്ങണം..' എന്ന് നന്ദിനി പലതവണ കത്തെഴുതിയതിനെ തുടർന്നായിരുന്നു അത്. ചെയ്യരുതെന്ന് എല്ലാവരും പറയുന്ന കാര്യങ്ങൾ ചെയ്യാൻ വല്ലാത്തൊരു വെമ്പൽ ഉള്ള ആ പ്രായത്തിൽ ഓരോന്ന് ചെയ്തുകൂട്ടിയ കുറ്റബോധം അയാളെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.
"അച്ഛനെ പോയി കാണട.. നമ്മളൊക്കെ ചെയ്ത പാപങ്ങൾക്ക് അദ്ദേഹം പ്രാർത്ഥിക്കുക എങ്കിലും ചെയ്യും." റൂംമേറ്റ് സുനിൽ ഉപദേശിച്ചു. ശരിയാണ്, എല്ലാ പാപങ്ങളും കഴുകി കളയണം. അച്ഛനെ കൊണ്ട് തലയിൽ കൈവച്ച് ഒന്ന് പ്രാർത്ഥിപ്പിക്കണം... ഒരു പുതിയ മനുഷ്യനായി ജീവിക്കണം. അയാൾക്കും തോന്നി.
മനോഹരമായ പള്ളി മുറ്റം നിറയെ റോസാച്ചെടികൾ പൂത്തുനിൽക്കുന്നു. കുന്നിൻ മുകളിലായതുകൊണ്ടാവാം തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോകുന്നുണ്ടായിരുന്നു. ചെരിപ്പുകൾ അഴിച്ചുവെച്ച് സുനിലും അയാളും സ്വീകരണമുറിയിലേക്ക് കയറി. എഴുത്തു മേശയിൽ അടുക്കിവെച്ചിരിക്കുന്ന തടിയൻ ദൈവശാസ്ത്ര പുസ്തകങ്ങൾ. വിശുദ്ധ രൂപ ചിത്രങ്ങളാൽ അലങ്കൃതമായ പള്ളിമേടയിൽ അവർ ഇരുന്നു. ഇരിപ്പിടത്തിന് എതിർവശത്തു നിന്നും മട്ടുപ്പാവിലേക്ക് കയറിപ്പോകുന്ന പിരിയൻ ഗോവണിക്ക് പോലും ശാന്തഭാവം..!
പാതിരി സായിപ്പിൻറെ പരമ്പരയിലെ സ്വർഗീയ വിശുദ്ധി കവിഞ്ഞൊഴുകുന്ന, വെളുത്ത നീണ്ട താടി മീശയുള്ള ഫാദർ ഫിലിപ്പിൻറെ സ്ഫടിക തുല്യമായ കണ്ണുകളുടെ തീഷ്ണ നോട്ടം താങ്ങാനാവാതെ കരഞ്ഞു പോകരുത് എന്ന് അയാൾ മനസ്സിലുറപ്പിച്ചിരുന്നു. ഗോവണി പടികളിൽ അച്ചൻറെ പാദസ്വരം കാതോർത്ത് അവരിരുന്നു. അറിയാതെ കണ്ണ് നിറഞ്ഞ് കവിഞ്ഞൊഴുകിയാലും സാരമില്ല. മനസ്സിലെ എല്ലാ പാപങ്ങളും അലിഞ്ഞു പോകുമല്ലോ. അയാൾ മനസ്സിൽ കരുതി.
പ്രതീക്ഷിച്ചതായിരുന്നില്ല സംഭവിച്ചത്. ചുണ്ടിലൊരു സിനിമാ ഗാനവും മൂളി, ചടുല താളത്തോടെ ഗോവണിപ്പടികളിറങ്ങി താഴെ വന്നത് മീശ വടിച്ച ഒരു മധ്യവയസ്കൻ, നരച്ച ഷർട്ടും പഴയ പാൻറും ധരിച്ച ഫാദർ ഫിലിപ്പ്..!
"നീയാണോ നന്ദിനിയുടെ മോൻ...?"
"അതേയച്ചോ.."
അവർ മുഖത്തോട് മുഖം നോക്കിയതും ഇളിഭ്യ ഭാവം പങ്കു വച്ചതും അച്ഛൻ കണ്ടില്ല. "നിങ്ങൾ എന്തെങ്കിലും കഴിച്ചായിരുന്നോ...? ചാള വറുത്തതുണ്ട്.. മോളിലോട്ട് പോയി പാത്രമെടുത്ത് ചോറിട്ട് തിന്നോ.." മേശപ്പുറത്തു കിടന്ന ദീപിക ദിനപത്രം നിവർത്തി അച്ചനെന്തോ വാർത്ത തിരഞ്ഞു.
"ഞങ്ങൾ ഹോസ്റ്റലിൽ നിന്നും കഴിച്ചിട്ടാ വന്നത്."
"നീ എങ്ങനെയാ.. നന്നായിട്ട് പഠിക്കുന്നുണ്ടാ..?"
"ഉണ്ടച്ചാ ..പഠിക്കാൻ വേണ്ടി അച്ഛനൊന്ന് പ്രാർത്ഥിക്കണം."
"ഞാൻ പ്രാർത്ഥിച്ചോളാം..." പത്രത്തിൽ നിന്നും മുഖമെടുക്കാതെ അച്ചൻ മൊഴിഞ്ഞു.
പള്ളിമുറ്റത്തു നിന്നും താഴെ റോഡ് വരെ ചിരിച്ച് കൂകി ആർത്താണ് അവർ ഓടിയിറങ്ങിത്. മനസ്സിലെ പളുങ്കു വിഗ്രഹം ഉടഞ്ഞു വീണു. പുണ്യ പുരുഷനെ തേടി പോയിട്ട് വല്ലാത്ത അമളിയോടെയാണ് അവർ അന്ന് മടങ്ങിയത്.
ഫിലിപ്പിന്റെ വളർച്ചയിൽ മൂല്യങ്ങൾ നഷ്ടപ്പെട്ടു പോയത് എപ്പോഴാണ്? ആർക്കുമറിയില്ല..! എന്തുകൊണ്ടാണ് അയാൾക്ക് വിശുദ്ധ പർവ്വതങ്ങൾക്ക് മുകളിലേക്ക് കയറി പോകാൻ കഴിയാതെ പോയത്...അത് ഇന്നും അജ്ഞാതമായി തുടരുന്നു.