"ദേവീ.. താനും ഇവിടെത്തിയോ?''
പിന്നിൽ നിന്നും ആരോ വിളിക്കുന്നതുകേട്ട് തിരിഞ്ഞു നോക്കിയ ശ്രീദേവി മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞെട്ടിപ്പോയി.
കാശിയേട്ടൻ! കൂട്ടുകാരി കലയുടെ ഏട്ടനും, കോളേജിലെ ഹീറോയുമായിരുന്ന കാശിനാഥൻ! മുടിയും, താടിയുമൊക്കെ നരച്ചിട്ടുണ്ടെങ്കിലും ആ മുഖത്തിന് വല്യ മാറ്റമൊന്നുമില്ല.
"കാശിയേട്ടൻ ഇവിടെ!"
''വീട്ടിലെ ഏകാന്തതയിലിരുന്ന് ബോറടിച്ചപ്പോൾ ഞാനുമിങ്ങു പോന്നു. ഇവിടാകുമ്പോൾ വല്ലതുമൊക്കെ മിണ്ടിയും, പറഞ്ഞും ഇരിക്കാൻ കൂട്ടായല്ലോ."
രണ്ടാളും എസ്.എൻ കോളേജിൽ പഠിച്ചവരാണ്. പ്രീഡിഗ്രിയ്ക്ക് ശ്രീദേവിയും, കാശിയുടെ സഹോദരികലയും ഒരേ ക്ലാസിലായിരുന്നു പഠനം; കാശിനാഥനന്ന് ഡ്രിഗ്രിയ്ക്കും. പലപ്പോഴും കലയോടൊപ്പം ശ്രീദേവി വീട്ടിൽ വന്നിട്ടുണ്ട്. അറിയാതൊരിഷ്ടം അവളോട് തോന്നിയിരുന്നു; അതു തുറന്നു പറയുംമുൻപേ കല്യാണക്കുറിയുമായവൾ മുന്നിലെത്തി. മുറച്ചെറുക്കനായിരുന്നു വരൻ.
പിന്നീട് ഇരുപത്തിയെട്ടു വർഷങ്ങൾക്കുശേഷം ഇന്നാണ് കാണുന്നത്.
''കാശിയേട്ടൻ്റെ കുടുംബം?"
"നാലുവർഷംമുൻപ് എൻ്റെ ജയന്തി എന്നെ വിട്ടുപോയി. ക്യാൻസറായിരുന്നു. ഞങ്ങളുടെ മോളിപ്പോൾ കുടുംബസമേതം അമേരിക്കയിലാണ്. അവളെന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷേ.. എനിക്കീ നാടുവിട്ട് പോവാൻ തീരെ താൽപ്പര്യമില്ല. ഇവിടെ തനിച്ചിരുന്നു മടുത്തെടോ; അതാണിങ്ങനെയൊരു സ്ഥാപനം തുടങ്ങാൻ കാരണം."
''അപ്പോ കാശിയേട്ടനാണല്ലേ തണലിൻ്റെ നാഥൻ?''
''ദേവീടെ സംസാരത്തിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആ കുറുമ്പും, കുട്ടിത്തവും ഇപ്പോഴുമുണ്ട്."
അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
"ഇല്ല കാശിയേട്ടാ.. അതൊക്കെ നഷ്ടമായിട്ട് ഒരു പാട് വർഷങ്ങളായി."
"ശ്രീനാഥ്.. അതല്ലേ അയാളുടെ പേര്?"
''അതെ.. കാശിയേട്ടന് നല്ല ഓർമ്മയാണല്ലോ?''
"ചില മുഖങ്ങളും, പേരുകളുമൊക്കെ മനസിൽനിന്നു മായില്ല. കാലമെത്ര കഴിഞ്ഞാലും, അതിങ്ങനെ പച്ച പിടിച്ചു കിടക്കും! ആട്ടെ.. തൻ്റെ ഫാമിലി?''
''ഇരുപത്തിരണ്ടു വർഷംമുൻപ് ഒരു വാഹനാപകടത്തിൽ ശ്രീയേട്ടൻ മരണമടഞ്ഞു. അന്ന് നന്ദന് അഞ്ചുവയസ് പ്രായം. ഒരുപാട് കഷ്ടപ്പെട്ട് മോനെ വളർത്തി പഠിപ്പിച്ചു. വിവാഹം കഴിഞ്ഞതോടെ അവൻ്റെ ഭാര്യയ്ക്ക് ഞാനൊരു ശല്ല്യമായി. എൻ്റെ മോനും, പേരക്കുട്ടിയ്ക്കുമെന്നെ വല്യ കാര്യമാണ്. "
"അപ്പോഴും മോനെ കുറ്റംപറയാൻ താൻ തയ്യാറല്ലല്ലേ?''
''അവനൊരു പാവമാ കാശിയേട്ടാ.''
''ഉം.. അതാണ് അമ്മ മനസ്."
രണ്ടു ദിവസംമുൻപാണ് ദേവി 'തണലിൽ' എത്തിയത്.
മകനും, കൊച്ചുമോൾ ദേവനന്ദയും കൂടിയാണ് ഇവിടെ കൊണ്ടുവിട്ടത്. കൂടെവരാൻ സീമയ്ക്കു തീരെ താൽപ്പര്യമില്ലാരുന്നു; എങ്കിലുമവൾ ദേവിയുടെ വസ്ത്രങ്ങളും, മറ്റു ആവശ്യസാധനങ്ങളുമൊക്കെ പായ്ക്കുചെയ്ത് കാറിൽ കയറ്റിത്തന്നു; അമ്മയുടേതായതൊന്നുമിനി ഇവിടെ വേണ്ടെന്നമട്ടിൽ.
'തണൽ വീട്' എന്ന ആശയം പൊട്ടിമുളച്ചത് ഏകാകികളായ രണ്ടു കൂട്ടുകാരുടെ തലയിലാണ്. കാശിനാഥനും, ഔസേപ്പച്ചനും. പതിവായി ആൽമരച്ചുവട്ടിലും, കലിങ്കിലുമായിരുന്നു അവരുടെ സംഗമവേദി. പലരുടേം വീടുകളിലെ കഥനകഥകളും, തിരസ്ക്കരണവും, ഏകാന്തതയും അടുത്തറിയുന്നതിനാൽ വേദനിക്കുന്നവർക്കുവേണ്ടി ഒരു തണലൊരുക്കാൻ കാശിനാഥനാണ് മുന്നിട്ടിറങ്ങിയത്. നഗരാതിർത്തിയിൽ കാശിനാഥിൻ്റെ നാലേക്കറോളം വരുന്ന സ്ഥലത്തിൻ്റെ മധ്യഭാഗത്താണ് തണൽ വീട് എന്ന സ്ഥാപനം. സ്ത്രീ പുരുഷൻമാർക്ക് വെവ്വേറെ രണ്ടുവലിയ കെട്ടിടങ്ങൾ. കിച്ചനും, ഊട്ടു മുറിയുമൊക്കെ പൊതുവാണ്.
സ്ഥാപനം തുടങ്ങി ഒരു വർഷമായപ്പോഴേയ്ക്കും എഴുപതിൽപ്പരം അംഗങ്ങളായി. കൂടുതലും സ്ത്രീകളാണ്.
ചെറിയൊരു പച്ചക്കറിത്തോട്ടവും, കോഴിവളർത്തലും, തയ്യൽ യൂണിറ്റും, മൽസ്യകൃഷിയുമൊക്കെ അവരുടെ മാനസിക ഉല്ലാസത്തിനായ് നടത്തുന്നുണ്ട്. നാട്ടുകാർ പലരും ജൻമദിനവും, വിവാഹവാർഷികവും,
മറ്റ് ഓർമ്മദിനങ്ങളും ആഘോഷിക്കാനായ് തണൽ വീട്ടിൽ എത്താറുണ്ട്. കാശിയുടെ മകൾ ചാരുലത ചാരിറ്റിയിലേയ്ക്ക് സംഭാവനകൾ നൽകുകയും, കൂട്ടുകാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് തീരെയില്ല.
തുടർന്നുള്ള ദിവസങ്ങളിലെല്ലാം കാശിനാഥൻ ദേവിയുടെ കാര്യങ്ങൾ തിരക്കുകയും, പഴയകാര്യങ്ങൾ പലതും പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യാറുണ്ട്. ദേവിയോട് ഒരു പ്രത്യേക പരിഗണന അയാൾക്കുള്ളതിനാൽ എന്തെങ്കിലും ബുദ്ധിമുട്ടൊണ്ടെങ്കിൽ തുറന്നു പറയാൻ മടിക്കേണ്ടന്ന് പറയുകയും ചെയ്തു. അവർ സംസാരിച്ചുകൊണ്ടിരിക്കെ അയാളുടെ ഫോൺ റിംഗ് ചെയ്തു. ഫോണെടുത്ത അയാൾ മകളോട് വീഡിയോക്കാളിലൂടെ സന്തോഷം പങ്കുവെച്ചു.
"മോളേ.. നിനക്കൊരാളെ ഞാൻ പരിചയപ്പെടുത്താം.''
അയാൾ ഫോൺ ദേവിയ്ക്കു നേരേ നീട്ടി. മടിയോടെയവൾ ഫോൺ വാങ്ങി.
"ഹായ്.. ആൻ്റീ.. ഞാൻ ചാരുലത!"
"മോളെ..എൻ്റെ പേര് ദേവി."
''അപ്പച്ചീടെ കൂട്ടുകാരി ശ്രീദേവിയല്ലേ; എനിക്കറിയാം."
"എന്നെയോ?" ദേവിയ്ക്ക് അത്ഭുതമായി.
"അച്ഛനും, അപ്പച്ചിയും എപ്പോഴും ആൻ്റീെടെ കാര്യം പറയാറുണ്ട്."
"ഉവ്വാേ?"
ദേവി ആശ്ചര്യത്തോടെ അയാളെ നോക്കി. അയാളൊരു പുഞ്ചിരിയോടെ അവളുടെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.
"ആൻ്റീ.. ഞാനൊരു കാര്യം തുറന്നു ചോദിക്കുകയാണ്. എൻ്റെ അച്ഛന് ഒരു കൂട്ടുവേണം; എനിക്ക് ഒരമ്മയേയും. ആൻ്റിയ്ക്ക് എൻ്റെ അമ്മയായി വരാൻ പറ്റുമോ?"
''മോളേ.. അത് .. "
അവളുടെ പെട്ടന്നുള്ള ചോദ്യം ദേവിയെ അമ്പരപ്പിച്ചു. അവളോടെന്തു പറയണമെന്നറിയാതെ ദേവി വിഷമത്തിലായി.
"ആൻറിയെന്താ മറുപടിയൊന്നും പറയാത്തത്. ഈചോദ്യം എൻ്റെ അച്ഛൻ ഇരുപത്തെട്ടു വർഷംമുൻപ് ചോദിക്കുവാൻവേണ്ടി വന്ന ദിവസമാണ് ആൻറി ഒരു കല്യാണക്കുറി അച്ഛനു നേരെ നീട്ടിയത്. അന്ന് അച്ഛൻ അൽപ്പം വൈകിപ്പോയി. ഇനിയങ്ങനെയുണ്ടാവരുത്; അതാണു ഞാൻ ആൻറിയെക്കണ്ടപ്പോൾത്തന്നെ ഈ ചോദ്യം ചോദിച്ചത്."
അവളുടെ മുന്നിലൊരു കേൾവിക്കാരിയായി ദേവി നിലകൊണ്ടു.
"ആൻ്റി തണലിൽ വന്നശേഷമാണ് അച്ഛനെയിത്ര സന്തോഷത്തോടെ ഞാൻ കാണുന്നത്. എൻ്റെയമ്മ മരിക്കുംമുൻപ് ഉണ്ടായിരുന്ന അതേ സന്തോഷം. ആ സന്തോഷമെന്നും നിലനിൽക്കണമെന്നാണ് എൻ്റെ ആഗ്രഹം.''
''ആൻ്റീ.. ഫോൺ ഞാനൊരാൾക്കു കൈമാറുകയാണ്." അവൾ ഫോൺ കൈമാറിയത് അവളുടെ അപ്പച്ചിയും, ഭർതൃമാതാവുമായ കലയ്ക്കായിരുന്നു.
ആ മുഖം സ്ക്രീനിൽക്കണ്ടതേ ദേവിയുടെ മുഖം സന്താേഷത്താൽ തുടുത്തു.
"മോളേ കലേ.. "
''ദേവീ.."
"എൻ്റെ കലേ.. എനിക്കു വിശ്വസിക്കാനാവുന്നില്ലടീ.''
"ദേവീ..എത്ര നാളായെടീ മോളേ ഈ സ്വരമൊന്നു കേട്ടിട്ട്. നിനക്കു വല്യ മാറ്റമൊന്നുമില്ല കേട്ടാേ."
"ഒന്നു പോടീ.. നിനക്കുമൊരു മാറ്റവുമില്ല. കുറച്ച് തടി കൂടീന്നല്ലാതെ.'' ദേവി പറഞ്ഞു.
''നീയെവിടാണെന്നറിയില്ലെങ്കിലും എൻ്റെയോർമ്മയിലെന്നും നീയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാശിയേട്ടൻ പറഞ്ഞപ്പോഴാണ് നിൻ്റെ വിശേഷങ്ങളൊക്കെ അറിഞ്ഞത്."
"ചാരുമോളുടെ ഫോൺ വന്നതുകൊണ്ട് എനിക്കു നിന്നെക്കാണാൻ കഴിഞ്ഞല്ലോ; ഒരുപാട് സന്തോഷമായെടി മോളേ."
"എൻ്റെ സന്തോഷം നീ ഏട്ടൻ്റെ മുന്നിലെത്തിയെന്നതുതന്നെയാണ്. കാരണം അന്നുപറയാൻ കഴിയാതെപോയ കാര്യം ഇന്ന് മോളുതന്നെ നിന്നോടു പറഞ്ഞു. നീ നല്ലൊരു തീരുമാനമെടുക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ."
"കലേ.. ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലെടി. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എനിക്ക്...''
ദേവിയ്ക്ക് പൂർത്തിയാക്കാനായില്ല. അവളുടെ തൊണ്ടയിടറി. മിഴികൾ നിറഞ്ഞൊഴുകി. അവൾ ഫോൺ കാശിയ്ക്കു നേരെ നീട്ടി. അയാൾ ഫോൺ വാങ്ങി കട്ടുചെയ്തു. അയാളുടെ മുഖത്തേയ്ക്കു നോക്കാനാവാതെ അവളുടെ മുഖം ലജ്ജയാൽ നിറഞ്ഞു.
"ദേവീ.. ഞാൻ നാളെപ്പോയി നിൻ്റെ മോനോട് സംസാരിച്ച് അനുവാദം വാങ്ങാം. എന്നിട്ട് നീയൊരു തീരുമാനം പറഞ്ഞാൽ മതി." കാശി പറഞ്ഞു.
"അതുവേണ്ട കാശിയേട്ടാ. ഞാനിവിടെ വന്നിട്ട് രണ്ടു മാസമായി. ഇവിടൊന്നു വരാനോ, എന്നെയൊന്നു വിളിക്കാനോ സമയമില്ലാത്ത അവനോട് സംസാരിക്കേണ്ട കാര്യമില്ല."
"ദേവിയുടെ സമ്മതം മാത്രം മതിയെനിക്ക്. സമ്മതമെന്ന് ഞാൻ കരുതിക്കോട്ടേ?"
"കാശിയേട്ടാ..'' എന്തു പറയണമെന്നറിയാതെ ദേവി തല താഴ്ത്തി. അവൾ ആ പഴയ പ്രീഡിഗ്രിക്കാരി പെൺകുട്ടിയാണെന്നയാൾക്കു തോന്നി. ധാവണിചുറ്റി മുടിയിൽ മുല്ലപ്പൂ ചൂടിയ കുറുമ്പിക്കുട്ടി!
"ദേവീ.. ജീവിതം ഒരു സമസ്യയാണ്. ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യ! ദൈവം നമുക്കായ് ഒരുക്കിയതെന്താണെന്നോ, നാളെ എന്തായിത്തീരുമെന്നോ ആർക്കുമറിയില്ല. ഇന്ന് എന്തായിരിക്കുന്നോ അതു മാത്രമാണ് സത്യം."
പണ്ടും കാശിയേട്ടൻ ഇങ്ങനെ തന്നെയാണ്. പുള്ളിക്കാരൻ്റെ പ്രസംഗങ്ങളിലെല്ലാം ഒരു ഫിലോസഫിയുണ്ടാവും. പറയുന്നതത്രയും പ്രവൃത്തിലെത്തിക്കാൻ പരിശ്രമിക്കുന്ന കാശിയേട്ടന് ഒരു മാറ്റവുമില്ല; അന്നും, ഇന്നും.