mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മച്ചിൻ പുറത്ത് നിന്നും കടവാതിലുകൾ കൂട്ടത്തോടെ പറന്ന് പോയിരിക്കുന്നു. അമ്മയ്ക്ക് എന്തെന്നില്ലാത്ത നിർവൃതി തോന്നി. ഞാന്ന നിഴലുകളായി അവ അമ്മയെ പേടിപ്പിക്കാൻ തുടങ്ങിയിട്ട് വർഷം എട്ടാകുന്നു.
 
 
അമ്മയ്ക് പേടിയാണെല്ലാത്തിനേയും ഉണ്ണിക്ക് പക്ഷേ പേടിയില്ലാട്ടോ.  അവൻ വളരുകയായിരുന്നു. അമ്മ ചുറ്റും നോക്കി പിറുപിറുക്കുമായിരുന്നു
 
"അങ്ങോട്ട് പോകരുത്, അവിടെ ഇരിക്കരുത്, ഇങ്ങോട്ട് നോക്കരുത്, അറിയാത്തവരോട് മിണ്ടരുത്, ഒന്നും വാങ്ങരുത്, നേരത്തേ വീട്ടിലെത്തണം..."
 
ഉണ്ണി പക്ഷേ അങ്ങോട്ട് നോക്കി, എല്ലാരോടും ചിരിച്ചു. കൂട്ടുകാരൊത്ത് ഉറക്കെ വർത്തമാനം പറഞ്ഞ് തോളിൽ കയ്യിട്ട് ക്ലാസ്സികേറാതെ പുഴകാണാൻ പോയി, കുന്നിൻ മുകളിലിരുന്ന് ആകാശത്തെ തൊട്ടു,  മരത്തിന്റെ മുകളിലെക്കൊമ്പിൽ ഏന്തി വലിഞ്ഞ് കയറി കൈവിട്ട് നിന്നു. ഇതൊന്നും പാവം അമ്മ അറിഞ്ഞില്ല. 
വൈകുന്നേരങ്ങളിൽ അമ്മ അവന് ഏലക്കാ ചായയിട്ട് കൊടുത്തു. ചന്ദനം മണക്കുന്ന കൈകൾ കൂപ്പി ഭഗവാനെക്കാട്ടിക്കൊടുത്തു. മഴത്തുള്ളിയുടെ കിലുക്കം പോലെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. സന്ധ്യയ്ക്ക് ഇറയത്തിരുന്ന് ഹരിനാമ കീർത്തനം പാടി ഉണ്ണിയുടെ മനസ്സിനെ ആർദ്രമാക്കി. ഉണ്ണാൻ നേരം ഹിരണ്യൻ്റേയും പ്രഹ്ളാദൻ്റെയും കഥകൾ പറഞ്ഞു കൊടുത്തു. ഉറങ്ങാതെ ഉണ്ണിക്ക് കാവലിരുന്നു. പേടി സ്വപ്നം കണ്ട രാത്രിയിലൊക്കെയും അർജ്ജുനപ്പത്ത് ചൊല്ലി ആശ്വസിപ്പിച്ചു. അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും വിസ്തൃതമായ പേർ പിന്നെയും.... ഉണ്ണി അത്രയും കേട്ടാലായി എപ്പഴും അങ്ങനെത്തന്നെ... എത്ര പ്രാർത്ഥിച്ചാലും അമ്മയ്ക്ക് പേടിമാറിയില്ല. എന്നായാലും ഒരു ദിവസം പൂതം വരും. അമ്മ പൂതത്തെപ്പേടിച്ചിരുന്നു,  അകക്കണ്ണുകൾ തുറന്നു വച്ചിരുന്നു. മുടങ്ങാതെ അമ്പലത്തിൽപ്പോയി.  അർച്ചനകൾ കഴിപ്പിച്ചു.
 
അമ്മ ഓർത്തു, ഒരു ഞെട്ടലോടെ അതൊരു മകര മാസമായിരുന്നു. പൂതത്തിൻ്റെ വരവറീച്ച് രാത്രിയിലവരൊരു സ്വപ്നം കണ്ടു. മാനായും മയിലായും മഴവില്ലായും വേഷം മാറുന്ന മാരീചനെ. അവനുണ്ണിയുടെ പിന്നിലാണ്, അല്ല മുന്നിലാണ്. നടന്നു നടന്ന് അവർ ഒന്നിച്ചെത്തി. ഇപ്പോൾ തോളിൽ കയ്യിട്ടായി നടപ്പ്, പെട്ടെന്നയാൾ അമ്മയെ തിരിഞ്ഞു നോക്കി. അവർ ഞെട്ടി വിറച്ചു. അയാൾക്കിപ്പോൾ സ്കൂൾ ബസ്സിലെ ക്ലീനർ അൻവറിന്റെ മുഖമാണ്. 
 
"അയ്യോ എൻ്റെ മോനെ കൊണ്ടു പൊകല്ലേ."
 
പതിവുപോലെ അരവിന്ദൻ ഞെട്ടിയുണർന്നു. ബെഡ്ലാമ്പിൻ്റെ അരണ്ട വെളിച്ചത്തിൽ അയാൾ ഭാര്യയെ നോക്കി. ഇരുകൈകളും ചെവികളിലമർത്തി വെച്ച് അവളലറി വിളിക്കുകയാണ്. അയാൾ പതുക്കെ ലൈറ്റിട്ടു.
 
"ന്തേ?"
 
 ചോദ്യരൂപേണ പുരികം വളച്ചപ്പോൾ. 
 
"നമ്മുടെ ഉണ്ണിയെ ആ ക്ലീനറ് അൻവറ് കൊണ്ടോകും നിക്കറിയാം അവനൊരു മാരീചനാണെന്ന്."
 
"ൻ്റെ കല്ല്യാണി നിനക്ക് വട്ട് മൂത്തൂന്നാ തോന്നുന്നേ"
 
 അതും പറഞ്ഞയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. 
 
"അല്ല നിനക്കെന്താ നൊസ്സാ  കല്ല്യാണീ ആ ചെക്കനെന്തിനാടി നമ്മുടെ മോൻ?"
 
പക്ഷേ കല്ല്യാണി കരഞ്ഞു, രാവ് പുലരുവോളം കരഞ്ഞു. അവളു കരഞ്ഞാൽ അയാൾക്കും കരച്ചിൽ വരും. 
ഒടുവിൽ പിറ്റേ ദിവസം തൊട്ട് ഉണ്ണീടെ യാത്ര അച്ഛൻ്റെ സ്കൂട്ടിക്ക് പിന്നിലായി. വൈകുന്നേരങ്ങളിൽ അച്ഛൻ  ലേറ്റാകുന്ന ദിവസങ്ങളിൽ മാത്രം ബാലേട്ടൻ്റെ കുരുവി ഓട്ടോ ഉരുണ്ട് പിരണ്ട് വന്നുപോയി. 
അയൽപക്കത്തെ മഞ്ജുളയെക്കൂട്ടാൻ സ്കൂൾ ബസ്സ് വരുമ്പോഴൊക്കെ അൻവർ കൈവീശി അവനോട് സൗഹൃദം പുതുക്കി. 
 
"ഉണ്ണീ നെന്നോട് പലവട്ടം ഞാൻ  പറഞ്ഞിട്ടുണ്ട് അവനുമായുള്ള ഒരു ചങ്ങാത്തോം വേണ്ടാന്ന്."
 
"ൻ്റപൊന്നമ്മേ അൻവർക്ക ഒരു പാവാ മൂപ്പര് നമ്മക്കെത്ര ഐസ്ക്രീം വാങ്ങിച്ചു തന്നിനീന്നറിയാ."
 
"ഡാ നെന്നോട് ഞാന് പറഞ്ഞിട്ടില്ലേ പൊറത്തൂന്നാര് എന്ത് തന്നാലും വാങ്ങരുതെന്ന് നിനക്കറിയൂല്ലാ ഈ ലോകത്തെക്കുറിച്ച്, കലിയുഗാ, കപടവേഷക്കാരെക്കൊണ്ട് നെറഞ്ഞിരിക്യാ ഇവിടെ കാണാൻ എങ്ങനെ ആയാൽ എന്താ മനസ്സ് ചീത്തയായാപ്പിന്നെന്താ ചെയ്യാ."
 
സ്കൂളിലെത്തന്നെ രണ്ട് കുട്ടികളെ ഉപദ്രവിച്ചതിന് പോക്സോ കേസിൽ അൻവർ അകത്താകും വരെ അരവിന്ദനും  ഉണ്ണിയും അമ്മയെ കളിയാക്കി. അന്ന് അവരാരും മിണ്ടിയില്ല. ഒരു തരം മരവിപ്പ്. കല്ല്യാണി അന്ന് എഴുതിരി വിളക്കിട്ട് ഭഗവാനെ കൂടുതൽ തേജോമയമാക്കി. അന്ന് ഉണ്ണി ആറാം ക്ലാസിലായിരുന്നു. 
 
ഉണ്ണി വീണ്ടും വളരാൻ തുടങ്ങി. കൂടെ അമ്മയുടെ ആധിയും...
പൂതം പിന്നെയും വന്നു. അതു പക്ഷേ അന്നാട്ടിലെ എല്ലാ അമ്മമാരുടേം ഒറക്കം കളഞ്ഞ് പിള്ളറ് പിടുത്തക്കാരൻ്റെ രൂപത്തിലായിരുന്നു. തക്കം പാർത്ത് പകൽ വെട്ടത്തിൽത്തന്നെ അവര് കുട്ടികളെ 'കിഡ്നാപ്' ചെയ്തു. കണ്ണുകൾ ചൂഴ്ന്നെടുത്ത് കൈകാലുകൾ അടിചൊടിച്ച് ഭിക്ഷാടനത്തിന് വിടും പോലും. കുന്നിറങ്ങി  പുഴകടന്ന് വരുന്ന അപരിചിതരെക്കണ്ട് കല്ല്യാണി ഭയപ്പാടോടെ നോക്കിനിന്നു. കൈതക്കാട്ടിലും വയലിറമ്പത്തും അവരൊളിച്ചിരിപ്പുണ്ടെന്ന് പലരും അടക്കം പറഞ്ഞു. അമ്മമാരെല്ലാം അകക്കണ്ണ് തുറന്നു വച്ചിരുന്നപ്പോൾ പൂതം വീണ്ടും കുന്നുകയറി. തിരിഞ്ഞു നോക്കി അത് അട്ടഹസിച്ച് ചിരിച്ചത് കുന്നിൻ ചരിവിലെ അമ്മമാരെല്ലാം കണ്ടു. 
 
ഇനിയും അവസരം വരും. പതുങ്ങിയിരുന്ന് ഇരയെ വേട്ടയാടണം. പുതിയ വേഷത്തിൽ പുതിയ ഭാവത്തിൽ. പൂതം കുന്നിൻ മുകളിലെ കോട്ടയിലെത്തി കിളിവാതിൽ തുറന്ന് അമ്മയെ നോക്കി, അച്ഛനെ നോക്കി, ഉണ്ണിയെ നോക്കി. വീണ്ടും വീണ്ടും നോക്കി. മതിയാവാതെ നോക്കി. പുതിയ തന്ത്രങ്ങൾ മെനയണം. കുനിഞ്ഞിരുന്ന് കാലിലെ ഓട്ടുചിലമ്പുകളഴിച്ചു വച്ചു. കഴുത്തിലിഴഞ്ഞ് കിടക്കുന്ന പൂമാല്ല്യം വീശിയെറിഞ്ഞു. മുട്ടോളമെത്തുന്ന ചെമ്പൻ വാർകുഴൽ കാറ്റിൽ പറത്തി കണ്ണുകൾ പന്തങ്ങളാക്കി കാത്തിരുന്നു.
 

 
അമ്മയ്ക്ക് തെല്ലൊരാശ്വാസം തോന്നി. ഉണ്ണീക്കിനി എവിടീം പോണ്ടാ. അമ്മേടെ ചിറകിനടിയിലിരുന്ന് പഠിക്കാം,  പറക്കാം, കളിക്കാം... അങ്ങനെ അങ്ങനെ ഇഷ്ടം പോലെ എന്തുമാകാം. ആരും ചോദിക്കില്ല. അമ്മ ആധിപിടിക്കില്ല. അച്ഛൻ്റേയും, അമ്മയുടേയും കൂടെ ടൗണിൽപ്പോയി ഇഷ്ടമുള്ള ഫോണൊരെണ്ണം തിരയുമ്പോൾ അവനേതോ ലോകത്തായിരുന്നു. 
 
"ഉണ്ണീ, നെനക്കിഷ്ട്ടുള്ളത് മേടിച്ചോ, വെലയൊന്നും നോക്കണ്ടാ. അച്ഛനോട് ഞാമ്പറഞ്ഞോളാം."
 
കട ഏസി ആയിരുന്നു. അവർക്ക് തണുത്തു. അമ്മ വെറുതെ ഫോണുകൾ ക്കിടയിൽ വിരലുകൾ കൊണ്ട് തിരഞ്ഞു. 
 
"ചെറുതൊരെണ്ണം മതി, മോന് ക്ലാസ് അറ്റൻ്റ് ചെയ്യാനാ." 
 
"അതു പറ്റില്ല നല്ലതൊരെണ്ണം തന്നെ എടുത്തോ"
 
അമ്മ ഇടയ്ക്ക് കയറി. അച്ഛൻ നിശ്ശബ്ദനായി. 
'അല്ലേലും ഇജ്ജാതി സാധനങ്ങളീം കൊണ്ട് വന്ന ഞാനൊരു മണ്ടനാ, മരമണ്ടൻ.'
അമ്മയും മകനും കത്തിക്കേറുവാ റെഡ്മി ഫൈവും, സിക്സും കടന്ന് ഒടുക്കം ഓപ്പോയിൽ പിടി മുറുക്കിയിരിക്കയാണ്  കൂട്ടത്തിൽ കടക്കാരനും. അവരുടെ മുന്നിൽ അച്ഛൻ്റെ പിടി വിട്ടു പോയി. പൂതം ചിരിച്ചു അമ്മ കണ്ടില്ല. കുന്നിറങ്ങിയ പൂതം ആദ്യം പോയത് ഉണ്ണിയുടെ വീട്ടിലേക്കായിരുന്നു. 
ഫോണിന്റെ വലിയ സ്ക്രീനിൽ സ്കൂൾ തുറന്നു, ബെല്ലടിച്ചു. ഇടയ്ക്ക് ഗൂഗിൾ മീറ്റിൽ അമ്മയും ടീച്ചറെക്കണ്ടു. ഉണ്ണി എല്ലാത്തിനും ഒന്നാമതായി. വർഷം ഒന്നു കഴിഞ്ഞു. ഉണ്ണി ഫോണിലൂടെ അടുത്ത ക്ലാസ്സിലേക് ജയിച്ചു. ഒളിച്ചിരുന്ന പൂതം പുറത്തേക്ക് വന്നു. അമ്മ ഒന്നും അറിഞ്ഞില്ല.
ഉണ്ണി എപ്പഴും പഠിപ്പാണ്. ഉണ്ണാനും ഉറങ്ങാനും നേരമില്ല. അവൻ്റെ പൊടിമീശയിൽ വിരലോടിച്ച് ഒരേ ആലോചനയാണ്. അടച്ചിട്ട മുറിയിൽ ഉണ്ണി തനിച്ചിരുന്നു. അല്ല തനിച്ചല്ല ഫോണിനുള്ളിലെ മറ്റൊരു ലോകത്തായിരുന്നു അവൻ. ആ വലിയ വീട്ടിൽ അമ്മ തനിച്ചായി.
 
"‌ഉണ്ണീ"
 
 അമ്മ നീട്ടി വിളിച്ചു. അവൻ കേട്ടില്ല. 
 
"നീയെന്തിനാ എപ്പഴും വാതിലടച്ചിടുന്നേ"
 
 അമ്മ ആവലാതിപ്പെട്ടു. അവന് 'പ്രൈവസി' വേണം പോലും. കല്ല്യാണി വീണ്ടും കരഞ്ഞു. അരവിന്ദനും. പൂതം ചിരിച്ചു. ആർത്തലച്ച് ചിരിച്ചു. ആനന്ദ നൃത്തം ചവിട്ടി.
 
‌ഉണ്ണി വാതിലു തുറക്കാതെയായി അവന് ഊണ് വേണ്ട, വെള്ളം വേണ്ട, ഹരിനാമ കീർത്തനങ്ങൾ കേൾക്കേണ്ട... ഇരവും പകലും ആ നീല വെളിച്ചത്തിൽ മുങ്ങിക്കിടന്നു. 
 
ഉണ്ണിക്ക് തല വേദനിക്കുന്നതായി തോന്നി. മുറിയിലങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അവൻ്റെ ചിന്ത എങ്ങനെ പണമൊപ്പിക്കും എന്നായിരുന്നു. ഏത് നശിച്ച നിമിഷത്തിലാണ് രാഹുലയച്ച ആ ലിങ്കിൽ കയറാൻ തോന്നിയത്? ആദ്യം ഒരു രസമായിരുന്നു. പിന്നീടത് സിരകളിൽ പടരുന്ന ലഹരിയായി. അവളുമായുള്ള സൗഹൃദം, സംസാരം, പ്രണയം... ഏതോ ഒരദൃശ്യ ശക്തിയുണ്ടായിരുന്നു അവൾക്ക്. നിലയ്ക്കാത്ത ഫോൺ സന്ദേശങ്ങൾ ക്കൊടുവിൽ അവളാണ് ആദ്യം ഫോട്ടോകൾ അയച്ചത്. ഏറെയൊന്നും നിർബന്ധിക്കുന്നതിന് മുൻപ് അവനും അയച്ചു ഒരു രണ്ടെണ്ണം. പിന്നെ കുറേ ദിവസത്തേക്ക് വിളികളുണ്ടായില്ല, പക്ഷേ ഇപ്പോൾ അവളുടെ കയ്യിലെ ഉണ്ണിയുടെ ഫോട്ടോകളിലെ ഉടലുകൾ മറ്റാരുടേയോ ആണ്. പുറത്ത് പറഞ്ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിയാണ് ചെറിയ തുകയാണെങ്കിൽ എങ്ങനെയെങ്കിലും ഒപ്പിക്കാം പക്ഷേ ഇത്...
 
‌അമ്മയോട് പറഞ്ഞാലോ വേണ്ട, രാഹുലിനെ വിളിക്കാം. തുടരെത്തുടരെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. 
‌ഇൻബോക്സിൽ മെസ്സേജുകൾ വന്നു നിറഞ്ഞു. തുറന്ന് നോക്കാൻ പേടിതോന്നി. വിറയ്ക്കുന്ന കൈകളാൽ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി. എല്ലാത്തിലും അവൻ്റെ ഫോട്ടോകളാണ് തല വെട്ടി ഒട്ടിച്ച വികൃതങ്ങളായ ചിത്രങ്ങൾ. 
 
"ഹായ് ഉണ്ണീ ഇറ്റ്സ്യുവർ സ്വീറ്റ് ഹാർട്ട് ശ്വേത ഡെഡ് ലൈൻ ഫോർ യുവർ പെയ്മെന്റ് ഈസ് സൺഡേ." 
 
ഉണ്ണിക്ക് തല കറങ്ങുന്നതായി തോന്നി. വയറ്റിൽ നിന്നും ഊക്കോടെ എന്തോ ഒന്ന് തികട്ടി വന്നു. തല വെട്ടിപ്പിളരുകയാണ്. പൂതം ആർത്തു ചിരിക്കുന്നു. അമ്മ കതകിൽത്തട്ടി വിളിച്ചു.
 
"ഉണ്ണീ...ഉണ്ണീ... വാതില് തോറാ"
 
കതക് തുറന്നപ്പോൾ അമ്മ കിതച്ചിരുന്നു. മുഖം കലങ്ങിയിരുന്നു. 
 
"ഉണ്ണീ നീ അറിഞ്ഞോ മ്മടെ രാഹുലില്ലേ ആ കുഞ്ഞ് കൈയ്യിലെ ഞരമ്പ് മുറിച്ചൂന്ന്. ഇപ്പം ആശൂത്രീലാ. ഫോണില് ആ കൊച്ചിൻ്റെ... ആരൊക്കെയൊ എന്തെല്ലാമോ പറയുന്നു. എനിക്കറീലപ്പാ."
 
പെട്ടെന്ന് അവന് തല പെരുക്കുന്നതായിതോന്നി. തല കറങ്ങി ചുറ്റുമുള്ളവയെല്ലാം കണ്ണിൽ നിന്ന് മറയുമ്പോൾ അമ്മയുടെ ആർത്തനാദം മാത്രം ചെവിയിൽ വന്നലച്ചു.
ആശുപത്രിക്കിടക്കയിൽ നിന്ന് കണ്ണുകൾ തുറക്കുമ്പോൾ മനസ്സ് നിർജ്ജീവമായിരുന്നു, കണ്ണുകൾ  സജലങ്ങളായിരുന്നു. 
 
"ഒന്നും ഓർക്കണ്ടെൻ്റുണ്യേ, അമ്മയില്ലേ നെൻ്റെ കൂടെ. ഏത് പൂതത്തിൻ്റെ കയ്യിൽ നിന്നും നിന്നെത്തിരിച്ചു പിടിക്കാൻ..."
 
മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും അമ്മയുടേയും അച്ഛൻ്റേയും കൈ പിടിച്ചിറങ്ങുമ്പോൾ ഉണ്ണിയുടെ മനസ്സ് ശാന്തമായിരുന്നു. കുന്നിറങ്ങി പുഴ കടന്ന് വരുമ്പോൾ അവനൊന്ന് തിരിഞ്ഞു നോക്കി തല കുനിച്ച് കാൽച്ചിലമ്പ് കിലുക്കാതെ നിരാശയോടെ മടങ്ങുകയാണ് പൂതം. 
 
വിളക്കു വച്ച് സന്ധ്യാവന്ദനം കഴിഞ്ഞപ്പോൾ ഉണ്ണി അമ്മയോട് ചോദിച്ചു പൂതത്തെ തോല്പിച്ച അമ്മയുടെ  കഥ പറഞ്ഞു തരുമോ. അമ്മ ചിരിച്ചു കൊണ്ട് കഥ പറയാൻ തുടങ്ങി. 
 
"പൂതം എല്ലാകാലത്തുമുണ്ട്... പല വേഷത്തിൽ... അത് നമ്മെത്തേടി വരും കണ്ണുകൾ തുറന്നിരിക്കുക കാതുകൾ കൂർപ്പിച്ചിരിക്കുക, മനസ്സ് ശുദ്ധമാക്കുക..."
 
അമ്മ കഥ പറഞ്ഞു തുടങ്ങി...
 
" കേട്ടീട്ടില്ലേ തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ 
അയ്യയ്യാ വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം..."

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ