മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മരുതി സമരം തൊടങ്ങീറ്റ് കൊറേകാലായി. റാകീം,ചാമേം തിന്നിറ്റ് ഇണ്ടാക്യ തടി നാട്ട്കാർക്ക് വേണ്ടീറ്റ് പട്ടിണിക്കിട്ടു. ഗാന്ധീന കുറിച്ചിറ്റൊ അംബേദ്കറ കുറിച്ചിറ്റൊ ഓളൊന്നും സംസാരിക്കാറില്ല.

അറിയാഞ്ഞിറ്റൊന്നുമല്ല,വീട്ടില് കുടിച്ചിറ്റ് അലമ്പാക്കി ആണുങ്ങള് കെടക്ക്മ്പൊ പിറ്റെ ദെവസം അവര ഉപദേശിക്കാൻ പോകും. “മരുതീരെ ഉപദേശം നാട്ട്കാർക്കെല്ലം ചിരപരിചിതമായ പാട്ട്”. മരുതീരെ ഒന്നിച്ച് കൊറേ ആൾക്കാര് ഇണ്ടായി. ഇത്രേം കാലം നന്മക്ക് വേണ്ടീറ്റ് ഫണ്ട് മേണിച്ചിറ്റ് നമ്മൊ നന്നാവാത്തതെന്തേന്ന് മരുതി ചോദിക്കും.

ഒരു ദെവസം മുറ്റം തൂത്തോണ്ടിരിക്ക്മ്പോണ്ട് രണ്ട് മൂന്ന് പോലീസുകാര് രണ്ടാള ചോയ്ച്ചിറ്റ് മരുതീരെ ബാത്ക്ക ബെര്ന്ന്. മരുതി ചൂല് കുത്തനെ പിടിച്ചിറ്റ് വർത്താനം പറഞ്ഞു.

“താക്കറൊ മരുതീ ചൂല്”

പ്രായത്തില് മൂത്ത പോലീസ്കാരൻ പറഞ്ഞു. മരുതി ചൂല് താഴ്ത്തീറ്റ് രണ്ടാളക്കുറിച്ച് പറയാൻ തുടങ്ങി.

“നമ്മളാട മരിപ്പിനും, മരണത്തിനും, വെളവെടുപ്പിനും കൊട്ടും, ആട്ടോം, പാട്ടും ഇണ്ടാവും. ന്ങ്ങൊ പറയ്ന്ന ഈ രണ്ടാള് ചെലപ്പൊ നമ്മളൊന്നിച്ച് ആട്ടമാടീറ്റ്ണ്ടാവും, ചെലപ്പൊ നമ്മളൊന്നിച്ചിര്ന്ന് ഭക്ഷണം കയ്ച്ചിറ്റ്ണ്ടാവും. നമ്മളെ പ്രശ്നങ്ങള് ചോദിച്ചിറ്റ്ണ്ടാവും. നമ്മളെ ആൾക്കാരെ നിങ്ങളുപദ്രവിച്ചാല് എന്തെങ്കിലും കുര്ത്തക്കേട് ഒപ്പിച്ചിറ്റ്ണ്ടാവും. അത് ബില്ലെ കാര്യോന്നൊല്ല, എന്റെ നല്ലോരായ പോലീസ്കാര് ഇതൊന്ന് നോക്യെ.?”

എന്നിറ്റ് ഓള് മൊബൈലില് ആദിവാസി ചൂഷണങ്ങളുടെ കൊറെ വാർത്തകളും ഫോട്ടോകളും കാണിച്ചു. ഞാൻ കൊറച്ച് നിബന്ധനകള് പറയാം അത് അംഗീകരിച്ചാല് എന്ന് മേലാ, ഈട ബെര്ന്ന മാവോയിസ്റ്റ്കളോട് ഒരിക്കലും അടുക്കീലാന്നും പറഞ്ഞു.

പോലീസ്കാര് മരുതീന അതിശയത്തോടെ നോക്കി.

“എന്തൊരു ഗഡ്സ്റൊ ഈ പെണ്ണിന്”

മരുതി കാര്യം നെരത്തി.

ഒന്നാമത്തെ കാര്യം ആദിവാസികള്ന്ന് പറഞ്ഞിറ്റ് നമ്മളെ ആൾക്കാരെ നോക്കി പേടിപ്പിക്കാനൊ പരാതി കൊണ്ടന്നാല് വെരട്ടിയോടിക്കാനൊ പാടില്ല. രണ്ടാമത് നമ്മള മനുഷ്യന്മാറ മാതിരി കാണണം, മാവോയിസ്റ്റകളെന്ന് പറഞ്ഞിറ്റ് നമ്മളൊന്നിച്ച് കാട്ട്ല് കഴിയുന്ന ആ പാവങ്ങള ഒന്നും ചെയ്തൂട, ബേണോങ്കില് നമ്മളെ മലേല്ലം കൈയ്യേറ്ന്നവര പിടിച്ചൂടെ, മൂന്നാമത് നമ്മളെ പോലീസ്റ്റേഷന്റെ മതിലിന് മോളില് രണ്ടാളെ ഉയരത്തില് ഇലക്ട്രിക് കമ്പി ഫിറ്റാക്കീറ്റ്ണ്ട് അത് വേണ്ട. നമ്മക്കില്ലാത്ത സുരക്ഷിതത്വം ന്ങ്ങക്കെന്തിന്?.

മരുതി പറഞ്ഞത് നാട്ട്കാരെല്ലം കേട്ടു.

‘സമരം കെടക്കണം മരുതി, നമ്മള മെൻച്ചമ്മാറ മാതിരി കാണണോങ്കില് സമരം കെടക്കണം'.

മരുതിക്കന്ന് പതിനെട്ടൊ ഇരുപതൊ വയസ്സ് കാണും. മരുതീരെ കൗമാരം കഴിഞ്ഞിറ്റേയുള്ളു. കല്യാണാലോചനകൾക്കും സാമൂഹ്യബോധത്തിനുമെടേല് മരുതി കുഴങ്ങി. വലിയൊരു ആദിവാസി സംരക്ഷണ യോഗത്തില് മരുതി ചൂല് പിടിച്ച് കവിതചൊല്ലി. ഫെയ്സ്ബുക്കിലും വാട്സപ്പിലും മറ്റുമായി കവിത പ്രചരിച്ചു. എന്നാൽ അതിനും മുമ്പ് മരുതി പ്രണയകവിതകളെഴുതീര്ന്നു. എന്നാലതാരും കണ്ടില്ല കേട്ടില്ല. അതോണ്ടെന്നെ മരുതി വേഗം പോലീസ് സ്റ്റേഷനിലും ജയിലിലുമായി. ഉത്സവത്തിന് ആട്ടത്തിനും പാട്ടിനുമിടയിൽ കറുത്ത പോലീസുകാർ തോക്കും പിടിച്ചു നടന്നു. മരുതി ജയിലിൽ നിരാഹാരം തുടങ്ങി. കവിതയെഴുത്ത് നിർത്തി. മൂക്കിൽ കൂടി കുഴൽ കേറ്റി ഗ്ലൂക്കോസ് വെള്ളം ഉള്ളിലേക്ക് കടത്തി. ആമാശയത്തിനും അന്നനാളത്തിനും മടി പിടിച്ചു തുടങ്ങി. എല്ലാരും അംബേദ്കറിന് പകരം ഗാന്ധീന വിശ്വാസിക്കാൻ തുടങ്ങി. മരുതീരെ വൻകുടല് ചുക്കിച്ചുളുങ്ങിചുക്ലിയായി. മരുതീരെ ഡോക്ടർ നാരങ്ങാനീര് കുടിക്കാൻ പറഞ്ഞു മരുതി കേട്ടില്ല.

തന്റെ മുലകളുടയ്ന്നത് മരുതിയറിഞ്ഞു. അന്ന് പൊഴേല് കുളിക്കുമ്പൊ ഒരു ചെക്കൻ മരുതീരെ മുലക്കച്ച കണ്ട് പാടിയിരുന്നു. അയാൾ മരുതീന പുൽകാനും ആശിച്ചു. അത്രയ്ക്കും ത്രസിച്ചു നിൽക്കുന്ന ഉടലുകളായിരുന്നു മരുതിക്ക്. ഇപ്പൊ എല്ലം വാടിതൊടങ്ങി. മാസമുറ പോലും ഇല്ലാണ്ടായി. ചോരയൊഴുകുന്നത് വളരെ മന്ദഗതിയിലായി. മരുതി ഒണക്കിലമാതിരി പാറി ഓരം പറ്റി. മരുതിയുടെ കവിത നാല്ചുവരും കടന്ന് കടലും കടന്ന് ഒഴുകി. ഒടുവിൽ ദൂരെ ഒരു മനുഷ്യാവകാശ പ്രവർത്തകന് ആ കവിതകൾ ഇഷ്ടപ്പെട്ടു. ആ സമരവും ഇഷ്ടപ്പെട്ടു.

"ഐ ലൈക്ക് യുവർ പോണം"
"ഐ ലൈക്ക് യുവർ ക്യാരക്ടർ"
"ഐ ലൗ യൂ"
"ബ്ലെസിംഗ് യുവർ സ്ട്രഗിൾ"

ആദ്യത്തെ കൂടിക്കാഴ്ചയിൽ മരുതീരെ നാഡിമിടിപ്പ് പരിശോധിച്ച് അയാൾ ഇറങ്ങി. അയാൾ ഇറങ്ങിയ ശേഷം മരുതി ചൂല് താഴെ വച്ച് കുറേ സമയം ചിന്തിച്ചു. പിന്നെ പുരാണത്തിലെ കുറേ പ്രണയരംഗങ്ങളെ താലോലിച്ചു. രാമൻ-സീത,ശിവ-സതി,ഭീമ-ഹിഡുംബി, അപ്പോഴാണ് ആദിവാസി ഉദ്യോഗസ്ഥർ റിട്ടേഡായപ്പോൾ തുടർന്നു വന്ന സവർണൻ പുണ്യാഹം തെളിച്ച സംഭവം കേട്ടത്. അത് നല്ലോണം സങ്കടമുണ്ടിക്കി. ആദിവാസിയിടങ്ങളിലെ അന്യദേശകച്ചവടക്കാർ മോഷണകുറ്റത്തിന് ആദിവാസി യുവാവിനെ തല്ലിക്കൊന്ന വാർത്ത കേട്ടത്. മരുതി മാറണോന്ന് ചിന്തിച്ചോണ്ടിരുന്നു. ഒന്നാംവർഷത്തിൽ മരുതിയെഴുതിയ കവിതകൾ മാനസിക അടിമത്തത്തിനെതിരേയും, സ്ത്രീ സുരക്ഷയെ പറ്റിയുമായിരുന്നു. മരുതിയെ

 അറസ്റ്റുചെയ്ത ഒന്നാം വർഷം കരിങ്കുപ്പായക്കാരായ പതിനഞ്ച് പട്ടാളക്കാർ സെല്ലിന് പുറത്തും, ഒരു ഡോക്ടർ സദാ അടുത്ത് തന്നെയിരുന്നു. ഡോക്ടർ പരിശോധിക്കുമ്പോൾ രക്തയോട്ടത്തിന്റെ വേഗത കുറഞ്ഞില്ല. അതയാളെ അത്ഭുതപ്പെടുത്തി. എല്ലാ സന്ദർശകർക്കും വിലക്കേർപ്പെടുത്തി. ആ സമയത്ത് സന്ദർശകരുടെ കുത്തൊഴുക്കുണ്ടായി. എക്കണോമിക്സ് ക്ലാസ്സിൽ മത്തായി സാർ പറഞ്ഞത് മരുതിക്ക് ഓർമ വന്നു.

“ഡിമാന്റ് ഇൻക്രീസസ്, പ്രൈസ് വിൽ ബി ഇൻക്രീസസ്'

പോലീസ് സ്റ്റേഷന്റെ മതിലിന് ചുറ്റും ആദിവാസി സ്ത്രീകൾ തടിച്ചുകൂടി. അവരിലൊരാൾ മരുതിയെഴുതിയ 'ഒരുമൈ' എന്ന കവിത പാടി. മരുതിയുടെ ആരോഗ്യസ്ഥിതിയുടെ ചിത്രം അപ്പപ്പോൾ ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു. കാട്ടുദൈവങ്ങൾക്ക് ശക്തിയില്ലെന്നറിഞ്ഞ് കുറേ ആദിവാസി സ്ത്രീകൾ സവർണദൈവത്തെ കാണാൻ പോയി. ദൈവത്തിന്റെ ചുറ്റുമതിലിൽ ഇലക്ട്രിക് വേവിച്ച് പകരം ഐത്തത്തിന്റെ വേലി പണിതു. അവിടന്ന് മരുതിയുടെ ‘ഐത്തം’ എന്ന കവിത അവർ ചൊല്ലി. ജാതിചോദിച്ച് വരുന്നവരുടെയെല്ലാം മുഖത്തവർ കാർക്കിച്ചു തുപ്പി. അവസാനം ഉമിനീർ വറ്റി.

“നമ്മളെ പെണ്ണ് ബെള്ളർക്കാണ്ട് ഇരിക്ക്മ്പളെങ്ങനേപ്പ നമ്മൊ ബെള്ളോർക്കല്”

മനുഷ്യവകാശപ്രവർത്തകന്റെ രണ്ടാമത്തെ കൂടിക്കാഴ്ചേല് മര്തീരെ ഉടലുകൾ ഉണങ്ങിയിരുന്നു. അയാൾ റവല്യൂഷന് പകരം പ്രണയത്തെ കുറിച്ചും ലൈംഗികതയെ പറ്റിയും സംസാരിച്ചു. അവസാനം അവളുടെ മുലകളെ അയാൾ താലോലിച്ചു. എത്ര ക്രൂരമായിരുന്നല്ലെ അത്. മന്ദഗതിയിലായിരുന്ന ഞാഡിഞരമ്പുകൾ ഉത്തേജിക്കപ്പെടുന്നതായി അവളറിഞ്ഞു. അവൾ അവശതയോടെ അയാളെ വിലക്കി. പിന്നീട് ദീർഘശ്വാസം വിടുകയും അയാളോട് ചിരിക്കുകയും ചെയ്തു.

അഞ്ചാം വർഷം മരുതിയുടെ ഒന്നിച്ച് ആരുമുണ്ടായിരുന്നില്ല. കുറേ പുസ്തകങ്ങളും മരുതിയും മാത്രം. ആ വർഷത്തിൽ കുറേ ആദിവാസിപ്രേമികളെ മരുതി പരിചയപ്പെട്ടു. പരിസ്ഥിതി പ്രവർത്തകർ, സാംസ്കാരിക നായകർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർമാർ, ആദിവാസികളായ ഐ.പി.എസും, ഐ.എ.എസും, പ്രസിനണ്ടുമുണ്ടായി, മരുതി അപ്പൊഴും കവിതയെഴുതി. ആ കവിതകൾ സമരത്തിന്റേതായിരുന്നില്ല. സമരസപ്പെടലിന്റേതായിരുന്നു. ചെറിയതോതിൽ സ്ത്രീ ശാക്തീകരണവും അതിൽ കടന്നു വന്നു. മരുതിയുടെ കവിതയ്ക്കുള്ള കമ്മന്റ് കുറഞ്ഞ് കുറഞ്ഞ് വന്നു. മരുതി സെല്ലിന് പുറത്തേക്ക് നോക്കി. ഒരു കരിംപട്ടാളക്കാരൻ മാത്രം അലസമായി അവിടെ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ മാസത്തിലൊ, വർഷത്തിലൊരിക്കലൊ വന്നാലായി. പോലീസ് സ്റ്റേഷന്റെ ഇലക്ട്രിക് കമ്പിയിൽ കുത്തിയിരുന്ന് മൂങ്ങയും, ചീവീടുകളും മരിച്ചു വീണു. ഒരു കാക്ക പകൽസമയത്ത് തന്നെ മരിച്ചു വീണു. വോൾട്ടേജ് കൂടിയ കരണ്ട് കമ്പികൾ, മരുതിയുടെ കവിതകൾ സൗന്ദര്യത്തിലേക്ക് നീങ്ങി. ആളുകൾ ചുറ്റും കൂടി. അവൾ ശാന്തത ആസ്വദിച്ചു തുടങ്ങി.

മരുതി പത്താം വർഷത്തിൽ തൊണ്ടവരണ്ട് കവിള് പൊട്ടി, എല്ലാ സന്ദർശകരേയും അകത്തേക്ക് വിട്ടു. പക്ഷേ മരുതിയുടെ പഴയകാല സുഹൃത്തുക്കളെ ഒന്നും കണ്ടില്ല. പലരും സർക്കാർ തന്ന സർവ്വീസിലെത്തി. പലരും കലാകാരന്മാരും ജനപ്രതിനിധികളുമായി. മരുതി കണ്ടപ്പോൾ പലരും തിരക്ക് നടിച്ചു. അവർ പറഞ്ഞു.

“സമരം നിർത്തിക്കൊ ഇപ്പൊ ആർക്കും ഒന്നിനും സമയമില്ല”

സെനഗലിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകൻ വീണ്ടും വന്നു. അയാൾ വീണ്ടും മരുതിയുടെ ഉണങ്ങിയ മുലകളെ തഴുകി. മരുതി ദീർഘനിശ്വാസം വിട്ടു. മരുതിയുടെ മനസ് പ്രണയത്തെ കുറിച്ച് സംസാരിച്ചു. മരുതി മരിച്ചു ബുദ്ധിജീവികൾ വിലയിരുത്തി. മരുതി പ്രണയത്തിന്റെ ഉന്മാദാവസ്ഥയിൽ ഫ്രീക്കൻ സെനഗല് ചെക്കനെ സ്വപ്നം കണ്ടു. സെല്ലുകൾ തുറന്നിട്ടു. മരുതിക്ക് എവിടെയും പോകാൻ സ്വാതന്ത്ര്യമുണ്ടായി. മരുതിയോട് ഫ്രീക്കൻ സെനഗൽ ചെക്കൻ പറഞ്ഞു. “നിന്ന എനിക്ക് വേണം” മരുതി തലകുനിച്ച് പറഞ്ഞു. “നിരാഹാരസമരം”

ഫ്രീക്കൻ സെനഗലുകാരൻ അധികാരത്തെക്കുറിച്ച് പറഞ്ഞു. മരുതി പ്രണയത്തെക്കുറിച്ചും, രാജാക്കന്മാർ നിർമ്മിച്ച പ്രണയസൗധത്തെ പറ്റി.അതിലൊന്ന് താജ് മഹലായിരുന്നു.

“നിന്റെ യൗവ്വനം ആസ്വദിക്കാനുള്ളതാണ്”

മരുതി മരിച്ചു പോയ സ്വന്തം ഉടലിനെയോർത്ത് അഭിമാനിച്ചു. പോലീസുകാർ മരുതിയെ സ്നേഹത്തോടെ കണ്ടു, അവര് പറഞ്ഞു.

“നമ്മൊ പാവങ്ങോപ്പ” ചെലപ്പൊ അവര് നമ്മളെ ജീപ്പ് കത്തിച്ചാലൊ? പോലീസ് സ്റ്റേഷന് തീവച്ചാലൊ? കൊന്നാലൊ? നമ്മളും മെൻച്ചമ്മാറല്ലെ,?”

മരുതി പുറത്തേക്ക് നോക്കി. എല്ലാവർക്കും കുടുംബവും കുട്ടികളുമായി, എല്ലാവർക്കും സ്വന്തോം ബന്ധോം ആയി.

സെനഗൽ ഫ്രീക്കൻ ഒരുതുള്ളി കാട്ടുതേൻ മരുതിയുടെ നാവിലുറ്റിച്ചു. അത് നാവിൽ നിൽക്കാതെ താടിവഴി തൊണ്ടവഴി ചുളുങ്ങിയ മുലക്കുഴിക്കുള്ളിലേക്ക് പോയി. നെനഗൽ ചെക്കൻ ഓള നഗ്നയാക്കി അത് മുഴുവൻ നക്കിത്തുടച്ചു. മരുതി സെനഗൽ ചെക്കന്റെ നാവിൽ പറ്റിപ്പിടിച്ച തേൻ നുകർന്ന് നിരാഹാരസമരം അവസാനിപ്പിച്ചു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ