mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathy P)

ഉണ്ണിയാർച്ച എന്നു  പറയുമ്പോൾ നിങ്ങൾ കരുതും പണ്ട് അല്ലിമലർക്കാവിൽ പൂരം കാണാൻ പോയി ജോനകരെ പടവെട്ടി തോൽപ്പിച്ചവളും, പതിനെട്ടു കളരിക്കാശാനായ ആറ്റുംമണമേലെ കുഞ്ഞിരാമന്റെ ധർമ്മ പത്നിയും  പുത്തൂരം ആരോമൽചേകവരുടെ നേർപെങ്ങളും  മച്ചുനൻ ചന്തുവിനെ കാർകൂന്തലിലൊളിപ്പിച്ച വീര ശൂര പരാക്രമിയുമായ ഉണ്ണിയാർച്ചയാണെന്ന്! എങ്കിൽ അല്ല കേട്ടോ.

ഇതു പാവം, കൊത്തുപണിക്കാരൻ ആലുംവെട്ടുവഴിയിൽ കുഞ്ഞിരാമന്റെ ഭാര്യ ഉണ്ണിയാർച്ചയാണ്. പ്രാരാബ്ധക്കാരി. ഉടുമുണ്ടു  മുറുക്കിയുടുത്തു  മണ്ണുകൊണ്ടു  കയർ പിരിച്ചു  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു  പാവം.

പുത്തൂരം വീടുമായി എന്തോ തെറ്റിത്തെറിച്ച ബന്ധമുണ്ടു പോലും. അങ്ങനെ മുത്തിയാണവൾക്ക് ഉണ്ണിയാർച്ച എന്നു പേരിട്ടത്. എന്നാലോ ഇങ്ങനെയൊക്കെയുള്ള പേരിടുമ്പോൾ 'ആർച്ച' എന്നൊക്കെ വിളിച്ചു നല്ല  ഉശിരായിട്ടു തന്നെ വളർത്തേണ്ടേ... അതിനു പകരം 'ഉണ്ണി' എന്ന പേരും വിളിച്ച് അവളെ  മണ്ണുണ്ണിയാക്കി വളർത്തി.

പതിനെട്ടു വയസ്സാകുമ്പോഴേക്കും ഒരുത്തനു പിടിച്ചു കൊടുക്കുകയും ചെയ്തു. ഉണ്ണിയാർച്ചയോളം ഒന്നുമില്ലെങ്കിലും അവളും ഒരു കൊച്ചു സുന്ദരി ആയിരുന്നു കേട്ടോ. അത്യാവശ്യം സ്വർണവും ഒക്കെ കൊടുത്താണ് അവളെ  കെട്ടിച്ചും വിട്ടത്. 

അടുക്കളപ്പുറത്തെ തെങ്ങിന്റെ ചോട്ടിലിരുന്ന് ചകിരിയും ചാരവുമിട്ടു  പാത്രങ്ങൾ കഴുകി വെളുപ്പിക്കുമ്പോൾ ഒരുവേള അവൾ പഴയ കാര്യങ്ങളൊക്കെ ഓർത്തു.

അന്നു താൻ ഇവിടെ പുതുപ്പെണ്ണായി വന്നു കയറുന്ന സമയത്ത് കുഞ്ഞിരാമേട്ടനും അച്ഛനും കൊത്തുപണിയൊക്കെ ധാരാളമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ നല്ല ഭംഗിയായി കഴിഞ്ഞുപോയിക്കൊണ്ടിരുന്നു.

അച്ഛന്റെ കാലം കഴിഞ്ഞതിനുശേഷമാണ് കൊത്തുപണിക്കു  ക്ഷീണം നേരിട്ടതും കുഞ്ഞിരാമേട്ടന്  പണിയൊന്നും ഇല്ലാതെയായതും. അപ്പോഴേക്കും തനിക്കു മക്കൾ മൂന്ന് ആയിരുന്നു. ആദ്യത്തെ കുഞ്ഞ് ആണായപ്പോൾ തനിക്കീ വീട്ടിൽ നല്ല വിലയായിരുന്നു എന്നവൾ  ഓർത്തു. 

പിന്നീടങ്ങോട്ട് ആകെയുള്ള  ഒരു പശുവും കുട്ടിയും ഒക്കെയായിരുന്നു തങ്ങളുടെ ആശ്രയം. കുഞ്ഞിരാമേട്ടന് വല്ലപ്പോഴും ഒരു പണി കിട്ടിയാലായി. പിന്നീട് പശുക്കളുടെയും കുട്ടികളുടെയും എണ്ണം കൂടിവന്നു. തന്റെ ഭാരവും. 

കടവും വിലയും ഒക്കെയായി എങ്ങനെയോ  പെൺകുട്ടികളുടെ രണ്ടിന്റെയും വിവാഹം നല്ല നിലയിൽ തന്നെ കഴിച്ചു വിട്ടു. അതിന്റെ കടം ഇപ്പോഴും സഹകരണബാങ്കിൽ അടച്ചുകൊണ്ടിരിക്കുന്നു. കൊല്ലം മുഴുവൻ അധ്വാനിച്ചാൽ കിട്ടുന്ന എന്തെങ്കിലും മിച്ചമുള്ളത് ഓണത്തിനും വിഷുവിനും പെൺമക്കളുടെ വീടുകളിലേക്ക് കാഴ്ച  കൊടുക്കാനുള്ളതേ കാണൂ.

എല്ലാവരെയും പോലെ നല്ലൊരു വീടു വച്ച് അതിൽ  കിടന്നുറങ്ങാനും ഫ്രിഡ്ജും ടി.വി.യുമൊക്കെ വാങ്ങാനും തനിക്കും ആഗ്രഹമുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, ഈ ജന്മം അതു നടക്കുമെന്നു പ്രതീക്ഷയില്ല. 

കുഞ്ഞിരാമേട്ടനു പണിയില്ല, മകനാണെങ്കിലോ അച്ഛന്റെ കൂടെ കൊത്തുപണി ചെയ്യുന്നു എന്നു  പേരു മാത്രം. രണ്ടുപേരും എന്തെങ്കിലും വീട്ടിലേക്കു തന്നിട്ടു കാലമെത്രയായി. എന്നാലോ കഴിക്കാൻ വന്നിരിക്കുമ്പോൾ എല്ലാത്തിനും കുറ്റമാണ്. 

ചാളക്കറി വച്ചാൽ ചോദിക്കും വറുക്കാമായിരുന്നില്ലേ എന്ന്, അല്ലെങ്കിൽ അയല വാങ്ങാമായിരുന്നില്ലേ എന്ന്. എന്നും രാവിലെ പലഹാരം വേണം. മാറി മാറി. അതിന് പറ്റിയ കറികളും.  ഇതൊക്കെ എവിടെ നിന്നാണെന്ന് ഒരു ആലോചനയുമില്ല. 

ഈ പണിയില്ലെങ്കിൽ പുറത്തു പോയി വേറെന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ മാനക്കേടായി. രണ്ടുപേർക്കും നല്ല ആരോഗ്യമുണ്ട്. ആർക്കെന്തു ഗുണം? 

പഴയൊരു വീടാണ്. അതിനോട് ചേർന്നു  തൊഴുത്തും. ഇപ്പോൾ മൂന്നു പശുക്കളും മൂന്നു  കിടാങ്ങളുമുണ്ട്. എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും കൊതുകും, ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധവും ഉമ്മറത്തെത്തും. 

അവറ്റകളുടെ പാലാണ് ആകെയുള്ള വരുമാനമാർഗ്ഗം. പിന്നെ ഉള്ള സ്ഥലത്ത് വല്ല വാഴയോ ചേമ്പോ ഒക്കെ കൃഷിയുള്ളതും. പശുക്കളുള്ളതുകൊണ്ട് വേറൊന്നും വച്ചുപിടിപ്പിക്കാനും വയ്യ. 

വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു തുടങ്ങി. ആരോടു പറയാൻ! പെണ്മക്കൾക്കിപ്പോൾ ഈ വഴിക്കു വരാൻ തന്നെ മടിയാണ്. അവരുടെ കെട്ടിയവന്മാരുടെ അന്തസ്സിനൊത്ത വീടല്ലത്രേ. അറ്റാച്ച്ഡ്  ബാത്റൂമില്ല, വേറേ വേറേ മുറികളില്ല. എന്തൊക്കെ പരാതികളാണവർക്ക്!

മക്കൾ രണ്ടാളും നല്ല വീടു വച്ചു. അതിനും കൊടുത്തു  തന്നാലാവുന്നത്. ഒടിഞ്ഞിരുന്ന രണ്ടു വളകൾ വിറ്റ് മൂത്തവൾക്കും ആകെയുണ്ടായിരുന്ന താലിമാല വിറ്റ് ഇളയവൾക്കും അവർ പറഞ്ഞ പണം കൊടുത്തു. കറുത്ത ചരടിൽ കോർത്ത താലി നോക്കി അവളൊന്നു നെടുവീർപ്പിട്ടു. 

തനിക്കുമുണ്ട് ആഗ്രഹങ്ങൾ. എത്രകാലമാണ് ഇങ്ങനെ ജീവിക്കുന്നത്. മരിക്കും മുൻപ് തന്റെ ഏതെങ്കിലും ആഗ്രഹം സാധിക്കുമോ? ഒരു ദിവസമെങ്കിലും തനിക്കു വേണ്ടി ഒന്നു ജീവിക്കാൻ അവൾ കൊതിച്ചു. തന്നെപ്പറ്റി ആർക്കും ഒരു ചിന്തയുമില്ല. പകലന്തിയോളം പശുവിന്റെ കൂടെയാണ്. രാവിലെ മൂന്നുമണിക്കു തുടങ്ങുന്ന തന്റെ ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്കു  ശേഷമാണ്. വെറും പായയിൽ നിലത്തൊന്നു  കിടക്കുന്നതേ ഓർമ്മ കാണൂ അപ്പോഴേക്കും എഴുന്നേൽക്കാറാവും.

അങ്ങനെ ഓരോന്നോർത്തു നിരാശപ്പെട്ടുകൊണ്ട് അവൾ പണികളോരോന്നായി തീർത്തു കൊണ്ടിരുന്നു. ഇന്നുച്ചയ്ക്കു  അയൽക്കൂട്ടത്തിന്റെ മീറ്റിംഗ് ഉണ്ട്. അതുകൊണ്ട് വേഗം പണികൾ കഴിച്ചുകൂട്ടി വല്ലതും കഴിച്ചു അവിടെ എത്താനുള്ള തിരക്കിലാണവൾ. പശുക്കളെ കറക്കാൻ സമയമാവുമ്പോഴേക്കും തിരിച്ചെത്തുകയും വേണം. 

മീറ്റിംഗ് സ്ഥലത്തു ചെന്നപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്. പതിവു പരദൂഷണങ്ങൾക്കൊപ്പം കണക്കവതരിപ്പിക്കലും കാര്യങ്ങളുമൊക്കെ മുറയ്ക്കു നടന്നു. അതിനിടയിലാണ് റോസിലി അതു  പറഞ്ഞത്. തെങ്ങു കയറ്റം പഠിക്കാൻ  സ്ത്രീകൾക്കും അവസരമുണ്ടത്രെ! 

രണ്ടാഴ്ചത്തെ  ട്രെയിനിങ്ങും  തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി ലഭിക്കും. താല്പര്യമുള്ളവർക്കു അഞ്ചു   ദിവസത്തിനുള്ളിൽ പേരു കൊടുക്കാം. 

അന്നത്തെ അയൽക്കൂട്ട മീറ്റിംഗ് കഴിഞ്ഞു പശുവിനെ കറക്കാറാവുമ്പോഴേക്കും തിരിച്ചെത്തിയ ഉണ്ണിയാർച്ചയുടെ മനസ്സു തെങ്ങിന്റെ മുകളിലായിരുന്നു. മുപ്പത്തഞ്ചു മുതൽ അമ്പതു രൂപ വരെയുണ്ടത്രേ ഒരു തെങ്ങിൽകയറുന്നതിന്. ഒറ്റത്തെങ്ങുള്ളവർ നൂറു രൂപ കൊടുത്തും കയറ്റുന്നുണ്ടു പോലും. ആളെക്കിട്ടാനില്ലത്രേ. അതു തനിക്കും അറിയാവുന്നതാണല്ലോ. ആകെയുള്ള ഒരു തെങ്ങു കയറിയിട്ടു മാസങ്ങളായി. കൂലി തന്നെ പ്രശ്നം. ഇന്നാട്ടിൽ തെങ്ങു കയറുവാൻ ആകെയുള്ളതു പ്രായമായ വേലുവാശാനാണ്. ആളെ കയറ്റാൻ എല്ലാവർക്കും പേടിയാണ്. ചിലപ്പോൾ കൈയിൽപ്പെടും. തെങ്ങു കയറാനുണ്ടോ എന്നു ചോദിച്ചു അതിലെ പോയ ഒരു ബംഗാളി നൂറു രൂപയാണ് കൂലി പറഞ്ഞത്. അപ്പൊഴേ പറഞ്ഞു വിട്ടു. യന്ത്രത്തിലൂടെ തെങ്ങിന്റെ മുകളിലേക്കു കയറിപ്പോകുന്ന തന്നെത്തന്നെ സ്വപ്നം കണ്ടാണ് അവൾ അന്നുറങ്ങിയത്.

മൂന്നു ദിവസം ഉണ്ണിയാർച്ച മൗനവ്രതത്തിലായിരുന്നു. നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു അവൾ. അച്ഛനും മകനും പരസ്പരം നോക്കി എന്തെന്ന് കൈയും കലാശവും കാണിച്ചു, കണ്മിഴിച്ചു. അവളുടെ മുഖഭാവം കണ്ട് അവളോടെന്തെങ്കിലും ചോദിക്കാൻ അവർ ധൈര്യപ്പെട്ടില്ല. നാലാം ദിവസം വെളുപ്പിനെ കുളിച്ചു അമ്പലത്തിൽ പോയി വന്ന ഉണ്ണിയാർച്ചയുടെ മുഖത്തു ഒരു പ്രത്യേക തേജസ്സ് കളിയാടിയിരുന്നു. അവൾ കുളിപ്പിച്ചു നിർത്തിയ സീതപ്പയ്യിനോടും രാധപ്പയ്യിനോടും  അമ്മിണിപ്പയ്യിനോടുമായി പറഞ്ഞു. "നിങ്ങളെന്നോടു ക്ഷമിക്കണം മക്കളേ, ഞാനൊരു തീരുമാനമെടുത്തു. അതു നിങ്ങളെ പ്രതികൂലമായി ബാധിക്കും. എങ്കിലും എന്നോടു ക്ഷമിച്ചേക്കു."

പിന്നെ ഭർത്താവിനും മകനും പ്രാതൽ കൊടുത്തു. അതിനു ശേഷം അവൾ വെടി പൊട്ടിച്ചു.

"ഞാൻ തെങ്ങു കയറ്റം പഠിക്കാൻ പോകുന്നു."

അക്ഷോഭ്യയായി ഇത്രയും പറഞ്ഞു. അച്ഛനും മകനും അതു കേട്ടു ഞെട്ടി. രണ്ടുപേരും എതിർത്തു. അപ്പോൾ ഉണ്ണിയാർച്ച ശാന്തമായി, ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

"എങ്കിൽ നിങ്ങളിൽ ആരെങ്കിലും ഒരാൾ പോയാലും മതി."

"അയ്യേ, പെരുന്തച്ചന്റെ സന്തതിപരമ്പരകൾ തെങ്ങിൽ കയറുകയോ ? മ്ലേച്ഛം!"

"എങ്കിൽ എനിക്ക് ഒരു മ്ലേച്ഛവും ഇല്ല, ഞാൻ ട്രെയ്നിങ്ങിനു പോകും, തെങ്ങിൽകയറുകയും ചെയ്യും." അവൾ ഉറപ്പിച്ചു പറഞ്ഞു. അച്ഛനും മകനും ഉളിയും കൊട്ടുവടിയുമെടുത്തു പണിസ്ഥലത്തു പോയി കൊട്ടാൻ തുടങ്ങി.

അന്നു തന്നെ അവൾ അപേക്ഷ കൊടുത്തു. ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഓരോ ആളെയാണ് തിരഞ്ഞെടുക്കുന്നത്. വേറെ ആരും ഇല്ലാത്തതുകൊണ്ട് അവൾക്കു പ്രശ്നമൊന്നും ഉണ്ടായില്ല. 

പിറ്റേന്നു പെണ്മക്കൾ രണ്ടുപേരും അമ്മയെ നിരുത്സാഹപ്പെടുത്താനായി എത്തി. പക്ഷെ ഉണ്ണിയാർച്ച മുന്നോട്ടു വച്ച കാൽ പുറകോട്ടെടുക്കാൻ തയ്യാറായിരുന്നില്ല. അവൾ അവർക്കു മുന്നിൽ അതുവരെ തുറന്നു കാണിക്കാത്ത അവളുടെ വരണ്ടുണങ്ങിയ  മനസ്സും, ചാണകവും മൂത്രവും കൊണ്ടു വിണ്ടുകീറിയ കാലുകളും വെളിപ്പെടുത്തി. ഇനിയും തനിക്കിതിൽ നിന്നൊരു മോചനം വേണമെന്ന അവളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ മക്കൾ അടിയറവു പറഞ്ഞു തിരിച്ചു പോയി.

അങ്ങനെ ഉണ്ണിയാർച്ച ആരുടെയും എതിർപ്പും മൂക്കത്തു വച്ച വിരലുകളും കണക്കിലെടുക്കാതെ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ മറ്റു  സ്ത്രീകൾക്കൊപ്പം പരിശീലനം നേടി.  കൃഷിവിജ്ഞാന കേന്ദ്രത്തിൽനിന്ന് യന്ത്രവും  കിട്ടി. പരിശീലനം വിജയകരമായി പൂർത്തീകരിച്ചു ഉണ്ണിയാർച്ച വിജയിയായി തിരിച്ചെത്തി.

മേട മാസത്തിൽ കർണ്ണികാരം കണികണ്ടുണർന്ന ഒരു സുപ്രഭാതം.  അങ്ങാടിയിലെ നാല്‍ക്കവലയില്‍നിന്ന് ആരോ ഉറക്കെ വിളിച്ചുപറഞ്ഞു: ''അറിഞ്ഞോ കൂട്ടരെ, തെങ്ങിന്‍മേല്‍ കയറുന്ന നമ്മുടെ സ്വന്തം വനിതകളെ കാണണമെങ്കില്‍ വേഗം വന്നോളിന്‍.'' ഒരു ചെവിയിൽ നിന്ന് ഇരുചെവിയിലേക്ക് പകർന്നു കാട്ടുതീ പോലെ വാര്‍ത്ത പരന്നു. കേട്ടവര്‍ കേട്ടവര്‍  അമ്പലത്തോടു ചേർന്നു കിടക്കുന്ന   തെങ്ങിന്‍തോപ്പിലേക്ക് വച്ചുപിടിച്ചു. തെങ്ങിന്‍തോപ്പില്‍ ഉത്സവ പ്രതീതി. പഞ്ചായത്തു പ്രസിഡന്റും വാർഡു മെമ്പറും മറ്റു ലോക്കൽ  നേതാക്കളും പങ്കെടുത്ത ഉദ്ഘാടന മഹാമഹം സമാപിച്ചു. നിറയെ കായ്ച്ചു നിൽക്കുന്ന അഞ്ചു  ചെന്തെങ്ങിന്‍ ചുവട്ടില്‍ തെങ്ങുകയറ്റ യന്ത്രവുമായി  പരിശീലകർക്കൊപ്പം  ഉണ്ണിയാർച്ചയടങ്ങിയ  അഞ്ചു വനിതകൾ നെഞ്ചു വിരിച്ച് എന്തിനും റെഡിയായി നിലയുറപ്പിച്ചു.  അപ്പുറം ഊഴം കാത്തു നിൽക്കുന്ന ബാക്കി പതിനഞ്ചു വനിതകളുടെ നിര. ചുരിദാറും അതിന്റെ മേലേ കോട്ടും അണിഞ്ഞാണ് അവർ എത്തിയത്. 

തെങ്ങില്‍ യന്ത്രം ഘടിപ്പിക്കുന്ന വിധം പരിശീലകര്‍ കാണിച്ചുകൊടുത്തു. ഒപ്പം തെങ്ങുകയറ്റത്തെപ്പറ്റി ചെറുതായി പറഞ്ഞു കൊടുത്തു. 'ഞങ്ങൾക്കെല്ലാം അറിയാം' എന്ന ഭാവത്തിൽ വനിതകൾ തലയുയർത്തി നിന്നു. ചിരപരിചിതരെപ്പോലെ അവർ ഓരോരുത്തരായി ഒരു പേടിയുമില്ലാതെ പുല്ലു പറിക്കുന്ന ലാഘവത്തിൽ തെങ്ങില്‍ കയറുന്നത് ജനം ശ്വാസമടക്കിപ്പിടിച്ചു  നോക്കിനിന്നു. "കാലം പോയ പോക്കേ! പെണ്ണുങ്ങള്‍ തെങ്ങേക്കേറി തേങ്ങയുമിട്ടു.  കലികാലം തന്നെ. ഇനിയെന്തൊക്കെക്കാണേണ്ടി വരുമോ, എന്തോ?" രംഗം വീക്ഷിച്ച ഒരു നാട്ടുകാരണവരുടെ പല്ലില്ലാത്ത വായിലൂടെ കാറ്റിനൊപ്പം കമന്റ് വന്നു . ഇതുകേട്ട് സ്ഥലത്തുണ്ടായിരുന്ന ചില രസികന്മാർ  തിരിച്ചടിച്ചു, ''തെങ്ങ് കയറാന്‍ ആള് വന്നിട്ട് മാസം ആറായി. ഇനി ഈ ചേച്ചിമാർ  വന്നു തേങ്ങയിട്ടു തരും. ചുമ്മാതിരി അപ്പൂപ്പാ.''

പിറ്റേന്നു മുതൽ ഉണ്ണിയാർച്ച ആ ഗ്രാമത്തിന്റെ സ്വന്തം തെങ്ങു കയറ്റക്കാരിയായി. പശുവിനെ പരിപാലിക്കും പോലെ സ്നേഹത്തോടെ അവൾ അന്നാട്ടിലെ ഓരോ തെങ്ങിനെയും പരിപാലിച്ചു. തേങ്ങയിടുക മാത്രമല്ല തെങ്ങിന്റെ മണ്ട വൃത്തിയാക്കലും കൂടി ചെയ്തേ ഉണ്ണിയാർച്ച താഴെയിറങ്ങൂ. ചെള്ളിന്റെ ശല്യമുള്ള തെങ്ങുകളിൽ വേണ്ടവർക്ക് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ വേറെന്തെങ്കിലും മരുന്നോ ഒരുക്കി വച്ചാൽ അതും അവൾ മടികൂടാതെ ഇട്ടു കൊടുക്കും. ഒരിക്കൽ വിളിച്ചവർ പിന്നെ അവളെ മാത്രമേ വിളിക്കൂ. ഇതിനിടയിൽ അവൾ സൈക്കിൾ ചവിട്ടാനും പഠിച്ചു. 

തെങ്ങു കയറ്റ യന്ത്രവും സൈക്കിളിന്റെ പുറകിൽ വച്ചു ചുണ്ടിലൊരു പുഞ്ചിരിയുമായി സൈക്കിളിൽ പോകുന്ന ഉണ്ണിയാർച്ച ആ ഗ്രാമത്തിന്റെ ഐശ്വര്യമാണിപ്പോൾ. ഉണ്ണിയാർച്ച ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. ജീവിതമാകുന്ന അങ്കക്കളരിയിൽ ഉടുമുണ്ടു മുറുക്കിയുടുത്തു ജീവിതപ്രാരാബ്ധങ്ങളോടു പടവെട്ടിത്തളർന്നു, പതിനെട്ടാമത്തെ അടവു പുറത്തെടുത്ത അഭിനവ ഉണ്ണിയാർച്ച ഇന്നു നാടിന്റെ കണ്ണിലുണ്ണിയാണ്. അതോടൊപ്പം അവളുടെ സ്വപ്‌നങ്ങൾ ഓരോന്നായി പൂവണിഞ്ഞുകൊണ്ടിരിക്കുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ