mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathy P)

എനിക്കുമുണ്ടായിരുന്നു ഓർമ്മകളാൽ സമൃദ്ധമായ ഒരു ബാല്യകാലം. കിളികൾക്കും തുമ്പികൾക്കും പിറകെ നടന്ന, ആട്ടിൻകുട്ടിക്കും പശുക്കുട്ടിക്കുമൊപ്പം തുള്ളിക്കളിച്ച,  അപ്പൂപ്പൻതാടിക്കൊപ്പം പറന്നു നടന്ന, തോട്ടിൽ നീന്തിക്കുളിച്ച, തോർത്തിൽ  പരൽമീൻ പിടിച്ച, ചക്കയും മാങ്ങയും സമൃദ്ധമായ, പുസ്തകത്താളിലെ മയിൽ‌പ്പീലി പ്രസവിക്കുന്നതും കാത്തിരുന്ന, മഷിത്തണ്ട് കൊണ്ട് സ്ളേറ്റു മായ്ച്ച, വളപ്പൊട്ടുകൾ സൂക്ഷിച്ചു വച്ച, മൂന്നുകിലോമീറ്ററോളം സ്കൂളിലേക്ക് കാൽനടയായി കൂട്ടുകാർക്കൊപ്പം നടന്നു കയറിയ  മറക്കാനാവാത്ത ഒരു ബാല്യകാലം.

വീടും വീടിനുമുന്നിൽ അത്യാവശ്യം വലുപ്പമുള്ള ഒരു തോട്, കനാൽ എന്നാണവിടെ ഞങ്ങൾ പറയാറുള്ളത്. പുറകിൽ വിശാലമായ പറമ്പ്. വീടിനിടത്തുവശം റോഡാണ്. വലതുവശത്തു വിശാലമായ പറമ്പാണ്.

ഞങ്ങൾ നാലുപേർ, മൂത്തത് ചേട്ടൻ, ഇളയത് ഞാൻ. ഇടയിൽ രണ്ടു ചേച്ചിമാർ. റോഡിനപ്പുറം തെക്കേ വീട്ടിൽ മൂന്നുപേർ, മൂത്തത് പെണ്ണ് പിന്നെ രണ്ടാണ്. തോടിനപ്പുറം പടിഞ്ഞാറെ വീട്ടിലും മൂന്നുപേർ, മൂന്നും പെൺകുട്ടികൾ.  വടക്കേ വീട്ടിൽ ഒരാളെയുള്ളൂ, ഒരു പെൺകുട്ടി. വെക്കേഷൻ ആവുമ്പോൾ അവിടെ രണ്ടുപേർ കൂടി വരും, ഒരാൺ കുട്ടിയും ഒരു പെൺ കുട്ടിയും.

കളിക്കാൻ കൂട്ടുകാർ ഇത്രയൊക്കെ ധാരാളം. വേനലവധിക്കാലം സ്കൂളില്ല എന്നത് മാത്രമല്ല സന്തോഷം തരുന്ന വസ്തുതകൾ.

വിഷു വരുന്നതും മാങ്ങയും ചക്കയുമൊക്കെ ധാരാളം ഉണ്ടാകുന്നതും അക്കാലത്താണല്ലോ. ഞങ്ങളുടെ വീട്ടിൽ നിന്നും അധികം അകലെയല്ലാതെയാണ് മല. അവിടെ നിന്നും ഓടപ്പഴങ്ങളും കാട്ടു ഞാവൽ പഴങ്ങളും ഞങ്ങളെത്തേടി വരാറുണ്ട്.

അത്യാവശ്യം കുറുക്കൻ,  മുയൽ,  ഉടുമ്പ് ഉറുമ്പുതീനി എന്നറിയപ്പെടുന്ന ഈനാം പേച്ചി, കുരങ്ങ് മുതലായവയും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്.

പിന്നെ പലതരം പക്ഷികളും. വിത്തും കൈക്കോട്ടും പാടുന്ന ദേശാടനപ്പക്ഷി, നീണ്ട വാലുള്ള സ്വർഗ്ഗവാതിൽ പക്ഷിയൊക്കെ വിരുന്നെത്താറുണ്ട്.

ഇറയത്തു തൂക്കിയ കണ്ണാടിയിൽ ചന്തം നോക്കാൻ വരുന്ന ഒരു ജോഡി സൂചിമുഖിപ്പക്ഷികളുണ്ടായിരുന്നു.  മുറ്റത്തെ പടർന്നു പന്തലിച്ച  ചെമ്പരത്തിയിലെ പൂക്കളിൽ നിന്നും വയറു നിറയെ തേൻ കുടിച്ചു കണ്ണാടിയുടെ വക്കത്തിരുന്നുള്ള കളി കാണാൻ ഞങ്ങൾ ഒളിച്ചു നോക്കുമായിരുന്നു.

അന്നൊക്കെ ആരും കുട്ടികളെ വീടിനകത്തു പൂട്ടിയിടുന്ന പതിവില്ല. ടീവിയോ മൊബൈൽ ഫോണോ ഇല്ലാത്ത കാലം. കുട്ടികൾ കൂട്ടുകാരൊത്തു കളിച്ചു നടക്കും. നേരാനേരം ഭക്ഷണ സമയത്ത് വീട്ടിലെത്തിയാൽ മതി. 

എല്ലാ വീടുകളിൽ നിന്നും അദൃശ്യമായ ഒരു സംരക്ഷണം നാമറിയാതെ നമുക്ക് കിട്ടിക്കൊണ്ടിരുന്നു അന്ന്. ഇന്നത്തെ പോലെ കുട്ടികളെ തട്ടിക്കൊണ്ടുപ്പോക്കൊന്നും അന്ന് കേട്ടുകേൾവിപോലുമില്ല. ഓരോ മക്കളും എല്ലാവരുടേതുമാണ്. സ്വന്തമായാലും അയല്പക്കത്തെ ആയാലും.

മിക്കവാറും ഈ പറഞ്ഞ കൂട്ടുകാരുമൊത്തുള്ള കളികളാണ് കൂടുതൽ.

ആൺകുട്ടികൾ ഗോലിയും ഓലപ്പന്തും കുട്ടിയും കോലുമൊക്കെ കളിക്കുമ്പോൾ പെൺകുട്ടികൾ വട്ടുകളി (മേടാസ്) jപെട്ടിയും മേശയും കല്ലുകളി, വീടുവച്ചു കളിയൊക്കെ യാണ്. എല്ലാവരും ഒരുമിച്ചു കളിക്കുമ്പോൾ അമ്പസ്താനി. കള്ളനും പോലീസും ഒക്കെയാണ് കളികൾ.

കളികഴിഞ്ഞാൽ പിന്നെ ഒരു രണ്ടുമണിക്കൂർ തോട്ടിലെ കുളിയാണ്. നീന്താൻ അറിയാത്തവർ കാണില്ല. പിന്നെ സന്ധ്യയാവുമ്പോൾ വടിയുമായി വീട്ടിൽ നിന്നാള് വരുമ്പോഴാണ് കുളിച്ചു കയറുന്നത്.

വെക്കേഷനാവുമ്പോൾ കുട്ടികൾ അമ്മവീട്ടിലും അച്ഛൻ വീട്ടിലുമൊക്കെ പോകുമല്ലോ. അങ്ങനെ കളിക്കാൻ മറ്റാരും ഇല്ലാതിരുന്ന ഒരു ദിവസം ഞങ്ങൾ നാലും കൂടി ഒപ്പിച്ച ഒരു രസകരമായ സംഭവം  പറയാം.

വീടിനു പുറകിൽ തട്ട് തട്ടായി തിരിച്ച ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഇല്ലാത്ത കൃഷികളൊന്നും അന്നില്ലായിരുന്നു. ഞാറ്റുവേലകൾക്കനുസരിച്ച് മാറിവരുന്ന ഇനങ്ങൾ. പയർ, ഉഴുന്ന്,മുതിര,എള്ള്, കൂർക്ക,കപ്പ, ചെറുകിഴങ്ങ്, ചേമ്പ്, ചേന മധുരച്ചേമ്പ്, കപ്പലണ്ടി അങ്ങിനെ പലതരം. പിന്നെ മുകളിലേക്ക് പോകും തോറും ഒഴിഞ്ഞ ഞാറ്റുപാടമാണ്. ഞാറു നടുന്ന കണ്ടങ്ങൾ. അതിന്റെ അതിരിൽ പഞ്ഞി മരങ്ങൾ. കൊന്ന മരങ്ങൾ ഇവയൊക്കെയാണ്. അതിനുമപ്പുറമാണ് നാട്ടുമാവുകളും കശുമാവുകളും. അതാണ് ഞങ്ങളുടെ വിഹാര കേന്ദ്രം.

ഊണ് കഴിഞ്ഞാൽ ഉച്ചക്കുറങ്ങുന്ന പതിവുണ്ട് അച്ഛന്. ആ സമയം ഞങ്ങൾ ബഹളമുണ്ടാക്കിയാൽ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് വന്നാൽ അച്ഛന്റെ കൈയിൽ നിന്ന് നല്ലത് കിട്ടും. അതുകൊണ്ട് തന്നെ ആ സമയം ഞങ്ങൾ കളിക്കാൻ പോകുന്നത് എല്ലാവർക്കും ആശ്വാസമാണ്.

അടിക്കുന്ന സ്വഭാവം അച്ഛനും അമ്മയ്ക്കും കുറവാണ്. അമ്മക്ക് വടി പ്രയോഗം ഇല്ല. പദ പ്രയോഗങ്ങളാണ്. അസത്ത്, കൊരങ്ങ്, അശ്രീകരം. അത്രയിലൊതുങ്ങും.

അച്ഛൻ സാധാരണ ഗതിയിൽ അടിക്കാറില്ല. പിന്നെ ചിലപ്പോഴൊക്കെ ഞങ്ങളുടെ കുസൃതികൾ കൂട്ടത്തിലൊരാൾ കനാലിലൊഴുകിപ്പോകുന്ന അവസ്‌ഥയിലൊക്കെ എത്തുമ്പോൾ കിട്ടുന്ന ശിക്ഷ ജീവിതത്തിൽ മറക്കാത്തതായിരിക്കും.

കൈയിൽ കിട്ടിയ വേലിപ്പത്തൽ കൊണ്ടായിരുന്നു മൂത്തവനായ എല്ലാവരുടെയും കണ്ണിലുണ്ണിയായ ഏട്ടനന്നു കിട്ടിയ പ്രഹരം. കുട്ടികളെ നീയല്ലേ നോക്കേണ്ടതെന്ന ഡയലോഗും. ഏട്ടന് അടികിട്ടിയാലും വേദനിച്ചിരുന്നത് ഞങ്ങൾക്കായിരുന്നു. അതുകൊണ്ട് തന്നെ അത്തരം അവസരങ്ങൾ ഉണ്ടാകാതിരിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.

അപ്പോൾ പറഞ്ഞു വന്നത് അങ്ങനെ ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ സമയം. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ഉറക്കം പിടിച്ച സമയം. കളിക്കാൻ അന്നാരും എത്തിയില്ല.

നിറയെ കായ്ച്ചു നിൽക്കുന്ന കശുമാവുകൾ ലക്ഷ്യം വച്ചായിരുന്നു അന്നത്തെ യാത്ര. പച്ചക്കശുവണ്ടി മുറിച്ച് അതിന്റെ പരിപ്പ് കശുമാവിന്റെ തന്നെ തളിരില കൂട്ടി തിന്നുന്ന ഒരു പരിപാടി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. നല്ല വിലകിട്ടുന്ന സാധനം ആയതിനാൽ കാരണവന്മാരുടെ സമ്മതം അതിനില്ല. അപ്പോഴാണെങ്കിൽ അവർ നല്ല ഉറക്കം.

ചേട്ടന്റെ കൈയിൽ ചെറിയൊരു തോട്ടിയും ചേച്ചിമാരുടെ കൈയിൽ കത്തിയും ഒരു തുണിയുമൊക്കെയായി ഞങ്ങൾ നാൽവർ സംഘം ദൗത്യമാരംഭിച്ചു. ഈ കശുവണ്ടി മുറിക്കുമ്പോൾ അതിൽ  എണ്ണപോലെ കാണും. അത് പൊള്ളും. അത് തുടക്കാനാണ് തുണി.

ചേട്ടൻ കശുവണ്ടി പൊട്ടിക്കുന്നു, മൂത്ത ചേച്ചി മുറിക്കുന്നു, രണ്ടാമത്തെ ചേച്ചി തുടക്കുന്നു, ഞാൻ കാഴ്ച്ചക്കാരിയും തീറ്റക്കാരിയും. തീറ്റക്ക് അന്നേ മുന്നിലാണ്. അങ്ങനെ ഊഴം അനുസരിച്ചു തീറ്റയും പണിയുമൊക്കെ മുറക്ക് നടക്കുന്നുണ്ട്. ഈ കശുമാങ്ങാ പലതരമുണ്ട്. ചുവന്ന നീളത്തിലുള്ള മാങ്ങാ, ഉരുണ്ടത്, അതുപോലെ മഞ്ഞ നിറത്തിലുള്ളത് ചുവന്ന നിറത്തിൽ നീണ്ടതും തുടുത്തതുമൊക്കെ. കശുവണ്ടിയുടെ വലുപ്പത്തിലും കാണും ഈ വ്യത്യാസം. തിന്നു തിന്നു രസം പിടിച്ചപ്പോൾ കുറച്ചു വലിയത് നോക്കി പൊട്ടിക്കാം എന്നൊരഭിപ്രായം തലപൊക്കി. അങ്ങിനെ ചേട്ടൻ ഏന്തി വലിഞ്ഞു ഒരു കുലയിൽ പിടുത്തമിട്ടു. ഒറ്റ വലി. ആ വലിയുടെ ആക്കത്തിൽ അതിൽ നിന്നൊരു വലുത് മൂത്ത ചേച്ചിയുടെ നെറ്റിയിൽ തന്നെ ചെന്നു കൊണ്ടു. കൊണ്ടതും ചേച്ചി ചക്ക വെട്ടിയിട്ടതു  പോലെ ഒറ്റ വീഴ്ച്ച.

ഞങ്ങളാകെ പരിഭ്രമിച്ചു. മാറി മാറി ഞങ്ങൾ കുറേ വിളിച്ചിട്ടും. തോണ്ടി വിളിച്ചിട്ടുമൊന്നും ചേച്ചി എണീക്കുന്നില്ല.  ഞങ്ങൾക്ക് പേടിയായി. അവൾ മരിച്ചു എന്ന് ഞങ്ങൾ ഉറപ്പിച്ചു. ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു.

ഞാനും ചെറിയ ചേച്ചിയും കരയാൻ തുടങ്ങിയിരുന്നു. ഇനിയെന്ത് ചെയ്യും. ഞങ്ങളാണ് കൊന്നതെന്ന് വരാതിരിക്കാൻ വേണ്ടി ചേട്ടൻ ഒരുപായം കണ്ടുപിടിച്ചു.  തോട്ടി അവളുടെ ദേഹത്ത് വച്ചു ഞങ്ങൾ പ്രാണനും കൊണ്ടോടി. കാണുന്നവർ തോട്ടി വീണു മരിച്ചതാണെന്ന് കരുതിക്കോട്ടെ.

പേടികൊണ്ടും സങ്കടം കൊണ്ടും അവശരായ ഞങ്ങൾ മൂവരും ഞങ്ങളുടെ സ്ഥിരം കളിസ്ഥലമായ തെക്കേ മുറ്റത്തെ പടർന്നു പന്തലിച്ച പുളിമരച്ചോട്ടിൽ വന്നിരുന്നു കരയാൻ തുടങ്ങി.

പെട്ടെന്നാണ്, മൂന്നു കരച്ചിലുകളല്ല ഞങ്ങൾ കേൾക്കുന്നത്, നാലുണ്ട്. തിരിഞ്ഞു നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി, മരിച്ചുപോയ ചേച്ചി ഞങ്ങൾക്കൊപ്പമിരുന്നു കരയുന്നു.

"ഒറ്റക്കെന്നെ അവിടെയിട്ടു പോന്നില്ലേ?" എന്നു  പറഞ്ഞാണ് കരച്ചിൽ.

ഞങ്ങളെ പറ്റിക്കാൻ വേണ്ടി അവൾ മരിച്ചതുപോലെ കിടന്നതാണ് പോലും. എന്തായാലും അവൾ മരിച്ചില്ലല്ലോ. ആ സന്തോഷത്തിൽ ബാക്കിയുള്ള പൊട്ടിച്ചു വച്ച കശുവണ്ടികൾ കൂടി ഞങ്ങൾ അകത്താക്കി. എടുത്ത സാധനങ്ങളെല്ലാം എടുത്തിടത്തു തന്നെ ഭദ്രമായി കൊണ്ട് വച്ചു ഒന്നുമറിയാത്തതുപോലെ ഞങ്ങൾ തോട്ടിൽ ചാടി. 

ഇപ്പോഴും ഞങ്ങളൊത്തുകൂടുമ്പോൾ പറഞ്ഞു ചിരിക്കാറുള്ള കഥകളിൽ ഒന്നാണീ  തോട്ടിവീണു  മരിച്ച കഥ.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ