(Jinesh Malayath)
ശങ്കരൻ നായരുടെ എഴുപതാം പിറന്നാളാണ് അടുത്ത മാസം. സപ്തതി എങ്ങനെ ആഘോഷിക്കണമെന്നത് കുടുംബ ഗ്രൂപ്പിൽ ആദ്യമായി ചർച്ചക്കിട്ടത് ഇളയ മകനും ഗ്രൂപ്പിന്റെ അഡ്മിനുമായ വിനുവാണ്. ആറു മക്കളാണ് ശങ്കരൻ നായർക്ക്. എല്ലാവരും തറവാടിന്റെ മഹിമ വ്യാപിപ്പിക്കാണെന്ന വണ്ണം പലയിടങ്ങളിലായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. എഴുപതിലും മുപ്പതിന്റെ ചെറുപ്പവുമായി നായരും ഭാര്യയും മാത്രം നാട്ടിലും.
അങ്ങനെ ചർച്ചകൾ പുരോഗമിക്കാൻ തുടങ്ങി.സപ്തതി ഗംഭീരമായി ആഘോഷിക്കണമെന്ന പെണ്മക്കളുടെ അഭിപ്രായം പേരക്കുട്ടികൾ ശബ്ദവോട്ടോടെ പാസാക്കി.ഗാംഭീര്യം ഇത്തിരി കുറച്ചാലോയെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷത്തെ ഭയന്ന് പുരുഷകേസരികൾ നിഷ്‌ക്രിയത്വം പാലിച്ചു.
പുരുഷന്മാർ ചർച്ച തുടങ്ങി.ഫണ്ട് എങ്ങനെയെങ്കിലും ഒപ്പിക്കാം.പക്ഷെ ആര് മുന്നിട്ടിറങ്ങും?അതോടെ എല്ലാവരും അംബാനിയേക്കാൾ തിരക്കുള്ളവരായി മാറി.ഒഴികഴിവുകൾ അതിന്റെ എല്ലാ ഭാവതീവ്രതയോടും കൂടെ ഗ്രൂപ്പിലാകെ പാറിക്കളിച്ചു.സീരിയലുകളെ വെല്ലുന്ന ഗദ്ഗദങ്ങളും മുറുമുറുപ്പുകളും നിറഞ്ഞു.
ഒടുവിൽ സഹികെട്ട് ശങ്കരൻ നായർ തന്നെ ഒരു പോംവഴി കണ്ടുപിടിച്ചു."ഞാനെന്തായാലും ഇവിടെ വെറുതെ ഇരിക്കുകയല്ലേ.എല്ലാ കാര്യവും ഞാൻ നോക്കാം"ഉള്ളിൽ ലഡ്ഡു പൊട്ടിയെങ്കിലും എല്ലാവരും അച്ഛന്റെ ബുദ്ധിമുട്ടിൽ വേവലാതി പൂണ്ടു.അച്ഛന്റെ തനി സ്വഭാവം അറിയുന്നതിനാൽ ആരും അമിത ഭാവാഭിനയത്തിനൊന്നും മുതിർന്നില്ല.പക്ഷേ ശങ്കരൻ നായർ തീർത്തു പറഞ്ഞു."ഈ കാര്യത്തിനായി ആരും ബുദ്ധിമുട്ടേണ്ട,പരിപാടികൾ മുഴുവൻ ഇവന്റ് മാനേജ്‌മെന്റിനെ ഏല്പിക്കാം. എന്റെ സഹായത്തിന് മാത്തുകുട്ടിയും നാണുവുമുണ്ട്. അത്രമതി.പണം ഒരാഴ്ച മുൻപേ എനിക്കെത്തിച്ചു തരണം.എല്ലാവരും തലേ ദിവസം മാത്രം ഇവിടെ എത്തിയാൽ മതി".എല്ലാവർക്കും നൂറു സമ്മതം.
അങ്ങനെ തയ്യാറെടുപ്പുകൾ തുടങ്ങി.ആദ്യം തന്നെ സപ്തതി ആഘോഷങ്ങൾക്ക് മാത്രമായി എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് തുടങ്ങി.സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാനും കുപ്പികളുടെ എണ്ണം കണക്കാക്കാനുമായി ആണുങ്ങൾ മാത്രം ഒരു ഗ്രൂപ്പ് വേറെ തുടങ്ങി.ഡ്രസ് കോഡിന്റെയും ആഭരണങ്ങളുടെയും മേക്കപ്പിന്റെയും മറ്റും കാര്യങ്ങൾക്കായി സ്ത്രീകൾ മറ്റൊരു ഗ്രൂപ്പും അന്ന് അവതരിപ്പിക്കേണ്ട കലാപരിപാടികളുടെയും റിഹേഴ്സലിന്റെയും വിശദമായ ചർച്ചയ്ക്കായി കുട്ടികൾ വേറൊരു ഗ്രൂപ്പും തുടങ്ങി.
ചർച്ചകൾ പൊടിപിടിച്ചു.അച്ഛൻ അയച്ചുകൊടുത്ത കൊട്ടേഷനുകളിന്മേലുള്ള ചർച്ചയും ഓരോരുത്തരുടെ പ്രാധാന്യമനുസരിച്ചുള്ള വിഹിത ചർച്ചയും പെട്ടന്ന് തീർന്നെങ്കിലും കുപ്പികളുടെ എണ്ണത്തിൽ തീരുമാനമെടുക്കാനാവാതെ ചർച്ചകൾ പലവട്ടം മാറ്റിവെക്കപ്പെട്ടു.
ഇതിലും കഷ്ടമായിരുന്നു സ്ത്രീകളുടെ അവസ്‌ഥ!പത്തു സ്ത്രീകൾക്ക് നൂറു അഭിപ്രായവുമായി ഡ്രസ്‌കോഡ് അങ്ങനെ കിടന്നു.ഓൺലൈൻ തുണിക്കച്ചവടത്തിൽ അക്കൗണ്ടുള്ള ഇളയ മകൾ അതൊരു അനുകൂലസാഹചര്യമായി കണ്ട് സെലക്ഷനുകളുടെ ഒരു മായിക പ്രപഞ്ചം തന്നെ ഗ്രൂപ്പിൽ സൃഷ്ടിച്ചു.ഡ്രസ് കോഡ് അവിടെ കിടന്നെങ്കിലും മറ്റുള്ള ഡ്രെസ്സുകളിൽ നല്ല ബിസിനസ് തന്നെ നടന്നു.ഗൾഫിലുള്ള നാത്തൂന്റെ തിരിപ്പൻ മുടി ഒരു കീറാമുട്ടിയായെങ്കിലും ഒടുവിൽ നാട്ടിലുള്ള വലിയമ്മ ആ ബാധ്യത ഏറ്റെടുത്തു.
കുട്ടികൾ ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളുമായി അവരുടെ ഒരു ലോകം തന്നെ ഗ്രൂപ്പിൽ സൃഷ്ടിച്ചു.
നാളെയാണ് സപ്തതി!ഓരോരുത്തരായി തറവാട്ടിലെത്തിതുടങ്ങി.പന്തലും കസേരകളും പോയിട്ട് ഒരു കുറ്റി പോലും മുറ്റത്തെങ്ങും കാണാനില്ല!ഇനി ദിവസമെങ്ങാനും മാറിപ്പോയോ?മക്കളുടെ അങ്കലാപ്പ് ശങ്കരൻ നായർ ശ്രദ്ധിച്ചു."ഇവിടെ എല്ലാവർക്കും ആഘോഷിക്കാനും മറ്റും സൗകര്യമില്ല എന്നും പറഞ്ഞ് ഈവെന്റുകാർ പരിപാടികൾ മുഴുവൻ ഒരു റിസോർട്ടിലേക്ക് മാറ്റി.എല്ലാവർക്കും അങ്ങോട്ട് പോവാനുള്ള വണ്ടി രാവിലെ ഒമ്പതിന് തന്നെ എത്തും."നായർ പറഞ്ഞു.
എല്ലാവരും നേരത്തേ തന്നെ കിടന്ന് പുലർച്ചക്ക് എഴുന്നേറ്റ് മേക്കപ്പ് തുടങ്ങി.ഒൻപതുമണിക്ക് തന്നെ ബസ് എത്തി.സ്ത്രീകൾ കയറുന്നതിന് മുമ്പ് തന്നെ അളിയൻ കുപ്പികളെല്ലാം ഭദ്രമായി സീറ്റുകൾക്കടിയിൽ പ്രതിഷ്ഠിച്ചു.
കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവർ സ്ഥലത്തെത്തി. എല്ലാവരും കവാടത്തിലെ ബോർഡ് നോക്കി.എന്തോ ഒരു വശപ്പിശക് പോലെ!കൂട്ടത്തിലെ കുഞ്ഞിമോൾ ആ ബോർഡ് ഉറക്കെ വായിച്ചു."ശരണാലയ അനാഥമന്ദിരം"
പകച്ചു പോയ കുടുംബാംഗങ്ങളെ നോക്കി നായരും ഭാര്യയും ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു."നിങ്ങളുടെയെല്ലാം കല്യാണവും പിറന്നാളും മറ്റുമായി നാം ഒരുപാട് ആഘോഷിച്ചു.ഇത് നമുക്ക് ഈ പിഞ്ചുകുഞ്ഞുങ്ങളുടെയും ആരോരുമില്ലാത്ത വൃദ്ധരുടെയും കൂടെ അവരിലൊരാളായി ആഘോഷിക്കാം. ഇതാണ് ഞങ്ങളുടെ ആഗ്രഹവും തീരുമാനവും. അതിന്റെ പുണ്യം നിങ്ങൾക്കൊരോരുത്തർക്കും ലഭിക്കട്ടെ". നിശ്ശബ്ദരായ അവരിൽ നിന്ന് ഒരു പിഞ്ചുശബ്ദം ഉയർന്നു."അപ്പോ ഞങ്ങൾ ഇത്രേം ദിവസം പഠിച്ച പാട്ടും ഡാൻസുമൊക്കെയോ മുത്തശ്ശാ?"
ശങ്കരൻ നായർ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു."നിങ്ങൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച കാഴ്ചക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ മുൻപിലാണ് നിങ്ങൾ ആടേണ്ടത്, പാടേണ്ടത്."
അപ്പോളും ഒരു ചോദ്യം അവിടെ ശബ്ദം നഷ്ടപ്പെട്ട് നിസ്സഹായതയോടെ കറങ്ങിത്തിരിയുന്നുണ്ടായിരുന്നു.
"അപ്പോ ഞങ്ങടെ കുപ്പികളോ?"