മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭൂരുഹത്തിന്റെ വയറു കീറി അതിലെ മഞ്ജയും, മാംസവും ശേഖരിച്ച് ടാറിട്ട പാതയിലൂടെ പൊടി പറത്തി  വരികയും, പോവുകയും ചെയ്യുന്ന ടിപ്പര്‍ ലോറികൾ കണ്ടപ്പോള്‍ സുഗുണന്റെ കണ്ണുകൾ കലങ്ങി.

അതിനു പിറകെ തുമ്പിക്കൈ പോലെ ആട്ടി വരുന്ന ജെ.സി ബി യെ കണ്ടപ്പോൾ സൈഡിലേക്ക് ഒന്നു കൂടെ ഒതുങ്ങി മാറി നിന്നു. അതിന്റെ കൈ എങ്ങാൻ തട്ടിയാൽ തീർന്നു. താഴെയുള്ള ആഴമേറിയ കലുങ്കിൽ വീണിട്ടാവും പിന്നെ തന്റെ അന്ത്യം.

നീർച്ചുഴിയുടെ ഗര്‍ഭാശയത്തില്‍ നിന്ന് കുഴിച്ചെടുക്കുന്ന മണ്ണിനു വേണ്ടിയുള്ള പരക്കം പാച്ചിലാണത്. ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരിക്കും അതിന്റെ കൂറ്റൻ ചക്രങ്ങൾക്കു കീഴിൽ പൊലിഞ്ഞു തീർന്നിട്ടുണ്ടാവുക!.

ചെഞ്ചായം കലർന്ന പാതയോരങ്ങൾക്കരികിലായി പടര്‍ന്നു പന്തലിച്ച ആൽമരവും  വാകമരങ്ങളും തലയുയർത്തി നിൽപ്പുണ്ട്. പ്രണയത്തിന്റെയോ, ഭൂമിയുടെ ശോചനീയാവസ്ഥയുടെ നെടുവീർപ്പു കൊണ്ടോ ചുവപ്പു രാശി ചൂടിയ വാകമരം പൂത്തുലഞ്ഞു നിൽക്കുന്നു.      പൂജയ്ക്കെടുക്കാത്ത പൂക്കളുമേന്തി നിൽക്കുന്ന വാകമരത്തിലും, ചരിത്രങ്ങൾ പറയുന്ന ആൽ മരത്തിനു മേലെയും മാനിഷാദന്റെ കടാക്ഷം വീണിട്ടില്ലാത്തതു കൊണ്ട് തണല്‍മരമെന്ന പേരു ചൂടി അവ രണ്ടും അവിടെ നില കൊള്ളുന്നു.  

ജീവിതത്തിന്റെ തിരക്കുപിടിച്ച പരക്കംപാച്ചിലിനിടയിൽ പ്രകൃതി അമൂല്യമായി കാത്തു വച്ച പലതിനും കൈമോശം വന്നിരിക്കുന്നു അല്ലെങ്കിൽ നഷ്ടപ്പെടുത്തിയിരിക്കുന്നു.  അത് തിരിച്ചുപിടിക്കാനുള്ള പാഴ്ശ്രമം.

അമ്പതു സെൻറ് തരിശ് പാറയാണ്. ജീവൻ വെടിയുമ്പോൾ അച്ഛന്‍ അവനായി കരുതി വച്ചിരുന്ന ഏക സമ്പാദ്യം. ആയ കാലത്ത് ഭൂമിയുടെ ഉള്ളറ തുരന്ന് കൽ പണയുടെ സ്മാരകം നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു. അമിതമായ പാറ പൊടി ശ്വാസനാളത്തിന്റെ കോശജ്വലനത്തിനെ ത്വരിതപ്പെടുത്തുകയും പതിയെ പതിയെ ആസ്മ രോഗിയിലേക്ക് പ്രയാണം ചെയ്യപ്പെടുകയും ചെയ്ത അച്ഛന്റെ മുഖം അവൻ്റെ മനസിൽ തെളിഞ്ഞു. ആസ്മ മൂർച്ഛിച്ച് തുലാവർഷ പെയ്ത്തിൽ പിന്നിത്തുടങ്ങിയ പഴയ ആധാരത്തിന്റെ കെട്ടെടുത്ത് കയ്യിൽ വച്ചു കൊടുക്കുമ്പോൾ അച്ഛൻ പറഞ്ഞു.

"നമ്മുടെ തരിശുനിലത്തിന്റെ ആധാരാ ഇത്! എന്താന്ന് വെച്ചാ നോക്കീം കണ്ടും ചെയ്തോളീ... ഇതല്ലാതെ നെനക്കു തരാന്‍ ന്റെ കയ്യില്‍ ഒന്നുല്ല്യ…" അത് കൈയേൽക്കുമ്പോൾ അവൻ്റെ മനസു നിറയെ ആധി ആയിരുന്നു. കുടുംബത്തിന്റെ തണൽമരം നഷ്ടപ്പെട്ടതിനു ശേഷമാണ്  ജീവിതത്തിന്റെ പച്ചപ്പ് തേടി ഇറങ്ങാൻ തീരുമാനിച്ചത്.

കയ്യിലുള്ള നാട്യശാസ്ത്രത്തിന്റെ അഹങ്കാരത്തിൽ നാട്ടിൽ തന്നെ ഒരു കലാക്ഷേത്രം തുടങ്ങുകയും അതിലൂടെ അമ്മയ്ക്കും, അമ്മൂമ്മയ്ക്കും, പ്രായമായ അനിയത്തിമാർക്കും, ഒരു നെടുംതൂണായ് മാറാൻ അവന് അധികം താമസം നേരിടേണ്ടി വന്നില്ല. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞ പോലെ ലോകം മൊത്തം പടർന്ന കൊറോണ അവന്റെ ജീവിതത്തിലും കരിനിഴൽ വീഴ്ത്തി. സമൂഹ വ്യാപനം തടയുന്നതിന്റെ ഫലമായി,സ്കൂളുകളും, കലാകേന്ദ്രങ്ങളും, മറ്റും അടച്ചിടലിലേക്ക് വഴിമാറി. ജീവിതത്തിൽ നിന്ന് ഒഴിയാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത നിസ്സഹായതയുടെ പ്രതിസന്ധി! അതോര്‍ത്തപ്പോള്‍ സുഗുണന്റെ ഉള്ളൊന്നാളി. എത്രനാള്‍ അവനു പിടിച്ചു നില്‍ക്കാനാകും? എല്ലാ വിരുദ്ധ ശക്തികളും കൂടെ അവനെ  വൈതരണികളത്തിലേക്ക് വലിച്ചെറിഞ്ഞതു പോലെ?.

ജീവിതമാകെ ദുരിതക്കയത്തിലേക്ക് വഴിമാറി.

ഒരു ജോലിക്ക് പലരുടെയും മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്ന ഹതഭാഗ്യന്റെ നിഴൽ ചിത്രം. രാവുകളിൽ മേൽക്കൂരയില്ലാത്ത വാനം നോക്കി കിടക്കുമ്പോൾ അനിയത്തി കുട്ടികൾ മുന്നോട്ട് വെച്ചൊരുകാര്യം. അമ്പത് സെന്റ് !!"പാറപ്പുറത്ത് കൊറച്ച് മണ്ണെറക്കിയാ... നമ്മക്കത് നല്ല ഒന്നാന്തരം കൃഷിഭൂമി ആക്കി എട്ത്തൂടെ ഏട്ടാ...?''പ്രതീക്ഷ ജ്വലിക്കുന്ന ചോദ്യം. ഉത്തരം പറയാതെ നെടുനീളൻ ചിന്തയിൽ ഏർപ്പെട്ടു. അന്ന് കിട്ടിയ തരിശുനിലത്തെ ഒന്നും ചെയ്യാതെ വച്ചിരിക്കുകയായിരുന്നു. അത് കണ്ട് ഉറ്റവരും, സുഹൃത്തുക്കളും ആവതും പറഞ്ഞു. കല്പണക്ക് വിട്ട് കൊടുക്കെന്ന്. ആരുടെയും വാക്ക് കേട്ടില്ല! ഉള്ളിലൊരു കമ്മ്യൂണിസ്റ്റുകാരൻ തലയുയർത്തി നിൽക്കുന്നതു കൊണ്ടാവാം!.

അങ്ങനെ അവന്റെ നിലത്തെ ഹരിതാഭമാക്കാൻ മറ്റു പലരുടെയും ഭൂമിയുടെ ഗർഭാശയം തുരന്ന് മണ്ണെടുപ്പ് തുടങ്ങി. അവിടേക്കാണ് ടിപ്പറുകൾ ശ്വാസം മുട്ടി വലിഞ്ഞ് വലിഞ്ഞ് എത്തി മണ്ണിറക്കി പോകുന്നത്. കുളം പോലെ വിശാലമായ പാറക്കുഴിയിലാണ് അവനാദ്യം മണ്ണ് നിക്ഷേപിക്കാൻ പറഞ്ഞത്. മഴ നിൽക്കുന്ന സമയത്ത് വെള്ള സംഭരണി പോലെ അതിൽ നിറയെ വെള്ളം കെട്ടിക്കിടപ്പുണ്ടാവും. പണയിലെ പണി കഴിഞ്ഞ് വരുന്നവർ അവിടെ നിന്നാണ്  അലക്കും കുളിയും. കുഴിയിൽ ഓരോ തരിമണ്ണും വന്ന് വീഴുന്നത് കണ്ടപ്പോൾ നാട്ടാര് അഭിപ്രായം പറയാൻ തുടങ്ങി.

"നെന്റെ തലക്കെന്നാ സുണാ ഓളം ഇണ്ടാ...ഈ കരിമ്പാറ പൊർത്ത് മണ്ണെർക്കി കനകമണികൾ വെളയിക്കാൻ! നല്ല പൂതിയന്നെ!"

സുഗുണൻ ആരോടും, കയർക്കാനോ അഭിപ്രായം പറയുന്നവരെ നിരുത്സാഹപ്പെടുത്താനോ നിന്നില്ല. ഭൂമിയുടെ മാറിൽ കുഴൽ കിണർ കുത്തി ജലത്തിനുള്ള വഴി കണ്ടെത്തി പുളിരസമുള്ള മണ്ണിൽ കുമ്മായപ്പൊടി വിതറി, ജെ സി ബി വെച്ച് മണ്ണ് നിരപ്പാക്കി ചാല് വെട്ടി. അമ്മയും, അനിയത്തിമാരും കൃഷിയിടത്തിലെല്ലാം ഉറ്റ തുണയായി.

ദീര്‍ഘനാളത്തെ കഠിനമായ അദ്ധ്വാനത്തിനും പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിനും ഒടുവില്‍ വിയര്‍പ്പിന്റെ വിലയായി കനകമണികള്‍ വിളഞ്ഞ് വിളനിലം സ്വർണ്ണാഭമായി!! ഉറ്റവരും, നാട്ടുകാരും മൂക്കത്ത് വിരൽ ചേർത്തു.

കൃഷി അവന് അനുഗ്രഹം ചൊരിഞ്ഞു. പെങ്ങൻമാരെ നല്ല നിലയിൽ കെട്ടിച്ചയച്ചു. അമ്മയുടെ മരണത്തോടെ  കറ്റ കൂട്ടാനും മെതിക്കാനും ഉണക്കാനും നിലം തല്ലി നിരപ്പാക്കി ചാണകം മെഴുകിയ കളത്തിലിരുന്ന് ജീവിതത്തെക്കുറിച്ച്  അതിരില്ലാത്ത സ്വപ്നങ്ങള്‍ കാണാനും  അവന് തുണയായും, ഇണയായും സീതമ്മ വന്നു.

രണ്ടാം കൃഷിക്ക് ഒരുക്കങ്ങള്‍ നടത്തുന്നിതിനിടയില്‍ വീണ്ടും കൊറോണ  ശക്തി പ്രാപിക്കുന്നുവെന്ന വാർത്ത! ന്യൂസ് ചാനലും പത്രത്തിന്റെ മുൻ പേജും കയ്യടക്കാൻ തുടങ്ങിയത് കണ്ണിലുടക്കി.

കഴിഞ്ഞ ഇതേ വർഷം അവന്റെ മനസ്സിൽ തെളിഞ്ഞു.

"പൊന്നു വിളയുന്ന മണ്ണിനും മണ്ണിലധ്വാനിക്കുന്ന മനുഷ്യനും കടലാസുവില പോലുമില്ലാത്ത ഒരു ദുരിതകാലത്തിന്റെ കടന്നു വരവാണ് വരാൻ പോകുന്നതെന്ന്  അവന്റെ മനസ്സ് മന്ത്രിച്ചു". 

തരിശായി കിടക്കുന്ന ഭൂമിയെല്ലാം അവൻ പാട്ടത്തിനെടുത്തു. തുടക്കത്തിൽ നിരുത്സാഹത്തിന്റെ പട്ടം ചാർത്തി കൊടുത്തവർ. അവനോട് ചേരാൻ മത്സരിക്കാൻ തുടങ്ങി. വരാൻ പോകുന്ന കെട്ട കാലത്തിനെ പ്രതിരോധിക്കാൻ അന്യം നിന്നുപോകുന്ന കാർഷികവൃത്തി നെഞ്ചോട്‌ ചേർക്കണമെന്ന് അപ്പോഴേക്കും അവർക്കും തോന്നി തുടങ്ങിയിരുന്നു.

പൊന്‍കതിരുകൾ കാറ്റത്താടുന്നതു കണ്ട് അവർ എല്ലാ വിഷമവും മറന്നു. "ഇവിടെ വിളയുന്നത് നെല്ലല്ല  ഞങ്ങളുടെ സ്വപ്നങ്ങളാ... ജീവിത സ്വപ്നങ്ങള്‍'' എന്ന് പറഞ്ഞ് അവർ സുഗുണനെ കെട്ടിപിടിച്ചു.

കൽപ്പണകളുടെ ശവപ്പറമ്പില്‍ ഉയരുന്ന കൊടും വെയിലിന്റെ ചൂടേറ്റിട്ടോ ഉള്ളിലുള്ള സന്തോഷാഗ്നിയുടെ ബാഷ്പകണങ്ങള്‍ സാന്ദ്രീകരിച്ചിട്ടോ എന്നറിയില്ല സുഗുണന്റെ കണ്ണുകള്‍ സജലങ്ങളായി. തലയിൽ കെട്ടിയ തോർത്തെടുത്ത് സുഗുണൻ കണ്ണു തുടച്ച് ചുറ്റിലും നോക്കി. കറുത്ത കരിമ്പാറ കെട്ടുകളെല്ലാം! കണ്ണെത്താ ദൂരത്തോളം പച്ച പരവതാനി വിരിച്ചതു പോലെ നെൽപാടങ്ങള്‍ നിറഞ്ഞ  പച്ചത്തുരുത്തുകള്‍ മാത്രമായി മാറിയിരിക്കുന്നു.

ഉദയസൂര്യൻ്റെ ചുംബനത്താൽ  തിളങ്ങിയാടുന്ന കതിർക്കുലകൾ കൊയ്യേണ്ട സമയമായിരിക്കുന്നു.  നാട്ടിലെ കർഷക പ്രേമികളോടൊക്കെ സുഗുണൻ ഓടി നടന്നു ചോദിച്ചു, കൊയ്ത്തിന് വരാമോന്ന് പലർക്കും തിരക്ക് തന്നെ. ഇടതടവിട്ടുള്ള മഴ കാണുമ്പോൾ സുഗുണൻ്റെ നെഞ്ച് പൊടിഞ്ഞു. മഴ കനക്കനെ പെയ്താൽ കൃഷിയെല്ലാം വെള്ളത്തിലാകും. തന്നെ വിശ്വസിച്ച് കൂടെ ഇറങ്ങിയവരുടെ കാര്യം കൂടി കഷ്ടത്തിലാകും. പലതും ചിന്തിച്ച് മനമുരുകിയാണ് വായനശാലയിൽ ചെന്നു കയറിയത്. വായനശാലയിലെ പൊടിപിടിച്ച മാസിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് അവൻ്റെ ദൃഷ്ടിയിൽ ആ പരസ്യം പതിഞ്ഞത് കൊയ്ത്ത് യന്ത്രം! മണിക്കൂറുകൾ കൊണ്ട് നെല്ലും വൈക്കോലും വേർതിരിക്കുന്ന ആ വിശിഷ്ടയന്ത്രത്തെ കുറിച്ച് ഓർത്ത് മനോരാജ്യത്തിൽ പെട്ടപ്പോഴാണ് ലൈബ്രറിയുടെ സെക്രട്ടറി മനോജ് വന്നത്.

"അല്ലാ.. സുണാട്ടാ നിങ്ങയിന്ന് നേരത്തെ വന്നാ!''

മറുപടിയില്ലാതെ തല കുമ്പിട്ടിരിക്കുന്ന സുഗുണൻ്റെ തോളിൽ മനോജ് കയ്യമർത്തി.

"എന്തു പറ്റി?''

"ഒന്നുല്ലടാ..''

''അതൊന്നും അല്ല എന്തോ ഇണ്ട്'' അവൻ വിടാൻ ഭാവമില്ല. അവസാനം മാസികയിലെ പരസ്യം അവനു മുന്നിൽ വെളിവാക്കി. മനോജ് അതൊന്ന് ഓടിച്ചു നോക്കി ചിന്തയിലാണ്ടു.

''കൊയ്യാനൊന്നും ആരേം കിട്ടുന്നില്ല. ഞാനീ വഴി ആലോയിച്ചാലോ എന്ന് വിചാരിക്കുവാ!" മുഖത്തു നോക്കാതെ സുഗുണൻ ചോദ്യമെറിഞ്ഞു.

"അത് നല്ല കാര്യം തന്നെയാന്ന് പക്ഷെ ഒത്തിരി പൈസയാവൂലേ!"

"അതൊന്നും സാരൂല, നീ ഇവരെയൊന്ന് കോണ്ടാക്റ്റ് ചെയ്ത് തന്നാ ഉപകാരമായേനും" സുഗുണൻ്റെ ദയനീയ ഭാവത്തിനു മുന്നിൽ മനോജ് ആ നമ്പർ ഡയൽ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചു.

കൊട്ടും കുരവയുമായി അങ്ങനെ കൊയ്ത്ത് യന്ത്രം സുഗുണൻ്റെയും, സുഹൃത്തുകളുടെയും കൃഷി നിലത്തിലേക്ക് എത്തി. തലേന്നാൾ വരെ വിതുമ്പി കരഞ്ഞു കൊണ്ടിരുന്ന മഴയ്ക്ക് വന്ന ശാന്തത കണ്ട് സുഗുണൻ ആശ്വാസം കൊണ്ടു.

കരസ്പർശമില്ലതെ ഒരു യന്ത്രം നെല്ലും വൈക്കോലും വേർതിരിക്കുന്ന കാഴ്ച കാണാൻ ആ നാട്ടിലെ ആൾക്കാരു മുഴുവൻ അവിടെ തടിച്ചുകൂടിയിരുന്നു. കതിരുകളെല്ലാം ഏകദേശം കൊയ്തു കഴിഞ്ഞിരുന്നു. ആവേശത്തിരയോടെ സുഗുണൻ്റെ നിലത്തിലേക്ക് കൊയ്തു നീങ്ങുന്ന യന്ത്രം പൊടുന്നനെ  മണ്ണിൽ പുതഞ്ഞു പോയി. ആവുന്നത്ര ശ്രമിച്ചിട്ടും ഡ്രൈവർക്കതിനെ മുന്നോട്ടോ, പിന്നോട്ടോ ചലിപ്പിക്കാൻ കഴിഞ്ഞില്ല. അസ്വസ്തതയോടെ അയാൾ സുഗുണന് നേർക്ക് നോട്ടമെറിഞ്ഞു. സുഗുണനും ആകെ അങ്കലാപ്പിലായി. എന്താണ് പറ്റിയത് ഒരു പിടിയും കിട്ടുന്നില്ല.

അപ്പോഴാണ് വെള്ളിടി പോലെ  പാറക്കുളം! മനസ്സിൽ തെളിഞ്ഞത് രായ്ക്കുരാമാനം പെയ്തുലഞ്ഞ മഴയിൽ മണ്ണ് കുഴഞ്ഞ് ചളിയായി തീർന്നിട്ടുണ്ടാവും. അതിലാണ് യന്ത്രം കുടുങ്ങിയിരിക്കുന്നത്

 'എൻ്റെ മുത്തപ്പാ...' ഒരു ആർത്തനാദം സുഗുണൻ്റെ തൊണ്ട വരെ എത്തി തിരികെ പോയി.പാതിയും താഴ്ന്ന യന്ത്രത്തിൽ നിന്നും ഡ്രൈവർ; പ്രാണരക്ഷാർത്ഥം പുറത്തേക്ക് എടുത്ത് ചാടി. നോക്കി നോക്കി നിൽക്കെ യന്ത്രത്തിൻ്റെ എല്ലാ ഭാഗവും ചതുപ്പിലേക്കെന്നപ്പോലെ പൂണ്ടു പോകുന്നതു കണ്ടപ്പോൾ സുഗുണൻ്റെ കണ്ണുകളിൽ ഇരുട്ടു കയറി. പ്രകൃതിതന്ന ശിക്ഷയാണോ ഇത്, തായ് വേര് പോലും ബാക്കി വെക്കാത്ത മട്ടിൽ ഉഴുതെടുത്ത മൃത്തിൻ്റെ ശാപമാണെന്ന്  അവൻ്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു. 

കര്‍മ്മഫലം ദുരന്തമായി തിരിഞ്ഞു കൊത്തുകയാണോ!? ഭൂമിയിൽ നിന്നും തുരന്നെടുത്ത് അവിടെയവിടെ കൂന കൂട്ടിയിരുന്ന മൺകൂനകൾ എല്ലാം  തുരുത്തു പോലെ തോന്നി അവന്. ആശ്വാസം തേടി ചുറ്റിലും മിഴി പരതുമ്പോഴേക്കും കാലുകൾ കുഴഞ്ഞ് നനഞ്ഞ മണ്ണിലേക്കവൻ തളർന്ന് ഊർന്നു. ജീവൻ്റെ അവസാനത്തെ സ്പന്ദനവും ഭൂമിയോട് ചേരുകയാണെന്ന് അറിയാതെ അവൻ്റെ കരങ്ങളപ്പോൾ ധരണിയെ തഴുകി കൊണ്ടിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ