mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മാനത്തെ മേളപ്പെരുക്കം കേട്ടു തുടങ്ങിയതോടെ,  കസേര ജനാലക്കരികിലേക്ക് നീക്കി,  ജനലഴികളിൽ തല  ചായ്ച്ചിരുന്നു. ശ്വാസഗതി നേർപ്പിച്ച്  ഞാനവളുടെ വരവിനായ് കാതോർത്തു. "തിരുവാതിര നാളിൽ മിഥുനമഴയുടെ  പുറപ്പാട് എങ്ങിനെ ആയിരിക്കും?"  ഒന്നും പ്രവചിക്കാനാവില്ല. 

വ്യത്യസ്തമായ എത്ര എത്ര ഭാവരസങ്ങളാണ്, മഴക്കുള്ളത്?  പക്ഷേ എനിക്കിഷ്ടം അവളുടെ പ്രണയ ഭാവം  ആണ്. പശ്ചിമാംബരത്തിലെ മുകിൽ മാളികയിൽ  നിന്ന് അകമ്പടി സേവിച്ചു  വന്ന മാരുതനിൽ നിന്ന്  തെന്നി മാറി,  ജനാലച്ചില്ലിൽ  നനവുള്ള വിരൽ തുമ്പിനാലവൾ   വരച്ച ചിത്രത്തിന്   പ്രണയ ഭാവമായിരുന്നു. വേഗം,  ജനൽ പാളികൾ തുറന്നു. മുറ്റത്തെ മണ്ണിൽ മഴയുടെ ലാസ്യ ഭംഗിയാർന്ന  തിരുവാതിര ച്ചുവടുകൾ തുടങ്ങിയിരുന്നു.  മഴത്തുള്ളിയാട്ടം, ഹൃത്തിടത്തിലെ  മൗനരാഗവുമായ് തന്മീഭവിച്ചു.

കാലങ്ങളേറെയായി ഉൾപ്പൂവിൽ മുളപൊട്ടാതെ മുരടിച്ചു കിടന്ന സ്വപ്നങ്ങൾ  പുതുനാമ്പെടുത്തു. ജനലഴികളിലൂടെ   ഒഴുകി  ഞാൻ പുറത്തേക്ക് കടന്നു.  മഴയോടൊപ്പം മണ്ണിൽ ചുവട് വെച്ചു.  തിരിമുറിയാത്ത അവളുടെ ചാരുതയാർന്ന ചുവടുകൾ    മനസ്സിന്റെ വിരഹ താഴ്‌വാരത്ത്  ഓർമ്മകളുടെ  ആലിപ്പഴം  പൊഴിച്ചു.

മാച്ചിനേരി കുന്നിന്റെ നെറുകയിൽ  നിന്നും  വരവേൽക്കാൻ എത്തിയ കാറ്റിന്റെ ചിറകേറി മഴയോടൊപ്പം   ഞാനാ  കലാലയാങ്കണത്തിലെത്തി. ഒതുക്കു കല്ലുകകൾ കയറി  കലാലയത്തിലെ നീളൻ വരാന്തയിലൂടെ നടന്നു  വലതു ഭാഗത്തുള്ള ക്ലാസ് മുറിയിൽ  കയറി  മുൻബെഞ്ചിലിരുന്നു.  തൊട്ടടുത്ത സുവോളജി ലാബിൽ നിന്നു വരുന്ന ഫോർമാലിന്റെ രൂക്ഷ ഗന്ധം ഇന്നും എന്റെ  പ്രീ. ഡി ഗ്രി : ക്ലാസിനെ അടയാളപ്പെടുത്തിയിരുന്നു.

നീണ്ടും കുറികിയുമുള്ള മഴയുടെ രാഗചാരുതയിൽ ലയിച്ച് ക്ലാസിൽ ഇരുന്നപ്പോൾ, ഇടനെഞ്ചിൽ ഓർമ്മകളുടെ  മഴ മുഴക്കങ്ങൾ വീണ്ടും   തുടി കൊട്ടി ഉണർന്നു. മഴ മേളത്തിൽ മുങ്ങിയ ക്ലാസ് റൂം പെട്ടന്ന് നിശബ്ദമായി.  ഫിസിക്സിന്റെ ഇമ്മിണി വല്ല്യ ബുക്കുമായി ശിവരാമൻ മാഷ് ക്ലാസിലേക്കു കയറി വന്നു.  

ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ തത്വം പേറി നിന്ന ബോർഡ് ഞങ്ങളെ നോക്കി പറഞ്ഞു "വേഗം പഠിച്ചോ"  അധിക നേരം എനിക്കിതിനെ താങ്ങി നിർത്താനാവില്ല.  

ബോർഡിലെ കറുത്ത പ്രതലം കാർമേഘമായും വെളുത്ത ചോക്കുപൊടി റോക്കറ്റിൽ നിന്ന് പുറന്തള്ളുന്ന പുകച്ചുരുളായി  പരിണമിച്ചു.  "ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാവും " എന്ന തത്വം ശിവരാമൻ മാഷ്  ബോധമണ്ഡലത്തിൽ ആണിയടിച്ചുറപ്പിച്ചു.

ന്യൂട്ടന്റെ ചലന നിയമത്തിന്റെ പ്രായോഗികത ഒന്നു പരീക്ഷിച്ചു നോക്കാൻ ഞാനുറച്ചു.

എന്റെ പ്രണയം മുഴുവൻ  ഹൃദയ രസം ചുവപ്പിച്ച നേർത്ത പട്ടുറുമാലിൽ പൊതിഞ്ഞ്,  ഊർന്നു വീഴുന്ന ചുവന്ന തട്ടം വീണ്ടും വീണ്ടും മേലോട്ട് നീക്കി ഇരിക്കുന്ന നസീറ റംഷിയിലേക്ക് എറിഞ്ഞു.  ശരിക്കും ഒരു  പ്രതിപ്രവർത്തനമുണ്ടായി , തട്ടം നേരെയാക്കി  പിടയുന്ന നീല ക്കണ്ണുകളാൽ  അവൾ എന്നെ  നോക്കി പുഞ്ചിരിച്ചു.  ന്യൂട്ടനെ സ്തുതിച്ചു കൊണ്ട് ഞാൻ  ആനന്ദ നടനമാടി.  

ക്ലാസ് മുറിയുടെ പ്രതലത്തിലൂടെ ഒഴുകി വന്ന മഴയുടെ തണുത്ത വിരലുകൾ എന്റെ കാലിൽ ഇക്കിളി കൂട്ടി ചോദിച്ചു.

"ഇതെന്താ,  ഇവിടെ ഇങ്ങിനെ ഇരുന്നാൽ മതിയോ?"  കുളിര്  പകർന്ന്  എന്നെ എഴുന്നേൽപ്പിച്ചു. നീളൻ വരാന്തയിലൂടെ  നടക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ, മണി കൊലുസ്സു കുലുക്കി  മഴയും  പിന്നാലെയുണ്ടായിരുന്നു. വരാന്തയുടെ കിഴക്കുഭാഗത്തുള്ള  'ലവേഴ്സ് കോർണറും' കടന്ന്  മുന്നോട്ട് നടക്കവേ ചീഞ്ഞ മുട്ടയുടെ ഗന്ധം പരത്തി ഹൈഡ്രജൻ സൾഫൈഡ് നാസ്വാരന്ധ്രങ്ങളിൽ തുളഞ്ഞു കയറി.  രസതന്ത്ര ലാബിന്റെ മുമ്പിൽ വെച്ചിരിക്കുന്ന ക്ലിപ്പേഴ്സ് ഉപകരണത്തെ ഒന്നു നോക്കി,  വലിയ വാതിലിലൂടെ ലാബിനകത്തേക്ക് കടന്നു.  സ്ഫടിക കുപ്പികളിൽ മോക്ഷം കാത്തുകിടക്കുന്ന രാസവസ്തുക്കളുടെ നിശ്വാസ  ഗന്ധം അവിടെ തങ്ങിനിന്നിരുന്നു.

ലാബിന്റെ മദ്ധ്യഭാഗത്തുള്ള റാക്കിൽ നിന്ന് ടെസ്റ്റിറ്റ്യൂബിൽ എടുത്ത റീയേജന്റുകൾ,   കാർബണിക സംയുക്തത്തിൽ  പടിപടിയായി ചേർത്തപ്പോൾ, നൈട്രജന്റെ സാന്നിധ്യം വിളിച്ചോതിയ പ്രഷ്യൻ നീല വർണ്ണത്തിന്റെ മായിക വലയത്തിൽ മയങ്ങി നിന്നു.  ലാബിലെ വലിയ ജനൽ ചില്ലിൽ ചിതറി വീണ തൂവാന തുള്ളികൾ ചില്ലിലൂടെ  വഴുതി വീഴുമ്പോൾ   

"പിന്നിലേക്ക് നോക്ക്" എന്ന് ആവിശ്യപ്പെടുന്നതു പോലെ തോന്നി. തിരഞ്ഞു നോക്കിയതും നീല പട്ടുപാവടയും നീല തട്ടവുമണിഞ്ഞ്,  പിടയുന്ന  നീല കണ്ണുകളുമായ് നസീറ.

"നീല നിറം നിനക്ക് അത്രയും ഇഷ്ടമാണോ?"

"പിന്നല്ലാതെ?"

"അതെന്താ നീല നിറത്തിനോട് ഇത്ര ഇഷ്ടം?" അവളുടെ നീലക്കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു

"ഒന്നാവാനാകില്ലെന്ന് അറിഞ്ഞിട്ടും  പരിധികിളില്ലാതെ പരസ്പരം പ്രണയിക്കുന്ന ആകാശത്തിനും സാഗരത്തിനും നീല നിറമാണ്.  നിന്റെ കണ്ണുകളിലെ പ്രണയത്തെ  ഞാൻ പകർത്തിയതും നീല നിറത്തിലായിരുന്നു."

അവൾ മുത്തുമണി പൊഴിച്ചു നിന്നപ്പോൾ ഞാൻ പറഞ്ഞു. "പ്രണയ നീതിയുടെ പ്രതീകങ്ങളായ മീരയും രാധയും സീതയും സ്നേഹിച്ചത് നീലനിറത്തെയാണ്. നിന്റെ മനസ്സിനും സുതാര്യമായ നീല നിറമല്ലേ!"

കുണുങ്ങി  ചിരിക്കുന്ന മാനത്തുള്ളികൾ  ജനാല ചില്ലിൽ നേർത്ത നൂൽ വരകളിട്ട്    പറഞ്ഞു "ഫിലോസഫി മതിയാക്കി,  വേഗം പുറത്തേക്ക്  വാ." 

ലാബിൽ നിന്ന് പുറത്തുകടന്നതും, 'ഞാനിപ്പം വരാം' എന്നു പറഞ്ഞു   കാറ്റിനെ വീണ്ടും ഗാഢമായി പുൽകി മഴ എങ്ങോ പോയി മറഞ്ഞു.  മഴയുടെ നിശ്വാസത്തിന്റെ ചൂട് പകർന്നെത്തിയ  ഇളംവെയിലിൽ ഒതുക്കു കല്ലുകൾ ഇറങ്ങി നടന്നു. 

മഴ നനഞ്ഞ കാറ്റാടി മരം   തലയിളക്കി വർഷങ്ങൾക്കിപ്പുറവും പരിചയം പുതുക്കി.  കണക്കിന്റെ നോട്ട് ബുക്കുമായി  ഇളംവെയിൽ പാകിയ മഞ്ഞ നിഴൽത്തുണ്ടുകൾ  മുഖത്തേറ്റി എന്നെയും  കാത്തിരിക്കുന്നു നസീറ. 

"എത്ര നേരമായി ഞാനിവിടെ ഇരിക്കുന്നു"

ഗണിത ശാസ്ത്രത്തിലെ ഡിഫറെൻ സ്യേഷനും ഇന്റഗ്രേഷനും എളുപ്പത്തിൽ ചെയ്യാൻ പഠിപ്പിക്കുമ്പോൾ,   ഞാനവളെ സ്വന്തമാക്കാനുള്ള കുറുക്കു വഴികൾ തിരയുകയായിരുന്നു.

അവളുടെ മിഴിയാകാശത്തെ ഹർഷ വർണ്ണങ്ങളെടുത്ത് ആകാശ ക്കോണിൽ   മഴവില്ലുകൾ   മെനഞ്ഞു കൊണ്ട് കാറ്റാടി മരത്തിന്റെ ഓർമ്മത്തണലിൽ ഞാൻ നിന്നു. ശ്യാമവർണ്ണം  മഴവില്ലുകളെ സ്വന്തമാക്കിയപ്പോൾ,  വാന  പ്പഴുതുകളിലൂടെ  മഴ വീണ്ടും  ഇറങ്ങി വന്നു.  നസീറയും കലാലയവും   എങ്ങോ അപ്രത്യക്ഷമായി.  ഞാനും  ഓർമ്മകളും ജനാലക്കിപ്പുറവും മഴ ജനാലക്കപ്പുറവുമായി.

ഓര്‍മ്മ പ്രവാഹത്തിനു കടിഞ്ഞാണിട്ടു കൊണ്ട് രമേശന്റെ ശബ്ദം കാതിൽ മുഴങ്ങി.

"ഉച്ചയ്ക്ക് തുടങ്ങിയാ മഴയാണ്. ഇനി ചോരുമെന്നു തോന്നുന്നില്ല. ഞാറ്റുവേലയല്ലേ!" രമേശൻ അയൽ വീട്ടുകാരനാണ്. ചില സഹായങ്ങൾ ഒക്കെ ചെയ്തു തരും.

"ഫോൺ കുറേ നേരമായി അടിക്കുന്നു.  ഒന്നു രണ്ടു പ്രാവിശ്യം ഞാൻ വന്നു നോക്കിയിരുന്നു. ചേട്ടൻ വലിയ ആലോചനയിൽ ആണെന്നു തോന്നി"

രമേശൻ ഫോൺ കൈയ്യിൽ തന്നു. ജാലകങ്ങള്‍ വലിച്ചടച്ചു. 

"നല്ല തണുപ്പുണ്ട്. വലിവ് അധികമാക്കേണ്ട."

രമേശൻ പോയതിനു ശേഷം  ഫോൺ നോക്കി.  രാജേന്ദ്രൻ ആണ് . ഞാൻ തിരിച്ചു വിളിച്ചു.

"ഹലോ"

"നീ എന്താ ഫോൺ എടുക്കാത്തത്?"

"മഴ നോക്കി ഇരുന്നു പോയി. ഫോൺ അടിച്ചത് അറിഞ്ഞില്ല."

"മഴയോടുള്ള പ്രണയം അനസ്യൂതം തുടരുന്നുണ്ട് അല്ലേ? പിന്നെ നാളെത്തെ കാര്യം ഓർമ്മിപ്പിക്കാനാ വിളിച്ചത്."

"ഞാനില്ലടോ. വയ്യ എനിക്ക്"

"വയ്യന്നോ! നീ ഒന്നും പറയേണ്ട. രാവിലെ തയ്യാറായി നിന്നാൽ മതി. 9 മണി ആവുമ്പോഴേക്കും കാറുമായി ഞാൻ എത്തും"

മറുപടി കേൾക്കാൻ നിൽക്കാതെ അവൻ ഫോൺ വെച്ചു കളഞ്ഞു.

കിടക്കയിൽ കിടന്നു  കണ്ണുകള്‍ മുറുക്കിയടച്ചെങ്കിലും  പുറത്ത് പെയ്യുന്ന മഴയുടെ  പതിഞ്ഞ പാദ ചലനങ്ങളുടെ താളത്തിലമർന്നു. മനസ്സിൽ ഭൂതകാല ഓർമ്മകളുറ്റി വീഴാൻ തുടങ്ങി.

അന്നൊരു മൂവന്തി നേരത്ത്,   ചെരിഞ്ഞു പെയ്യുന്ന ചെറുമഴ ചാറ്റലിൽ, നസീറയുടെ വീട്ടിലെത്തുമ്പോൾ, കാറ്റിലുലയുന്ന  മുട്ട വിളക്കിന്റെ തിരി വെട്ടം,  കൈ കൊണ്ട് മറച്ചുപിടിച്ച് നിൽക്കുകയായിരുന്നു അവൾ. 

എന്റെ സൗന്ദര്യ സങ്കല്പത്തിന്റെ  പൂർണ്ണത കൈവരിച്ച ചിത്രശില്പം പോലെ.

ഇറയുത്ത്  നിന്നുറ്റി വീഴുന്ന മഴയുടെ മിഴിയിളക്കത്തോടെ അവളെന്നെ നോക്കി. വെപ്രാളവും അത്ഭുതവും ലയിച്ചു ചേർന്ന വികാരത്തോടെ .

"ആരാ നസീറ അപ്പുറത്ത് ?" എന്ന ചോദ്യവുമായി വന്ന ഉമ്മയ്ക്ക് അകമ്പടി വന്ന കുട്ടി പട്ടാളക്കാരെ ഞാൻ വേഗം എണ്ണി തിട്ടപ്പെടുത്തി നാലു പേർ.

"കൂടെ പഠിക്കുന്ന കുട്ടിയാ. ഗോപൻ മാഷെ വീട്ടിൽ കല്യാണത്തിനു വന്നതാ, അവിടെ നിന്ന് ഇങ്ങോട്ട് വന്നതാ"

കൂടുതൽ ചോദ്യങ്ങളെയോ സംശയങ്ങൾക്കോ ഇടം കൊടുക്കാതെ നസീറ പറഞ്ഞു നിർത്തി. ഉമ്മയും പട്ടാളവും അല്പ നേരം വിശേഷം പറഞ്ഞ് അകത്തേക്ക് പോയതോടെ, അവളുടെ നീല മിഴിയിലെ  പരിഭവം ഞാൻ വായിച്ചറിഞ്ഞു.

ആർത്തു പെയ്യാൻ തുടങ്ങിയ മഴയുടെ ഇരമ്പൽ മറയാക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"സൗഹൃദത്തിനപ്പുറം, നീ  എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ" 

കൺപീലികളിൽ  പറ്റി ചേർന്നു നിൽക്കുന്ന മഴത്തുള്ളികളെ പരസ്പരം ചേർത്തു വെച്ചു കൊണ്ട് ഞാനവളോട് പതിയെ ചോദിച്ചു

"മറക്കണം എന്നായിരിക്കും അല്ലേ!"

"ഒരിക്കലും അല്ല. മരണം വരെ എന്നെ മറക്കരുത് ഞാൻ നിന്നെയും മറക്കില്ല"

 മഴത്തുള്ളികളാൽ നനഞ്ഞ ഉള്ളം കൈ  ഞാൻ കവിളിൽ ചേർത്തു വെച്ചു.

"പക്ഷേ അടുത്ത മാസം എന്റെ നിക്കാഹ് ആണ്. വരൻ ഗൾഫിൽ ആണ്. ആളെ ഞാൻ കണ്ടിട്ടില്ല. അതിന്റെ ആവിശ്യവും ഇല്ല. കാരണം ഇത് എന്റെ കൂടപ്പിറപ്പുകൾക്കു വേണ്ടിയുള്ള ത്യാഗമാണ്"

തോരാതെ പെയ്യുന്ന നോവിന്റെ മഴനൂലുകൾ,  അവളുടെ നീല കണ്ണുകളെ  എന്നിൽ നിന്നു മറച്ചു.

"എനിക്ക് നിന്നെ  ഇഷ്ടമാണ്, എന്റെ പ്രാണനോളം" അവളുടെ വാക്കുകൾ മനസ്സിൽ പ്രതിധ്വനിച്ചപ്പോൾ,  മഴ നനഞ്ഞു ഞാൻ ചൂടി നിന്ന പ്രണയത്തിന്റെ ഓർമ്മ കുടക്കീറിലൂടെ  നിരാശയുടെ  ചൂടു തുള്ളികൾ ചാറി തെറിച്ചു.   മനസ്സിന്റെ കണക്കു പുസ്തകത്തിൽ മഴത്തുള്ളികളുടെ എണ്ണത്തിൽ നഷ്ടം കുറിച്ച ആദ്യ ദിനം.

ഓർമ്മകളെ സ്വതന്ത്രമാക്കി കിടക്കയിൽ നിന്നും ആയസപ്പെട്ടു എഴുന്നേറ്റു. ജനൽ തുറന്നു വെച്ചു വീണ്ടും കിടന്നു.  ഒറ്റപ്പെട്ടതിന്റെ നോവ്  എന്നെ പുണരുമ്പോള്‍, പുറത്ത് നിശബ്ദമായ ഇരുട്ടിൽ,  മണ്ണിനോട് , മഴ പതിഞ്ഞ സ്വരത്തിൽ പറയുന്ന കാത്തിരിപ്പിന്റെ  കഥയ്ക്ക് ഞാൻ കാതോർത്തു. കഥ ചൊല്ലുന്ന   മഴയുടെ താളവിന്യാസത്തിൽ ലയിച്ചിരിക്കേ നിദ്രാദേവി കണ്ണുകളിൽ നൃത്തമാടി.

രാവിലെ കൃത്യം 9 മണിക്ക് തന്നെ രാജേന്ദ്രൻ കാറുമായ് എത്തി.  കാറിൽ കയറുമ്പോൾ 'കൂടെ വരണോ'  എന്ന രമേശന്റെ ചോദ്യത്തിന് 

"വേണ്ടടോ, ഞങ്ങളൊക്കയില്ലേ, നിന്റെ പ്രിയപ്പെട്ട കഥാകാരനെ ഒരു പോറലും കൂടാതെ വൈകുന്നേരം ഇങ്ങ് എത്തിക്കാമേ " രാജേന്ദ്രന്റെ മറുപടി കേട്ട്  ഞാൻ ചിരിച്ചു.

"ഇന്നെന്താ വെള്ള നിറമുള്ള ഷർട്ട്, നീല നിറത്തോടുള്ള ഭ്രമം കുറഞ്ഞോ?"

"ഒരിക്കലും ഇല്ല.  പ്രകീർണ്ണനത്തിൽ വേർതിരിയുന്ന നിറഭേദങ്ങളെ ഒന്നാക്കാം  ഈ പ്രായത്തിൽ എന്നു കരുതി." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

"പ്രായം  നിന്നെ   വൃദ്ധനാക്കിയിട്ടുണ്ട്. എന്നെ നോക്ക് ഈ പ്രായത്തിലും സ്മാർട്ട് അല്ലേ?"

രാജേന്ദ്രൻ, കറുപ്പ് ചായത്തോട് കൂട്ടുകൂടാൻ മടിച്ചു നിന്ന നരച്ച മുടിയിഴകളെ കണ്ണാടിയിൽ നോക്കി ഒളിപ്പിച്ചു.

"പ്രായം കീഴടക്കിയ മനസ്സ്, താങ്ങിനായ് ശരീരത്തേയും കൂടെ കൂട്ടും. നിനക്കീ ഏകാന്തവാസം അവസാനിപ്പിച്ചു സീതയെ തിരിച്ചു വിളിച്ചു കൂടെ" രാജേന്ദ്രൻ തല തിരിച്ചു എന്നെ നോക്കി. ദീര്‍ഘിച്ചുപോയ  മൗനം മുറിച്ചു  ഞാൻ മന്ത്രിച്ചു

"ആവില്ലടോ, തെറ്റുകളുടെയും അപഥ സഞ്ചാരങ്ങളുടെയും ശിക്ഷ ഏറ്റുവാങ്ങി കഴിയുന്ന അല്പനിമിഷ  കൂടാരത്തിലേക്ക് ഇനിയും അവളെ വിളിച്ച് ബുദ്ധിമുട്ടിക്കാൻ ആവില്ല.  പൊരുത്തപ്പെടാനാവാത്ത എന്റെ ഭ്രാന്തൻ രീതികളെയും സങ്കല്പങ്ങളെയും  അവൾ ഒത്തിരി  സഹിച്ചിരിക്കുന്നു. ഞാൻ സീതയെ പ്രണയിച്ചിരുന്നില്ല രാജേന്ദ്ര, അവൾ  എനിക്ക് ഭാര്യ എന്ന  അലങ്കാര വസ്തു മാത്രമായിരുന്നു."

കാറിന്റെ ചില്ലിൽ തട്ടി എന്തോ പറയാൻ വന്ന മഴത്തുള്ളികളെ വൈപ്പർ കൊണ്ട് തട്ടി മാറ്റി രാജേന്ദ്രൻ ചോദിച്ചു.

"നീ ഇപ്പോഴും നസീറയെ പ്രണയിക്കുന്നുണ്ടോ?"

"ഈ  ചോദ്യം  ഞാൻ എന്നോടു തന്നെ പലവട്ടം ചോദിച്ചിരുന്നു. ഉത്തരം കിട്ടിയിരുന്നില്ല. പക്ഷേ മഴ  നനയുമ്പോള്‍, രാവിൽ ആകാശം നോക്കി കിടക്കുമ്പോള്‍,  വെള്ളിമേഘത്തെ കാണുമ്പോൾ, അറിയാതെ അവളുടെ നീല കണ്ണുകൾ മനസ്സിൽ  വരാറുണ്ട്."

രജേന്ദ്രൻ എന്നെ നോക്കി  പുഞ്ചിരിച്ചു.

കാർ മാച്ചിനേരി കുന്നു കയറുമ്പോൾ, ഗുളികളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഹൃദയത്തിന്  വികാരങ്ങളെ താങ്ങാൻ ആവുമോ എന്നു ഞാൻ ശങ്കിച്ചു. രാജേന്ദ്രൻ,  കാർ  കോളേജിലെ സയൻസ് ബ്ലോക്കിന്റെ മുന്നിലെ  സ്വാഗത ബാനറിനരികെ നിർത്തി. 

"1982 - 84 പ്രീ. ഡിഗ്രി ബാച്ച് കൂട്ടുകാർക്ക് സ്വാഗതം"

ബാനർ വായിച്ച് കാറിൽ നിന്നിറങ്ങിയതും   ആകാശനീല നിറമുള്ള ഫ്രോക്കിട്ട ഒരു കുട്ടി ഓടി വന്നു എനിക്ക് ഒരു നീലാമ്പൽ പൂച്ചെണ്ട് കൈയ്യിൽ തന്നു.

ഞാൻ  അവളുടെ കണ്ണുകളിലേക്ക് നോക്കി അഗാധമായ നീലഛായ. അവളെ സ്വന്തമെന്ന പോലെ ചേർത്തു നിർത്തി.

"ആരാണെന്ന് മനസ്സിലായോ?" രാജേന്ദ്രൻ ചോദിച്ചു.

ചിരിച്ചു നിൽക്കുന്ന പെൺകുട്ടിയേയും കൂടെയുള്ള ആളെയും ചൂണ്ടി രാജേന്ദ്രൻ വീണ്ടും ചോദിച്ചു.

"ഇവരെ അറിയാമോ?"

നിശ്ചലനായി നിൽക്കുന്ന എന്റെ മുമ്പിലേക്ക് അവർ നീങ്ങി നിന്നു .

"ഇത്  ഷാനു, മകൾ അനീന"

ചെറിയ നീല ഫ്രോക്കുകാരിയെ ചൂണ്ടി പറഞ്ഞു "ഇയാൾ അനീനയുടെ മകൾ അനാൽ "

"മോൾക്ക് ഈ അങ്കിളിനെ അറിയാമോ?"

"അറിയാം, രവി അങ്കിൾ, ഉമ്മൂമ്മയുടെ കൂട്ടുകാരൻ അല്ലേ?"

എല്ലാവരും അതു കേട്ട് പൊട്ടി ചിരിച്ചപ്പോൾ, ജനിതക വേരിൽ തട്ടി  മനസ്സ് മന്ത്രിച്ചു. "നസീറയുടെ കൊച്ചു മകൾ"

എല്ലാവരും കൂടെ ഒത്തുചേരൽ  ഹാളിലേക്ക്  നടന്നു.  ഓർമ്മച്ചെപ്പിലെ  പരിഭവക്കു മിളകളും  വളപ്പൊട്ടുകളും മധുരമൊഴികളും സൗഹൃദ പൂക്കളും   നിറഞ്ഞ ഹാളിൽ  എന്റെ കണ്ണുകൾ നസീറയെ തേടുകയായിരുന്നു.  രാജേന്ദ്രനോടും അനീനയോടും ചോദിക്കാനും ഒരുമടി.

ഔപചാരിക പരിപാടികളിലേക്ക്  നീങ്ങുമ്പോഴായിരുന്നു അനീന വീൽചെയർ ഉന്തി കൊണ്ട് ഹാളിൽ വന്നത്. ഹാളിലെ പരിചയപ്പെടലിനൊടുവിൽ വീൽ ചെയർ  എന്റെ അരികിൽ നിർത്തി വെച്ചു, അനീന നടന്നു പോയി.

പേരറിഞ്ഞുകൂടാത്ത  വികാരങ്ങളിലൂടെ  ഓടിയ മനസ്സ്  വാക്കുകൾ മറന്ന് വീൽ ചെയറിലെ  നീല കണ്ണുകളിൽ   തറച്ചു നിന്നു. വർഷങ്ങൾക്ക് മുമ്പ് മുട്ട വിളക്കിന്റെ വെളിച്ചത്തിൽ  കണ്ട നസീറയുടെ രൂപം വീണ്ടും മിഴകളിൽ തെളിഞ്ഞു വന്നു. അന്നു പെയ്ത മഴയുടെ ബാക്കിയെന്നോണം, മഴ വീണ്ടും പെയ്തു തീർക്കുന്നുണ്ടായിരുന്നു.

വീൽ ചെയറിന്റെ പിന്നിൽ ഷാനു വന്നു നിന്നു . സ്നേഹത്തോടെ നസീറയുടെ തലയിൽ തടവി കൊണ്ട് പറഞ്ഞു

"രണ്ടാമത്തെ പ്രസവം അല്പം സങ്കീർണ്ണമായിരുന്നു. ഓപ്പറേഷനു ശേഷം ഇവൾ നടന്നില്ല. ഒത്തിരി ചികിത്സ നടത്തി. ചെറുതായി കൈ പിടിച്ച് നടക്കും"

നസീറയുടെ  നീല മിഴികളിൽ   നീർമണികൾ  പൊടിഞ്ഞു  "ഇക്ക എന്നെ ഒത്തിരി സഹിച്ചു" നസീറ ഷാനുവിന്റെ കൈകളിൽ പിടിച്ചു തേങ്ങി.

"ഇവൾ വീണ്ടും തുടങ്ങിയല്ലോ! നിങ്ങൾക്ക് പറയാനും കേൾക്കാനും ഒത്തിരി ഉണ്ടാവില്ലേ? " ഷാനു ചിരിച്ചു കൊണ്ട് തകൃതിയായി നടക്കുന്ന ഒത്തുചേരൽ ചടങ്ങുകളിൽ പങ്കു കൊണ്ടു.

"വീൽ ചെയറിൽ ജീവിതം ആരംഭിച്ചതിനു ശേഷമുള്ള നാട്ടിലേക്കുള്ള കന്നിയാത്രയാണിത്.  നിന്നെ ഒന്നു കാണാൻ വേണ്ടി മാത്രം. പിന്നെ അത് സാധിച്ചില്ലെങ്കിലോ? പ്രായം ശരീരത്തെ അക്രമിക്കാൻ തുടങ്ങി. 

രാജേന്ദ്രനിലൂടെ നിന്റെ കാര്യങ്ങൾ  അറിയുന്നുണ്ടായിരുന്നു. നിന്റെ കയ്യൊപ്പ് പതിഞ്ഞ കഥകളും കവിതകളും അവൻ എനിക്ക് അയച്ചു തരാറുണ്ടായിരുന്നു."

അവൾക്ക് മൂളലിൽ ഉത്തരം നൽകി. ജനൽ ചില്ലയിലൂടെ   മഴക്കനത്താൽ തല താഴ്ത്തി നിൽക്കുന്ന കാറ്റാടി മരങ്ങളെ നോക്കി.

"വീൽ ചെയറിൽ വീണു കിട്ടുന്ന  നിമിഷങ്ങളിൽ  മനസ്സിനെ  നിറച്ച തു  കാറ്റാടി മരച്ചോട്ടിൽ നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ ആയിരുന്നു"

ഞാൻ അവളെ നോക്കി

"നീ ഇപ്പോഴും അതൊക്കെ ഓർക്കാറുണ്ടോ?"

"തീർച്ചയായും. മരണം വരെ   ഓർമ്മ ശലഭങ്ങൾ എനിക്ക് കൂട്ടിരിക്കും"

"നീയോ?"

"എനിക്കറിഞ്ഞു കൂട നസീറ,  ഞാൻ ഇപ്പോഴും ഓർക്കാറുണ്ടോ എന്ന്?   പക്ഷേ  മഴയായും നക്ഷത്രങ്ങളായും ശലഭങ്ങളായും നിന്റെ  നീല കണ്ണുകൾ എന്നെ പിൻതുടരാറുണ്ട്."

 ചുളിവീണ നീലക്കണ്ണുകളിറുക്കി അർത്ഥഗർഭമായി അവൾ  ചിരിച്ചു.

വൈകുന്നേരം എല്ലാവരോടും വിട പറയാൻ നേരം  ഓര്‍മ്മകളെ തിരികെ വിളിക്കാനെന്നോളം മഴയും എത്തിയിരുന്നു.

നസീറയുടെ കൊച്ചുമോൾ ഓടി വന്നു എന്നോട് ചോദിച്ചു

"അങ്കിളിന്റെ  കൂടെ ഞാനും വന്നോട്ടെ."

ഞാനവളെ കെട്ടി പിടിച്ചു ഉമ്മ വെച്ചു.

ഷാനു അവളെ എടുത്തു കൊണ്ട് പറഞ്ഞു.

"നേരെത്തെ തീരുമാനിച്ചതാ, ഒരാഴ്ച നിങ്ങളുടെ കൂടെ താമസിക്കാൻ. പെട്ടികളൊക്കെ രാജേന്ദ്രൻ കാറിൽ എടുത്തു വെച്ചിട്ടുണ്ട്. ഇവളെ കൂടെ കൂട്ടില്ല എന്ന് നസീറ കളി പറഞ്ഞിരുന്നു."

ഞാൻ പുറത്തേക്ക് വരുമ്പോൾ  നസീറയുടെ കാറിൽ വേഗം കയറി ഇരിക്കുന്ന സീതയെ  മിന്നായം പോലെ  കണ്ടിരുന്നു. അഗ്നിജ്വാല കടന്നു ചെന്ന് സീതയെ അല്ല തന്റെ ഭാര്യയെ പ്രണയിക്കണം നീല കണ്ണിനോളം  

ഓര്‍മ്മകളുടെ സ്വപന ചിറകുകള്‍ നനച്ച് ആരവിമില്ലാതെ  കാറ്റിന്റെ കൈകളിൽ ചാഞ്ഞാടുന്ന മഴയിലൂടെ കാറിനടുത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ കനം വെച്ച നിന്ന നൊമ്പരങ്ങൾ മിഴിനീരിയ് പെയ്തിറങ്ങി. മഴ ആരും കാണാതെ മിഴിനീരിനെയും കൂടെ കൂട്ടി  ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ