mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്റെ ഭാര്യ അഫീസയോടും, ഇരുപത്തിനാല് വയസ്സായ മകൻ ആതിൽനോടും, മകൾ ആഷ്ലയോടും, യാത്ര പറഞ്ഞു ട്രെയിനിലെ എ സി കമ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ അയാളുടെ കണ്ണുകൾ അകാരണമായി നിറഞ്ഞു വരുന്നുണ്ടായിരുന്നു.

ഏപ്രിൽ മാസമായിട്ടും, സമയം വൈകിട്ട് അഞ്ചേനാൽപത്തിയഞ്ച് ആയിട്ടും, നേരിയ ഒരു ചാറ്റൽ മഴയുണ്ടായിരുന്നു. എന്തിനെന്നറിയാതെ അയാളുടെ മനസ്സ് അകാരണമായി വ്യാകുലപെട്ടുകൊണ്ടേയിരുന്നു. ലഗ്ഗെജുകൾ ഒക്കെ ഒതുക്കി വെച്ച് അയാൾ തന്റെ സീറ്റ്‌ലേക്ക് ഇരുന്നു, വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. അവിടെ അയാളുടെ ഭാര്യയും, കുട്ടികളും അയാളെ വിവശയായും, വിഷണ്ണയായും നോക്കി കൊണ്ടിരിക്കുന്നു, അയാൾ അവരെ നോക്കി കൈ വീശി. അപ്പോൾ അവരും പതുക്കെ കൈവീശുന്നുണ്ടായിരിന്നു,ട്രെയിൻ പതുക്കെ ചലിച്ചു തുടങ്ങിയപ്പോ അയാൾ ശരിക്കും ഒറ്റപെടലിന്റെ തുരപ്പിലേക്ക് ഊളിയിട്ടിരുന്നു.

മധുരയിലേക്ക് ഈ പോക്ക് ഫസൽ എന്ന ഫസ്‌ലു പോകുന്നത് അഞ്ചാമത്തെ തവണയാണ്. അത് കൊണ്ട് തന്നെ ഈ പോക്ക് വേണോ, വേണ്ടയോ, എന്ന് നിശ്ചയിക്കാൻ കഴിയാതെ അയാൾ കുഴങ്ങി. തന്റെ സീറ്റിലേക്ക് തലതാഴ്ച്ചുകൊണ്ട്, അയാൾ കണ്ണടക്കുകയും, ദീർഘമായി ശ്വാസമെടുക്കുകയും ചെയ്തു. ഓർമകൾ അയാൾക്ക് ഒരു സ്വൈര്യവും, സ്വസ്ഥതയും കൊടുക്കുന്നുണ്ടായില്ല. അത് കുഞ്ഞു, കുഞ്ഞു ചോണനുറുമ്പുകൾ, അരിക്കുമ്പോലെ, അയാളുടെ മസ്തിഷ്കത്തിൽ കലപിലകൂട്ടൻ തുടങ്ങി.

അയാൾ അപ്പോൾ ഒരു എട്ടു വയസ്സുള്ള ശിശുവായി മാറിയിരുന്നു . 'ശ്രീ മാരിയമ്മൻ'ക്ഷേത്രത്തിന്റെ അടുത്ത് ഒരു വാടകവീട്ടിൽ ആയിരുന്നു അയാളും, കുടുംബവും താമസിച്ചിരുന്നത്. തൊട്ടടുത്തു കൃഷ്ണേട്ടനും, വിലാസിനിആന്റിയും, മോൾ ദേവയാനി എന്ന കുങ്കി. പാലക്കാട്ടിന്റെ അടുത്ത് നിന്ന് വന്നത്കൊണ്ട്, തമിഴ്ചുവ ഇവരുടെ സംസാരത്തിൽ കലർന്നിരുന്നു. രണ്ട് വീട്ടുകാരും നല്ല അടുപ്പത്തിൽ ആയിരുന്നു. രണ്ട് കുടുംബത്തിലും ഒരേ ഒരു സന്തതി ആയത് കാരണം, കുങ്കിയും, ഫസ്‌ലുവും, സഹോദരീ സഹോദരൻമാരായി ജീവിച്ചു പോന്നു. ഫസ്‌ലുവിന് എല്ലാത്തിനും കുങ്കി വേണം, കുങ്കിക്ക് ഫസ്‌ലും, 'മാരിയമ്മൻ' ക്ഷേത്രത്തിന്റെ അടുത്തുള്ള മൈതാനത്തിലായിരുന്നു അവര് കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരുന്നത്. കുങ്കി ചെറുപ്പത്തിൽ തന്നെ നല്ല ഭക്തയായിരുന്നു. അവൾ ക്ഷേത്രത്തിനുള്ളിലേക്ക് കയറി പോകുമ്പോൾ, പ്രവേശന കാവടത്തിൽ നിന്നു കൊണ്ട് അതിന്റെ അകം ഫസ്‌ലു മനകണ്ണിൽ കാണും, അത്രയും ഇഷ്‌ടമായിരുന്നു അതിന്റെ അകമൊന്ന് കാണാൻ. അത് കുങ്കിയോട് കൊതിയോടെ പറയുമ്പോൾ, "പോകകൂടാത്, ഞാൻ അതിന്റെ അകത്തുള്ള എല്ലാം പറഞ്ഞു തരാം" എന്ന് പറയും. പിന്നെ അവളെങ്ങിനെ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും."ഫസ്‌ലുവിന് അറിയോ, മഴയുടെ ഭഗവതി എന്നാണ് 'മാരിയമ്മൻ'എന്ന വാക്കിനർത്ഥം, പാർവതി, ദുർഗാദേവി അഥവാ ആദി പരാശക്തിയുടെ മറ്റൊരു ഭാവമാണ്. മഹാകാളിയുടെ അവതാരമായും, 'മാരിയമ്മനെ'കരുതുന്നു, ഫസ്‌ലുവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്, മഹാവ്യാധിയിൽ നിന്ന് കരകയറ്റാൻ, ചിക്കൻ പോക്സ്, കോളറ അതൊന്നും വരില്ല."അവൾ പറയും.

പിന്നെ ചിലപ്പൊ അവര് രണ്ടു പേരും വീടിന്റെ തൊട്ടടുത്തുള്ള മൈക്കിൽ ചേട്ടൻ എന്നാരാളുടെ തുന്നൽകടയുണ്ട്, അവിടെ പോയിരിക്കും. മൈക്കിൾ ചേട്ടന് വളരെ ഇഷ്‌ടമായിരുന്നു അവരെ, അവിടെ തൊട്ടടുത്തുള്ള ക്രിസ്ത്യൻ പള്ളിയുടെ പെരുന്നാളിന്റെ അന്ന് ഇവർക്ക് കുറെ ഏറെ കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കും. ക്രിസ്മസിന് കേക്കും, കള്ളപ്പവുമൊക്കെ വീട്ടിൽ കൊണ്ട് വന്ന് തരും.

വർഷത്തിൽ ഏപ്രിൽ മാസം കുങ്കിയും, അച്ഛനുമമ്മയും, മധുര മീനാക്ഷി ക്ഷേത്രത്തിൽ പോവാറുണ്ട്. മീനാക്ഷി ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്തിരോത്സവത്തിന് പങ്കെടുക്കാനായിരുന്നു അവര് പൊയ് കൊണ്ടിരുന്നത്. അവരുടെ പോക്കിൽ ഫസ്‌ലു ആകെ ഒറ്റപ്പെട്ടു, പരിഭ്രാന്തിയോടെ നടക്കുമ്പോഴേക്കും, കുങ്കി ഫസ്‌ലുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും, അവൾക്ക് മധുര മീനാക്ഷി ക്ഷേത്രത്തെ കുറിച്ച് ഒരുപാട് പറയാൻ ഉണ്ടാകും. "ഞാൻ മരിക്കുന്നത് വരെ എല്ലാ ഏപ്രിൽ മാസത്തിലും അവിടെ പോയിരിക്കും. 3500റോളം പഴക്കമുള്ള ഒരത്ഭുത ക്ഷേത്രം ആണത്, 15ഏക്കാറോളമുള്ള സ്ഥലത്ത് ആണിത് നിറഞ്ഞു നിൽക്കുന്നത്.നാലായിരത്തി അഞ്ഞൂറ് തൂണുകളും, 12 ഗോപുരവുമായാണ് ഈ ക്ഷേത്രം നിറഞ്ഞു നിൽക്കുന്നത്." അവൻ മാനത്തു നോക്കി മ്ലാനതയോടുള്ള നിൽപ്പു കാണുമ്പോൾ ഫസ്‌ലുവിന് ഇതിലൊന്നും ഒരു താല്പര്യം ഇല്ല എന്ന് കുങ്കിക്ക് തോന്നിയിട്ടുണ്ടാകും, അപ്പോൾ കുങ്കി വിഷയം മാറ്റും." നിന്റെ ബുക്സ് തരണേ, നോട്സ് ഒക്കെ കററ്റ് ചെയ്യേണ്ടേ."

അങ്ങിനെ കളിയും ചിരിയുമൊക്കെയായി വർഷങ്ങൾ അങ്ങോട്ട് പോയി,ഒരു ദിവസം ഫസ്‌ലു കുങ്കിയെ കളിക്കാൻ വിളിച്ചപ്പോ, വിലാസിനി ആന്റി ഫസ്‌ലുവിനോട് പറഞ്ഞു.

"മോനെ...എനി കുങ്കി കളിക്കാൻ വരില്ല. അവൾ മുതിർന്നിരിക്കുന്നു. സ്കൂളിൽ പോകുമ്പോളും നീ അവളെ കാണേണ്ട."

ഫസ്‌ലുവിന് ആ ആന്റി തന്റെ മുഖത്തടിച്ചത് പോലെ തോന്നി. ഫസ്‌ലു വ്യസനത്തോടെ തിരിഞ്ഞു നടന്നു. അവന് ഒരുപാട്സങ്കടങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം കുങ്കിയോട് പറയാൻ ആവാതെ അവന്റെ ഉള്ളിൽ വീർപ്പുമുട്ടി നിന്നു.

സ്കൂളിലും ഇതായിരുന്നു അവസ്ഥ. അവളുടെ നിഴൽവെട്ടമെങ്ങാനും ദൂരേന്ന് കണ്ടാൽ ഓടി അവളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും, അവൾ മറഞ്ഞിരിക്കും. ഒരു ദിവസം ഒരു പേപ്പറും, പേനയും എടുത്തു ഫസ്‌ലുവിന്റെ മനസ്സുള്ളത് മുഴുവൻ എഴുതി, കൂട്ടുകാരന്റെ കൈവശം കൊടുത്തയച്ചു. മറുപടിക്കായി ദിവസവും ആകാംഷയോടെ കാത്തിരിക്കുമെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഓർമകൾ ഓരോന്നും വിഷാദരൂപത്തിലേക്ക് വഴി മാറിയപ്പോ, അവൻ ആകെ മൗനിയായി പോയി. ഏക മകന്റെ തിരിച്ചറിയാത്ത അസുഖം മാറാൻ വേണ്ടി അവന്റെ ഉപ്പയും, ഉമ്മയും,ആശുപത്രികൾ തോറും കയറി ഇറങ്ങാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് കുങ്കിയുടെ അമ്മയുടെ പെട്ടെന്നുള്ള മരണം കാരണം, കൃഷ്ണേട്ടനും,കുങ്കിയും പാലക്കാടേക്ക് തന്നെതിരിച്ചു. പിന്നെ കുങ്കിയെ പറ്റി ഒരു വിവരവും അറിയില്ല.

കാലം മുന്നോട്ട് പോകുന്നതനുസരിച്ചു, പതുക്കെ ഫസ്‌ലുവിന്റെ ചിന്താമണ്ഡലത്തിൽനിന്ന് പുതുനാമ്പുകൾ തളിരിട്ട് അങ്കുരിക്കാൻ തുടങ്ങി. പുതിയ ഫ്രെണ്ട്സ്, ഹോട്ടൽ മാനേജ്മെന്റ് പഠനം, കൂടെ പഠിക്കുന്ന കുട്ടിയുമായി വിവാഹം, രണ്ട് കുട്ടികൾ, സന്തോഷവും, സമാധാനവും, ഉള്ള കുടുംബം.'ദൈവം' അനുഗ്രഹിച്ചു നൽകിയ അനുഗ്രഹങ്ങൾക്ക് കൂലിയായി 'ദൈവ' സ്മരണയിൽ മാത്രം,ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ആണ്, ഭാര്യ അഫീസക്ക് അയാളുടെ മാത്‍സ്മാറ്റിക്സ് ബുക്കിൽ നിന്ന് കുങ്കിയുടെ ഒരു എഴുത്ത് കിട്ടിയത്. കുങ്കിക്ക് എഴുതിയ എഴുത്തിന്റെ മറുപടിയായിരുന്നു, അത് തന്റെ കണ്ണിൽ പെടാതെ ആ മറുപടി എഴുത്ത് എങ്ങിനെ, മാത്‍സ് ബുക്കിൽ എത്തി എന്ന് അയാൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല, അതിലെ വരികൾ ഇങ്ങിനെയായിരുന്നു. "ഫസ്‌ലു, നീ എഴുതിയത് പോലെ തന്നെ എന്റെ അന്തരംഗം, നിന്റെ സാമീപ്യത്തിനായി, കൊതിച്ച്, വല്ലാത്തൊരു വീർപ്പുമുട്ടലിൽ ആണ് ഞാൻ തള്ളിനീക്കുന്നത്. നീ എനിക്ക് നല്ലൊരു കൂട്ടുകാരനോ, സഹോദരനോ, ആരാ എന്നത് എന്നോട് തന്നെ ഞാൻ നൂറാവർത്തി ചോദിച്ചിട്ടുണ്ട്. എന്തായാലും എനിക്ക് നീ ഇല്ലാതെ പറ്റില്ലെടാ..."

ആഫീസക്ക് ആകെ പാനിക് ആയി. കാര്യങ്ങൾ പലതവണ ആവർത്തിക്കേണ്ടി വന്നെങ്കിലും, അവൾ സങ്കടത്തോടെ പറഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവൾ ജീവനോടെ ഉണ്ടെങ്കിൽ, ഏപ്രിൽ മാസത്തിൽ മധുരമീനാക്ഷി ക്ഷേത്രത്തിലെ ചിത്തിരോത്സവത്തിന് അവൾ വരാതിരിക്കില്ല. അങ്ങനെ അഞ്ചാമത്തെ തവണയാണ്. കുങ്കിയെ തെരഞ്ഞുള്ള ഈ യാത്ര.

പിറ്റേന്ന് കാലത്ത് മധുരയിൽ എത്തിയപ്പോ, അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല, എപ്പോഴത്തെ പോലെ നല്ല തിക്കുംതിരക്കുമാണെങ്കിലും അയാൾ പതിവ് പോലെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടത്തിൽ നിൽപ്പുറച്ചു. അതിയായ ആഗ്രഹത്തോടെ അയാൾ മനസ്സിൽ പറഞ്ഞു, 'ഇന്ന് ഇവിടെ വെച്ച് കുങ്കിയെന്ന ദേവയാനിയെ കാണാൻ പറ്റിയില്ലെങ്കിൽ, മധുരയിലേക്കുള്ള ഈ യാത്ര അവസാനത്തെ യാത്രയായിരിക്കും'. അയാൾ ഓരോ മുഖങ്ങളും, തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ വിപരീതമായിരുന്നു ഫലം. പിന്നെ ഒരുനിമിഷം അയാൾക്ക് അവിടെ നില്കാൻ തോന്നിയില്ല. നിരാശയോടെ അയാൾ റൂം വെക്കേറ്റ് ചെയ്തു, തിരിച്ചു മുൻകൂട്ടി ബുക്ക്‌ ചെയ്ത ബസ്സിൽ കയറി അയാളുടെ പതിഞ്ചാമത്തെ സീറ്റ്‌ കണ്ടു പിടിച്ചു. വിൻഡോക്ക് അരികിൽ ആയിരുന്നു അയാളുടെ സീറ്റ്‌. എന്നാൽ അതിൽ ഒരു ലേഡി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ അല്പം മുഷിച്ചിലോടെ പറഞ്ഞു.

"എക്സ്ക്യൂസ്‌ മീ, ഒന്ന് ഇങ്ങോട്ട് നീങ്ങിയിക്കുമോ, "ശബ്‌ദംകേട്ട് അനുസരണകേട് കാട്ടി പാറിപറന്നു കൊണ്ടിരിക്കുന്ന മുടി നേരെയാക്കിയവൾ അയാളെ തിരിഞ്ഞു നോക്കി. നോട്ടം മുട്ടിയതും അയാൾ ഞെട്ടിപ്പോയി. കുങ്കിയായിരുന്നു അത്.

"കുങ്കീ," അയാൾ ഉച്ചത്തിൽ വിളിച്ചു. അവളും അത്ഭുതത്തോടെ അയാളെ നോക്കി. "ഫസ്‌ലു..."അവളുടെ ചുണ്ടുകൾ മന്ത്രിച്ചു."നിന്നെ ഒരു നോക്ക് കാണണമെന്ന് ഞാൻ ത്രീവമായി ആഗ്രഹിച്ചിരുന്നു."

ഹസ്ബന്റ്, കുട്ടികൾ.?

"ഏട്ടൻ കപ്പലിലാ...രണ്ട് കുട്ടികൾ. അടുത്ത നവംബറിൽ വരും, ഈ ഭൂമിടെ ഏത് കോണിൽ ആണെങ്കിലും, ഇത്തവണ വരുമ്പോൾ നിന്നെ കണ്ടു പിടിച്ചു തരാമെന്ന് ഏട്ടൻ വാക്ക് തന്നിരുന്നു." അവൾ സന്തോഷത്തോടെ പറഞ്ഞു.

മുപ്പത് വർഷങ്ങൾക്കപ്പുറത്തേക്കുള്ള അവരുടെ ജീവിത യാത്രയെ കുറിച്ച് അവർക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു. ഒരേ ഗർഭപാത്രത്തിൽ ജനിച്ച ഇരട്ടകുട്ടികളെ പോലെ ആ പകലുകൾ മുഴുവൻ ജീവിതാവസാനം വരെ ഓർമ്മിക്കാനുള്ള ദിനരാത്രികൾ ആക്കുകയായിരുന്നു അവര്. ഫോൺ നമ്പർ കൈമാറാൻ നേരം കുങ്കി പറഞ്ഞു. വേണ്ടാ.... "നമ്മുടെ ഇടയിൽ ഒന്നും ബാക്കി വെച്ചിട്ടില്ലല്ലോ!" ഇനിയും, ഇങ്ങനെ, എവിടെ വെച്ചെങ്കിലുമൊരു കണ്ടുമുട്ടൽ അതിനായി കാത്തിരിക്കാം നമുക്ക്. 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ