മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Pearke Chenam

''സര്‍, എന്റെ എക്കൗണ്ടില്‍ എത്ര ബാലന്‍സ് കാണും?'' ബാങ്കിലെ തീര്‍ത്താല്‍ തീരാത്ത ജോലിത്തിരക്കിനിടയില്‍ അയാള്‍ തലയുയര്‍ത്തിയില്ല. കേട്ടതായി ഭവിച്ചില്ല. ജോലി തുടരുക മാത്രം ചെയ്തു.

മനസ്സുകൊണ്ട് പിറുപിറുത്തു. "അയാള്‍ക്ക് ബാലന്‍സ് അറിയാന്‍ കണ്ട നേരം. ആ വാക്കിനോട് അസഹിഷ്ണുതയാണ് തോന്നിയത്. എന്തിനും ഏതിനും ബാങ്കില്‍ വന്ന് ഓരോന്ന് അന്വേഷിച്ചുകൊണ്ടിരിക്കാന്‍ ഇവന്മാര്‍ക്ക് വേറെ തൊഴിലൊന്നുമില്ലേ... ഓണ്‍ലൈന്‍ വഴി അറിയാന്‍ ഒരുപാടു മാര്‍ഗ്ഗങ്ങള്‍ ബാങ്ക് ഒരുക്കിയിട്ടുണ്ടല്ലോ... ഇവിടെ വന്ന് അറിഞ്ഞാല്‍ മാത്രമേ തൃപ്തിയാവുകയുള്ളൂ.
രാവിലെ തന്നെ ഇറങ്ങും ഓരോ നാശങ്ങള്‍." അയാള്‍ ആരോടെന്നില്ലാതെ മന്ത്രിച്ചുകൊണ്ട് തലതാഴ്ത്തിയിരുന്ന് ജോലി ചെയ്തുകൊണ്ടിരുന്നു.

പതുക്കെ കണ്ണുകള്‍ മാത്രം ഉയര്‍ത്തി അയാളെ ഒന്ന് നോക്കി. സാധാരണയായി ബാങ്കില്‍ വരാത്ത ആളാണ്. കണ്ടാല്‍ത്തന്നെ അറിയാം ഒരു അലവലാതി. അയാളുടെ എക്കൗണ്ടില്‍ ലക്ഷങ്ങളല്ലേ കിടക്കുന്നത് ഇടയ്ക്കിടയ്ക്ക് വന്ന് അന്വേഷിക്കാന്‍. ചിലപ്പോള്‍ ആയിരമോ രണ്ടായിരമോ കാണുമായിരിക്കും. അതിനാണ് അയാളുടെ ഈ അന്വേഷണം. അതും നിന്നുതിരിയാന്‍ നേരമില്ലാത്ത ഈ നേരത്ത്. അയാളോട് മറുപടി പറയാനോ അയാളുടെ ആവശ്യം നടത്തികൊടുക്കാനോ തോന്നിയില്ല. എങ്കിലും പറഞ്ഞു.
''തിരക്കൊന്ന് തീരട്ടേ... അവിടെയിരിക്ക്.''

അയാളതുകേട്ടതും ഒന്നും പറയാതെ നടന്നുപോയി ചുമരിനോട് ചേരെ കിടന്നിരുന്ന കസേരകളിലൊന്നില്‍ പോയി ഇരുന്നു. ബാങ്കില്‍ എന്നുമുണ്ടാകാറുള്ള സാധാരണ തിരക്കേ ഉണ്ടായിരുന്നുള്ളൂ. എന്നാലും അയാള് വന്ന് എക്കൗണ്ട് നോക്കിപറഞ്ഞു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരു വയ്യായ്ക. ആ വാക്കുകള്‍ അത്ര രസിച്ചില്ല. അങ്ങനെ വരുന്നവര്‍ക്കെല്ലാം എക്കൗണ്ട് നോക്കി കൊടുക്കാനിരുന്നാല്‍ അതിനേ നേരം കാണൂ. അതിനാല്‍ പറയുമ്പോഴേയ്ക്കും നോക്കി കൊടുക്കുന്നത് അത്ര ശരിയായ കാര്യമല്ലെന്ന് തോന്നി. ങാ, കുറച്ചു നേരം അയാളവിടെ ഇരിക്കട്ടേ...

ബാങ്കിലെ സൗകര്യങ്ങളെല്ലാം ഓണ്‍ലൈന്‍ ആക്കിയതോടെ ഓഫീസില്‍ ആരും വേണ്ടെന്നാണ് ഹെഡ് ഓഫീസിന്റെ ഭാവം. ഒരു മാനേജരും കാഷ്യറും പിന്നെ വാച്ച്മാനും രണ്ടു ക്ലര്‍ക്കുമാരായാല്‍ ലാവിഷായി. എന്നാല്‍ ജോലിയോ... കക്ഷികളെ വിളിച്ച് ഡെപ്പോസിറ്റ് ചെയ്യിക്കണം. ഓരോ ബ്രാഞ്ചിനും ഓരോ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. അത് പൂര്‍ത്തികരിച്ചില്ലെങ്കില്‍ മീതെ നിന്നും കേള്‍ക്കാത്ത തെറിയുണ്ടാവില്ല. ഇന്‍ക്രിമെന്റുകളും ആനുകൂല്യങ്ങളും കട്ടാക്കിക്കളയും. ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കും കക്ഷികളെ കണ്ടെത്തികൊടുക്കണം. എല്ലാം ഈ കുറഞ്ഞ സമയത്തില്‍ പൂര്‍ത്തികരിച്ചുകൊടുക്കണം. കൗണ്ടറില്‍ വരുന്ന ജോലികള്‍ തന്നെ സമയത്തിന് ചെയ്തുതീര്‍ക്കാന്‍ സാധിക്കാറില്ല. അതിനിടെ എത്രയോ ഭാരമാണ് ഓരോ ജീവനക്കാരനുമേലും കെട്ടിവെയ്ക്കുന്നത്. ബാങ്കുകള്‍ പോലും ഗുണ്ടാപണിയെടുക്കുന്നവരുടെ താവളം പോലെയായിരിക്കുന്നു. അതിനിടെ കക്ഷികളുടെ ഓരോരോ ആവശ്യമില്ലാത്ത കാര്യങ്ങള്‍ തിരക്കിയുള്ള തള്ളിക്കയറ്റങ്ങള്‍. കുറേ സമയങ്ങള്‍ വെറുതേ പോകുമ്പോള്‍ കക്ഷികള്‍ ഇങ്ങോട്ട് വരാന്‍ മടിക്കും. വരുമ്പോഴേയ്ക്കും ഇന്‍ഫര്‍മേഷന്‍ നല്‍കാതിരിക്കുന്നതിന് അതും ഒരു കാരണമാണ്.

പണികള്‍ ചെയ്തുകൊണ്ടിരിയ്‌ക്കേ ചുമരും ചാരിയിരിക്കുന്ന അയാളെ ഒന്നുകൂടി നോക്കി. എവിടെയോ കണ്ടു പഴകിയ ഒരു ഓര്‍മ്മ അയാളുടെ മുഖം മനസ്സിലേയ്‌ക്കെത്തിച്ചു. പതുക്കെ അയാളെ ഓര്‍ത്തെടുത്തു. ഒരു പരമസാധുവായ മനുഷ്യന്‍. അയാളെ മുമ്പ് കണ്ടിട്ടുണ്ട്. ഒരു ബീഡിതെരുപ്പുകാരനാണ്. കിട്ടുന്ന കൂലി അന്നന്നത്തെ ചിലവിന് തികയില്ല. എങ്ങനെയാണ് ഇയാള്‍ക്ക് സമ്പാദ്യമുണ്ടാകുക. നല്ല നിത്യവരുമാനമുണ്ടെങ്കിലല്ലേ സമ്പാദ്യമുണ്ടാക്കാനാവൂ. അതിനൊന്നും സാധ്യതയില്ലാത്ത ആള്‍ക്ക് ബാങ്കില്‍ എത്രയുണ്ടെന്നറിയുന്നത് എന്തിനാണ്. അഥവാ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തന്നെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കുറഞ്ഞുകുറഞ്ഞ് അതെല്ലാം തീര്‍ന്നിട്ടുണ്ടാവും. അതിന്റെ തെറിയും ബാലന്‍സ് നോക്കി കൊടുക്കുന്നവന്‍ കേള്‍ക്കേണ്ടി വരും. ഓരോ പുതിയ പുതിയ നിയമങ്ങളേ... നാഷണലൈസ്ഡ് ബാങ്കുകളും ഇന്ന് വട്ടിപ്പലിശക്കാരന്റെ സ്വഭാവത്തിലേയ്ക്ക് എത്തിയിരിക്കുന്നു.

വീണ്ടും അയാളെ കുറിച്ചോര്‍ത്തപ്പോള്‍ കുറേ കാര്യങ്ങള്‍ കൂടി ഓര്‍മ്മയിലെത്തി. വീടും പറമ്പും പണയം വെച്ച് അയാളൊരു ലോണ്‍ കുറച്ചുനാള്‍ മുമ്പ് എടുത്തിട്ടുണ്ടായിരുന്നു. അതിന്റെ അടവുകള്‍ തീരെ അടയ്ക്കാതായപ്പോള്‍ ബാങ്കിന് അതിന്റെ നിയമനടപടികള്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന്റെ ഭാഗമായി വാണിങ്ങ് ലെറ്റര്‍ സര്‍ഫാസി സെക്ഷന്‍ 13(2) പ്രകാരം കൊടുക്കാന്‍ അയാളുടെ വീടുവരെ പോയതായി ഓര്‍ക്കുന്നുണ്ട്. സത്യത്തില്‍ ഏഡി വെച്ചുള്ള ഒരു റജിസ്റ്റേര്‍ഡ് ലെറ്റര്‍ അയച്ചാലും മതിയായിരുന്നു. എങ്കിലും അയാളൊരു പാവം പിടിച്ച മനുഷ്യനാണ് എന്നറിയാവുന്ന മാനേജര്‍ പറഞ്ഞതനുസരിച്ചാണ് അയാളെ കാണാന്‍ പോയത്. പുതിയ ബാങ്ക് നിയമങ്ങളുടെ സീരിയസ്‌നെസ്സ് മനസ്സിലാക്കികൊടുക്കണമെന്ന് മാനേജര്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിരുന്നു. കത്ത് ലോക്കല്‍ ഡെലിവറിയില്‍ ചേര്‍ത്ത് നേരിട്ട് താന്‍ തന്നെ കൊണ്ടുകൊടുക്കുകയാണ് ചെയ്തത്.

അയാളും ഭാര്യയും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ ഒരുവള്‍ ഉണ്ടായിരുന്നത് വിവാഹം കഴിഞ്ഞ് പോയിരുന്നു. കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധിപ്പിച്ചപ്പോള്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. നിറഞ്ഞ മിഴികളുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. പതുക്കെ അടുത്തു ചെന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

''മാനേജര്‍ ഒരു നല്ല മനുഷ്യനാണ്. പണം തിരിച്ചടയ്ക്കാന്‍ പ്രയാസമാണെങ്കില്‍ അദ്ദേഹത്തെ വന്നുകണ്ട് അപേക്ഷിച്ചാല്‍ ചിലപ്പോള്‍ സാവകാശം കിട്ടിയേക്കാം.''
അതുകേട്ടപ്പോള്‍ അയാളുടെ മുഖത്ത് ഒരു പ്രകാശം അലയടിക്കുന്നത് കണ്ടു. അടുത്ത ദിവസം തന്നെ മറ്റു നടപടികള്‍ തുടങ്ങാതിരിക്കാന്‍ മാനേജരെ കണ്ട് അപേക്ഷിച്ചത് ഇപ്പോഴും ഓര്‍മ്മ വരുന്നു. പിന്നീടെപ്പഴോ മാനേജരോട് പറഞ്ഞ വാക്കുപാലിച്ചുകൊണ്ട് അയാള്‍ അതെല്ലാം അടച്ചുതീര്‍ത്തു. ഒരു ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒരാഴ്ച ലീവെടുത്ത ആ സമയത്തെപ്പഴോ ആണ് ഇതെല്ലാം സംഭവിച്ചത്. അതിനാല്‍ അയാളുടെ എക്കൗണ്ടിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നൊന്നും അറിയില്ല. പിന്നെ ഇതുവരെ അയാള്‍ ഇങ്ങോട്ട് വന്നീട്ടുമില്ല.

ബാങ്കുകാര്‍ക്ക് ഇപ്പോള്‍ സര്‍ക്കര്‍ വലിയ സൗകര്യങ്ങളാണ് ചെയ്തുകൊടുത്തിരിക്കുന്നത്. സര്‍ഫാസി ആക്ട് തന്നെയല്ലേ അതിന്റെ തെളിവ്. മൂന്നു മാസത്തെ ഗഡുക്കള്‍ അടുപ്പിച്ച് മുടക്കം വരുത്തിയാല്‍ ബാങ്കിന് നടപടി ആരംഭിക്കാം. ആദ്യം സെക്ഷന്‍ 13(2) പ്രകാരം നോട്ടീസ് നല്‍കണം. ബാങ്കില്‍ നിന്നുള്ള ഒരു റജിസ്റ്റേര്‍ഡ് നോട്ടീസ് ആരും അത്ര കാര്യമാക്കാറില്ല. ആ നോട്ടീസില്‍ ആവശ്യപ്പെട്ട തുക നോട്ടീസ് കിട്ടി ഒരു മാസിനകത്ത് അടച്ചു തീര്‍ത്തില്ലെങ്കില്‍ സിമ്പോളിക് പൊസ്സഷന്‍ നേടിയതായി രേഖപ്പെടുത്തി ഒരു കത്തുകൂടി അയക്കണം. പിന്നെ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കാര്യങ്ങള്‍ അയാള്‍ അറിയുക പോലുമില്ല. കമ്മീഷണറായി കോടതി നിയോഗിക്കുന്ന വക്കീല്‍ വന്ന് വസ്തു ആക്ച്വല്‍ പൊസ്സഷനെടുക്കുമ്പോഴാണ് കക്ഷികള്‍ ശരിക്കും അതിന്റെ ഭീകരാവസ്ഥ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കും. വീടാണ് വസ്തുവെങ്കില്‍ അതില്‍ നിന്നിറങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല. പിന്നെ അത് തിരിച്ചുകിട്ടണമെങ്കില്‍ ഒന്നുകില്‍ മേല്‍കോടതിയില്‍ പോയി ഓര്‍ഡര്‍ വാങ്ങണം. അല്ലെങ്കില്‍ പൊതുലേലത്തില്‍ പങ്കെടുത്ത് വിളിച്ചെടുക്കണം. മറ്റാര്‍ക്കെങ്കിലും നോട്ടമുള്ള വസ്തുവാണെങ്കില്‍ ലേലം ചെയ്‌തെടുക്കല്‍ അത്ര ലളിതമാകില്ല.

അയാളൊരു പാവത്താനായതിനാലാണ് അന്ന് കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കി കൊടുക്കാന്‍ നേരിട്ടുപോയത്. അങ്ങേരന്ന് കുറേ പ്രയാസങ്ങള്‍ പറഞ്ഞു. ഭാര്യയുടെ അസുഖങ്ങള്‍ക്ക് വിദഗ്ദ്ധചികിത്സ ആവശ്യമായതിനാലാണ് ലോണ്‍ എടുത്തതെന്നും അടുത്തു തന്നെ അടച്ചുതീര്‍ത്തോളാമെന്നും അയാള്‍ പറഞ്ഞു. മാനേജര്‍ അന്ന് ദയ തോന്നി നടപടികള്‍ക്കൊന്നും മുതിരാതിരുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് അയാളെ ശല്യം ചെയ്യാന്‍ പോയില്ല. കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി ഓടി നടക്കുന്ന അയാളെ ശല്യം ചെയ്യാന്‍ തോന്നിയില്ല. അപ്പോഴും മാനേജര്‍ക്ക് വിശ്വാസമൊന്നും ഇല്ലായിരുന്നു. ഭര്‍ത്താവും ഭാര്യയും ബീഡി തെറുത്ത് കിട്ടുന്ന കൂലി കൊണ്ട് എങ്ങനെയാണ് ചികിത്സിക്കുവാനും കടം വീട്ടുവാനും പണം കണ്ടെത്താനാവുക. വിശ്വാസം മാത്രം പോരല്ലോ. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടതായ വരുമാനവും വേണ്ടേ...

ക്ഷമയോടെ തന്റെ വാക്കുകള്‍ അനുസരിച്ച് താഴോട്ടു നോക്കി നിശ്ശബ്ദനായിരിക്കുന്ന അയാളോട് ദയ തോന്നി. പണിത്തിരക്കെല്ലാം മാറ്റിവെച്ച് അയാളെ അടുത്തു വിളിച്ചു. അയാള്‍ സന്തോഷത്തോടെ കൗണ്ടറില്‍ വന്നു നിന്നു. കൈ നീട്ടിയപ്പോള്‍ അയാള്‍ പാസ്ബുക്ക് കയ്യിലേയ്ക്ക് നീട്ടി തന്നു. പഴയ ഓര്‍മ്മയില്‍ വെറുതേ തിരക്കി.
''നിങ്ങള്‍ക്ക് ഇവിടെയൊരു ലോണ്‍ ഉണ്ടായിരുന്നില്ലേ...''
''ഉവ്വ്.''
''അതെല്ലാം തീര്‍ത്തോ...''
''ഉവ്വ് സാറെ...''
''എപ്പോള്‍.''
''ഭാര്യയുടെ ചികിത്സയ്ക്കായാണ് സാറേ ഞാന്‍ ആ ലോണ്‍ എടുത്തത്. കുറേ ചികിത്സകളുമായി അക്കാലത്ത് ഓടി നടന്നു. അവള് എന്നെ വിട്ടുപോയപ്പോ എല്ലാ ഓട്ടോം നിന്നു. പിന്നീട് അവളുടെ പിഎഫും ഗ്രാറ്റുവിറ്റിയും കിട്ടിയപ്പോള്‍ അതെല്ലാം ഇവിടെ കൊണ്ടുവന്ന് കടമെല്ലാം തീര്‍ത്തു. ബാക്കി എത്രയുണ്ടെന്ന് പോലും ഞാന്‍ നോക്കിയില്ല. അവളില്ലാതെ അവളുടെ പണമെല്ലാം എനിക്കെന്തിനാ. അടവുകഴിഞ്ഞ് ബാക്കിയുണ്ടെന്ന് മാനേജര് പറഞ്ഞിരുന്നു. അതെല്ലാം അവിടെത്തന്നെ കിടന്നോട്ടെയെന്ന് മാനേജരോട് പറഞ്ഞു. എത്രയാണ് കടം കഴിഞ്ഞ് ബാക്കിയുള്ളതെന്ന് ഞാന്‍ തിരക്കിയില്ല.''

കടം വാങ്ങി ഓടിനടന്നിട്ടും അയാള്‍ക്കയാളുടെ ഭാര്യയെ രക്ഷിക്കാനായില്ല എന്നുകേട്ടപ്പോള്‍ അയാളോട് സഹതാപം തോന്നി. അയാളോട് കുറച്ചു കൂടി ദയാലുവായി ചോദിച്ചു.
''ഇപ്പോ എന്താ അറിയണ്ടേ...''
''എത്രയാ എക്കൗണ്ടിലുള്ളതെന്നറിയണം.''
പാസ്സ്ബുക്ക് വാങ്ങി എക്കൗണ്ട് നമ്പര്‍ കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തു. തെളിഞ്ഞു വന്ന സ്‌ക്രീനില്‍ നോക്കി. നല്ല ഒരു സംഖ്യ അയാളുടെ എക്കൗണ്ടില്‍ ഉണ്ടായിരുന്നു. തന്നെത്തന്നെ നോക്കി നിന്നിരുന്ന അയാളെ നോക്കി പറഞ്ഞു.
''രണ്ടു ലക്ഷത്തിഇരുനൂറ്റമ്പത് രൂപയുണ്ട്. എന്തെങ്കിലും എടുക്കണോ അതില്‍ നിന്ന്.''
''വേണ്ട സാറേ, എനിക്കെന്തിനാ പണം. സാറൊരു കാര്യം ചെയ്യണം. അതില്‍ നിന്ന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചുകൊടുക്കണം.''

അതുകേട്ട് അത്ഭുതപ്പെട്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. അല്പനേരം നിശ്ചലനായി നിന്ന ശേഷം ചോദിച്ചു.
''നന്നായി ആലോചിച്ചിട്ടാണോ ഈ പറയുന്നത്. ഇതെല്ലാം കൈമാറിയാല്‍ ഇനിയുള്ള കാലം എന്തു ചെയ്യും.''
''എനിക്കൊരു തൊഴിലുണ്ട് സാറേ... അതില്‍ നിന്നു കിട്ടുന്നതുതന്നെ എനിക്കു കഴിയാന്‍ ധാരാളമാണ്.''
അയാളുടെ ബീഡിതെരുപ്പില്‍ നിന്ന് എത്രയാണ് വരുമാനം കിട്ടുകയെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. കഷ്ടിച്ചു ജീവിക്കാന്‍ പോലും തികയില്ല. എന്നിട്ടും അയാളുടെ ഒരു മനസ്സ് അപാരം തന്നെ. മഹാമാരിയില്‍ വലയുന്ന ജനതയെ വാക്‌സിനേഷന്‍ ചെയ്യുന്നതില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറിയപ്പോള്‍ അത്തരക്കാരെ സഹായിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതില്‍ അയാള്‍ ഏറെ സന്തോഷിക്കുന്നു. ആ സന്തോഷത്തില്‍ പങ്കാളിയാകാന്‍ വെമ്പി അയാള്‍ തന്റെ സമ്പാദ്യമെല്ലാം അതിനുവേണ്ടി ചിലവഴിക്കുന്നു. എങ്കിലും പറഞ്ഞു.

''എന്നാലും. ഒറ്റയടിയ്ക്ക് എല്ലാം കൈയ്യൊഴിയുമ്പോള്‍, ഒരത്യാവശ്യം വന്നാല്‍...''
''അതെല്ലാം വരുന്നപോലെ നേരിടാം സാറേ... ഇപ്പോഴത്തെ ഈ രോഗാതുരമായ അവസ്ഥയില്‍ ഈ തുക കുറച്ചുപേര്‍ക്കെങ്കിലും ചികിത്സയ്ക്കുതകുമെങ്കില്‍ അതിലാണ് സാറേ എന്റെ ആനന്ദം. എന്റെ രാധയോട് ചെയ്യുന്ന ഏറ്റവും നല്ല നീതിയും അതുതന്നെ.''

''ഒരു ലക്ഷം അയച്ചിട്ട് ബാക്കി പിന്നീട് വേണമെങ്കില്‍ അയച്ചാല്‍ പോരെ...''
''സാറേ, ഞാനിത് തീരുമാനിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. എനിക്കിനി ഉറക്കം വരണമെങ്കില്‍ ഇത് മുഖ്യമന്ത്രിയ്ക്ക് കൈമാറുക തന്നെ വേണം.''

സമ്പത്തിനായി പരസ്പരം കൊല്ലാന്‍പോലും മടിയ്ക്കാത്ത സമൂഹത്തില്‍ ഇത്തരം ഒറ്റപ്പെട്ട തുരുത്തുകളാണ് നാളെയുടെ പ്രതീക്ഷകള്‍. അയാള്‍ ആവശ്യപ്പെട്ട പണം ദുരിതാശ്വാസനിധിയിലേയ്ക്ക് അടച്ച് അതിന്റെ രശീതിയും അതെല്ലാം വരവുവെച്ച പാസ്ബുക്കും അയാള്‍ക്ക് തിരിച്ചുനല്‍കുമ്പോള്‍ അയാളോര്‍ത്തു. ഈ ദുരിതകാലത്ത് തന്റെ നാട്ടുകാര്‍ക്കായി തനിക്ക് എത്രയാണ് സഹായമായി അയക്കാനാകുക. താനും ഈ സമൂഹം തീറ്റിപോറ്റിയെടുത്ത പൗരനല്ലേ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ