(ശ്രീകുമാർ എഴുത്താണി)
ആറു ബുക്കുകൾ എഴുതിക്കഴിഞ്ഞു. ഇത് ഏഴാമത്തേത്. ഇനി മൂന്നെണ്ണം കൂടി ആയാൽ ടാർഗറ്റ് തൊടാം. ഇപ്പോൾ എഴുതിക്കൊണ്ടിരുന്നത് ഏഴാം ക്ലാസ്സിലെ സോഷ്യൽ സയൻസ്. എല്ലാം മാറിപ്പോയി.
ഞങ്ങളൊക്കെ പഠിക്കുമ്പോൾ ഇതൊന്നും ഇല്ല സാമൂഹ്യ പാഠം, പിന്നെ സയൻസ് ഭാഷ (എന്നു പറഞ്ഞാൽ മലയാളം) പിന്നെ കണക്ക് ഇംഗ്ലീഷ് ഹിന്ദി. അന്നൊന്നും ഈ സോഷ്യൽ സയൻസ് ഇല്ല
പിള്ളേരുടെ ബുക്ക് എഴുതി എഴുതി കുറെ ഏറെ പഠിക്കുകയും ചെയ്തു. പാവം കുട്ടികൾ ശ്രേഷ്ഠഭാഷയായിട്ടും മലയാളത്തിലൊന്നുമല്ല പഠനം. ആംഗലേയത്തിലുമല്ല. തനി മണിപ്രവാളം. ഇതൊക്കെ അവർക്ക് എങ്ങനെ മനസിലാവാനാണ്?
"അച്ഛാ എഴുത്തച്ഛാ പേനയും കടിച്ചിരിക്കാതെ. എനിക്ക് ഇനി വേണം വല്ലോം പഠിക്കാൻ. നാളെ സെമിനാർ എടുക്കാനുണ്ട് "മകൾ ലക്ഷ്മി തിരക്ക് കൂട്ടുന്നു കാലത്തിന്റെ കയ്യൊപ്പ് എന്ന പാഠത്തിന്റെ നോട്ട്സ് ആണ് ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നത്.
എവിടൊക്കെയോ ഇരുന്ന് നൂറുകണക്കിന് ആളുകൾ ഇങ്ങനെ നോട്ടുബുക്കുകൾ പകർത്തുന്നു. പതിനായിരമാണെന്ന് കേൾക്കുന്നു ടാർഗെറ്റ്. അതിനെ ആയിരം കൊണ്ട് ഭാഗിച്ചാണ് ഞാൻ എന്റെ പേർസണൽ ടാർഗറ്റ് ഫിക്സ് ചെയ്തത്. പത്തു ബുക്കുകൾ.
അടുക്കളയിൽ നിന്ന് ഭാര്യ ഉണ്ണാറായോ എന്ന് ചോദിക്കുന്നു. എനിക്ക് പുറത്തോട്ട് പോകണമെന്ന് ഞാൻ പറഞ്ഞു.
"ഓ, പിന്നെപ്പോഴാ എഴുതി തീർക്കുന്നെ?" ലക്ഷ്മി പിന്നെയും ചോദിക്കുന്നു.
"പൊതിച്ചോറ് കൊടുക്കാൻ ഞാനും കൂടെ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്"
"ഓ, അതൊക്കെ അങ്ങ് നടക്കും. അച്ഛൻ ഇവിടിരുന്ന് ഇതെഴുതി തീർക്ക്"
നടക്കുന്നില്ല. കഴിഞ്ഞ പേജുകളിൽ എഴുതിയ വരികൾ മനസ്സിൽ നിന്ന് മായുന്നില്ല.
"ഫലകചലനം കൊണ്ടും ഭ്രംശം കൊണ്ടും വർഷണത്തിന്റെ തീവ്രത കൊണ്ട് ഭൂപാളികൾ തമ്മിലുരഞ്ഞ് ഘർഷണോൽപ്പന്നമായ പ്രകമ്പന കേന്ദ്രങ്ങലുണ്ടാകുമ്പോഴും പ്രകമ്പന തരംഗങ്ങൾ ഉണ്ടാകാം"
ഫോണിൽ വാട്സാപ്പിൽ എന്തോ മെസ്സേജ് വന്നു. ചെങ്ങന്നൂർ വരെ പോകാൻ കൂടുന്നോ എന്ന് കൂട്ടുകാർ. രണ്ടു ദിവസത്തേയ്ക്ക് ഇല്ലെന്ന് പറഞ്ഞു. മെസഞ്ചറിൽ FLOOD 2018 ഗ്രൂപ്പിൽ എണ്ണമറ്റ സന്ദേശങ്ങൾ
നോക്കാൻ പോലും സമയമില്ല. എവിടൊക്കെയോ ഇരുന്ന് ആരൊക്കെയോ എല്ലാം അക്ഷരം പ്രതി ട്രാക്ക് ചെയ്യുന്നുണ്ട്. അത് തന്നെ വലിയ ആശ്വാസം. പത്തനംതിട്ടയിലെ കൊച്ചപ്പൻ ഇതുവരെ വിളിച്ചില്ല.
ചിന്തകൾ വീണ്ടും നോട്ട്സിലേയ്ക്ക് വന്നു. ഒരു നീണ്ട പാഠം മുഴുവൻ പ്രകൃതിയുടെ കയ്യൊപ്പുകളെക്കുറിച്ചാണ്. സുന്ദരിയായ പ്രകൃതിയുടെ മേനിയിൽ കാലത്തിന്റെ നഖമുനകൾ. അത് മനുഷ്യർക്ക് വിപത്തായി മാറുന്നതിന്റെ സൂചനകളും ലക്ഷണങ്ങളും, പ്രളയ ദുരന്തത്തിൽ പെട്ട കുട്ടികൾക്കായി ഇത് തന്നെ പകർത്തി എഴുതേണ്ടി വന്നുവല്ലോ. ലക്ഷ്മി ഉറക്കെയുള്ള വായന നിർത്തി നോട്ട് ബുക്ക് കണ്ണിന് അടുത്ത് പിടിച്ച് എന്തോ ശ്രദ്ധിച്ചു വായിക്കുന്നു
"ഇത് എന്തൊരു ഹാൻഡ് റൈറ്റിംഗ്, വായിക്കാനേ വയ്യ."
"ഇങ്ങു തന്നേ, നോക്കട്ടെ" ഞാൻ ക്ലൂബ്ബ്കാർ അയച്ചു തന്ന പി ഡി എഫ് വാങ്ങി നോക്കി.
"ഇത് കയ്യക്ഷരത്തിന്റെ കുഴപ്പമല്ല. കയ്യക്ഷരമൊക്കെ കൊള്ളാം. ഏതോ കുഞ്ഞു രവിവർമ്മയാണ്'
"കുഞ്ഞു രവിവർമ്മയല്ല, കുഞ്ഞു എം എഫ് ഹുസൈൻ, കണ്ടില്ലേ പേര് അർഷാദ്"
അവൾക്ക് സ്പീഡ് കുറച്ചു കൂടുതലാണ്
ഞാൻ ആ ചിത്രം തിരിച്ചും മറിച്ചും നോക്കി
തരക്കേടില്ല
എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ...
കവിത!
നോട്ടു ബുക്കിലെ ഇടയ്ക്കിടയ്ക്കുള്ള പേജുകളിൽ കുഞ്ഞു എം എഫ് ഹുസൈൻ കടമ്മനിട്ടയും അയ്യപ്പനുമൊക്കെ ആയിരിക്കുന്നു. അതോ റഫീഖ് അഹമ്മദോ
"അച്ഛാ ഈ പാറ്റേൺ കണ്ടോ. അച്ഛൻ പറഞ്ഞതാ ശരി. കയ്യക്ഷരത്തിന്റെ കുഴപ്പമല്ല. നനഞ്ഞു പോയതാണ്"
എന്റെ മനസ്സിൽ ചോർന്നൊലിക്കുന്ന കൂരയും കുടയില്ലാതെ സ്‌കൂളിൽ പോകുന്ന ഒരു കുഞ്ഞു ഡാവിഞ്ചിയും പിറന്നു.
"ശോ, ഇനിയത്തെ പേജ് ഒന്നും വായിക്കാൻ വയ്യ. വേറെ പി ഡി എഫ് കിട്ടുമോ എന്ന് നോക്കാം"
അവൾ തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു മെസേജ് ഇട്ടു. കോപ്പി ഉടൻ പോസ്റ്റ് ചെയ്യാം എന്ന് പലരുടെയും മെസേജും വന്നു. ഞാൻ നോട്ടു ബുക്ക് മടക്കി വെച്ച് ടി വി ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പുനഃസംപ്രേക്ഷണം. ഓരോ വാക്കായി സൂക്ഷിച്ചു പറഞ്ഞു പറഞ്ഞു എല്ലാരുടെയും ശ്രദ്ധ നേടുന്ന വാക്ചാതുരി. നല്ല അടക്കവും ഒതുക്കവും. ഇങ്ങനെ തന്നെ പോയാൽ കൊള്ളാം.
പകർത്തി എഴുതിക്കൊണ്ടിരുന്ന നനഞ്ഞ നോട്ടുബുക്കിന്റെ പി ഡി എഫുമായി അടുത്ത മുറിയിലേക്ക് പോയ ലക്ഷ്മി തിരിച്ചോടി വന്നു
"കവിത ഒന്ന് നോക്കിയതാ, ഒട്ടും അങ്ങോട്ട് കിട്ടുന്നില്ല"
"അത്രയും നാനഞ്ഞു പോയോ"
"ഇല്ല നനഞ്ഞു പോയതല്ല, ഏഴാം ക്ലാസ്സ്. പന്ത്രണ്ടു വയസ്സ് പ്രായം. എഴുത്തൊക്കെ അതിന്റെ എത്രയോ മുകളിലാ"
"നോക്കട്ടെ"
ഞാൻ വാങ്ങി നോക്കി.
ചിലതൊക്കെ മലയാളം പാഠപുസ്തകത്തിലെ പദ്യങ്ങളുടെ അനുകരണവും പാരഡിയും. പക്ഷെ അതിലൊക്കെ കേമം സ്വന്തം കൃതികളാണ്. അറിവും അറിവില്ലായ്മയുമൊക്കെ വിഷയമമാക്കിയിട്ടുണ്ട്
"നോക്കച്ഛാ, ദേ മൂന്നു പ്രണയകവിതയുമുണ്ട് . ചിത്രകാരനല്ലേ. ചെലപ്പോ ഗായകനും ഫുട്ബാളറുമൊക്കെ ആയിരിക്കും. പെൺപിള്ളേർ വിടുമോ!"
എനിക്ക് ചിരി വന്നു. അവൾക്ക് ചിലപ്പോളൊക്കെ സത്യം പറയുന്ന ദുസ്വഭാവമുണ്ട്, സ്വന്തം കാര്യമാണെങ്കിലും.
അവൾ പോയപ്പോൾ ഞാൻ ആ നോട്ട് ബുക്കിന്റെ പി ഡി എഫിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന കവിതകൾ മനസ്സിരുത്തി വായിച്ചു. ശരിയാണ് ഒരു സാധാരണ പന്ത്രണ്ടു വയസ്സുകാരനല്ല
പെട്ടെന്ന് ഒരാശയം തോന്നി. തപ്പി എടുത്താലോ.
ഒന്നിച്ചു കുറെയെണ്ണം മാതൃഭൂമിക്കയച്ചു കൊടുത്താൽ ഒന്ന് രണ്ടെങ്കിലും അവർ ഇടും. ചെക്കന് ഒരു ചെക്ക് കിട്ടിയാലും ആയി. എൻഡ്‌ലെസ്സ് പോസ്സിബിലിറ്റീസ്.
ഭാര്യ വീണ്ടും വിളിച്ചപ്പോൾ ഉണ്ണാൻ പോയി. പുളിശ്ശേരിയും ഇഞ്ചിയും ചേർത്തിളക്കികൊണ്ടിരുന്നപ്പോൾ എന്താണ് പതിവില്ലാതെ മൂളുന്നതെന്ന് ഭാര്യ ചോദിച്ച്.
"ഒരു നാല് വരി ഉള്ളിൽ കേറിപ്പോയിട്ട് ഇറങ്ങി പോകുന്നില്ല"
"അച്ഛനാ രസം ഇച്ചിരി കുടിച്ചേ, മാടമ്പിയിലെ മറുത വരെ ദേഹത്തൂന്നു ഇറങ്ങി പോകും. എന്റമ്മേ എന്തൊരെരിവ്"
വാട്ട്സാപ്പിൽ വീണ്ടും സന്ദേശം. പിറകെ ഒരു കാൾ
"സാറേ പുതിയ പി ഡി എഫ് അയച്ചിട്ടുണ്ട്. നോക്കിയേ"
"താങ്ക് യു. പിന്നെ, വെക്കല്ലേ. ഒരു ചെറിയ കാര്യം കൂടി. ആദ്യം അയച്ച പി ഡി എഫ് ആരുടെ ബുക്കീന്നാ? ആ കുട്ടിയുടെ ഡീറ്റെയിൽസ് വേണമായിരുന്നു. കിട്ടുമെങ്കിൽ മതി. ഈ തിരക്കിനിടയിൽ സാറ് വെറുതെ ബുദ്ധിമുട്ടണ്ട. ഓ കെ . നോക്കൂ. കാര്യമോ. അതൊക്കെ ഞാൻ പിന്നെ പറയാം. ശരി" ഞാൻ കൈ കഴുകി എഴുന്നേറ്റു.
വീണ്ടും ആ കവിതകളും ചിത്രങ്ങളും നോക്കി. അർഷാദ് ഏഴു ബി. നിലാവ് എന്നാണ് വീട്ടു പേര്. അങ്ങനെ ഒരു പേര് കണ്ടെത്തണമെങ്കിൽ മാതാപിതാക്കളും മോശക്കാരല്ല
രണ്ടു നോട്ടു ബുക്കുകൾ പകർത്തി തീർന്ന ശേഷം വൈകിട്ടോടെയാണ് പിന്നെ ഇളയിടം സാറ് വിളിച്ചത്. "ആ ബുക്ക് യാദൃശ്ചികമായാ ഇവിടെ കിട്ടിയത്. കിട്ടുന്ന ബുക്കിന്റെയൊക്കെ ഫോട്ടോ എടുത്തയച്ച് തരാൻ ഞാൻ പോസ്റ്റ് ഇട്ടിരുന്നു. ഇടുക്കിയിൽ രക്ഷാ പ്രവർത്തനത്തിന് പോയിവന്ന എന്റെ മരുമോൻ ഫോട്ടോ എടുത്തയച്ചു തന്നതാ. ഞാനിപ്പോ അവനെ വിളിച്ചു ചോദിച്ചു. അർഷാദല്ലേ പേര്. പേരൊക്കെ ശരിയാ. ബോഡി ഇതുവരെയും കിട്ടീട്ടില്ല"
ഞാൻ ഫോൺ കട്ട് ചെയ്ത് ചുറ്റും നോക്കി. ഭാര്യയും മോളും ആ കവിതകൾ വായിക്കുന്നു. ചിരിക്കുന്നു. അവർ മറിച്ചു നോക്കുന്ന പേപ്പർ നനഞ്ഞ് ഒലിക്കുന്നുണ്ടോ. ഒരു പക്ഷെ എന്റെ കണ്ണ് നിറയുന്നതാകണം